M S JAYAKUMAR:-വർഗ്ഗീയ ഫാഷിസമുയർത്തുന്ന വെല്ലുവിളികളും ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയുടെ പ്രശ്‌നങ്ങളും






വർഗ്ഗീയ ഫാഷിസമുയർത്തുന്ന വെല്ലുവിളികളും
ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയുടെ പ്രശ്‌നങ്ങളും
                                               എം എസ് ജയകുമാർ


               
                       എന്താണ് ഫാഷിസം? സമഗ്രാധിപത്യ ഭരണകൂടരൂപമാണ് ഫാഷിസം. കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഏഴാം കോൺഗ്രസ്സിൽ‍ (1938 ആഗസ്റ്റ് 2) സഖാവ് ദിമിത്രോവ് സമർപ്പിച്ച റിപ്പോർട്ടിൽ‍ ഫാഷിസത്തെക്കുറിച്ച് മുന്നോട്ട് വച്ചിട്ടുള്ള നിലപാടാണ് മാർക്സിസ്റ്റ് - ലെനിനിസ്റ്റുകൾ‍ മാത്രമല്ല മുഴുവൻ‍ പുരോഗമനകാരികളും പൊതുവിൽ‍ അംഗീകരിക്കുന്നത്. അതിൽ‍ ദിമിത്രോവ് പറയുന്നത് ഫൈനാൻസ് മൂലധനത്തിന്റെ പിന്തിരിപ്പൻ വിഭാഗത്തിന്റെയും അങ്ങേയറ്റത്തെ സങ്കുചിത ദേശീയവാദികളുടെയും കടുത്ത സാമ്രാജ്യത്വവാദികളായ ശക്തികളുടെയും പരസ്യവും ഭീകരവുമായ സ്വേച്ഛാധിപത്യമാണ് അധികാരത്തിലേറിയ ഫാഷിസം എന്നാണ്. ഫാഷിസത്തിന്റെ ഏറ്റവും പിന്തിരിപ്പൻ‍ രൂപം അതിന്റെ ജർമ്മൻ‍ മാതൃകയായ നാസിസമാണെന്നാണ് അദ്ദേഹം തുടർന്ന് വിശദീകരിക്കുന്നത്. സോഷ്യലിസവുമായി പൊതുവിൽ യാതൊന്നുമില്ലെങ്കിലും ദേശീയ സോഷ്യലിസം എന്ന് സ്വയം വിളിക്കാനുള്ള നിർലജ്ജമായ ചങ്കൂറ്റം അവർക്കുണ്ട്. ഹിറ്റലറുടെ ഫാഷിസം ബൂർഷ്വാ ദേശീയവാദം മാത്രമല്ല, മൃഗീയമായ സങ്കുചിത ദേശിയ മേധാവിത്വവാദം കൂടിയാണ്. അതായത്, കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ സ്പഷ്ടമായി ചൂണ്ടിക്കാട്ടുന്നത് ഫൈനാൻസ് മൂലധനത്തിന്റെ ഭരണാധികാരശക്തിയാണ് ഫാഷിസമെന്നാണ്. അഭ്യന്തരമായി അത് തൊഴിലാളിവർഗ്ഗത്തിനും വിപ്ലവകാരികളായ കൃഷിക്കാർക്കും ബുദ്ധിജീവി വിഭാഗങ്ങൾക്കും എതിരായി ശക്തമായ നടപടികൾ‍ സ്വീകരിക്കുന്നു. വിദേശനയത്തിൽ അത് മറ്റ് രാഷ്ട്രങ്ങളോട് മൃഗീയമായ വിദ്വേഷം ആളിക്കത്തിക്കുന്നു. ക്രൂരരൂപത്തിലുള്ള സങ്കുചിത ദേശിയ മേധാവിത്ത മോഹമാണ് അത് പ്രകടിപ്പിക്കുന്നത്. ഫാഷിസം ചരിത്രപരവും സാമൂഹ്യവും സാമ്പത്തികവും സാംസ്‌ക്കാരികവുമായ പ്രത്യേകതകൾക്കനുസരിച്ച് ഓരോ രാജ്യങ്ങളിലും വ്യത്യസ്ത രൂപങ്ങൾ കൈക്കൊള്ളുന്നു. അതുകൊണ്ടു തന്നെ സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിശകലനത്തിലൂടെ മാത്രമേ ഫാഷിസത്തെ വിലയിരുത്താനും അതിനെതിരെ സമരതന്ത്രങ്ങളും അടവുകളും രൂപീകരിക്കാനും കഴിയുള്ളൂ. കമ്മ്യൂണിസ്റ്റ് ഇന്റർനാഷലിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് ചില രാജ്യങ്ങളിൽ‍ ഫാഷിസം പാർലമെന്റിനെ പെട്ടന്ന് വേണ്ടെന്ന് വെക്കുന്നില്ല എന്നാണ്. ബൂർഷ്വാ പാർട്ടികൾക്കും സോഷ്യൽഡെമോക്രാറ്റിക് പാർട്ടികൾക്കും ഒരളവുവരെ നിയമവിധേയമായ പ്രവർത്തനങ്ങൾ അനുവദിച്ചുകൊടുക്കുന്നു. വിപ്ലവം ആസന്നമെന്നും ഫാഷിസ്റ്റ് വിരുദ്ധ പ്രസ്ഥാനം ശക്തിപ്പെടുന്നുണ്ടെന്നും തോന്നുന്ന രാജ്യങ്ങളിൽ അതിന്റെ എതിർ ശക്തികളെ അത് അതിരൂക്ഷമായ രീതിയിൽ കടന്നാക്രമിക്കുകയും പാർട്ടികളെ നിരോധിക്കുകയും ബൂർഷ്വാ ജനാധിപത്യത്തിന് പകരമായി ഭീകരമായ സ്വേച്ഛാധിപത്യരൂപം കൈക്കൊള്ളുകയും ചെയ്യും. ഫാഷിസം ഫിനാൻസ് മൂലധനത്തിന്റെ താല്പര്യമനുസരിച്ച് ഒരു സുപ്രഭാതത്തിൽ പൊട്ടിമുളയ്ക്കുന്നതല്ല. ജർമ്മനയിൽ‍ തന്നെയാണെങ്കിൽ‍ വെയ്മർ‍ റിപ്പബ്ലിക്കിന്റെ ദുർഭരണത്തിലും അഴിമതിയിലും മറ്റും മനംനൊന്ത ജനങ്ങൾ‍ ഹിറ്റ്‌ലർ‍ നാസിസത്തെ സ്വാഗതം ചെയ്യുകയാണുണ്ടായത്. ഫാഷിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ ഏത് പൊതുസ്വഭാവ നിർവ്വചനവും എത്രതന്നെ ശരിയായിരുന്നാലും അതുകൊണ്ടു മാത്രം അത് നമ്മെ മോചിപ്പിക്കുന്നില്ല. ഓരോ രാജ്യത്തിലും ഫാഷിസത്തിന്റെ സവിശേഷ ദേശീയ ഭാവങ്ങളെയും ദേശീയ പ്രത്യേകതകളേയും ആരാഞ്ഞറിയുകയും പഠിക്കുകയും നിർണ്ണയിക്കുകയും അതനുസരിച്ച് ഫാഷിസത്തിനെതിരായ സമരത്തിന്റെ ഫലവത്തായ രൂപങ്ങളും രീതികളും ആവിഷ്‌ക്കരിക്കുകയും ചെയ്യേണ്ടതാണ്. ഇതാണ് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണിലിനുവേണ്ടി സഖാവ് ദിമിത്രോവ് അവതരിപ്പിച്ച റിപ്പോർട്ടിൽ‍ നിന്നും നാം പഠിക്കേണ്ടത്.

