Charles George:-ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ മത്സ്യമേഖലയുടെ യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കുന്നില്ല
ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ മത്സ്യമേഖലയുടെ യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കുന്നില്ല

മത്സ്യവരള്‍ച്ചയുടേയും, പ്രളയത്തിന്‍റേയും ഉപരോധത്തിന്‍റേയും കൊറോണയുടെയും കാലത്തെ ബഡ്ജറ്റാണ് ഇന്ന് കേരള നിയമസഭയില്‍ ധമന്ത്രി ശ്രീ. തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ മത്സ്യബന്ധമേഖലയും അതിലെ ലക്ഷക്കണക്കായ തൊഴിലാളികളും ഗുരുതരമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഈ പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്നതില്‍ ഈ ബഡ്ജറ്റ് പരാജയപ്പെട്ടിരിക്കുകയാണ്.
ഓഖിക്കും, തുടര്‍ച്ചയായ രണ്ടു പ്രളയങ്ങള്‍ക്കും ശേഷവും കേരളത്തിനു ലഭിക്കേണ്ട അര്‍ഹമായ വിഹിതം നിഷേധിച്ചുകൊണ്ട് സംസ്ഥാനത്തെ അവഹേളിക്കുന്ന ഒരു സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത് കടലാമയുടെ പേരില്‍ കേരളത്തില്‍ നിന്നുള്ള ചെമ്മീന്‍ തുറക്കുമതിക്ക് അമേരിക്ക വിവേചനപരമായ ഉപരോധം ഏര്‍പ്പെടുത്തിയിരി ക്കുകയാണ്. ഇക്കാര്യങ്ങളില്‍ ഇടപെടുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയുമാണ്. സമാന്തര വിഭവസമാഹരണത്തിനുള്ള സാധ്യതകളാകട്ടെ മങ്ങിയിരിക്കുകയുമാണ്. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് പുതിയ ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
2012-നുശേഷം പരമ്പരാഗത മത്സ്യസമൂഹം പിടിക്കുന്ന മത്തിയടക്കമുള്ള മത്സ്യങ്ങളുടെ ഉല്പാദനം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. മത്സ്യക്ഷാമം മൂലം ഭൂരിപക്ഷം വള്ളങ്ങളും കെട്ടിയിട്ടിരിക്കുകയുമാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ മത്സ്യവരള്‍ച്ച മൂലം 10,000 കോടി രൂപയുടെ നഷ്ടം മേഖലയ്ക്കുണ്ടായിരിക്കുകയുമാണ്. ഒരു പതിറ്റാണ്ട് മുമ്പ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 120 തൊഴില്‍ ദിനങ്ങളുണ്ടായിരുന്ന് ഈ വര്‍ഷം കേവലം40 തൊഴില്‍ ദിനങ്ങളായി കുറഞ്ഞിരിക്കുന്നു. മത്സ്യവരള്‍ച്ചയുടേയും തൊഴിലില്ലായ്മയുടേയും സാഹചര്യത്തില്‍ മേഖലയില്‍ ഒരു മത്സ്യവരള്‍ച്ചാ പാക്കേജ് അനുവദിക്കണമെന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി ഞങ്ങള്‍ നിരന്തരമായി ആവശ്യപ്പെട്ടുവ രികയാണ്. കാലാവസ്ഥ വ്യതിയാനം മൂലം മത്സ്യവരള്‍ച്ച നേരിടുന്ന മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും ഇത്തരമൊരു നഷ്ടപരിഹാര പാക്കേജ് നടപ്പാക്കുന്നുമുണ്ട്. പൊതുവില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കുന്ന ഒരു ബഡ്ജറ്റാണിതെങ്കിലും മേഖലയിലെ ജീവത്തായ ഈ വിഷയം ബഡ്ജറ്റ് ബോധപൂര്‍വ്വം അവഗണിച്ചിരിക്കുന്നു. ഇത് പ്രതിഷേധാര്‍ഹമാണ്.
