P C Unnichekkan:-അടിയന്തരാവസ്ഥയുടെ ഓര്‍മ്മയും ഫാസിസ്റ്റ് ഭീഷണിയും


   അടിയന്തരാവസ്ഥയുടെ ഓര്‍മ്മയും                              ഫാസിസ്റ്റ് ഭീഷണിയും
--പി.സി ഉണ്ണിച്ചെക്കന്‍

   


ജെയിംസ് മാഡിസണ്‍ ജനാധിപത്യത്തിന്‍റെ 'ഇരുണ്ട ഭയങ്ങളെ'ക്കുറിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയെ ' ആ ഇരുണ്ട ഭയം' ഗ്രസിച്ച കാലഘട്ടമായി രുന്നു 1975 ജൂണ്‍ 25 നു പ്രഖ്യാപിച്ച അടിയന്തിരാവസ്ഥാകാലം.

"ഭയാനാകമായ രാത്രിയില്‍ ആരാണുറങ്ങുക

അഗ്നി പര്‍വ്വതത്തിന്‍റെ താടിയെല്ലുകള്‍ക്കിടയില്‍

ആര്‍ക്കാണു ശാന്തമായി ഉറങ്ങാന്‍ കഴിയുക..

കണ്‍പോളകള്‍ക്കിടയില്‍ മുള്ളുകള്‍ ഉള്ളപ്പോള്‍

ആര്‍ക്കാണു കണ്ണുകള്‍ അടയ്ക്കാന്‍ കഴിയുക"

ഖലീല്‍ ജിബ്രാള്‍ന്‍റെ ഒരു ഭ്രാന്തന്‍ കഥാപാത്രത്തിന്‍റെ ഈ ചോദ്യം അടിയന്തിരാവസ്ഥയിലെ ഇന്ത്യാക്കാര്‍ക്കെതിരെ തൊടുത്തുവിട്ട ഒന്നല്ല. പക്ഷെ, സ്വാതന്ത്ര്യവും ജനാധിപത്യവും മോഹിച്ച ഇന്ത്യാക്കാരെ സംബന്ധച്ചിടത്തോളം അതിനു തുല്യമായ ഒരവസ്ഥയിലായിരുന്നു അന്നവർ.

      1975 ജൂണ്‍ 12 നു അലഹബാദ് ഹൈക്കോടതി ജഡ്ജി ജഗ് മോഹന്‍ലാല്‍  സിഹ്ന ഇന്ദാരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കികൊണ്ട് വിധി പ്രസ്താവിച്ചു. ജൂണ്‍ 24 ന്  സുപ്രീംകോടതിയില്‍ നിന്ന് സ്വാഭാവിക സ്റ്റേ ലഭിച്ചതിനുശേഷം ക്യാബിനറ്റില്‍ ചര്‍ച്ച പോലും ചെയ്യാതെ ജൂണ്‍ 25ന് അര്‍ദ്ധരാത്രിയില്‍ അടിയന്തിരാവസ്ഥാപ്രഖ്യാപനത്തിൽ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെ കൊണ്ട് ഒപ്പ് വെയ്പ്പിച്ചു. 1947 ആഗസ്റ്റ് 14ന് അര്‍ദ്ധരാത്രി ലഭിച്ച സ്വാതന്ത്ര്യത്തിന്‍റെ മരണവാറണ്ടാണ് അന്നു പുറപ്പെടുവിച്ചത്. "ഗരീബി ഹാഠാവോ ബക്കാരി ഹഠാവോ" പോലുള്ള ജനപ്രിയ മുദ്രാവാക്യങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയും തൊഴിലില്ലായ്മയും ദാരിദ്ര്യവും പണപ്പെരുവും വിലക്കയറ്റവും രൂക്ഷമാക്കുകയും ചെയ്തു. 1966-ല്‍ രൂപയുടെ മൂല്യശോഷണത്തിന് തീരുമാനമെടുക്കേണ്ടിവന്നുവെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. 1966 നുശേഷം മൂന്നു വര്‍ഷകാലം പഞ്ചവല്‍സര പദ്ധതികള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിക്കേണ്ടിവന്നു. 1967ൽ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 8-ഓളം സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെട്ടു. ബീഹാറിലും ഗുജാറത്തിലും അഴിമതിക്കെതിരായി ഉയര്‍ന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും 1974 -ലെ റെയിൽവേ തൊഴിലാളികളുടെ ഐതിഹാസികമായ സമരവും ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെടുത്തിയ നാളുകളാണ് സമ്മാനിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദുചെയ്തുകൊണ്ടുള്ള കോടതി വിധി വരുന്നത്. ഇതേ ദിവസം തന്നെയാണു ഗുജാറത്തിലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ദയനീയമായി പരാജയപ്പെട്ട വാര്‍ത്തയും പുറത്തുവരുന്നത്. കോണ്‍ഗ്രസ്സ്  പാര്‍ലിമെന്‍ററി പാര്‍ട്ടിയില്‍ ഇന്ദിരയുടെ നോമിനിയായ കെ.പി ഉണ്ണികൃഷ്ണന് വെറും 46 പേരുടെ  പിന്തുണ  മാത്രമാണ് ലഭിച്ചത്. എതിര്‍ത്ത ആള്‍ക്ക് 156 വോട്ടാണ്  ലഭിച്ചത്. ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങള്‍ നേരിട്ട സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയുടെ പ്രതിഫലനം കൂടിയായിരുന്നു അടിയന്തിരാവസ്ഥ പ്രഖ്യാപനം.

