മൂന്നാം സാമ്പത്തിക മാന്ദ്യം പടിവാതിലിൽ; കരകയറാനാകുമോ ഇന്ത്യക്ക്?
2008 ലെ തകർച്ചയുടെ സമയത്ത് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസി മാർക്സിന്റെ മൂലധനം എന്ന കൃതിയുടെ വാല്യങ്ങൾ മറിച്ചു നോക്കുന്ന ദൃശ്യം പത്രങ്ങളിൽ വന്നിരുന്നു.
‘ലോകവും നമ്മുടെ രാജ്യവും സാമ്പത്തിക പ്രതിസന്ധിയിൽ വീഴുന്നു’ , ‘2020 കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കൊണ്ടുവരുന്നത്’ എന്നിങ്ങനെ പരക്കെ ചർച്ച ചെയ്യപ്പെടുന്ന കാലമാണല്ലോ. എന്താണീ സാമ്പത്തിക പ്രതിസന്ധി?
‘സാമ്പത്തിക പ്രതിസന്ധി’ എന്ന മലയാളം വാക്കു കൊണ്ട് ഇക്കണോമിക് ക്രൈസിസ്, ഇക്കണോമിക് റിസഷൻ, ഇക്കണോമിക് ഡിപ്രഷൻ എന്നിവയെല്ലാം സാമാന്യേന സൂചിപ്പിക്കാറുണ്ട്. എന്നാല്‍ അവയ്ക്കെല്ലാം വ്യതിരിക്തമായ അർത്ഥതലങ്ങളുണ്ട്.
ഇന്ന് നാം അനുഭവിക്കുന്നത് പിടിമുറുക്കുന്ന ‘സാമ്പത്തിക മാന്ദ്യം അഥവാ Economic Depression’ -ന്റെ ഭാഗമായുള്ള പ്രതിസന്ധിയാണ്; അല്ലാതെ കേവലം Economic Crisis-ഓ Economic Recession-ഓ അല്ല.
സാമ്പത്തിക മാന്ദ്യത്തിന്റെ സ്വഭാവങ്ങൾ
സമ്പദ്ഘടനയുടെ എല്ലാ വശങ്ങളും ചുരുങ്ങിപ്പോവുക: ബാങ്കിങ്ങ് , ട്രേഡ്, സർവ്വീസസ്, മാനുഫാക്ചറിങ്, കോർ വ്യവസായങ്ങൾ, റിസർവ്വ് എന്നിവയെയെല്ലാം ഒന്നാകെ ഒരേ സമയം ബാധിക്കുന്ന ചുരുങ്ങൽ അഥവ കോൺട്രാക്ഷൻ ആണ് ‘ഇക്കണോമിക് ഡിപ്രഷൻ’ അഥവാ ‘സാമ്പത്തിക മാന്ദ്യം’ എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.
ലോകം ഇതിനു മുൻപ് രണ്ട് വലിയ ‘ഇക്കണോമിക്ക് ഡിപ്രഷൻ’ അഥവാ ‘സാമ്പത്തിക മാന്ദ്യങ്ങൾ’ നേരിട്ടിട്ടുണ്ട്:
1) 1873 മുതൽ 1896 വരെ ബാധിച്ച ഒന്നാം സാമ്പത്തിക മാന്ദ്യം അഥവാ ‘ദീർഘ സാമ്പത്തിക മാന്ദ്യം’ (Long Depression). 1873 മെയ് 9 ന്റെ വിയന്ന സ്റ്റോക്ക് മാർക്കറ്റ് തകർച്ചയാണ് ഇതിന്റെ പ്രത്യക്ഷ ആരംഭ ദിനമായി കണക്കാക്കപ്പെടുന്നത് .
2) 1929 മുതൽ രണ്ടാം ലോകയുദ്ധം വരെ (1939-1945) നീണ്ട രണ്ടാം സാമ്പത്തിക മാന്ദ്യം അഥവാ മഹാമാന്ദ്യം (Great Depression). 1929 ഒക്ടോബർ 24-29 തിയതികളിൽ വാൾസ്ട്രീറ്റ് സ്റ്റോക്ക് മാർക്കറ്റ് തകർന്നതാണ് ഗ്രെയ്റ്റ് ഡിപ്രഷന്റെ പ്രത്യക്ഷാരംഭമായി കരുതപ്പെടുന്നത്.
തൊഴിലില്ലായ്മ അതിതീവ്രമായി വളരുക, റിയൽ വേജ് അഥവാ യഥാർത്ഥ വേതനം വളരെയധികം ശുഷ്ക്കിക്കുക, വിലക്കയറ്റം ഉണ്ടാവുക, കാർഷികത്തകർച്ച ഉണ്ടാവുക എന്നിവയെല്ലാം ഇതിനോടൊപ്പം സംഭവിക്കുന്നു. ഇത് ജനങ്ങളുടെ വാങ്ങാനുള്ള ശക്തി (purchasing power) കുറയ്ക്കുന്നു, ജനങ്ങളുടെ വാങ്ങാനുള്ള ശേഷി കുറയുന്നത് മുകളിൽ ചൂണ്ടിക്കാണിച്ച സമ്പദ്ഘടനയുടെ എല്ലാ വശങ്ങളും ചുരുങ്ങിപ്പോവുന്ന (ബാങ്കിങ്ങ്, ട്രേഡ്, സർവ്വീസസ്, മാനുഫാക്ചറിങ്, കോർ വ്യവസായങ്ങൾ, റിസർവ്വ് എന്നിവയെയെല്ലാം ഒന്നാകെ ഒരേ സമയം ബാധിക്കുന്ന ചുരുങ്ങൽ) പ്രവണതയെ തിരികെ വീണ്ടും ശക്തിപ്പെടുത്തുന്നു.
ഒന്നാം സാമ്പത്തിക മാന്ദ്യം മുതലാളിത്തം സാമ്രാജ്യത്വമായി പരിണമിക്കുന്ന പ്രക്രിയയ്ക്കും കോളണികൾക്കു വേണ്ടിയുള്ള യുദ്ധങ്ങൾക്കും വഴിയേ ഒന്നാം ലോകയുദ്ധത്തിനും വഴിമരുന്നിട്ടു. രണ്ടാം സാമ്പത്തിക മാന്ദ്യം അഥവാ ഗ്രെയ്റ്റ് ഡിപ്രഷൻ ഫാഷിസത്തിന്റെ ഉദയത്തിനും വളർച്ചയ്ക്കും രണ്ടാം ലോകയുദ്ധത്തിനും വഴിവച്ചു.
സാമ്പത്തിക മാന്ദ്യങ്ങൾക്ക് പരിഹാരമില്ലേ?
