Fredy:- കോർപ്പറേറ്റ് ക്യാപ്പിറ്റൽ ഭൂമി വിഴുങ്ങുന്നിടത്ത് കോ ഓപ്പറേറ്റിവ് ഉടമസ്ഥത മാത്രമേ നിലനിൽക്കുകയുള്ളൂ




ഭൂമിയെ സംബന്ധിച്ച് ഇന്ന് കേരളത്തിൽ നിലവിലുള്ള നിയമങ്ങൾ ശക്തമാണ്.

അതുകൊണ്ടാണ് അവ പ്രയോഗിക്കാതിരിക്കാൻ സർക്കാരുകൾ ഒളിച്ചുകളി നടത്തുന്നത്.

കാർഷികവൃത്തിയിലും പാർപ്പിടാവശ്യത്തിനും വൻകിട ഭൂഉടമസ്ഥത സംരക്ഷിക്കുന്ന ഒരൊറ്റ വകുപ്പ് മാത്രമേ കേരളത്തിൽ ഉള്ളൂ എന്നാണ് എന്റെ അറിവ്.

അത് പ്ലാന്റേഷൻ ആയി ഭൂമി ഉപയോഗിക്കുന്നതിനായി ഉള്ള വകുപ്പ് ആണ്.

പ്ലാന്റേഷൻ വിളകൾ ഏതൊക്കെയാണ് എന്ന കാര്യവും നിജപ്പെടുത്തിയിട്ടുണ്ട്.

എന്തുകൊണ്ടാണ് പ്ലാന്റേഷനുകൾക്ക് ഭൂപരിധി ഇളവ് ചെയ്ത് വൻകിട ഭൂസ്വത്ത് നിലനിർത്താൻ അനുവദിച്ചത്?


തോട്ടങ്ങൾ വ്യവസായങ്ങളാണ്.
തോട്ട വ്യവസായം:



1) ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവന വേതന വ്യവസ്ഥയിൽ തൊഴിലും ഉപജീവനവും നൽകുന്നു ;

2) സംസ്ഥാനത്തിന് റവന്യൂ വരുമാനം കിട്ടുന്നു;


3) രാജ്യത്തിന് വിദേശനാണ്യം ലഭിക്കുന്നു.
ഇക്കാരണങ്ങൾ കൊണ്ടാണ് 1957ലെ കാർഷിക ഭൂബന്ധ ബില്ലിൽ അത്തരത്തിൽ ഒരു ഒഴികഴിവ് പ്ലാന്റേഷനുകൾക്ക് നൽകിയത്.



എന്നാൽ, ഇന്ന്:

1) WTO ഉൾപ്പെടെയുള്ള പല വിധ അന്താരാഷ്ട്ര കരാറുകൾ നിമിത്തം തേയില, കാപ്പി, റബ്ബർ, ഏലം എന്നീ തോട്ടവിളകൾക്ക് ആദായമില്ലാത്ത അവസ്ഥ വന്നു. കയറ്റുമതി സാധ്യത മങ്ങി. വിദേശനാണ്യ വരുമാനം എന്നത് അനാകർഷകമായി;

2) തോട്ടങ്ങളുടെ നികുതിയും പാട്ടവും മൊത്തം റവന്യൂ വരുമാനത്തിൽ മുമ്പുണ്ടായിരുന്ന സ്ഥാനമില്ലാത്ത അവസ്ഥയുണ്ട് ;

3) പക്ഷെ, ഇന്നും മൂന്നര ലക്ഷം തൊഴിലാളികൾക്ക് തൊഴിലും ഉപജീവനവും പ്ലാന്റേഷൻ നൽകുന്നു.

ഈ പാശ്ചാത്തലത്തിൽ തോട്ട ഭൂമി എന്തു ചെയ്യണം എന്ന് തീരുമാനിക്കണം.

അങ്ങിനെ വരുമ്പോൾ:

1) മൂന്നര ലക്ഷം തൊഴിലാളികൾക്ക് തൊഴിലും വരുമാനവും നൽകുന്ന വ്യവസായത്തെ ശിഥിലമാക്കാൻ പാടില്ല എന്നതിന് ഒന്നാം സ്ഥാനം നൽകിക്കൊണ്ട് 1 ) ഉം 2) ഉം പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം ഉണ്ടാക്കാനാവും. അങ്ങിനെ മാത്രമേ പ്രശ്ന പരിഹാരം ഉണ്ടാക്കാവൂ. അല്ലാതെ, 1) ഉം 2)ഉം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് തോട്ടം ശിഥിലീകരിക്കരുത്. തോട്ടം ശിഥിലീകരിക്കുന്നത് പിന്തിരിപ്പനും തൊഴിലാളി വിരുദ്ധവുമാണ്.

