കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ലെനിനിസ്റ്റ് ) റെഡ് ഫ്ലാഗ്
കേന്ദ്ര കമ്മിറ്റി കൊച്ചി, 2019 നവംബർ 11
ബാബ്റി മസ്ജിദ് തർക്കത്തെ സംബന്ധിച്ച സുപ്രീം കോടതി വിധിയെപ്പറ്റി
ബാബറി മസ്ജിദ് ഭൂമി തർക്കത്തിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് മുഖ്യമായും താഴെ പറയുന്ന പ്രശ്നങ്ങൾ വിശദമായി പരിശോധിച്ചതിനു ശേഷമാണ്:
1) ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച സമഗ്രമായ രേഖകളുണ്ടോ?
2) ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ (ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ) കണ്ടെത്തലുകൾ എന്താണ് സൂചിപ്പിക്കുന്നത്?
3) ആരാധനാ സ്ഥലം ഉപയോഗിച്ചിരുന്ന ആളുകളുടെ ആചാരപരമായ വിശ്വാസങ്ങളെ സംബന്ധിച്ച് സാക്ഷിമൊഴികളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്ത്?
4) ആരാധനാ സ്ഥലത്തെപ്പറ്റിയുള്ള തങ്ങളുടെ പരിഗണനകളിലേക്ക് ഹിന്ദുക്കളേയും മുസ്ലീങ്ങളേയും നയിച്ച വിശ്വാസങ്ങൾ ഏതൊക്കെയാണ്?
തർക്ക വിഷയത്തെപ്പറ്റി അന്തിമ തീരുമാനത്തിലേക്കെത്താൻ, അതിന്റെ ചരിത്രപരതയേക്കാൾ മേൽപ്പറഞ്ഞ നാലു കാര്യങ്ങളാണ് കോടതി വിശദമായി പരിശോധിച്ചത്. ഏതാണ്ട് 150 വർഷത്തോളമായി രാജ്യവും ജനങ്ങളും അഭിമുഖീകരിച്ച ഏറ്റവും ഗുരുതരമായ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളിലൊന്നിന് ഒരു 'പ്രായോഗിക പരിഹാരം' കാണുന്നതിലേക്കാണ് ഇതെത്തിച്ചത്.
രാമജന്മഭൂമിയിലെ ഹിന്ദുക്ഷേത്രം തകർത്താണ് അവിടെ ബാബറി മസ്ജിദ് പണിതത് എന്ന ആഖ്യാനത്തെ പരമോന്നത നീതിപീഠം ഖണ്ഡിതമായി നിരാകരിച്ചിരിക്കുന്നു. പുരാവസ്തു വകുപ്പിന്റെ കണ്ടെത്തലുകൾ അനുസരിച്ച്, മസ്ജിദിന് താഴെ, 12-ാം നൂറ്റാണ്ടിലെ ഒരു നിർമ്മിതിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് ഒരു ഹിന്ദുക്ഷേത്രത്തിന്റെ ഭാഗമായിരുന്നു എന്നു കണക്കാക്കാൻ യാതൊരു തരത്തിലും സാധ്യമല്ലെന്ന് പരമോന്നത നീതിപീഠം വിധിയിൽ വിലയിരുത്തി. മുസ്ലീങ്ങൾ എപ്പോഴും പ്രസ്തുത സ്ഥലത്തിനകത്താണ് പ്രാർത്ഥിച്ചിരുന്നതെങ്കിൽ, ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നത് പുറത്തു വച്ചിട്ടാണെന്നും ബാബറി മസ്ജിദ് അടച്ചുപൂട്ടുന്നതു വരെ മുസ്ലീങ്ങൾ ആ സ്ഥലം ഒരിക്കലും കൈയൊഴിഞ്ഞിട്ടില്ല എന്നും കോടതി ഊന്നിപ്പറഞ്ഞു. കോടതി എടുത്തു പറഞ്ഞ കാര്യങ്ങളിൽ താഴെ പറഞ്ഞിരിക്കുന്നവ കൂടി ഉൾപ്പെടുന്നു.
