Charles George:--മോട്ടോര്‍ വാഹന നിയമം ഭേദഗതി - 2018 -ആഗോളവല്‍ക്കരണത്തിന്റെ രാജപാത.


                                     

     മോട്ടോര്‍ വാഹന നിയമം ഭേദഗതി - 2018                                     
ആഗോളവല്‍ക്കരണത്തിന്റെ രാജപാത.............

കുത്തകവല്‍ക്കരണത്തിന്റെ കുറുക്കു പാത............


ഇന്ത്യയിലെ മോട്ടോര്‍ മേഖലയില്‍ സമ്പൂര്‍ണ്ണമായ അഴിച്ചു പണി ലക്ഷ്യമിട്ട് 1988 ലെ മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്‍ രാജ്യസഭയുടെ അനുമതിയ്ക്കായി ജൂലൈ 23 ന് അവതരിപ്പിക്കുകയുണ്ടായി. ലോകസഭയിലെ തങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ച് അവിടെ ബില്‍ പാസ്സാക്കിയെടുക്കാന്‍ ബി.ജെ.പി.സര്‍ക്കാരിനായിട്ടുണ്ട്. എന്നാല്‍ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ശക്തമായ പ്രതിഷേധമാണ് സര്‍ക്കാരിന് നേരിടേണ്ടി വന്നത്.  2017 ഏപ്രില്‍ 10 ന് ലകസഭ പാസ്സാക്കിയ ബില്‍ കേന്ദ്രഗതാഗത വകുപ്പ് സഹമന്ത്രി മന്‍സുഖ് ലാല്‍ മാണ്ഡവ്യയാണ് ‘മോട്ടോര്‍ വാഹന ഭേദഗതി നിയമം 2018’ എന്ന് പരിഷ്‌ക്കരിച്ചുകൊണ്ട് രാജ്യസഭയില്‍ അവതരിപ്പിച്ചത്.

രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങിവെച്ച കോണ്‍ഗ്രസ് നേതാവ് ബി.കെ.ഹരിപ്രസാദ് റോഡ് സുരക്ഷയുടെ പേരില്‍ നിയമം പരിഷ്‌ക്കരിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതിനെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ പരിഷ്‌ക്കരിച്ച ബില്ലിലില്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍കൂടി അംഗമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ബില്ലിലുള്‍പ്പെടുത്തിയിട്ടില്ല.  വാഹന രജിസ്‌ട്രേഷനുള്ള അധികാരം സംസ്ഥാനങ്ങളില്‍ നിന്നും കവരുന്ന ഇവര്‍ വാഹന ഉടമകളില്‍നിന്നും വന്‍തുകയായിരിക്കും ഈടാക്കുകഎന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിലെ മനീഷ് മിശ്രയാകട്ടെ ഫെഡറലിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ നിരാകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ എല്ലാ അധികാരങ്ങളും കൈയ്യടക്കാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞു. തൊഴില്‍ മേഖലയിലും സാമ്പത്തിക മേഖലയിലും ഈ നിയമം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി സി.പി.ഐ(എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.കെ.രംഗരാജനും, എളമരം കരീമും ബില്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു.  സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ മരണമണിയാണ്് മുഴങ്ങുന്നത്. ചുരുങ്ങിയ നാളുകള്‍ക്കകം മേഖല കുത്തകകളുടെ കൈപ്പിടിയിലമരുന്ന സാഹചര്യമാണുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഡി.എം.കെ. യുടെയും, ആം ആദ്മി പാര്‍ട്ടിയുടെയും പ്രതിനിധികളും നിയമത്തിന്റെ ദോഷവശങ്ങള്‍ ശക്തമായി തുറന്നു കാട്ടി. ആവശ്യമായ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാല്‍ തങ്ങള്‍ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ബിജു ജനതാദള്‍ പ്രതിനിധി പ്രതാപ് കേസരിദേവ് പറഞ്ഞു. ചുരുക്കത്തില്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ ഒറ്റപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. ഇന്ത്യയിലെ മുഴുവന്‍ ട്രേഡ് യൂണിയന്‍ സംഘടനകളും പരിഷ്‌ക്കരിച്ച നിയമത്തിനെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ആഗോളവല്‍ക്കരണത്തിനനുകൂലമായി ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സമവായത്തെ ഉപയോഗപ്പെടുത്തി ബില്‍ അംഗീകരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്്. മോട്ടോര്‍ മേഖലയെ സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന നിയമഭേദഗതിക്കെതിരെ ആഗസ്റ്റ്് 7 ന് മോട്ടോര്‍ തൊഴിലാളി സംഘടനകളും, സംരംഭകരും പണിമുടക്കുകയാണ്.

1988 ലെ മോട്ടോര്‍ നിയമത്തില്‍ 233 വകുപ്പുകളാണടങ്ങിയിട്ടുള്ളത്. ഇതില്‍ 68 ഭേദഗതികളും, 28 പുതിയ വകുപ്പുകളും കൂട്ടിച്ചേര്‍ത്താണ് പുതിയ നിയമം കൊണ്ടുവരുന്നത്.  2014 ല്‍ നരേന്ദ്രമോഡി അധികാരത്തിലെത്തിയതിനെ തുടര്‍ന്നാണ് നിയമപരിഷ്‌ക്കരണത്തിനുള്ള നടപടികള്‍ തുടങ്ങിയത്. 2014 ലെ ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയര്‍ന്നു വന്നത്.  2015 ഏപ്രില്‍ 30 ന് തൊഴിലാളി സംഘടനകളുടെ മുന്‍കൈയ്യില്‍ അഖിലേന്ത്യാ വാഹന പണിമുടക്ക് നടന്നു. ചക്രസ്തംഭനം എന്ന പേരില്‍ നടത്തപ്പെട്ട ഈ പ്രക്ഷോഭത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളും, ട്രേഡ് യൂണിയനുകളും ദുര്‍ബ്ബലമായ സംസ്ഥാനങ്ങളില്‍ നിന്നടക്കം വിപുലമായ പങ്കാളിത്തമാണുണ്ടായത്. സ്വന്തം ആവശ്യങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യയിലെ മോട്ടോര്‍ മേഖലയില്‍പ്പെട്ടവര്‍ നടത്തുന്ന ആദ്യത്തെ പണിമുടക്കായി 2015 ഏപ്രില്‍ 30 ന്റെ സമരം മാറി.

ശക്തമായപ്രക്ഷോഭങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ പരിഷ്‌ക്കരിക്കുന്ന നിയമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജസ്ഥാന്‍ ഗതാഗതവകുപ്പ് മന്ത്രി ശ്രീ.യൂനുസ് ഖാന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുകയുണ്ടായി. പൊതുവില്‍ നിയമ പരിഷ്‌ക്കരണത്തെ സ്വാഗതം ചെയ്ത കമ്മിറ്റി റിപ്പോര്‍ട്ടിലെ പല നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് സ്വീകാര്യമായില്ല. തുടര്‍ന്ന് ചില ഭേദഗതികളോടെ 2016 ആഗസ്റ്റില്‍ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ബില്ല്  പരിശോധിക്കാന്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ നിയോഗിച്ചു.  2017 ഫെബ്രുവരിയില്‍ പാര്‍ലമെന്ററി കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും ആ റിപ്പോര്‍ട്ടും നിരാകരിച്ചുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം ലോകസഭയില്‍ ബില്‍ അവതരിപ്പിച്ചു ഗവണ്‍മെന്റ് പാസ്സാക്കിയത്.  രാജ്യസഭയിലും ബില്‍ പാസ്സാക്കുന്നപക്ഷം ഇത് നിയമമാകും..

