P C UNNICHEKKAN:-പൗരത്വ നിയമ ഭേദഗതിക്കും (CAA) ദേശീയ പൗരത്വ റജിസ്റ്റർ (NRC) രാജ്യത്തെങ്ങും നടപ്പാക്കുന്നതിനുമെതിരെ രംഗത്തിറങ്ങുക


പി.സി.ഉണ്ണിച്ചെക്കൻ
കേരള സംസ്ഥാന സെക്രട്ടറി
CPI (ML) റെഡ് ഫ്ലാഗ്



രാജ്യത്തെ വിഭജിക്കുന്ന, ഭരണഘടനയെ തകർക്കുന്ന

പൗരത്വ നിയമ ഭേദഗതിക്കും (CAA) ദേശീയ പൗരത്വ റജിസ്റ്റർ (NRC)


രാജ്യത്തെങ്ങും നടപ്പാക്കുന്നതിനുമെതിരെ രംഗത്തിറങ്ങുക


സുഹൃത്തുക്കളെ,

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ ലംഘിക്കുന്ന പൗരത്വ (ഭേദഗതി) നിയമത്തിനും (CAA - Citizenship Amendment Act) രാജ്യത്തെമ്പാടും നടപ്പാക്കുമെന്നു പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ദേശീയ പൗരത്വ രജിസ്റ്ററിനു (NRC) മെതിരെ ഇന്ത്യയിലെങ്ങും വലിയ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. വിദ്യാർത്ഥികളും യുവാക്കളും മതന്യൂനപക്ഷങ്ങളും തൊഴിലാളികളുമൊക്കെ ഈ സമരത്തിൽ പങ്കാളികളാണ്. കടുത്ത പോലീസ് അടിച്ചമർത്തലുകളെ നേരിട്ടു കൊണ്ടാണ് അഖിലേന്ത്യാ തലത്തിൽ തന്നെ പ്രക്ഷോഭം മുന്നോട്ടു പോകുന്നത്. ഉത്തര പ്രദേശിലും ആസ്സാമിലും കർണ്ണാടകത്തിലുമായി പൗരത്വ നിയമത്തിനെതിരെ സമരരംഗത്തു വന്നവരിൽ മുപ്പതോളം പേർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു കഴിഞ്ഞു. ആയിരക്കണക്കാളുകൾ ജയിലിൽ അടക്കപ്പെട്ടിട്ടുണ്ട്.

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ കൊണ്ടു വന്നിരിക്കുന്ന പുതിയ പൗരത്വ (ഭേദഗതി) നിയമം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തന്നെ നിരാകരിക്കുന്ന ഒന്നാണ്.


ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന അയൽ രാജ്യങ്ങളിൽ മുസ്ലീം ഭൂരിപക്ഷമുള്ള മൂന്നു രാജ്യങ്ങളിൽ (പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ) നിന്നും മതപീഡനത്തെ തുടർന്ന് ഇന്ത്യയിൽ പൗരത്വം തേടുന്നവരിൽ മുസ്ലീങ്ങളും യുക്തിവാദികളുമൊഴികെ ബാക്കിയുള്ളവർക്ക് പൗരത്വം അനുവദിക്കുന്നതിൽ ഇളവു നൽകുമെന്നാണ് ഈ നിയമം പറയുന്നത്. മുസ്ലീങ്ങളും മതനിഷേധികളും പൗരത്വ വിഷയത്തിലുള്ള ഈ ഇളവുകൾക്ക് അർഹരല്ല. ഇന്ത്യൻ ഭരണഘടനയോ അതിന്റെ അടിസ്ഥാനത്തിലുള്ള ഏതെങ്കിലും നിയമമോ ഒരു മതത്തെ മറ്റൊരു മതത്തേക്കാളും ഉയർന്നതോ, താഴ്ന്നതോ, സ്വീകാര്യമോ, അസ്വീകാര്യമോ ആയി കാണുന്നില്ല. എന്നാൽ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന പുതിയ നിയമത്തിൽ പൗരത്വം അനുവദിക്കാനുള്ള പ്രധാന ഉപാധിയായി മതവിശ്വാസത്തെയാണു പരിഗണിക്കുന്നത്. ഭരണഘടനയുടെ 14-ാം വകുപ്പ് മതമോ, ജാതിയോ, ലിംഗഭേദമോ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും നിയമത്തിനു മുന്നിൽ തുല്യത ഉറപ്പു നൽകുമ്പോൾ, പുതിയ പൗരത്വ നിയമം ഈ വ്യവസ്ഥയെ നഗ്നമായി തന്നെ ലംഘിക്കുന്നു. പൗരത്വത്തെ മതവിശ്വാസവുമായി ബന്ധിപ്പിക്കുന്നു.


