Fredy K Thazhath-ഫിനാൻസ് മൂലധന ഇന്റഗ്രേഷൻ നേരിടുന്ന ഇന്ത്യയിലും കേരളത്തിലും ഇതാണ് നാം അടിയന്തിരമായി പിൻപറ്റേണ്ടതായ പാത.


ഫ്രെഡി കെ താഴത്ത്

ഫിനാൻസ് മൂലധനം അസോസിയേറ്റഡ് / സോഷ്യലൈസ്ഡ് ഫോം ഒഫ് ക്യാപ്പിറ്റൽ അഥവാ മൂലധനത്തിന്റെ സാമൂഹ്യ വൽകൃത രൂപം ആണ് എന്ന് ചൂണ്ടിക്കാട്ടിയത് മാർക്സ് തന്നെയാണ്. 

ഈ അസോസിയേറ്റഡ് / സോഷ്യലൈസ്ഡ് ഫോം ഒഫ് ക്യാപ്പിറ്റൽ അഥവാ മൂലധനത്തിന്റെ സാമൂഹ്യ വൽകൃത രൂപം ആവിർഭവിച്ചതോടെ സ്വകാര്യസ്വത്ത് എന്ന നിലനിൽപ്പ് സ്വകാര്യ സ്വത്ത് വ്യവസ്ഥയ്ക്കുള്ളിൽ തന്നെ ഇല്ലാതാക്കപ്പെടുന്ന അവസ്ഥ ഉടലെടുത്തു.

ഈ പ്രതിഭാസം സോഷ്യലിസ്റ്റ് പരിവർത്തനത്തിലേക്കുള്ള ആദ്യപടിയായിത്തീർന്നു.

ഇതാണ് മാർക്സ് മൂലധനം മൂന്നാം വാല്യം 27-ാം അദ്ധ്യായത്തിൽ പറയുന്നത്.

ഇതിനെ അടിസ്ഥാനമാക്കി കൂടിയാണ് ലെനിൻ ഫിനാൻസ് മൂലധനം 'ഡയിങ്ങ് ക്യാപ്പിറ്റൽ' അഥവാ മൃത്യന്മുഖ മൂലധനം ആണ് എന്നു പറയുന്നത്. 

സാമ്രാജ്യത്വം / ഫിനാൻസ് മൂലധന വ്യവസ്ഥ മുതലാളിത്തത്തിന്റെ അന്തിമഘട്ടമാണ് എന്ന് ലെനിൻ പറയുന്നതിന്റെ മൂലകാരണം ഇതാണ്. 

സ്വകാര്യ സ്വത്തിന്റെ അന്തിമ രൂപമായ മൂലധനം അഥവാ ക്യാപ്പിറ്റൽ ബാങ്ക് മൂലധനവുമായി ഇഴുകിച്ചേർന്ന് ഫിനാൻസ് മൂലധനം എന്ന അസോസിയേറ്റഡ് / സോഷ്യലൈസ്ഡ് ഫോം ഒഫ് ക്യാപ്പിറ്റൽ അഥവാ മൂലധനത്തിന്റെ സാമൂഹ്യ വൽകൃത രൂപം പ്രാപിച്ചതോടെ അതിനെതിരെ അദ്ധ്വാനത്തിന്റെ അസ്സോസ്സിയേറ്റഡ് ഫോമുകൾ ഉടലെടുക്കാൻ ആരംഭിച്ചത് മാർക്സ് ചൂണ്ടിക്കാട്ടി. 

ഇങ്ങിനെ സംഘടിതമായി മിൽ തൊഴിലാളികൾ ഉത്പാദക സഹകരണ സംഘങ്ങൾ ഉണ്ടാക്കി ലണ്ടനിൽ തുണിമില്ലുകൾ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കാൻ തുടങ്ങി എന്നത് മാർക്സ് മൂലധനം വാല്യം 3 ൽ അദ്ധ്യായം 27 ൽ തന്നെ ചൂണ്ടിക്കാട്ടുന്നു.

ഫിനാൻസ് മൂലധന വ്യവസ്ഥ സൃഷ്ടിച്ച ക്രെഡിറ്റ് സിസ്റ്റത്തെ ഉപയോഗിച്ചു കൊണ്ടാണ് തൊഴിലാളികൾക്ക് ഉത്പാദക സഹകരണ സംഘങ്ങൾ ഉണ്ടാക്കി മില്ലുകൾ ഏറ്റെടുത്ത് സ്വന്തം അദ്ധ്വാനം സ്വയം വാങ്ങുന്നവരായി മാറാനായത് എന്നും മാർക്സ് കാണുന്നു.