ഇന്ത്യയിൽ‍ ഇന്ന് നിലനിൽക്കുന്നത് മോദിരാജ് ഫാഷിസമാണോ, അതോറിറ്റേറിയനിസമാണോ (അമിതാധികാര വാഞ്ച) ബോണപ്പാർട്ടിസമാണോ തുടങ്ങിയ ചർച്ചകൾ‍ ഇടതുപക്ഷ ധാരകളിലുള്ള ചില വിഭാഗങ്ങളിൽ‍നിന്നുതന്നെ ഉയർന്നു വന്നിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് മുമ്പുതന്നെ, സിദ്ധാർത്ഥശങ്കർ‍റേയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാരിനെ അർദ്ധഫാഷിസ്റ്റ് സർക്കാരായി വിലയിരുത്തിയ സിപിഐ (എം) തുടർന്ന് ഇന്ദിരാഗാന്ധി 1975 ജൂലായ് 26 ന് അഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യപിച്ചുകൊണ്ട്, എല്ലാവിധ ജനാധിപത്യ സ്ഥാപനങ്ങളേയും നോക്കുകുത്തികളാക്കിക്കൊണ്ട്, രാജ്യത്തെത്തന്നെ ഒരു തടവറയാക്കി മാറ്റിയപ്പോൾ‍ അതിനെ 'സ്വേച്ഛാധികാരമോഹ'മാണെന്നതിനപ്പുറം പറയാൻ സന്നദ്ധമായില്ല. 1978 ൽ‍ അടിയന്തിരാവസ്ഥ പിൻവലിച്ചതിനുശേഷം സി.പി.ഐ (എം) സാൽക്കിയ പ്ലീനത്തിലും ജലന്തർ പാർട്ടി കോൺഗ്രസ്സിലും ഭാഗികമായ ചില സ്വയം വിമർശനങ്ങൾ നടത്തിയെങ്കിലും അടിന്തരാവസ്ഥാവിരുദ്ധ പോരാളികളെയും അവരുടെ ആവശ്യങ്ങളേയും അംഗീകരക്കണമെന്നുള്ള ഡിമാന്റിനോട് സിപിഐ (എം) നയിക്കുന്ന കേരള സർക്കാർ ഇന്നും‍ മുഖംതിരിച്ചു നിൽക്കുകയാണ്. ഈ സന്ദർഭത്തിൽ‍ ദിമിത്രോവിന്റെ റിപ്പോർട്ടിൽ‍ പറയുന്ന ഒരു കാര്യം ഇവിടെ സൂചിപ്പിക്കട്ടെ:

''ഫാഷിസത്തിന്റെ യഥാർത്ഥ വർഗ്ഗ സ്വഭാവത്തെ കണ്ടില്ലെന്നു നടിക്കുകയും ബഹുജനങ്ങളിൽ നിന്ന് മറച്ചു പിടിക്കുകയുമാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളുടെ നേതാക്കൾ‍ ചെയ്തത്. ബൂർഷ്വാസ്വിയടെ വർദ്ധിച്ച പിന്തിരിപ്പൻ‍ നടപടികൾക്കെതിരായ സമരത്തിന് അവർ‍ ജനങ്ങളെ ആഹ്വാനം ചെയ്തില്ല. ഫാഷിസ്റ്റ് ആക്രമണത്തിന്റെ നിർണ്ണായക നിമിഷത്തിൽ ജർമ്മനിയിലേയും മറ്റ് പല ഫാഷിസ്റ്റ് രാജ്യങ്ങളിലേയും അദ്ധ്വാനിക്കുന്ന ജനങ്ങളിൽ‍ ഒരു വലിയ വിഭാഗം അവരുടെ ഏറ്റവും ദുഷ്ടനായ ശത്രുവായി, ഫിനാൻസ് മൂലധനത്തിന്റെ രക്തദാഹിയും കഴുത്തറപ്പനുമായ രൂപമായി, ഫാഷിസത്തെ തിരിച്ചറിയുന്നതിൽ‍ പരാജയപ്പെടുകയും, അതിനെ ചെറുക്കാൻ‍ തയ്യാറാകാതിരിക്കുകയും ചെയ്തു എന്നത് ഒരു വസ്തുതയാണ്. ഇതിന്റെ ചരിത്രപരമായ ഉത്തരവാദിത്വം മുഴുവൻ‍ സോഷ്യൽഡെമോക്രാറ്റിക് പാർട്ടി നേതാക്കൾക്കുള്ളതാണ്''.