ആയതിനാൽ,


2) പാട്ടക്കാലാവധി തീർന്നത്,
പാട്ടക്കരാർ ലംഘിച്ചത്,
വ്യാജരേഖകൾ മാത്രം വച്ച് ഭൂമി കൈവശം വച്ചിരിക്കുന്നത് എന്നീ തരങ്ങളിലുള്ള തോട്ടങ്ങളെ സർക്കാർ ഏറ്റെടുത്ത് പ്ലാന്റേഷൻ കോർപ്പറേഷനിൽ ലയിപ്പിക്കണം;




3) തോട്ടമുതലാളികൾ (ഇന്ന് മിക്ക കേസിലും കുത്തകക്കമ്പനികൾ ) ഭൂമി കയ്യേറിയിട്ടുണ്ട്.
അത്തരം കയ്യേറ്റങ്ങളിൽ ആദിവാസി ഭൂമിയും മിച്ചഭൂമിയും സർക്കാർ പുറമ്പോക്കും വനഭൂമിയും ഒക്കെയുണ്ട്. അവ സർവ്വേ ചെയ്ത് പിടിച്ചെടുക്കുകയും യഥാകൃമം 'അവയുടെ യഥാർത്ഥ രൂപത്തിലാക്കി അതത് പ്രകാരം വിനിയോഗിക്കുകയും വേണം.



പൂട്ടിപ്പോയ വ്യവസായങ്ങളുടെ ഭൂമി ഭൂ പരിധി നിയമത്തിനുള്ളിൽ വരികയും മിച്ചഭൂമിയായിത്തീരുകയും ചെയ്യും. ആയത് വ്യവസായാവശ്യത്തിന് മുൻഗണന നൽകി ഉപയോഗിക്കണം.

കേരളത്തിൽ വൻ തോതിൽ മിച്ചഭൂമി കയ്യേറ്റവും വകമാറ്റി ഉപയോഗവും നടന്നിട്ടുണ്ട്. ആയത് ജില്ല തിരിച്ചുള്ള മിച്ചഭൂമി ധവളപത്രം ഇറക്കി കണ്ടെത്തണം.

ഭൂപരിഷ്ക്കരണ നിയമമനുസരിച്ച് മിച്ചഭൂമി വിതരണം ചെയ്യണം.

മേൽപ്പറഞ്ഞതിനൊപ്പം:

ഭൂരഹിതർക്ക് വിതരണം ചെയ്യുന്ന കിടപ്പാടവും കൃഷിഭൂമിയും ഇന്നത്തെ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് എന്ന മുതലവായിൽ നിന്ന് രക്ഷിച്ച് നിലനിർത്താനായി:

(a) വിൽപ്പന അനുവദിക്കരുത്,

(b) വിനിയോഗം കർശനമായി നിയന്ത്രിക്കണം,

(c) ഉൽപാദക കോ ഓപ്പറേറ്റിവുകൾ രൂപീകരിക്കാൻ പ്രോത്സാഹനങ്ങളും ഇളവുകളും സഹായ പദ്ധതികളും നൽകി നടപ്പാക്കണം.


സാമൂഹ്യമായല്ലാതെ ഇനി ഒരു തുണ്ടു പോലും ഭൂമി കിട്ടിയാലും കയ്യിലുറയ്ക്കില്ല.*

കേരളത്തിൽ ഭൂമാഫിയയാണ് ഇന്നത്തെ ഭൂമി തീറ്റക്കാർ എങ്കിൽ, ഛത്തീസ്ഗഡ്, ഒഡീഷ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഭൂമാഫിയ കുത്തക കമ്പനികൾക്ക് വഴിമാറി.

വേദാന്തയും റ്റാറ്റയും ഡീബിയറും ആണ് അവിടെ ഭൂമി തീറ്റക്കാർ. അവർ മൈനിങ്ങ് കമ്പനികളാണ്.

