Charles George- തീരദേശ പരിപാലന നിയമഭേദഗതി: സംസ്ഥാനത്തിന്‍റെ അവകാശങ്ങള്‍ ഹനിക്കും





തീരദേശ പരിപാലന നിയമഭേദഗതി:
സംസ്ഥാനത്തിന്‍റെ അവകാശങ്ങള്‍ ഹനിക്കും

1991-ലെ തീരദേശ നിയന്ത്രണ വിജ്ഞാപനവും 2011-ലെ തീരദേശ പരിപാല വിജ്ഞാപനവും പരിഷ്ക്കരിച്ചുകൊണ്ടുള്ള പുതിയ കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. കേന്ദ്ര വനം, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിനുവേണ്ടി ഡയറക്ടര്‍ അരവിന്ദ് നൗത്യാല്‍ ആണ് കരടു വിജ്ഞാപനവുമായി ബന്ധപ്പെട്ട പബ്ലിക് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത് 2011-ലെ വിജ്ഞാപനവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്കും, തീരദേശ സംസ്ഥാനങ്ങള്‍ക്കും ഉണ്ടായ വൈഷമ്യങ്ങള്‍ കണക്കിലെടുത്തും, ഡോ. ശൈലേഷ് നായിക് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടുമാണ് പുതിയ ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് വിജ്ഞാപനം പറയുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളി സംരക്ഷണത്തിന്‍റെ മറവില്‍ പാരിസ്ഥിതിക വിനാശത്തിന് വഴി മരുന്നിടുകയും, തീരദേശത്തെ ടൂറിസ്റ്റ്, നിര്‍മ്മാണ മാഫിയ സംഘങ്ങള്‍ക്ക് തീറെഴുതുകയും സംസ്ഥാനങ്ങളുടെ അവകാശ-അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്ന നിര്‍ദ്ദേശങ്ങളാണ് കരട് വിജ്ഞാപനത്തിലടങ്ങിയിരി ക്കുന്നതെന്ന് കേരള മത്സ്യതൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) വിലയിരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരോ, സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയോ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ക്കണമെന്ന് ഞങ്ങളാവശ്യപ്പെടുന്നു.
ഈ മാസം 18 ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിനു മുന്നോടിയായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ഒരു പ്രാഥമികരേഖ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഞങ്ങളുന്നയിച്ച വിമര്‍ശനങ്ങളോ ഭേദഗതികളോ തെല്ലും പരിഗണിക്കപ്പെട്ടിട്ടില്ല.
പുതിയ വിജ്ഞാപനത്തിന്‍റെയടിസ്ഥാനത്തില്‍ മത്സ്യതൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും കടലോര ഗ്രാമങ്ങളില്‍ വേലിയേറ്റ രേഖയില്‍ നിന്നും അമ്പത് മീറ്ററിനപ്പുറത്ത് വീടുകള്‍ നിര്‍മ്മിക്കാം. വര്‍ഷങ്ങളായി മത്സ്യതൊഴിലാളികള്‍ ഉന്നയിക്കുന്ന ഒരു ആവശ്യമാണിത്. കായല്‍ തീരങ്ങളില്‍ ഭവന നിര്‍മ്മാണത്തിനുള്ള നിയന്ത്രണം നൂറ് മീറ്ററില്‍ നിന്നും അമ്പത് മീറ്ററാക്കിയും, തുരുത്തുകളില്‍ ഇരുപത് മീറ്ററാക്കിയും പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഇളവുകള്‍ ടൂറിസ്റ്റ് - നിര്‍മ്മാണ വിഭാഗങ്ങള്‍ക്കും അനുവദിച്ചത് പ്രതിഷേധാര്‍ഹമാണ്. മത്സ്യതൊഴിലാളികള്‍ക്ക് ഭവനനിര്‍മ്മാണത്തിന് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് 2014 ഫെബ്രുവരി 10 ന് അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി കേന്ദ്ര സര്‍ക്കാരിന് കത്തയക്കുകയുണ്ടായി. എന്നാല്‍ ഈ ഇളവുകള്‍ ടൂറിസ്റ്റ് നിര്‍മ്മാണ വിഭാഗങ്ങള്‍ക്ക് നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. വിജ്ഞാപനം നടപ്പാക്കപ്പെടുന്ന പക്ഷം മത്സ്യതൊഴിലാളികള്‍ താമസം വിനാ തീരത്തു നിന്നും പുറംതള്ളപ്പെടുകയും കടല്‍, കായല്‍ തീരങ്ങളും, തുരുത്തുകളും കുത്തകകളുടെ കൈപ്പിടിയിലമരുകയും ചെയ്യും.
മോദി സര്‍ക്കാര്‍ അധികരാമേറ്റ ശേഷം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയായിരുന്നു ടി.എസ്.ആര്‍. സുബ്രഹ്മണ്യം കമ്മിറ്റി അദ്ധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയമിക്കുകയുണ്ടായി. പരിസ്ഥിതി നിയമങ്ങള്‍ നിക്ഷേപ സൗഹൃദപരമാക്കണമെന്നും അതല്ലെങ്കില്‍ ഭേദഗതി ചെയ്യണമെന്നുമാണ് അദ്ദേഹം ശുപാര്‍ശ ചെയ്തത്. ശൈലേഷ് നായിക് കമ്മിറ്റി റിപ്പോര്‍ട്ടിലും പ്രതിഫലിക്കുന്നതും ഇതാണ്.