ഭൂമിയുടെ ഉടമാവകാശ പ്രമാണത്തിന്റെ തർക്കമറ്റ തെളിവ് ഹാജരാക്കപ്പെടുകയാണെങ്കിൽ മതമോ ആചാരങ്ങളോ അല്ല തർക്കപരിഹാരത്തിന് പരിഗണിക്കേണ്ടത്. മതവിശ്വാസമെന്നത് വ്യക്തികളുടെ ആത്മനിഷ്ഠമായ ഒരു കാര്യമാണ്. അതുകൊണ്ട് ഉടമസ്ഥതയുടെ നിയമസാധുത നിലനിൽക്കുന്നത് രേഖകളുടേയും തെളിവുകളുടേയും സാക്ഷിമൊഴികളുടേയും മേലാണ്. 1949 ഡിസംബർ 22-ാം തിയതി ബാബറി മസ്ജിദിനകത്തേക്ക് രാമവിഗ്രഹം നിയമവിരുദ്ധമായി കടത്തി. സുപ്രീം കോടതിയുടെ നിർദ്ദേശത്തെ ലംഘിച്ചുകൊണ്ട് 1992 ഡിസംബർ 6 ന് തികച്ചും കുറ്റകരമായി ബാബറി മസ്ജിദ് തകർത്തു.
മേൽ പറഞ്ഞ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ഭൂമിയുടെ ഉടമാവകാശത്തിനു വേണ്ടി അപേക്ഷ നൽകിയ, വഖഫ് ബോർഡ് ഒഴികെയുള്ളവരുടെ അപേക്ഷകൾ പരമോന്നത കോടതി തള്ളിക്കളയുകയും മസ്ജിദ് പണിയാനായി വഖഫ് ബോർഡിന് അഞ്ചേക്കർ സ്ഥലം അനുവദിക്കാൻ സർക്കാരിനു നിർദ്ദേശം നൽകുകയും ചെയ്തു. ഒപ്പം രാമജന്മഭൂമി അയോദ്ധ്യയിലാണെന്ന് ദശലക്ഷക്കണക്കിന് ഹിന്ദുക്കൾ വിശ്വസിക്കുന്നുണ്ടെന്നും അതാണ് അവരുടെ ആരാധനാ സ്ഥലത്തെ നിർണ്ണയിക്കുന്നതെന്നും അതേ സമയം, മുസ്ലീങ്ങൾ തങ്ങളുടെ ആരാധനാ സ്ഥലമെന്നു പരിഗണിക്കുന്നത് അവർ മസ്ജിദ് പണിയുന്ന സ്ഥലത്തെയാണെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ട്, വഖഫ് ബോഡിനു പുറമെ അപേക്ഷകരായ മറ്റു രണ്ടു കക്ഷികൾക്കും ഭൂമി ലഭിക്കാനുള്ള യാതൊരു തരം അവകാശങ്ങളും ഇല്ലെങ്കിൽ പോലും ആരാധന നടത്താനുള്ള എല്ലാവരുടേയും അവകാശങ്ങൾ ഉയർത്തിപ്പിടിക്കപ്പെടേണ്ടതാണെന്നും അതനുസരിച്ചു വേണം ഭൂമിയുടെ കാര്യം കൈകാര്യം ചെയ്യേണ്ടതെന്നും സുപ്രീം കോടതി തീരുമാനിച്ചു.
സർക്കാർ രൂപീകരിക്കുന്ന ഒരു ട്രസ്റ്റിനു തർക്കഭൂമി വിട്ടുനൽകാനും അവിടെ ക്ഷേത്രം നിർമ്മിക്കാനും അതോടൊപ്പം തന്നെ, വഖഫ് ബോർഡിന് അഞ്ചേക്കർ ഭൂമി അനുവദിക്കാനും തീരുമാനിച്ചുകൊണ്ട് തർക്കത്തിൽ തീർപ്പുണ്ടാക്കുന്നതിലേക്ക് പരമോന്നത കോടതിയെ നയിച്ചത് മേൽപ്പറഞ്ഞ കാര്യങ്ങളാണ്. 1949 ലേയും 1992 ലേയും സംഭവങ്ങൾ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ടതായ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്ന് വ്യക്തമായി പ്രസ്താവിച്ച പരമോന്നത കോടതി, ആ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഉയർത്തപ്പെട്ട അവകാശവാദങ്ങളെ തള്ളിക്കള്ളയുകയും ചെയ്തു.