പഴയ സോഷ്യൽഡെമോക്രാറ്റുകളെ പിൻപറ്റിക്കൊണ്ട് ഇടതുപക്ഷക്കാരിൽ ഒരു വിഭാഗം ഇന്ന് പറയുന്നത് 'നമ്മുടെ രാജ്യത്ത് കോൺസൻട്രേഷൻ‍ ക്യാമ്പുകളും ഗസ്റ്റപ്പോ പോലുള്ള രഹസ്യപോലീസ് സംവിധാനങ്ങളും ജൂതന്മാർക്കു നേരെ നടത്തിയതുപോലുള്ള ആക്രമണങ്ങളും ഇല്ലല്ലോ?' എന്നാണ് ! 'ഓപ്പൺ‍ ടെററിസ്റ്റ് ഡിക്‌റ്റേറ്റർഷിപ്പ്' (തുറന്ന ഭീകര സ്വേച്ഛാധിപത്യം) പ്രത്യക്ഷപ്പെടുന്ന നിലയിൽ‍ മാത്രമേ ഫാഷിസം നിലവിൽ‍ വന്നതായി കാണാനാവൂ എന്നാണ് ഇക്കൂട്ടർ പറയുന്നത്. ഹിന്ദുത്വ ശക്തികളെ നയിക്കുന്ന ആർ എസ്സ് എസ്സ് അതിന്റെ രൂപീകരണ ഘട്ടത്തിൽ‍ തന്നെ ഫാഷിസത്തിന്റെ തൽസ്വരൂപമായിട്ടാണ് വളർന്നുവന്നത്. അതിനായി ആർ‍എസ്സ് എസ്സ് അതിന്റെ കരുത്തരായ സംഘാടരെ ഇറ്റലിയിലേക്ക് അയച്ചുകൊണ്ട് മുസ്സോളിനിയുടെ നേതൃത്വത്തിൽ‍ നടപ്പാക്കിക്കൊണ്ടിരുന്ന ഫാഷിസസത്തിന്റെ ബാലപാഠം അവിടെനിന്ന് നേരിട്ട് പഠിക്കുകയാണ് ഉണ്ടായത്. ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ ഗുരുക്കളായി കരുതുന്നത് സവർക്കറേയും ഗോൾവാൾക്കറേയും ആണ്. ഗോൾവാൾക്കർ‍ പറയുന്നത് ''ജർമ്മനിയിൽ‍ ജൂതന്മാരെ ഒതുക്കിയ ഹിറ്റലറുടെ നടപടികൾ‍ ഹിന്ദുസ്ഥാനിൽ‍ നാം കണ്ടുപഠിക്കേണ്ടതാണ്. ഹിന്ദുസ്ഥാനിലെ അഹിന്ദുക്കൾ‍ ഹിന്ദുസംസ്‌ക്കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുരാഷ്ട്രത്തിന്റെ മഹിമ വാഴ്ത്തുകയല്ലാതെ മറ്റൊരു സങ്കല്പവും അവർക്കുണ്ടാകരുത്. ഹിന്ദുരാഷ്ടത്തിന് പരിപൂർണ്ണമായും കീഴടങ്ങേണ്ട അവർക്ക് പൗരാവകാശങ്ങൾ‍ പോലും പാടില്ല''. ഇതനർത്ഥം ഇറ്റലിയിൽ‍നിന്നും ജർമ്മനിയിൽ‍ നിന്നും ഫാഷിസ്റ്റ് പാഠങ്ങൾ പഠിച്ച് ഇന്ത്യയിൽ‍ അതേപടി നടപ്പാക്കുന്നു എന്നല്ല.

ജർമ്മനിയിൽ‍ ഫാഷിസ്റ്റുകൾ‍ കമ്മ്യൂണിസ്റ്റുകാരായ ക്രൈസ്തവരെ വധിക്കുന്നതിന് സഭയുടെ സഹായം അഭ്യർത്ഥിച്ചിരുന്നുവെങ്കിലും പിന്നീട് കത്തോലിക്കാസഭയേയും പ്രൊട്ടസ്റ്റന്റ് സഭയേയും രാഷ്ട്രീയത്തിൽ‍ ഇടപെടാൻ‍ അനുവദിക്കാതെ തങ്ങളുടെ ആജ്ഞാനുവർത്തികളായി നിർത്താനാണ് ശ്രമിച്ചത്. ഇറ്റലിയിൽ‍ ആകട്ടെ തങ്ങളുടെ എല്ലാ കാടത്തത്തിനും കത്തോലിക്കാ സഭയെ കൂട്ടാളിയാക്കാൻ‍ മുസ്സോളിനി ശ്രമിക്കുകയും വത്തിക്കാനുമായി കരാറിലേർപ്പെടുകയും ചെയ്തു. ജർമ്മനിയിൽ പുരോഗമന സോഷ്യലിസ്റ്റ് സംസ്‌ക്കാരത്തെ തകർക്കുന്നതിനായി തങ്ങളുടെ ഫാഷിസ്റ്റ് സംസ്‌ക്കാരത്തിന്റെ പ്രചാരണത്തിന് അധികാരത്തിലേറുന്നതിനു മുൻപുതന്നെ നാസികൾ ശ്രമമാരംഭിച്ചിരുന്നു.

ഇന്ത്യയിലാകട്ടെ കമ്മ്യൂണൽ‍ ഫാഷിസം ജാതിമതസ്വത്വബോധത്തെ ഉപയോഗപ്പെടുത്തികൊണ്ട് ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. ആഗോളവൽക്കരണത്തിനെതിരെ കഴിഞ്ഞ പതിറ്റാണ്ടുകളിൽ തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വത്തിൽ‍ നടന്ന 18 അഖിലേന്ത്യാ പണിമുടക്കുകളും കർഷകരുടെ ലോങ്ങ്മാർച്ച് അടക്കമുള്ള എണ്ണമറ്റ സമരങ്ങളും മറ്റ് ബഹുജന സമരങ്ങളും ആഗോളവത്ക്കരണത്തിനെതിരെ സൃഷ്ടിച്ച ബോധത്തെ ശിഥിലമാക്കാനാണ് വർഗ്ഗീയ ഫാഷിസ്റ്റുകൾ‍ ശ്രമിക്കുന്നത്. പകരം ജാതീയതയും വർഗ്ഗീയതയും വളർത്തുകയാണ് ഫാഷിസ്റ്റ് ശക്തികൾ‍ ചെയ്യുന്നത്. ദൈവശാസ്ത്രത്തേയും സങ്കുചിതമതബോധത്തേയും രാഷ്ട്രീയതന്ത്രമായി ഉപയോഗിച്ചുകൊണ്ട് ജാതിമത സംഘടനകളേയും മഠങ്ങളേയും ആശ്രമങ്ങളേയും ക്ഷേത്രങ്ങളേയുമെല്ലാം തങ്ങളുടെ തല്പര്യത്തിനൊത്ത് രൂപഭേദപ്പെടുത്താനാണ് ആർ‍എസ്സ് എസ്സ് നയിക്കുന്ന ബിജെപി ശ്രമിക്കുന്നത്.

