എം.എസ് ജയകുമാര്‍-- സി.പി.ഐ (എം) 22-ആം പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെ രാഷ്ട്രീയ പ്രമേയം -വിമര്‍ശന കുറിപ്പ് -

April 17  2018
സി.പി.(എം) 22-ആം പാര്‍ട്ടി

 കോണ്‍ഗ്രസ്സിന്‍റെ രാഷ്ട്രീയ

പ്രമേയം -വിമര്‍ശന കുറിപ്പ്-

 -എം.എസ് ജയകുമാര്‍


ആഗോള സാമ്പത്തിക പ്രതിസന്ധി മൂന്നാം പൊതു ക്കുഴപ്പത്തിന്റെ രൂപമാർജ്ജിച്ച് മൂർച്ഛിച്ചുകൊണ്ടിരിക്കുന്ന ലോക സാഹചര്യത്തിൽ സാമ്രാജ്യത്വ ആഗോളവൽക്കരണവും വർഗ്ഗീയ ഫാഷിസവുമാണ് നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന മുഖ്യ വെല്ലുവിളി. എന്നാൽ ഇത് ഫാഷിസമല്ല സ്വേച്ഛാധിപത്യമാണ് എന്ന് പറഞ്ഞു കൊണ്ട് മേൽപ്പറഞ്ഞ യാഥാർത്ഥ്യത്തെ അംഗീകരിക്കാതിരിക്കുന്ന ഒരു പ്രവണത ഇടതുപക്ഷ പ്രസ്ഥാനത്തിനകത്തു തന്നെ ശക്തിപ്പെടുന്നുണ്ട്. മോദി സർക്കാരിന് സ്വേച്ഛാധിപത്യ പ്രവണതയുണ്ടെങ്കിലും അതിനെ ഫാഷിസ്റ്റ് എന്ന് 'മുദ്രകുത്തുന്നത് ' തെറ്റും അശാസ്ത്രീയവുമാണെന്നും 'ബുഹെൻവാൾഡും ഗ്യാസ്ചേമ്പറും ഇവിടെയില്ലല്ലോ' എന്നും 'പിന്നെ ഇതെങ്ങിനെ ഫാഷിസ്റ്റാവും?' എന്ന മട്ടിൽ ചോദിച്ചു കൊണ്ട് ഫലത്തിൽ, യാഥാർത്ഥ്യത്തിനു നേരെ പുറംതിരിഞ്ഞു നിൽക്കുകയാണ് ഇക്കൂട്ടർ. 22-ാം പാർട്ടി കോൺഗ്രസ്സിൽ ചർച്ച ചെയ്യാനായി സി.പി. (എം) പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയം ഫലത്തിൽ വാദഗതി പേറുന്നു.
എന്തുകൊണ്ട് വർഗ്ഗീയ ഫാഷിസം?
ഇന്ന് ഫാഷിസം 1930 കളിലേതിന്റെ കാർബൺ കോപ്പിയായല്ല വരുന്നത്. സാമ്രാജ്യത്വ ഫിനാൻസ് മൂലധനത്തിന്റെ അളവും അതിന്റെ കുന്നുകൂടലിന്റെ തോതും 30 കളിലേതിനേക്കാൾ അതിഭീമമായി വർദ്ധിച്ചിട്ടുള്ളതുപോലെത്തന്നെ അതിന്റെ പ്രതിസന്ധിയും അതീവ സങ്കീർണ്ണവും ഭീമവുമായിട്ടുണ്ട്. ഒപ്പം സാമ്രാജ്യത്വത്തിന്റെ ജീർണ്ണ സ്വഭാവവും പ്രതിലോമപരതയും വർദ്ധിച്ചു. ആയതിനാൽ, സാമ്രാജ്യത്വ പ്രതിസന്ധിയിൽ നിന്നുയർന്നു വരുന്ന ഫാഷിസ്റ്റ് അപായവും പഴയതിൽ നിന്ന് വ്യത്യസ്ഥമാണ്. അത് നവമതരാഷ്ട്രവാദം ഉള്ളടങ്ങിയ ഒന്നായാണ് അത് വിവിധ ലോക രാഷ്ട്രങ്ങളിലും അതുപോലെത്തന്നെ ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കർശനമായി പരിശോധിച്ചാൽ, ഇന്ത്യയിലിന്ന് ശക്തി പ്രാപിക്കുന്ന ഹിന്ദുരാഷ്ട്രവാദം അഖണ്ഡഭാരതവാദ കാഴ്ച്ചപ്പാടിലൂന്നിയ പഴയ ഹിന്ദു രാഷ്ട്രവാദമല്ല മറിച്ച് , ഫിനാൻസ് ക്യാപ്പിറ്റലിന്റെയും അതിന്റെ ജീർണ്ണിത രൂപങ്ങളിൽ പെടുന്ന ക്രോണിക്യാപ്പിറ്റലിസത്തിന്റേയും പേപിടിച്ചതാത്പ്പര്യങ്ങൾക്ക് രാഷ്ട്രത്തെ ഊറ്റിക്കുടിക്കാനും പിച്ചിച്ചീന്താനമുള്ള തേറ്റപ്പല്ലുകൾ നീട്ടിയ വാടകക്കൊലയാളിയുടെ സ്വഭാവമാർജ്ജിച്ച 'ഹിന്ദുരാഷ്ട്രവാദ'മാണ്. സാമ്രാജ്യത്വ ഫിനാൻസ് മൂലധന താത്പര്യങ്ങൾക്കനുസരിച്ച് രാജ്യത്തെ ശിഥിലീകരിക്കാനുള്ള ദൗത്യമാണ് വർഗ്ഗീയ ഫാഷിസം ഇന്ത്യയിലിന്നുയർത്തുന്ന ഹിന്ദു രാഷ്ട്രവാദം യഥാർത്ഥത്തിൽ ഉള്ളിൽ വഹിക്കുന്ന സാരം.