‘മോട്ടോര്‍ വാഹന നിയമം 2018’ പാസ്സായി  നടപ്പാക്കുന്നതോടെ ദശലക്ഷക്കണക്കിന് മോട്ടോര്‍ തൊഴിലാളികളാണ് തൊഴില്‍രഹിതരാകാന്‍ പോകുന്നത്. സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷകള്‍ പടിപടിയായി നിരകത്തുകളില്‍ നിന്നും അപ്രത്യക്ഷമാകും. നിലവിലുള്ള ടാക്‌സി സംവിധാനവും പ്രതിസന്ധി നേരിടും.  കേരളത്തിലെ കെ.എസ്.ആര്‍.ടി. സി അടക്കമുള്ള ദേശസാല്‍കൃത ട്രാന്‍സ്‌പോര്‍ട്ട് വ്യവസായവും, സ്വകാര്യ ബസ് സംവിധാനവും തകരും.  നിലവിലുള്ള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളുകളും, സ്‌പെയര്‍ പാര്‍ട്‌സ് വില്‍പ്പന കേന്ദ്രങ്ങളും, ഓട്ടോമൊബൈല്‍ വര്‍ക്്‌ഷോപ്പുകളും, വാഹനബോഡി ബില്‍ഡിംഗ് കേന്ദ്രങ്ങളും അടച്ചുപൂട്ടപ്പെടും.  ആര്‍.ടി.ഒ. ഓഫീസുകളടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപ്രസക്തമാകും. ലൈസന്‍സ് വിതരണവും, വാഹനരജിസ്‌ട്രേഷനും സ്വകാര്യസംരംഭകര്‍ നടത്തും. ഇന്‍ഷുറന്‍സ് പ്രീമിയത്തിലും, പിഴ ശിക്ഷകളിലും കനത്ത വര്‍ദ്ധന വരുന്നതോടെ തിരിച്ച് യാത്രാകൂലികളിലും, ചരക്ക് കൂലികളിലും വലിയ വര്‍ദ്ധനവുണ്ടാകുകയും നിത്യോപയോഗ സാധനങ്ങളുള്‍പ്പെടെ സകല സാമഗ്രികള്‍ക്കും വന്‍ വിലക്കയറ്റവുമാണുണ്ടാകാന്‍ പോകുന്നത്.  ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ് ഈ നടപടികള്‍ ഏറെ ദോഷകരമായി ബാധിക്കുക.  വിവിധ മേഖലകളില്‍ ഇതുണ്ടാക്കുന്ന വിപത്തുക്കളെക്കുറിച്ച് ഇനി പരിശോധിക്കാം.

ഓട്ടോ-ടാക്‌സി മേഖല

1991 ല്‍ നരസിംഹറാവു സര്‍ക്കാര്‍ പുത്തന്‍ സാമ്പത്തിക നയം പ്രഖ്യാപിച്ചതിനു ശേഷം സമ്പദ്ഘടനയിലെ ആഗോള കുത്തകകളുടെ നീരാളിപ്പിടുത്തത്തിന്റെ ശക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. രാജ്യത്ത് നിലവിലുള്ള നിയമ വ്യവസ്ഥ തന്നെ അട്ടിമറിക്കപ്പെടുകയോ, കുത്തകകള്‍ക്ക് വേണ്ടി മാറ്റപ്പെടുത്തുകയോ ചെയ്തുകൊണ്ടിരിക്കുകയാണ്.  ഇത് ഏറ്റവും പ്രകടമായി പ്രത്യക്ഷപ്പെട്ടത് ടാക്‌സി-ഓട്ടോ രംഗത്താണ്. നിലവിലുള്ള സാഹചര്യത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് 2010 ല്‍ ഓല എന്ന ഓണ്‍ലൈന്‍ ടാക്‌സിയും, 2011 ല്‍ യൂബര്‍ എന്ന അമേരിക്കന്‍ കുത്തകയും, തുടര്‍ന്ന് മെരു എന്ന കമ്പനിയും ടാക്‌സി രംഗത്തേക്ക് പ്രവേശിച്ചു. സ്വന്തമായി ഒരു വാഹനത്തിന്റെ പോലും ഉടമസ്ഥതയില്ലാത്ത ഇവരുടെ കീഴില്‍ പതിനായിരക്കണക്കിന് വാഹനങ്ങളുടെ വലിയ വ്യൂഹമാണ് പണിയെടുക്കുന്നത്. രാജ്യത്തെയോ, സംസ്ഥാനങ്ങളിലെയോ ഒരു നിയമവും ഇവര്‍ക്ക് ബാധകമല്ല.  ഡെല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഹൈദ്രബാദ് തുടങ്ങിയ വന്‍ നഗരങ്ങളിലാണ് ഇവര്‍ ഇവരുടെ പ്രവര്‍ത്തനം ആദ്യം തുടങ്ങിയത്. സാധാരണക്കാരും, ഇടത്തരക്കാരുമായ  യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഓട്ടവും, ആകര്‍ഷകമായ സമ്മാനങ്ങളും വാഗ്ദാനം ചെയ്താണ് അവര്‍ മേഖല കൈയ്യടക്കിയത്. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ടാക്‌സികളുടെയും, ഓട്ടോകളുടെയും നിരക്ക് നിശ്ചയിക്കുന്നത് അതാത് കാലത്ത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന മോട്ടോര്‍ മേഖലയിലെ കമ്മീഷനുകളോ, നാറ്റ്പാക് പോലുള്ള സംവിധാനങ്ങളോ ആണ്. സാധാരണഗതിയില്‍ അഞ്ച് വര്‍ഷംവരെ ഈ നിരക്ക് പ്രാബല്യത്തിലുണ്ടാകും.  യൂബറിന്റെ നിരക്ക് ഓരോ ദിവസവും അവര്‍ നിശ്ചയിക്കും. സാധാരണഗതിയില്‍ ടാക്‌സി നിരക്കിനേക്കാള്‍ വളരെ താഴ്ന്ന നിരക്കാണെങ്കിലും തിരക്കുള്ള ദിവസങ്ങളിലും, സന്ദര്‍ഭങ്ങളിലും, ആഘോഷവേളകളിലും രണ്ടും മൂന്നും ഇരട്ടി വരെ ഇവര്‍ ഈടാക്കുന്നുണ്ട്. മേഖല അവര്‍ കയ്യടക്കിയതോടെ വര്‍ഷങ്ങളായി ഈ രംഗത്ത് പണിയെടുക്കുന്ന ടാക്‌സി-ഓട്ടോ തൊഴിലാളികളാണ് തെരുവാധാരമായിക്കൊണ്ടിരിക്കുന്നത്.  നിലവിലുള്ള നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇവര്‍ക്കെതിരെ ഇന്ത്യയില്‍ മാത്രമല്ല ലോകത്തെ മഹാനഗരങ്ങളിലൊക്കെ സമരങ്ങള്‍ അലയടിക്കുകയാണ്.