ഇപ്പോൾ‍ കോൺസൻട്രേഷൻ‍ ക്യാമ്പുകളും ഗസ്റ്റപ്പോ മാതൃകയിലുള്ള രഹസ്യപോലീസുകളും അതിന്റെ പ്രവർത്തനങ്ങൾ ജർമ്മനിയിലെപ്പോലെ ആരംഭച്ചിട്ടില്ലെങ്കിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് ഗ്രാമങ്ങളെ ഭരണകൂടയന്ത്രങ്ങളുടെ സഹായമില്ലാതെ അവർക്ക് നിയന്ത്രിക്കാനാകുന്നു. അർദ്ധ നാടുവാഴിത്ത വ്യവസ്ഥയുമായി ബന്ധപ്പെട്ടുകൊണ്ട് ഇന്നും പുതിയ രൂപത്തിൽ‍ നിലനിൽക്കുന്ന ജാതിവ്യവസ്ഥയെ ഉപയോഗപ്പെടുത്തിക്കൊണ്ട് അവർക്കിഷ്ടമുള്ള പേരിൽ‍ ഹിന്ദുത്വ 'സേന'കളെ ഉപയോഗപ്പെടുത്തികൊണ്ടും ജാതിക്കോമരങ്ങളെ ഇളക്കിവിട്ടുകൊണ്ടും പശുക്കളുടെ പേരിലും ''ജയ്ശ്രീറാം'' വിളിക്കാൻ‍ വിമുഖത കാട്ടുന്നതിന്റെ പേരിലും മുസ്ലീംങ്ങളെ കൊന്നൊടുക്കാനും വർഗ്ഗീയ കലാപങ്ങൾ‍ സൃഷ്ടിക്കാനും അവർക്കാകുന്നു. ദളിതർക്കും, ആദിവാസികൾക്കും, പിന്നാക്കവിഭാഗങ്ങൾക്കുമെതിരെ നിരന്തരമായ ആക്രമണങ്ങളാണ് ഹിന്ദുത്വ ശക്തികൾ‍ നടത്തിക്കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് ജനങ്ങൾക്ക് ശൗചാലയങ്ങൾ‍ ഇല്ലാത്ത നമ്മുടെ രാജ്യത്ത് പൊതുസ്ഥലത്ത് മലവിസർജ്ജനം നടത്തി എന്നതിന്റെ പേരിലാണ് ദളിതബാല്യങ്ങൾ‍ മധ്യപ്രദേശിൽ‍ ആൾക്കൂട്ട കൊലയ്ക്ക് ഇരയായത്. സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്ക് കണക്കില്ല. പല സംസ്ഥാനങ്ങളിലും ബിജെപി മന്ത്രിമാരും എം എൽ‍എമാരും എംപിമാരും മറ്റുമാണ് ഉന്നാവോ പോലുള്ള സംഭവങ്ങളിൾ‍ മുഖ്യപ്രതികളായി വരുന്നത് എന്ന് കാണേണ്ടതാണ്. 'ഇന്ത്യയിൽ‍ കമ്മ്യൂണൽ‍ ഫാഷിസം ഉണ്ടോ?' എന്ന് സംശയിക്കുന്ന ഇടതുപക്ഷ പ്രസ്താനത്തിനകത്തെ ഒരു വിഭാഗം യഥാർത്ഥത്തിൽ‍ 'പുരികം കത്തുമ്പോഴും പുകയെവിടെ' എന്നന്വേഷിക്കുകയാണ് ചെയ്യുന്നത്.

ഭരണകൂടവും ഫിനാൻസ് മൂലധനവും ഒന്നാകുന്ന സ്ഥലത്താണ് ഫാഷിസത്തിന്റെ വേര്. സർക്കാർ‍ മേഖലയും പൊതുമേഖലയും സേവനമേഖലയും എല്ലാ പ്രകൃതി വിഭവങ്ങളും ഫിനാൻസ് ക്യാപ്പിറ്റൽ‍ വിഴുങ്ങുന്നു. ഇതിനെ വെറും സ്വകാര്യവൽക്കരണം മാത്രമായി കാണാനാവില്ല. അത് യഥാർത്ഥത്തിൽ ഫാഷിസവത്ക്കരണത്തിന്റെ പ്രകടിത രൂപമാണ്. രാജ്യത്ത് ജനാധിപത്യവും ഫെഡറലിസവും മതേതരത്വവും ഹിന്ദുത്വ ഫാഷിസ്റ്റുകൾ‍ വലിച്ചുകീറി അവരുടെ ചുവരുകളിൽ‍ ഒട്ടിക്കുകയാണ്. ഇതിനെ നേരിടാനായി മുഖ്യമായി വേണ്ടത്. തൊഴിലാളിവർഗ്ഗ-കർഷകസഖ്യത്തിന്റെ സമരപോരാട്ടമാണ്. എങ്കിലും സാമ്പത്തിക രാഷ്ട്രീയ രംഗത്തുള്ള സമരങ്ങൾ മാത്രം പോരാ, സാമൂഹ്യരംഗത്തും സാംസ്‌ക്കാരിക രംഗത്തും പ്രത്യയശാസ്ത്ര രംഗത്തും ശക്തമായ പ്രതിരോധം പടുത്തുയർത്തികൊണ്ട് പോരാടേണ്ടത് അനിവാര്യമാണ്.