രാഷ്ട്രീയ സമ്പദ്ഘടനാപരമായ അടിത്തറയിൽ നിന്ന് സാമ്രാജ്യത്വ പ്രതിസന്ധിയെപ്പറ്റിയും അത് സൃഷ്ടിക്കുന്ന ഫാഷിസ്റ്റ് അപായത്തെപ്പറ്റിയും പറ്റി സഖാവ് ജ്യോർജി ദിമിത്രോവിന്റെ നേതൃത്വത്തിൽ മൂന്നാം ഇന്റർനാഷണൽ അഥവാ കൊമി ൻറ്റേൺ നൽകിയതും ഫാഷിസ്റ്റ് വിരുദ്ധ സമര വിജയങ്ങളിലൂടെ ചരിത്ര നിദർശനങ്ങളായിത്തീരുകയും ചെയ്ത സാരവത്തും വഴികാട്ടിയുമായ പാഠങ്ങൾ മൗലികമായി ഉൾക്കൊണ്ടുകൊണ്ട്, അതിലൂന്നിക്കൊണ്ട് മൂർത്ത സാഹചര്യങ്ങളെ മൂർത്തമായി വിശകലനം ചെയ്തു കൊണ്ട്, മേൽപ്പറഞ്ഞ കാതലായ കാര്യം വേണ്ടത്ര ഗ്രഹിക്കാൻ ഹൈദരാബാദിൽ ചേരുന്ന 22-ാം പാർട്ടി കോൺഗ്രസ്സിൽ ചർച്ച ചെയ്യാനായി സി.പി. (എം) പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിന് സാധിച്ചിട്ടില്ല.


സാർവ്വദേശീയ സാഹചര്യങ്ങളെപ്പറ്റി വിശകലനം ചെയ്യുമ്പോൾ സാമ്പത്തിക പ്രതിസന്ധിയുടെ തിക്തഫലമായി തീവ്രവലതുപക്ഷ നിയോ ഫാഷിസ്റ്റ് ശക്തികൾ വളരുന്നു എന്നും ട്രെൻറ് ശക്തി പ്രാപിക്കുന്നുവെന്നും കാണുന്ന സി.പി. (എം) ന്റെ കരട് രാഷ്ട്രീയപ്രമേയം പക്ഷേ, ആഭ്യന്തര കാര്യങ്ങളിൽ വരുമ്പോൾ വർഗ്ഗീയ ഫാഷിസത്തിന്റെ ഫിനാൻസ് ക്യാപ്പിറ്റൽ താത്പര്യ ഉള്ളടക്കത്തേയും മേൽ ചൂണ്ടിക്കാട്ടിയ അതിന്റെ സവിശേഷ സ്വഭാവത്തേയും ഗ്രഹിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെടുന്നു.


സാമ്രാജ്യത്വ ആഗോളവൽക്കരണവും വർഗ്ഗീയ ഫാഷിസവും എന്ന ഇന്ത്യൻ ജനതയുടെ ഇരട്ടശത്രു വളർന്നു വന്ന പാതയുടെ ചരിത്ര പാശ്ചാത്തലം പരിശോധിക്കുമ്പോൾ മേൽപ്പറഞ്ഞ കാര്യത്തിന്റെ ഗൗരവ സ്ഥിതിയും അത് ഗ്രഹിക്കുന്നതിൽ വരുന്ന വീഴ്ച്ചയുടെ ഗുരുതര സ്വഭാവവും തെളിയുന്നു.


സാമ്രാജ്യത്വ ആഗോളവൽക്കരണത്തിന്റെയും വർഗ്ഗീയ ഫാഷിസത്തിന്റെയും വളർച്ച:


ഭരണഘടനയിൽ ഉല്ലേഖനം ചെയ്യപ്പെട്ട സ്വാതന്ത്ര്യം, മതേതരത്വം, സോഷ്യലിസം, പരമാധികാര റിപ്പബ്ലിക്ക് എന്നിങ്ങനെയുള്ള അടിസ്ഥാന മൂല്യങ്ങൾ ഒന്നൊന്നായി നിഹനിക്കുന്ന പ്രക്രിയയുടെ തുടക്കമാണ് 1991 സാമ്രാജ്യത്വ ആഗോളവൽക്കരണ നയനടത്തിപ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടതിലൂടെയും ഹിന്ദുത്വ ഫാഷിസ്റ്റുകൾ 1992 ബാബ്റി മസ്ജിദ് തകർത്തതിലൂടെയും സംഭവിച്ചത്. 1990 സോവിയറ്റ് യൂണിയന്റെ തകർച്ചയും കിഴക്കൻ യൂറോപ്പിലെ മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകർച്ചയും രാഷ്ട്ര വ്യവസ്ഥകൾ സാമ്രാജ്യത്വ മുതലാളിത്ത വ്യവസ്ഥയുമായി ഉദ്ഗ്രഥിക്കപ്പെട്ടതും മൂലം സോഷ്യലിസത്തിനേറ്റ തിരിച്ചടി മേൽപ്പറഞ്ഞ സംഭവവികാസങ്ങൾക്ക് പശ്ചാത്തലമായി വർത്തിച്ചു. ഇത് സമ്പദ്ഘടനയേയും സാമൂഹ്യനിർമ്മിതിയേയും സംബന്ധിച്ച ആസൂത്രണത്തിന്റെയും സോഷ്യലിസ്റ്റ് പരികല്പനയുടേയും അടിസ്ഥാന വീക്ഷണങ്ങൾക്കുമേൽ ആഘാതമേൽപ്പിച്ചു.


നിഷേധാത്മക പ്രവണതയ്ക്ക് എതിരായ ശക്തമായ പ്രതിരോധ സമരമാണ് സംഘടിത തൊഴിലാളിവർഗത്തിന്റെ 16 പണിമുടക്കുസമരങ്ങളിലൂടെ ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ സ്പോൺസറിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച് സംയുക്ത ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് വളർത്തി ഉയർത്തപ്പെട്ടത്. ലക്ഷക്കണക്കിന് കർഷകർ ആത്മഹത്യചെയ്ത കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലത്ത് കർഷകരുടെ പ്രതിഷേധ ശബ്ദം പടിപടിയായി വളർന്നുവരികയും ഇന്നത് തൊഴിലാളിവർഗ തൊഴിലാളിവർഗ പ്രസ്ഥാനത്തിനോട് കൂടുതൽ ഐക്യപ്പെടുന്ന രീതിയിലേക്ക് വളർന്ന് വന്നുകൊണ്ടിരിക്കുകയുമാണ്.