രാഷ്ട്രീയ പ്രതിയോഗികളെ തടവറയിലടച്ചും പത്രങ്ങളുടെ വായ് മൂടികെട്ടിയും പൗരാവകാശങ്ങള്‍ റദ്ദ് ചെയ്തും കോടതികളെ ഷണ്ഡീകരിച്ചും ഫെഡറല്‍ മൂല്യങ്ങളെ കാറ്റില്‍ പറത്തിയും രാജ്യത്തെ പട്ടാളബൂട്ടിനടിയില്‍ ഞെരിച്ചമര്‍ത്തി. സോഷ്യലിസ്റ്റ് ചേരിയിലാണെന്ന നാട്യം കൈെവിടാതെ തന്നെ സാമ്രാജ്യത്വ മൂലധനത്തിനു പരവതാനി വിരിച്ചു. ഇന്ത്യയുടെ സാമ്പത്തിക നയരൂപീകരണത്തില്‍ ലോക ബാങ്കിനു സ്വാധീനം കൈവന്ന നാളുകളായിരുന്നു അത്.

43 വര്‍ഷം മുമ്പ് അടിച്ചേല്‍പ്പിച്ച അടിയന്താരാവസ്ഥയേക്കാള്‍ ഭീതി ജനകമായ ഒരവസ്ഥയിലേക്കാണ് ഇന്ന് രാജ്യം നീങ്ങുന്നത്. മറ്റൊരു അടിയന്തിരാവസ്ഥയുടെ കരി നിഴലിലാണു രാജ്യമെന്ന് എല്‍.കെ അഡ്വാനിയെപ്പോലുള്ളവരും ജസ്റ്റിസ് മാര്‍ക്കണ്ഠേയ ക്ട്ജുവിനെപ്പോലുള്ളവരും ആശങ്കപ്പെട്ടത് കുറച്ചുനാളുകൾക്ക്ക്കു മുമ്പാണ്. റിട്ടയര്‍ ചെയ്ത് ഉന്നതസ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്ന 49-ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥന്‍മാര്‍ പ്രധാന മന്ത്രിക്കയച്ച തുറന്നകത്തില്‍ ഇന്ത്യാചരിത്രത്തിലെ ഇരുണ്ട നാളുകളിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്നാണ് സൂചിപ്പിച്ചത്. ഭയം ഗ്രസിച്ചനാളുകളായിരുന്നു അടിയന്തിരാവസ്ഥയെങ്കില്‍ ഭയം ഭരിക്കുന്ന നാടായി രാജ്യത്തെ മാറ്റിതീര്‍ക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്.

