KARL MARX--1872 "ഭൂമിയുടെ-ദേശസാൽക്കരണത്തെപ്പറ്റി"



               

കാറൾ-മാര്‍ക്സ്--1872


"ഭൂമിയുടെ


 -ദേശസാൽ


ക്കരണത്തെപ്പറ്റി"



എല്ലാ സമ്പത്തിന്റെയും ആദ്യത്തെ ഉറവിടം ഭൂസ്വത്താണ്. അത് ഇന്ന് വലിയൊരു പ്രശ്നമായി ത്തീർന്നിരിക്കുന്നു . തൊഴിലാളിവർഗ്ഗത്തിന്റെ ഭാവി അതിന്റെ പരിഹാരത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. 
സ്വകാര്യ ഭൂവുടമസ്തതയ്ക്ക് വേണ്ടി വാദിക്കുന്നവർ - നിയമജ്ഞന്മാരും തത്വചിന്തകന്മാരും അർത്ഥശാസ്ത്രജ്ഞാന്മാരും - ഉന്നയിക്കുന്ന എല്ലാ വാദമുഖങ്ങളും ഇവിടെ ചർച്ച ചെയ്യാൻ‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഒന്നാമത്, "സ്വാഭാവികാവകാശ" ത്തിന്റെ മറവിൽ‍ വെട്ടിപ്പിടുത്തമെന്ന പ്രഥമ വസ്തുതയെ മൂടിവെയ്ക്കാൻ‍ അവർ കഠിനമായി ശ്രമിച്ചിട്ടുണ്ടെന്ന് മാത്രമേ ഞാനിപ്പോൾ‍ പറയുന്നുള്ളൂ. വെട്ടിപ്പിടുത്തം കുറച്ചു പേരുടെ സ്വാഭാവികാവകാശമാണെങ്കിൽ‍ കൂടുതൽ‍ പേരെ സംബന്ധിച്ചിടത്തോളം , തങ്ങളിൽ‍നിന്നു പിടിച്ചെടുത്തത് തിരിച്ചു വെട്ടിപ്പിടിച്ചെടുക്കാനുള്ള സ്വാഭാവികാവകാശം ആർജ്ജിക്കാൻ‍ വേണ്ടത്ര ശക്തി സംഭരിക്കുകയെ വേണ്ടൂ. 
ചരിത്ര ഗതിയിൽ മൃഗീയ ശക്തികൊണ്ട് സമ്പാദിച്ച ആദിമാവകാശത്തിനു തങ്ങൾ തന്നെ അടിച്ചേൽപ്പിച്ച നിയമങ്ങൾ‍ മുഖേന ഒരു തരം സാമൂഹ്യ സുസ്ഥിരത നൽകുന്നത് സൌകര്യപ്രദ മായിരിക്കുമെന്നു ആക്രമണകാരികൾ‍ കണ്ടു. 