ഇന്ത്യയില്‍ ഈ കമ്പനികളുടെ രംഗപ്രവേശത്തോടെ വന്‍നഗരങ്ങളില്‍ ശക്തമായ സമരങ്ങളാണുയര്‍ന്നു വന്നത്. ഇവരുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരും മഹാരാഷ്ട്രയിലെ ദേവേന്ദ്രഫട്‌നാവിസും പ്രഖ്യാപനം നടത്തിയെങ്കിലും ഒന്നുമുണ്ടായില്ല. കേരള ഹൈക്കോടതിയില്‍ ടി.യു.സി.ഐ നല്‍കിയ കേസില്‍ കേരള സര്‍ക്കാര്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ ഇവരെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാരിനെ അതിനവകാശമുള്ളു എന്നും ചൂണ്ടിക്കാട്ടി. ഇവര്‍ക്കെതിരെ ദേശവ്യാപകമായി ഉയര്‍ന്നു വന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ 2014 ഡിസംബറില്‍ ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെടുകയുണ്ടായി.  ഇവക്കെതികെ ശക്തമായ നടപടിയെടുക്കുന്ന നിയമനിര്‍മ്മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ലോകസഭയില്‍ പ്രസ്താവിച്ചുവെങ്കിലും പേറെടുക്കാന്‍ പോയ ആള്‍ ഇരട്ടപെറ്റു എന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്.

വന്‍കിട വാഹന ഉടമകള്‍ (ഇവരെ അഗ്രിഗേറ്റ്‌സ് എന്നാണ് വിളിക്കുന്നത്) ആരാണ്  എന്ന് നിയമത്തില്‍ ് നിര്‍വ്വചിക്കുന്ന ഒരു വകുപ്പു കൂടി പുതിയ നിയമത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.ഇവരുടെ പ്രവര്‍ത്തനത്തിന് എല്ലാവിധ സംവിധാനവും  പുതിയ നിയമം ഉറപ്പ് നല്‍കിയിരിക്കുകയാണ്. ഈ സ്ഥാപനങ്ങളുടെ വാഹനമോടിക്കുന്ന തൊഴിലാളികള്‍ (അവര്‍ തൊഴിലാളികളല്ല, പാര്‍ട്ണര്‍മാരാണത്രേ ) സ്വന്തം വാഹനമോടിക്കുന്നവരാണ് തുച്ഛവരുമാനം മാത്രം ലഭിക്കുന്ന ഇവര്‍ക്ക് ബാങ്ക് വായ്പ പോലും തിരിച്ചടക്കാനാവാത്ത അവസ്ഥയാണിന്നുള്ളത്.  കുത്തക കമ്പനികള്‍ തമ്മിലുള്ള കഴുത്തറപ്പന്‍ മത്സരത്തിന്റെ ആദ്യഘട്ടത്തിനുശേഷം പലരും ലയനം, സംയോജനം, ഏറ്റെടുക്കല്‍ തുടങ്ങിയ നടപടികളിലൂടെ അവരുടെ പ്രവര്‍ത്തനം വിപുലീകരിക്കുകയാണ്. നിലവില്‍ പ്രതിസന്ധിയിലായ ഓട്ടോ, ടാക്‌സിമേഖലയുടെ തകര്‍ച്ച പൂര്‍ണ്ണമാവുകയാണ്.

രാജ്യത്ത് ഇന്ന് ഓട്ടോകളും, ടാക്‌സികളും ഓടിക്കുന്ന 90 ശതമാനം പേരും സ്വയം തൊഴില്‍ കണ്ടെത്തലിന്റെ ഭാഗമായി ഈ മേഖലയിലെത്തിയവരാണ്.  കാര്‍ഷിക, വ്യവസായിക മേഖലകളുടെ പ്രതിസന്ധി സൃഷ്ടിച്ച തൊഴിലില്ലായ്മയുടെ കൂടി സന്താനങ്ങളാണ് ഇവര്‍.  2016  2016 നവംബര്‍ 8ന് മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധന നടപടിയും, തുടര്‍ന്നുള്ള ജി.എസ്.ടി. യുടെ നടപ്പാക്കലും മൂലം ചെറുകിട ഇടത്തരം വ്യവസായങ്ങളു, കാര്‍ഷിക മേഖലയും തകര്‍ച്ചയെ നേരിടുകയാണ്. പ്രാരാബ്ധങ്ങള്‍ മൂലം ജനങ്ങള്‍ ഓട്ടോകളില്‍ കയറുന്നത് കുറച്ചു. പ്രതിദിനം 1000 രൂപ വരുമാനമുണ്ടായിരുന്നിടത്ത് ഒരു ഓട്ടോ ഡ്രൈവറുടെ വരുമാനം ഇപ്പോള്‍ 600-700 രൂപയായി കുറഞ്ഞിരിക്കുന്നു.  ചെലവുകളാകട്ടെ വര്‍ദ്ധിച്ചു വരികയാണ്. 2014 ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വരുമ്പോള്‍ പെട്രോ ്‌ളിന് 67.05 രൂപയായിരുന്നു ലിറ്ററിന് വില.  ഇപ്പോള്‍ അത് 80 രൂപയായി. ഡീസലിന്റെ വില 56.70 രൂപയില്‍ നിന്നും 72 രൂപയായി.  ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില ഇക്കാലത്തിനിടയില്‍ പകുതിയോളം കുറഞ്ഞ സാഹചര്യത്തിലാണിതെന്നോര്‍ക്കണം.  ഒരു ലിറ്റര്‍ ഡീസലിന് 16 രൂപയോളം കൂടി.  ഒരു ദിവസം 100 കീലോമീറ്റര്‍ ഓടുന്ന വണ്ടിക്ക് 5 ലിറ്റര്‍ ഡീസല്‍ വേണം.  പ്രതിവര്‍ഷം വിലവര്‍ദ്ധനവിന്റെ പേരില്‍ മാത്രം 25,000 രൂപ മുതല്‍ 30,000 രൂപയുടെ വരെ അധിക ചെലവാണ് ഒരാള്‍ക്കുണ്ടാകുന്നത്.

ഓട്ടോറിക്ഷകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം 2014 ല്‍ 3480രൂപയായിരുന്നത് ഇപ്പോള്‍ 8200 രൂപയായി കുത്തനെ വര്‍ദ്ധിപ്പിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് നിരക്കില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറായിട്ടുണ്ട്. ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ) യുടെ നടപടികളുടെ വന്‍തുക കുത്തക കമ്പനികള്‍ അടിച്ചു മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇതിനകം ഈ ഇനത്തില്‍ എത്ര രൂപ ലഭിച്ചുവെന്നതോ, എത്ര രൂപ കോമ്പന്‍സേഷന്‍ ഇനത്തില്‍ നല്‍കിയെന്നതോ ആയ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ഇനിയും ഐ.ആര്‍.ഡി.എ. മറുപടി നല്‍കിയിട്ടുമില്ല.  സ്വകാര്യ ഇന്‍ഷുറന്‍സ് കുത്തകകളുടെ ഇത്തരം പിഴിഞ്ഞൂറ്റലിനെ സഹായിക്കുന്ന നടപടിയാണ് പുതിയ നിയമത്തിലുള്ളത്.

ലൈസന്‍സെടുക്കല്‍, പുതുക്കല്‍, ഫിറ്റ്‌നസ്സ് പരിശോധന തുടങ്ങിയവയ്ക്കുള്ള ചാര്‍ജ്ജുകള്‍ കുത്തനെ കൂട്ടി. ഫിറ്റ്‌നസ്സ് ടെസ്റ്റ് നടത്തുന്നതിന് താമസം വന്നാല്‍ ഒരു മാസത്തേക്ക് 100 രൂപ പിഴയീടാക്കിയിരുന്നിടത്ത് ഇപ്പോള്‍ പ്രതിദിനം 50 രൂപ വീതം ഒരു മാസത്തേക്ക് 1500 രൂപയാക്കി  പിഴ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വര്‍ദ്ധിച്ച ജീവിത സാഹചര്യത്തില്‍ ഷെയര്‍ ടാക്‌സി ഇനത്തിലോ, ഒന്നോ രണ്ടോ പേരെയോ അധികമായി കയറ്റുകയോ ചെയ്താല്‍ ഓവര്‍ലോഡിന് 5000 രൂപ വരെ പിഴ നല്‍കണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.  അധികമായി കയറ്റുന്ന ഓരോ ആളിനും 200 രൂപ പിഴയും നല്‍കണം. ചുരുക്കത്തില്‍ തൊഴില്‍ സാന്ദ്രമായ ഈ മേഖലയില്‍ നിന്നും തൊഴിലാളികളേയും ചെറുകിടക്കാരെയും ഒഴിവാക്കി വന്‍ കുത്തകകള്‍ക്കായി രംഗമൊരുക്കാനാണ് പുതിയ പരിഷ്‌ക്കരണം വഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.