അയൽ രാജ്യങ്ങളെ മുസ്ലീം രാജ്യങ്ങളെന്നും അല്ലാത്തവയെന്നും മതാടിസ്ഥാനത്തിൽ വേർതിരിച്ചു കാണിക്കുകയും അവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ മതാടിസ്ഥാനത്തിൽ വിവേചിച്ചു കാണുകയും ചെയ്യുന്ന ഈ നിയമം അന്താരാഷ്ട്ര ബന്ധങ്ങളേയും മതത്തിന്റെ അടിസ്ഥാനത്തിൽ നിർവ്വചിക്കാൻ ശ്രമിക്കുകയാണ്.

ഈ നിയമത്തെ ന്യായീകരിക്കാനായി ഇറങ്ങി പുറപ്പെട്ട കേന്ദ്ര സർക്കാർ അനുകൂലികളും സംഘപരിവാർ വാദികളും ഉയർത്തുന്ന ലളിതമായ ഒരു വാദം മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നും മത പീഡനത്തെ തുടർന്നു പുറത്തു വരുന്ന ഹിന്ദു മതക്കാർക്ക് അഭയം നൽകേണ്ട കടമ ഇന്ത്യക്കുണ്ടെന്നാണ്. അതേ സമയം അത്തരം പീഡനങ്ങൾക്കിരയായി പുറത്തു പോരേണ്ടി വരുന്ന ഇസ്ലാം മത വിശ്വാസികൾക്ക് അഭയം നൽകാനുള്ള ബാധ്യത ഇന്ത്യക്കില്ലെന്നും അവർ വാദിക്കുന്നു. മതപരമായ ഈ വിവേചനം ഇന്ത്യൻ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ഇതുവരെ അപരിചിതമായിരുന്നു. ജൂതമതത്തെ ഔദ്യോഗിക മതമായി സ്വീകരിച്ച ഇസ്രയേൽ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ജൂതമതക്കാരെ ക്ഷണിച്ചു വരുത്തി പൗരത്വം കൊടുക്കുന്നതു പോലുള്ള ഒരു വ്യവസ്ഥ ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഇന്ത്യ ഒരു മത രാഷ്ട്രമല്ല. ഒരു മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കി മാറ്റാനുള്ള കുത്സിത ലക്ഷ്യത്തോടെയാണ് പുതിയ പൗരത്വ നിയമം രൂപപ്പെടുത്തിയിട്ടുള്ളത്.

പുതിയ പൗരത്വ നിയമമനുസരിച്ച്, മത പീഡനത്തെ തുടർന്ന് മൂന്നു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31 നു മുമ്പ് പുറത്തു വന്ന് ഇന്ത്യയിൽ പൗരത്വത്തിനു അപേക്ഷ നൽകുന്ന മുസ്ലീം ഇതര മത വിശ്വാസികൾക്ക് പൗരത്വത്തിൽ ഇളവു നൽകും. ആ തിയതിക്കു ശേഷം പുറത്തു വരുന്നവർക്ക് ഈ ഇളവുണ്ടാവില്ല. 31/12/2014 നു ശേഷം ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് അവിടെ പീഡനം നേരിടേണ്ടി വരില്ലെന്നോ, അഥവാ പീഡനം നേരിട്ടു പുറത്തു വരുന്നവർക്ക് പൗരത്വത്തിൽ ഇളവ് അനുവദിക്കില്ലെന്നോ, അതുമല്ലെങ്കിൽ കട്ട് ഓഫ് തിയതി നീട്ടുമെന്നോ എന്താണു സർക്കാരും സംഘപരിവാരവും ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. മത പീഡനം അഥവാ Religeous Persecution എന്താണെന്നു നിർവ്വചിക്കാനും നിയമം തയ്യാറായിട്ടില്ല. ആർക്കും ഏതു തരത്തിലും ദുർവ്യാഖ്യാനിക്കാവുന്ന അവ്യക്തമായ ഒരു പദപ്രയോഗം മാത്രമായിട്ടാണ് അതുപയോഗിച്ചിട്ടുള്ളത്.