അടുത്തതായി തത്വചിന്തകന്റെ വരവായി. ആ നിയമങ്ങൾ‍ മാനവരാശിയുടെ സാർവത്രികമായ സമ്മതത്തെ വിവക്ഷിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നുവെന്നു അയാൾ തെളിയിക്കുന്നു. സ്വകാര്യ ഭൂവുടമസ്ഥത വാസ്തവത്തിൽ‍ അധിഷ്ടിതമായിരിക്കുന്നത് അത്തരം സാർവത്രിക സമ്മതത്തിന്മേലാണെങ്കിൽ‍ സമൂഹത്തിലെ ഭൂരിപക്ഷം ആ സമ്മതം നൽകാത്ത മാത്രയിൽ അത് അപ്രത്യക്ഷമാകുമെന്ന് വ്യക്തമാണ്. എന്തായാലും സ്വത്തിനുള്ള "അവകാശ "മെന്നു പറയുന്നതിനെ മാറ്റി നിർത്തിക്കൊണ്ട് ഞാൻ‍ ഒരു കാര്യം ഊന്നി പറയട്ടെ. സമൂഹത്തിന്റെ സാമ്പത്തിക വികാസവും ജനങ്ങളുടെ പെരുപ്പവും സാന്ദ്രീകരണവും ,കൃഷിയിൽ‍ കൂട്ടായ , സംഘടിതമായ , അദ്ധ്വാനമേർപ്പെടുത്താനും യന്ത്രങ്ങളുടെയും അതുപോലുള്ള കണ്ടുപിടുത്തങ്ങളുടെയും സഹായം തേടാനും കൃഷിയുടമയായ മുതലാളിയെ നിർബ്ബന്ധിക്കുന്ന സാഹചര്യങ്ങൾ‍ തന്നെയും ഭൂമിയുടെ ദേശസാൽക്കരണത്തെ കൂടുതൽ കൂടുതൽ‍ ഒരു സാമൂഹ്യാവശ്യമാക്കിത്തീർക്കും. അതിനെതിരെ സ്വത്തവകാശത്തെക്കുറിച്ചു എത്ര സംസാരിച്ചാലും ഫലമില്ല. സമൂഹത്തിന്റെ അടിയന്തിരാവശ്യങ്ങൾ നിറവേറ്റിയേ തീരൂ. സാമൂഹ്യാവശ്യം അനുശാസിക്കുന്ന മാറ്റങ്ങൾ സ്വയം വഴിതെളിച്ചെടുക്കും. ഇന്നല്ലെങ്കിൽ‍ നാളെ അവ അവയുടെ താത്പര്യങ്ങൾക്കനുയോജ്യമായ നിയമ നിർമ്മാണം നടത്തുകയും ചെയ്യും.
ദിവസം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഉൽപ്പാദനമാണ് നമുക്ക് വേണ്ടത്. ഒരു പിടിയാളുകൾക്ക് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും സ്വകീയ താത്പര്യങ്ങളുമനുസരിച്ച് ഉൽപ്പാദനത്തെ ക്രമീകരിക്കാനോ അറിവില്ലായ്മകൊണ്ട് മണ്ണിന്റെ ഗുണം മുഴുവനും ഉപയോഗിച്ചു തീർക്കാനോ കഴിയുന്ന ഒരു സ്ഥിതിയിൽ ഉൽപ്പാദനത്തിന്റെ ആവശ്യങ്ങൾ‍ നിറവേറ്റാനാവില്ല. ജലസേചനം , ജലനിർഗ്ഗമനം , ആവിശക്തി ഉപയോഗിച്ചുള്ള ഉഴവ്, രാസവസ്ത്തുക്കളുടെ പ്രയോഗം തുടങ്ങിയ എല്ലാ ആധുനിക രീതികളും കൃഷിയിൽ വിപുലമായി ഉപയോഗിക്കണം. പക്ഷെ, ഭൂമി വൻ‍ തോതിൽ‍ കൃഷി ചെയ്താലല്ലാതെ നമ്മുടെ ശാസ്ത്രീയ പരിജ്ഞാനമോ യന്ത്രങ്ങളും മറ്റുമായി നമ്മുടെ അധീനതയിലുള്ള സാങ്കേതിക കൃഷിരീതികളോ വിജയകരമായി പ്രയോഗിക്കാൻ‍ സാധിക്കില്ല.
സാമ്പത്തിക വീക്ഷണകോണിലൂടെ നോക്കുമ്പോൾ‍ വൻതോതിലുള്ള കൃഷി (കൃഷിചെയ്യുന്നവനെ വെറുമൊരു ചുമട്ടുമൃഗമായി അധപ്പതിപ്പിക്കുന്ന അതിന്റെ ഇന്നത്തെ മുതലാളിത്ത രൂപത്തിൽ പോലും ) തുണ്ടു ഭൂമികളിൽ‍ ചെറിയ തോതിൽ‍ നടത്തുന്ന കൃഷിയേക്കാൾ‍ എത്രയോ മെച്ചപ്പെട്ടതാണെങ്കിൽ‍, രാജ്യവ്യാപകമായ തോതിലായാൽ അത് ഉത്പാദനത്തിന് കൂടുതൽ‍ ശക്തമായ ഉത്തേജനം നൽകുകയില്ലേ ? 