കായല്‍ തുരുത്തുകളിലെ നിര്‍മ്മിതികള്‍ക്കു പരിധി 20 മീറ്ററാക്കി വിജ്ഞാപനം കുറച്ചിട്ടുണ്ട്. നിലവില്‍ കേരളത്തിലെ തുരുത്തുകളില്‍ നല്ലൊരു ഭാഗവും വന്‍കിടക്കാരുടെ കൈവശത്തിലാണ്. ആലപ്പുഴ ജില്ലയിലെ നെടിയതുരുത്തില്‍ നിയമം ലംഘിച്ച് കാപ്പികോ കമ്പനി അനധികൃതമായി പണിതുയര്‍ത്തിയ 53 കെട്ടിട സമുച്ചയങ്ങളും പൊളിച്ചുകളയണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചിലവന്നൂരിലെ ഡി.എല്‍.എഫ്. അടക്കം കൊച്ചി നഗരസഭയില്‍ 33 ഇടങ്ങളിലും മരട് മുനിസിപ്പാലിറ്റിയില്‍ 14 ഇടങ്ങളിലും അനധികൃത നിര്‍മ്മികളുണ്ടെന്നും അവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറിമാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത്തരം കൈയ്യേറ്റങ്ങള്‍ക്ക് നിയമസാധുത ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
തുരുത്തുകളെ (ഐലന്‍റ്സ്) സംബന്ധിച്ച നിര്‍വ്വചനത്തിലും അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. വൈപ്പിന്‍ കരയുടെ സമീപത്തുള്ള രാമന്‍തുരുത്തും, ഗുണ്ടു ഐലന്‍റും ഏതാനും ഏക്കര്‍ മാത്രം വിസ്തൃതിയുള്ള ദ്വീപുകളാണ്. എന്നാല്‍ 25 കിലോമീറ്റര്‍ നീളമുള്ള വൈപ്പിന്‍ കരയും, ഫോര്‍ട്ട്കൊച്ചി മുതല്‍ അന്ധകാരനഴിവരേയും ഉള്ള സ്ഥലങ്ങളും ദ്വീപാണ്. മൂന്നാം മേഖലയില്‍പെടുന്ന ഈ പ്രദേശങ്ങളുടെ സോണുകള്‍ തന്നെ വ്യത്യാസപ്പെടാനും നീണ്ടുനില്‍ക്കുന്ന നിയമവ്യവഹാരങ്ങള്‍ക്കും വഴിവെക്കാനും ഇടയുണ്ട്.
കായലുകളിലും, 12 നോട്ടിക്കല്‍ മൈല്‍ വരേയുള്ള കടലിലും നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി മുതല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി വേണമെന്ന് വിജ്ഞാപനം അനുശാസിക്കുന്നു. ഭരണഘടനയുടെ ആര്‍ടിക്കിള്‍ 246 ലിസ്റ്റ് 21, ഷെഡ്യൂള്‍ 6 പ്രകാരം 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടലിന്‍റെ അവകാശം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. കേരളത്തിന്‍റെ തീരക്കടല്‍ കരിമണലടക്കമുള്ള ധാതുലവണങ്ങളാല്‍ സമ്പുഷ്ടവുമാണ്. ഈ മേഖലയുടെ പരിപാലനത്തിന്‍റെ മറവില്‍ സംസ്ഥാനങ്ങളുടെ അധികാര, അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന, ഫെഡറല്‍ താല്പര്യങ്ങളുടേയും ഭരണഘടനയുടെയും ലംഘനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.
കണ്ടല്‍വനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഈ വിഭാഗത്തെ 'സോണ്‍ ഒന്ന് എ'യില്‍ പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ മേഖലയില്‍ റോഡ് നിര്‍മ്മാണവും ഇക്കോടൂറിസവും അനുവദിക്കുക വഴി കണ്ടല്‍വനങ്ങളുടെ വിനാശത്തിനു വഴിതെളിക്കുന്ന  നിര്‍ദ്ദേശമാണ് വിജ്ഞാപനത്തിലുള്ളടങ്ങിയിരിക്കുന്നത്.
2011-ലെ പുതുക്കിയ വിജ്ഞാപനപ്രകാരം കേരള തീരത്തിന്‍റെ പാരിസ്ഥിതി പ്രാധാന്യവും ജനസാന്ദ്രതയും കണക്കിലെടുത്ത് നവിമുംബൈ, ഗോവ, സുന്ദര്‍ബന്‍സ്, എന്നീ സ്ഥലങ്ങളോടൊപ്പം സോണ്‍-5 എന്ന പ്രത്യേക സ്ഥാനം അനുവദിച്ചിരുന്നു. കേരളത്തിന്‍റെ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ലാന്‍ 2012 ജനുവരിയ്ക്കുള്ളില്‍ തയ്യാറാക്കാനും നിര്‍ദ്ദേശമുണ്ടായി. എന്നാല്‍ ഏഴുവര്‍ഷം കഴിഞ്ഞിട്ടും ഇത്തരം ഒരു പ്ലാന്‍ തയ്യാറാക്കാനായി ല്ലെന്നത് വിവിധ സര്‍ക്കാരുകളുടെ നിരുത്തരവാദിത്തത്തേയും അവഗണനയേയുമാണ് തെളിയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട ഇളവുകളെ സംബന്ധിച്ച് പുതിയ വിജ്ഞാപനം മൗനം പാലിക്കുന്നു.
ടൂറിസ്റ്റ് - നിര്‍മ്മാണ ലോബികള്‍ തീരം കൈയ്യടക്കുന്നത് ഒഴിവാക്കാനും ടൂറിസത്തിന്‍റെ പ്രാധാന്യവും കണക്കിലെടുത്ത് കേരളത്തിലെ 13 ഗ്രാമങ്ങളിലും 7 നഗരങ്ങളിലുമുള്‍പ്പെടെ 20 'നിര്‍ദ്ദിഷ്ട ടൂറിസം കേന്ദ്ര'ങ്ങള്‍ നിശ്ചയിച്ച് അവിടെ മാത്രം അവര്‍ക്ക് ഇളവ് അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ എല്ലാ മേഖലയിലും ഇവര്‍ക്ക് ഇളവനുവദിക്കാനുള്ള കേന്ദ്ര തീരുമാനം പ്രതിഷേധാര്‍ഹമാണ്.
സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും മത്സ്യതൊഴിലാളികളുടെ ഉപജീവനത്തിന് തടസ്സങ്ങളുണ്ടാക്കുകയും ചെയ്യുന്ന ശുപാര്‍ശ പിന്‍വലിക്കാന്‍ ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടുന്നു. തീരവാസികള്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും അനുകൂലവും പരിസ്ഥിതി സൗഹൃദപരവുമായ നിലപാടുകള്‍ വിജ്ഞാപനത്തിലുള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാരിനോടും ഞങ്ങളാവശ്യപ്പെടുന്നു.