ഔദ്യോഗിക കണക്കുകളനുസരിച്ച് പാക്കിസ്ഥാനിൽ 40 ലക്ഷവും ബംഗ്ലാദേശിൽ 160 ലക്ഷവും ഹിന്ദുക്കൾ ഉള്ളപ്പോൾ അഫ്ഘാനിസ്ഥാനിൽ 4000 ത്തിൽ താഴെ ഹിന്ദുക്കളാണുള്ളത്. ഇന്ത്യയിലേതു പോലെ തന്നെ ഏതു മതത്തിലും വിശ്വസിക്കാനും ആചാരങ്ങൾ അനുഷ്ഠിക്കാനും വിശ്വാസങ്ങൾ പ്രചരിപ്പിക്കാനുമുള്ള നിയമപരവും ഔപചാരികവുമായ അവകാശം ആ രാജ്യങ്ങളിലുമുണ്ട്. എങ്കിലും ന്യൂനപക്ഷ വിശ്വാസികൾ ഇന്ത്യയിൽ അനുഭവിക്കുന്നതിനു തുല്യമോ അതിൽ കൂടുതലോ ആയ വിവേചനങ്ങൾ ആ രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നത് സത്യം തന്നെ. പക്ഷേ, ഇക്കാര്യങ്ങളുമായി ബന്ധപ്പെടുത്തി മോദി സർക്കാർ ഇപ്പോൾ പാസ്സാക്കിയ നിയമം ഇന്ത്യ ഒരു 'ഹിന്ദു രാഷ്ട്ര' മായിക്കഴിഞ്ഞു എന്ന വ്യാജസങ്കല്പം അടിച്ചേല്പിക്കാൻ കൂടി ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. എന്നാൽ ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്; ഭരണഘടനാപരമായും സാമൂഹിക ഇച്ഛയുടേയും സങ്കല്പനങ്ങളുടേയും അടിസ്ഥാനത്തിലും.

ഇതിനു പകരം ഇന്ത്യയെ ഒരു മത രാഷ്ട്രമായി (ഹിന്ദു രാഷ്ട്രം) മാറ്റുക എന്നത് ആർ.എസ്.എസിന്റെ ആവിർഭാവ കാലം മുതലുള്ള ലക്ഷ്യമാണ്. ഗോൾവാൾക്കർ 'വിചാരധാര' യിൽ പറയുന്നതനുസരിച്ച് മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ഹിന്ദുക്കളുടെ പ്രധാന ശത്രുക്കളാണ്. ഈ ശത്രുക്കളെ നിഷ്ക്കാസനം ചെയ്യുകയോ, കീഴ്പ്പെടുത്തി നിർത്തുകയോ ചെയ്തു കൊണ്ട് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുക എന്നത് സംഘപരിവാറിന്റെ ചിരകാല സ്വപ്നമാണ്. മോദി സർക്കാരിന്റെ ഭരണത്തിൻ കീഴിൽ ഈ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങളാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്.

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമം കൊണ്ടുവന്നതും കാഷ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞതും 370, 35 എ വകുപ്പുകൾ റദ്ദാക്കിയതും കോടതി വിധിയുടെ പേരിലാണെങ്കിൽ പോലും ബാബറി മസ്ജിദ് പൊളിച്ചു കളഞ്ഞിടത്ത് രാമക്ഷേത്രം പണിയാൻ അവസരമുണ്ടാക്കിയതുമൊക്കെ ഈ ദിശയിലുള്ള നടപടികളിൽ ചിലതു മാത്രമാണ്. ഇപ്പോൾ CAA കൊണ്ടുവന്നതോടെ ചരിത്രത്തിലാദ്യമായി മത വിവേചനത്തിന് നിയമപരവും ഔപചാരികവുമായ സാധൂകരണവും നൽകിയിരിക്കുന്നു.