എന്നാൽ ഇത്തരം സാമൂഹ്യ വർഗ്ഗസമരത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളാനോ അതിനനുസരിച്ച് തെറ്റായ സാമ്പത്തിക പരിഷ്കാരങ്ങൾ പിൻവലിക്കാനോ ഭരണവർഗ്ഗം തയ്യാറല്ല എന്നുള്ളതാണ് മോഡി സർക്കാരിന്റെ തുടർന്നുള്ള ആഗോളവൽക്കരണ നയനടത്തിപ്പ് തെളിയിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായമായ റെയിൽവേ സ്വകാര്യവൽക്കരിക്കുന്നതിന്, പല കമ്പനികളായി പിരിക്കുന്നതിന്, കമ്മറ്റിയെ നിയോഗിച്ച് അതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കാനുള്ള പുറപ്പാടിലാണ് ്കേന്ദ്രസർക്കാർ. അതേപോലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കുന്നതിന് വേണ്ടിയുള്ള സമീപനമാണ് അസോചെമ്മിന്റെ ഉപദേശങ്ങൾ സ്വീകരിച്ചുകൊണ്ട് മോഡി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അതേ സമയം, നീരവ് മോഡിമാരും വിജയ് മല്ല്യമാരും കൊള്ളയടിച്ച് ബാങ്കുകളെ പാപ്പരാക്കുമ്പോൾ, കുത്തക മുതലാളി ഗ്രൂപ്പുകളുടെ വകയായ ലക്ഷക്കണക്കിന് കോടി രൂപയുടെ കിട്ടാക്കടം ബി.ജെ.പി സർക്കാർ എഴുതിത്തള്ളുകയാണ്.


ബാങ്കിങ്ങ് ഫിനാൻസ് രംഗത്ത് ഗുരുതരമായ തകർച്ചയുണ്ടാക്കുന്നതാണ് നയം. ഇതിനോടൊപ്പമാണ് ഇന്ത്യാരാജ്യത്തെ വലിയ വ്യവസായ ശൃംഖലയും രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നതുമായ പ്രതിരോധ വ്യവസായങ്ങൾ ചില്ലിക്കാശിന് അമേരിക്കൻ ആയുധ നിർമാണ കമ്പനികൾക്കും ഇസ്രായേലിന്റെ ആയുധക്കച്ചവടലോബിക്കും വേണ്ടി തീറെഴുതാൻ ആണ് മോദി സർക്കാർ നിശ്ചയിക്കുന്നത്. ഇങ്ങനെ വ്യവസായത്തിന്റെയും കൃഷിയുടെയും മേഖലകളെ പൂർണമായും സാമ്രാജ്യത്വ ആഗോളവൽക്കരണത്തിന് വിധേയമാക്കുന്ന രീതിയിൽ സാമ്പത്തിക പരിഷ്കാരങ്ങളെ കൊണ്ടെത്തിക്കുന്ന പണിയാണ് മോഡി സർക്കാർ ചെയ്യുന്നത്. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനെ അതായത്, ഭിലായ് സ്റ്റീൽ പ്ലാന്റിനെ, വിറ്റഴിക്കാനുള്ള ശ്രമവും കൽക്കരിപ്പാടങ്ങൾ കുത്തകകൾക്ക് തീറെഴുതിയതും വഴി ഇരുമ്പുരുക്കും വൈദ്യുതിയും കിട്ടാക്കനിയാക്കുകയും ആസൂത്രിത വ്യവസായങ്ങളുടെ , കോർ സെക്ടർ ഉൾപ്പെടെയുള്ള പൊതുമേഖലാ വ്യവസായങ്ങളുടെ അടിത്തറ തോണ്ടുന്നതുമായ നടപടിയാണ് മോദിയുടെ ദുർഭരണം രാഷ്ട്രത്തിനു മേൽ അടിച്ചേൽപ്പിക്കുന്നത്. നോട്ടു പിൻവലിക്കലിലൂടെയും ജി.എസ്.ടി യിലൂടെയും നടപ്പിലാക്കിയ കറൻസി പോളിസിയും നികുതി പരിഷ്ക്കാരവും രാജ്യത്തിന്റെ ചെറുകിട ബിസിനസ്സിനെയും വിനിമയ വ്യവസ്ഥയേയും ഫെഡറൽ ഘടനയേയും തകർത്തു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലകൾ അപരിമിതമായി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയും തൊഴിലില്ലായ്മ പെരുകുന്ന കാലത്ത് കേന്ദ്ര വിജ്ഞാപനത്തിലൂടെ അസ്ഥിര തൊഴിൽ വ്യവസ്ഥ സൃഷ്ടിച്ചു കൊണ്ട് തൊഴിൽ നിയമങ്ങളുടെ അടിതുരക്കുകയുമാണ് മോഡി സർക്കാർ ചെയ്യുന്നത്.


അതായത്, 2008 നിന്ന് വ്യത്യസ്ഥമായി, മൂന്നാം പൊതു ക്കുഴപ്പത്തിലേക്ക് വീണ ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മുടെ രാജ്യത്തേക്ക് തട്ടും തടയുമില്ലാതെ കയറ്റി അയക്കപ്പെടുന്ന സ്ഥിതിയാണ് മോദിരാജിന്റെ കാലത്ത് നാം കാണുന്നത് അന്താരാഷ്ട്ര ഫിനാൻസ് മൂലധന തുളച്ചു കയറ്റം അന്താരാഷ്ട്ര ഫിനാൻസ് ദുഷ്പ്രഭുത്വത്തിന്റെ ചവിട്ടടിയിലേക്ക് സമ്പദ്ഘടനയേയും രാഷ്ട്ര വ്യവസ്ഥയെ ആകെത്തന്നെയും വലിച്ചുകൊണ്ടു പോകുന്ന അവസ്ഥയാണ് വികസിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെ വികസനമായും രാജ്യപുരോഗതിയായും ചിത്രീകരിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. ചുരുക്കത്തിൽ, , സാർവ്വദേശീയമായി, സാമ്രാജ്യത്വ ആഗോളവൽക്കരണം നേരിടുന്ന പ്രതിസന്ധിക്കും അത് സൃഷ്ടിക്കുന്ന ജീർണ്ണതയ്ക്കും പരിഹാരം തേടിക്കൊണ്ട് സാമ്രാജ്യത്വം കണ്ടെത്തുന്ന മുഖ്യ ഉപായ പ്രയോഗമാണ് മേൽപ്പറഞ്ഞ തരത്തിലുള്ള പ്രാങ്മൂലധന സമാഹരണ സമ്പ്രദായം. അത് നടപ്പാക്കാൻ വേണ്ടി ലോകമെമ്പാടും ജനതകളെ ഭിന്നിപ്പിക്കലും രാഷ്ട്രങ്ങളെ തകർക്കലും എന്ന താണ് ഫാഷിസത്തിന്റെ മൗലിക സ്വഭാവവും മുഖ്യ ഉപായവുമായി ചരിത്രപരമായിത്തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളത്.