സമീപകാലത്ത് ഡെല്‍ഹി മെട്രോ സ്റ്റോപ്പുകളുമായി ബന്ധപ്പെട്ട് ഫീഡര്‍ സര്‍വ്വീസിന് അപേക്ഷ ക്ഷണിക്കുകയുണ്ടായി.  ആറോ അതിലധികമോ ഉള്ള വാഹന വ്യൂഹത്തിന്റെ ഉടമകള്‍ക്ക്് ഫീഡര്‍ സര്‍വ്വീസിന് (തുടര്‍ യാത്രാ സൗകര്യം) അനുമതി നല്‍കുന്ന ഒരു വിജ്ഞാപനമായിരുന്നു അത്. നിലവിലുള്ള ഓട്ടോകള്‍ക്ക് ഈ സംവിധാനമില്ലാത്തതിനാല്‍ അവ പുറന്തള്ളപ്പെടുകയും വന്‍കിടക്കാര്‍ മേഖല പിടിച്ചെടുക്കുകയും ചെയ്ത അനുഭവമാണുണ്ടായത്. നിയമം വരുന്നതിന് മുമ്പ് തന്നെ കുത്തകകള്‍ക്കുള്ള വഴി പരവതാനി വിരിച്ച് തയ്യാറാക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ കൊച്ചിയില്‍ മറിച്ചൊരു അനുഭവമാണുണ്ടായത്. കൊച്ചിയിലെ ഫീഡര്‍ യാത്രാ സൗകര്യം തൊഴിലാളികളുടെ സഹകരണ സംഘം രൂപീകരിച്ചുകൊണ്ട് നല്‍കിയിട്ടുണ്ട്. തൊഴില്‍ സാന്ദ്രമായ ഒരു മേഖലയില്‍ സമഗ്രമായ സഹകരണവല്‍ക്കരണവും ആധുനിക സാങ്കേതിക വിദ്യകളുടെ പ്രയോഗവും ആണ് നടപ്പില്‍ വരുത്തേണ്ടത്.  സഹകരണവല്‍ക്കരണ (ഇീീുലൃമശേമെശേീി) ത്തിനു പകരം കോര്‍പ്പറേറ്റുവല്‍ക്കരണ (ഇീൃുീൃമശേമെശേീി) ത്തിനാണ് മോദി സര്‍ക്കാരിന്റെ ഊന്നല്‍. നിയമപരിഷ്‌ക്കരണത്തിന്റെ ലക്ഷ്യവും അതുതന്നെ.

ദേശസാല്‍കൃത ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ അടച്ചു പൂട്ടലിലേക്ക്
മിതമായ നിരക്കില്‍ യാത്രചെയ്യാനുള്ള പൗരന്റെ അവകാശം കണക്കിലെടുത്താണ് 1950 ല്‍ ട്രാന്‍സ്‌പോര്‍ട്ട് ആക്ട് നടപ്പാക്കിയത്. ഈ നിയമത്തിന്റെ അടിസ്ഥാാനത്തിലാണ്് നമ്മുടെ കെ.എസ്.ആര്‍.ടി.സി. അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ സ്ഥാപിച്ചത്. പല വിദൂര ഗ്രാമങ്ങളേയും ആദിവാസി കേന്ദ്രമടക്കമുള്ള പിന്നാക്ക പ്രദേശങ്ങളേയും നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ചെലവു കുറഞ്ഞ യാത്രാ മാധ്യമമാണിത്. യാത്രയോടൊപ്പം കാര്‍ഷിക ഉല്‍പ്പന്നങ്ങളെ നഗര വിപണികളിലെത്തിക്കുന്നതിലും പരിമിതമായ തോതിലെങ്കിലും ഈ സംവിധാനത്തിന് കഴിയുന്നുണ്ട്. വിദ്യാര്‍ത്ഥികളടക്കമുള്ള വിഭാഗങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ യാത്രാ സൗകര്യമൊരുക്കുന്നതും ഈ വാഹനങ്ങള്‍ തന്നെ. തൊഴിലാളികള്‍ക്കുള്ള തൊഴിലവകാശങ്ങളും, ക്ഷേമനടപടികളും, പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങളും നല്‍കുന്നതും കോര്‍പ്പറേഷന്‍ ബസ്സുകളില്‍ മാത്രമാണ്.  ഇത്തരം സാമൂഹ്യ ബാധ്യതകള്‍ നിറവേറ്റുന്നതു മൂലം ഭൂരിപക്ഷം സംസ്ഥാന കോര്‍പ്പറേഷനുകളും ഭാരിച്ച നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതും അവയുടെ പ്രതിസന്ധിയുടെ ഇന്നത്തെ  സാഹചര്യത്തെ മുന്‍ നിര്‍ത്തി പുതിയ നിര്‍മ്മാണത്തിലൂടെ സ്വകാര്യവല്‍ക്കരണത്തിന് അരങ്ങൊരുക്കപ്പെടുകയാണ്.
നിയമഭേദഗതി നടപ്പിലാക്കുന്നതോടെ ഭരണഘടനാപരമായി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പരിരക്ഷകള്‍ ഇല്ലാതാകും. അവസാനഘട്ടം വരെ ഗതാഗത സംവിധാനം (ഹമേെ ാശഹലമഴല രീിിലരശേ്ശ്യേ) കൈകാര്യം ചെയ്യാനുള്ള അവകാശം സ്വകാര്യ കമ്പനികള്‍ക്കും നല്‍കാന്‍ പുതിയ നിയമം അനുവാദം നല്‍കുന്നു. വിവിധ മേഖലകളിലേക്കോ അന്തര്‍ സംസ്ഥാന റൂട്ടുകളിലേക്കോ പുതിയ ഭേദഗതി (88 എ വകുപ്പ്) പ്രകാരം കേന്ദ്രസര്‍ക്കാരിനോ, കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന പബ്ലിക് അതോറിറ്റിക്കോ റൂട്ടുകള്‍ നിശ്ചയിക്കാനും സ്‌കീമുകള്‍ നടപ്പാക്കാനും അധികാരം നല്‍കിയിരിക്കുകയാണ്.  പബ്ലിക് അതോറിറ്റിയെന്നു പറയുന്നത് കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ നിയമിക്കുന്ന കുത്തക കമ്പനികളോ അവരുടെ ബിനാമികളോ ആണ്.  അവരുടെ അനുവാദത്തോടെ രൂപീകരിക്കപ്പെടുന്ന പുതിയ ട്രാന്‍സ്‌പോര്‍ട്ട്് ബോഡീസ് അന്തര്‍ സംസ്ഥാന റൂട്ടുകള്‍ കൈയ്യടക്കും.   നമ്മുടെ കെ.എസ്.ആര്‍.ടി.സി.യ്ക്കടക്കം ഏറ്റവും ലാഭം നേടിക്കൊടുക്കുന്നത് അന്തര്‍ സംസ്ഥാന ദീര്‍ഘദൂര സര്‍വ്വീസുകളാണെന്നോര്‍ക്കുക. യാത്രാകൂലി നിശ്ചയിക്കുന്നതിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണം ഇല്ലാതാകുന്നതോടെ സ്വകാര്യകുത്തകകള്‍ യാത്രക്കാരെ കുത്തിപ്പിഴിയുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക. ഓണക്കാലത്ത് ബാംഗ്ലൂരില്‍ നിന്നും വരുന്ന സ്വകാര്യ സര്‍വ്വീസുകാര്‍  നടത്തുന്ന പകല്‍ക്കൊളള നാം ഓര്‍ക്കുക. ഇത്തരക്കാര്‍ക്ക് നിയമസാധുത ലഭിക്കുകയാണ്.. നിയമം വരുന്നതിന് മുമ്പ് തന്നെ ബി.ജെ.പി. ഭരിക്കുന്ന മധ്യപ്രദേശിലും, ഛത്തീസ്ഗഡിലും, ഝാര്‍ഖണ്ഡിലും സംസ്ഥാന റോഡ് കോര്‍പ്പറേഷനുകള്‍ അടച്ചു പൂട്ടിക്കഴിഞ്ഞു.  ഗുജറാത്തിലെ അഹമ്മദാബാദില്‍  കോര്‍പ്പറേഷന്റെ സര്‍വ്വീസുകള്‍ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി. ഒറീസ്സയിലും, ബീഹാറിലും ബസ്സുകളുടെ എണ്ണം ഗണ്യമായി വെട്ടിച്ചുരുക്കി.  മുംബെയിലെ ബെസ്റ്റ് കോര്‍പ്പറേഷനിലും, തെലുങ്കാനയിലും ബസ് തൊഴിലാളികള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. ഫെഡറലിസത്തിന്റെ നിരാസത്തോടൊപ്പം സ്വകാര്യവല്‍ക്കരണത്തിന്റെ ഭീഷണി ഡെമോക്ലിസിന്റെ വാള്‍ പോലെ എല്ലാ പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളും അഭിമുഖീകരിക്കുകയാണ്.