പൗരത്വ (ഭേദഗതി) നിയമത്തിനൊപ്പം പ്രയോഗിക്കാനിരിക്കുന്ന, സമൂഹത്തെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള മറ്റൊരു ഉപാധിയാണു ദേശീയ പൗരത്വ റജിസ്റ്റർ എന്ന എൻ.ആർ.സി (National Register of Citizenship). പൗരത്വം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കിയില്ലെന്ന പേരിൽ ആസ്സാമിലെ NRC 19 ലക്ഷത്തിലധികം പേർക്കാണ് പൗരത്വം നിഷേധിച്ചിരിക്കുന്നത്. വരാനിരിക്കുന്ന കോടതി തീരുമാനം കൂടി കഴിഞ്ഞാൽ പട്ടികക്കു പുറത്തുള്ളവർ തടങ്കൽ പാളയങ്ങളിൽ അടക്കപ്പെടാനാണു സാധ്യത. അവരിൽ മുസ്ലീങ്ങളല്ലാത്തവർക്ക് പുതിയ CAA അനുസരിച്ച് പൗരത്വം നൽകി തങ്ങളുടെ വർഗ്ഗീയ അജണ്ട നടപ്പാക്കാനാവുമെന്ന ദുഷ്ടലാക്കാണ് കേന്ദ്ര ഭരണകക്ഷിക്കുള്ളത്. ആസ്സാമിലെ അതേ രൂപത്തിൽ തന്നെ ആയിരിക്കണമെന്ന് ഇല്ലെങ്കിൽ പോലും ഈ പൗരത്വ റജിസ്റ്റർ രാജ്യത്തെമ്പാടും നടപ്പാക്കുമ്പോൾ അതുണ്ടാക്കുക വലിയൊരു ദേശീയ ദുരന്തം തന്നെയായിരിക്കും. ഈ പൗരത്വ റജിസ്റ്റർ തയ്യാറാക്കാൻ ഉപയോഗപ്പെടുത്താവുന്ന വിധത്തിൽ വ്യക്തി ജീവിതത്തിന്റെ സൂക്ഷ്മ വിവരങ്ങൾ ശേഖരിക്കാൻ എൻ.പി.ആർ (NPR - National Population Register) എന്ന ദേശീയ ജനസംഖ്യാ റജിസ്റ്റർ നടപ്പാക്കണമെന്ന കേന്ദ്രസർക്കാർ തീരുമാനത്തിനേയും ജനങ്ങൾ ശക്തമായി ചെറുക്കുകയാണ്.

ഒരു നൂറ്റാണ്ടിലേറെ നീണ്ടു നിന്ന സ്വാതന്ത്ര്യ സമരത്തിലൂടെ ഇന്ത്യൻ ജനത സ്വായത്തമാക്കിയ മതനിരപേക്ഷതയുടേയും ജനാധിപത്യത്തിന്റേയും സമത്വ ബോധത്തിന്റേയും അടിസ്ഥാന മൂല്യങ്ങളെയാണ് ഒരു മതരാഷ്ട്രം സ്ഥാപിച്ചെടുക്കുക എന്ന കുടില ലക്ഷ്യത്തോടെ കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ ശക്തികൾ തച്ചുതകർക്കുന്നത്. പൗരത്വത്തിന് മതാധിഷ്ഠിതമായ പുതിയ നിർവ്വചനം നൽകിക്കൊണ്ട് പഴയ വിഭജനകാല രാഷ്ട്രീയത്തെ അവർ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നു.

