FREDY K THAZHATH:-വസ്തുനിഷ്ഠ സാഹചര്യം കൂടുതൽ മൂർച്ഛിച്ചു. ആത്മനിഷ്ഠ ശക്തികൾ ഇനിയും പഴയ ഇടത്തു തന്നെ

2 വർഷങ്ങൾ കടന്നു പോയി.
വസ്തുനിഷ്ഠ സാഹചര്യം കൂടുതൽ മൂർച്ഛിച്ചു.
ആത്മനിഷ്ഠ ശക്തികൾ ഇനിയും പഴയ ഇടത്തു തന്നെ



///Today as far the Marxist-Leninist forces are concerned, there is absolutely no doubt that we have to strive hard to defeat the communal fascist BJP rule and the penetration of the Sangh Parivar values in the socio-culturalpolitical fields. But this struggle shall become fruitful when it is linked to the struggle for out rightly rejecting the neo-liberal/globalization policies and with the orientation of continuously strengthening the line of independent left assertion. With this perspective we are engaged in active discussions with all left and democratic forces, along with the various struggling forces based on a common manifesto against the corporate - communal fascist forces. The ongoing Bhangar movement has provided a new impetus to these efforts. This discussion could not be carried forward with forces like CPI(ML) Liberation who are actively supporting the Bhangar movement, in spite of many efforts, as they continued in the CPI(M) led Left Front. But the article ”The Yechury-Karat Debate Frames Left Politics In a False Binary” written by its General Secretary, just after the CC meeting of the CPI(M) and published in The Wire has created favorable situation for restarting discussion with it for a joint front. We are re-publishing this article to help this debate to help the building of a left and democratic People’s Alternative with a common manifesto. /// (രണ്ടു വര്ഷം മുന്‍പുള്ള റെഡ് സ്റ്റാര്‍ ജന.സെക്രട്ടറിയുടെ ലേഖനത്തില്‍ നിന്ന്)


👆🏽 റെഡ്സ്റ്റാറിന്റെ ജന.സെക്രട്ടറി എഴുതിയതിൽ ഇതാണ് പ്രയോഗവശത്തെ കുറിക്കുന്ന പാർട്ട്.

ഇത് ഇന്ത്യയിലെ വളരുന്ന ഫാഷിസ്റ്റ് അപായത്തിനെതിരെ വ്യാപ്തമായ മുന്നണി സൃഷ്ടിക്കാൻ പ്രാപ്തമല്ല എന്നു മാത്രമല്ല അത്തരം ഒരു മുന്നണി രൂപീകരിക്കുന്നതിന് ഇത് രണ്ടു തടസ്സങ്ങൾ മുൻകൂറായി കൽപ്പിക്കുന്നു:

1) ഇടതുപക്ഷ ഐക്യത്തിന് തടസ്സം കൽപ്പിക്കുന്നു. അതായത്, തിരുത്തൽവാദ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളുമായി ഐക്യപ്പെട്ട് ഇടതുപക്ഷ മുന്നണി ഉണ്ടാക്കുക സാധ്യമല്ല എന്നു മാത്രമല്ല, അത്തരം പാർട്ടികളുമായി ഐക്യപ്പെട്ട് മുന്നണിയിൽ പ്രവർത്തിക്കുന്നതിനാൽ സി.പി.ഐ (എംഎൽ) ലിബറേഷനുമായി ഇക്കാര്യം ചർച്ച ചെയ്യാൻ പോലും സാധ്യമായില്ല എന്നാണ് അദ്ദേഹം പറയുന്നത് (ലിബറേഷൻ LFൽ തുടരുകയാണെങ്കിൽ അത് സാധ്യവുമല്ല എന്നും അദ്ദേഹം സൂചിപ്പിക്കുന്നു.) ലിബറേഷൻ ജന.സെക്രട്ടറി അടുത്തിടെയായി CPI(M) നെ വിമർശിച്ചു കൊണ്ട് എഴുതിയ ലേഖനമാണ് പ്രതീക്ഷ നൽകുന്നത് എന്നാണ് അദ്ദേഹം പറയുന്നത് ! അതായത്, LF ഫോർമേഷൻ ഒഴിവാക്കി ML ഫോർമേഷൻ സാധ്യമാവും എന്നതാണോ ആ പ്രതീക്ഷ എന്ന് ന്യായമായും സംശയിക്കാവുന്നതാണ് !!