രാജ്യത്തെ മുഴുവന്‍ ഒരു തടവറയാക്കി മാറ്റിതീര്‍ത്ത അടിയന്തിരാവസ്ഥ നാളുകളില്‍ മുഴങ്ങികേട്ട ഒരു മുദ്രാവാക്യമായിരുന്നു "നാവടക്കൂ പണിയെടുക്കൂ.." എന്നത്. അതിനേക്കാള്‍ ഗുരുതരമായ ഒരവസ്ഥയിലാണ് ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗമിന്ന്. 200-ലേറെ സംസ്ഥാന തൊഴില്‍ നിയമങ്ങളും 40-ലേറെ കേന്ദ്രനിയമങ്ങളും പൊളിച്ചെഴുതി തൊഴിലാളികളെ കൂലി അടിമകളാക്കി മാറ്റാനുള്ള  ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. "ജനാധിപത്യം അഭികാമ്യമാണെങ്കിലും ദേശമാണ് വലുത്" എന്ന് അക്കാലത്ത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇന്ന് വ്യാജദേശസ്നേഹത്തിന്‍റെ മൊത്തക്കച്ചവടമാണ് അരങ്ങേറുന്നത്. സ്വന്തം ജനതയ്ക്കുള്ളില്‍ അപരരെ കണ്ടെത്തി ശത്രുവിന്‍റെ മുദ്ര ചാര്‍ത്തി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കുകയാണ്. സ്ത്രീകൾക്കും ദളിത് ജനവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും നേരെ കടുത്ത അക്രമണങ്ങളാണു ദിനം പ്രതി അരങ്ങേറുന്നത്. സുപ്രസിദ്ധ എഴുത്തുകാരന്‍ മാര്‍ക് ട്വെയിന്‍ 1901-ല്‍ അമേരിക്കയിലെ മിസ്സോറിയിലെ വംശീയകലാപത്തെ തുടര്‍ന്നു ഇങ്ങനെ എഴുതി "കറുത്തവരായതുകൊണ്ട് മാത്രം ഒരു  വിഭാഗം ജനതയെ സംഘം ചേര്‍ന്നു അരിഞ്ഞു വീഴ്ത്തുന്നതാണ് എന്‍റെ രാജ്യം എന്നു പറയുന്നതില്‍ എനിക്ക് ദുഃഖമുണ്ട് ഞാന്‍ അമേരിക്കയെ United States of Lyncherdom  (സംഘം ചേര്‍ന്നു തല്ലിക്കൊല്ലുന്നവരുടെ രാജ്യം) എന്നാണു വിളിക്കുക." മാര്‍ക്ട്വെയിന്‍ അപലപിച്ചതുപോലുള്ള കൂട്ടകൊലകളാണ് രാജ്യമെങ്ങും അരങ്ങേറുന്നത്.

 പാര്‍ലമെന്‍ററിലും നിയമസഭകളിലും മന്ത്രിമാര്‍ പ്രഖ്യാപിക്കുന്ന വാഗ്ദാനങ്ങള്‍ക്ക് വിലയുണ്ട് എന്നാണ് പൊതു വിശ്വാസം. എന്നാല്‍ ഭൂരിപക്ഷം പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളില്‍ ഒതുങ്ങുകയാണ്. പാര്‍ലമെന്‍ററി നടപടിക്രമങ്ങളില്‍ പോലും കാറ്റ് വീഴ്ചയാണ് ഉണ്ടാക്കുന്നത് 1952നും 72 നും ഇടയില്‍ വര്‍ഷത്തില്‍ ശരാശരി 124 മുതല്‍ 134 ദിവസം വരെ പാര്‍ലമെനന്റ് കൂടിയിരുന്നിടത്ത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ അതു 64-67 ദിവസങ്ങളായി ചുരങ്ങുകയുണ്ടായി. 10 വര്‍ഷത്തിനുള്ളില്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമങ്ങളില്‍ 47% വും ഒരു ചര്‍ച്ചയും കൂടാതെയാണ് പാസ്സാക്കിയത്. ഒരു ഭേദഗതി പോലുമില്ലാതെ ഭരണഘടനയുടെ അടിസ്ഥാനശിലകളായ സ്വാതന്ത്ര്യവും മതേതരത്വവും ജനാധിപത്യവും ഫെഡറലിസവുമെല്ലാം കനത്ത ഭീഷണി നേരിടുകയാണ്. കോബ്രാ പോസ്റ്റ് വെളിപ്പെടുത്തിയപോലെ വാര്‍ത്തകള്‍ പെയ്ഡ് ന്യൂസുകള്‍ ആയി മാറുന്നു.

ടാഗോർ ആശങ്കപ്പെട്ടത് പോലെ 'ഘോര തിമിര ഘന നിബിഢ നിശീഥ'ത്തിലേക്ക് രാജ്യം നീങ്ങുകയാണോ എന്ന ആശങ്ക ഉയരുന്ന ഘട്ടത്തിലാണ് അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന്‍റെ വാര്‍ഷികദിനമായ ജൂണ്‍ 26 കടന്നുവരുന്നത്.