വർഗ്ഗീയ പദ്ധതികൾ എന്നു തന്നെ എടുത്തു പറയാവുന്ന ഈ പരിപാടികൾ നടപ്പാക്കുമ്പോൾ രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന അതിതീവ്രമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ഇതു സഹായകമായേക്കും എന്ന് മോദി ഭരണകൂടം പ്രതീക്ഷിച്ചിട്ടുണ്ടാകാം. പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്ക് 7 ശതമാനത്തിൽ നിന്ന് 4.5 ശതമാനം മാത്രമായി കുത്തനെ ഇടിയുകയും തൊഴിലില്ലായ്മ 45 വർഷക്കാലത്തെ ഏറ്റവും കൂടിയ നിരക്കിലേക്ക് കുതിക്കുകയും കാർഷിക മേഖലയിലെ തകർച്ച ആയിരക്കണക്കിനു കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും വ്യവസായങ്ങൾ അടച്ചു പൂട്ടപ്പെടുകയും ആയിരക്കണക്കിനു തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും നോട്ടു നിരോധനത്തെ തുടർന്ന് തകർന്നടിഞ്ഞ ചെറുകിട ഉൽപ്പാദന യൂണിറ്റുകൾക്ക് ഒരു തിരിച്ചുവരവ് അസാധ്യമാകുകയും ചെയ്ത പശ്ചാത്തലത്തിൽ ഉയർന്നു വരുന്ന ജനരോഷത്തെ വഴി തിരിച്ചു വിടാനുള്ള ഒരു ഗൂഢശ്രമം ഈ നിയമനിർമ്മാണത്തിനു പിന്നിലുണ്ടായേക്കാം.

തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുകയും കർഷകരെ ആത്മഹത്യക്കു നിർബ്ബന്ധിതരാക്കുകയും രാജ്യത്തിന്റെ പൊതു സ്വത്തായ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയും കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് രാജ്യത്തെ അടിയറ വക്കുകയും ചെയ്യുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടു തന്നെയാണ് സമൂഹങ്ങളെ വിഭജിക്കാനും മതന്യൂനപക്ഷങ്ങളെ രണ്ടാം തരക്കാരാക്കി കീഴ്പ്പെടുത്തി നിർത്താനുമുള്ള പഴയ ഗോൾവാൾക്കർ പ്രമാണങ്ങൾ അവർ പ്രയോഗിക്കാൻ ശ്രമിക്കുന്നത്.

സ്വാതന്ത്യ സമര പ്രസ്ഥാനങ്ങളിലൂടെ നമ്മുടെ സമൂഹം കൈ വരിച്ച മതനിരപേക്ഷതയുടേയും ജനാധിപത്യത്തിന്റേയും സമത്വബോധത്തിന്റേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടേ നമുക്ക് ഈ വർഗ്ഗീയ പ്രവാഹത്തെ മുറിച്ചുകടക്കാനാവൂ.

ഈ സാഹചര്യത്തിൽ, ബഹുസ്വരതയുടേയും ഉൾക്കൊള്ളലിന്റേയും കാഴ്ചപ്പാടുകൾ വലിയ വെല്ലുവിളികൾ നേരിടുന്ന ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട്, 2019 ലെ പൗരത്വ നിയമ ഭേദഗതി പിൻവലിപ്പിക്കാനും ദേശീയ പൗരത്വ റജിസ്റ്റർ (NRC) രാജ്യത്തു മുഴുവൻ നടപ്പാക്കാനുള്ള തീരുമാനത്തെ എതിർത്തു തോല്പിക്കാനും മതനിരപേക്ഷതയും ജനാധിപത്യവും ശരി വക്കുന്ന ഏവരും രംഗത്തു വരേണ്ടതുണ്ട്.

ഭരണഘടനയെ ലംഘിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിടുകയും ചെയ്യുന്ന,കരിനിയമം എന്നു തന്നെ വിളിക്കേണ്ട CAA ക്കും NRC ക്കുമെതിരെ പരമാവധി ജനങ്ങൾ അണി നിരക്കേണ്ടത് ഇന്ത്യയെ ഇന്നത്തെ നിലയിൽ നിലനിർത്തുന്നതിന് അനിവാര്യമാണെന്ന് എല്ലാ ദേശസ്നേഹികളും തിരിച്ചറിയേണ്ടതുണ്ട്.

---------------------------------------------------------------------------------