2) 'വർഗ്ഗീയ ഫാഷിസത്തിനും സാമ്രാജ്യത്വ ആഗോളവൽക്കരണത്തിനുമെതിരെ ലെഫ്റ്റ് മിനിമം പരിപാടി ഉണ്ടാക്കി കൊണ്ട് തിരുത്തൽവാദ - സോഷ്യൽ ഡെമോക്രാറ്റ് കക്ഷികളുമായടക്കം ഐക്യപ്പെട്ട് ഇടതുപക്ഷ ഐക്യവും ഇടതുപക്ഷ ബദലും പടുത്തുയർത്തക' എന്ന ലൈൻ മുന്നോട്ടുവച്ച് ഇടതുപക്ഷ മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷ ഐക്യം പടുത്തുയർത്തിയാൽ മാത്രമേ ഇന്ത്യയിലെ പ്രാദേശിക ബൂർഷ്വാ പാർട്ടികളിൽ ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയിലേക്ക് നേടിയെടുക്കാവുന്ന ശക്തികളെപ്പോലും നേടിയെടുക്കാനാവൂ. അത്തരത്തിൽ മാത്രമേ ഒരു പ്രതിപക്ഷ ഫോർമേഷൻ/ പ്രതിപക്ഷ അണി സൃഷ്ടിക്കാനാവൂ.
അത്തരത്തിലുള്ള ഒരു പ്രതിപക്ഷ ഫോർമേഷന് മാത്രമേ കർഷകരെ അതിനു കീഴിലേക്ക് ആകർഷിക്കാനും കഴിയൂ.
അത്തരം ഒരു പ്രതിപക്ഷ ഫോർമേഷനു മാത്രമേ, കോൺഗ്രസ്സിന്റേതുൾപ്പെടെ, ബൂർഷ്വാപാർട്ടികളുടെ അണികളിൽ നിന്ന് മതേതര പക്ഷത്തേക്ക് വരാവുന്ന ശക്തികളെ നേടിയെടുക്കാനും സാധിക്കൂ.

യഥാർത്ഥത്തിൽ ഇതാണ് ഇന്ത്യയ്ക്ക് ഇന്ന് അവശ്യമായിട്ടുള്ളത്. എന്നാൽ, റെഡ്സ്റ്റാർ ജന.സെക്രട്ടറിയുടെ കാഴ്ച്ചപ്പാട് ഇടത് ഐക്യത്തെത്തന്നെ സെലക്റ്റീവ് ആക്കുന്നതിലൂടെ ലെഫ്റ്റ് ആൾട്ടർനേറ്റിവിന്റെ ന്യൂക്ലിയസ്സ് ഇല്ലാതാക്കുന്നു. തത്ഫലമായി ബൂർഷ്വാ പ്രതിപക്ഷ / പ്രാദേശിക പാർട്ടികളെയാകെ മോദി - അമിത് ഷാ അച്ചുതണ്ടിന് ഇഷ്ടം പോലെ വേട്ടയാടാവുന്ന സ്ഥിതി ശക്തിപ്പെടുത്തുന്നു. ഇത് ബൂർഷ്വാ രാഷ്ട്രീയ പ്രതിസന്ധിയെ അസംസ്കൃത വസ്തുവായി ഉപയോഗിക്കാൻ വർഗ്ഗീയ ഫാഷിസ്റ്റ് ശക്തികൾക്ക് സുവർണ്ണ അവസരം നൽകുന്നു. ഒരു ഇടതുപക്ഷ ധ്രുവത്തിന്റെ അഭാവത്തിൽ, ശക്തമായ ബൂർഷ്വാ പ്രതിപക്ഷധ്രുവീകരണത്തിന്റെ അഭാവത്തിൽ, ഇത് നിശ്ചയമാണ്.

എന്താണ് ബൂർഷ്വാ പ്രതിപക്ഷ ധ്രുവീകരണം ദുർബ്ബലമായതിന് കാരണം?
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ബൂർഷ്വാ രാഷ്ട്രീയ പ്രതിസന്ധികളുടെ സന്ദർഭങ്ങളിലെല്ലാം, ജനതാ പാർട്ടിയുടേയും
NF-LFന്റെയും UFന്റെയും കാലങ്ങളിൽ, ബൂർഷ്വാ ബദലുകൾ മുന്നോട്ടു വയ്ക്കപ്പെടുകയും അതിന്റെ നായകരായി ജയപ്രകാശ് നാരായൺ , വി.പി.സിങ്ങ് പോലുള്ള 'ബൂർഷ്വാ അതികായ ' നേതാക്കൾ രംഗത്തുവരികയും ഒരു ധ്രുവീകരണത്തിന് നേതൃത്വം നൽകുകയും ചെയ്തിരുന്നു.