ചരിത്രത്തിൽ‍ സോഷ്യൽഡെമോക്രസിയുടെ വഞ്ചനാപരമായ നിലപാടിനെ തുറന്നുകാണിക്കുന്നതിനൊടൊപ്പം തന്നെ ഫാഷിസത്തിനെതിരായ സമരത്തിൽ‍ സോഷ്യൽഡെമോക്രാറ്റിക് പ്രസ്ഥാനങ്ങൾക്കുള്ള പങ്കും ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയിൽ‍ അവർക്കുള്ള സ്ഥാനവും സഖാവ് ദിമിത്രോവ് കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബൂർഷ്വാ ജനാധിപത്യത്തോട് തൊഴിലാളി വർഗ്ഗം സ്വീകരിക്കേണ്ട പങ്കുമായിക്കൂടി ബന്ധപ്പെട്ടുതന്നെയാണ് സോഷ്യൽഡെമോക്രസിയോടുള്ള സമീപനം ദിമിത്രോവ് ചൂണ്ടിക്കാട്ടിയത്. ''ജനാധിപത്യത്തിനുവേണ്ടിയുള്ള സമരം തൊഴിലാളി വർഗ്ഗത്തെ സോഷ്യലിസ്റ്റ് വിപ്ലവത്തിൽ നിന്ന് വഴിതെറ്റിക്കുകയോ അതിനെ മറയ്ക്കുകയോ പിന്തള്ളുകയോ ചെയ്യുമെന്നും മറ്റും ധരിക്കുന്നത് മൗലികമായ ഒരു തെറ്റായിരിക്കും. നേരെ മറിച്ച് പൂർണ്ണമായ ജനാധിപത്യം നടപ്പിലാക്കുന്നില്ലെങ്കിൽ, സോഷ്യലിസം എങ്ങനെ വിജയിക്കുകയില്ലയോ, അതുപോലെ ജനാധിപ്യത്തിനുവേണ്ടി ബഹുമുഖവും, നിരന്തരവും വിപ്ലവപരവുമായ സമരം തൊഴിലാളികൾ‍ നടത്താത്ത കാലത്തോളം ബൂർഷ്വാസിയുടെ മേൽ വിജയം കൈവരിക്കാൻ‍ തയ്യാറെടുക്കുന്നതിനും അവർക്ക് കഴിയുകയില്ല''. ബൂർഷ്വാ ജനാധിപത്യത്തോട് വിവിധ കാലഘട്ടങ്ങളിൽ‍ മൂർത്തസാഹചര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് തൊഴിലാളി വർഗ്ഗം നിലപാട് കൈക്കൊണ്ടിട്ടുള്ളത്. ഫാഷിസത്തിനെതിരായ വിശാല ഐക്യമുന്നണിയുടെ കാലത്ത് ദിമിത്രോവ് സ്വീകരിച്ച സമീപനവും ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. ''ബൂർഷ്വാസിയുമായുള്ള വർഗ്ഗസഹകരണ നയത്തിൽ‍ നിന്നും ബൂർഷ്വാസിക്കെതിരായി വർഗ്ഗസമരം നടത്തുന്ന സ്ഥിതിയിലേക്ക് മാറുന്നതിനിടയിൽ‍ ചില സോഷ്യൽഡെമോക്രാറ്റിക് പാർട്ടികളും സംഘടനകളും സ്വതന്ത്രമായ പാർട്ടികളായോ സംഘടനകളായോ കുറച്ചുകാലം നിൽക്കാനുള്ള സാധ്യതപോലും നാം കണക്കിലെടുക്കണം. അത്തരം സാഹചര്യങ്ങളിൽ‍ സോഷ്യൽഡെമോക്രാറ്റിക് പാർട്ടികളെയോ സംഘടനകളെയോ, ബൂർഷ്വാസിയുടെ നെടുങ്കോട്ടകളായി കണക്കാക്കികൂടാ.'' ഇത് ദിമിത്രോവ് കൃത്യമായി ചൂണ്ടിക്കാട്ടുന്നത് 'ആദർശ'ത്തിന്റെ പേരിലായാലും സെക്‌റ്റേറിയനിസം ഫാഷിസത്തിനെതിരായ വിശാലഐക്യത്തിന് തടസ്സങ്ങൾ‍ ഉണ്ടാക്കുമെന്നുള്ളതുകൊണ്ടുകൂടിയാണ്.

ആഗോളവത്ക്കരണത്തിലൂടെ ആരംഭിച്ച കാർഷികമേഖലയുടെ തകർച്ച 3 ലക്ഷം കർഷകരുടെ ആത്മഹത്യക്കാണ് സാക്ഷ്യം വഹിച്ചത്. കാർഷികമേഖലയുടെ തകർച്ചക്ക് ആക്കം കൂട്ടുന്ന നടപടിയാണ് കേന്ദ്രസർക്കാർ ആർ‍സി ഇ പി എന്ന സ്വതന്ത്രവ്യാപാര കരാറിൽ‍ ഒപ്പിട്ടതോടെ സംജാതമായിട്ടുള്ളത്. അതേസമയം, ദേശീയ തലത്തിൽ, കാർഷിക വിളകൾക്ക് മിനിമം താങ്ങുവില, കുത്തകസംഭരണ വില, കുത്തകസംഭരണ സമ്പ്രദായം എന്നിവ നടപ്പാക്കാൻ‍ വേണ്ടിയുള്ള കർഷകരുടെ ആവശ്യങ്ങളെ സർക്കാർ‍ തള്ളിക്കളയുകയാണ് ചെയ്യുന്നത്. ആർ‍സി ഇ പി നടപ്പാക്കുന്നതോടെ അംഗരാജ്യങ്ങളുടെ കാർഷികോത്പ്പന്നങ്ങൾ‍ ഇന്ത്യൻ‍ കമ്പോളങ്ങളിൽ‍ നിറയും. ഇത് രാജ്യത്തെ കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയിലേക്കായിരിക്കും നയിക്കുക. ഇത് വ്യവസായികമേഖലയേയും ഗുരുതരമായി ബാധിക്കും. പ്രത്യേകിച്ച് ഫാർമസ്യൂട്ടിക്കൽ, എഞ്ചിനീയറിംഗ് ഉൽപ്പാദന മേഖലകളെ തകർച്ചയിലേക്ക് നയിക്കും. 'മെയ്ക്ക് ഇൻ‍ ഇന്ത്യ' പോലെയുള്ള പൊള്ളയായ വാചകമടിപോലും ഇത് അസാധ്യമാക്കും. ഇതിന്റെ നേട്ടം മുഖ്യമായും ആസിയാൻ , എഫ് ടി എ കരാറുകളിലെ അംഗരാജ്യങ്ങൾക്ക് ലഭിക്കുമ്പോൾ അത് ഇന്ത്യയ്ക്ക് മൊത്തത്തിൽ കോട്ടമാണ് ഉണ്ടാക്കുക. ഈ ഘട്ടത്തിൽ‍പോലും ഇതിനെ കുറിച്ചുള്ള ഒരു സ്വതന്ത്രമായ ചർച്ച പാർലിമെന്റിൽ‍പോലും നടത്താൻ കേന്ദ്രസർക്കാർ‍ തയ്യാറായിട്ടില്ല. എല്ലാ ജനാധിപത്യ - ഭരണഘടനാ സ്ഥാപനങ്ങളേയും തകർത്തുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റുകളിൽ‍ നിന്നും കൂടുതൽ‍ പ്രതീക്ഷിക്കാനാവില്ല.