മുതലാളിത്ത വ്യവസ്ഥയ്ക്കകത്ത് ഉടലെടുക്കുന്നതായതുകൊണ്ട് മുതലാളിത്ത വ്യവസ്ഥയ്ക്ക് സഹജമായ എന്തൊക്കെ അഴുക്കകൾ ഉണ്ടാകാമെങ്കിലും തൊഴിലെടുക്കുന്നവരുടെ ഉത്പാദകസഹകരണ സംഘങ്ങൾ പുതിയ സാമൂഹ്യവ്യവസ്ഥയുടെ ക്രിയാത്മക നാന്ദിയാണ് എന്നും അത് രാഷ്ട്രീയാധികാരം നേടുന്നതിന് മുമ്പ് തന്നെ, പഴയ സാമൂഹ്യ വ്യവസ്ഥയ്ക്കുള്ളിൽ നിന്നു തന്നെ തുടങ്ങുന്നതാണെന്നുമാണ് മാർക്സ് പറഞ്ഞു വച്ചത്. റോബർട്ട് ഓവന്റെ കാല്പനിക സോഷ്യലിസ്റ്റ് സഹകരണ സംഘങ്ങൾ എന്ന, സിവിൽ സമൂഹ കാഴ്ച്ചപ്പാടിനുള്ളിൽ നിന്നു കൊണ്ടുള്ള, സംരംഭകരുടേയും ഉപഭോക്താക്കളുടേയും സഹകരണ സംഘങ്ങൾ എന്നതിൽ നിന്ന് ഗുണപരമായി വ്യത്യസ്ഥമാണ് ഫിനാൻസ് മൂലധന വ്യവസ്ഥയിലെ തൊഴിലാളികളുടെ ഉത്പാദക സഹകരണ സംഘങ്ങൾ എന്നാണ് മാർക്സ് ചൂണ്ടിക്കാട്ടുന്നതിന്റെ സാരം. 

സഹകരണസംഘ പ്രസ്ഥാനത്തിന്റെ തന്നെ പ്രാതിഭാസിക വികാസമായിരുന്നു അത്.

കമ്മ്യൂണിസ്റ്റ് ഇൻറർനാഷണലിന്റെ 4-ാം കോൺഗ്രസ്സിലും മോസ്കോ സോവിയറ്റിന്റെ സമ്മേളനത്തിലും ലെനിൻ നടത്തിയ പ്രസംഗങ്ങളിൽ പുത്തൻ സാമ്പത്തിക പോളിസി ( NEP) എങ്ങിനെ ഒരു പിൻവാങ്ങൽ ആണ് എന്നും അത് മുറിച്ചു കടന്ന് സോഷ്യലിസത്തിന് മുന്നേറാൻ തൊഴിലാളികളുടെ ഉത്പാദക സഹകരണ സംഘങ്ങൾ എങ്ങിനെ പ്രധാനമാണ് എന്നും ചൂണ്ടി കാട്ടുന്നു. 

മേൽപ്പറഞ്ഞ പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണ് ലെനിനു ശേഷം 1928ൽ ഒന്നാം പഞ്ചവത്സര പദ്ധതിയിൽ 'സോവ്ഖോസ്', 'കോൾഖോസ്' എന്നിങ്ങനെ 'സോവിയറ്റ് ഫാമുകൾ ' , 'കളക്റ്റിവ് കോ ഓപ്പറേറ്റിവ് ഫാമുകൾ ' എന്നിവ സോവിയറ്റ് യൂണിയനിൽ ആരംഭിക്കുന്നത്.

തൊഴിലാളികൾക്കു മാത്രമല്ല കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഉത്പാദക സഹകരണ സംഘങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും യഥാർത്ഥത്തിൽ അതാണ് കർഷകർ തൊഴിലാളികളായി മാറുന്ന വിപ്ലവകരമായ പാതയിലെ മുഖ്യ വാഹനം എന്നും സോവിയറ്റ് യൂണിയൻ തെളിയിച്ചു.

'ഒച്ചിന്റെ വേഗതയിൽ സോഷ്യലിസം' (സോഷ്യലിസം അറ്റ് സ്നെയിൽ പേസ് /socialism at snail pace) എന്ന ബുഖാറിന്റെ മുതലാളിത്ത പാതയെ പൊരുതിത്തോൽപ്പിച്ചാണ് സഖാവ് സ്റ്റാലിന്റെ നേതൃത്വത്തിൽ 'സോവിയറ്റ് ഫാമുകൾ ' , 'കളക്റ്റിവ് കോ ഓപ്പറേറ്റിവ് ഫാമുകൾ ' എന്നവയെ അടിസ്ഥാന ഘടകങ്ങളായി കാർഷിക ഉത്പാദനം വിപ്ലവകരമായി പുന:സംഘടിപ്പിച്ച് ഒന്നാം പഞ്ചവത്സര പദ്ധതി വിജയകരമായി നടപ്പാക്കിയത്.

ഇത് മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽ നിന്നു തന്നെ പൊരുതിപ്പൊരുതി ആരംഭിക്കേണ്ടതായ വിപ്ലവമാറ്റത്തിന്റെ പ്രക്രിയയാണ്. ഫിനാൻസ് മൂലധന ഇന്റഗ്രേഷൻ നേരിടുന്ന ഇന്ത്യയിലും കേരളത്തിലും ഇതാണ് നാം അടിയന്തിരമായി പിൻപറ്റേണ്ടതായ പാത.