(TUCI) :- സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന നടപടികളെ ചെറുക്കണം:--ചാള്‍സ് ജോര്‍ജ്ജ്








ട്രേഡ് യൂണിയന്‍ സെന്‍റര്‍ ഓഫ് ഇന്ത്യ (TUCI)


കേന്ദ്രകമ്മിറ്റി


മാരുതി വിലാസ്, സി.എസ്. റോഡ്, എറണാകുളം


ഫോണ്‍ : 9447168852






സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന നടപടികളെ ചെറുക്കണം-----------------------------------------

എല്ലാവ്യവസായ മേഖലകളിലും സ്ഥിരം തൊഴിലിനു പകരം നിശ്ചിതകാല കരാര്‍ തൊഴില്‍ ഏര്‍പ്പെടുത്തുന്ന വിനാശകങ്ങളായ ഇന്‍റസ്ട്രിയല്‍ എംപ്ലോയ്മെന്‍റ് ഭേദഗതിചട്ടം കേന്ദ്ര തൊഴില്‍ മന്ത്രാലയം വിജ്ഞാപനം ചെയ്തിരിക്കുകയാണ്. നൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലിയെടുക്കുന്നതും മിനിമം വേജസ് ആക്ട് ബാധകവുമായ സ്വകാര്യ-പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് ബാധകമായ 1946-ലെ സ്റ്റാന്‍റിംഗ് ഓര്‍ഡര്‍ നിയമവും സര്‍ക്കാര്‍ ഭേദഗതിചെയ്തിരിക്കുകയാണ്. ഈ വിജ്ഞാപനങ്ങള്‍ പുറത്തിറങ്ങിയതോടെ സ്ഥിരം സ്വഭാവമുളള തൊഴിലുകള്‍ അവസാനിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മൂന്നുമാസം തുടര്‍ച്ചയായി ജോലി ചെയ്ത നിശ്ചിതകാല തൊഴിലാളികളെ രണ്ടാഴ്ച മുന്‍കൂര്‍ നോട്ടീസ് നല്‍കി പിരിച്ചു വിടാനും തൊഴിലുടമകള്‍ക്ക് വിജ്ഞാപന പ്രകാരം അവകാശമുണ്ടായിരിക്കും.
തൊഴില്‍ സുരക്ഷ ഇല്ലാതാക്കി, സ്ഥിരം തൊഴില്‍ അവസാനിപ്പിക്കുന്ന കിരാതമായ ഈ നടപടിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ടി.യു.സി.ഐ അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ ഈ സംവിധാനം കേന്ദ്രസര്‍ക്കാര്‍ വസ്ത്ര നിര്‍മ്മാണ മേഖലയില്‍ നടപ്പാക്കുകയും പിന്നീട് തുകല്‍ പാദരക്ഷ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തതാണ്. തൊഴില്‍ നിയമങ്ങള്‍ അയവേറിയതാക്കണമെന്നും, മൂലധനവ്യാപനത്തിനുളള തടസ്സങ്ങള്‍ ഇന്ത്യയില്‍ മാറ്റം വരുത്തണമെന്നും കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ലോകബാങ്ക് ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ വ്യവസായികളുടേയും, തൊഴിലുടമകളുടേയും സംഘടനയായ ഫിക്കിയും അസ്സോച്ചവും ഈ ആവശ്യം തുടര്‍ച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കുകയുമാണ്. തൊഴിലുടമകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് പുതിയ വിജ്ഞാപനം സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്.
ലോകത്ത് ഇന്ന് പുരോഗമനപരമായ തൊഴില്‍ നിയമങ്ങളുടെ സംരക്ഷണം തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കുന്നതില്‍ ഏറെ മുന്നോട്ടുപോയ രാജ്യമാണ് ഇന്ത്യ. 1926-ലെ ട്രേഡ് യൂണിയന്‍ ആക്ടും, 1948-ലെ തൊഴില്‍ തര്‍ക്ക നിയമവും, ഇന്‍റസ്ട്രിയല്‍ എംപ്ലോയ്മെന്‍റ് സ്റ്റാന്‍റിംഗ് ഓര്‍ഡറും,
