P C UNNICHEKKAN:-സംരക്ഷിത വനമേഖലക്കു സമീപം പാറ ഖനനം അനുവദിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക



സംരക്ഷിത വനമേഖലക്കു സമീപം പാറ ഖനനം അനുവദിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക

പി.സി. ഉണ്ണിച്ചെക്കൻ, സെക്രട്ടറി,
സി.പി.ഐ.(എം.എൽ.) റെഡ് ഫ്ലാഗ്,
കേരള സംസ്ഥാന കമ്മിറ്റി.

സംരക്ഷിത വനമേഖലയുടേയും വന്യജീവി സങ്കേതങ്ങളുടേയും ദേശീയോദ്യാനങ്ങളുടേയും പരിധിക്കു പത്തു കിലോമീറ്ററിനപ്പുറത്തു മാത്രമേ ഖനനം അനുവദിക്കാൻ പാടുള്ളു എന്ന വ്യവസ്ഥ തിരുത്തി ഒരു കിലോമീറ്റർ അടുത്തു വരെ ഖനനം അനുവദിക്കാൻ കേരള സംസ്ഥാന മന്ത്രിസഭ കൈക്കൊണ്ട തീരുമാനം അങ്ങേയറ്റം ആശങ്കാജനകവും പ്രതിഷേധാർഹവുമാണ്. തുടരെത്തുടരെ ഉണ്ടായ രണ്ടു പ്രളയങ്ങളുടേയും ചെറുതും വലുതുമായ നൂറു കണക്കിനു ഉരുൾ പൊട്ടലുകളുടേയും അവ സൃഷ്ടിച്ച വിനാശങ്ങളുടേയും കെടുതികളിൽ നിന്നും ഇനിയും മുക്തമായിട്ടില്ലാത്ത കേരളത്തിന്റെ യാഥാർത്ഥ്യങ്ങളെ തെല്ലും പരിഗണിക്കാതെ കൈക്കൊണ്ടിട്ടുള്ള പരിസ്ഥിതി വിരുദ്ധമായ ഈ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് ഞങ്ങൾ കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

2019 ലെ പ്രകൃതിക്ഷോഭത്തിൽ ജീവഹാനിയുടെ മുഖ്യ കാരണമായത് ഉരുൾപൊട്ടലും മലയിടിച്ചിലുമായിരുന്നു എന്നാണ് സംസ്ഥാന മുഖ്യമന്ത്രി തന്നെ പറഞ്ഞത്. ഈ ഉരുൾ പൊട്ടലുകളിൽ ഏറെയും നടന്നത് പരിസ്ഥിതിലോല പ്രദേശങ്ങളെന്ന് ഗാഡ്ഗിൽ കമ്മിറ്റി വിശദീകരിച്ച ഇടങ്ങളിലായിരുന്നു എന്ന് കാര്യവിവരമുള്ളവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയ 31 ഉരുൾപൊട്ടലിൽ 25 എണ്ണവും ഗാഡ്ഗിൽ റിപ്പോർട്ടിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ് ഉണ്ടായത്. ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിനു കാരണമായ ഉരുൾപൊട്ടലുണ്ടായ മലപ്പുറം ജില്ലയിലെ കവളപ്പാറ ഇത്തരമൊരു പ്രദേശമാണ്. കവളപ്പാറയിൻ നിന്നും 5 കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ദൂരപരിധിക്കകത്ത് 21 പാറമടകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അതേക്കുറിച്ച് പഠിച്ചവർ ചൂണ്ടിക്കാട്ടുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ വെള്ളം ചേർക്കപ്പെട്ട രൂപമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കസ്തൂരിരംഗൻ റിപ്പോർട്ടിലും കേരളത്തിലെ 123 വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പെട്ടതാണെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ വർഷമുണ്ടായ 31 വൻകിട ഉരുൾപൊട്ടലുകളിൽ 15 എണ്ണവും കസ്തൂരിരംഗൻ റിപ്പോർട്ടിൽ പരിസ്ഥിതി ലോലമെന്ന് വിശേഷിപ്പിക്കുന്ന ഇടങ്ങളിലാണുണ്ടായത്. ഈ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പാറയും മണലും ധാതു പദാർത്ഥങ്ങളുമൊക്കെ ഖനനം ചെയ്യുന്നതിനു നിയന്ത്രണം വേണമെന്നു ഗാഡ്ഗിൽ റിപ്പോർട്ടും നിരോധനം വേണമെന്നു കസ്തൂരി രംഗൻ റിപ്പോർട്ടും ശുപാർശ ചെയ്യുന്നുണ്ട്. ഈ പ്രദേശങ്ങളിലേറെയും സംരക്ഷിത വനമേഖലകളോട് ചേർന്നു കിടക്കുന്നവയാണ്. കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളിലുണ്ടായ ഒട്ടുമിക്ക ഉരുൾ പൊട്ടലുകൾക്കും പ്രേരകമായ ഘടകങ്ങളിലൊന്ന് അനിയന്ത്രിതമായ പാറഖനനമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഈയൊരു സാഹചര്യത്തിൽ സംരക്ഷിത വനമേഖലകളിലും അവയുടെ പരിസര പ്രദേശങ്ങളിലും ക്വാറികൾക്കും ക്രഷർ യൂണിറ്റുകൾക്കും പ്രവർത്തനാനുമതി നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം കേരളത്തെ സംബന്ധിച്ചേടത്തോളം വിനാശകരമാണ്.

വനമേഖലക്കു സമീപം പത്തു കി.മീറ്ററിനുളളിൽ പാറമടകൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് 2006 ൽ സുപ്രീം കോടതി വിധിച്ചിരുന്നതാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ  പാറ ഖനനത്തിനും നിർമ്മാണ പ്രവർത്തനങ്ങൾക്കും ഇനി മേൽ അനുമതി നൽകിക്കൂടെന്ന് ദേശീയ ഹരിത ട്രൈബ്യൂണലും ഉത്തരവിട്ടിരുന്നു. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും നടപ്പാക്കപ്പെടാതെ കിടന്ന ഈ നിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞു കൊണ്ടാണ് വനമേഖലകളും പാറക്വാറികളും തമ്മിലുള്ള ദൂരപരിധിയിൽ ഇളവു നൽകുന്ന തീരുമാനം കേരള സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. "മണ്ണും ജലവും ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുകയും ശാസ്ത്രീയമായി വിനിയോഗിക്കുകയും സുസ്ഥിരമായി പരിപാലിക്കുകയും ചെയ്യണ"മെന്ന ലക്ഷ്യപ്രഖ്യാപനത്തോടെ ഒരു 'ഹരിത കേരളം' മിഷനു തുടക്കമിട്ടിട്ടുള്ള കേരള സർക്കാർ ആ പ്രഖ്യാപനത്തിന് എന്തെങ്കിലും അർത്ഥം കല്പിക്കുന്നുണ്ടെങ്കിൽ അനിയന്ത്രിത ഖനനത്തിന് അവസരമൊരുക്കുന്ന ഈ തീരുമാനം പിൻവലിച്ചേ തീരൂ. കേരളത്തിന്റെ പാരിസ്ഥിതിക സുരക്ഷയേയും കേരളീയരുടെ നിലനില്പിനേയും പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനം അടിയന്തിരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഞങ്ങൾ ഒരിക്കൽ കൂടി ആവശ്യപ്പെടുന്നു.

പി.സി. ഉണ്ണിച്ചെക്കൻ, സെക്രട്ടറി,
സി.പി.ഐ.(എം.എൽ.) റെഡ് ഫ്ലാഗ്,
കേരള സംസ്ഥാന കമ്മിറ്റി.