ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ ചരിത്രത്തിലെ ഒരു 'കറുത്ത ദിവസം' തന്നെയാണ് ഇന്ന് . മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ബ്രിജ് ഗോപാൽ ഹർകിഷൻ ലോയയുടെ ദുരൂഹ മരണത്തെപ്പറ്റി ഒരു തരം അന്വേഷണവും ആവശ്യമില്ലെന്നു വിധിക്കുകയും ഇതു സംബന്ധിച്ച യാതൊരു പരാതികളും ഇന്ത്യയിലെ മറ്റൊരു കോടതിയും കേൾക്കാൻ പാടില്ലെന്നു വിലക്കുകയും ചെയ്തപ്പോൾ ഒരന്വേഷണവും കൂടാതെ തന്നെ അന്തിമ വിധി പ്രഖ്യാപിക്കുകയായിരുന്നു സുപ്രീം കോടതി. അപൂർണ്ണവും സംശയാസ്പദവുമായ പശ്ചാത്തല വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ, സത്യമെന്തെന്ന് അന്വേഷിക്കാനുള്ള അവസരം പോലും നിഷേധിച്ചുകൊണ്ടു നടത്തപ്പെട്ട ഈ വിധി നീതി സങ്കല്പങ്ങളുടെ അടിസ്ഥാനങ്ങളെ തന്നെ നിരാകരിക്കുന്നതാണെന്നു പറയേണ്ടി വരും.
ജസ്റ്റിസ് ലോയയുടെ മരണത്തെപ്പറ്റി സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട പരാതിക്കാരേയും അവർക്കു വേണ്ടി ഹാജരായ അഭിഭാഷകരേയും രാഷ്ടീയ താല്പര്യത്തിനു വേണ്ടി കോടതിയെ ഉപയോഗിക്കാൻ ശ്രമിച്ചവരെന്നു ആക്ഷേപിക്കുകയും ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെന്നു കുറ്റപ്പെടുത്തുകയും ചെയ്യുകയാണ് സുപ്രീം കോടതി. ഈ കേസിൽ ഹാജരായ അഭിഭാഷകരെ ശിക്ഷിക്കേണ്ടതാണെന്നു പോലും പറയുന്നുണ്ട് കോടതി! നിയമജ്ഞരെന്ന നിലയിലും നീതി ബോധമുള്ളവരെന്ന നിലയിലും രാജ്യത്തെങ്ങും ആദരിക്കപ്പെടുന്ന ഇന്ദിര ജയസിംഗ്, പ്രശാന്ത് ഭൂഷൺ തുടങ്ങിയ മുതിർന്ന അഭിഭാഷകരെയാണ് സുപ്രീം കോടതി ഇത്തരത്തിൽ കുറ്റപ്പെടുത്തുന്നത്. ജസ്റ്റിസ് ലോയയുടെ മരണത്തെപ്പറ്റി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട പരാതിക്കാരും ലോയയുടെ സഹോദരി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും രാഷ്ടീയ പ്രേരിതമായി കോടതിയിലെത്തിയവരാണെന്നു കുറ്റപ്പെടുത്തുന്ന കോടതി തങ്ങളുടെ വിധി പ്രസ്താവത്തിന്റെ രാഷ്ടീയസ്വഭാവം കണ്ടില്ലെന്നു ഭാവിക്കുന്നത് നിഷ്ക്കളങ്കത മൂലമാണെന്ന് എങ്ങനെയാണു കരുതാനാവുക? ലോയ യുടെ മരണത്തെ പറ്റി അന്വേഷണം വേണ്ടെന്ന വിധിയെ ഏറ്റവുമാദ്യം സ്വാഗതം ചെയ്തതും അതിൽ ആശ്വാസം കൊള്ളുന്നതും രാജ്യം ഭരിക്കുന്ന രാഷ്ടീയ പാർട്ടിയും ( ബി.ജെ.പി) അതിന്റെ അദ്ധ്യക്ഷൻ അമിത് ഷായുമാണെന്ന് ഏതു ജഡ്ജിക്കാണ് അറിയാൻ പാടില്ലാത്തത് ?
