TUCI പത്ര പ്രസ്താവന --ഡീസല്‍ വില വര്‍ധന: മത്സ്യമേഖലയും പണിമുടക്കും

ഡീസല്‍ വില വര്‍ധന: മത്സ്യമേഖലയും പണിമുടക്കും

ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, മണ്ണെണ്ണ സബ്സിഡി വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ബുധനാഴ്ച നടത്തുന്ന വാഹനപണിമുടക്ക് വിജയിപ്പിക്കുവാന്‍ മുഴുവന്‍ മത്സ്യത്തൊഴിലാളികളോടും ഞങ്ങളഭ്യര്‍ത്ഥിക്കുന്നു. പെട്രോളിയം മേഖലയില്‍ വില നിര്‍ണ്ണയിക്കാനുള്ള അവകാശം കമ്പനികള്‍ക്കു നല്‍കുകയും, വര്‍ഷങ്ങളായി ഈ മേഖലയ്ക്കു നല്‍കി വരുന്ന സബ്സിഡികള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും ഞങ്ങളാവശ്യപ്പെടുന്നു.
കേരളത്തില്‍ ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇരുപതിനായിരത്തില്‍ പരം യാനങ്ങളുണ്ട്. ഡീസലിന്‍റെ ക്രമാതീതമായ വില വര്‍ധന ഇവയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയിരിക്കുകയാണ്. കൊച്ചിയില്‍ നിന്നും വിദൂര മത്സ്യബന്ധനത്തിനു പോകുന്ന അറുന്നൂറോളം ബോട്ടുകളുണ്ട്. 3500 ട്രോള്‍ ബോട്ടുകളും, അറുപതോളം പേഴ്സ് സീന്‍ ബോട്ടുകളും, നാന്നൂറോളം ഇന്‍-ബോര്‍ഡ് വള്ളങ്ങളും ഇന്ധനമായി ഡീസലാണുപയോഗിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഡീസലിന്‍റെ വില വര്‍ദ്ധന മൂലം വീദുര മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകള്‍ക്ക് ഒരു തവണ മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ 40,000 രൂപ മുതല്‍ 60,000 രൂപ വരെ അധിക ചെലവു വരുന്നുണ്ട്. മള്‍ട്ടി ഡേ ഫിഷിംഗിനുപോകുന്ന ട്രോളറുകള്‍ക്ക് പതിനായിരം രൂപയോളവും, ഇന്‍-ബോര്‍ഡ് വള്ളങ്ങള്‍ക്ക് മൂവ്വായിരം രൂപ പ്രതിദിനവും അധിക ബാധ്യത വരികയാണ്. പതിനഞ്ച് വര്‍ഷം മുമ്പ് ട്രോള്‍ ബോട്ടുകള്‍ക്ക് ഡീസലിന് പ്രതിമാസം 15,000 രൂപ സബ്സിഡി നല്‍കിയിരുന്നത് പിന്നീട് നിര്‍ത്തലാക്കി.
18,000 ത്തിലധികം വരുന്ന ഔട്ട് - ബോര്‍ഡ് എഞ്ചിനുകളുടെ യൂണിറ്റുകള്‍ക്ക് നല്‍കി വരുന്ന മണ്ണെണ്ണയുടെ സബ്സിഡി നിര്‍ത്തലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ വര്‍ഷം നാല്പതു കുതിരശക്തിയുള്ള എഞ്ചിന് പ്രതിമാസം 179 ലിറ്റര്‍ മണ്ണെണ്ണ റേഷനായി നല്‍കിയിടത്ത് ഇപ്പോള്‍ 67 ലിറ്ററാക്കി കുറച്ചിരിക്കുകയാണ്. ഇതുപയോഗിച്ച് ഒരു ദിവസം പോലും മത്സ്യബന്ധനം നടത്താനാവില്ല. ഏതാനും മാസങ്ങള്‍ക്കകം ഈ വിഹിതവും നിര്‍ത്തനാണ് തീരുമാനം.
പ്രതിസന്ധി ഗ്രസ്തമായ മത്സ്യമേഖലയെ തകര്‍ക്കുന്ന നടപടിയാണ് ഇതെല്ലാം. കാലാവസ്ഥാവ്യതിയാനത്തിന്‍റെ പ്രത്യാഘാതം മൂലം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കേരളത്തിലെ മത്സ്യ ഉല്പാദനം നേര്‍പകുതിയായി കുറഞ്ഞിരിക്കുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്തിയുടെ ഉല്പാദനമാകട്ടെ ഇക്കാലയളവിനുള്ളില്‍ 4 ലക്ഷം ടണ്ണില്‍ നിന്നും കേവലം 25,000 ടണ്ണായി കുറഞ്ഞിരിക്കുകയുമാണ്. ഒരു മത്സ്യവരള്‍ച്ച പാക്കേജ് മേഖലയ്ക്ക് അനുവദിക്കണമെന്ന ഞങ്ങളുടെ ആവശ്യം ഇനിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടുമില്ല. നോട്ട് നിരോധനത്തിന്‍റെയും ജിഎസ്ടിയുടെയും പ്രത്യാഘാതമാകട്ടെ അതീവ ഗുരുതരവുമാണ്. കടലില്‍ പോകുന്ന യാനങ്ങള്‍ക്ക് ഇന്ധനത്തിന് റോഡ് സെസ്സ് ഏര്‍പ്പെടുത്തുന്ന യുക്തിരാഹിത്യവും ഇവിടെ നിലനില്‍ക്കുന്നുണ്ട്.
ഇന്ധന വിലവര്‍ദ്ധന മൂലമുണ്ടായ നഷ്ടം പരിഹരിക്കാന്‍ ബഡ്ജറ്റ് സഹായമോ, സബ്സിഡിയോ, നികുതിയിളവോ അനുവദിച്ച് ഒരു ഉല്പാദന സമൂഹമായ മത്സ്യമേഖലയെ സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു. സംസ്ഥാനത്തെ വാഹന പണിമുടക്കുമായി ബന്ധപ്പെട്ട് ബുധനാഴ്ച വിവിധ മത്സ്യതൊഴിലളി സംഘടനകളും പണിമുടക്കിനാഹ്വാനം ചെയ്തിട്ടുണ്ട്. അന്നേ ദിവസം ഹാര്‍ബറുകളും പണിമുടക്കാന്‍ ബോട്ടുടമകളും കച്ചവടക്കാരുടെ സംഘടനകളും തീരുമാനിച്ചിട്ടുണ്ട്. ഈ പ്രക്ഷോഭം വിജയിപ്പിക്കുന്നതിന് യോജിച്ചണിനിരക്കണമെന്ന് മത്സ്യമേഖലയിലെ മുഴുവനാളുകളോടും ഞങ്ങളഭ്യര്‍ത്ഥിക്കുന്നു.
ചാള്‍സ് ജോര്‍ജ്ജ്
കൊച്ചി സംസ്ഥാന പ്രസിഡന്‍റ്
22-1-2018 കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ.)
94471 68852