ഒരു വശത്ത് ജനങ്ങളുടെ നിരന്തരം വർദ്ധിച്ചുവരുന്ന ആവശ്യങ്ങളും മറുവശത്ത് കാർഷികോൽപ്പന്നങ്ങളുടെ നിരന്തരം ഏറി വരുന്ന വിലയും ഭൂമിയുടെ ദേശസാൽക്കരണം ഒരു സാമൂഹ്യാവശ്യമായി ത്തീർന്നിരിക്കുന്നുവെന്നതിനുള്ള അനിഷേധ്യമായ തെളിവാണ്. 
വ്യക്തികളുടെ തന്നിഷ്ടത്തിന്റെ ഫലമായി കാർഷികോൽപ്പാദനത്തിലുണ്ടാവുന്ന കുറവ് , രാഷ്ട്രത്തിന്റെ നിയന്ത്രണത്തിലും രാഷ്ട്ര നന്മയ്ക്ക് വേണ്ടിയും കൃഷി നടത്തുമ്പോൾ‍ അസാധ്യമായിത്തീരുമെന്നു പറയേണ്ടതില്ലല്ലോ. 
ഇന്നിവിടെ ഈ പ്രശ്നത്തിന്റെ ചർച്ചയിൽ പങ്കെടുത്ത എല്ലാവരും ഭൂമിയുടെ ദേശസാൽക്കരണത്തെ അനുകൂലിച്ച് പ്രസംഗിച്ചു . പക്ഷെ , തികച്ചും വ്യത്യസ്തമായ കോണുകളിലൂടെയാണ് അവർ പ്രശ്നത്തെ വീക്ഷിച്ചത്‌.
പലരും ഫ്രാൻസിനെ പരാമർശിക്കുകയുണ്ടായി. പക്ഷെ , കർഷകരുടെ സ്വത്തുടമസ്ഥത നിലവിലുള്ള ആ രാജ്യം , ഭൂപ്രഭുത്വം നിലവിലുള്ള ഇംഗ്ലണ്ടിനെക്കാൾ‍ ഭൂമിയുടെ ദേശസാൽക്കരണത്തിൽ‍നിന്ന് അകലെയാണ്. ഫ്രാൻസിൽ‍ ഭൂമി വാങ്ങാൻ‍ കഴിവുള്ള ആർക്കും അത് ലഭ്യമാണെന്നത് നേര് തന്നെ. പക്ഷെ, ഈയൊരു സൗകര്യം തന്നെയാണ് ഭൂമി ചെറിയ തുണ്ടുകളായി വെട്ടി മുറിക്കപ്പെടാൻ ഇടയാക്കിയത്. തങ്ങളുടെയും തങ്ങളുടെ കുടുംബത്തിന്റെയും അദ്ധ്വാനത്തെ മുഖ്യമായും നമ്പുന്ന ചെറിയ വരുമാനക്കാരാണ് അവ കൃഷിചെയ്യുന്നത്. ഈ രൂപത്തിലുള്ള ഭൂസ്വത്തുടമസ്ഥതയും അത് ആവശ്യമാക്കി ത്തീർക്കുന്ന തുണ്ടുതുണ്ടായുള്ള കൃഷിയും കാർഷിക നവീകരണത്തിനുള്ള എല്ലാ ആധുനിക മാർഗ്ഗങ്ങളെയും ഒഴിച്ചു നിർത്തുകയും അതേ സമയം കർഷകനെ സാമൂഹ്യ പുരോഗതിയുടേയും സർവോപരി ഭൂമിയുടെ ദേശസാൽക്കരണത്തിന്റെയും ബദ്ധശത്രുവാക്കി മാറ്റുകയും ചെയ്യുന്നു. അവൻ‍ ഭൂമിയോട് കെട്ടിയിടപ്പെട്ടിരിക്കുകയാണ്. താരതമ്യേന ചെറിയൊരു പ്രതിഫലം കിട്ടാൻ‍ വേണ്ടി അവൻ ആ ഭൂമിയിൽ‍ തന്റെ ജീവചൈതന്യം മുഴുവനും ചെലവഴിക്കേണ്ടി വരുന്നു. അതിൽ‍ നിന്ന് കിട്ടുന്ന