അടുത്തത് രാജസ്ഥാനിൽ സയണിസ്റ്റ് ഇസ്രായേലിന്റെ സഹായത്തോടെ പുത്തൻ ഫാമിങ്ങ് കമ്പനികൾ ഒലീവ് കൃഷി ആരംഭിച്ചിരിക്കുന്നു.

കേരളത്തിലും ഉടൻ ഇതെല്ലാമിങ്ങെത്തും.

ഇത് ഇന്നേ ജനങ്ങളോട് പറയണം.

ഇതിനെതിരെയുള്ള ഇരട്ടക്കടമ മനസ്സിലാകാതെ, *ഭൂമാഫിയയ്ക്കും കുത്തക ഭീമൻമാർക്കുമെതിരായ ഇരട്ടക്കടമ മനസ്സിലാകാതെ, ഒരു ഭൂസമരവും ക്ഷണികമല്ലാത്തവിജയം പ്രാപിക്കില്ല.*

വെടിമരുന്ന് തുറസ്സിൽ വച്ച് കത്തിച്ചു കളയരുത്.


'ഞങ്ങൾക്ക് ഭൂമിയില്ല; ഞങ്ങൾ കൃഷി ചെയ്യുന്ന ഭൂമി ഞങ്ങൾക്കു വേണം' എന്നത് കൃത്യമായും ജന്മിത്തത്തിനെതിരായ , ഭൂഉടമസ്ഥതയുടെ ഏകാധികാരിയായ ഒരു വർഗ്ഗത്തിനെതിരായ , ഉത്പാദകരായ കുടിയാൻമാരായ കർഷകരുടേയും പിന്നീട് പൂർണ്ണമായും കർഷകത്തൊഴിലാളി വർഗ്ഗത്തിൽ ലയിച്ച അടിയാൻമാരുടേയും ഡിമാന്റ് ആയിരുന്നു.
അത് കേവലം നീതിബോധ പ്രശ്നമേ അല്ലായിരുന്നു.



അത് സമ്പദ് ശാസ്ത്രപരമായി, ഉത്പാദനപരമായി, ശരിയും ശാസ്ത്രീയവുമായിരുന്നു.


എന്നാൽ, അന്ന് നേടിയ ഭൂമി ഇന്ന് റിയൽ എസ്റ്റേറ്റ് വാല്യു ഉള്ള ചരക്കായി മാറിയിരിക്കുന്നു.
ഇന്ന് കേരളത്തിൽ ഭൂമിക്ക് ഉത്പാദനോപാധി എന്ന നിലയിലുള്ള പ്രസക്തി സാമ്പത്തികവും സാമൂഹ്യവുമായി നഷ്ടമായിരിക്കുന്നു. ജൈവകൃഷി , പ്രകൃതി കൃഷി തുടങ്ങിയ പെറ്റി ബൂർഷ്വാ സ്നോബറി ഇടതു പക്ഷ ഫാഷനായിക്കഴിഞ്ഞു. സമ്മേളനങ്ങളുടെ ആവശ്യത്തിനുള്ള നെല്ലും മീനും സ്വയം ഉത്പാദിപ്പിച്ച് വിജയിപ്പിച്ച് റോബർട്ട് ഓവന്റെ ഉസ്താദുമാരായി മാർക്സിനു നേരെ കൊഞ്ഞനം കുത്തുക എന്നത് സമ്മേളന കാല ആചാരമായി മാറി!😬



*ഇന്ന്, ഭൂമി പിടിച്ചു വച്ചിരിക്കുന്നവരും ഭൂമി കൊള്ളക്കാരും ഭൂമി ആവശ്യപ്പെടുന്നവരും അനിവാര്യമായി റിയൽ എസ്റ്റേറ്റ് വാല്യൂ മാത്രമേ ലക്ഷ്യമാക്കാനാവൂ എന്നത് ഒരു രാഷ്ട്രീയ സമ്പദ്ഘടനാപരമായ പരമസത്യമാണ്.*

 ഇതിനുള്ള മാറ്റം കൂടി ഇന്ന് ഭൂപ്രശ്നം വിപ്ലവകരമായി ഉന്നയിക്കുന്നതിൽ ഉള്ളടങ്ങണം.

