M.S Jayakumar:അടിയന്തരാവസ്ഥയും ഫാഷിസ്റ്റ് അപായവും: ശരിയായ ഇടതുപക്ഷ സമീപനമെന്ത്?




അടിയന്തരാവസ്ഥയും ഫാഷിസ്റ്റ് അപായവും:
 ശരിയായ ഇടതുപക്ഷ സമീപനമെന്ത്?

    -----എം.എസ് ജയകുമാര്‍

മോദിയുടെ കിരാത ഭരണത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം അണ പൊട്ടുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ  അടിയന്തരാവസ്ഥയെക്കാൾ ഭീകരമായ ഒരു അന്തരീക്ഷമാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഇന്ത്യയിലെ സംയുക്ത ട്രേഡ് യൂണിയനുകൾ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ  മോദി സർക്കാർ നയങ്ങൾക്കെതിരെ 16 പൊതു പണിമുടക്കുകൾ നടത്തി കഴിഞ്ഞിരിക്കുന്നു. രാജ്യത്ത് ആഗോളവൽക്കരണ നടപടികൾ ആരംഭിച്ചതിനുശേഷം മൂന്നര ലക്ഷത്തിലധികം കർഷകർ ആത്മഹത്യചെയ്തു കഴിഞ്ഞിരിക്കുകയാണ്.  കാർഷികമേഖലയുടെ തകർച്ച ക്കെതിരെയും കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കർഷകർ സമരപാതയിലാണ്. വിദ്യാർത്ഥികളും യുവജനങ്ങളും സ്ത്രീകളും ആദിവാസി ദളിത് വിഭാഗങ്ങളുമടക്കം സമരങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളും ബുദ്ധി ജീവികളുമെല്ലാം നിരന്തരം വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയാണ്. വസ്ത്രത്തിന്റെ ,ആഹാരത്തിന്റെ, ഭാഷയുടെ, ജാതിയുടെ, ലിംഗത്തിന്റെ, മതത്തിന്റെ, ആശയാഭിപ്രായങ്ങളുടെ പേരിലെല്ലാം ഏതു നിമിഷവും ആരും ഭരണകൂടത്താൽ വേട്ടയാടപ്പെടാമെന്ന അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഭയമാണ് എല്ലായിടത്തും ഭരിക്കുന്നത്. രാജ്യത്ത് മോദിഭരണത്തിനെതിരെ  ഒരു ബദൽ മുന്നോട്ട് വയ്ക്കാനായി ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന് തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. കോൺഗ്രസ്സും  ബൂർഷ്വാപ്രതിപക്ഷവും അങ്ങേയറ്റം ദുർബലമായ കഴിഞ്ഞിരിക്കുകയാണ്. ഇത്തരമൊരു ഘട്ടത്തിൽ ഇടതുപക്ഷത്തിന് ദേശീയ നേതൃത്വവുമായി ഉയർന്നുവരാൻ തടസ്സമായി നിൽക്കുന്നത് രാഷ്ട്രീയ പ്രത്യയശാസ്ത്ര  ദൗർബല്യങ്ങളാണ്. അടിയന്തരാവസ്ഥയിലടക്കം എടുത്ത നിലപാടുകളിലെ  പാളിച്ചകൾ പരിഹരിച്ചുകൊണ്ട് രാജ്യത്തിന്റെ ഇന്നത്തെ വസ്തുനിഷ്ഠ സാഹചര്യങ്ങളെ ശാസ്ത്രീയമായി വിലയിരുത്തി കൊണ്ടും വേണം സിപിഐ(എം) അടക്കമുള്ള  ഇടതുപക്ഷ ശക്തികൾ ഈ ദൗർബല്യങ്ങളെ മറികടക്കാൻ. ഇടതുപക്ഷബദലും ഇടതുപക്ഷ ഐക്യവും  വളർത്തിക്കൊണ്ടു മാത്രമേ മോദി ഭരണത്തെ തൂത്തെറിയാനും ഒരു ബദൽ വിജയകരമായി മുന്നോട്ടു വയ്ക്കാനുമാവുകയുള്ളൂ.  ഈ ചരിത്രപരമായ ദൗത്യം ഏറ്റെടുക്കാനായി ഇടതുപക്ഷ ശക്തികൾ മുന്നോട്ടുവരേണ്ടത്  രാജ്യത്തിന്റെ അടിയന്തര ആവശ്യമായി മാറി കഴിഞ്ഞിരിക്കുന്നു.

എഴുപതുകളുടെ ആരംഭത്തിൽ തന്നെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഫാസിസത്തിലേക്ക് നീങ്ങുകയാണെന്ന അഭിപ്രായം രാജ്യത്തെ  പ്രതിപക്ഷകക്ഷികൾ ചൂണ്ടിക്കാട്ടിയിരുന്നു. സാമ്രാജ്യത്വ യുഗത്തിൽ,  തങ്ങളുടെ നിലനിൽപ്പിന് ശക്തമായ ഭീഷണി ഉയർന്നുവരുമ്പോൾ  ബൂർഷ്വാവർഗ്ഗം ജനാധിപത്യത്തിന്റെ മുഖംമൂടി വലിച്ചെറിഞ്ഞുകൊണ്ട് ഫാസിസത്തിലേക്ക് നീങ്ങുമെന്നുള്ളത്  ചരിത്രത്തിൽ നിരവധിതവണ തെളിയിക്കപ്പെട്ടുകഴിഞ്ഞിട്ടുള്ളതാണ്. കോൺഗ്രസിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ  വിവിധ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് ബീഹാർ, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ ബഹുജനപ്രക്ഷോഭം  ഉയർന്നുവന്നു. പ്രക്ഷോഭസമരങ്ങൾ അലയടിച്ചുയർന്നതോടെ ജയപ്രകാശ് നാരായണനെ പോലെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ സമരമുഖത്ത് അണിനിരന്നു. സ്വാതന്ത്ര്യസമര സേനാനികളും  ഗാന്ധിജിയുടെ പിൻമുറക്കാരുമായിരുന്ന ജയപ്രകാശും കൃപലാനിയും മാത്രമല്ല, ഇന്ദിരയുടെ നയങ്ങളോട് വിയോജിച്ച തലമുതിർന്ന നേതാക്കളായ  മൊറാർജി ദേശായി, മധുലിമായെ, അശോക് മേത്ത തുടങ്ങിയവരും വമ്പിച്ച റാലികളെ അഭിസംബോധന ചെയ്തു തുടങ്ങി. ഇത്തരം പ്രക്ഷോഭങ്ങളെ തോക്കും ലാത്തിയും കൊണ്ട് നേരിടാനാണ് ഇന്ദിരാ സർക്കാർ ശ്രമിച്ചത്. 