ഇപ്പോഴത്തെ ബൂർഷ്വാ രാഷ്ട്രീയ പ്രതിസന്ധിയിൽ അത്തരം ബൂർഷ്വാ ബദൽ ധ്രുവീകരണമോ 'ബൂർഷ്വാ അതികായ' നേതാക്കൾ ഉദയം ചെയ്യുന്ന പ്രക്രിയയോ കാൺമാനില്ല. അതിന് വളരെ വ്യക്തമായ, ചരിത്രപരമായ, കാരണമുണ്ട്.

90 കൾ ആരംഭിക്കുന്നത് മൂന്ന് പ്രധാന സംഭവവികാസങ്ങളിലൂടെയാണ്.

1) സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെയും തകർച്ചയും സാമ്രാജ്യത്വ വ്യവസ്ഥയിലേക്കുള്ള ഉൾച്ചേർക്കലും: ഇത് ശാക്തിക ബലാബലം സാമ്രാജ്യത്വത്തിന് അനുകൂലമാക്കി മാറ്റി. ചേരിചേരാ പ്രസ്ഥാനം ദുർബലമായി. ഇന്ത്യയുടെ വിദേശ നയത്തിൽ വ്യതിയാനമാരംഭിച്ചു (സയണിസ്റ്റ് ഇസ്രായേലിന് ഇന്ത്യ എമ്പസ്സി അനുവദിച്ചു കൊണ്ടാണ് അത് തുടങ്ങിയതെന്ന് പറയാം).

2) സാമ്രാജ്യത്വ ആഗോളവൽക്കരണം ഇന്ത്യയിൽ ഉദാരവൽക്കരണ സ്വകാര്യവൽക്കരണ സാമ്പത്തിക പരിഷ്ക്കാരങ്ങളോടെ ഉദ്ഘാടനം ചെയ്തു. ഇത് തൊഴിലാളി കർഷക വർഗ്ഗശക്തിക്കെതിരെ ഫിനാൻസ് മൂലധന-ആഭ്യന്തര കുത്തക ബൂർഷ്വാ കൂട്ടുകെട്ടിന്റെ അധീശത്വവും വർദ്ധിത ചൂഷണവും തീവ്രമാക്കി.

3) ഹിന്ദുത്വ വർഗീയ ഫാഷിസ്റ്റുകൾ ബാബറി മസ്ജിദ് തകർക്കുകയും വർഗ്ഗീയ കലാപങ്ങൾ സിസ്റ്റമാറ്റിക്ക് ആയി കെട്ടഴിച്ചുവിടുകയും ഗുജറാത്ത് പോഗ്രോമിലൂടെ അത് ആസുരതയുടെ പുതിയ ഉച്ചിയിലെത്തിക്കുകയും ചെയ്തു.

ഈ മൂന്നു അപഭ്രംശങ്ങളിലും കോൺഗ്രസ്സ് നിഷേധാത്മകവും പ്രതിവിപ്ലവപരവുമായ പങ്ക് വഹിച്ചു. അമേരിക്കൻ സാമ്രാജ്യത്വത്തിനും സയണിസ്റ്റ് ഇസ്രായേലിനും അനുകൂലമായി വിദേശനയം തിരുത്തി. ഫലത്തിൽ ചേരിചേരാ നയത്തിന് തുരങ്കം വച്ചു. കോൺഗ്രസ്സ് അതിന്റെ ആവഡി സോഷ്യലിസം കീറി കാറ്റിൽ പറത്തി; ഇംപീരിയലിസ്റ്റ് ഗ്ലോബലൈസേഷന് ചുക്കാൻ പിടിച്ചു; ബാബറി മസ്ജിദ് തകർക്കാനും വർഗ്ഗീയ ലഹളനടത്താനും RSS ന് അനുവാദം നൽകി.