ഏറ്റവും ഒടുവിൽ‍ ജമ്മു-കാശ്മീരിന്റെ 370-ാം വകുപ്പ് അടക്കുമുള്ള എല്ലാ പ്രത്യേക പദവികളും എടുത്തുകളഞ്ഞുകൊണ്ട് സംസ്ഥാനത്തെ തന്നെ വെട്ടിമുറിച്ച് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റയിരിക്കുകയാണ്. രാഷ്ട്രീയവും സംഘടനാപരവുമായ കാരണങ്ങളാൽ‍രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്സിന് ഇതിനെതിരെ ഫലപ്രദമായ ഒരു ചെറുത്തു നിൽപ്പ് സാധ്യമല്ല. മുഖ്യ പ്രതിപക്ഷകക്ഷിയുടെ ഈ നിഷേധാത്മക സ്വഭാവം ഇന്ത്യൻ‍ ജനാധിപത്യത്തിനും ഫെഡറലിസത്തിനും സെക്കുലറസിത്തിനും ഇത് ഏൽപ്പിച്ച മുറിവ് ആഴത്തിലുള്ളതാണ്. അതേ സമയം കോൺഗ്രസ്സ് തുടങ്ങിവച്ച ആഗോളവത്ക്കരണത്തിന്റെ ദേശവിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങളാണ് മോദിരാജിന് വഴിതുറന്നതും ഇന്ന് മോദിരാജ് മുന്നോട്ട് കൊണ്ടുപോകുന്നതും. കഴിഞ്ഞകാല കോൺഗ്രസ്സ് സർക്കാരുകളുടെ അഴിമതിയും ദേശീയ ജനവിരുദ്ധ നയങ്ങളും പാർലിമെന്ററി ജനാധിപത്യ വ്യവസ്ഥയോടുപോലും ജനങ്ങൾക്ക് മടുപ്പും നിരാശയും ഉണ്ടാക്കി. ഇതിനെയാണ് വർഗ്ഗീയ ഫാഷിസ്റ്റുകൾ‍ അവരുടെ മൂലധനമാക്കി മാറ്റിയത്. ഈ വെല്ലുവിളിയെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോവുക എന്നുള്ളതാണ് ഇന്ന് രാജ്യത്തെ ഇടതുപക്ഷം നേരിടുന്ന മുഖ്യവെല്ലുവിളി. ഈ വെല്ലുവിളി ഏറ്റെടുക്കുന്നതിന് സാമ്രാജ്യത്വ ആഗോളവത്ക്കരണത്തേയും വർഗ്ഗീയ ഫാഷിസത്തേയും കുറിച്ച് മൂർത്തമായ ധാരണകൾ‍ ഉണ്ടാക്കുകയും അതിനെ നേരിടാനായി വിശാലമായ ഐക്യമുന്നണിക്ക് രൂപം കൊടുക്കയും വേണം. ഇതിനായി സഖാവ് ദിമിത്രോവ് നൽകുന്ന പാഠങ്ങൾ‍ നമുക്ക് വിലപ്പെട്ടവയാണ്.

