P K Venugopalan (പരിഭാഷ)- സംഝോത എക്സ്പ്രസ്സ് സ്ഫോടന കേസ്: എൻ.ഐ.എ ഉള്ളപ്പോൾ പ്രതിഭാഗത്തിന് വേറെ വക്കീലെന്തിന്?
സംഝോത എക്സ്പ്രസ്സ് സ്ഫോടന കേസ്:
എൻ.ഐ.എ ഉള്ളപ്പോൾ
പ്രതിഭാഗത്തിന്
വേറെ വക്കീലെന്തിന്?
എം. കെ. വേണു
(എഡിറ്റർ, ദി വയർ)
മലയാള പരിഭാഷ-പി.കെ വേണുഗോപാലന്‍
രാജ്യത്തെ നടുക്കിയ ഒരു
ഭീകരാക്രമണക്കേസിന്റെ വിചാരണ പൂർത്തിയാവുമ്പോൾ "ഏറ്റവും മികച്ച
തെളിവുകൾ" പ്രോസിക്യൂഷൻ "മറച്ചുവെച്ചു"വെന്നും അവ
രേഖപ്പെടുത്തിയില്ല എന്നും അത് പ്രതികളെ വെറുതെ വിടുന്നതിന് വഴിയൊരുക്കിയെന്നും
ന്യായാധിപൻ തന്നെ വിലപിക്കുന്നത് ഏതൊരു രാഷ്ട്രത്തിന്റെയും മന:സാക്ഷിയെ പിടിച്ചു
കുലുക്കേണ്ടതാണ്.
10 ഇന്ത്യക്കാരും 43 പാക്കിസ്ഥാൻ പൗരന്മാരും ഉൾപ്പെടെ 68 പേരുടെ
കൊലപാതകത്തിന് കാരണമായ സംഝോത എക്സ്പ്രസ് ബോംബ് സ്ഫോടനക്കേസ് വിചാരണ നടത്തിയ
സ്പെഷ്യൽ ജഡ്ജി ജഗ്ദീപ് സിങ്, രാജ്യത്തെ ഭീകരപ്രവർത്തനങ്ങളെ
പറ്റി അന്വേഷണം നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഏജൻസിയായ നാഷണൽ ഇൻവെസ്റ്റിഗേഷൻ
ഏജൻസി (എൻ.ഐ.എ)യെ അതിരൂക്ഷമായാണ് വിമർശിച്ചത്. പല സാക്ഷികളേയും
വിസ്തരിക്കുന്നതിലും ഏറ്റവും നല്ല തെളിവുകൾ ഹാജരാക്കുന്നതിലും പ്രോസിക്യൂഷൻ
പരാജയപ്പെട്ടതു മൂലം എല്ലാ പ്രതികളേയും വിട്ടയക്കാൻ താൻ
നിർബ്ബന്ധിതനാവുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണവുമായി
ബന്ധപ്പെട്ട ഗൗരവതരമായ ഇത്തരം കേസുകളിൽ
പോലും എൻ.ഐ.എ യെ പോലുള്ള സുപ്രധാന അന്വേഷണ ഏജൻസികൾ ഇങ്ങനെയാണു പെരുമാറുന്നതെങ്കിൽ
ഇന്ത്യയിലെ കുറ്റാന്വേഷണ വ്യവസ്ഥക്കും പ്രോസിക്യൂഷൻ സംവിധാനത്തിനും എന്തു
വിശ്വാസ്യതയാണ് ഉള്ളത് എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം. എല്ലാത്തരം
ഭീകരപ്രവർത്തനങ്ങൾക്കുമെതിരെ ആഗോളതലത്തിൽ കേസെടുക്കാൻ ശ്രമം
നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യ ഇതിലൂടെ ലോകത്തിനു നൽകുന്ന സൂചനകൾ എന്താണ്?
വാസ്തവത്തിൽ ഈ കേസ് വളരെ
സവിശേഷതകളുള്ള ഒന്നായിരുന്നു. 2007 ഫെബ്രുവരിയിൽ നടന്ന സംഝോത
എക്സ്പ്രസ്സ് സ്ഫോടനം ഹൈദ്രാബാദിലെ മെക്ക മസ്ജിദിലും അജ്മീർ ഷെരീഫിലും മലേഗാവിലും
നടന്ന സമാനസ്വഭാവമുള്ള സ്ഫോടനങ്ങളുമായി ബന്ധമുള്ളതായിരുന്നു. കുറ്റപത്രത്തിൽ
പറഞ്ഞിരിക്കുന്നതനുസരിച്ച് ഈ സ്ഫോടനങ്ങളുടെ പിന്നിൽ പ്രവർത്തിച്ച ഗൂഢസംഘത്തിന്റെ
പ്രധാന മസ്തിഷ്ക്കമായിരുന്നത് സ്വാമി അസീമാനന്ദ (നബകുമാർ സർക്കാർ) യായിരുന്നു. അതു
തന്നെയായിരുന്നു ഈ കേസുകളെ പരസ്പരം ബന്ധപ്പെടുത്തുന്ന പ്രധാന ഘടകവും.