ഇത് മുൻ കാല ചരിത്രത്തിൽ നിന്നുള്ള ആഴത്തിലുള്ള മുറിഞ്ഞുമാറലായിരുന്നു. ഈ പതനം സ്ട്രാറ്റജിക്ക് പതനമായിരുന്നു. ഈ പതന പ്രക്രിയയുടെ കേന്ദ്രം സാമ്പത്തിക-വിദേശ നയത്തിലാണ് കുടികൊണ്ടത്; ഇന്നും കുടികൊള്ളുന്നത്.

ഈ പതനപ്രക്രിയ സമ്പദ് പ്രതിസന്ധി സൃഷ്ടിക്കുകയും അത് അനുദിനം തീവ്രതരമാക്കുകയും ചെയ്തു.

ഓഹരി വിറ്റഴിക്കലിലൂടെ പൊതുമേഖലാ വ്യവസായങ്ങൾ പൊളിച്ചുവിൽക്കുന്നത് നിർവ്യവസായവൽക്കരണം അഥവാ De-Industrialization ശക്തമായിക്കൊണ്ടേയിരുന്നു. സർക്കാർ സഹായവും സബ്സിഡികളും പിൻവലിച്ചത് കാർഷികത്തകർച്ച തുടർക്കഥയാക്കി മാറ്റി. വർദ്ധിക്കുന്ന തൊഴിലില്ലായ്മ ഒരു വളർച്ചാസൂചികയായിട്ടാണ് മൻമോഹൻസിങ്ങ് വ്യാഖ്യാനിച്ചത്! ഇത് സമ്പദ്പ്രതിസന്ധിയെ വ്യാപിപ്പിക്കാൻ മാത്രമാണ് ഉതകിയത്.

കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും സൃഷ്ടിച്ച സാമൂഹ്യ അന്യവൽക്കരണം നിഷേധാത്മക സാമൂഹ്യ-സ്പർദ്ധകളിലേക്കും മതവർഗ്ഗീയ-ജാതീയ കേന്ദ്രീകരണങ്ങളിലേക്കും മതവർഗ്ഗീയ-ജാതീയ ഏറ്റുമുട്ടലുകളിലേക്കും അതിലൂടെ അത്തരം ഫോഴ്സസിന്റെ ശക്തിപ്പെടലിനും വഴിവച്ചു. ഈ പ്രക്രിയ സാമൂഹ്യ പ്രതിസന്ധി സൃഷ്ടിച്ചു; തീവ്രതരമാക്കി.

സമ്പദ്-സാമൂഹ്യ പ്രതിസന്ധിദ്വയം രാഷ്ട്രീയ മണ്ഡലത്തെ പ്രതിസന്ധി ഗ്രസ്തമാക്കി. ഇതിന്റെ ഫലമായി ബൂർഷ്വാ പാർട്ടികൾ ആകെത്തന്നെ രാഷ്ട്രീയ പ്രത്യയശാസ്ത്ര ഉള്ളടക്കത്തിലും പരിപാടിയിലും പാപ്പരത്തം നേരിട്ടു. അഴിമതിയും അവസരവാദവും അവയെ കാർന്നുതിന്നു.

ഇന്ന് ഇന്ത്യ സമ്പദ്- സാമുഹ്യ-രാഷ്ട്രീയ പ്രതിസന്ധികൾ തീവ്രമാകുന്ന, പരസ്പരം ശക്തിപ്പെടുത്തുന്ന, അന്ധകാര ഇടനാഴിയിലാണ്.
ഇത് അടിസ്ഥാന പ്രശ്നമായ സാമ്പത്തിക വിദേശ നയങ്ങളെ ശരിയായി , മതേതര-ജനാധിപത്യ-സോഷ്യലിസ്റ്റ് ദിശയിൽ, പുന:സ്ഥാപിക്കുന്നതിനുതകുന്ന രാഷ്ട്രിയ യുക്തിസാരത്തെ അന്ധകാരത്തിലേക്ക് തള്ളുന്നു. മത, ജാതി രാഷ്ട്രീയത്തിൽ ഇരുതലകൾ സൃഷ്ടിച്ച് 'ഇതിൽ നിന്ന് തിരഞ്ഞെടുക്കുക' എന്ന നാശോന്മുഖ നിഷേധാത്മക വൃത്തം സൃഷ്ടിക്കുന്നു.

