CPI-ML റെഡ് ഫ്ലാഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന:
തീയതി: 27/10/2018
ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും സ്ത്രീപ്രവേശനത്തെ വിലക്കുന്ന ആചാരങ്ങൾ അസംബന്ധമാണെന്ന് തുറന്നുകാട്ടുകയും ചെയ്ത സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടത്തിയ കടന്നാക്രമണത്തെ CPI-ML റെഡ് ഫ്ലാഗ് ശക്തിയായി അപലപിക്കുന്നു. ആരാധനയും ആധ്യാത്മികതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മതനിരപേക്ഷ(സെക്കുലർ) നിലപാടുകൾ പുലർത്തിപ്പോരുന്ന സന്ദീപാനന്ദഗിരിക്ക് നേരെ നടന്ന ഒരു വധശ്രമം തന്നെയാണ് ഇക്കഴിഞ്ഞ രാത്രിയിൽ അദ്ദേഹത്തിന്റെ ആശ്രമത്തിലേക്ക് നടന്ന കടന്നുകയറ്റവും തീവയ്പ്പും.
ഹിന്ദുമതവുമായി ബന്ധപ്പെട്ട ആരാധനകളുടെയും ആധ്യാത്മിക വ്യാഖ്യാനങ്ങളുടെയും കാര്യങ്ങളിൽ സന്ദീപാനന്ദഗിരി കൈക്കൊള്ളുന്ന നിലപാടുകളിൽ അസഹിഷ്ണുത പൂണ്ട പ്രതിലോമ ശക്തികൾ മുമ്പും അദ്ദേഹത്തിനെതിരെ വധശ്രമങ്ങൾ നടത്തിയിട്ടുണ്ട്. സെക്കുലർ നിലപാടുകളിൽ നിന്നും ഉയർന്നുവരുന്ന ആശയങ്ങളെ ചെറുത്തുതോല്പിക്കാൻ ആവാത്തതുകൊണ്ടാണ് ശാരീരിക ആക്രമണമെന്ന ഭീരുത്വം നിറഞ്ഞ നിലപാടിലേക്ക് പിന്തിരിപ്പൻ വർഗ്ഗീയ ശക്തികൾ ചെന്നെത്തുന്നത്.
ശബരിമല സ്ത്രീപ്രവേശന പ്രശ്നത്തിൽ യുക്തിപരമോ നീതിപൂർവ്വകമോ ന്യായയുക്തമോ ആയ നിലപാടില്ലാത്ത സാമുദായിക ശക്തികളും സംഘപരിവാരവും സംസ്ഥാനത്തെമ്പാടും അക്രമങ്ങൾ അഴിച്ചുവിടുകയാണ്. അതിന്റെ തുടർച്ചയെന്ന നിലയിലാണ് ഈ വിഷയത്തിൽ കോടതിവിധിയെ അനുകൂലിക്കുന്ന സെക്കുലർ നിലപാട് എടുക്കുന്നവർക്കെതിരെ ശാരീരികഹിംസയുടെ മാർഗ്ഗം സംഘപരിവാരം അവലംബിച്ച് തുടങ്ങിയിട്ടുള്ളത്. മതനിരപേക്ഷ നിലപാടുള്ള കേരളീയസമൂഹത്തിന് ഇത് അനുവദിച്ച് കൊടുക്കാനാവില്ല. സ്വാമി സന്ദീപാനന്ദഗിരിക്ക് നേരെ നടന്ന അക്രമം കേരളീയ സാമൂഹത്തിനെതിരായ കടന്നാക്രമണമാണെന്ന് കണ്ട് അതിനെ അപലപിക്കാനും അക്രമികളെ ഒറ്റപ്പെടുത്താനും എല്ലാ മതനിരപേക്ഷ-ജനാധിപത്യ ശക്തികളും മുന്നോട്ടുവരണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഈ അക്രമത്തിന് ഉത്തരവാദികൾ ആയവരെ അറസ്റ്റ് ചെയ്യാനും ഉചിതമായ നിയമനടപടികൾ സ്വീകരിക്കാനും അടിയന്തിര നടപടികൾ എടുക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
പി.സി. ഉണ്ണിച്ചെക്കൻ,
സംസ്ഥാന സെക്രട്ടറി,
CPI-ML റെഡ് ഫ്ലാഗ്.
സംസ്ഥാന സെക്രട്ടറി,
CPI-ML റെഡ് ഫ്ലാഗ്.