നിർഭാഗ്യവശാൽ
"ഹിന്ദുത്വ ഭീകരത"യുമായി ബന്ധപ്പെട്ട കേസുകളെന്ന നിലയിൽ ഈ സ്ഫോടനങ്ങൾ
രാഷ്ടീയവത്ക്കരിക്കപ്പെട്ടു. ബി.ജെ.പി. സർക്കാർ അധികാരത്തിൽ വന്നതോടെ ഈ കേസുകളിൽ
വെള്ളം ചേർക്കാൻ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും ആസൂത്രിതമായ ശ്രമങ്ങൾ തന്നെ നടന്നു.
"ഹിന്ദുത്വ ഭീകരത എന്നൊന്ന് ഇല്ല" എന്നു കരുതുന്നവരോട് തങ്ങൾക്കുള്ള
അനുഭാവം പരസ്യമായി പ്രകടിപ്പിക്കുന്ന ആളുകൾ പോലും എൻ.ഐ.എയുടെ തലവൻമാരായി വന്നു.
സംഝോത സ്ഫോടന കേസിൽ തികഞ്ഞ
ഉത്ക്കണ്ഠയോടെ ജഡ്ജിമാർ നിരീക്ഷിച്ച ഒരു കാര്യമുണ്ട്. "പ്രോസിക്യൂഷൻ
ഹാജരാക്കിയ തെളിവുകളിൽ പ്രകടമായ വിള്ളലുകളുണ്ട്. ഒരു ഭീകരപ്രവർത്തനമാണ്
തെളിയിക്കപ്പെടാതെ പോകുന്നത്. ഭീകരവാദത്തിന് മതമില്ല; എന്തെന്നാൽ ലോകത്തിൽ ഒരു മതവും അക്രമത്തിനു വേണ്ടി വാദിക്കുന്നില്ല. ഒരു
കോടതിയും ജനപ്രിയ നിലപാടുകളേയോ പൊതുവികാരങ്ങളിൽ പ്രമുഖമായിരിക്കുന്നതിനേയോ
അടിസ്ഥാനമാക്കി പ്രവർത്തിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടില്ല. രേഖപ്പെടുത്തപ്പെട്ട
തെളിവുകളെയാണ് കോടതികൾ ആധാരമാക്കേണ്ടത് ...... "
ഒരു നീതിന്യായ കോടതി അതാതു
കാലത്തെ പൊതുവികാരത്തെ അടിസ്ഥാനമാക്കിക്കൊണ്ടല്ല പ്രവർത്തിക്കേണ്ടതെന്ന ജഡ്ജിയുടെ
പ്രസ്താവന, തുടക്കം മുതൽ തന്നെ ഈ ബോംബു സ്ഫോടന കേസുകളെ
ഭൂരിപക്ഷ വർഗ്ഗീയതയുടെ കാഴ്ചപ്പാടിലൂടെ മാത്രം നോക്കിക്കണ്ടിരുന്ന മോദി
സർക്കാരിനെതിരെ നടത്തിയ ശക്തമായ വിമർശനം തന്നെയാണ്. പ്രധാനപ്പെട്ട തെളിവുകളൊന്നും
കോടതിക്കു മുന്നിൽ കൊണ്ടുവരേണ്ടതില്ലെന്ന നിലപാട് എൻ.ഐ.എക്ക് ഉണ്ടായിരുന്നുവെന്ന
കാര്യം ജഡ്ജി നേരത്തെ തിരിച്ചറിയേണ്ടതായിരുന്നു. പഴയ ദൽഹി റെയിൽവേ സ്റ്റേഷനിലെ
സിസിടിവി ക്യാമറകൾ പോലും കോടതിക്കു മുന്നിൽ ശരിയായ രീതിയിലുള്ള തെളിവുകളായി
കൊണ്ടുവരികയുണ്ടായില്ലെന്ന് 160 പേജുള്ള വിധിന്യായത്തിൽ
കോടതി നിരീക്ഷിക്കുന്നതിൽ യാതൊരു അത്ഭുതവുമില്ല.