പുതിയ നിയമഭേദഗതി പൊതുഗതാഗത മേഖലയില്‍ മാധാവിത്തമുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളെ മാത്രമല്ല നിലവിലുള്ള സ്വകാര്യബസ് വ്യവസായത്തേയും തകര്‍ക്കും.  നൂറുകണക്കിന് ആധുനിക ബസുകളുമായി രംഗത്തെത്തുന്ന അഗ്രിഗേറ്റ്‌സ് എന്ന വമ്പന്‍ കമ്പനികള്‍ മിക്ക നഗരറൂട്ടുകളും കൈയ്യടക്കും.

ചരക്കു കടത്ത് മേഖലയുടെ പ്രതിസന്ധി മൂര്‍ച്ഛിക്കും
താങ്ങാനാവാത്ത ഇന്ധന വിലക്കയറ്റത്തിനും, നികുതി വര്‍ദ്ധനകള്‍ക്കും, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനക്കുമെതിരെയും, പുതിയ നിയമ ഭേദഗതിക്കുമെതിരെ ട്രക്ക് ഉടമ സംഘടനകള്‍ ജൂലൈ അവസാനം ഒരാഴ്ച നീണ്ടു നിന്ന പണിമുടക്ക് സമരം അഖിലേന്ത്യാതലത്തില്‍ നടത്തുകയുണ്ടായി, കേന്ദ്രസഹമന്ത്രിയുമായി ചര്‍ച്ച നടത്തി സമരം ഒത്തുതീര്‍പ്പായെങ്കിലും ഭീഷ.ണി ഒഴിയുന്നില്ല. ഈ രംഗത്തേക്ക് ടാറ്റയും, മഹീന്ദ്രയും അഗ്രിഗേറ്റര്‍മാരായി രംഗപ്രവേശം ചെയ്യുകയാണ്.  ലിങ്ക് എന്ന സ്ഥാപനം ഇപ്പോള്‍ത്തന്നെ പലനഗരങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

ട്രക്കുകള്‍ അടക്കേണ്ട ഇന്‍ഷുറന്‍സ് പ്രീമിയം തുക 2014 ല്‍ 16360 രൂപയായിരുന്നത് നാലുവര്‍ഷത്തിനിടയില്‍ 32,367 രൂപ (ഇരട്ടി) യായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഡീസല്‍ വിലവര്‍ദ്ധന മൂലം ഒരു വര്‍ഷം ഒരു ട്രക്കിന്് 2,50,200 രൂപയുടെ അധികചെലവും വരുന്നുണ്ട്. റോഡ് ടാക്‌സും, വിവിധ ഇനത്തിലുള്ള സെസ്സുകള്‍ക്കും പുറമെ യാതൊരു നീതീകരണവുമില്ലാതെ കനത്ത ടോളും നല്‍കേണ്ടി വരുന്നുണ്ട്. ആന്ധ്രയിലെ ഗുണ്ടൂരില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് ഒരു ട്രിപ്പ്് പോയിവരുമ്പോള്‍ ടോള്‍ ഇനത്തില്‍ മാത്രം 22,000 രൂപ (!) യാണ് ഒരു ട്രക്കിന് നല്‍കേണ്ടി വരുന്നത്.

നിയമഭേദഗതിയിലൂടെ ഓവര്‍ലോഡിന് ഈടാക്കുന്ന പിഴ ശിക്ഷയും ദുര്‍വ്വഹമാണ്. കൊച്ചി തുറമുഖത്തു നിന്നും കോഴിക്കോട്ടേക്ക് ടൈലുമായി പോയി വരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് 2400 രൂപയാണ്് വാടകയായി ലഭിക്കുന്നത്. ഇരുപത് അടിയുള്ള ഒരു കണ്ടെയ്‌നര്‍ ലോറിയില്‍ കയറ്റാവുന്ന ഭാരം 17 ടണ്ണായി നിജപ്പെടുത്തിയിട്ടുണ്ട്. സാധാരണഗതിയില്‍ 24-25 ടണ്‍ ടൈലുമായിട്ടാണ് അവര്‍ പോയി വരിക. പരിഷ്‌ക്കരിക്കുന്ന നിയമപ്രകാരം ഓവര്‍ലോഡിന് 20,000 രൂപയാണ് പിഴ. ടണ്ണൊന്നിന് 2000 രൂപ അധികം നല്‍കേണ്ടതുമുണ്ട്. ഓവര്‍ലോഡ് പിടിച്ചാല്‍ കോഴിക്കോട് പോകുന്ന വാഹനം 34,000 രൂപ വരെ പിഴയടക്കണം. വരുമാനം കേവലം 24,000 രൂപ മാത്രം ! ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഓവര്‍ലോഡ് വിഷയത്തില്‍ ചില നീക്കുപോക്കുകള്‍ നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടുണ്ട്. തുറമുഖത്ത് ഇന്നോടുന്ന 2000 വണ്ടികളില്‍ 1500 വാഹനങ്ങളും ഒറ്റ വണ്ടി മാത്രമുള്ള ഉടമകളുടേതാണ്. ഇന്ത്യയിലെ 80 ശതമാനം ട്രക്കുകളുടെയും ഉടമസ്ഥരും ഡ്രൈവര്‍മാരും ഒരാള്‍ തന്നെയാണ്. ഈ ചെറുകിട മേഖലയെയാണ് വമ്പന്‍ സ്രാവുകള്‍ക്ക് ഇരയായി നിയമത്തിലൂടെ നല്‍കുന്നത്. ടാറ്റയ്ക്കും, മഹീന്ദ്രയ്ക്കും പുറമേ സമീപ കാലത്ത് അമേരിക്കന്‍ കുത്തക കമ്പനികള്‍ കൂടി ചരക്ക് നീക്ക വ്യവസായത്തില്‍ താല്‍പ്പര്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത് ഗൗരവമേറിയ ഭീഷണിയാണ്.

സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിനും മരണമണി
രാജസ്ഥാനിലെഗതാഗതവകുപ്പ് മന്ത്രി യൂനുസ്ഖാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന് സംസ്ഥാന മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പു തന്നെ ഇല്ലാതാക്കാനുള്ള നിര്‍ദ്ദേശം നിര്‍ദ്ദിഷ്ട നിയമഭേദഗതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിവിധ ഇനത്തിലുള്ള ഫീസുകള്‍ ഈടാക്കാനും പിഴ ഈടാക്കാനുമുള്ള അവകാശവും സംസ്ഥാന ഗതാഗത വകുപ്പില്‍ നിന്നും എടുത്തു മാറ്റിയിട്ടുമുണ്ട്. പകരം കേന്ദ്രം നിശ്ചയിക്കുന്ന ഒരു അതോറിറ്റിയായിരിക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുക. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ മേഖലയിലെ നിയന്ത്രണം നഷ്ടപ്പെടുക മാത്രമല്ല ഈ മേഖലയില്‍ നിന്നുള്ള വരുമാനവും നഷ്ടപ്പെടും.  ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള വരുമാന സ്രോതസ്സും അതോടെ അടയുകയാണ്. ഈ ഡിപ്പാര്‍ട്ട്‌മെന്റിലെ പതിനായിരങ്ങളാണ് തെരുവിലേക്കെറിയപ്പെടുക.  ഫെബ്രുവരി 15 ന് ഡെല്‍ഹിയിലെ മാവ്‌ലങ്കര്‍ ഹാളില്‍ ചേര്‍ന്ന ദേശീയ കണ്‍വെന്‍ഷനില്‍ കേരളത്തിലെ മോട്ടോര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെയടക്കം ജീവനക്കാരുടെ  പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയും ചെയ്തു.

ലൈസന്‍സിന്റെ പേരില്‍ കൊള്ളയടി

ലൈസന്‍സുകള്‍ നല്‍കുന്ന സംവിധാനത്തിന് പുതിയ ഭേദഗതി വഴി മാറ്റം വരികയാണ്. 1988 ലെ നിയമപ്രകാരം ലൈസന്‍സിന് അപേക്ഷിക്കുന്ന അപേക്ഷകന്‍ നിശ്ചിത ദിവസം ഹാജരായി വാഹനവകുപ്പ് നടത്തുന്ന പ്രാഥമീക പരീക്ഷ ജയിച്ചാല്‍ മാത്രമേ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കുകയുള്ളു.  ഇതുമാറ്റി പകരം കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന ലൈസന്‍സിംഗ് അതോറിറ്റി ഇലക്‌ട്രോണിക്് സംവിധാനം വഴി ലേണേഴ്‌സ് ലൈസന്‍സ് അനുവദിക്കും.  നെറ്റ് വര്‍ക്ക് സേവനദാതാക്കളായ കുത്തകകള്‍ക്കും ഇത് വഴി വന്‍ വരുമാനം ലഭിക്കുകയാണ്. റോഡ് സുരക്ഷയ്ക്ക്് വേണ്ടി കൊണ്ടുവരുന്ന ഒരു നിയമ ഭേദഗതിയാണിതെന്നോര്‍ക്കുക.  അപേക്ഷകന്റെ ഭൗതിക സാന്നിധ്യം പോലുമില്ലാതെ പ്രാഥമിക ധാരണ പോലുമില്ലാത്തവര്‍ക്കും ലൈസന്‍സ് നല്‍കുന്നത് റോഡ് സുരക്ഷയെ തന്നെ അട്ടിമറിക്കുന്ന കാര്യമാണ്.

ഡ്രൈവിംഗ് സ്‌കൂളുകളുടെ ഗതി അധോഗതി
ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ഏറ്റവും ആധുനികവും പണച്ചെലവേറിയതുമായിരിക്കണമെന്ന് നിര്‍ദ്ദിഷ്ട നിയമഭേദഗതി നിര്‍ദ്ദേശിക്കുന്നുണ്ട്. ഡ്രൈവിംഗ് ടെസ്റ്റില്‍ മൂന്നു പ്രാവശ്യം പരാജയപ്പെട്ട ആള്‍ ഈ പരിശീലന കേന്ദ്രത്തില്‍ തിരുത്തല്‍ പഠനത്തിന് വിധേയനാകണം.  റീജണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററുകളെന്നറിയപ്പെടുന്ന ഈ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കേ ഇനി മേല്‍ ഡ്രൈവിംഗിന് അനുമതിയുള്ളൂ. 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടെസ്റ്റ്് ട്രാക്കുകള്‍  (റോഡ്) ഇവര്‍ക്കുണ്ടാകണം. ഇത് പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച (ആട്ടോമേറ്റഡ്)തുമായിരിക്കണം. കോടിക്കണക്കിന് രൂപ ചെലവ് വരുന്ന ഇത്തരം സെന്ററുകള്‍ അനുവദിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അതോറിറ്റി ആയിരിക്കും.   വന്‍കിട കുത്തക കമ്പനികള്‍ക്കു മാത്രമേ ഇത്തരം സെന്ററുകള്‍ സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോകാനുമാവൂ.  ഇതിനു കഴിയാതെ പോകുന്ന നിലവിലുള്ള ഡ്രൈവിംഗ് സ്‌കൂളുകള്‍ അടച്ചു പൂട്ടേണ്ടി വരും. വന്‍തുക മുടക്കി നടത്തുന്നതുകൊണ്ട് ലൈസന്‍സ് നേടാന്‍ വരുന്നവരില്‍ നിന്നും കനത്ത ഫീസായിരിക്കും ഇവര്‍ ഈടാക്കുക എന്നത് ഉറപ്പാണ്.

വാഹനങ്ങളുടെ രജിസ്‌ട്രേഷന് രജിസ്റ്റിംഗ് അതോറിററി രൂപീകരിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. വാഹന വ്യാപാരികളാണ് ഈ അതോറിറ്റിയില്‍ ഭൂരിപക്ഷവും. ഇവരാകട്ടെ വാഹന നിര്‍മ്മാതാക്കളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാകും പ്രവര്‍ത്തിക്കുക എന്നത് ഉറപ്പാണ്. താഴ്്ന്ന മോഡലിലുള്ളതും, കെട്ടിക്കിടക്കുന്നതുമായ വാഹനങ്ങള്‍ മുന്തിയതും പുതിയതുമായ മോഡലാക്കി രേഖകളില്‍ കാണിച്ച് വിറ്റഴിക്കുന്നതില്‍ വിരുതരായ ഇവരെത്തന്നെ രജിസ്‌ട്രേഷന്‍ ഏല്‍പ്പിക്കുന്നത് കോഴിയുടെ സംരക്ഷണം കുറുക്കനെ ഏല്‍പ്പിക്കുന്നതിന് തുല്യമായിരിക്കും.