എന്നാൽ, ഇന്ന് ഇത് വിവിധ രാജ്യങ്ങളിൽ നിയോ തിയോക്രസി അഥവാ നവമതരാഷ്ട്രവാദത്തിന്റെ വിവിധ രൂപങ്ങളുമായി ഉൾച്ചേർക്കപ്പെട്ട ഒരു പ്രക്രിയ അനാവരണം ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യാ രാജ്യത്തിനകത്ത് ഇതിന്റെ ഇന്നത്തെ സവിശേഷ രൂപമാണ് ഹിന്ദുത്വ വർഗ്ഗീയഫാഷിസം എന്നതിന്റെ നിദർശനമാണ് മോദി രാജിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ചരിത്രപരമായ വികാസഗതിയെ ശരിയായും പൂർണ്ണമായും ഗ്രഹിക്കുന്നതിൽ കരട് രാഷ്ട്രീയപ്രമേയം പരാജയപ്പെട്ടിരിക്കുകയാണ്.


മേൽപ്പറഞ്ഞ തരത്തിൽ സാർവ്വദേശീയ സംഭവവികാസങ്ങളുടെ പാശ്ചാത്തലത്തിൽ ഇന്ത്യൻ അവസ്ഥയുടെ വിശകലനം നടത്തുന്നതിൽ സംഭവിക്കുന്ന ദൗർബല്യത്തിന്റെ അടിത്തറയായി വർത്തിക്കുന്നത് വൈരുദ്ധ്യശാസ്ത്രത്തെ ഗ്രഹിക്കുന്നതിലും അത് ഉപയോഗിച്ചുകൊണ്ട് സാർവ്വദേശീയ സംഭവവികാസങ്ങളെ വിശകലനം ചെയ്യുന്നതിലും വന്ന അടിസ്ഥാനപരമായ വീഴ്ചകളും പാളിച്ചകളുമാണ്. പതിനാലാം പാർട്ടി കോൺഗ്രസ്സിൽ സിപിഐ (എം) തന്നെ മുന്നോട്ടുവച്ച 'ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങളെപ്പറ്റി ' എന്ന രേഖയിൽ പ്രസ്താവിച്ച ആഗോളതലത്തിലെ പ്രധാനവൈരുദ്ധ്യങ്ങളെ സംബന്ധിച്ചുള്ള വിലയിരുത്തലിൽ നിന്നും പിന്നീടവർ വ്യതിചലിക്കുകയുണ്ടായി. അതിലൊരു മുഖ്യ ദൃഷ്ടാന്തം മാത്രമാണ് ഇവിടെ ചുണ്ടിക്കാണിക്കാനുദ്ദേശിക്കുന്നത്. സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ കേന്ദ്ര സ്വഭാവം ഗ്രഹിക്കാനാകണമെങ്കിൽ നാല് അടിസ്ഥാന വൈരുദ്ധ്യങ്ങളുടെ പാരസ്പര്യം ശരിയായി ഗ്രഹിക്കാൻ സാധിക്കുകയും അവയിലേതെങ്കിലുമൊന്ന് താത്കാലികമായി കൂടുതൽ മൂർച്ഛിക്കുകയോ മറിച്ച് മറ്റു മൂന്നു വൈരുദ്ധ്യങ്ങൾക്ക് പുറകിലേക്ക് പോകുകയോ ചെയ്യുമ്പോൾ പോലും അടിസ്ഥാന വൈരുദ്ധ്യങ്ങളിലെ അതിന്റെ സ്ഥാനം നഷ്ടമാകുന്നില്ല എന്ന് ശരിയായി മനസ്സിലാക്കാൻ കഴിയുകയും ചെയ്യേണ്ടത് അവശ്യമാണ്. 14-ാം പാർട്ടി കോൺഗ്രസ്സിൽ സി.പി. (എം) പാസ്സാക്കിയ പ്രത്യയശാസ്ത്ര രേഖയിലെ മേൽപ്പറഞ്ഞ സ്പഷ്ടമായ പാഠസാരം വിസ്മരിച്ചു കൊണ്ട് 'അന്തർ സാമ്രാജ്യത്വ വൈരുദ്ധ്യം അഥവാ 'സാമ്രാജ്യത്വ ശക്തികൾക്കിടയിലുള്ള വൈരുദ്ധ്യം നിശ്ശബ്ദമാക്കപ്പെട്ടു' എന്ന വിലയിരുത്തലിൽ സി.പി. (എം) എത്തിച്ചേർന്നു.മാത്രമല്ല, -ഏക ധ്രുവ ലോകവും ബഹു ധ്രുവ ലോകത്തിനുമിടയിലുള്ള വൈരുദ്ധ്യം മൂർഛിച്ചുകൊണ്ടിരിക്കുന്നു- അതാണ് പ്രധാന വൈരുദ്ധ്യങ്ങളെ ഫലത്തിൽ നിർണ്ണയിക്കുന്നത് എന്ന അടിസ്ഥാന വൈരുദ്ധ്യങ്ങൾക്കന്യമായ വർഗ്ഗേതര കാഴ്ച്ചപ്പാടിലേക്ക് അവർ എത്തിച്ചേർന്നു.