ഹൈദ്രാബാദിലെ മെക്ക മസ്ജിദ്
സ്ഫോടന കേസിലും പ്രോസിക്യൂഷൻ കേസിനെ എൻ.ഐ.എ അട്ടിമറിച്ചത് ഇതേ രീതിയിൽ
തന്നെയായിരുന്നു. ആ കേസിലും പ്രധാന പ്രതി അസീമാനന്ദ തന്നെയായിരുന്നു. തനിക്ക് ഈ
സ്ഫോടനത്തിലുള്ള പങ്കിനെപ്പറ്റി ജയിലിലെ മറ്റൊരു സഹതടവുകാരനോട് അസീമാനന്ദ നടത്തിയ
കുറ്റസമ്മതവും അയാളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗവുമായിരുന്നു തെളിവുകളുടെ
ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ഈ സഹതടവുകാരൻ ആ സമയത്ത് ജയിലിൽ
ഉണ്ടായിരുന്നുവെന്നതിന് തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്നതാണ്
അസീമാനന്ദയെ കുറ്റവിമുക്തനാക്കുന്നതിന് ജഡ്ജിയെ പ്രേരിപ്പിച്ച കാരണങ്ങളിൽ ഒന്ന്.
അസീമാനന്ദയും സഹതടവുകാരനും ഒരേ സമയത്തു തന്നെ ജയിലിൽ ഉണ്ടായിരുന്നുവെന്നു
തെളിയിക്കാൻ ജയിൽ റജിസ്റ്റർ കോടതിയിൽ ഹാജരാക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു. ഈ
പ്രാഥമിക തെളിവു ഹാജരാക്കാൻ പോലും എൻ.ഐ.എ തയ്യാറായില്ല.
കേസുകളെ ദുർബ്ബലമാക്കുക
എന്നതായിരുന്നു അവരുടെ ഉദ്ദേശം. ഇപ്പോൾ ജഡ്ജി തന്നെ സ്പഷ്ടമായ ഭാഷയിൽ അതു പറഞ്ഞു
കഴിഞ്ഞിരിക്കുന്നു. പ്രോസിക്യൂഷൻ വ്യവസ്ഥ എങ്ങനെയാണു അട്ടിമറിക്കപ്പെട്ടത് എന്നതിൽ
ഇനി സംശയിക്കേണ്ടതില്ല.
മോദി - അമിത് ഷാ ഭരണത്തിനു
കീഴിൽ കുറ്റാന്വേഷണ, കുറ്റവിചാരണ സംവിധാനങ്ങൾ ഗുരുതരമാം
വിധം തകർക്കപ്പെട്ടു എന്നു പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല. 2ജി സ്പെക്ട്രം പോലുള്ള അഴിമതി കേസുകളുടെ വിചാരണയിൽ പോലും പ്രത്യേക ജഡ്ജി
സമാനമായ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഭരണത്തിൽ സ്വാധീനമുള്ള കുത്തക, കോർപ്പറേറ്റ് കുടുംബങ്ങൾ
ഉൾപ്പെടുന്ന പ്രതികൾക്കെതിരെയുള്ള കേസുകളിൽ വെള്ളം ചേർക്കാൻ പ്രോസിക്യൂഷൻ
മന:പൂർവ്വം ശ്രമിച്ചതായി ജഡ്ജി സൂചിപ്പിച്ചിരുന്നു.
ഒടുവിലായി, സംഝോത എക്സ്പ്രസ്സ് സ്ഫോടന കേസിൽ സർക്കാർ എത്ര മാത്രം പക്ഷപാതപരമായ
നിലപാടാണു സ്വീകരിച്ചത് എന്നതിനെ തെളിയിക്കുന്ന ഒരു പ്രസ്താവന കേന്ദ്ര ആഭ്യന്തര
വകുപ്പു മന്ത്രി പരസ്യമായി തന്നെ നടത്തുകയും ചെയ്തു. കോടതി വിധി പൂർണ്ണമായും
പുറത്തു വരുന്നതിനു മുമ്പു തന്നെ "പ്രോസിക്യൂഷൻ മേൽ കോടതിയിൽ അപ്പീൽ നൽകുവാൻ
ഉദ്ദേശിച്ചിട്ടില്ല" എന്ന് അദ്ദേഹം പറഞ്ഞപ്പോൾ നിയമ വ്യവസ്ഥയിലും നീതിന്യായ
സംവിധാനങ്ങളിലും വിശ്വസിക്കുന്നവരെ സംബന്ധിച്ചേടത്തോളം അതു തീർച്ചയായും
ഞെട്ടലുളവാക്കുന്നതായിരുന്നു.