ഭൂരാഹിത്യം എന്ന എമ്പിരിക്കൽ യാഥാർത്ഥ്യത്തിൽ നിന്ന് ആരംഭിക്കുന്നത് ശരിയായിരിക്കുമ്പോൾ തന്നെ ഭൂസമരം ഒരു എമ്പിരിസിസ്റ്റ് പുനം കൃഷിയായി മാറരുത്.

വ്യക്തികൾക്ക് നൽകാതെ മിച്ചഭൂമി ആനമല , കോർമല സഹകരണ സംഘങ്ങൾക്ക് നൽകിയ കാര്യം AKG പറയുന്നത് CPI(M) ന്റെ 1964ലെ പരിപാടിയിലെ കാർഷികവിപ്ലവ പരിപാടിയായി നൽകിയ ആറ് പോയിന്റുകളിലെ പോയിന്റ് 6) അനുസരിച്ച് ആണ്.


മിച്ചഭൂമി സമരം ജന്മിത്തത്തിനെതിരായിരുന്നില്ല.
മറിച്ച്,
മിച്ചഭൂമി സമരം
പുത്തൻകൂറ്റ് ഭൂസ്വാമിമാർക്കും പുതുതായി മുളപൊട്ടിയ റിയൽ എസ്റ്റേറ്റുകാർക്കും
അവരെ സഹായിക്കുന്ന തരത്തിൽ
അന്ധതയും ബധിരതയും നടിക്കുന്ന സർക്കാരിനും എതിരായിരുന്നു.




അതുകൊണ്ട് തന്നെ,
കിട്ടിയ ഭൂമി കൃഷിക്കാരന് വിപണിയിൽ നഷ്ടമാകാതിരിക്കാൻ എന്താണ് പോംവഴി എന്ന സഖാവ് AKG യുടെയും സമര സഖാക്കളുടെയും ചിന്തയിൽ നിന്നു കൂടിയാണ് 'വ്യക്തിപരമായി ഓരോ കർഷകനും മിച്ചഭൂമി വിതരണം ചെയ്യുന്നതിനു പകരം ആനമല , കോർമല സഹകരണ സംഘങ്ങൾക്ക് മിച്ചഭൂമി വിതരണം ചെയ്യുക ' എന്ന നയം ഉത്ഭവിച്ചത്.




*അന്ന് AKG തുടങ്ങി വച്ച കോ-ഓപ്പറേറ്റിവ് ഉടമസ്ഥത ശൈശവാവസ്ഥയിലുള്ള നയമായിരുന്നു. ഇന്നത് അങ്ങിനെയല്ല. കാരണം , കോർപ്പറേറ്റ് ക്യാപ്പിറ്റൽ ഭൂമി വിഴുങ്ങുന്നിടത്ത് കോ ഓപ്പറേറ്റിവ് ഉടമസ്ഥത മാത്രമേ നിലനിൽക്കുകയുള്ളൂ എന്നതാണ് ഇന്ന് പരമമായ സത്യം.*
                                 
                                     

കേരളത്തെ ഭൂപരിഷ്ക്കരണത്തിലേക്ക് നയിച്ചത് മുഖ്യമായും കുടിയാൻമാരായ കർഷകരായിരുന്നു.




എന്നാൽ,




പിന്നീട് നടന്ന

1)കുടികിടപ്പ് അവകാശസമരം

2) കുടിയിറക്ക് വിരുദ്ധ സമരം

3) മിച്ചഭൂമി സമരം

എന്നീ ഭൂസമരങ്ങൾ പ്രമുഖമായും കർഷകത്തൊഴിലാളികളും

ദരിദ്ര ഭൂരഹിത കർഷകരും നടത്തിയ സമരങ്ങളാണ്.




കുടിയാൻമാരായ കർഷകർക്ക്

ഉത്പാദനക്ഷമമായ തോതിലും തരത്തിലുമുള്ള

ഭൂമി ലഭിക്കുകയും അവർ,

ലെനിന്റെ ഭാഷയിൽ (കൊളോണിയൽ തിസിസിന്റെ സപ്ലിമെന്ററി തിസിസിൽ 9-ാം പോയിന്റിൽ ലെനിൻ വ്യക്തമായി പറയുന്നത്),

പെറ്റി ബൂർഷ്വാ ആയിത്തീരുകയും ചെയ്തെങ്കിൽ,

കുടികിടപ്പ് അവകാശം ലഭിച്ച അടിയാൻമാർ അതിലൂടെ കർഷകത്തൊഴിലാളി വർഗ്ഗത്തിന്റെ ഭാഗമായി ലയിച്ചു.