 ജെ പിയുടെയും മറ്റും നേതൃത്വത്തിൽ ഉയർന്നുവന്ന പ്രക്ഷോഭസമരങ്ങളെ ഫാസിസ്റ്റ് നീക്കമായി ചിത്രീകരിക്കാനാണ്  കോൺഗ്രസ്സും അതിനെ പിന്താങ്ങുന്ന സിപിഐയും ശ്രമിച്ചത്. 1964 ലെ പിളർപ്പിനു ശേഷം രൂപം കൊണ്ട പുത്തൻ സിപിഐ തങ്ങളുടെ പാർട്ടി പരിപാടിയിൽ 1966 ഓടെ മൗലികമായ ചില മാറ്റങ്ങൾ വരുത്തി. "പുരോഗമന ബൂർഷ്വാസി നയിക്കുന്ന കോൺഗ്രസ് ഭരണത്തെ ശക്തിപ്പെടുത്തുന്നതിനായി ഉറച്ച പിന്തുണ നൽകുക എന്നതാണ് തൊഴിലാളിവർഗത്തിന്റെ കടമയെന്ന്" ഫലത്തിൽ സിപിഐയുടെ പുതിയ പരിപാടിയിൽ അവർ പ്രഖ്യാപിച്ചു. കോൺഗ്രസ്സും സിപിഐയും തമ്മിലുള്ള ഐക്യമാണ് യഥാർത്ഥ ഇടതുപക്ഷ ഐക്യമെന്ന് ഡാങ്കെ വിഭാഗക്കാർ ഉറച്ചുവിശ്വസിച്ചു. അതുകൊണ്ടുതന്നെ കോൺഗ്രസ് നയിച്ച സർക്കാരുകൾക്ക് അവർ പൂർണ പിന്തുണയും നൽകി.  ഇതിന്റെ തുടർച്ചയായി തന്നെയാണ് ഇന്ദിര ഭരണം 1975 ജൂൺ 26ന് പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്ഥയേയും തുടർന്നുണ്ടായ ഫാഷിസ്റ്റ് കിരാത വാഴ്ചയേയും സിപിഐ സസന്തോഷം സ്വാഗതം ചെയ്തത്.
അടിയന്തിരാവസ്ഥയെ വിലയിരുത്തുന്ന കാര്യത്തിൽ സിപിഐഎമ്മും ഗുരുതരമായ പ്രതിസന്ധി നേരിട്ടു. ഈ പ്രതിസന്ധി അതിൻറെ ചരിത്രത്തിലെ ഏറ്റവും ഗുരുതരവും അഗാധവുമായ പ്രതിസന്ധിയായിട്ടാണ് സഖാക്കൾ ഇഎംഎസും സുന്ദരയ്യയും മറ്റും പിൽക്കാലത്ത് വിലയിരുത്തിയിട്ടുള്ളത്. എഴുപതുകളോടെ ആരംഭിച്ച ഇന്ദിര കോൺഗ്രസിൻറെ സ്വേച്ഛാനീക്കങ്ങളെ ക്കുറിച്ച് മുന്നേ സൂചിപ്പിച്ചിരുന്നുവല്ലോ? 1972 ൽ പശ്ചിമബംഗാളിൽ അസംബ്ലി തെരഞ്ഞെടുപ്പോടുകൂടി അതിന് പുതിയ മാനങ്ങൾ കൈവന്നു. സിദ്ധാർഥ ശങ്കർറേ നയിച്ചിരുന്ന പശ്ചിമബംഗാൾ കോൺഗ്രസ് നേതൃത്വം ഭരണകൂടയന്ത്രത്തെയും ഗുണ്ടാ സംഘങ്ങളെയും മറ്റ് സാമൂഹ്യവിരുദ്ധ ശക്തികളെയും  ഉപയോഗിച്ചുകൊണ്ട് സിപിഐഎമ്മിന്റെ ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. തെരഞ്ഞെടുപ്പ് ദിവസം സിപിഐ എം പ്രവർത്തകരെയും അനുഭാവികളെയും പലയിടത്തും വോട്ടുരേഖപ്പെടുത്താൻ അനുവദിച്ചില്ലെന്ന് മാത്രമല്ല സംസ്ഥാനത്തുടനീളം ബൂത്ത് കയ്യേറ്റങ്ങളും നടത്തുകയുണ്ടായി. ബംഗാളിലെ സമുന്നത നേതാവായിരുന്ന സഖാവ് ജ്യോതിബസു തെരഞ്ഞെടുപ്പ് ദിവസം ഉച്ചയോടെ തങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതായി പരസ്യപ്രഖ്യാപനം നടത്തി. തികച്ചും ഫാസിസ്റ്റ് രീതിയിൽ സിദ്ധാർത്ഥ് ശങ്കർ റേ മുഖ്യമന്ത്രിയായി കൊണ്ടുള്ള കോൺഗ്രസ് മന്ത്രിസഭ ബംഗാളിൽ അധികാരമേറ്റു. തുടർന്ന് ബംഗാളിൽ നടപ്പാക്കിയ കോൺഗ്രസ് സ്വേച്ഛാ വാഴ്ചയെയാണ് സിപിഐഎം 'അർദ്ധ ഫാസിസ്റ്റ്' ഭരണമായി വിലയിരുത്തിയത്. ഇതിനെത്തുടർന്ന് ഇന്ത്യയിൽ ഒരു പുതിയ രാഷ്ട്രീയ പ്രതിഭാസം ആരംഭിച്ചുകഴിഞ്ഞിരുന്നു എന്നതിനേയും അതിനെ എങ്ങിനെ നേരിടണം എന്നുള്ള വിഷയത്തിൽ സിപിഎമ്മിനകത്ത് നടന്ന രൂക്ഷമായ ആശയ സമരത്തേയും കുറിച്ച് പിന്നീട് വിശദമായി പ്രതിപാദിക്കാം.