ഇടതുപക്ഷ ഐക്യവും പ്രതിബന്ധങ്ങളും:
സാമ്രാജ്യത്വ ആഗോളവൽക്കരണത്തിനും വർഗ്ഗീയ ഫാഷിസത്തിനും എതിരായ സമരത്തിന്റെ പ്രാധാന്യ ഇടതുപക്ഷ പ്രസ്ഥാനത്തിനകത്ത് വ്യാപകമായ ചർച്ച ആരംഭിച്ചിട്ടു വർഷങ്ങളായി. ഇടതുപക്ഷ പ്രസ്ഥാനത്തിലെ മുഖ്യധാര എന്ന നിലയിൽ നിലനിൽക്കുന്ന സിപിഐഎം തന്നെയാണ് പാർലമെൻററി പാർലമെന്റേതര സമരങ്ങളിൽ പ്രമുഖ പങ്കു വഹിക്കുന്നതും. അതു കൊണ്ട് തന്നെയാണ് മോദി സർക്കാരിനെതിരെ എന്ത് അടവ് സ്വീകരിക്കണമെന്നത് ഏപ്രിൽ 18 മുതൽ 22 വരെ നടക്കുന്ന പാർട്ടിയുടെ 22-ാം കോൺഗ്രസിൽ, അതേ പാർട്ടിയുടെ 21-ാം കോൺഗ്രസ്സിൽ മുന്നോട്ടുവെച്ച നിലപാടിൽ ഊന്നിനിന്നുകൊണ്ട്, തീരുമാനമെടുക്കുന്നത് ചർച്ചാ വിഷയമാകുന്നത്. ഇക്കാര്യമാണ് സിപിഐഎമ്മിന്റെ മുൻ ജനറൽ സെക്രട്ടറി മുന്നോട്ടുവയ്ക്കുന്നതും പോളിറ്റ് ബ്യൂറോ ഭൂരിപക്ഷം പിന്താങ്ങുന്ന തുമായ ഔദ്യോഗിക രേഖയിലെ നിലപാടും ഇപ്പോഴത്തെ ജനറൽ സെക്രട്ടറി മുന്നോട്ടു വയ്ക്കുന്നതും പൊളിറ്റ് ബ്യൂറോ ന്യൂനപക്ഷം പിന്താങ്ങുന്നതുമായ ന്യൂനപക്ഷ രേഖയുടെ ഉള്ളടക്കവും ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുവാനിരിക്കുന്നത്. ന്യൂനപക്ഷ രേഖ വോട്ടിനിട്ട് തള്ളിയ സി.സി തന്നെ സംസ്ഥാനങ്ങൾക്ക് ഭേദഗതി നിർദ്ദേശിക്കാൻ പാർട്ടി കോൺഗ്രസ്സിൽ ഇടം നൽകിയതിലൂടെ ഫലത്തിൽ ഇതാണ് സംഭവിക്കുന്നത്.
എന്നാൽ, സി.പി. (എം) കത്തെ ആശയസമരം യഥാർത്ഥത്തിൽ ഇന്ന് വളരെ അനാരോഗ്യകരമായ രീതിയിലേക്കും ആത്മനിഷ്ഠാർത്ഥത്തിലേക്കും മാറികൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യം ഇടതുപക്ഷ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ഏവർക്കും ആശങ്കയുളവാക്കുന്നതാണ്. കാരണം, സി പി ( എം) നകത്തുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പാർട്ടിയെ മാത്രമല്ല മൊത്തം ഇടതുപക്ഷ പ്രസ്ഥാനത്തെയും ബാധിക്കുമെന്ന യാഥാർത്ഥ്യമാണ് ആശങ്കയ്ക്ക് നിദാനം. ഇത്തരം ദൗർബ്ബല്യം സാമ്രാജ്യത്വ ആഗോളവൽക്കരണത്തിനും വർഗ്ഗീയ ഫാഷിസത്തിനുമെതിരായ പോരാട്ടത്തെ ദുർബ്ബലപ്പെടുത്തുകയും ഫാഷിസ്റ്റ് ശക്തികൾക്കും തീവ്രവലതുപക്ഷ വിഭാഗങ്ങൾക്കും ഇന്ധനം പകരുകയും ചെയ്യും; പ്രത്യേകിച്ചും ഫാഷിസമെന്ന കേന്ദ്ര വിഷയം തന്നെ തർക്ക വിഷയമായിത്തീരുമ്പോൾ.
സി .പി. എമ്മിനകത്ത് ശക്തമായ അഭിപ്രായഭിന്നതയും ആശയസമരവും ഉണ്ടാകുന്നത് പുതിയ കാര്യമല്ല. മുൻപും അതുണ്ടായിട്ടുണ്ട്. എന്നാൽ ഇന്നത്തെ അഭിപ്രായ ഭിന്നത വിഭിന്ന സ്വഭാവമാർജ്ജിച്ചിരിക്കുന്നു. ആർക്കു ഭൂരിപക്ഷം ലഭിച്ചാലും ജനാധിപത്യ കേന്ദ്രീകരണതത്വ പ്രകാരം തീരുമാനം യോജിച്ച് നടപ്പിലാക്കാനുള്ള സാധ്യതയില്ല എന്നതാണ് അതിനു കാരണം.