അവർക്ക്

കുടികിടപ്പായി നഗരത്തിൽ ലഭിച്ച 5 സെന്റും ഗ്രാമത്തിൽ ലഭിച്ച 10 സെൻറും കാർഷികോത്പാദനത്തിന് മതിയായതായിരുന്നില്ല.




മിച്ചഭൂമി വിതരണം ശാസ്ത്രീയമായി നടത്തിയിരുന്നുവെങ്കിൽ കർഷകത്തൊഴിലാളികളും ദരിദ്ര കർഷകരും ലയിച്ച് ആധുനിക ഫാം തൊഴിലാളികളായി രൂപാന്തരം പ്രാപിക്കുമായിരുന്നു. അത് സംഭവിച്ചില്ല.




എന്താണ് കാരണം?




'മിച്ചഭൂമി വിതരണം ' എന്ന

'ഭൂപരിഷ്ക്കരണത്തിന്റെ ഒന്നാം ഘട്ടത്തിന്റെ രണ്ടാമത്തെ ഫേസ് '

നടന്നില്ല എന്നതാണ് അതിന് കാരണം.




ഈ മിച്ചഭൂമി,

ഭൂനിയമത്തിൽ തന്നെ വെള്ളം ചേർത്തും

കയ്യേറിയും

സർക്കാർ തന്നെ വകമാറ്റി വിനിയോഗിച്ചും വൻതോതിൽ രൂപാന്തരപ്പെടുത്തിയിട്ടുണ്ട്.




ഇത്

ജില്ല തിരിച്ച് മിച്ചഭൂമി ധവളപത്രം പുറപ്പെടുവിച്ചാൽ തീർച്ചയായും കണ്ടെത്താനാകും.




ഇങ്ങിനെ,

ജില്ല തിരിച്ച് മിച്ചഭൂമി ധവളപത്രം പുറപ്പെടുവിക്കാനും മുൻഗണനാ അടിസ്ഥാനത്തിൽ

അത് വിതരണം ചെയ്യാനുമാണ്

ബൃഹത്തായ ഒരു പ്രക്ഷോഭം ആരംഭിക്കേണ്ടത്.




അത് എ.കെ.ജി യുടെ നേതൃത്വത്തിൽ ഐക്യമുന്നണി ഉണ്ടാക്കി ആരംഭിച്ച

മിച്ചഭൂമി സമരത്തിന്റെ തുടർച്ചയും ആയിത്തീരും.




എന്നാൽ,

70 കളുടെ രണ്ടാം പകുതിമുതൽ ശക്തമായിത്തീർന്ന മുതലാളിത്ത വൽക്കരണത്തിന്റേയും

പിന്നീട്

ഫിനാൻസ് മൂലധന വ്യവസ്ഥയുടെ തുളച്ചുകയറ്റം തീക്ഷ്ണമായതിന്റേയും

ഫലമായി

വമ്പിച്ച റിയൽ എസ്റ്റേറ്റ് കച്ചവടം പൊങ്ങി വന്നു.

ഇന്ന് ജന്മിത്തമോ അതിന്റെ ഭാഗമായ

ഭൂ ബന്ധങ്ങളോ കണി കാണാനാവാത്ത സ്ഥിതിയായി.

പകരം

റിയൽ എസ്റ്റേറ്റ് മുതലാളി മാഫിയ പൊങ്ങി വന്നു. നാളെ

ഈ മാഫിയകൾ പോയി അതിനു പകരം

കോർപ്പറേറ്റ് കമ്പനികൾ

ഫാമിങ്ങിന്റേയും റെസിഡൻസി - അപ്പാർട്ട്മെന്റ് ബിസിനസ്സിന്റേയും

ടൗൺഷിപ്പ് നിർമ്മാണത്തിന്റേയും

മേഖലകളിൽ

'നിയമപരമായി'ത്തന്നെ പ്രതിസ്ഥാപിക്കപ്പെടും.




ആയതിനാൽ,




വിപ്ലവ ശക്തിളെ സംബന്ധിച്ചിടത്തോളം

ഇത് ജനാധിപത്യ വിപ്ലവത്തിന്റെ രണ്ടാം കാർഷിക ഘട്ടമാണ്.