1975 ജൂൺ 25 അർദ്ധരാത്രിയിലാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം ഉണ്ടാകുന്നത് സ്വന്തം കാബിനറ്റ് അംഗങ്ങളോട് പോലും ചർച്ച ചെയ്യാതെയാണ് സഞ്ജയ് ഗാന്ധി എന്ന സ്വന്തം മകനും തന്റെ 'കിച്ചൻ ക്യാബിനറ്റു'മായി ഒന്നിച്ചുകൂടി അന്നത്തെ ഇന്ത്യൻ പ്രസിഡണ്ടിനെ കൊണ്ട് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ  ഒപ്പുവെപ്പിച്ചത്. അതിന് മുമ്പ് തന്നെ രാജ്യത്തുടനീളം ജയപ്രകാശ് നാരായണൻ, മൊറാർജി ദേശായി, ചരൺസിംഗ്, ചന്ദ്രശേഖർ തുടങ്ങിയ സ്വാതന്ത്ര്യസമരസേനാനികളേയും പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ അടക്കം ആയിരങ്ങളെയും അവർ ജയിലറകളിലടച്ചു. അറസ്റ്റിന്റെ വാർത്തകളും അടിയന്തരാവസ്ഥാ പ്രഖ്യാപനവും ഒരുമിച്ചാണ് ജനങ്ങൾക്ക് കിട്ടിയത്. രാജ്യത്ത് പട്ടാള ഭരണം പ്രഖ്യാപിച്ചില്ലെങ്കിലും രാജ്യത്തുടനീളം അത്തരം അന്തരീക്ഷമാണ് നിലവിലുണ്ടായത്. 
സംഘടനാ കോൺഗ്രസ്, സോഷ്യലിസ്റ്റ് പാർട്ടിക്കാർ, ജനസംഘം, സിപിഐ (എം എൽ) വിഭാഗക്കാർ, അകാലിദൾ തുടങ്ങിയ നിരവധി സംഘടനാനേതാക്കളെയും അണികളെയും അറസ്റ്റിനും മർദ്ദനങ്ങൾക്കും പീഡനങ്ങൾക്കും വിധേയമാക്കി. ഡൽഹിയിലും മറ്റും ആയിരക്കണക്കിന് ചെറുപ്പക്കാരെ പൊലീസും കോൺഗ്രസ് പ്രവർത്തകരും പിടിച്ചുകൊണ്ടുപോയി നിർബന്ധ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. നഗര സൗന്ദര്യവൽക്കരണത്തിൻറെ പേരിൽ പതിനായിരക്കണക്കിന് ചേരിനിവാസികളുടെ കുടിലുകൾ ബുൾഡോസറുകൾ വച്ച് നിരപ്പാക്കി. 'നാവടക്കൂ , പണിയെടുക്കൂ'  എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് തൊഴിലാളികളടക്കം അദ്ധ്വാനിക്കുന്ന മുഴുവനാളുകളുടെയും എല്ലാ അവകാശങ്ങളും കവർന്നെടുത്തു. പണിമുടക്കടക്കമുള്ള സമരങ്ങൾ എല്ലാം തന്നെ നിരോധിച്ചു.
എല്ലാ ജനാധിപത്യ അവകാശങ്ങളും എടുത്തുകളയുകയും രാജ്യത്തെ തന്നെ ഒരു തടവറയായി മാറ്റുകയും ചെയ്ത ഇന്ദിരാഗാന്ധിയുടെ കിരാതമായ ഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ സിപിഐഎമ്മിന് ക്രിയാത്മകമായി ഒന്നും ചെയ്യാനായില്ല. മാത്രമല്ല കേരളത്തിൽ കോൺഗ്രസ്സിന്റെ സഹായത്തോടുകൂടി സിപിഐയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭത്തെ  ചോരയിൽ മുക്കിക്കൊല്ലാനാണ് ശ്രമിച്ചത്. അടിയന്തിരാവസ്ഥക്കെതിരെ ഏറ്റവും ശക്തമായ സമരം കേരളത്തിൽ അഴിച്ചുവിട്ടത് അന്നത്തെ സിപിഐ (എം എൽ) ആണ്. സഖാക്കൾ രാജൻ, വിജയൻ, ബാലകൃഷ്ണൻ തുടങ്ങിയവർ രക്ത സാക്ഷികളാവുകയും  ഇടപ്പള്ളിയിലും കക്കയത്തും ശാസ്തമംഗലത്തും മറ്റും പോലീസ് തടങ്കൽപാളയങ്ങളിൽ ആയിരങ്ങൾ ക്രൂര മർദ്ദനങ്ങൾക്ക് വിധേയരാവുകയും ചെയ്തു. സിപിഐ (എം എൽ) മാത്രമായിരുന്നില്ല അടിയന്തരാവസ്ഥയിൽ പ്രതിഷേധിച്ചത്. സിപിഐ എമ്മിന്റെ ചില നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും ജനസംഘത്തിന്റെ പ്രവർത്തകരും സോഷ്യലിസ്റ്റ് പാർട്ടിക്കാരും കരുണാകരനുമായി വൈരുദ്ധ്യം ഉണ്ടായിരുന്ന എം.എ. ജോണിനെപ്പോലുള്ള (പരിവർത്തനവാദി കോൺഗ്രസ്) ചില കോൺഗ്രസ് പ്രവർത്തകരും അന്ന് ജയിലറകൾക്കുള്ളിലായിരുന്നു. 
അടിയന്തരാവസ്ഥയിൽ തങ്ങൾ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാട് വിശദമായി 'കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ' എന്ന ഗ്രന്ഥത്തിൻറെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥയെ പിന്താങ്ങിക്കൊണ്ട് സിപിഐ അന്ന് എടുത്ത് നിലപാടാണ് സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർട്ടികൾക്ക് കൃത്യമായ നിലപാടെടുക്കാൻ കഴിയാതെ പ്രതിസന്ധി സൃഷ്ടിച്ചത് എന്നാണ് സഖാവ് ഇഎംഎസ്സിന്റെ വ്യാഖ്യാനത്തിന്റെ ചുരുക്കം. അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ജയപ്രകാശ് നാരായൺ ഫാസിസ്റ്റ് സംഘടനകളുടെ നേതാവാണ് എന്നും സിപിഐ (എം) അടക്കം അവരുടെ പിറകിൽ അണിനിരന്നിരിക്കുകയാണ് എന്നുമാണ് സിപിഐക്കാർ പ്രചരിപ്പിച്ചത്. സോവിയറ്റ് യൂണിയൻ അടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളും അവിടങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളും തങ്ങളുടെ കൂടെയാണെന്ന് സിപിഐക്കാർ പ്രചാരവേല നടത്തിയെന്ന് മാത്രമല്ല, സോവിയറ്റ് യൂണിയനിലേയും പൂർവ്വ യൂറോപ്പിലെയും കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ബീഹാറിലെ പാറ്റ്ന നഗരത്തിൽ വെച്ച് അവർ ഒരു റാലിയും പൊതുയോഗവും നടത്തി.  'ഫാസിസത്തിനെതിരെ പൊരുതുന്ന'  ഇന്ദിരാഗാന്ധിക്ക് അവർ പിന്തുണ പ്രഖ്യാപിച്ചു! ഫാസിസത്തിലേക്കുള്ള നീക്കം തടയുന്നതിന് പ്രതിപക്ഷ കക്ഷികൾ നടത്തുന്ന ചെറുത്തുനിൽപ്പിനെയാണ് സിപിഐക്കാർ  ഫാസിസം എന്ന് മുദ്രകുത്തിയത്. ഈ ഘട്ടത്തിൽ സിപിഐ (എം) നേരിട്ട പ്രതിസന്ധി സംബന്ധിച്ച് സഖാവ് ഇ എം എസ് ഇങ്ങനെ പറയുന്നു: [ 1,2,3,4 അക്കങ്ങള്‍ ചേര്‍ത്തിരിക്കുന്നത് ലേഖകനാണ് ]

1) സോവിയറ്റ് യൂണിയനിലെ പാർട്ടി ഉൾപ്പെടെ ഒട്ടേറെ സഹോദര പാർട്ടികൾ സിപിഐയുടെ കൂടെയാണ് നിന്നത് എന്നത് സിപിഐ (എം) നും സഹോദര പാർട്ടികൾക്കും പ്രയാസങ്ങൾ സൃഷ്ടിച്ചു.