പട്ടിണിമരണത്തെ നേരിടുന്ന ഒരു വിഭാഗത്തിന്‍റെ തൊഴിലും വരുമാനവും ഉറപ്പു നല്‍കുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ബഡ്ജറ്റിലില്ല. കാലാവസ്ഥ വ്യതിയാനത്തിന്‍റെ കെടുതികളനുഭവിക്കുന്ന 40,000 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്ന പ്രസ്താവന പതിവുപോലെ ആവര്‍ത്തിച്ചിരിക്കുകയാണ്. അതേ സമയം തീരവാസികളേയും അവരുടെ സംഘടനകളേയും വിശ്വാസത്തിലെടുത്തുകൊണ്ടും അവരുമായി ഒരു സമവായത്തി ലെത്തിയും മാത്രം നടപ്പാക്കേണ്ട ഒരു പദ്ധതിയാണിത്. കിഫ്ബി പോലുള്ള ദുരൂഹമായ ഉറവിടങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി മാറ്റി പാര്‍പ്പിക്കുന്ന നടപടികള്‍ ആശങ്കയുള വാക്കുന്നതുമാണ്. ലൈഫ് പദ്ധതിയില്‍ പ്പെടുത്തി ഭവനങ്ങള്‍ നല്‍കുന്നതിനുപകരം മേഖല യ്ക്ക് തനതായ ഒരു ഭവനനിര്‍മ്മാണ പദ്ധതി വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടുമില്ല.
തീരക്കടലിലെ മത്സ്യവരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ മേഖലയിലുള്ളവരെ പുറംകടലിലേയും ആഴക്കടലിലേയും തൊഴില്‍ മേഖലകളിലേക്ക് മാറ്റുന്നതിനുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും ബഡ്ജറ്റിലില്ല. കടക്കെണിയിലകപ്പെട്ട മത്സ്യബന്ധന യൂണിറ്റുകളെ പുനഃസംഘടിപ്പിക്കുന്നതിനെ സംബന്ധിച്ചോ, അവരുടെ കടബാദ്ധ്യതകള്‍ എഴുതി തള്ളുന്നതിനെ സംബന്ധിച്ചോ ഉള്ള നിര്‍ദ്ദേശങ്ങളുമില്ല. ഗൗരവമേറിയ പ്രശ്നം ഹാര്‍ബറുകളെ സംബന്ധിച്ചുള്ളതാണ്. കേരളത്തിലെ കടലോരത്ത് നിര്‍മ്മിച്ചിരിക്കുന്ന ഭൂരിപക്ഷം ഹാര്‍ബറുകളും മണ്ണടിഞ്ഞ് പ്രവര്‍ത്തനരഹിതമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ സംബന്ധിച്ച് സമഗ്രമായ പഠനമോ പരിശോധനയോ നടത്താതെ പുതിയ ഹാര്‍ബറുകള്‍ പണിയുന്നതിനും നവീകരിക്കുന്നതിനും പണം ചെലവഴിക്കുന്നത് ഗുണഫലമുണ്ടാക്കുമോ എന്ന ആശങ്കയുമുണ്ട്.
മത്സ്യമേഖലയില്‍ കഴിഞ്ഞ വര്‍ഷം ബഡ്ജറ്റില്‍ പ്രഖ്യാപിച്ച തുകയുടെ പകുതിമാത്രം ചെലവഴിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍ എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്. ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍ക്കുമപ്പുറം മേഖലയെ സംബന്ധിച്ച സമഗ്രമായ പരിശോധന നടത്താനും ആവശ്യമായ പുനഃക്രമീകരണം നടത്താനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഞങ്ങളഭ്യര്‍ത്ഥിക്കുന്നു.

                                                                                         ചാള്‍സ് ജോര്‍ജ്ജ്
കൊച്ചി                                                                        സംസ്ഥാന പ്രസിഡന്‍റ്
7-2-2020                                                   കേരള മത്സ്യത്തൊഴിലാളി ഐക്യവേദി

                                                                                            (ടി.യു.സി.ഐ.)


Comments