കഴിഞ്ഞകാലങ്ങളിൽ ഉണ്ടായ ഇത്തരം സന്ദർഭങ്ങൾ കൂടി ചൂണ്ടിക്കാട്ടാനാവും. അടിയന്തിരാവസ്ഥയ്ക്കു ശേഷം രൂപം കൊണ്ട ജനതാ ഭരണം അതിന്റെ ആഭ്യന്തര വൈരുദ്ധ്യങ്ങൾ കൊണ്ടു തന്നെ ശിഥിലമാവുകയും ചെയ്തപ്പോൾ സി.പി. (എം) നകത്ത് വൈരുദ്ധ്യങ്ങൾ ഉടലെടുത്തു. ആർ എസ് എസ് ബന്ധത്തെ ചൊല്ലി ജനതാ പാർട്ടിയുമായുള്ള ബന്ധം മുറിച്ചപ്പോൾ അതിൽ ബംഗാൾ ഘടകത്തിന് അഭിപ്രായ വ്യത്യാസമുണ്ടായി. ഇന്ത്യയിലാകെ ജനതാ മാതൃകയിലുള്ള പ്രതിപക്ഷ ഐക്യമാണ് പശ്ചിമ ബംഗാളിൽ മാത്രമല്ല ഇന്ത്യയിലാകെ വേണ്ടത് എന്ന് ബംഗാൾ വിഭാഗം വിലയിരുത്തി. അത് രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിനിടയാക്കിയെങ്കിലും വിജയവാഡയിൽ വച്ചു ചേർന്ന പാർട്ടി കോൺഗ്രസ്സിൽ സി.പി. (എം) ന് അത് പരിഹരിക്കാനായി. സമാനമായി പാർട്ടി കോൺഗ്രസ്സിന് 2മാസം മുമ്പ് നായനാർ മന്ത്രിസഭയെ കരുണാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് മറിച്ചിട്ടത്. തുടർന്ന് സ്പീക്കറുടെ കാസ്റ്റിങ്ങ് വോട്ടിൽ ഭൂരിപക്ഷമില്ലാതെ സർക്കാർ അവരുടെ ഭരണം തുടരുകയാണ് ചെയ്തത്. പീന്നീട് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഭരണം തിരിച്ചുപിടിക്കാനായില്ല. ഘട്ടത്തിൽ കോൺഗ്രസ്സ് മുന്നണിയിലുള്ള ലീഗിനേയും മാണിയുടെ കേരളാ കോൺഗ്രസ്സിനേയും എങ്ങിനെയെങ്കിലും അടർത്തിയെടുത്തു കൊണ്ട് എൽ ഡി എഫ് വീണ്ടും അധികാരത്തിലേറുക എന്ന കാഴ്ച്ചപ്പാട് എം വി രാഘവന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മുന്നോട്ടുവച്ചു. കോൺഗ്രസ്സിനെ മുഖ്യശത്രുവായിക്കാണുക എന്ന പേരിലുള്ള പാർലമെൻററി വ്യാമോഹാധിഷ്ഠിതമായ അവസരവാദ നയത്തെയാണ് അന്ന് രാഘവപക്ഷം സിദ്ധാന്തവൽക്കരിച്ച് ബദൽ രേഖ ചമച്ചത്.
ഇതേപോലെ, വി.പി.സിങ്ങ് അധികാരത്തിൽ നിന്ന് താഴെയിറങ്ങിയ ശേഷം യു.എഫ് ഗവൺമെന്റ് രൂപീകരിക്കുന്ന സന്ദർഭത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള ശ്രമം പ്രതിപക്ഷ കക്ഷികളിൽ നിന്ന് ഉയർന്നു വരികയും പാർട്ടിയ്ക്കകത്ത് പ്രകാശ് കാരാട്ടുൾപ്പെടെയുള്ള വിഭാഗം അതിനെ എതിർത്തു പരാജയപ്പെടുത്തുകയുമാണുണ്ടായത്. ബംഗാളിലെ ഭൂരിപക്ഷം സഖാക്കളും ജനറൽ സെക്രട്ടറി സുർജിത്തും ജ്യോതി ബസു പ്രധാനമന്ത്രിയാകുന്നതിനോട് യോജിച്ചുവെങ്കിലും, അവർക്ക് ഭൂരിപക്ഷമുണ്ടായില്ല. ഇതിനെ ചരിത്രപരമായ വിഡ്ഢിത്തമെന്ന് ജ്യോതി ബസു വിശേഷിപ്പിച്ചെങ്കിലും പ്രശ്നം പരിഹരിക്കാൻ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞു.
എന്നാൽ, ഇതിനൊരു വസ്തുനിഷ്ഠ പാശ്ചാത്തല മുണ്ട് എന്ന് കാണാനാകും. യു. എഫ്. സർക്കാരുകൾക്ക് ശേഷം 13 ദിവസത്തേയും 13 മാസത്തേയും പിന്നീട് ഒരു ടേം മുഴുവനുമായും ഭരിച്ച വാജ്പേയ് സർക്കാർ സാമ്രാജ്യത്വ ആഗോളവൽക്കരണത്തെ രണ്ടാം തലമുറ പരിഷ്ക്കാരങ്ങളിലൂടെ മുന്നോട്ടു നയിക്കുകയാണുണ്ടായത്. സർക്കാർ തൊഴിൽ നിയമങ്ങൾ മുച്ചൂടും മാറ്റാൻ രണ്ടാം ലേബർ കമ്മീഷൻ നിയമിച്ചു.പ്രസിഡൻഷ്യൽ ഭരണരീതി കൊണ്ടുവരാൻ വേണ്ടി ലക്ഷ്യമിട്ട് ഭരണഘടനാ പുന:പ്പരിശോധന മുന്നോട്ടു വയ്ക്കുകയും കമ്മീഷൻ നിയമിക്കുകയും ചെയ്തു. ഇതിനാകെയെതിരെ വൻ പ്രക്ഷോഭമുണ്ടായി. ഇടതുപക്ഷ ട്രേഡ് യൂണിയൻ
സ്പോൺസറിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രേഡ് യൂണിയനുകളുടെ ഐക്യപ്പെട്ട പ്രക്ഷോഭങ്ങളും പണിമുടക്കുകളുമായിരുന്നു അതിന്റെ നട്ടെല്ല്. ചുരുക്കത്തിൽ തൊഴിലാളി വർഗ്ഗ ഐക്യവും അതിന്റെ സമര ശക്തിയും അഖിലേന്ത്യാ പണിമുടക്കുസമരക്കളും ഇടതുപക്ഷ ഐക്യത്തിന് വസ്തുനിഷ്ട പാശ്ചാത്തലമേകി. ഇതിനോടെടുത്ത സമീപനമാണ് ഇടതുപക്ഷത്ത് ഐക്യമുണ്ടാക്കാൻ സഹായിച്ചത്.