2) അതിന്റെ അടിസ്ഥാനത്തിൽ, സോഷ്യലിസ്റ്റ് രാജ്യങ്ങൾക്കും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുമെതിരെ വ്യാപകമായ പ്രചാരവേല പോലും ബൂർഷ്വാ പ്രതിപക്ഷ പാർട്ടികൾ നടത്തി. 
3) 'ഭരണകക്ഷിയോടും  അതിന്റെ സ്വേച്ഛാധിപത്യത്തിനോടും എതിർപ്പുള്ളവർ അതിനെ പിന്തുണയ്ക്കുന്ന ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും എതിർക്കേണ്ടതുണ്ട് '  എന്ന് അവർ പ്രചരിപ്പിച്ചു.
4) അത്തരം വാദത്തിന് സിപിഐഎം പാർട്ടി അണികളിൽ പോലും ചുരുങ്ങിയ സ്വാധീനമുണ്ടായി.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം തന്നെ ഇരുപതിനപരിപാടി എന്ന് പിന്നീട് വിഖ്യാതമായ ഒരു പരിപാടി അവർ പ്രഖ്യാപിച്ചു. കൃഷിക്കാർ തൊഴിലാളികൾ തുടങ്ങിയ പാവപ്പെട്ടവരെ രക്ഷിക്കുന്ന ഒരു ഗവൺമെൻറാണ് തന്റേതെന്ന് വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആ പരിപാടിയിൽ അടങ്ങിയിരുന്നത്. 
കൂടാതെ ഏറ്റവും വലിയ ഇടതുപക്ഷ പാർട്ടിയായ സിപിഐഎമ്മിന്റെ സമുന്നതരായ നേതാക്കളെ അറസ്റ്റിൽ നിന്ന് ഒഴിവാക്കി. വലതുപക്ഷ പിന്തിരിപ്പൻ പാർട്ടികൾക്ക് മാത്രം എതിരായാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം എന്ന പ്രതീതി വളർത്തിയെടുക്കുകയായിരുന്നു ഉദ്ദേശം.
ഇന്ദിരാഗാന്ധിയുടെ ആഭ്യന്തര അടിയന്തരാവസ്ഥയെ  വിലയിരുത്തുന്നതിൽ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുൾപ്പെടെ തെറ്റുപറ്റി എന്നാണ് ഉൾപ്പാർട്ടിചർച്ചകളിൽ ഭൂരിപക്ഷം സഖാക്കളും വിലയിരുത്തിയത് എന്നാണ് സഖാവ് ഇ എം എസ് അടക്കമുള്ളവർ പിന്നീട് പറയുകയും എഴുതുകയും ചെയ്തിട്ടുള്ളത്.  സി.പി.ഐ.എമ്മുമായി ആശയവിനിമയം നടത്താൻ സി.പി.എസ്.യു. അടക്കമുള്ള ഭൂരിപക്ഷം പാർട്ടികളും തയ്യാറായില്ല. എന്നാൽ, അതിന് സന്നദ്ധമായ ചില  പാർട്ടികളോട് 'തങ്ങൾ അടിയന്തരാവസ്ഥയെ പിന്താങ്ങുന്നില്ല' എന്ന് സിപിഎം അറിയിച്ചതായി ചില നേതാക്കൾ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. 
"എന്നാൽ, ഇന്നത്തെ ലോകരാഷ്ട്രീയത്തിൽ സോഷ്യലിസ്റ്റ് രാജ്യങ്ങളും  സഹോദര പാർട്ടികളും വഹിക്കുന്ന ക്രിയാത്മകമായ പങ്ക് ഇതുകൊണ്ട് ഇല്ലാതാകുന്നില്ല. ഇന്ത്യാ ഗവൺമെൻറിനെ ആഗോള സാമ്രാജ്യത്വവിരുദ്ധ ചേരിയിൽ  ഉറപ്പിച്ചുനിർത്തുന്നതിന് സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ നേതാക്കൾ നടത്തുന്ന ശ്രമങ്ങൾ സ്വാഗതാർഹമാണ്. അതുകൊണ്ടാണ്  ഇന്ത്യയിലെ കോൺഗ്രസ് ഗവൺമെൻറിന്റെ സ്വേച്ഛാധിപത്യ നീക്കങ്ങളോടുള്ള  സമീപനത്തിൽ പിശകുണ്ടെന്ന ഏക കാരണത്താൽ സോവിയറ്റ് യൂണിയനിലേതടക്കം സഹോദര കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ  ഇന്ത്യൻ ജനതയെ തിരിച്ചുവിടാൻ  ചില പ്രതിപക്ഷപാർട്ടികൾ നടത്തുന്ന ശ്രമത്തിന് പാർട്ടി  കൂട്ടു നിൽക്കാത്തത്." 
ഇവിടെ സഖാവ് ഇഎംഎസ്സിന്റെ നിലപാടും സിപിഐ (എം) നേരിട്ട് രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രതിസന്ധിയും തികച്ചും വ്യക്തമാണ്. തുടർന്ന് അദ്ദേഹം പറയുന്നത്, തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ  പിശകുകളെ സ്വയംവിമർശനപരമായി പരിശോധിക്കാനുള്ള പ്രത്യയശാസ്ത്ര ശാഠ്യത്തിൽ കടിച്ചുതൂങ്ങുന്നതിന് മടിയില്ലെന്ന് പ്രഖ്യാപിക്കുന്നതായാണ്." ഒരു പ്രത്യേക കാര്യത്തിൽ, ഇന്ത്യാ ഗവൺമെന്റിനെ അംഗീകരിക്കുന്ന സമീപനത്തിൽ, സോവിയറ്റ് പാർട്ടിയുമായി വിയോജിപ്പുണ്ടെങ്കിലും ആ പാർട്ടി അടക്കം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്കുള്ള ഐക്യദാർഢ്യ ബോധത്തിന്  ഇളക്കം തട്ടിയിട്ടില്ലെന്നർത്ഥം."