സാമ്പത്തിക നയത്തെപ്പറ്റിയും വിദേശ നയത്തെപ്പറ്റിയുമുള്ള 'വ്യസനം' വെറും യാഥാസ്ഥിതിക പഴഞ്ചൊല്ലും പ്രയോഗത്തിൽ തീരെ ഗണിക്കേണ്ടതില്ലാത്തതുമായ സൂക്തതത്വവുമായി മാറുന്നു. ജാതി രാഷ്ട്രീയം സ്വത്വരാഷ്ട്രീയമെന്ന പേരിൽ , 'ഇതു താനല്ലയോ അത് ' എന്ന മട്ടിൽ, പ്രയോഗത്തിൽ വർഗ്ഗരാഷ്ട്രീയത്തിന് പകരമാക്കപ്പെടുന്നു.

വ്യവസായത്തൊഴിലാളി വർഗ്ഗത്തേയോ കർഷകരേയോ വൻതോതിൽ അഡ്രസ്സ് ചെയ്യാൻ പറ്റാത്ത ദൗർബ്ബല്യം മറയ്ക്കാൻ ഇത്തരം സൗകര്യ വാദപരമായ, അനുഭവമാത്രവാദപരമായ കാഴ്ച്ചപ്പാട് (എമ്പിരിസിസം) സിദ്ധാന്തത്തിലും പ്രയോഗത്തിലും അടവുനയത്തിലും മുഖ്യഘടകമായിത്തീരുന്നു. സോഷ്യൽ ഡെമോക്രാറ്റിക്ക് , ഇടത് , ഇടത് തീവ്രവാദ, ഇടത് സൈനികവാദ പാർട്ടികളും ഗ്രൂപ്പുകളുമൊന്നും ഈ പ്രയോജന മാത്രവാദ സമീപനത്തിൽ നിന്ന് മുക്തമല്ല എന്നതാണ് അവസ്ഥ.

ചുരുക്കത്തിൽ രാഷ്ട്രീയ സമ്പദ്ഘടനാപരമായ വലിയ, സ്ഥൂലമായ, കാര്യങ്ങൾ അമൂർത്ത ആശയങ്ങളാണെന്നും അവ മൂർത്തമാകുന്നത് മാർജിനലൈസ് ചെയ്യപ്പെട്ട വിഭാഗങ്ങളിലാണെന്നതും പുതിയ വിപ്ലവദർശന-പ്രയോഗ സിദ്ധാന്തമായി മാറി.

സത്യത്തിൽ സ്വന്തം ദൗർബ്ബല്ല്യത്തിനോട് പരാജയവാദപരമായി സമരസപ്പെട്ട, യാഥാസ്ഥിതികവാതം പിടിച്ച, നേതൃത്വത്തിന് വർഗ്ഗ വിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ള വിപ്ലവ പരിപാടിക്ക് പുറത്ത് കണ്ടെത്തിക്കിട്ടിയ ആശ്വാസത്തിന്റെ പച്ചപ്പുൽമേടാണ് ഇത് (പാർലമെന്ററി ലാഭം തന്നെയാണ് ഈ ജാതി മത കീഴാളരാഷട്രീയ ജ്ഞാനോദയത്തിന്റെ ഉത്തേജന ഉറവിടം). ഈ പച്ചപ്പുൽമേട്ടിൽ മേയാനുള്ള മോഹം കൊണ്ടാണ് പരിപാടിയും അടവ് പരമായ ലൈനും സംബന്ധിച്ച പഴയ ഓലയും എഴുത്താണിയും എങ്ങിനേയെങ്കിലും കാണാമറയത്ത് കളയാൻ ശ്രമിക്കുന്നത്.

ഈ വാത-വ്യതിയാന രോഗങ്ങൾ ജനം അറിയാതിരിക്കാൻ നിരവധി വിപ്ലവ വാചകമടികൾ ആവശ്യമായി വരുന്നു.
അതിനാണ് ഫാഷിസത്തിനെതിരെ, 'ആദർശശുദ്ധി ' പാലിക്കുന്ന അടവു ലൈൻ വേണമെന്ന് വാദിച്ചു കൊണ്ട് ഇടത് ഐക്യവും പ്രതിപക്ഷ ഐക്യവും സാധ്യമാക്കാനുള്ള ലൈൻ മുറിച്ച് സെക്ടിന്റെ ചെരിപ്പിന് പാകമാക്കുന്നത്.