ഗതാഗതസുരക്ഷയും, പിഴശിക്ഷകളും
വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷിതത്വം ഉറപ്പ് വരുത്താനുമാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഇന്ത്യയില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റി തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2014 ല്‍ റോഡപകടങ്ങളില്‍ 1,46,135 പേരാണ് കൊല്ലപ്പെട്ടതെങ്കില്‍ 2016 ല്‍ അത് 1,50,785 ആയി ഉയര്‍ന്നു. ഗുരുതരമായി പരിക്ക് പറ്റിയവരുടെ എണ്ണം മൂന്നു ലക്ഷം വരും. ഓരോ മണിക്കൂറിനിടയിലും 55 അപകടങ്ങളും, 17 മരണങ്ങളും ഉണ്ടാകുന്നുവെന്നാണ് കണക്ക്. ഇതൊഴിവാക്കാന്‍ ആധുനിക വാഹനങ്ങള്‍ വേണമെന്നും അപകടങ്ങളുണ്ടാക്കുന്നവര്‍ക്ക് കനത്ത പിഴ നല്‍കണമെന്നുമാണ് സര്‍ക്കാരിന്റെ വാദം.
എന്നാല്‍ റോഡപകടങ്ങളെ സംബന്ധിച്ച പഠനം ചൂണ്ടിക്കാട്ടുന്നത് ഭൂരിപക്ഷം അപകടങ്ങളും സംഭവിക്കുന്നത് പുതിയ വാഹനങ്ങള്‍ മൂലമാണെന്നാണ്.  5 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ട 40.3 ശതമാനം വാഹനങ്ങളും. 5 മുതല്‍ 10 വരെ വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ 32.7 ശതമാനമാണ്.  സര്‍ക്കാരിന്റെ കണക്ക് പ്രകാരം 80 ശതമാനം അപകടങ്ങള്‍ക്കും ഉത്തരവാദിത്തം ഡ്രൈവര്‍മാര്‍ക്കാണ്. എന്നാല്‍ ഡെല്‍ഹി ഐ.ഐ.ടി. യുടെ പഠനപ്രകാരം 10 ശതമാനം അപകടങ്ങള്‍ മാത്രമാണ് ഡ്രൈവറുടെ പിഴവ് കൊണ്ട് സംഭവിക്കുന്നത്.

റോഡുകളുടെ ശോച്യാവസ്ഥയാണ് അപകടങ്ങളുടെ പ്രധാന കാരണം.  റോഡ് നിര്‍മ്മാണത്തിലെ പിഴവുകള്‍, കുഴികള്‍, സിഗ്നല്‍ സംവിധാനത്തിന്റെ അപര്യാപ്തത, റോഡ്  മുറിച്ച് കടക്കാന്‍ യാത്രക്കാര്‍ക്ക് സുരക്ഷിത ലേനുകള്‍ ഇല്ലാത്തത്, സുരക്ഷയെ സംബന്ധിച്ച ബോധവല്‍ക്കരണത്തിന്റെ അഭാവം, വാഹനങ്ങളുടെ ബാഹുല്യം, പൊതുഗതാഗത സംവിധാനത്തിന്റെ തകര്‍ച്ച തുടങ്ങിയവയാണ് അപകടങ്ങള്‍ക്കുള്ള പ്രധാന ഹേതു. ഇക്കാര്യങ്ങള്‍ അവഗണിച്ച് വാഹനഉടമകള്‍ക്കും ഡ്രൈവര്‍ക്കും കനത്ത പിഴ ഈടാക്കി യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതുതലമുറ വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നതില്‍ ഭൂരിപക്ഷവും എന്ന കാര്യം മറച്ചുവച്ച് അവ ഉണ്ടാക്കുന്ന കുത്തകകള്‍ക്കു വേണ്ടിതന്നെയാണ് പുതിയ നിയമഭേദഗതിയെന്നത് പകല്‍ പോലെ സ്പഷ്ടമാണ്.

കുത്തക കമ്പനികളുടെ ബ്രാന്‍ഡഡ് സ്‌പെയര്‍പാര്‍ടുകള്‍ മാത്രമേ ഇനി വില്‍ക്കാനാവു എന്ന നിബന്ധന നടപ്പാക്കുന്നപക്ഷം ഭൂരിപക്ഷം സ്‌പെയര്‍പാര്‍ട് കടകളും അടച്ചു പൂട്ടപ്പെടും.  കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന അതോറിറ്റി ശുപാര്‍ശ ചെയ്യുന്ന വര്‍ക്ക്‌ഷോപ്പുകളില്‍ മാത്രമേ വാഹനങ്ങളുടെ ബോഡികള്‍ നിര്‍മ്മിക്കുകയും റിപ്പയര്‍ ചെയ്യാനുമാകൂ എന്ന നിബന്ധന നടപ്പാക്കുക കൂടി ചെയ്താല്‍ പരിനായിരക്കണക്കിന് സര്‍ക്ക്‌ഷോപ്പുകളാണ്് അടച്ചുപൂട്ടപ്പെടുക. ലക്ഷക്കണക്കായ തൊഴിലാളികളാണ് തെരുവിലേക്കെറിയപ്പെടുക.  കേരളത്തില്‍ കൊണ്ടോടി പോലുള്ള ബസ് ബോഡി ബില്‍ഡിംഗ് യൂണിറ്റുകളില്‍ കൊണ്ടുപോയി വാഹനം നിര്‍മ്മിക്കേണ്ടി  വരുന്ന സാഹചര്യത്തില്‍ അവര്‍ നിശ്ചയിക്കുന്ന വലിയ നിരക്ക് നല്‍കാന്‍ ബസ്സുടമകള്‍ ബാദ്ധ്യസ്ഥരാകും.

അപകടങ്ങള്‍ക്കും, ഗതാഗത നിയമലംഘനത്തിനും പിഴ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ വന്‍തോതില്‍ പ്രീമിയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിശ്ചിതതുക മാത്രമാണ് അവര്‍  അപകടങ്ങള്‍ക്ക്് നഷ്ടപരിഹാരമായി നല്‍കുന്നത്. അപകടത്തില്‍പ്പെടുന്ന മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് 5 ലക്ഷം രൂപയുമാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പരമാവധി നല്‍കുന്ന നഷ്ടപരിഹാരം.  അതിനും മുകളില്‍ നഷ്ടപരിഹാരം വിധിച്ചാല്‍ ഡ്രൈവറോ, വാഹനമുടമയോ ആണ് അത് നല്‍കേണ്ടത്. ഇത് ചെറുകിടക്കാരും സ്വയം തൊഴില്‍ കണ്ടെത്തിയവരുമായ ഈ മേഖലയിലെ സംരംഭകര്‍ക്ക് താങ്ങാവുന്നതുമല്ല. പല ഇനത്തിലുള്ള കുറ്റങ്ങള്‍ക്കുള്ള പിഴയും താങ്ങാനാവാത്തതാണ്.

റോഡ് ഗതാഗത രംഗത്ത് വാഹനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള നികുതികള്‍ ദുര്‍വ്വഹമാണ്. ബസ്സുകള്‍ക്കും, യാത്രാവാഹനങ്ങള്‍ക്കും 28 ശതമാനം ജി.എസ്.ടി അടയ്ക്കണം.  ഇതിന് പുറമെ 15 ശതമാനം സെസ്സ് കൂടി ചുമത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ടും ചേര്‍ത്ത് വാഹനത്തിന് 43 ശതമാനം നികുതിയാണ് നല്‍കേണ്ടി വരുന്നത്. ഇതുവരെ 27.8 ശതമാനം നികുതി കൊടുക്കേണ്ടി വന്ന സ്ഥാനത്താണിത്. ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ വില കുതിച്ചുയരാന്‍ ഇത് ഇടയാക്കും. ചരക്കുകൂലിയും വര്‍ദ്ധിക്കും. പൊതുഗതാഗത സംവിധാനത്തെ തന്നെ ഇത് പ്രതികൂലമായി ബാധിക്കും.