ഉൽപ്പന്നത്തിന്റെ അധിക ഭാഗവും നികുതിയുടെ രൂപത്തിൽ‍ സർക്കാരിനും വ്യവഹാരച്ചെലവിന്റെ രൂപത്തിൽ‍ കോടതിപ്പരിഷയ്ക്കും പലിശയുടെ രൂപത്തിൽ‍ ഹുണ്ടികക്കാരനും കൊടുക്കേണ്ടിവരുന്നു. തന്റെ സങ്കുചിതമായ പ്രവർത്തനരംഗത്തിനു വെളിയിലുള്ള സാമൂഹ്യപ്രസ്ഥാനങ്ങളെപ്പറ്റി അവൻ‍ തീർത്തും അജ്ഞനാണ്. എന്നിട്ടും അവൻ തന്റെ തുണ്ടു ഭൂമിയേയും അതിന്മേലുള്ള തന്റെ നാമമാത്രമായ ഉടമാവകാശത്തെയും അന്ധമായ ആസക്തിയോടെ അള്ളിപ്പിടിക്കുന്നു. ഫ്രഞ്ച് കർഷകർ‍ വ്യവസായത്തൊഴിലാളിവർഗ്ഗത്തോടുള്ള വിനാശകരമായ ശത്രുതയിലേക്ക് എടുത്തെറിയപ്പെട്ടത് ഇങ്ങനെയാണ്.
കർഷകന്റെ സ്വത്തുടമസ്ഥത ഭൂമിയുടെ ദേശസാൽക്കരണത്തിനുള്ള ഏറ്റവും വലിയ പ്രതിബന്ധമായതു കൊണ്ട് ഈ വമ്പിച്ച പ്രശ്നത്തിന്റെ പരിഹാരത്തിന് നാം ഉറ്റു നോക്കേണ്ട സ്ഥലം തീർച്ചയായും ഇന്നത്തെ അവസ്ഥയിലുള്ള ഫ്രാൻസല്ല.
ഒരു ബൂർഷ്വാ ഗവന്മേണ്ട് നിലവിലുള്ളപ്പോൾ‍ വ്യക്തികൾക്കോ തൊഴിലാളി സമാജങ്ങൾക്കോ ചെറു തുണ്ടുകളായി ഭാഗിച്ചു കൊടുക്കാൻ‍ വേണ്ടി ഭൂമിയെ ദേശസാല്‍ക്കരിച്ചാല്‍ അത് അവരുടെയിടയിൽത്തന്നെ ലഗാനില്ലാത്ത മത്സരമുളവാകുകയും തൽഫലമായി "പാട്ട"ത്തിന്റെ അനുക്രമമായ വർദ്ധനവിനിടയാക്കുകയും മാത്രമേ ചെയ്യൂ. അതാവട്ടെ ഭൂവുടമകൾക്ക് ഉൽപ്പാദകരുടെ ചെലവിൽ‍ ജീവിക്കാൻ‍ പുതിയ സൌകര്യങ്ങൾ‍ ഉണ്ടാക്കി കൊടുക്കുകയും ചെയ്യും. 
1868 ല്‍ ബ്രസ്സൽസിൽ‍ ചേർന്ന ഇന്റർനാഷണലിന്റെ കോൺഗ്രസ്സിൽ വച്ച് നമ്മുടെ ഒരു സുഹൃത്ത് പറഞ്ഞു :
"ഭൂമിയിന്മേലുള്ള ചെറുകിട സ്വകാര്യസ്വത്തുടമസ്ഥതയ്ക്കെതിരായി ശാസ്ത്രവും വൻകിട ഭൂവുടമസ്ഥതയ്ക്കെതിരായി നീതിയും വിധിയെഴുതിയിരിക്കുന്നു . ശേഷിക്കുന്നത് ഒരൊറ്റ പോം വഴി മാത്രമാണ് . ഭൂമി ഒന്നുകിൽ‍ ഗ്രാമീണ സമാജങ്ങളുടെ സ്വത്തായി ത്തീരണം , അല്ലെങ്കിൽ‍ മുഴുവൻ‍ രാഷ്ട്രത്തിന്റെയും സ്വത്തായി ത്തീരണം . ഭാവി ഈ പ്രശ്നത്തിനു ഉത്തരം കാണും ."