ഇത്തരം ആദർശ-വിത്തുകോശ-ശുദ്ധിവാദങ്ങൾ പുതിയതല്ല. യൂറോ കമ്മ്യൂണിസവും യൂറോപ്പിലെ പല എംഎൽ പാർട്ടികളും ഈ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാണ് ലിക്വിഡേഷനിസത്തിലേക്ക് കൂപ്പുകുത്തിയത്.
ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിരിച്ചുവിട്ടതും ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി (തങ്ങളുടെ കൂടെ ചേർന്ന ഗ്രീൻ രാഷ്ട്രീയക്കാരെ പ്രീണിപ്പിക്കാനായി) അരിവാളും ചുറ്റികയും ചിഹ്നം വരെ ഉപേക്ഷിച്ചതും മേൽപ്പറഞ്ഞ അന്യവർഗ്ഗ ആശയങ്ങളിലൂടെ ഊളയിട്ടായിരുന്നു.

സാമ്രാജ്യത്വ ആഗോളവൽക്കരണത്തിനെതിരെ തുടർച്ചയായി സമരം ചെയ്യുന്ന സംഘടിത തൊഴിലാളി വർഗ്ഗത്തേയും കർഷകരേയും രാഷ്ടീയമായി നയിക്കാനുള്ള പ്രാപ്തിയും ബൂർഷ്വാ രാഷ്ട്രീയത്തിലെ വിള്ളലുകൾ ഉപയോഗപ്പെടുത്തി ബൂർഷ്വാ പ്രതിപക്ഷത്തെ വർഗ്ഗീയ ഫാഷിസത്തിന്റേയും ആഗോളവത്ക്കരണത്തിന്റേയും ഏറ്റവും തീവ്ര ശക്തിയായി മാറിയ മോഡി രാജിനെതിരെ അണിനിരത്താനുള്ള ത്രാണിയും പരസ്പരബന്ധിതമാണ്.

കർഷകരും വ്യാപാരികളും പെറ്റി ബൂർഷ്വാസിയുമൊന്നും നേതൃ സ്വഭാവമില്ലാത്ത വർഗ്ഗ വിഭാഗങ്ങളാണ്. അവർക്കെല്ലാം ഒന്നുകിൽ ബൂർഷ്വാസിയുടെ നേതൃത്വം അല്ലെങ്കിൽ തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വം ഇതിൽ ഏതെങ്കിലുമൊരു നേതൃവർഗ്ഗത്തിന്റെ നേതൃത്വം സ്വീകരിച്ചു കൊണ്ടേ നിലനിൽക്കാനാവൂ. ഏതെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിനോ ഒറ്റയ്ക്ക് നേതൃവർഗ്ഗമായ സംഘടിത ആധുനിക തൊഴിലാളി വർഗ്ഗത്തെ അതിന്റെ രാഷ്ട്രീയ നേതൃത്വമായി, മുന്നണിപ്പടയായി, നിന്ന് നയിക്കാൻ ഇന്ത്യയിലിന്ന് ശക്തിയോ ത്രാണിയോ ഇല്ല. ആയതിനാൽ , അവിടെയും ഇടതുപക്ഷ പാർട്ടികളും ഗ്രൂപ്പുകളും ഐക്യപ്പെടേണ്ടത് അവശ്യമായിത്തീരുന്നു.

ഇങ്ങിനെ സർവ്വതലങ്ങളിലും പരിശോധിക്കുമ്പോൾ 'ലെഫ്റ്റ് മിനിമം പരിപാടി (LMP) യിലധിഷ്ഠിതമായ ഇടതുപക്ഷ ഐക്യവും ഇടതുപക്ഷ ബദലും' എന്നതും അതിലൂന്നി ക്കൊണ്ട് സൃഷ്ടിക്കേണ്ടതായ, ബൂർഷ്വാ പ്രതിപക്ഷത്തെക്കൂടി ധ്രുവീകരിച്ച് പടുത്തുയർത്തേണ്ടതായ, ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയുമാണ് ഇന്ത്യൻ ജനതയ്ക്ക് വിജയകരമായ പോംവഴിയാവൂ എന്നറിയാൻ വിഷമമുണ്ടാകുകയില്ല; സെക്ടേറിയൻ ഗുരുക്കൾക്കൊഴികെ.