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ സാർവദേശീയ താത്പര്യങ്ങളും ദേശീയ താൽപര്യങ്ങളും തമ്മിലുള്ള പാരസ്പര്യത്തെ മനസ്സിലാക്കുന്നതിന് വിഘാതമായി നിന്ന തെറ്റും യാന്ത്രികവുമായ  സമീപനങ്ങൾ ചില ഘട്ടങ്ങളിലെങ്കിലും ഉണ്ടായിട്ടുണ്ട്. എന്നാൽ അവ സ്വയംവിമർശനപരമായി പരിശോധിച്ച് തിരുത്തുന്ന അനുഭവങ്ങളാണ്  ചരിത്രത്തിൽ പൊതുവേ ദർശിക്കാനാകുക.  ക്വിറ്റിന്ത്യാ സമരത്തോടെടുത്ത സമീപനത്തിലെ പിശക്, നേതാജി സുഭാഷ് ചന്ദ്ര ബോസിനോട് ഒരുഘട്ടത്തിൽ സ്വീകരിച്ച തെറ്റായ സമീപനം  1962ലെ ഇന്ത്യ-ചൈന യുദ്ധക്കാലത്ത് അവിഭക്തപാർട്ടി സ്വീകരിച്ച സമീപനത്തിലെ തെറ്റ്  ഇങ്ങനെ ചിലത് ചൂണ്ടിക്കാണിക്കാനാകും. ബംഗാളിൽ സിദ്ധാർഥ ശങ്കർറേ നടപ്പാക്കിയ സ്വേച്ഛാഭരണത്തെ 'അർദ്ധ ഫാസിസ്റ്റാ'യി വിലയിരുത്തിയ സിപിഐഎം ഇന്ദിരാ ഫാസിസത്തെ  ചെറുക്കുന്നതിൽ ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള  ഐക്യദാർഢ്യ ത്തിൻറെ പേരിൽ ദൗർബല്യം കാട്ടിയെന്ന്  സഖാവ് ഇ എം എസിനെ പോലെയുള്ളവർ തുറന്നുപറയുകയുണ്ടായതും നാളിതുവരെയായിട്ടും  ഈ വിഷയത്തിൽ സമഗ്രമായ  ഒരു സ്വയം വിമർശനം നടത്താനോ തെറ്റ് തിരുത്താനോ സിപിഐഎമ്മിന് കഴിഞ്ഞിട്ടില്ല എന്നുള്ളതും അവരുടെ ഗുരുതരമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര പാളിച്ച തന്നെയാണ്.
ഇന്നും അടിയന്തരാവസ്ഥക്കാലത്തെ കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനെതിരെ ശക്തമായ നിലപാടെടുക്കുകയും  അദ്ദേഹത്തിൻറെ ഭരണത്തെ ഇകഴ്ത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്യുന്ന സിപിഐഎം നേതാക്കൾ പിൽക്കാലത്ത് അദ്ദേഹം പറഞ്ഞ വാക്കുകൾ ഓർക്കേണ്ടതാണ്: 'ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ പിന്താങ്ങുന്നതിൽ നമുക്ക് ധൈര്യം നൽകിയത് സി പി എസ് യു വും ബ്രഷ്നേവുമാണെന്ന് സിപിഐ എങ്കിലും  ഓർക്കണം"
എന്നാൽ, അദ്ദേഹം നടത്തിയതുപോലുള്ള  സ്വയം വിമർശനം സിപിഐ  പാർട്ടി എന്ന നിലയിൽ നടത്തിയില്ല എന്ന യാഥാർത്ഥ്യം  നിലനിൽക്കുന്നു.
നക്സൽബാരി കലാപത്തെ തുടർന്ന്  1968-ലെ സിപിഐഎമ്മിന്റെ ബർദ്വാൻ പ്ലീനത്തിന് ശേഷം  ഇടതുപക്ഷ തീവ്രവാദി വിഭാഗക്കാർ പുറത്ത് പോയതോടെ ഇടതുപക്ഷ വിഭാഗീയതയിൽ നിന്നും പാർട്ടി മുക്തമായി എന്നാണ് സഖാവ് ഇ എം എസിനെ പോലെയുള്ള നേതാക്കൾ പ്രചരിപ്പിച്ചത്. എന്നാൽ അവകാശവാദത്തിൽ ഭാഗികമായ സത്യം മാത്രമേ ഉള്ളടങ്ങിയിട്ടുള്ളു എന്ന് ഇം.എം.എസ്സിന്റെ വാക്കുകളിലൂടെത്തന്നെ നമുക്ക് മനസ്സിലാക്കാം. " 1960-70 കളോടുകൂടി 1971-72 ൽ പശ്ചിമബംഗാളിൽ നിലവിൽ വന്ന അർദ്ധഫാസിസ്റ്റ് ഭീകരതയുടെ പൂർണ രൂപം പ്രാപിച്ചതുമായ ഒരു പുത്തൻ പ്രതിഭാസമാണല്ലോ ബൂർഷ്വാസിയുടെ മർദ്ദനസ്വഭാവം മറനീക്കി പുറത്തുവന്നത്? രാഷ്ട്രീയ കൂട്ടുകെട്ടുകളും തൊഴിലാളി കർഷകാദി ബഹുജന പ്രസ്ഥാനങ്ങളുമെന്നപോലെ  പാർട്ടി സംഘടനയും അതേവരെ ചെയ്തിരുന്നതിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ കൈകാര്യം ചെയ്യേണ്ട സ്ഥിതി ഇതുമൂലം ഉണ്ടായിരിക്കുന്നുവെന്ന അഭിപ്രായം  പാർട്ടി നേതൃത്വത്തിൽ പൊന്തിവന്നു. " തുടർന്ന് അദ്ദേഹം സൂചിപ്പിക്കുന്നത് അത്തരം ആശയാഭിപ്രായങ്ങൾ എപ്രകാരം ഭൗതികരൂപം കൈവരിച്ചു എന്നാണ്. "ഈ കാഴ്ചപ്പാടോടെ  പാർട്ടിയാകെ അടിമുതൽ മുടിവരെ പുനഃസംഘടിപ്പിക്കാൻ നിർദ്ദേശങ്ങൾ പൊളിറ്റ് ബ്യൂറോവിന്റേയും സെൻട്രൽ  കമ്മിറ്റിയുടെയും ഒരു വിഭാഗത്തിൽ നിന്നുവന്നു. സംസ്ഥാനം, ജില്ല തൊട്ട് ഭരണപരമായ  അടിസ്ഥാനത്തിൽ രൂപപ്പെട്ട സംഘടനകളെ സായുധ സമരങ്ങൾക്ക് സജ്ജമാക്കാൻ  സഹായിക്കും വിധത്തിൽ പുനക്രമീകരിക്കാനുള്ള ചില വ്യക്തമായ  നിർദ്ദേശങ്ങളായിരുന്നു അവ. സായുധ സംഘട്ടനങ്ങളിൽ ഏർപ്പെടുന്ന  ഗറില്ലാ ഗ്രൂപ്പുകൾ, അവയ്ക്ക് താത്വികവും പ്രായോഗികവുമായ നേതൃത്വം നൽകുന്ന പാർട്ടി ഘടകങ്ങൾ, അവയുമായി ഇണങ്ങി പ്രവർത്തിക്കുന്ന ബഹുജന സംഘടനകൾ എന്നിവയ്ക്ക് സുഗമമായി പ്രവർത്തിക്കാൻ സൗകര്യം കിട്ടണമെങ്കിൽ ഭൂമിശാസ്ത്രപരമായ കിടപ്പ് തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള പ്രസ്ഥാനം എന്നിവയെ ആസ്പദമാക്കി സംഘടനയായ മാറ്റിയെടുക്കണമെന്നാണ് നിർദേശം. " 