എങ്ങനെയാണ് ലോകം ഒന്നും രണ്ടും സാമ്പത്തിക മാന്ദ്യങ്ങളിൽ നിന്ന് കരകയറിയത്? ഏതെങ്കിലും രാഷ്ട്രങ്ങൾ സാമ്പത്തിക മാന്ദ്യം ബാധിക്കാത്തവയായി നിലനിന്നിരുന്നുവോ? എന്തുകൊണ്ടാണ് നാം ഇന്നനുഭവിക്കുന്ന പ്രതിസന്ധി ഇത്തരത്തിലുള്ള സാമ്പത്തിക മാന്ദ്യങ്ങളുടെ സ്വഭാവത്തിലുള്ളതാണെന്ന് പറയുന്നത്? എന്താണ് ഇതിൽ നിന്നുള്ള മോചനമാർഗ്ഗം?
ഇന്നത്തെ സാമ്പത്തിക മാന്ദ്യം വന്ന വഴി പരിശോധിച്ചു കൊണ്ട് ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടാവുന്നതാണ്.
രണ്ടാം ലോകയുദ്ധത്തിനു ശേഷം രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ, 60-കളുടെ അവസാനത്തോടെ ആരംഭിക്കുകയും 70 കൾ 80-കൾ 90-കൾ എന്നീ പതിറ്റാണ്ടുകളിൽ ലോക മുതലാളിത്ത വ്യവസ്ഥ വർദ്ധിതമായി അഭിമുഖീകരിക്കുകയും ചെയ്ത പ്രതിസന്ധികളുടെ ഘോഷയാത്രയാണ് പുതിയ സഹസ്രാബ്ദത്തിൽ (മില്ലെന്യത്തിൽ) ആദ്യ പതിറ്റാണ്ടിൽ ബഴ്സ്റ്റ് (Burst) ചെയ്തത് (2008).
1991-2010 വരെ ജപ്പാന്റെ ലോസ്റ്റ് ഡെക്കേഡ്സ് അഥവാ നഷ്ടപ്പെട്ട പതിറ്റാണ്ടുകൾ, 1997 ലെ ഏഷ്യൻ ടൈഗേഴ്സ് ക്രൈസിസ് ( തായ്ലൻറ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ) , 1998-2002 അർജന്റയിൻ ഡിപ്രഷൻ, 2005 മുതൽ അമേരിക്കയിലും യൂറോപ്പിലും അനുഭവപ്പെട്ടു വന്ന ഉത്പാദന മുരടിപ്പ് എന്നിവയെല്ലാം ചൂണ്ടിക്കാട്ടിയത് ഇതാണ്.
യഥാർത്ഥത്തിൽ 2008 നു മുന്നേ തന്നെ സാമ്പത്തിക മാന്ദ്യം പിടിമുറുക്കാൻ തുടങ്ങിയിരുന്നു.
2008ൽ പ്രത്യക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ ഇന്ന് ലോങ്ങ് റിസഷൻ എന്നാണ് പൊതുവിൽ വിളിക്കുന്നത്. പക്ഷെ, മുകളിൽ പറഞ്ഞ ചരിത്രഗതി തെളിയിക്കുന്നതിതാണ്: യഥാർത്ഥത്തിൽ അത് ‘മൂന്നാം മാന്ദ്യം’ അഥവാ ‘തേഡ് ഡിപ്രഷ’ന്റെ നാന്ദിയായിരുന്നു. പോൾ ക്രൂഗ്മാനെപ്പോലുള്ളവർ അന്നേ ചൂണ്ടിക്കാട്ടിയ കാര്യമായിരുന്നു ഇത്.
2008 ലെ തകർച്ചയുടെ സമയത്ത് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസി മാർക്സിന്റെ മൂലധനം എന്ന കൃതിയുടെ വാല്യങ്ങൾ മറിച്ചു നോക്കുന്ന ദൃശ്യം പത്രങ്ങളിൽ വന്നിരുന്നു. പക്ഷേ, ബൂർഷ്വാസിയുടെ താത്ക്കാലിക പരിഹാരക്രിയയ്ക്ക് ‘മൂലധനം’ യാതൊന്നും നൽകുന്നില്ല; മറിച്ച്, മുതലാളിത്ത സമ്പദ്ഘടനയുടെ നിഴലായി കൂടെയുള്ള അമിതോത്പാദനം അതിന്റെ ഉത്പാദന വ്യവസ്ഥയേയും തുടർന്ന് ട്രേഡ്, ബാങ്കിങ്ങ് മേഖലകളേയും എല്ലാം ബാധിക്കുന്നതാണ് മാർക്സ് വിശദമായി വിശകലനം ചെയ്തിട്ടുള്ളത്.
ഇക്കാര്യം വ്യക്തമാക്കുന്ന ഒരു ഉദാഹരണമായി മൂലധനം മൂന്നാം വാള്യത്തിൽ ഫിനാൻസ് ക്യാപ്പിറ്റലിന്റെ ആവിർഭാവത്തിൽ ക്രെഡിറ്റ് വ്യവസ്ഥയുടെ പങ്കിനെപ്പറ്റി മാർക്സ് വിശകലനം ചെയ്യുന്ന ഭാഗം (27-ാം അദ്ധ്യായം) പരിശോധിച്ചാൽ മതി. കുത്തകയായിത്തീർന്ന ക്യാപ്പിറ്റൽ ബാങ്ക് മൂലധനവുമായി ഇൻറർപെനട്രേറ്റ് ചെയ്യുന്നതും തന്മൂലം ഫിനാൻസ് ക്യാപ്പിറ്റൽ ഉത്ഭവിക്കുന്നതും അത് സ്റ്റോക് മാർക്കറ്റിങ്ങ് ഉൾപ്പെടെ പലതരം ഊഹ-വ്യാപാരങ്ങളിൽ മുഴുകുന്നതും, അങ്ങനെ മൂലധനം അയഥാർത്ഥ (സാമ്പത്തിക, സാമൂഹ്യ) അവസ്ഥ സൃഷ്ടിക്കുന്നതും മാർക്സ് അവിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കുത്തക മൂലധനം കുന്നുകൂടും തോറും അതിന്റെ ലാഭത്തോത് കുറഞ്ഞു വന്നു. ഇത് ചൂണ്ടിക്കാട്ടിയ മാർക്സ് അപരിഹാര്യവും അതിഗുരുതരവുമായ കുഴപ്പമാണ് ഫിനാൻസ് ക്യാപ്പിറ്റലിനെ കാത്തിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. FROP (Fall of Rate Of Profit) ഫിനാൻസ് മൂലധനത്തിന്റെ സന്തത സഹചാരിയായി കൂടെയുണ്ടാകുന്നു. അത് അഭൂതപൂർവ്വമായ മാനങ്ങളിൽ എത്തുമ്പോഴാണ് ‘ഇക്കണോമിക്ക് ഡിപ്രഷനു’കൾ ഉണ്ടാകുന്നത്.