പെട്രോളിയം മേഖലയെ ദേശസാല്‍ക്കരിക്കുക
ഏഷ്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത് ഇന്ത്യയിലാണ്.  വിലയുടെ പകുതിയിലധികവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി രൂപത്തിലാണ് ഊറ്റിയെടുക്കുന്നത്. ജനാധിപത്യ അവകാശങ്ങള്‍ തുലോം കുറഞ്ഞ ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ സമീപ രാജ്യങ്ങളില്‍ പോലും ഇതിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കാണുള്ളത്. പെട്രോളിയം കൂടുതലും ഇറക്കുമതിയിലൂടെയാണ് ലഭിക്കുന്നത്. അന്താരാഷ്ട്ര വിപണിയുടെ ഏറ്റിറക്കങ്ങള്‍ നമ്മുടെ രാജ്യത്തും പ്രതിഫലിക്കുമെന്ന് ചുരുക്കം.  എന്നാല്‍ കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ പെട്രോളിയത്തിന്റെ വില അന്താരാഷ്ട്രതലത്തില്‍ പകുതിയില്‍ താഴെയായി കുറഞ്ഞിട്ടും ഇന്ത്യയില്‍ കുത്തനെ കൂടുന്നതിന് യാതൊരു യുക്തിയുമില്ല.  വില നിര്‍ണ്ണയ അവകാശം സര്‍ക്കാര്‍ കുത്തക കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിന്റെയും മേഖലയിലെ സ്വകാര്യവല്‍ക്കരണത്തിന്റേയും വിനാശകരമായ പ്രത്യാഘാതമാണിത്. പെട്രോളിയം മേഖലയെ ദേശസാല്‍ക്കരിക്കുക എന്ന ആവശ്യത്തിന് പ്രസക്തി വര്‍ദ്ധിക്കുന്ന സാഹചര്യമാണിത്. സ്വകാര്യവല്‍ക്കരണ നടപടികള്‍ക്ക് തുടക്കമിട്ട് താച്ചറിസം നടപ്പാക്കിയ ബ്രിട്ടണില്‍ പോലും ദേശസാല്‍ക്കരണത്തിന്റെ (റീനാഷണലൈസേഷന്‍) മുദ്രാവാക്യം ഉയര്‍ന്നു കഴിഞ്ഞു. ഈ നിലപാട് മുന്നോട്ട് വെച്ച ജെറമികോര്‍ബിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയത്തിനടുത്തെത്താനായതും ഇതുമായി കൂട്ടി വായിക്കണം.

വര്‍ദ്ധിക്കുന്ന ചെറുത്തു നില്‍പ്പും അഖിലേന്ത്യാ പണിമുടക്കും

വാഹന നിയമഭേദഗതിക്കെതിരെ നാം നടത്തുന്ന സമരം നാലു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 2015 ഏപ്രില്‍ 30 ന് രാജ്യവ്യാപകമായി നടന്ന പണിമുടക്ക് അതിന്റെ വൈപുല്യവും പങ്കാളിത്തവും കൊണ്ട് അധികാരികളെ ഞെട്ടിക്കുകയും തൊഴിലാളികളുടെ ആത്മവിശ്വാസം  വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റ്് 7 ന്റെ പണിമുടക്കുമായി  ബന്ധപ്പെട്ട് മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 15 ന് ഡെല്‍ഹിയിലെ മാവ്‌ലങ്കര്‍ ഹാളില്‍ നടന്ന ദേശീയ കണ്‍വെന്‍ഷനിലാണ് അഖിലേന്ത്യാ പണിമുടക്കിന്റെ ആശയം മുന്നോട്ട് വെയ്ക്കപ്പെട്ടത്. ഇന്ത്യയിലെ തൊഴിലാളി സംഘടനകള്‍ മാത്രമല്ല മേഖലയിലെ വിവിധ ഭാഗങ്ങളില്‍പ്പെടുന്ന സംരംഭകരും, ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. തുടര്‍ന്ന് മുംബൈയിലും ചെന്നൈയിലും, തിരുവനന്തപുരത്തും അഖിലേന്ത്യാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ വിപുലീകൃത യോഗങ്ങള്‍ നടന്നു. സംസ്ഥാനങ്ങളില്‍ നടന്ന കണ്‍വെന്‍ഷനുകള്‍ അതിന്റെ പങ്കാളിത്തം കൊണ്ട്് ശ്രദ്ധേയമായി. വിവിധ സംസ്ഥാനങ്ങളില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളിലെ തൊഴിലാളികളുടെ ശക്തമായ പണിമുടക്കുകള്‍ നടന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാര്‍ യോഗം ചേര്‍ന്ന് നിയമം ഇന്നത്തെ രൂപത്തില്‍ അവതരിപ്പിക്കരുതെന്നും അവ പരിഷ്‌ക്കരിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെടുകയുണ്ടായി. സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന വകുപ്പുകള്‍ നീക്കം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിയമഭേദഗതിയെ നാല് വര്‍ഷത്തോളം നീട്ടിക്കൊണ്ടുപകുവാന്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും കഴിഞ്ഞത് വലിയ നേട്ടമാണ്. എന്നാല്‍ ആഗോളവല്‍ക്കരണ നയങ്ങളുമായി ബന്ധപ്പെട്ട് ഭരണവര്‍ഗ്ഗങ്ങള്‍ക്കിടയിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയിലും ഉണ്ടായിട്ടുള്ള സമവായം ഒരു വലിയ വെല്ലുവിളിയാണ്. ഇതുപയോഗിച്ച് രാജ്യസഭയിലും ബില്‍ പാസ്സായാല്‍ പരിഷ്‌ക്കരിച്ച മോട്ടോര്‍ നിയമഭേദഗതിക്ക് നിയമ പ്രാബല്യം ലഭിക്കും.  ഓഗസ്റ്റ് 7 ന്റെ അഖിലേന്ത്യാ മോട്ടോര്‍ പണിമുടക്കിന്റെ പ്രസക്തി ഇവിടെയാണ്.

മോട്ടോര്‍ വെഹിക്കിള്‍ ഭേദഗതി നിയമം പിന്‍വലിക്കണമെന്നും  സംസ്ഥാനങ്ങളുടെ അവകാശ അധികാരങ്ങള്‍ സംരക്ഷിക്കണമെന്നും സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളടക്കമുള്ള പൊതുഗതാഗത മേഖലയെ സംരക്ഷിക്കണമെന്നും, മോട്ടോര്‍ തൊഴിലളികളുടെ മിനിമം കൂലി 24,000 രൂപയാക്കണമെന്നും, കുത്തകകളുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും മേഖലയെ സംരക്ഷിക്കണമെന്നും പെട്രോളിയം മേഖലയെ ദേശസാല്‍ക്കരിക്കണമെന്നും സമഗ്രമായ ഒരു ദേശീയ റോഡ് നയവും, വാഹന നയവും പ്രഖ്യാപിക്കണമെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള നിയമ പരിഷ്‌ക്കരണമാണ് നടത്തേണ്ടതെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ക്യാമ്പെയിനുകളും, പ്രക്ഷോഭങ്ങളും, തുടരേണ്ടതുണ്ട്. ദശലക്ഷക്കണക്കായ മോട്ടോര്‍ തൊഴിലാളികളുടെ അവകാശ സമരം ദശകോടികളായ ഇന്ത്യക്കാരുടെ ആവശ്യങ്ങളുമായി യോജിക്കുന്നതോടെ ഈ പ്രക്ഷോഭത്തിന് ദേശീയമാനം കൈവരുകയാണ്.