മേൽസൂചിപ്പിച്ച കാഴ്ചപ്പാടിനോട് വിയോജിപ്പുള്ളവർ പാർട്ടിയിൽ തന്നെ ഉണ്ടായിരുന്നുവെന്ന് സഖാവ് ഇഎംഎസ് പറയുന്നുണ്ട്. എന്നാൽ അവർക്ക് ഒരു ബദൽകാഴ്ചപ്പാട് അവതരിപ്പിക്കാൻ പല കാരണവശാലും കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. സഖാവ് സുന്ദരയ്യയുടെ നേതൃത്വത്തിലുള്ള ഭൂരിപക്ഷം മുന്നോട്ടുവച്ച കാഴ്ചപ്പാട് ഇടതുപക്ഷവിഭാഗീയതയിലേക്ക് നയിക്കുമെന്ന് ഉറച്ച നിലപാട് സ്വീകരിച്ചുകൊണ്ട് സഖാക്കൾ ഇ എം എസ്സിന്റേയും ജ്യോതിബസുവിന്റേയും നേതൃത്വത്തിൽ അന്നത്തെ ന്യൂനപക്ഷ വിഭാഗക്കാർ ശക്തമായ ആശയസമരം അഴിച്ചുവിട്ടു. ഭൂരിപക്ഷത്തിന്റെ നിലപാട് അനുസരിച്ച് തന്നെ സായുധ സമരത്തിന്റെ കാഴ്ച്ചപ്പാടോടുകൂടി ചില സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും പുന:സംഘടന നടന്നു. അവിടങ്ങളിലെല്ലാം തന്നെ ന്യൂനപക്ഷ വിഭാഗക്കാർ ശക്തമായ എതിർപ്പുയർത്തി. ഇത് സംഘടനയ്ക്കകത്ത് രൂക്ഷമായ ആശയസമരത്തിനും അനാരോഗ്യകരമായ പ്രവണതകൾക്കും ഇടം നൽകി. ഇ എം എസ്സിന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ " ഈ വിരുദ്ധ ചിന്താഗതികൾ നേതൃത്വം തൊട്ട് കീഴോട്ട് പ്രകടമായ ഘട്ടത്തിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി. അത് ഉൾപ്പാർട്ടി സമരത്തിന് ഊക്ക് കൂട്ടി." 
ഇ എം എസ്സ് ഇവിടെ സൂചിപ്പിക്കുന്ന കാലം അടിയന്തിരാവസ്ഥയ്ക്ക് തൊട്ട് മുമ്പും പിമ്പും ആണെന്ന് ഓർക്കുക. ഈ ഘട്ടമായപ്പോഴേക്കും നക്സൽ ബാരി കലാപത്തിന് നേതൃത്വം കൊടുത്ത സഖാക്കൾ കനു സന്യാൽ, ജങ്കൾ സന്താൾ, ഖൊക്കൻ മജുംദാർ തുടങ്ങിയ കേന്ദ്ര നേതാക്കൾ തന്നെ നക്സൽബാരി സായുധസമരത്തിന്റെ മാതൃക  പ്രയോഗത്തിൽ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു! എന്നാൽ, കേരളത്തിൽ സി പി ഐ (എം എൽ)ന്റെ നേതൃത്വത്തിൽ കുമ്പളം ഉന്മൂലന സമരം മുതൽ കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണം വരെ നടക്കുന്നത് ഈ കാലഘട്ടത്തിലാണ്.  അത്തരം സമരങ്ങളെയെല്ലാം അതിശക്തമായി എതിർത്തു കൊണ്ടായിരുന്നു ഇ എം എസ്സും സി.പി.എം നേതാക്കളും അന്ന് രംഗത്തു വന്നത്. ഒരു വശത്ത് പാർട്ടിക്കകത്ത് സായുധ സമരത്തിന്റെ പാതയിലേക്ക് ഭൂരിപക്ഷം നീങ്ങാൻ ശ്രമിക്കുമ്പോൾ, അതെല്ലാം വിദഗ്ദമായി മൂടിവെച്ചുകൊണ്ട് ഒരു രാഷ്ട്രീയ ട്രിപ്പീസ് കളിയാണ് അന്ന് സി.പി.ഐ (എം) നേതൃത്വത്തിൽ ഇ എം എസ് അടക്കം ഒരു വിഭാഗം നടത്തിയത്. സി.പി.ഐയുടെ വലതുപക്ഷ അവസരവാദത്തിനും സി.പി.ഐ (എം. എൽ) ന്റെ ഇടതുപക്ഷ തീവ്രവാദത്തിനുമെതിരെ  സമരം ചെയ്തുകൊണ്ട് ഇന്ത്യൻ വിപ്ലവത്തിന്റെ തന്ത്രത്തിന്റെയും അടവിന്റെയും  പ്രശ്നങ്ങളടക്കം തങ്ങൾ ശരിയായി പരിഹരിച്ചു കഴിഞ്ഞുവെന്നുള്ള അവകാശവാദം എല്ലാ കാലത്തും ഇ എം എസ്സും മറ്റും ഉയർത്തിയിരുന്നത് ഇത്തരത്തിലായിരുന്നു. 1976 അവസാനമായതോടെ സായുധ സമര ലൈൻ പരാജയപ്പെടുത്തുന്നതിൽ ന്യൂനപക്ഷം വിജയിക്കുകയും പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന സഖാവ് സുന്ദരയ്യ രാജിവെക്കുകയും ചെയ്തിട്ടും ഉൾപ്പാർട്ടി സമരചരിത്രം തുടർന്നും മൂടിവെക്കാനും സഖാവ് സുന്ദരയ്യയുടെ  രാജിക്കത്ത് പരസ്യമായ  ചർച്ചയ്ക്ക് വിധേയമാക്കാതിരിക്കാനും സഖാവ് ഇ എം എസ്സിനും മറ്റും കഴിഞ്ഞു. ഇത് സിപിഐഎമ്മിന്റെ ആഭ്യന്തര വിഷയമാണെങ്കിലും  അടിയന്തരാവസ്ഥയിൽ എന്തുകൊണ്ട് സിപിഐ(എം) ന് ക്രിയാത്മകമായ പങ്ക് വഹിക്കാൻ കഴിയാതിരുന്നത് എന്ന് പരിശോധിക്കാൻ ശ്രമിക്കുന്ന ആർക്കും മേൽ സൂചിപ്പിച്ച സംഭവങ്ങൾ വിശകലനം ചെയ്യാതിരിക്കാൻ കഴിയില്ല.