മൂലധനം മൂന്നാം വാള്യത്തിലെ 27-ാം അദ്ധ്യായത്തിൽ തന്നെ മാർക്സ് മറ്റൊരു കാര്യവും കൂടി ചൂണ്ടിക്കാട്ടി: കുത്തകയായിത്തീർന്ന മൂലധനം ബാങ്ക് മൂലധനവുമായി പരസ്പരം സന്നിവേശിച്ച് ഫിനാൻസ് ക്യാപ്പിറ്റൽ ആയിത്തീർന്നപ്പോൾ അതിന്റെ ഉടമ ഒരൊറ്റ മുതലാളിയല്ലാതായി;
മൂലധനം മുതലാളിത്ത ലോകത്ത് ‘സോഷ്യലൈസ്’ ചെയ്യപ്പെട്ടു. അതിന്റെ ഷെയറുകൾ മുതലാളിമാരുടെ സമൂഹത്തിനിടയിൽ വിൽക്കപ്പെടാവുന്നതും വാങ്ങപ്പെടാവുന്നതുമാണ് എന്ന സ്ഥിതിയായി. ആ അവസ്ഥയെ മാർക്സ് Dying Capital അഥവാ ‘മൃത്യുൻമുഖ മൂലധനം’ എന്ന് വിളിച്ചു. എന്തുകൊണ്ടാണ് സാമൂഹ്യവൽക്കരിക്കപ്പെട്ട മൂലധനത്തെ Dying Capital അഥവാ ‘മൃത്യുന്മുഖ മൂലധനം’ എന്ന് മാർക്സ് വിളിച്ചത്? മൂലധനത്തിന്റെ കുത്തകവൽക്കരണത്തിലൂടെ മൂലധന ഉടമസ്ഥതയുടെ സാമൂഹ്യവൽക്കരണം വ്യക്തിഗത സ്വകാര്യസ്വത്തിന്റെ ഉന്മൂലനത്തിന്റെ ആദ്യപടിയാണ്. കുത്തക മൂലധനത്തെ മുഴുവൻ സമൂഹത്തിന്റെയും (മുതലാളിമാരുടെ സമൂഹത്തിന്റെ മാത്രമല്ല) ഉടമസ്ഥതയിലേക്കു കൊണ്ടുവരികയും അന്തിമമായി ക്യാപ്പിറ്റൽ അബോളിഷ് ചെയ്യുകയും ചെയ്യുക എന്നതിലൂടെയാണ് സ്വകാര്യ സ്വത്തിന്റെ അന്തിമ രൂപമായ കുത്തക മൂലധനം അപ്രത്യക്ഷമാക്കപ്പെടുകയുള്ളൂ. ഈ ദീർഘ പ്രക്രിയക്കിടയിലെ അനിവാര്യ യാതനയായാണ് ‘ഇക്കണോമിക് ഡിപ്രഷ’നുകൾ ഉടലെടുക്കുന്നത്. ഇത്തരം സാമ്പത്തിക മാന്ദ്യങ്ങൾ സാമൂഹ്യ പ്രതിസന്ധി സൃഷ്ടിക്കുകയും സാമ്പത്തിക -സാമൂഹ്യ പ്രതിസന്ധികൾ അപരിഹാര്യമായി തുടരുമ്പോൾ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുകയും അവ മൂന്നും ചേർന്ന് രാഷ്ട്ര സമൂഹത്തിൽ വ്യവസ്ഥാ പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്നു. സോഷ്യലിസ്റ്റ് സാമൂഹ്യവിപ്ലവത്തിന്റെ അനിവാര്യതയാണ് ഈ വ്യവസ്ഥാ പ്രതിസന്ധി സ്പഷ്ടമാക്കുന്നത്.
മൂലധനം മുതലാളിത്ത ലോകത്ത് ‘സോഷ്യലൈസ്’ ചെയ്യപ്പെട്ടു. അതിന്റെ ഷെയറുകൾ മുതലാളിമാരുടെ സമൂഹത്തിനിടയിൽ വിൽക്കപ്പെടാവുന്നതും വാങ്ങപ്പെടാവുന്നതുമാണ് എന്ന സ്ഥിതിയായി. ആ അവസ്ഥയെ മാർക്സ് Dying Capital അഥവാ ‘മൃത്യുൻമുഖ മൂലധനം’ എന്ന് വിളിച്ചു. എന്തുകൊണ്ടാണ് സാമൂഹ്യവൽക്കരിക്കപ്പെട്ട മൂലധനത്തെ Dying Capital അഥവാ ‘മൃത്യുന്മുഖ മൂലധനം’ എന്ന് മാർക്സ് വിളിച്ചത്? മൂലധനത്തിന്റെ കുത്തകവൽക്കരണത്തിലൂടെ മൂലധന ഉടമസ്ഥതയുടെ സാമൂഹ്യവൽക്കരണം വ്യക്തിഗത സ്വകാര്യസ്വത്തിന്റെ ഉന്മൂലനത്തിന്റെ ആദ്യപടിയാണ്. കുത്തക മൂലധനത്തെ മുഴുവൻ സമൂഹത്തിന്റെയും (മുതലാളിമാരുടെ സമൂഹത്തിന്റെ മാത്രമല്ല) ഉടമസ്ഥതയിലേക്കു കൊണ്ടുവരികയും അന്തിമമായി ക്യാപ്പിറ്റൽ അബോളിഷ് ചെയ്യുകയും ചെയ്യുക എന്നതിലൂടെയാണ് സ്വകാര്യ സ്വത്തിന്റെ അന്തിമ രൂപമായ കുത്തക മൂലധനം അപ്രത്യക്ഷമാക്കപ്പെടുകയുള്ളൂ. ഈ ദീർഘ പ്രക്രിയക്കിടയിലെ അനിവാര്യ യാതനയായാണ് ‘ഇക്കണോമിക് ഡിപ്രഷ’നുകൾ ഉടലെടുക്കുന്നത്. ഇത്തരം സാമ്പത്തിക മാന്ദ്യങ്ങൾ സാമൂഹ്യ പ്രതിസന്ധി സൃഷ്ടിക്കുകയും സാമ്പത്തിക -സാമൂഹ്യ പ്രതിസന്ധികൾ അപരിഹാര്യമായി തുടരുമ്പോൾ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുകയും അവ മൂന്നും ചേർന്ന് രാഷ്ട്ര സമൂഹത്തിൽ വ്യവസ്ഥാ പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്നു. സോഷ്യലിസ്റ്റ് സാമൂഹ്യവിപ്ലവത്തിന്റെ അനിവാര്യതയാണ് ഈ വ്യവസ്ഥാ പ്രതിസന്ധി സ്പഷ്ടമാക്കുന്നത്.