1970-ലെ കരാര്‍ തൊഴിലാളി നിയമവും വികസിത രാഷ്ട്രങ്ങളിലെ നിയമങ്ങളെക്കാള്‍ ഏറെ മുന്നോട്ടു പോയതും ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതുമാണ്. ആഗോളവല്ക്കരണ നടപടികള്‍ക്ക് തുടക്കം കുറിച്ച 1991 മുതല്‍ ഇവയില്‍ വെളളം ചേര്‍ക്കാന്‍ തുടങ്ങി. 1999-ല്‍ വാജ്പേയി സര്‍ക്കാര്‍ നിയമിച്ച രവീന്ദ്രവര്‍മ്മ അധ്യക്ഷനായ രണ്ടാംതൊഴില്‍ കമ്മീഷന്‍ തന്നെ കോണ്‍ട്രാക് ലേബര്‍ നിയമം ദുര്‍ബ്ബലമാക്കാന്‍ ശുപാര്‍ശ ചെയ്യുകയുണ്ടായി. 2003-ല്‍ ഇന്‍റസ്ട്രിയല്‍ എംപ്ലോയ്മെന്‍റ് സ്റ്റാന്‍റിംഗ് ഓര്‍ഡര്‍ ചട്ടം ഭേദഗതി ചെയ്തെങ്കിലും യൂണിയനുകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അത് പിന്‍വലിക്കുകയുണ്ടായി. രണ്ടാംലേബര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്കെതിരേ ബി.എം.എസ്സ് രംഗത്തിറങ്ങുകയുണ്ടായി. 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ തൊഴിലാളികള്‍ക്കെതിരായ-കടന്നാക്രമണം ശക്തമാക്കിയിരിക്കുകയാണ്. നാല്പത്തിനാല് കേന്ദ്ര നിയമങ്ങളെ നാല് നിയമങ്ങളാക്കി പരിമിതപ്പെടുത്താനും തൊഴിലവകാശങ്ങളെ ഹനിക്കാനുമുളള നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണ്. പുതിയ ബഡ്ജറ്റിലെ നിര്‍ദ്ദേശങ്ങളിലും പ്രതിഫലിക്കുന്നത് ഇതാണ്.
ബ്രിട്ടീഷ് ഭരണകാലത്തു തന്നെ നടന്ന എണ്ണമറ്റ സമരങ്ങളിലൂടെയാണ് ഇന്ത്യയിലെ തൊഴില്‍ നിയമങ്ങള്‍ രൂപപ്പെട്ടത്. ബ്രിട്ടീഷു വിരുദ്ധ സമരത്തിന്‍റെ തുടര്‍ച്ചയായി രൂപപ്പെട്ട സര്‍ക്കാരുകളാണ് പിന്‍ക്കാലത്ത് പുരോഗമനപരമായ പല തൊഴില്‍ നിയമങ്ങള്‍ക്കും രൂപം നല്‍കിയതും. നിയമപരമായി ലഭിച്ച ഈ അവകാശങ്ങളെ പാര്‍ലിമെന്‍റിനെത്തന്നെ ഇരുട്ടില്‍ നിര്‍ത്തി എടുത്തുകളയാനുളള നടപടിയാണ് വിജ്ഞാപനത്തിലൂടെ നടപ്പാക്കപ്പെടുന്നത്.
കുത്തകകള്‍ക്ക് വേിണ്ടി ഹയര്‍ ആന്‍റ് ഫയര്‍ വ്യാപകമാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നടപടിയെ ഞങ്ങള്‍ ശക്തിയായി അപലപിക്കുന്നു. വിനാശകരമായ ഈ നടപടികളെ ചെറുത്തു തോല്‍പ്പിക്കാന്‍ യോജിച്ചണിനിരക്കണമെന്ന് മുഴുവന്‍ തൊഴിലാളി സംഘടനകളോടും ഞങ്ങളഭ്യര്‍ത്ഥിക്കുന്നു.
                                                                                              ചാള്‍സ് ജോര്‍ജ്ജ്
                                                                                            ജനറല്‍ സെക്രട്ടറി
കൊച്ചി                                                                               ടി.യു.സി.
22/03/2018                                                                      കേന്ദ്രകമ്മിറ്റി