ലോകത്തെ മനസ്സിലാക്കാനും മാറ്റിത്തീർക്കാനുമാണ് മാർക്സിസം നമ്മെ പഠിപ്പിക്കുന്നത്. സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിശകലനം തന്നെയാണ് മാർക്സിസം എന്ന് ലെനിൻ പറഞ്ഞു. ഇവിടെ പ്രശ്നം സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിശകലനം നടത്താൻ കഴിഞ്ഞില്ല എന്നതാണ്. 1972-ൽ സിദ്ധാർത്ഥ ശങ്കർറേ അധികാരത്തിൽ വന്നതോടെ, അർദ്ധഫാസിസ്റ്റ് ഭരണത്തിന് അവിടെ തുടക്കം കുറിച്ചു എന്ന് സി പി ഐ ( എം ) അവരുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി. എന്നാൽ, ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ എല്ലാ ജനാധിപത്യ അവകാശങ്ങളെയും വലിച്ചെറിയുകയും പാർലമെന്റ് അടക്കമുള്ള ജനാധിപത്യ സ്ഥാപനങ്ങളെ തങ്ങളുടെ വരുതിയിൽ തളച്ചിടുകയും എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമർത്തിക്കൊണ്ട് ജയപ്രകാശ് നാരായണനെപ്പോലുള്ള നേതാക്കളെയടക്കം രാജ്യരക്ഷാചട്ട പ്രകാരം തടങ്കലിലാക്കുകയും രാജ്യത്തെ മുഴുവൻ ജയിലറകളും നിറയ്ക്കുകയും ചെയ്ത നടപടിയെ ഫാസിസമായി അവർക്ക് കാണാൻ കഴിഞ്ഞില്ല. മറിച്ച്, അടിയന്തരാവസ്ഥയെ എതിർത്ത വിഭാഗങ്ങളെയെല്ലാം ഫാസിസ്റ്റുകളായി മുദ്രകുത്താൻ ശ്രമിച്ച സി പി ഐ നിലപാടിനെ തുറന്നു കാണിക്കാനും അടിയന്തരാവസ്ഥയ്ക്കെതിരെ ക്രിയാത്മകമായി പ്രതിഷേധിക്കാൻ പോലും കഴിഞ്ഞില്ല എന്നുള്ളത് ഇനിയും തുറന്ന് പരിശോധിച്ചു കൊണ്ട് പരിഹരിക്കാൻ കഴിയാതിരിക്കുന്ന പ്രശ്നമായിത്തന്നെ കാണണം.
  അടിയന്തിരാവസ്ഥ പിൻവലിച്ച ഉടനെത്തന്നെ ഇന്ദിരാഗാന്ധിയും മകനുമടക്കം കോൺഗ്രസ്സ് പാർട്ടി ഒന്നടങ്കം തോറ്റു തുന്നം പാടിയപ്പോൾ ഇടതുപക്ഷത്തിന്റെ കോട്ടയായ കേരളത്തിൽ സി പി ഐ ( എം ) അമ്പേ പരാജയപ്പെടുകയാണുണ്ടായത്. എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷം ആണ് സംസ്ഥാനത്തു നടന്ന പോലീസിന്റെ നരനായാട്ടിനെക്കുറിച്ചും രാജന്റെയും വിജയന്റെയും അങ്ങാടിപ്പുറം ബാലകൃഷ്ണന്റെയും രക്തസാക്ഷിത്വങ്ങളെക്കുറിച്ചും ജയറാം പടിക്കലിന്റെയും ലക്ഷമണയുടെയും പുലിക്കോടന്റെയും മധുസൂദനന്റെയും മർദ്ദനങ്ങളെക്കുറിച്ചുമുള്ള കഥകൾ വെളിയിലേക്ക് വരികയും പലയിടത്തും ജനങ്ങൾ അവരെ വഴിയിൽ വെച്ച് തടയുകയും ചോദ്യം ചെയ്യുകയുമുണ്ടായത്. തുടർന്ന്, കേരളത്തിലെ ബഹുജനങ്ങളിലുണ്ടായ ശക്തമായ അമർഷം രാഷ്ട്രീയാന്തരീക്ഷത്തെ ഇളക്കിമറിച്ചു. കെ. കരുണാകരനെതിരെ കോടതി വിധി ഉണ്ടായതിനെത്തുടർന്ന് അദ്ദേഹത്തിന് മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് രാജിവയ്ക്കേണ്ടി വന്നു. തുടർന്ന് വന്ന ആന്റണി മന്ത്രിസഭയ്ക്ക് അധികകാലം നില്ക്കാൻ കഴിഞ്ഞില്ല. അതിനു ശേഷം വന്ന മന്ത്രിസഭയിൽ നിന്ന് സ. പി. കെ. വാസുദേവൻനായർ സ്ഥാനം രാജിവെച്ച് ഇടതുപക്ഷ ഐക്യത്തിനായി മുന്നോട്ടു വരുന്നതോടെ ഇടതുപക്ഷ പാർട്ടികൾ വീണ്ടും ഐക്യപ്പെട്ട് ഇന്നത്തെ എൽ ഡി എഫ് രൂപം കൊള്ളുന്നു. അതായത്, സി. പി. ഐ (എം. എൽ) ഉൾപ്പെടെ അടിയന്തരാവസ്ഥയിൽ നടത്തിയ ത്യാഗോജ്ജ്വലമായ ചെറുത്തുനില്പിന്റെ ഫലമായാണ്‌ 1980ൽ  ഇ. കെ. നായനാരുടെ എൽ ഡി എഫ് മന്ത്രിസഭ അധികാരത്തിൽ വന്നത്. ഇതിനിടയിൽ, മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചു കൊള്ളട്ടെ. അടിയന്തരാവസ്ഥയെ എതിർത്ത് കൊണ്ട് രാജ്യത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും പുന:സ്ഥാപിക്കാനായി പോരാടിയ ധീരസേനാനികളെ അംഗീകരിച്ചു കൊണ്ട് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇന്ത്യയിൽ പതിനൊന്ന് സംസ്ഥാനങ്ങളിൽ നല്കിക്കഴിഞ്ഞിരിക്കുകയാണ്. ആദ്യം, അകാലിദൾ ഗവൺമെന്റ് അധികാരത്തിൽ വന്ന പഞ്ചാബിലും അന്നത്തെ ജെ.പിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥാവിരുദ്ധ സമരത്തിൽ പങ്കെടുത്ത സോഷ്യലിസ്റ്റ് വിഭാഗക്കാർ (പിന്നീട് അവർ ജനതാപാർട്ടിക്കാരും ജനതാദളുകാരും ആർ. ജെ. ഡിക്കാരും സമാജ് വാദി പാർട്ടിയും മറ്റുമായി ) അധികാരത്തിൽ വന്ന ബീഹാറിലും യു. പി. യിലുമെല്ലാം തന്നെ അടിയന്തരാവസ്ഥാ തടവുകാരെ അംഗീകരിച്ചു. ഇന്നിപ്പോൾ ബി. ജെ. പി ക്കാർ തങ്ങളാണ് അടിയന്തരാവസ്ഥയെ എതിർത്തതെന്ന് വരുത്തിത്തീർക്കാനും അതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനും വേണ്ടി അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം അടിയന്തരാവസ്ഥാതടവുകാരെ രണ്ടാം സ്വാതന്ത്ര്യ സമരസേനാനികളായി അംഗീകരിച്ചുകൊണ്ട് പെൻഷൻ കൊടുത്തുകൊണ്ടിരിക്കുകയാണ്.
    കേരളത്തിൽ, അടിയന്തരാവസ്ഥാവിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുത്ത വിവിധ ധാരകളിൽപ്പെട്ട ഇടതുപക്ഷക്കാർ ഒറ്റക്കെട്ടായി സ: വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽ. ഡി. എഫ് സർക്കാരിന്റെ കാലം മുതൽ ( 2010 ) അടിയന്തരാവസ്ഥക്കാലത്തെ തടവുകാരടക്കമുള്ള എല്ലാ പീഢിതരെയും അടിയന്തിരാവസ്ഥാവിരുദ്ധ പോരാളിളായി അംഗീകരിച്ചുകൊണ്ട്  പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യങ്ങളുമുന്നയിച്ചുകൊണ്ട് സമരപാതയിലാണ്. എന്നാൽ ബി. ജെ. പി സർക്കാരിൽ നിന്നും വ്യത്യസ്തമായി അടിയന്തരാവസ്ഥാവിരുദ്ധ പോരാളികളെ അംഗീകരിക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിയാത്തത് മുൻപ് സൂചിപ്പിച്ച രാഷ്ട്രീയ - പ്രത്യയശാസ്ത്ര കാരണങ്ങൾ തന്നെയാണ്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരാവസ്ഥയിൽ ക്രൂര മർദ്ദനത്തിന് വിധേയനായി ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. രാജ്യത്ത് ഇപ്പോഴും അപ്രഖ്യാപിത അടിയന്തരാവസ്ഥ നില നിൽക്കുമ്പോൾ അടിയന്തരാവസ്ഥാവിരുദ്ധ പോരാളികളെ അംഗീകരിച്ചുകൊണ്ടും മാനിച്ചുകൊണ്ടും മാത്രമേ വർഗ്ഗീയ ഫാസിസത്തിനെതിരായ പോരാട്ടത്തിന് ശരിയായ നേതൃശക്തിയായി മാറാൻ രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിനാകുകയുള്ളു. അടിയന്തിരാവസ്ഥയെ വിലയിരുത്തുന്നതിൽ സംഭവിച്ച പാളിച്ചകൾ പോലെ തന്നെ മോദി സർക്കാർ ഫാസിസ്റ്റ് സർക്കാരാണോ അല്ലയോ എന്നുള്ളത് ദീർഘകാലാടിസ്ഥാനത്തിൽ ചർച്ച ചെയ്തു പരിഹരിക്കേണ്ട ഒരു താത്വിക വിഷയമായി കാണാതെ, അത് അടിയന്തിരമായി പരിഹരിക്കേണ്ട ഒരു പ്രായോഗിക പ്രശ്നമായി കണ്ടു കൊണ്ട്, രാജ്യത്തെമ്പാടും വളർന്നുവരുന്ന തൊഴിലാളികളുടെയും കർഷകരുടെയും ബഹുജനങ്ങളുടെയും പ്രക്ഷോഭങ്ങൾക്ക് ദേശീയ തലത്തിൽ നേതൃത്വം കൊടുത്തു കൊണ്ട്, എല്ലാ ജനാധിപത്യ-പുരോഗമന ശക്തികളെയും സംഘടനകളെയും പ്രതിപക്ഷ നിരയിൽ ഫാസിസത്തിനെതിരെ ഐക്യപ്പെടാവുന്ന മുഴുവൻ ശക്തികളെയും ഐക്യപ്പെടുത്തി മുന്നോട്ടു കൊണ്ടു പോകേണ്ട ഒരു ഘട്ടമാണ് നാം അഭിമുഖികരിക്കുന്നത്. വലതുപക്ഷക്കാരിൽ നിന്നും വ്യത്യസ്തമായി എത്ര ഗുരുതരമായ തെറ്റുകൾ വന്നാലും അവ തിരുത്താനും ജനങ്ങളുടെയും രാജ്യത്തിന്റെയും താല്പര്യങ്ങൾക്ക് ഒപ്പമാണ് ഇടതുപക്ഷത്തിന്റെ താല്പര്യമെന്ന് ഉറപ്പിക്കാനും തങ്ങൾക്കാവുമെന്ന് ഇടതുപക്ഷ ശക്തികൾ ചരിത്രത്തിൽ പലവട്ടം തെളിയിച്ചുകഴിഞ്ഞിട്ടുള്ളതാണ്. ഇടതുപക്ഷത്തിന് തെറ്റുകൾ പറ്റാറുണ്ടെങ്കിലും അവർ വലതു പക്ഷത്തെപോലെ ജനവിരുദ്ധമായ, ചരിത്ര വിരുദ്ധമായ നിലപാടുകൾ എടുക്കുകയില്ല തന്നെ.