മേൽപ്പറഞ്ഞ ‘മൃത്യുൻമുഖ മൂലധന’മാണ് മുൻപ് ചൂണ്ടിക്കാട്ടിയതു പോലെ സ്റ്റോക് മാർക്കറ്റ് അടക്കമുള്ള പലതരം ഊഹവ്യാപാരങ്ങളും പണമിരട്ടിപ്പ് തട്ടിപ്പുകളിലും മുഴുകുന്നത്. അതിന്റെ കാരണം ലാഭത്തോത് വീഴുന്നതാണ്; അഥവാ, FROP (Fall of Rate Of Profit) ആണ്. ഈ പ്രതിഭാസം ഉത്പാദനം, ട്രേഡ്, ബാങ്കിങ്ങ് എന്നിങ്ങനെ സകല സമ്പദ്ഘടനാ വ്യവഹാരങ്ങളെയും അസംബന്ധമാക്കി മാറ്റുന്നു.
പോരാത്തതിന്, കുത്തക മൂലധനം ബാങ്ക് മൂലധനവുമായി ചേർന്ന് ഫിനാൻസ് മൂലധനമായപ്പോൾ അതിന് ലാഭത്തെ എല്ലായ്പ്പോഴും പലിശയുമായി തട്ടിച്ചു നോക്കുന്ന സ്വഭാവം സഹജമാകുന്നു. തന്മൂലം, ഫിനാൻസ് മൂലധനത്തെ പലിശോപജീവി എന്ന് ലെനിൻ വിളിക്കുകയുണ്ടായി.
ഇങ്ങനെ, ഫിനാൻസ് ക്യാപ്പിറ്റൽ ആയി മാറുന്നതിന് മുൻപ് മുതലാളിത്തത്തിനുണ്ടായിരുന്ന ചാക്രികഉന്നതി-ചാക്രികപതനം എന്ന വൃത്ത-ചലനമല്ല ഇന്നുണ്ടാകുന്നത്. അതായത്, വീഴ്ച്ചയ്ക്ക് പിന്നാലെ വീണ്ടെടുപ്പ് ഉണ്ടാവുക എന്നത് ‘സ്വാഭാവിക’മായി സംഭവിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 2008 ലെ വീഴ്ചയ്ക്ക് പിന്നാലെ വീണ്ടെടുപ്പ് ഉണ്ടാകുമെന്ന് മുതലാളിത്ത വക്താക്കൾ പ്രതീക്ഷ വച്ചുപുലർത്തിയെങ്കിലും അത് അത്ര എളുപ്പത്തിൽ നടക്കില്ല എന്ന് പെട്ടെന്ന് തന്നെ എല്ലാവർക്കും മനസ്സിലായി. CNN ‘റോഡ് ടു റിക്കവറി’ എന്ന ഒരു പ്രോഗ്രാം തന്നെ അന്ന് തുടങ്ങിയിരുന്നു! പിന്നീട് നാം കേൾക്കുന്നത് ‘വിളറിയ വീണ്ടെടുപ്പ്’ അഥവാ ‘പെയ്ൽ റിക്കവറി’ ആണുണ്ടായത് എന്നതാണ്. ഫലത്തിൽ അത് വീണ്ടെടുപ്പേ അല്ലായിരുന്നു. ഇക്കണോമിക്ക് ഡിപ്രഷന്റെ സ്ഥായീഭാവം വൈവിധ്യഭാവങ്ങളോടെ തുടരുന്ന ഒരു പ്രക്രിയയിലെ ഏറ്റത്താഴ്വുകൾ മാത്രമായിരുന്നു ആ ഉയർച്ചതാഴ്ച്ചകൾ എന്നതാണ് തുടർ ചരിത്രം തെളിയിച്ചത്.
ആയതിനാൽ, സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ചാക്രികപതന-ചാക്രികഉന്നതി ചലനനിയമത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടെടുപ്പുണ്ടാകുന്ന സ്വാഭാവിക പാതയല്ല തുറന്നു വരുന്നത്, മറിച്ച്, ഫിനാൻസ് മൂലധനമായി പരിണമിച്ചതിന്റെ ഫലമായുള്ള മൃത്യുന്മുക സ്വഭാവവും അതിവേഗം കുന്നുകൂടുന്ന സ്വഭാവവും പലിശോപജീവി സ്വഭാവവുമെല്ലാം ചേർന്ന് പഴയ ചാക്രികഉന്നതി-ചാക്രികപതനം എന്ന ലളിത സമവാക്യം കാലഹരണപ്പെടുത്തി. പകരം, സങ്കീർണ്ണമായ ‘മൂലധന വ്യവസ്ഥയുടെ പൊതുകുഴപ്പം’ അഥവാ ‘ജനറൽ ക്രൈസിസ് ഒഫ് ക്യാപ്പിറ്റലിസം’ എന്ന പ്രതിഭാസം ഉടലെടുക്കുകയാണ് ഉണ്ടായത്. സഖാവ് സ്റ്റാലിനും കൊമിന്റൺ-ഉം (മൂന്നാം ഇൻറർനാഷണൽ) ആണ് ഇത് ചൂണ്ടിക്കാട്ടിയത്.
ഈ ക്യാപ്പിറ്റലിസ്റ്റ് ജനറൽ ക്രൈസിസ് വൃത്തസ്വഭാവത്തിലുള്ള ചാക്രികഉന്നതി -ചാക്രികപതനം അല്ല സൃഷ്ടിക്കുന്നത്; മറിച്ച്, വർത്തുളമായ (Spiral) കറങ്ങിക്കറങ്ങിയുള്ള പതനമാണ് അത് സൃഷ്ടിക്കുന്നത് എന്ന് പൊതുവിൽ പറയാം. എന്നാൽ, വർത്തുള-പതനം അഥവാ സ്പൈറൽ-ഫാൾ എന്നതു പോലും ഫിനാൻസ് ക്യാപ്പിറ്റലിന്റെ ജനറൽ ക്രൈസിസിന്റെ പൂർണ്ണമായ സങ്കീർണ്ണ പതനത്തെ മനസ്സിലാക്കാൻ മതിയാവില്ല എന്നതാണ് വസ്തുത.
1929 ലെ ഗ്രെയ്റ്റ് ഡിപ്രഷനിൽ നിന്ന് മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥ യഥാർത്ഥത്തിൽ കരകയറിയില്ല എന്നതാണ് പോൾ ക്രൂഗ്മാനെപ്പോലുള്ള (മുതലാളിത്ത) സമ്പദ് ശാസ്ത്രജ്ഞർ പോലും പറയുന്നത്. ഫാഷിസത്തിന്റെ ഉദയത്തിനും രണ്ടാം ലോകയുദ്ധത്തിനുമാണ് 1929-ലെ രണ്ടാം മാന്ദ്യം/മഹാമാന്ദ്യം (സെക്കന്റ് ഡിപ്രഷൻ or ഗ്രേറ്റ് ഡിപ്രഷൻ) വഴി തുറന്നത്.