അതായത്, മേൽപ്പറഞ്ഞ തരത്തിൽ ട്രേഡ് യൂണിയൻ മുന്നണിയിൽ ഉണ്ടായ വിശാലമായ ഐക്യം തൊഴിലാളി വർഗ്ഗ ഐക്യം ശക്തിപ്പെടുത്തുകയും അത് ഇടതുപക്ഷ ഐക്യം വളർന്നു വികസിക്കാൻ ഉതകുന്ന സാമൂഹ്യ ചലന നിയമങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു . 'ഇന്ത്യ തിളങ്ങുന്നു ' എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട വാജ്പേയ് സർക്കാരിനെ അധികാരത്തിൽ നിന്ന് നിഷ്ക്കാസനം ചെയ്യുവാനായതും ഇടതുപക്ഷ ശക്തി പാർലമെന്റിനകത്തുൾപ്പെടെ വർദ്ധിച്ചതും മേൽപ്പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വേണം മനസ്സിലാക്കാൻ.


എന്നാൽ, ഇന്ന് കാര്യങ്ങൾ രീതിയിലല്ല വികസിക്കുന്നത് . ഇടതുപക്ഷ ബദൽ ഇടതുപക്ഷ ഐക്യം എന്നിവയ്ക്ക് തിരിച്ചടി നേരിടുന്ന രീതിയിലാണ് ഇടതുപക്ഷ കക്ഷികളുടെ പരസ്പര ബന്ധം നിലനിൽക്കുന്നത്. തൊഴിലാളി വർഗ്ഗ ഐക്യം അതിന്റെ വർദ്ധമാനമാകുന്ന സമര ശക്തി, തുടർന്ന് തൊഴിലാളി കർഷക സഖ്യം ഊട്ടിയുറപ്പിച്ചു കൊണ്ടുള്ള അതിന്റെ വികാസം എന്ന വർഗ്ഗ ശാക്തീകരണത്തിലൂന്നിക്കൊണ്ട് രാഷ്ട്രീയവും സംഘടനാപരവുമായ ഐക്യവും മുന്നേറ്റവും ഉണ്ടാക്കുക എന്നതാണ് ഇടതുപക്ഷത്ത് ബോധപൂർവ്വം വളർത്തിയെടുക്കേണ്ട അനിവാര്യമായ പ്രക്രിയ. എന്നാൽ, ഇന്ന് ഇതിന് കോട്ടം തട്ടിയ അവസ്ഥയും തത്ഫലമായി ഇടത് ഐക്യത്തിന് വിള്ളൽ വീഴുന്ന അവസ്ഥയും ഉണ്ടാകുന്നു. മാത്രമല്ല, മേൽപ്പറഞ്ഞ നിഷേധാത്മക അവസ്ഥ ഇടതുപാർട്ടികൾക്കുള്ളിൽ രാഷ്ട്രീയവും സംഘടനാപരവുമായ കേന്ദ്രീകരണം നഷ്ടമാകുന്ന നില സംജാതമാക്കുകയും ചെയ്യുന്നു. സി.പി. (എം) രാഷ്ട്രീയവും സംഘടനാപരവുമായ കേന്ദ്രീകരണം ദുർബ്ബലമാകുകയും തൽഫലമായി ഫെഡറലിസം ശക്തമാകുകയും ചെയ്യുന്നു. ഇത് കേരള, ബംഗാൾ ഘടകങ്ങൾ കാര്യങ്ങൾ തീരുമാനിയ്ക്കുന്ന സ്ഥിതിയിലേക്കും അതിന്റെ പ്രതിഫലനമായി കേന്ദ്ര നേതൃത്വത്തിൽ തന്നെ വിഭാഗീയ ധ്രുവീകരണം ശക്തിപ്പെടുകയും ചെയ്യുന്നു. ഇതിനൊരു കാതലായ പരിഹാരം പാർട്ടി കോൺഗ്രസ്സോടെ ഉണ്ടാക്കുക എന്നത് കേവലഭൂരിപക്ഷ അടിസ്ഥാനത്തിൽ വോട്ടു ചെയ്ത് തീരുമാനിക്കാവുന്ന വിഷയമെന്ന നിലയിലല്ല ഇന്ന് നില നിൽക്കുന്നത്.
ഇടതുപക്ഷമുന്നണി ഇടതുപക്ഷജനാധിപത്യമുന്നണി: ജലന്ധർ കോൺഗ്രസ് പരികല്പന യും വർത്തമാന അവസ്ഥയും.
1980ലെ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി സിപിഐ, സിപിഐ എം, ആർഎസ്പി മുൻ സോഷ്യലിസ്റ്റുകൾ എന്നിവരും അഖിലേന്ത്യാ ലീഗും  കോൺഗ്രസിൽ നിന്ന് വിട്ടുപോയ ഒരു വിഭാഗവും ചേർന്ന്  രൂപീകരിച്ച മുന്നണിയാണ് ഉണ്ടായത്. ചില ഘടകകക്ഷികൾ മുന്നണിക്ക് ഇടതുപക്ഷജനാധിപത്യമുന്നണി എന്ന പേര് നിർദേശിച്ചു. അത് സ്വീകരിച്ചുകൊണ്ടാണ് എൽഡിഎഫ് രൂപംകൊണ്ടത്. 1980ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയം വരിക്കുകയും സഖാവ് നായനാരുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. 1978 സിപിഐഎമ്മിന്റെ ജലന്ധർ പാർട്ടി കോൺഗ്രസ്സിൽ സ്വീകരിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന പരിപ്രേക്ഷ്യവും തീരുമാനവും കേരളത്തിൽ 1980.ഇല്‍ രൂപീകരിക്കപ്പെട്ട ഇടതുപക്ഷജനാധിപത്യമുന്നണി എന്ന മുന്നണി സംവിധാനവും പേരിൽ സാമ്യമുള്ളതായിരുന്നു എങ്കിലും ഉള്ളടക്കത്തിൽ തുലോം വ്യത്യസ്തമായിരുന്നു. എന്നാൽ കേരളത്തിൽ രൂപംകൊണ്ട ഇടതുപക്ഷജനാധിപത്യമുന്നണി യാണ് യഥാർത്ഥത്തിൽ ജലന്ധർ പാർട്ടി കോൺഗ്രസിന്റെ ഇടതുപക്ഷ ജനാധിപത്യമുന്നണി സങ്കല്പത്തിന് യോജിച്ചത് എന്നും ഇത് അഖിലേന്ത്യാതലത്തിൽ വിപുലീകരിക്കുകയാണ് ശരിയായ സമീപനമെന്നും അതേസമയം ബംഗാളിൽ രൂപംകൊണ്ട ഇടതുപക്ഷ മുന്നണി അഥവാ എൽ.എഫ്. യഥാർത്ഥത്തിൽ ജലന്ധർ പാർട്ടികോൺഗ്രസ് കാഴ്ചപ്പാടിനനുസരിച്ച് ഉള്ളതല്ല എന്നും കേരളത്തിലെ ഒരു വിഭാഗം സഖാക്കൾ വാദിക്കുന്നതായും അവരുടേത് പരമ അബദ്ധ നിലപാടാണെന്നും അന്ന് സി.പി. (എം) ജനറൽ സെക്രട്ടറിയായിരുന്ന സഖാവ് .എം.എസ് ചൂണ്ടിക്കാട്ടുകയുണ്ടായി. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ സംബന്ധിച്ച കാഴ്ചപ്പാട് കേരളത്തിൽ എത്ര സഖാക്കൾക്ക് അറിയാമെന്ന് അദ്ദേഹം അന്ന് ചോദിക്കുകയുമുണ്ടായി.
ജലന്ധർ പാർട്ടി കോൺഗ്രസിൻറെ തീരുമാനത്തെ സംബന്ധിച്ച് അന്ന് സഖാവ് എം എസ് പറഞ്ഞത് ഇപ്രകാരമാണ്: 'ഇത് വെറും തിരഞ്ഞെടുപ്പ് കൂട്ടുകെട്ടല്ല. ജനങ്ങളുടെ നിത്യജീവിതം സംബന്ധിച്ചും രാജ്യത്തിന്റെയാകെ പുരോഗതിയെ സ്പർശിക്കുന്നതുമായ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടുന്നതിനു വേണ്ടി, ദൈനംദിന പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തുന്ന കൂട്ടുകെട്ടിനെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന് പാർട്ടി വിളിക്കുന്നത്.
ബഹുമുഖങ്ങളായ സമരങ്ങളുടെ കൂട്ടത്തിൽ പാർലമെൻററി സമരങ്ങൾക്കും പ്രാധാന്യമുണ്ട്. ഇതിൽ ഇടതുപക്ഷക്കാർക്കൊപ്പം ജനാധിപത്യ പാർട്ടിക്കാർക്കും പങ്കുകൊള്ളാവുന്നതാണ്.'
യഥാർത്ഥത്തിൽ, ജലന്ധർ രാഷ്ട്രീയ പ്രമേയത്തിന്റെ മൗലികമായ വർഗ്ഗ ഉള്ളടക്കത്തിൽ നിന്ന് അതിനെ കേവലം അവസരവാദപരമായ പാർലമെൻററി അടവും പാർലമെൻററി മുന്നണിയുമായി ന്യൂനീകരിക്കുകയുമാണ് മേൽ ചൊന്ന വിഭാഗം ചെയ്തത് എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.
എന്തായാലും സിപിഐഎമ്മിന്റെ പന്ത്രണ്ടാം പാർട്ടി കോൺഗ്രസ്സോടുകൂടി എം.വി.രാഘവനും കൂട്ടരും ഉയർത്തിയ മേൽപ്പറഞ്ഞ അവസരവാദ ലൈൻ പരാജയപ്പെടുകയും തുടർന്ന് അനാരോഗ്യകരമായ സംഘടനാ അവസ്ഥ സംജാതമാവുകയും ഒടുവിൽ രാഘവന്റെയും കൂട്ടരുടെയും പുറത്താക്കലിൽ അത് കലാശിക്കുകയും ചെയ്തു.