സ്വാതന്ത്ര്യത്തെ കാരാഗ്രഹത്തിലടച്ചനാളില്‍ അതിനെ ചെറുത്തുനിന്നവരും രക്തസാക്ഷികളായവരുമാണ് ജനാധിപത്യവ്യവസ്ഥയെ രാജ്യത്തിനു മടക്കി നല്കിയത്. അവരോട് നീതി പുലര്‍ത്തേണ്ടത് ഒരു പരിഷ്കൃത സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്. മുന്‍കാല ഭരണാധികാരികള്‍ ചെയ്ത കൊടും ക്രൂരതകള്‍ക്ക് പില്‍ക്കാല ജനാധിപത്യ സര്‍ക്കാരുകള്‍ പ്രായാശ്ചിത്തം ചെയ്യുന്ന നടപടികള്‍  ലോകം എങ്ങും ദര്‍ശിക്കാവുന്നതാണ്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജ്യസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങി അനേകം സംസ്ഥാനങ്ങള്‍ അടിയന്തിരാവസ്ഥാ പോരാളികളെ അംഗീകരിക്കുകയും സ്വാതന്ത്ര്യ സമരസേനാനികള്‍ക്കുള്ള ആദരവ് നല്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മഹാരാഷ്ട്ര സര്‍ക്കാരും  ആ പാത പിന്‍തുടര്‍ന്നു.

2006-ല്‍ മുഖ്യമന്ത്രി സ: വി.എസ് അച്ചുതാനന്ദന്‍ ഇത്തരം ഒരു പ്രഖ്യാപനം നിയമസഭയില്‍ നടത്തിയെങ്കിലും തുടര്‍ നടപടികള്‍ ഒന്നും കേരളത്തില്‍ ഉണ്ടായില്ല. മറ്റ് സംസ്ഥാനങ്ങളില്‍ എന്നപോലെ കേരളത്തിലും അടിയന്തിരാവസ്ഥാ തടവുകാരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കുക, അടിയന്തിരാവസ്ഥാ ചരിത്രം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുക, കുപ്രസിദ്ധമായ പീഡനക്യാമ്പുകളില്‍ അവശേഷിക്കുന്ന ശാസ്തമംഗലം ക്യാമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത് ചരിത്ര സ്മാരമാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അടിയന്തിരാവസ്ഥാ പീഢിതര്‍ പോരാട്ടവീഥിയിലാണു.

      1969ല്‍ അധികാരത്തില്‍നിന്ന് പോയതിന് ശേഷം നീണ്ട 11 വര്‍ഷങ്ങള്‍ കെ‌എ ഴിഞ്ഞു  1980-ലാണു സി.പി.എ.എമ്മിന്‍റെ നേതൃത്വത്തിലുള്ള മന്ത്രസഭ വീണ്ടും അധികാര ത്തില്‍ എത്തുന്നത്. ജയറാംപടിക്കലിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച കക്കയത്തെയും മാലൂര്‍ക്കുന്നിലെയും ശാസ്തമംഗലത്തേയും ഇടപ്പള്ളിയിലെയും തൃശൂരിലെയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകളും കോഴിക്കോട് ആര്‍.ഇ.സി വിദ്യാര്‍ത്ഥിയായിരുന്ന സ:പി രാജന്‍റെയും വര്‍ക്കല വിജയന്‍റെയും അങ്ങാടിപ്പുറം ബാലകൃഷ്ണന്‍റെയും രക്തസാക്ഷിത്വവും, പ്രൊഫ: ഈച്ചരവാര്യര്‍ നടത്തിയ നിയമപോരാട്ടവും അദ്ദേഹം നല്‍കിയ ഹേബിയസ് കോര്‍പ്പസിലെ വിധികളും അടക്കം കേരള ജനത തിരിച്ചറിഞ്ഞതോടെയാണ് 80-ലെ  സ: നായനാര്‍ മന്ത്രിസഭയുടെ അധികാരാരോഹണം നടക്കുന്നത്. അതിന്‍റെ തുടര്‍ച്ചയാണ് ഇന്ന് നിലവിലുള്ള ഇടതുപക്ഷ മുന്നണി സംവിധാനം. അടിയന്തിരാവസ്ഥാ തടവുകാരനായ സ: പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുക്കുമ്പോള്‍ ആ തടവുകാരോട്  എടുക്കുന്ന അനങ്ങാപ്പാറ നയം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