യുദ്ധത്തിനു ശേഷം സോവിയറ്റ് യൂണിയനാണ്, മൊളോട്ടോവ് പ്ലാനിലൂടെയും കോമികോൺ എന്ന സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ വ്യാപര സംഘടനയിലൂടെയും യുദ്ധത്തിൽ തകർന്ന കിഴക്കൻ യൂറോപ്പിനെയും മറ്റും ഉയർത്തി കൊണ്ടുവന്നത്. ഒപ്പം, യുദ്ധത്തിൽ കാര്യമായ പരിക്കേൽക്കാതിരുന്ന അമേരിക്കയുടെ നേതൃത്വത്തിലും മുഖ്യകാർമ്മികത്വത്തിലും ഇതര സാമ്രാജ്യത്വ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന സാമ്രാജ്യത്വ ബ്ലോക്ക് മാർഷൽ പ്ലാനിലൂടെ പശ്ചിമ യൂറോപ്പിനെയും, അമേരിക്കൻ ജനറൽ മക് ആർതർ ജപ്പാന്റെ അഡ്മിനിസ്ട്രേറ്റർ ആയി ഇരുന്നു കൊണ്ട് ജപ്പാനെയും വീണ്ടെടുക്കുകയായിരുന്നു.
അതായത്, യുദ്ധവും ഫാഷിസ്റ്റ് വിരുദ്ധ വിജയവുമാണ് ആ വീണ്ടെടുപ്പിലെത്തിച്ചത്. അതിലെ മുഖ്യ ശക്തിയും മുഖ്യധാരയും സോവിയറ്റ് യൂണിയൻ സൃഷ്ടിച്ച സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ നിർമ്മാണവും അതിന്റെ നേതൃത്വത്തിൽ പൊരുതി നേടിയ ഫാഷിസ്റ്റ്-വിരുദ്ധ വിജയവും ഫാഷിസ്റ്റ്-വിരുദ്ധ പോരാട്ടത്തിന്റെ സഹായത്താലും അതിന്റെ ഭാഗമായും നടന്ന കിഴക്കൻ യൂറോപ്പിന്റെ വിമോചനവും ചൈനീസ് വിപ്ലവവും തുടർന്ന് കോളനികളുടെ സ്വാതന്ത്ര്യവുമായിരുന്നു.
കെയ്നീഷ്യൻ നയം സ്വീകരിച്ചുകൊണ്ടും ബ്രട്ടൻ വുഡ് എഗ്രിമെന്റിലൂടെ ഉണ്ടാക്കിയ IMF – World Bank – GATT സ്ഥാപനങ്ങളിലൂടെയുമാണ് സാമ്രാജ്യത്വ ക്യാമ്പ് ഇതിന് കൗണ്ടർ നരേറ്റിവ് ഉണ്ടാക്കിയത്. ഇതാണ് 1929-നു ശേഷം, സെക്കൻറ് ഡിപ്രഷൻ അഥവാ ഗ്രെയ്റ്റ് ഡിപ്രഷന്റെ പരിണതി.
എന്നാൽ, ആദ്യത്തെ ഇക്കണോമിക് ഡിപ്രഷൻ, 1873-1896 കാലത്തുണ്ടായ ഫസ്റ്റ് ഡിപ്രഷൻ അഥവാ ലോങ് ഡിപ്രഷൻ ആണ്. ലോങ്ങ് ഡിപ്രഷനിൽ നിന്ന് അതിജീവിക്കാനായി മിലിട്ടറി മെഷിനറിയും ആയുധങ്ങളും ഉണ്ടാക്കുക, കോളനികൾ വെട്ടിപ്പിടിക്കുക എന്നിങ്ങനെയുള്ള പാതയാണ് മുതലാളിത്തം തുറന്നത്. ഈ കാലഘട്ടത്തിൽ തന്നെയാണ് മുതലാളിത്തം സാമ്രാജ്യത്വമായി മാറിയതും. ഇതിന്റെ ഫലമായാണ് ഒന്നാം ലോകയുദ്ധം (28 July 1914 – 11 November 1918) ഉണ്ടായതും.
ഒന്നാം ലോകയുദ്ധത്തെ ലെനിനും ബോൾഷെവിക് പാർട്ടിയും റോസാ ലക്സംബർഗും കാൾ ലീബ്നെക്റ്റും അടങ്ങുന്ന ജർമ്മൻ വിപ്ലവകാരികളും ജെയിംസ് കൊണ്ണോലിയെപ്പോലുള്ള ഐറിഷ് വിപ്ലവകാരികളും മാഡം ബിക്കാജി കാമയെപ്പോലുള്ള ഇന്ത്യൻ വിപ്ലവകാരികളും എതിർത്തു. അവർ യുദ്ധത്തെ സാമ്രാജ്യത്വ പ്രതിസന്ധിയുടെ ദുഷ്ഫലമായി കണ്ടു. യുദ്ധത്തിൽ തൊഴിലാളികൾ പങ്കുചേരരുത് എന്നും നിർബന്ധിത സൈനിക സേവനത്തെ എതിർക്കണമെന്നും സ്വന്തം രാജ്യങ്ങളിൽ ബൂർഷ്വാ ഭരണകൂടങ്ങൾക്കെതിരെ വിപ്ലവം നടത്തണമെന്നും അതിനായി ബൂർഷ്വാസിയുമായി ആഭ്യന്തര യുദ്ധം നടത്തണമെന്നും ആഹ്വാനം ചെയ്തു.
എന്നാൽ രണ്ടാം ഇന്റർനാഷണലിന്റെ നേതാവും ജർമ്മൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവുമായ കാറൽ കൗട്സ്കി യുദ്ധത്തെ പിന്തുണച്ചു കൊണ്ട് വിപ്ലവം കയ്യൊഴിഞ്ഞു; തൊഴിലാളി വർഗ്ഗത്തെ വഞ്ചിച്ചു കൊണ്ട് സമഗ്ര തിരുത്തൽവാദം ഉദ്ഘാടനം ചെയ്തു.
യുദ്ധത്തെ എതിർത്തവർ വിപ്ലവങ്ങൾ സംഘടിപ്പിച്ചു. ഇവയിൽ മുഖ്യമായ വിപ്ലവ മുന്നേറ്റങ്ങൾ താഴെപ്പറയുന്നവയാണ്:
1916-ല്‍ അയർലണ്ടിലെ ഈസ്റ്റർ ഉയർത്തെഴുന്നേൽപ്പ്.
1917-ൽ റഷ്യയിൽ പെട്രോഗ്രാഡ് (ലെനിൻഗ്രാഡ്) ഉയർത്തെഴുന്നേൽപ്പ്.
1918-ൽ ജർമ്മനിയിലെ ബെർലിൻ ഉയർത്തെഴുന്നേൽപ്പ്.
1917-ൽ റഷ്യയിൽ പെട്രോഗ്രാഡ് (ലെനിൻഗ്രാഡ്) ഉയർത്തെഴുന്നേൽപ്പ്.
1918-ൽ ജർമ്മനിയിലെ ബെർലിൻ ഉയർത്തെഴുന്നേൽപ്പ്.