മരണസമയത്ത് ജസ്റ്റിസ് ലോയയോടൊപ്പം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന നാലു ജഡ്ജിമാരുടേതായി പുറത്തു വന്ന പ്രസ്താവനകളെ മാത്രം വിശ്വാസത്തിലെടുത്തു കൊണ്ട് അന്വേഷണം വേണ്ടെന്നു പറയുന്ന സുപ്രീം കോടതി ഈ ജഡ്ജിമാരാരും ഒരു ജുഡീഷ്യൽ സംവിധാനത്തിനു മുന്നിൽ ഹാജരായി മൊഴി നൽകുകയോ സത്യവാങ്മൂലം സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന വസ്തുത വിസ്മരിക്കുകയാണു്.
ജസ്റ്റിസ് ലോയയുടെ മരണത്തെപ്പറ്റി അദ്ദേഹത്തിന്റെ സഹോദരി പ്രകടിപ്പിച്ച സംശയങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു കൊണ്ടിരുന്ന കേസിൽ തങ്ങൾക്കനുകൂലമായ വിധിയുണ്ടാവാനായി ചിലർ അദ്ദേഹത്തിനു വൻ തുക വാഗ്ദാനം ചെയ്തിരുന്നു എന്ന വിവരങ്ങളും അദ്ദേഹത്തെ പ്രവേശിപ്പിക്കുകയും പരിചരിക്കുകയും പിന്നീട് അദ്ദേഹത്തിന്റെ മൃതശരീരം പോസ്റ്റുമോർട്ടം ചെയ്യുകയും ചെയ്തതായി പറയപ്പെടുന്ന ആശുപത്രികളിലും അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിലും നിന്ന് 'കാരവൻ ' മാസികയുടെ ലേഖകനും മറ്റു പത്രപ്രവർത്തകരും സമാഹരിച്ച വിവരങ്ങളുമെല്ലാം വിരൽ ചൂണ്ടുന്നത് ജസ്റ്റിസ് ലോയയുടേത് ഒരു സ്വാഭാവിക മരണമായിരുന്നില്ല എന്നതിലേക്കും അതിനു പിന്നിൽ ചില വലിയ ക്രിമിനൽ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട് എന്നതിലേക്കുമാണ്. ഈ മരണത്തെപ്പറ്റി അന്വേഷണം നടത്തണമെന്ന ആവശ്യം രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തിനകത്ത് ഏറ്റവും വലിയ വിവാദങ്ങൾക്കാണു വഴിയൊരുക്കിയത്. ചീഫ് ജസ്റ്റിസിന്റെ തീരുമാനം സംശയാസ്പദമാണെന്നും അത്തരം പ്രവർത്തനങ്ങൾ ഇന്ത്യൻ ജുഡീഷ്യറിയെ കളങ്കപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് നാലു സീനിയർ ജഡ്ജിമാർ പരസ്യമായി പത്രസമ്മേളനം നടത്താൻ വരെ തയ്യാറായി. വാസ്തവത്തിൽ അവർ പ്രകടിപ്പിച്ച ആശങ്ക അസ്ഥാനത്തല്ലായിരുന്നു എന്നാണ് ഇന്നത്തെ സുപ്രീം കോടതി വിധി തെളിയിക്കുന്നത്.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടേയും ഭരണഘടനയുടേയും അടിസ്ഥാന മൂല്യങ്ങളെ തന്നെ അപായപ്പെടുത്തുന്ന വിധത്തിൽ ഭരണം നടത്തുന്ന രാഷ്ട്രീയ പാർട്ടിക്ക് ജുഡീഷ്യറിയിലും അന്വേഷണ ഏജൻസികളിലും ഇതര ഭരണഘടനാ സ്ഥാപനങ്ങളിലും ഇടപെടാനും സ്വാധീനം ചെലുത്താനും കഴിയുന്നുവെങ്കിൽ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും ആപത്ക്കരമായ സാഹചര്യങ്ങളിൽ ഒന്നായിരിക്കും അത്. അതുകൊണ്ടാണ് ജസ്റ്റിസ് ലോയയുടെ മരണത്തിൽ ഒരു സ്വതന്ത്രാന്വേഷണവും വേണ്ടെന്നും ഒരു കോടതിയും അതു സംബന്ധിച്ച പരാതികൾ കേൾക്കാൻ പാടില്ലെന്നുമുള്ള വിധി വന്ന ദിവസം സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനമാവുന്നത്.