കൊച്ചി ചാള്‍സ് ജോര്‍ജ്ജ്
23-04-2018 സംസ്ഥാന പ്രസിന്‍റ്
                                                      കേരള മത്സ്യതൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ)


തീരദേശ പരിപാലന വിജ്ഞാപനം
ആലോചനായോഗം വ്യാഴാഴ്ച

കേന്ദ്രസര്‍ക്കാരിന്‍റെ പുതുക്കിയ തീരദേശ പരിപാലന വിജ്ഞാപനം സൃഷ്ടിക്കുന്ന പ്രത്യാഘാതത്തെ സംബന്ധിച്ചും ബദല്‍ സാധ്യതകളെ സംബന്ധിച്ചും ചര്‍ച്ച ചെയ്യുന്നതിന് 26-ാം തിയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് എറണാകുളം റെസ്റ്റ് ഹാളില്‍ ആലോചനായോഗം ചേരും. പരിസ്ഥിതി പ്രവര്‍ത്തകരും, മത്സ്യതൊഴിലാളി സംഘടനാ പ്രവര്‍ത്തകരും, നിയമജ്ഞരും ഗവേഷകരും യോഗത്തില്‍ പങ്കെടുക്കും.

കൊച്ചി ചാള്‍സ് ജോര്‍ജ്ജ്
24-04-2018 സംസ്ഥാന പ്രസിന്‍റ്
                                                            കേരള മത്സ്യതൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ)