P C UNNICHEKKAN Writes--ഇന്ത്യ എന്ന ഉപഭൂഖണ്ഡത്തെ ശിഥിലീകരിക്കുക എന്ന അമേരിക്കൻ സാമ്രാജ്യത്വ പദ്ധതിയും അതിന് കർസേവ നടത്തുന്ന ബിജെപിയും
'ദേശീയമായ മിഥ്യാഭിമാനത്തിന്റെ തകരചെണ്ടകൾ ഉയർന്നുകേൾക്കുന്ന കാലം' എന്ന് കേസരി ബാലകൃഷ്ണപിള്ള വര്ഷങ്ങള്ക്ക് മുൻപെഴുതിയ വാക്കുകൾ ഇന്ന് അന്വർത്ഥമാവുകയാണ്. വാക്ക് അർത്ഥത്തെ മൊഴി ചൊല്ലുന്ന സത്യാനന്തര കാലമാണിത്. മോദിയും സംഘവും സ്വാതന്ത്രം എന്ന് പറഞ്ഞാൽ പാരതന്ത്ര്യം എന്നും ദേശീയത എന്നുപറഞ്ഞാൽ സാമ്രാജ്യത്വദാസ്യമെന്നും വികസനമെന്ന് പറഞ്ഞാൽ മുരടിപ്പെന്നും ക്ലീൻ ഇന്ത്യ എന്ന് പറഞ്ഞാൽ പൗരാവകാശങ്ങളും മൗലീകവകാശങ്ങളും ഇല്ലാത്ത ഇന്ത്യയെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. തൊഴിലാളികളെ ദൈവത്തോട് ഉപമിച്ചതുവഴി ദൈവങ്ങൾക്ക് ഭക്ഷണമാവശ്യമില്ലെന്നും അവർക്ക് തൊഴിലവകാശങ്ങൾ വേണ്ടാ എന്നും തെളിയിക്കുകയാണ്. സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഉരുകിത്തിളക്കലിൽ വിലക്കിച്ചേർക്കപ്പെട്ട ഇന്ത്യ എന്ന യാഥാർഥ്യത്തെ ഫിനാൻസ് മൂലധനത്തിന്റെ താത്പര്യാർത്ഥം ശിഥിലീകരിക്കുന്നതിനെയാണ് 'അഖണ്ഡത' എന്നിവർ വിശേഷിപ്പിക്കുന്നത്. മതത്തിന്റേയും ജാതിയുടേയും ഭാഷയുടേയും വംശത്തിന്റേയും ദൈവത്തിന്റേയും പേരിൽ ഭിന്നിപ്പിക്കുന്ന കർസേവയാണ് ഇന്ത്യയിൽ അരങ്ങേറുന്നത്. ഭിന്നിപ്പിക്കപ്പെട്ട വീടിന് നിലനില്പില്ലായെന്ന എബ്രഹാം ലിങ്കൺ വിശേഷിപ്പിച്ച ദുരവസ്ഥയിലേക്കാണോ രാജ്യം നീങ്ങുന്നത്?
ഇന്ത്യ എന്ന ഉപഭൂഖണ്ഡത്തെ ശിഥിലീകരിക്കുക എന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഒരു മോഹമാണ്.ഗാന്ധിജിയുടെ ദാരുണമായ കൊലപാതകത്തിന് ശേഷം ഇന്ത്യൻ രാഷ്ട്രീയ സാമൂഹ്യ അവസ്ഥയെക്കുറിച്ച് പഠിക്കാൻ അമേരിക്ക നിയോഗിച്ച ഒരു പഠനസംഘം ഹിന്ദുത്വത്തെ ഒരു രാഷ്ട്രീയ ശക്തിയാക്കി പരിവർത്തനപ്പെടുത്തണം എന്ന നിർദ്ദേശമാണ് അമേരിക്കൻ സർക്കാരിന് സമർപ്പിച്ചത്. അധികം വൈകാതെ 1951ൽ ജനസംഘം രൂപം കൊള്ളുകയുമുണ്ടായി. 1981ൽ വാഷിംഗ്ടണിൽ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്‌ട്ര സമ്മേളനത്തിലാണ് മൂവായോരത്തോളം ആരാധനാലായങ്ങളെ തർക്കവിഷയമാക്കാൻ തീരുമാനിച്ചത്. അമേരിക്കൻ CIAയുടെ കാർമികത്വത്തിൽ രൂപംകൊണ്ട 'കാർണഗി എന്ഡോമെന്റ ഫോർ ഇന്റർനാഷണൽ പീസ്'(Carnegie Endowment for International Peace)എന്ന സംഘടനയാണ് ബാബറി മസ്ജിദിന്റെ തകർച്ചയുടെ രൂപരേഖ തയ്യാറാക്കിയതും അതിന്റെ പ്രമുഖ നേതാവായ ക്രിസ് ബർഗ്ഗ് അതിന് ചുക്കാൻ പിടിച്ചതും.
1992 ഡിസംബർ ആറിന് ശേഷം അമേരിക്കൻ മാധ്യമങ്ങളും സാമ്രാജ്യത്വ ജിഹ്വകളും ഇന്ത്യയുടെ ശിഥിലീകരണത്തെ കുറിച്ച് ഏഴുതിക്കൊണ്ടിരിക്കുകയാണ്. 93 മാർച്ച് 2ന് വാഷിംഗ്ടൺ പോസ്റ്റിന്റെ എഡിറ്റോറിയലിൽ ഇന്ത്യയുടെ ശിഥിലീകരണത്തെക്കുറിച്ച് പറയുന്നുണ്ട്. സ്റ്റീവ് പോളും എഡ്വേഡ് ഗാർഗണും ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ സോവിയറ്റ് യൂണിയൻ ശിഥിലമായതുപോലെ ഇന്ത്യയും ശിഥിലീകരിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നു. ജർമൻ രാഷ്ട്രമീമാംസകനായ ജോൺ ലിസ്‌കിൻ എഴുതിയത് ബിജെപി അധികാരത്തിൽ വരുമെന്നും. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിക്കുമെന്നും അങ്ങനെയുണ്ടായാൽ അറുപതോ എഴുപതോ കഷണങ്ങളായി ഇന്ത്യ ശിഥിലീകരിക്കപ്പെടും എന്നുമാണ്. സർദ്ദാർ പട്ടേലും തത്തുല്യമായ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്. 'തത്വാധിഷ്ഠിതമായ നിലപാടുകൾ ഇല്ലാത്ത മനുഷ്യർ അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ ഐക്യം തകരും' എന്നാണ് അദ്ദേഹം പറഞ്ഞത്. വൈക്കോൽ മനുഷ്യരുടെ കൈകളിലേക്കാണ് ഇന്ത്യയുടെ അധികാരം കൈമാറുന്നതെന്ന് വിൻസ്റ്റൺ ചർച്ചിൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലീയെ വിമർശിക്കുകയുണ്ടായി. ഇന്ത്യക്കൊപ്പം ജന്മം കൊണ്ട പാകിസ്ഥാൻ പലപ്പോഴും പട്ടാളഭാരണത്തിലേക്ക് മൂക്കുകുത്തിയപ്പോഴും പരിമിതികളോടെയെങ്കിലും ഇന്ത്യൻ ജനാധിപത്യം നിലനിലക്കുന്നുണ്ട്(അടിയന്തരാവസ്ഥാ കാലം ഒഴിച്ചാൽ).
ഇത്തവണ മോദി അധികാരത്തിൽ വന്നാൽ 2024ൽ തെരെഞ്ഞെടുപ്പുണ്ടാകില്ല എന്ന സാക്ഷി മഹാരാജിന്റെ പ്രസ്താവന രാജ്യം എങ്ങോട്ട് നീങ്ങുന്നു എന്നതിന്റെ ആപത്സൂചനയാണ് നൽകുന്നത്. രാജ്യത്തെ ശിഥിലീകരിക്കാനുള്ള സാമ്രാജ്യത്വ മോഹത്തിന് കർസേവ നടത്തുന്ന ഇത്തരം ശക്തികളെ പരാജയപ്പെടുത്തേണ്ടത് ഓരോ ദേശാഭിമാനിയുടെയും കടമയാണ്.