ഞാൻ‍ പറയുന്നത് നേരെ മറിച്ചാണ്. ഭൂമി രാഷ്ട്രത്തിന്റെ സ്വത്താവാനേ പാടുള്ളൂവെന്ന തീരുമാനത്തിലേക്ക് സാമൂഹ്യ പ്രസ്ഥാനം വഴിതെളിക്കുന്നതാണ്. ഭൂമി കർഷക തൊഴിലാളികളുടെ സംഘങ്ങളെ ഏൽപ്പിച്ചാൽ അത് സമൂഹത്തെ ഉൽപ്പാദകരുടെ ഒരൊറ്റ വർഗ്ഗത്തിന് മാത്രമായി കീഴ്പ്പെടുത്തലാവും .
ഭൂമിയുടെ ദേശസാൽക്കരണം അധ്വാനവും മൂലധനവും തമ്മിലുള്ള ബന്ധത്തിൽ‍ പരിപൂർണ്ണമായ മാറ്റം വരുത്തുകയും അവസാനം വ്യവസായത്തിലെന്ന പോലെ കൃഷിയിലും മുതലാളിത്തപരമായ ഉൽപ്പാദന രീതിയ്ക്ക് അറുതി വരുത്തുകയും ചെയ്യും. അപ്പോൾ വർഗ്ഗപരമായ വ്യത്യാസങ്ങളും വിശേഷാവകാശങ്ങളും അവയോടൊപ്പം അവയ്ക്കാധാരമായി നിൽക്കുന്ന സാമ്പത്തികാടിത്തറയും അപ്രത്യക്ഷമാകും. മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെ ചെലവിൽ‍ ജീവിക്കുകയെന്നത് ഒരു ഭൂതകാല സംഭവമാകും. സമൂഹത്തിൽ‍നിന്നു വേറിട്ട്‌ നിൽക്കുന്ന ഒരു ഗവന്മേന്റോ ഭരണകൂടമോ മേലിലുണ്ടാവില്ല. കൃഷി , ഘനനം, വ്യവസായം -ഒരൊറ്റ വാക്കിൽ‍ പറഞ്ഞാൽ‍ , ഉൽപ്പാദനത്തിന്റെ എല്ലാ ശാഖകളും - ക്രമേണ ഏറ്റവും പര്യാപ്തമായ രീതിയിൽ സംഘടിപ്പിക്കുന്നതാണ് . ഉൽപ്പാദനോപാധികളുടെ ദേശീയ കേന്ദ്രീകരണം സമൂഹത്തിന്റെ ദേശീയ അടിത്തറയായിത്തീരും .യുക്തിയുക്തമായ ഒരു പൊതുപദ്ധതിയനുസരിച്ച് സാമൂഹ്യാധ്വാനത്തിൽ‍ ഏർപ്പെട്ടിട്ടുള്ള സ്വതന്ത്രരും തുല്ല്യരുമായ ഉൽപ്പാദകരുടെ സംഘങ്ങൾ‍ ആയിരിക്കും ആ സമൂഹത്തിലുണ്ടായിരിക്കുക. മനുഷ്യസ്നേഹപരമായ ആ ലക്ഷ്യത്തിലേക്കാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ മഹത്തായ സാമ്പത്തിക പ്രസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത് .
(1872 മാർച്ച് - ഏപ്രിൽ‍ മാസങ്ങളിൽ‍ കാറൽ മാർക്സ് എഴുതിയത്.
പരിഭാഷ: പ്രോഗ്രസ് പബ്ലിഷേഴ്സ് )