1987 നിന്ന് വ്യത്യസ്തമായി ഇന്നാകട്ടെ സാമ്രാജ്യത്വ ആഗോള വൽക്കരണത്തിന്റെയും വർഗ്ഗീയ ഫാസിസത്തിന്റെയും ഇരട്ട ശത്രുവിനെ നേരിടേണ്ടുന്ന വെല്ലുവിളിയാണ് ഇന്ത്യൻ ജനത അഭിമുഖീകരിക്കുന്നത്. ഇതാകട്ടെ, തൊഴിലാളിവർഗ്ഗത്തിന്റെയും അതിന്റെ ഉറ്റ സഖ്യശക്തിയായ കർഷകരുടെയും എന്നത്തേക്കാളേറെ ശക്തമായ ഐക്യവും സമരോത്സുകതയും അവശ്യമാക്കുന്നു. വർഗ്ഗ സഖ്യത്തിന്റെ അച്ചുതണ്ടിനു ചുറ്റും ഇതര അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളേയും ദളിത് - ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള എല്ലാ അരികുവൽക്കരിക്കപ്പെട്ട മർദ്ദിത ജനവിഭാഗങ്ങളേയും മതേതര ജനാധിപത്യ ശക്തികളേയും കൂടി അണി നിരത്തിക്കൊണ്ട് കൃത്യമായ പരിപാടിയുടെ അടിസ്ഥാനത്തിൽ കെട്ടിപ്പടുക്കുന്ന ഇടതുപക്ഷ ബദലും അതിനായി ഊട്ടിയുറപ്പിക്കുന്ന ഇടതുപക്ഷ ഐക്യവും എന്നതാണ് ശത്രുവിനെതിരായ വിജയ പ്രാപ്തമായ ശാസ്ത്രീയമായ മൂർത്ത സാഹചര്യത്തിലെ അടവുനയം.


ഇതിനു പകരം, പ്രതിലോമശക്തികളും അഴിമതിയിലാറാടിയവരുമായ പിള്ള-മാണിയാദി ശക്തികളെപ്പോലെയുള്ളവരെ തുന്നിച്ചേർത്തു കൊണ്ട് 'വിജയകരമായ ' പാർലമെൻററി സഖ്യം ഉണ്ടാക്കുന്നത് ഇടതുപക്ഷ മുന്നേറ്റത്തിന് ഭൂഷണമല്ല എന്ന് ഞങ്ങൾ കാണുന്നു.