ഇതിൽ 1917 പെട്രോഗ്രാഡ് ഉയർത്തെഴുന്നേൽപ്പ് മഹത്തായ ഒക്ടോബർ വിപ്ലവമായി മാറി.
ചുരുക്കത്തിൽ, രണ്ട് മാന്ദ്യങ്ങളേയും മറികടന്നത് തൊഴിലാളി വർഗ്ഗ വിപ്ലവങ്ങളാണ് എന്ന് കാണാം.
1) ഒന്നാം മാന്ദ്യം അഥവാ ദീർഘമാന്ദ്യം എന്നറിയപ്പെടുന്ന (1st Depression or Long Depression)തിനെ മറികടന്നത് മഹത്തായ ഒക്ടോബർ വിപ്ലവം.
2) രണ്ടാം മാന്ദ്യം അഥവാ മഹാമാന്ദ്യത്തെ (2nd Depression or Great Depression) അതിജീവിച്ചത് ഫാഷിസ്റ്റ്-വിരുദ്ധ വിജയവും കിഴക്കൻ യൂറോപ്പിന്റെ വിമോചനവും ചൈനീസ് വിപ്ലവവും കോളനികളുടെ സ്വാതന്ത്ര്യവും.
ചരിത്രപരവും സാർവ്വദേശീയവുമായ മേൽപ്പറഞ്ഞ പാഠം ഉൾക്കൊണ്ടുകൊണ്ടു വേണം നാം നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ ഗ്രഹിക്കാനും അതിന്റെ പരിഹാരങ്ങൾ തേടാനും.
ഇന്ത്യയില്‍ സംഭവിക്കുന്നത്
സാമ്രാജ്യത്വ വ്യവസ്ഥ അഥവാ ഇൻറർനാഷണൽ ഫിനാൻസ് ക്യാപ്പിറ്റൽ വ്യവസ്ഥ മൂന്നാം സാമ്പത്തിക മാന്ദ്യ ത്തിലേക്ക് (3rd Depression) വീഴുന്നതിന്റെ ഭാഗമായാണ് സാർവ്വദേശീയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുന്നത് എന്നത് മനസ്സിലാക്കിയാൽ പിന്നെ ഇൻറർനാഷണൽ ഫിനാൻസ് ക്യാപ്പിറ്റൽ വ്യവസ്ഥയുമായി നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഇൻറഗ്രേറ്റ് ചെയ്യുന്ന തരത്തിൽ കൂടുതൽ കൂടുതൽ ഉദാരവൽക്കരണ – സ്വകാര്യവൽക്കരണ -ആഗോളവൽക്കരണ നയങ്ങൾ നടപ്പാക്കാതിരിക്കുകയും പകരം ആസൂത്രിത സമ്പദ്ഘടനാ നയങ്ങൾക്ക് ശക്തി പകരുകയുമാണ് വേണ്ടത്. കാരണം, ഇന്റർനാഷണൽ ഫിനാൻസ് മൂലധന വ്യവസ്ഥയുമായി നമ്മുടെ ഇക്കോണമിയെ ഇന്റഗ്രേറ്റ് ചെയ്യും തോറും മൂന്നാം മാന്ദ്യം അഥവാ തേഡ് ഡിപ്രഷന്റെ ഭാഗമായ ‘സമ്പദ്ഘടനാ രോഗങ്ങൾ ‘ (Economic Ailments) പകർച്ചവ്യാധി പോലെ നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ അതിവേഗം ബാധിക്കും.
എന്നിരിക്കെ, ഈ വിവേകത്തിന് നേരെ എതിരായാണ് രണ്ടാം മോദി സർക്കാർ ഇന്ന് പ്രവർത്തിക്കുന്നത്. ഈ അവിവേകം അറിവില്ലായ്മയിൽ നിന്ന് ഉടലെടുക്കുന്നതല്ല താനും. ‘Though this be madness, yet there is method in’t’ എന്ന സുപ്രസിദ്ധമായ ഷെയ്ക്സ്പീരിയൻ ഉദ്ധരിണിയെ ഓർമ്മിപ്പിക്കുമാറ് മോദി ഭരണത്തിന്റെ ഭ്രാന്തിനകത്ത് ഒരു മെഥേഡ് ഉണ്ട്. അത് 1991-ൽ റാവു – മൻമോഹൻസിങ്ങ് ദ്വയം ഉദ്ഘാടനം ചെയ്ത ഉദാരവൽക്കരണ, സ്വകാര്യവൽക്കരണ, ആഗോളവൽക്കരണ സാമ്പത്തിക പരിഷ്ക്കാരങ്ങളുടേതു തന്നെയാണ്. LPG (Liberalisation-Privatisation-Globalisation) പോളിസീസ് എന്നറിയപ്പെട്ട ആ നയങ്ങൾ അടിസ്ഥാനപരമായി സാർവ്വദേശീയ ഫിനാൻസ് മൂലധന വ്യവസ്ഥയുമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉൾച്ചേർക്കാനായിരുന്നു. IMF-WB-GATT എന്നീ സ്ഥാപനങ്ങളുടെ നിർദ്ദേശങ്ങളിലൂടെ സാമ്രാജ്യത്വ പ്രോക്തമായ ആഗോളവൽക്കരണത്തിന്റെ നയ നടത്തിപ്പ് റാവു – മൻമോഹൻ സിങ്ങ് സർക്കാർ ഉദ്ഘാടനം ചെയ്തെങ്കിൽ, ലജ്ജാരഹിതമായ അതിന്റെ ശീഘ്രഗതി വാജ്പേയ് സർക്കാരിന്റെ കാലത്താണ് നാം കണ്ടത്. ‘രണ്ടാം തലമുറ പരിഷ്ക്കാരങ്ങൾ’ എന്ന പേരിൽ നടപ്പാക്കപ്പെട്ട ഈ ശീഘ്രഗതിയുടെ ഘട്ടത്തിലാണ് ‘വിറ്റഴിക്കൽ മന്ത്രാലയം /ഡിസ്ഇൻവെസ്റ്റ്മെൻറ് മിനിസ്ട്രി തന്നെ തുറന്ന് രാജ്യത്തിന്റെ ദേശീയ സ്വത്തുക്കൾ- പൊതുമേഖലാ സ്ഥാപനങ്ങൾ- വൻതോതിൽ വിറ്റുതുലച്ചത്. ബിജെപി സർക്കാരുകളുടെ ആ പാരമ്പര്യത്തിന്റെ തീവ്രതരമായ തുടർച്ചയാണ് ഒന്നും രണ്ടും മോദി സർക്കാരുകൾ പിൻതുടരുന്നത്.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഇൻറർനാഷണൽ ഫിനാൻസ് ക്യാപ്പിറ്റൽ വ്യവസ്ഥയുമായി അതിവേഗം ഇൻറഗ്രേറ്റ് ചെയ്യുന്ന തരത്തിൽ ഉദാരവൽക്കരണ – സ്വകാര്യവത്ക്കരണ -ആഗോളവത്ക്കരണ നയങ്ങൾ കൂടുതൽ കൂടുതൽ തീവ്രമായി നടപ്പാക്കുകയാണ് ഇന്ന് രണ്ടാം മോദി സർക്കാർ. റെയിൽവേയും പ്രതിരോധ വ്യവസായങ്ങളും പെട്രോളിയം പൊതുമേഖലാ കമ്പനികളും ഭിലായ് സ്റ്റീൽ പ്ലാന്റ് അടക്കമുള്ള സർക്കാരിന്റെ ഉരുക്കു വ്യവസായ സമുച്ചയവും (Steel Authority of India – SAIL) സ്വകാര്യവത്ക്കരിക്കാൻ ഒരുങ്ങുകയാണ് രണ്ടാം മോദി സർക്കാർ.
BHEL പോലുള്ള അതിഭീമ ലാഭം ഉണ്ടാക്കുന്ന കോർ പൊതുമേഖലാ വ്യവസായങ്ങളെയും BSNL പോലുള്ള തന്ത്രപ്രധാനമായ വിവര സാങ്കേതിക പൊതുമേഖലാ വ്യവസായത്തെയും വിറ്റു തലയ്ക്കാൻ മുതിരുകയാണത്. ബാക്കിയുള്ള പൊതുമേഖലാ ബാങ്കുകളെ കൂട്ടി ലയിപ്പിച്ച് അവയുടെ ഓഹരി വിൽക്കാനും തുനിയുന്നു.
അങ്ങനെ, മൂന്നാം മാന്ദ്യത്തിന്റെ (3rd Depression) നീർച്ചുഴിയിലേക്ക് രാഷ്ട്രത്തേയും ജനതയേയും വലിച്ച് താഴ്ത്തുകയാണ് രണ്ടാം മോദി സർക്കാർ. ഇതിന്റെ മുന്നോടിയായ നടപടികളായിരുന്നു മോദി 1-ന്റെ വകയായ ഡിമോണിറ്റൈസേഷനും ജി.എസ്.ടിയുമെല്ലാം.
ഇതിൽ നിന്ന് മോചനം വേണമെങ്കിൽ സ്വാശ്രിതമായ സമ്പദ്ഘടനാ നയം സ്വീകരിച്ചേ പറ്റൂ. അതാകട്ടെ ശക്തമായ ആസൂത്രിത സമ്പദ്ഘടനയുടെ പിൻബലത്തോടെ മാത്രം സാധിക്കുന്ന ഒന്നാണ് താനും. 1929 ൽ ആരംഭിച്ച ഗ്രെയ്റ്റ് ഡിപ്രഷന്റെ കാലത്ത് അത് ബാധിക്കാതിരുന്ന ഒരേ ഒരു രാജ്യം സോവിയറ്റ് യൂണിയൻ ആയിരുന്നു. 1928-1931 കാലത്ത്, ഒരു വർഷം നേരത്തെ, സാക്ഷാത്ക്കരിക്കപ്പെട്ട ആദ്യത്തെ സോവിയറ്റ് പഞ്ചവത്സര പദ്ധതി ഗ്രെയ്റ്റ് ഡിപ്രഷന്റെ നാശോന്മുഖ പ്രവാഹത്തെ മുറിച്ചുനീന്തിയ സോഷ്യലിസ്റ്റ് അനുഭവത്തിന്റെ വിജയഗാഥ മാത്രമല്ല, മറിച്ച്, സംരക്ഷിത സമ്പദ്ഘടനാ സംവിധാനത്തിന്റെ പ്രയോഗ സാധ്യതയ്ക്ക് എടുത്തോതാവുന്ന ദൃഷ്ടാന്തം കൂടിയാണ്.
ഇന്നത്തെ സാഹചര്യങ്ങളുടെ അനുഭവ പശ്ചാത്തലത്തിൽ നമ്മുടെ രാജ്യത്തും ഇതിന്റെ പ്രയോഗസാധ്യത ഗണ്യവും പ്രസക്തവുമാണ്.
അതിന് താഴെ പറയുന്ന ധ്രുത നടപടികൾ അനിവാര്യമാണ്
1) തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതി പിൻവലിക്കണം. അങ്ങനെ തൊഴിൽ സാക്ഷാത്ക്കാരം ഉയർത്തിക്കൊണ്ടുവരണം. ലേബർ പ്രൊഡക്റ്റിവിറ്റി മെച്ചപ്പെടുത്താൻ അതിനേ കഴിയൂ.
2) പൊതുമേഖല സംരക്ഷിക്കുകയും വളർത്തുകയും വേണം. വളർന്നുകൊണ്ടിരിക്കുന്ന റിപ്പബ്ലിക്കിന് ഇത് അനിവാര്യമായ നേതൃഘടകമാണ്.
3) പെട്രോളിയം – ഊർജ മേഖല ദേശസാത്ക്കരിക്കണം. അന്താരാഷ്ട്ര മാർക്കറ്റ് – കുത്തക സമ്മർദ്ദങ്ങളെ സ്ഥായിയായി അതിജീവിക്കാൻ ഇത് അനിവാര്യമാണ്.
4) രാജ്യത്ത് വ്യവസായവും കൃഷിയും (പരമാവധി സ്റ്റേറ്റ് ഉടമസ്ഥതയിലും ജനകീയ സഹകരണ സംരംഭങ്ങളിലൂടെയും) വികസിപ്പിക്കാനുതകുന്ന ബേസിക് ഇൻഫ്രാ സ്‌ട്രക്ച്ചർ പടുത്തുയർത്താനും തൊഴിലാളികളുടെ വേതന, ജീവന വ്യവസ്ഥ മെച്ചപ്പെടുത്താനും തൊഴിലില്ലായ്മ പരിഹരിക്കാനുമുള്ള മൂർത്തമായ പദ്ധതീകൃത നിക്ഷേപവും സർക്കാർ വ്യയവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മാന്ദ്യപാക്കേജ് പ്രഖ്യാപിക്കണം.
5) കാർഷിക കടങ്ങൾ എഴുതിത്തള്ളണം; 3 ശതമാനത്തിനു താഴെ പലിശനിരക്കിൽ കാർഷിക വായ്പകൾ നൽകുകയും അതിൽ തന്നെ ചെറുകിട വായ്പ വാങ്ങിയവരിൽ കൃത്യ സമയത്ത് തിരിച്ചടയ്ക്കുന്നവർക്ക് പലിശ ഇളവു നൽകി വായ്പ പലിശരഹിതമാക്കുകയും വേണം.
6) വ്യവസായങ്ങൾക്ക് ഇൻപുട്ട് ലഭിക്കും വിധത്തിൽ കാർഷിക വിളകൾ കുത്തക സംഭരണ വില പ്രഖ്യാപിച്ച് കുത്തക സംഭരണ സിസ്റ്റത്തിലൂടെ സർക്കാർ സംഭരിക്കണം.