ഫാഷിസ്റ്റ് വിരുദ്ധ വിശാല ഐക്യമുന്നണി കെട്ടിപ്പടുക്കാനായി മൂർത്ത സാഹചര്യങ്ങളുടെ മൂർത്ത വിശകലനം ജീവൽ പ്രദാനമാണ്. രാഷട്രീയ സമ്പദ്ഘടനയെ സംബന്ധിച്ച ശരിയായ പരിശോധനയാണ് അത്തരം മൂർത്ത വിശകലനത്തിന്റെ മൂർത്ത വശം. ഇന്ന് രാജ്യത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുകയാണ്. അത്യന്തം ഗുരുതരമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി മോദി സർക്കാർ സ്വീകരിക്കുന്ന നയങ്ങളാകട്ടെ‍ സമ്പദ്ഘടനയെ കൂടുതൽ‍ ആഴക്കയങ്ങളിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കുകയാണ്. നരസിംഹറാവുവിന്റെ കാലം മുതൽ‍ ആരംഭിച്ച പുത്തൻ‍ സാമ്പത്തിക നയങ്ങൾ‍ തൊഴിലാളികളുടേയും കർഷകരുടേയും അതിശക്തമായ എതിർപ്പുകളെ മറികടന്നുകൊണ്ടാണ് ഇന്നും മുന്നോട്ട് പോകുന്നത്. റെയിൽവേ, ഉരുക്കു വ്യവസായം, ഘന വ്യവസായങ്ങൾ, പ്രതിരോധ വ്യവസായങ്ങൾ, ബി എസ് എൻ എൽ എന്നിവയെ പൂർണ്ണമായും കയ്യൊഴിയുന്ന നിലയിലേക്ക് സ്വകാര്യവൽക്കരണ നയനടത്തിപ്പ് മോദി സർക്കാർ അതിതീവ്രമാക്കിയിരിക്കുകയാണ്. ബാങ്കിങ്ങ് മേഖലയുടെ കാര്യത്തിൽ പൊതുമേഖലാ ബാങ്കുകളുടെ ലയനവും അത് ബാങ്കിങ്ങ് മേഖലയിൽ‍ മാത്രമല്ല മൊത്തം സമ്പദ്ഘടടനയിൽ‍തന്നെ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ഗൗരവതരമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടകതുണ്ട്. 27 പൊതുമേഖലാ ബാങ്കുകളെ 12 ആക്കി ചുരുക്കിയതിന്റെ ഫലമായി മുഖ്യമായും ഗ്രാമീണമേഖലയിലെ 200ലേറെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകൾ‍ പൂട്ടേണ്ടിവന്നു. ബാങ്കുകളുടെ ലയനത്തിലൂടെ വൻകിട ബാങ്കുകളുടെ രൂപീകരണം വഴി ബാങ്കിങ്ങ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാവുമെന്ന സർക്കാർ‍ കണക്കുകൂട്ടലുകൾ പാടെ തെറ്റിയിരിക്കുകയാണ്. തന്മൂലം 40,000 ലേറെ തൊഴിലവസരങ്ങൾ‍ നഷ്ടപ്പെടുകയും അതായത് ചെറുകിട നിക്ഷേപകരുടെ ബാങ്ക് വായ്പകളെ ആശ്രയിച്ചു നിൽക്കുന്ന സാധാരക്കാരുടെ താൽപര്യങ്ങൾ‍ അവഗണിക്കപ്പെടുകയുമാണ് ഉണ്ടായത്. ബാങ്കുകളുടെ ലയനം വഴി പരാമവധി ഗുണം ലഭിച്ചത് വൻകിട കുത്തകകൾക്കാണ്.

ഉത്പ്പാദന മേഖലയെ ഇത് പാടെ തകർത്തുകൊണ്ടിരിക്കുയാണ്. മോട്ടോർ‍ മേഖലയിൽ മാത്രം മൂന്നര ലക്ഷത്തിലേറെ തൊഴിലാളികൾക്ക് തൊഴിൽ‍ നഷ്ടപ്പെട്ടു. സംഘടിത മേഖലയിലെ അവസ്ഥ ഇതായിരിക്കുമ്പോൾ, അസംഘടിത തൊഴിലാളി മേഖലയിൽ‍ ഇത് പതിൻമടങ്ങ് തൊഴിൽ‍ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഗ്രാമീണ ഇന്ത്യയിലാകട്ടെ ജി എസ് ടി ക്കും ഡിമോണിറ്റൈസേഷനും ശേഷം ഉളവായ തകർച്ചയിൽ‍ നിന്നും കരകയറാനായിട്ടില്ല എന്ന് മാത്രമല്ല, ഗ്രാമീണ തൊഴിലുപ്പു പദ്ധതിയുടെ നടത്തിപ്പ് അങ്ങേയറ്റം തകരാറിലായിരിക്കുകയാണ്. തൊഴിലുറപ്പു പദ്ധതിക്ക് അനുവദിച്ച തുക യാതൊരു ന്യായീകരണവുമില്ലാതെ കേന്ദ്ര സർക്കാർ‍ ഗണ്യമായി വെട്ടിക്കുറച്ചിരിക്കുന്നു. തൊഴിലുറപ്പു പദ്ധതിയുടെ വിജയം ഉറപ്പാക്കാന്‍ കഴിയണം എങ്കിൽ പ്രഖ്യാപിത തൊഴിൽ‍ ദിനങ്ങൾ ഇരട്ടിയാക്കി വർദ്ധിപ്പിക്കുകയും ഇന്നു നൽകുന്ന മിനിമം വേതനം 500 രൂപയ്ക്ക് മേലെ ആക്കി വർദ്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ അത് ഇന്ന് ദേശീയ തലത്തിൽ വെറും 150 രൂപയ്ക്ക് താഴെ മാത്രമാണ്. ഇത് ഗ്രാമീണ ദാരിദ്ര്യം വർദ്ധിപ്പിക്കുകയും ജനങ്ങളുടെ വാങ്ങൽ ശേഷി അതിദയനീയമായ രീതിയിൽ‍ കുറഞ്ഞുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുകയുമാണ്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ‍ വേണം ബാങ്ക്‌ലയനത്തിന്റെ വിഷയത്തെ നോക്കികാണാൻ. ബാങ്ക് ലയനത്തിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 6500 കോടി രൂപയിലേറെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലയനത്തിന്റെ ആദ്യഘട്ടത്തിൽ‍ തന്നെ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ‍ പാവപ്പെട്ട ജനങ്ങളുടെ 235 കോടിരൂപയാണ് ബാങ്കുകൾ‍ അടിച്ചെടുത്തത്.

ഈ രീതിയിൽ, മോദി രാജിന്റെ ഫാഷിസ്റ്റ് നയത്തിന്റെ ഫലമായി സമ്പദ്ഘടന നേരിടുന്ന ഗുരുതരമായ പ്രതിസന്ധി അതിന്റെ ഏറ്റവും തീവ്രമായ പ്രഹരമേൽക്കുന്ന സംഘടിത തൊഴിലാളിവർഗ്ഗത്തെ പൊതുപണിമുടക്കിലേക്ക് എത്തിച്ചിരിക്കുകയാണ്. ജനുവരി 8 ന്റെ അഖിലേന്ത്യാ പൊതു പണിമുടക്ക് മുൻകാല പൊതുപണിമുടക്കുകളിൽ നിന്ന്‌ ഗുണപരമായ വികാസമാണ്. റെയിൽവേ, ഉരുക്കു വ്യവസായം, ബി എച്ച് ഇഎൽ, ബി എസ് എൻ എൽ, ഭാരത് പെട്രോളിയം, കൽക്കരി ഖനികൾ, പ്രതിരോധ വ്യവസായങ്ങൾ എന്നിവയിലും ട്രാൻസ്പോർട്ട് മേഖലയിലും പണിമുടക്കകളും പ്രതിഷേധ സമരങ്ങളും അലയടിച്ചുയരുന്ന സാഹചര്യത്തിലാണ് ഇത്തവണ സംയുക്ത ട്രേഡ് യൂണിയൻ പ്രസ്ഥാനം പൊതുപണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത് എന്നതാണ് ആ ഗുണപരമായ വികാസം. ഫലത്തിൽ ഇത് സംഘടിത തൊഴിലാളി വർഗ്ഗത്തെ ഫാഷിസത്തിനെതിരായ മുന്നണി വർഗ്ഗശക്തിയായി ഉയർത്തിക്കൊണ്ടു വന്നിരിക്കുകയാണ്.