എന്താണ് ഈ ഘട്ടത്തിന്റെ സ്വഭാവങ്ങളിൽ ഉണ്ടായ കാതലായ മാറ്റങ്ങൾ?




1) ജന്മിത്തത്തിനെതിരെ പാട്ടം അവസാനിപ്പിച്ച്

ഭൂമി വിഭജിച്ച്

ചെറുകിട ഉടമസ്ഥത ഉണ്ടാക്കുകയും

ആ ഭൂമി

വിപണിയിൽ സ്വതന്ത്രമായി ആർക്കും വാങ്ങാവുന്ന സ്ഥിതിയുണ്ടാക്കുകയും ചെയ്യുന്നത് ജനാധിപത്യ വിപ്ലവത്തിന്റെ ഒന്നാം കാർഷിക ഘട്ടത്തിൽ വിപ്ലവകരമായിരുന്നു.

കാരണം?

ജന്മി സ്വന്തം ഉപഭോഗത്തിനാണ് പ്രാമുഖ്യം കണ്ടിരുന്നത്.

മുതലാളിത്ത രീതിയിൽ വിപണി വികസിക്കുന്നതിന് ജന്മിത്തം എതിരായിരുന്നു.

ആയതിനാൽ,

ജന്മിത്തത്തിനെതിരെ

ഭൂമിയേയും കാർഷിക ഉൽപ്പന്നങ്ങളേയും ചരക്കുകളാക്കുന്ന പ്രക്രിയ വിപ്ലവകരമായിരുന്നു.




ബൂർഷ്വാ മാർക്കറ്റ് വളരുന്നതും ശക്തിപ്പെടുന്നതും ഒന്നാം കാർഷിക ഘട്ടത്തിന് അനുഗുണമായിരുന്നു.




എന്നാൽ ,




ജന്മിത്ത ഉത്പ്പാദന ബന്ധങ്ങൾ പോയ് മറഞ്ഞ് പകരം

മുതലാളിത്ത നിയമങ്ങൾ ഉത്പാദനത്തിലും വിനിമയത്തിലും വികസിച്ച ഘട്ടമെത്തിക്കഴിഞ്ഞപ്പോൾ

ഭൂമി വിനിമയത്തിനുള്ള ചരക്ക് മാത്രമായിത്തീർന്നു.




അത് വെളിവാക്കുന്നത്

ഫിനാൻസ് മൂലധനത്തിന്റെ

ഊഹക്കച്ചവട സ്വഭാവമാണ്.




ഈ മാറ്റം നിമിത്തം

വിപണിക്ക് നിഷേധാത്മകമായ രൂപാന്തരമുണ്ടായി.




എന്താണത്?




ഭൂമിയിൽ ഉണ്ടാകുന്ന വിളകളുടെ പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും ഇരട്ടിയായി മാറി ഭൂമിയുടെ വില.




വിളകൾ എന്ന ചരക്കുകളുടെ വില തകർന്നു ;

ഭൂമി എന്ന ചരക്കിന്റെ വില ഉയർന്നു.




ഈ സാഹചര്യത്തിൽ :




ഭൂമി എന്ന ചരക്കിന്റെ സാക്ഷാത്ക്കാരം ഇല്ലാതാക്കണം;

വിളകൾ എന്ന ചരക്കുകളുടെ സാക്ഷാത്ക്കാരം ഉറപ്പാക്കണം.




2) മേലെ പറഞ്ഞ മാറ്റത്തിനനുസരിച്ച്

വിപണിയെ നിയന്ത്രിക്കാൻ വേണ്ട നടപടികൾ രണ്ടു തരത്തിൽ സ്വീകരിക്കണം:




a ) ആസൂത്രിത ഭൂവിനിയോഗം കർശനമാക്കിക്കൊണ്ട് ഭൂമി ഊഹക്കച്ചവടത്തിന് പറ്റാത്ത ചരക്കാക്കണം;




b) വിളകൾ നല്ല രീതിയിൽ

സാക്ഷാത്കാര ശേഷിയുള്ള അളവിലും ഗുണത്തിലും ഉള്ളവയായി മാറ്റണം.