7) സംസ്ഥാനങ്ങളുടെ ഫെഡറൽ അന്തസ്സിനും ആസൂത്രിതവികസനത്തിനും ആധാരമാകുന്ന നികുതി ഘടന തിരികെ കൊണ്ടുവരണം.
8) സൗജന്യമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, മാതൃഭാഷാധിഷ്ഠിതമായി പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകി കൊണ്ട് കാർഷിക, വ്യാവസായിക ട്രേഡ് സ്കൂളിൽ ഹയർ സെക്കന്ററി വരെ നൽകണം; ഇത് മുഖ്യ വിദ്യാഭ്യാസ കരിക്കുലമാക്കണം. ഇൻറസ്ട്രിയൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (ITI) പോലെത്തന്നെ അഗ്രികൾച്ചർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (ATI) രാജ്യവ്യാപകമായി സ്ഥാപിച്ച് ആധുനിക (വ്യാവസായിക) കർഷകത്തൊഴിലാളി വർഗ്ഗത്തെ സൃഷ്ടിക്കണം.
9) പൊതുമേഖലാ വ്യവസായങ്ങൾ, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ ബോർഡുകൾ എന്നിവയുമായി സംയോജിതമായി പ്രവർത്തിക്കുന്ന കാർഷിക, വ്യവസായ ഉത്പാദക സഹകരണ വിപണന കൺസോർഷ്യം രാജ്യതലത്തിലും സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളിലും ആസൂത്രിതമായി നടപ്പാക്കണം; MNREGA പദ്ധതിയെ ഇതുമായി ഇണക്കണം.
10) ഭവനനിർമ്മാണം, പബ്ലിക് യൂട്ടിലിറ്റി ബിൽഡിങ്ങുകൾ, വിദ്യുച്ഛക്തി ഉത്പാദന വിതരണ സംവിധാനം, ടെലി കമ്യൂണിക്കേഷൻസ് എന്നിവ സർക്കാർ പൊതുമേഖലാ നിയന്ത്രിതമാക്കണം.
11) ഭൂവിനിയോഗ മാപ്പ്, ഡാറ്റാ പൂൾ എന്നിവ പബ്ലിഷ് ചെയ്ത് ഭൂമിയുടെ കൈമാറ്റവും ഭൂവിനിയോഗവും നിയന്ത്രിക്കണം.
12) ജനക്ഷേമ നടപടികൾ എല്ലാം തന്നെ മേൽപ്പറഞ്ഞവയുമായി ബന്ധപ്പെടുത്തി അടിയന്തിരമായി നടപ്പാക്കണം.
എന്നാൽ, കോർപ്പറേറ്റ് ടാക്സ് കുറയ്ക്കുക, ബാങ്കുകള്‍ ലയിപ്പിച്ച് ബാങ്ക് ഇടപാടുകളുടെ ഫീസ് പരമാവധി ഇല്ലാതാക്കിയും പലിശ നിരക്ക് കുറച്ചും മൂലധനശക്തികൾക്ക് ലാഭത്തോത് വർദ്ധിപ്പിക്കുക എന്നതാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ വീശിയിട്ടുള്ള മന്ത്രവടി. പക്ഷേ ഇതെല്ലാം ചലിക്കുന്ന ഇക്കോണമിയിലാണ് ഫലം ചെയ്യുക; ചുരുങ്ങുന്ന ഇക്കോണമിയിലല്ല. പ്രൊഫ. പ്രഭാത് പട്നായിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാങ്ങാൻ ശക്തിയില്ലാത്ത, ആയതിനാൽ ആരും വാങ്ങാനില്ലാത്ത വിപണിയിൽ ഒന്നും വിൽക്കാനാവില്ല. എത്ര ഇളവുകൾ പ്രഖ്യാപിച്ചാലും മാർക്കറ്റിൽ ഡിമാന്റ് ഉണരാതെ ആരും നിക്ഷേപം നടത്തില്ല. ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ ചരക്കായി വിറ്റുപോകുമോ എന്നാണ് പ്രാഥമികമായി നിക്ഷേപകര്‍ നോക്കുക. മുൻ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യനായ പ്രാണബ് സെന്നിന്റെ വാക്കുകളിൽ: “നിങ്ങൾ ലാഭമുണ്ടാക്കുമ്പോൾ മാത്രമേ ലാഭത്തിനു മേലുള്ള നികുതിയുടെ കാര്യമുദിക്കുന്നുള്ളൂ” (A tax on profit kicks in only if you are making profit) അപ്പോൾ പിന്നെ ഉണ്ടാകാത്ത ലാഭത്തിന് നികുതിയിളവ് നൽകിയിട്ട് എന്തു കാര്യം? ആയതിനാൽ കോർപ്പറേറ്റ് ടാക്സ് ഇളവും പലിശ നിരക്ക് ഇളവും കൊണ്ട് സമ്പദ്ഘടന ഉണരില്ല എന്നത് വ്യക്തമാണ്. പിന്നെ എന്താണ്, എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്? 2009-ൽ പോൾ ക്രൂഗ്മാൻ വിലപിച്ചു: “What’s been disturbing however is the parade of first rate economists making totally non-serious arguments about fiscal expansions”. [ഫിസ്ക്കൽ വ്യാപനത്തിനെതിരെ ( സർക്കാർ ചെലവ് വർദ്ധിപ്പിക്കുന്നതിനെതിരെ) അന്തസ്സാര ശൂന്യമായ വാദങ്ങൾ ഉയർത്തുന്ന ഒന്നാന്തരം സമ്പദ് ശാസ്ത്രജ്ഞരുടെ പരേഡാണ് ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം] ക്രൂഗ്മാൻ പറഞ്ഞതിനേക്കാൾ വഷളാണ് ഇന്നത്തെ അവസ്ഥ. കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന കാര്യം വരുമ്പോൾ ഫീസ്ക്കൽ കമ്മിയെപ്പറ്റി വിളിച്ചു കൂവുന്നവർ കോർപ്പറേറ്റ് ടാക്സ് കട്ട് ചെയ്യുമ്പോൾ മിണ്ടുന്നില്ല. അതെ, നിയോ ക്ലാസ്സിക്കലിസം ഇന്ന് ഇക്കണോമിക്സേ അല്ലാതായി. അത് ഫിനാൻസ് മൂലധനത്തിന്റെ അപരിമിത ചൂഷണത്തിനുള്ള പ്രത്യയശാസ്ത്രം മാത്രമായി. ആ തലതിരിഞ്ഞ പ്രത്യയശാസ്ത്രത്തിൽ നിന്ന് മോചനം നേടിയാലേ ഇന്ത്യയ്ക്ക് നേരെ നിൽക്കാനാവൂ; ഈ സാമ്പത്തിക മാന്ദ്യത്തെ തലയുയർത്തി നേരിടാനാവൂ.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
This post was last modified on September 21, 2019 11:27 am