"നല്ലുണ്ണിതമ്പുരാന്‍ നാലുരള്‍ തേരേറി
നാടുപിടിച്ചടക്കിയ കഥ കുഞ്ഞുരാമന്‍ പറയുമ്പോള്‍
അങ്ങുതാന്‍ നീതി ന്യായം 
അങ്ങുതാന്‍ വാര്‍ത്താകേന്ദ്രം
അങ്ങുതാന്‍ അങ്ങുതാന്‍ സമസ്തവും"- എന്ന് കവി സൂചിപ്പിച്ചപോലെയുള്ള ഒരവസ്ഥയായിരുന്ന -  സ്വേച്ഛാധിപത്യത്തിന്‍റെ തേരുരുണ്ടനാളില്‍ ഭൂരിപക്ഷം മലയാളികളും മാധ്യമങ്ങളും മൗനത്തിലാണ്ടോരു കാലത്ത്  "സഹിക്കയോദാസ്യം- മരണമല്ലോ നല്ലൂ.." എന്നു ചിന്തിച്ചു പോരാട്ടത്തിനിറങ്ങിയവരുടെ ചരിത്രം ഓര്‍മ്മിക്കുന്നത് ഫാസിസ്സത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് ഉത്തേജനം നല്കുന്ന ഒന്നായിരിക്കും.   

 ഫാസിസത്തിന്‍റെ ഭീഷണി രാജ്യമെങ്ങും വളര്‍ന്നുവരികയാണ്. ജനാധിപത്യ വ്യവസ്ഥക്കുള്ളില്‍ ഫാസിസത്തിന്‍റെ ജീനുകള്‍ ഉണ്ട് എന്നു പറഞ്ഞത് ജിയോന്നി ജെന്‍റെയിൽ ആണ്. ഫാസിസത്തിന്‍റെ തത്വശാസ്ത്രഞ്ജനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഈ ജീനുകള്‍ ഇന്ത്യയില്‍ മുളച്ചു വളരുകയാണ്. ഫാസിസത്തിന് ക്ലാസിക്കല്‍ രൂപങ്ങള്‍ ഇല്ല എന്നാണ് ദിമിത്രോവ് ചൂണ്ടിക്കാണിച്ചത്. ഇന്ത്യയില്‍ അത്  മതരാഷ്ട്രത്തിന്‍റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും ജന: ഫ്രാങ്കോയുടെയും സുക്കാര്‍ത്തോയുടെയും പിനോഷയുടെയും ഭരണകൂടങ്ങളെ സവിസ്ഥരം പഠിച്ച ലോറന്‍സ് ബ്രീറ്റ് ഈ ഭരണകൂടങ്ങളെയെല്ലാം ഫാസിസ്റ്റ് ഭരണ കൂടങ്ങളായാണ് വിശേഷിപ്പിച്ചത്. അദ്ദേഹം നിര്‍ദ്ദേശിച്ച 14 ലക്ഷണങ്ങളും ഇന്ത്യയില്‍ നമുക്ക് ദര്‍ശിക്കാനാവും. ഇതിനുപുറമേ അടിയന്തിരാവസ്ഥ കാലത്ത് ജനങ്ങള്‍ അനുഭവിച്ച വിലക്കയറ്റവും തൊഴിലില്ലായ്മയും  എല്ലാം ഇന്നും പെരുകുകയാണ്. തൊഴിലാളികളുടെയും കര്‍ഷകരുടെയും ദളിതരുടെയും പ്രക്ഷോഭങ്ങള്‍ അലയടിച്ചുയരുകയാണ്. ദേശസ്നേഹത്തിന്‍റെ മേലങ്കി പുതച്ച് ഫിനാള്‍സ് മൂലധനത്തിന്‍റെ താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന ഒന്നാണ് ഇന്ത്യന്‍ ഭരണകൂടം. ഈ ആപത്ത് തിരിച്ചറിഞ്ഞ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യനിര പടുത്തുയര്‍ത്താന്‍ പരിശ്രമിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ അടിയന്തരാവാസ്ഥയിലെ അര്‍ദ്ധഫാസിസ്റ്റ് വാഴ്ചയോടുള്ള ചെറുത്തുനില്പ് ഒരു ഭൂതകാല ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല. രാജ്യം നേരിടുന്ന വര്‍ത്തമാന ഭീഷണിയെ ചെറുക്കാനുള്ള ഊര്‍ജ്ജവും കൂടിയാണ്. ഓര്‍മ്മകളുള്ള ഒരു ജനതയുടെ തൊലിപുറത്ത് കലാപം മുഷ്ടി ചുരുട്ടിനില്‍ക്കും. ഈ ചരിത്ര സത്യം മനസ്സിലാക്കി അടിയന്തിരാവസ്ഥാ പോരാളികളുടെ ആവശ്യം അംഗീകരിക്കാന്‍ വേണ്ട അടിയന്തിര നടപടികള്‍ കേരള സര്‍ക്കാറില്‍ നിന്ന് ഉണ്ടാവേണ്ടതുണ്ട്. ജനാധിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ശക്തികളുടെയും പിന്തുണ ഇതിനുണ്ടാവേണ്ടതുണ്ട്.