ഒരു ക്ഷേത്രം തകർത്ത് അതിനു മുകളിലാണ് മസ്ജിദ് പണിതതെന്ന വർഗ്ഗീയ ഫാസിസ്റ്റുകളുടെ വ്യാജ ആഖ്യാനങ്ങളെ ഖണ്ഡിതമായി തുറന്നു കാട്ടുന്നതാണ് ഈ വിധി.1949 മുതൽ 1992 ലും തുടർന്ന് ഇന്നുവരേക്കും, ബാബറി മസ്ജിദ് കളങ്കപ്പെടുത്തിയതു മുതൽ അതിനെ തകർക്കുന്നതു വരെയുള്ള ഹീനമായ കുറ്റകൃത്യങ്ങളുടെ വലിയ ശൃംഖലയെ മുഴുവൻ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്ന് വിധി ഊന്നിപ്പറയുന്നു. തന്മൂലം ഭൂമിയുടെ ഉടമസ്ഥതയ്ക്കു വേണ്ടി അത്തരക്കാർ മുന്നോട്ടു വച്ച അവകാശവാദങ്ങളെ വിധി തള്ളിക്കളയുന്നു. സുപ്രീം കോടതിയുടെ ഈ കണ്ടെത്തലുകൾ ഭരണഘടനയുടെ ലിഖിത തത്വങ്ങളോടും അവയുടെ സത്തയോടും പൊരുത്തപ്പെടുന്നവ തന്നെയാണ്. അതേ സമയം, തങ്ങൾ അവകാശപ്പെട്ട ഭൂമി, ക്ഷേത്ര നിർമ്മാണത്തിനു വേണ്ടി സർക്കാർ നിയമിക്കാനിരിക്കുന്ന ഒരു ട്രസ്റ്റിനു നൽകുന്നതിനായി, വിശ്വാസത്തിന്റെ പേരിൽ സർക്കാരിനു കൈമാറിയതിൽ അതൃപ്തി പ്രകടിപ്പിക്കാൻ നീതിനിഷേധപരാതിക്കാരായ വഖഫ് ബോർഡിന് എല്ലാ കാര്യകാരണങ്ങളുമുണ്ട്. അക്കാര്യത്തിൽ പരമോന്നത കോടതിയുടെ തർക്കപരിഹാരം ബാബറി മസ്ജിദിന്റെ വസ്തുനിഷ്ഠമായ ചരിത്രപരതയോട് പൊരുത്തപ്പെടുന്നതായില്ല. ബാബറി മസ്ജിദിന്റെ നിർമ്മാണവും നിലനിൽപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതി തന്നെ നടത്തിയിട്ടുള്ള വിലയിരുത്തലുകൾ എത്തിച്ചേർന്ന വസ്തുതകൾ മറ്റു തരത്തിലുള്ള എല്ലാ അവകാശവാദങ്ങൾക്കും വിരുദ്ധമാണ്. നീതിപൂർവ്വമായ ഒരു ന്യായവിധിയുടെ കളങ്കരഹിതമായ ഫലം അവകാശമുന്നയിച്ചവർക്ക് ലഭ്യമാക്കാനാവുന്നതു വരെ, തർക്കഭൂമിയെ സ്വന്തം നിയന്ത്രണത്തിലും സംരക്ഷണയിലും നിലനിർത്തിക്കൊണ്ട് അനുനയ ശ്രമങ്ങൾ നിരന്തരമായി മുന്നോട്ടു കൊണ്ടുപോകാൻ ഭരണനിർവ്വഹണ സംവിധാനമായ എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്താൻ, ഒരു ആധുനിക റിപ്പബ്ലിക്കിലെ നീതിന്യായശാസ്ത്രത്തിന്റെ പരമോന്നത പീഠത്തെ മേൽപ്പറഞ്ഞ വിലയിരുത്തലുകൾ സ്വാഭാവികമായും പ്രചോദിപ്പിക്കേണ്ടതാണ്. അത് ഇന്ത്യൻ റിപ്പബ്ലിക്കിന്റേയും അതിന്റെ നീതിന്യായ വ്യവസ്ഥയുടേയും പ്രകാശ പൂർണ്ണമായ ദീപസ്തംഭമായി, തീർച്ചയായും തിളങ്ങുമായിരുന്നു.
സംയമനം പാലിക്കാൻ സുപ്രീം കോടതിയും ഇന്ത്യൻ സർക്കാരും നടത്തിയ ആഹ്വാനങ്ങൾ മുസ്ലീങ്ങളും അവരുടെ സംഘടനകളും സ്വീകരിച്ചിട്ടുണ്ടെന്ന്, വിധി വന്നതിനു ശേഷവും മഹത്വപൂർണ്ണമായ പക്വതയോടെ അവർ പ്രകടിപ്പിക്കുന്ന സമാധാനകാംക്ഷയും സൗഹൃദ സ്വഭാവവും തെളിയിക്കുന്നുണ്ട്. മതനിരപേക്ഷതക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടവുമായി ഇനിയും ബഹുദൂരം മുന്നോട്ടു പോകേണ്ടിയിരിക്കേ, രാഷ്ട്രത്തിന്റേയും റിപ്പബ്ലിക്കിന്റേയും ലക്ഷ്യങ്ങളേയും ഭാവിയേയും സംബന്ധിച്ച പ്രതീക്ഷകൾക്ക് അത് ഈട് വെയ്പാവുന്നുണ്ട്.