ഈ സന്ദർഭത്തിൽ 'തൊഴിലാളിവർഗ ഐക്യമുന്നണിയോ ഫാഷിസ്റ്റുവിരുദ്ധ ജനകീയമുന്നണിയോ? ഇതിൽ ഏതിനാണ് നാം അടിയന്തരമായി പ്രാധാന്യം നൽകേണ്ടത്?' എന്ന ചോദ്യത്തിന് ശരിയായ ഉത്തരം ലഭിക്കുക വിഷമമുള്ള കാര്യമേയല്ല. ചരിത്രപരമായിത്തന്നെ, ഈ വിഷയത്തെ കേന്ദ്രീകരിച്ച് സാർവദേശീയ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനകത്ത് ആശയക്കുഴപ്പം ഉയർന്നപ്പോൾ സഖാവ് ദിമിത്രോവ് മൂർത്തമായ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. അദ്ദേഹം ഈ വിഷയത്തിൽ പറഞ്ഞ കാര്യങ്ങൾ ഇന്ന് നമ്മുടെ രാജ്യത്തെ മാർക്സിസ്റ്റുകളും ഇടതുപക്ഷക്കാരും ഗൗരവപൂർവം മനസ്സിലാക്കേണ്ടതുണ്ടെന്ന് വിനയപൂർവം പറയട്ടെ. "തൊഴിലാളിവർഗ ഐക്യമുന്നണിയും ഫാഷിസ്റ്റുവിരുദ്ധ ജനകീയമുന്നണിയും സമരത്തിന്റെ സജീവ വൈരുധ്യസ്വഭാവം കൊണ്ട് കൂട്ടിയിണക്കപ്പെട്ടതും ഫാഷിസത്തിനെതിരായ സമരത്തിന്റെ പ്രക്രിയയിൽ ഒന്നിൽ നിന്ന് മറ്റേതിലേക്കു കടന്നുചെല്ലുന്ന വിധം പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നതുമാണെന്നും അവയെ വേർതിരിക്കുന്ന ചൈനീസ് മതിലൊന്നും തീർച്ചയായും ഇല്ലെന്നും മേൽപ്പറഞ്ഞ രണ്ടു വാദഗതിക്കാരും മനസ്സിലാക്കുന്നില്ല. "

വളരെ കൃത്യമായി ദിമിത്രോവ് പറയുന്നത് ഇവയിൽ ആദ്യമേത്, രണ്ടാമത്തേത് എന്ന് ചിന്തിക്കുന്നതിനു പകരം ഫാഷിസ്റ്റുവിരുദ്ധ ഐക്യമുന്നണിയുടെ നേതൃശക്തിയായ തൊഴിലാളിവർഗം തൊഴിലാളിവർഗ്ഗ സമരൈക്യം ഊട്ടിയുറപ്പിക്കാതെ യഥാർഥത്തിൽ ഒരു ഫാഷിസ്റ്റുവിരുദ്ധ മുന്നണി സ്ഥാപിക്കാൻ സാധ്യമാണെന്ന് കരുതാൻ ആർക്കും കഴിയില്ലെന്നാണ്. തൊഴിലാളിവർഗത്തിന്റെ തുടർന്നുള്ള വളർച്ച ഗണ്യമായ അളവിൽ ഫാഷിസത്തിനെതിരായ ഒരു ജനകീയമുന്നണിയായി അത് മാറിത്തീരുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് സഖാവ് ദിമിത്രോവ് ഖണ്ഡിതമായി പറയുന്നു. നമ്മുടെ രാജ്യത്ത് മേൽപ്പറഞ്ഞ തൊഴിലാളി വർഗ്ഗസമരൈക്യം പൊരുതുന്ന കർഷക ശക്തിയുമായി ഐക്യമൂട്ടിയുറപ്പിച്ചു കൊണ്ട് തൊഴിലാളി വർഗ്ഗ - കർഷക സഖ്യം പടുത്തുയർത്തേണ്ടതുണ്ട്.

അതായത്, മലയാളത്തിലെ ജനകീയ കവി ഇടശ്ശേരി അദ്ദേഹത്തിന്റെ കവിതയിൽ

"അധികാരം കൊയ്യണമാദ്യം,

അതിനുമേലല്ലോ പൊന്നാര്യൻ. "

എന്നു പറയുന്ന രീതിയിലുള്ള

'അറുത്തുമുറിക്കല'ല്ല തൊഴിലാളിവർഗ ഐക്യമുന്നണിയും ഫാഷിസ്റ്റുവിരുദ്ധ ജനകീയമുന്നണിയും തമ്മിൽ വേണ്ടതെന്നു സാരം.

അതിനാൽതന്നെ വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ, കമ്മ്യൂണൽ ഫാഷിസത്തിനെതിരെയുള്ള വിശാല ഐക്യം ശക്തിപ്പെടുത്തുന്നതിന് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുക എന്നത് അനിവാര്യമാണ്. ഇവ തമ്മിലുള്ള പാരസ്പര്യം മനസിലാക്കുക എന്നതാണ് വിഷയത്തിന്റെ കാതൽ. നമ്മുടെ എല്ലാ പ്രവർത്തനങ്ങളും അതിനെ കേന്ദ്രീകരിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടതുണ്ട്. ഇത് തന്നെയാണ് ഇന്നത്തെ അടിയന്തര കടമ.