അതായത്,

കാർഷികോത്പാദനം ഗുണമേന്മയോടെ വർദ്ധിക്കണം;

അവയുടെ സംഭരണവും സംസ്ക്കരണവും ഉറപ്പാക്കാൻ തക്ക

പ്രാഥമിക കാർഷിക വ്യവസായങ്ങൾ തക്കതായ രീതിയിൽ സൃഷ്ടിക്കണം.




ഇതാണ്

ജനാധിപത്യ വിപ്ലവത്തിന്റെ

രണ്ടാം കാർഷിക ഘട്ടത്തിന്റെ വിപ്ലവ താത്പര്യം.




ഇതിന് എതിരാവുന്ന എന്ത് പ്രവൃത്തിയും

എന്തു ''നല്ല ഉദ്ദേശ" ത്തോടെയായാലും പ്രതിവിപ്ലവത്തിന്റെ യന്ത്രത്തിന്

എണ്ണ കൊടുക്കലായി ഭവിക്കും

എന്നതാണ് യാഥാർത്ഥ്യം.




ഈ സാഹചര്യത്തിൽ ഒരു സങ്കീർണാവസ്ഥ ഉത്ഭവിച്ചിട്ടുണ്ട് എന്നത് ശരിയാണ്.




ഭൂപരിഷ്ക്കരണത്തിന്റെ ഒന്നാം ഘട്ടത്തിലെ ഒന്നാമത്തെ ഫേസ് ആയ

കുടിയാൻമാർക്ക് പട്ടയം ലഭിക്കൽ എന്നത് നടപ്പായെങ്കിലും

രണ്ടാമത്തെ ഫേസ് ആയ

മിച്ചഭൂമി വിതരണം നടന്നില്ല.




അതേ സമയം,




ജനാധിപത്യ വിപ്ലവത്തിന്റെ രണ്ടാം കാർഷിഘട്ടം എത്തിച്ചേരുകയും ചെയ്തു.

അതാകട്ടെ,

മുഖ്യമായും കുത്ത മുതലാളിത്തത്തിനും

ഫിനാൻസ് മൂലധനത്തിന്റെ തുളച്ചുകയറ്റത്തിനും ഇൻറഗ്രേഷനും എതിരാണ് താനും.




ജനാധിപത്യ വിപ്ലവത്തിന്റെ

ഈ രണ്ടാം കാർഷിക ഘട്ടത്തിനനുസരിച്ച് ഭൂപരിഷ്ക്കരണത്തിനും രണ്ടാം ഘട്ടമുണ്ട്.

അത് ചെറുകിടയായി ഭിന്നിച്ച ഭൂമി സമാഹരിച്ച് ,

പല പടികളിലൂടെയും അടവുകളിലൂടെയുമാണെങ്കിലും,

സാമൂഹ്യ ഉടമസ്ഥതയിലേക്കും

സാമൂഹ്യ ഉത്പാദനത്തിലേക്കും നയിക്കുക;

കൂടെ,

ഉത്പാദനം ആധുനീകരിക്കുക എന്നതാണ്.




പഞ്ചായത്തീരാജ് + ഉത്പാദക സഹകരണ സംഘങ്ങൾ + പൊതുമേഖലാ വ്യവസായങ്ങളും സർക്കാർ വകുപ്പുകളും

എന്ന ത്രികക്ഷി സംവിധാനം

ഗ്രാമതലം മുതൽ മുകളറ്റം വരെ വിന്യസിച്ച് ജാഗ്രതയോടെ പ്രവർത്തിപ്പിക്കുക

എന്നതാണ്

മേൽപ്പറഞ്ഞ ലക്ഷ്യം നേടാനുളള ഇപ്പോഴത്തെ യുക്തമായ അടവ്.




അപ്പോൾ,

'മിച്ചഭൂമി വിതരണം ' എന്ന

'ഭൂപരിഷ്ക്കരണം ഒന്നാം ഘട്ടത്തിലെ

രണ്ടാമത്തെ ഫേസ് ' ഉപേക്ഷിക്കണം എന്നാണോ?

അല്ല.

അത്

ജനാധിപത്യ വിപ്ലവത്തിന്റെ

രണ്ടാം കാർഷിക ഘട്ടത്തിനും

അതിന്റെ ഭാഗമായ

ഭൂപരിഷ്ക്കരണം രണ്ടാം ഘട്ടത്തിനും ഉൾപ്പെടുത്തി നടപ്പാക്കണം.