“സര്‍വ്വധര്‍മ്മ സമഭാവന ” പ്രസ്താവന




ഇന്ത്യൻ ജനജീവിതത്തിനും ജനാധിപത്യത്തിനും നേരെ അപകടകരമായ ഒരു വെല്ലുവിളിയായിക്കഴിഞ്ഞ സംഘപരിവാറിന്റെ വളർച്ചയെ തടയാൻ പോന്ന പുതിയ പ്രതിരോധ മാതൃകകൾ സൃഷ്ടിക്കുന്നതിനുള്ള കാലം വൈകിയിരിക്കുന്നു. ഇതിനുള്ള ശ്രമത്തിന്റെ ഭാഗമായി കേരളത്തിന്റെ ധൈഷണിക നേതൃത്വം ആവിഷ്കരിക്കുന്ന ഒരു പ്രസ്ഥാനമാണ് സർവ്വധർമ്മ സമഭാവന’.
                                              പഴയ മുൻവിധികളിൽ നിന്നെല്ലാം മുക്തമായി മാർക്സിനേയും ഗാന്ധിയേയും അംബേദ്ക്കറേയും അവരുടെ കീഴാള (subaltern) ജനാധിപത്യ രാഷ്ട്രീയ മൂല്യങ്ങളെ ആധാരമാക്കി ഐക്യപ്പെടുത്തുന്നതിലൂടെ സംഘപരിവാറിനെ നേരിടാൻ പര്യാപ്തമായ ഒരു പുതിയ വ്യവഹാര(Discourse)ത്തിനും പ്രയോഗത്തിനും തുടക്കം കുറിക്കാനാണ് ഇത് ശ്രമിക്കുന്നത്. അങ്ങനെ സ്വാതന്ത്ര്യ സമരകാലത്ത് ഉണർത്തപ്പെടുകയും കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലമായി വികലമാക്കപ്പെടുകയും ചെയ്ത ഇന്ത്യൻ ജനസാമാന്യത്തിൻറെ സ്വാതന്ത്ര്യ വാഞ്ഛയെ ഇന്ന് നമ്മെ കീഴടക്കിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രീയാധിനിവേശത്തിൽ നിന്നുള്ള മോചനത്തിനായി ഒരിക്കൽ കൂടി ഉണർത്തുകയാണ് നമ്മുടെ ലക്ഷ്യം.
                                                        ഇന്ത്യയെ ഒരു ഹിന്ദു മതരാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ മതത്തെ രാഷ്ട്രീയാധികാരത്തിനുള്ള ഉപകാരണമാക്കുന്ന, അതുകൊണ്ടുതന്നെ ഫാസിസ്റ്റ് സ്വഭാവമുള്ള സംഘപരിവാറിന്റെ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. സംഘപരിവാർ പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന ഹിന്ദുമതം യഥാർത്ഥത്തിൽ ഇരുന്നൂറു കൊല്ലത്തിലേറെ പഴക്കമില്ലാത്ത ഒരു പാശ്ചാത്യ സൃഷ്ടിയാണ്. കോളനി വാഴ്ചക്കാലത്ത് ആധുനിക മുതലാളിത്ത സ്വകാര്യസ്വത്തിന്റെ മാതൃകയിലേക്ക് പരിവർത്തിപ്പിക്കപ്പെട്ട ഭൂമിയിന്മേൽ പുതിയ കൊളോണിയൽ നികുതിക്കൊള്ളകൾ നടപ്പാക്കുന്നതിനുവേണ്ടി കോളനി മേധാവികൾ പഴയ ജാതി വ്യവസ്ഥയിൽ നിന്നും ഒരു സവർണ്ണ ചൂഷക വർഗ്ഗത്തെ ഇടനിലക്കാരായി ഉയർത്തിയെടുത്തു. ഈ നവബ്രാഹ്മണ്യം അതിന്റെ ആധികാരികതക്കും ആധിപത്യത്തിനും വേണ്ടി പാശ്ചാത്യരുടെ സഹകരണത്തോടെ ഇന്ത്യൻ ധാർമ്മിക ജീവിതത്തിന്റെ വൈവിധ്യത്തേയും സമ്പന്നതയേയും മറച്ചുവയ്ക്കുന്ന ശുഷ്ക്കവും ഏകീകൃതവുമായ ഒരു ചൂഷക ഹിന്ദുമതത്തിന് പിറവി നൽകി. രാഷ്ട്രീയ സ്വാതന്ത്ര്യ ലബ്ധിക്കുശേഷം,കൊളോണിയൽ ചൂഷണയന്ത്രമായി പ്രവർത്തിച്ച ഈ ആധുനിക കൃത്രിമ ഹിന്ദുമതത്തെയാണ് സംഘപരിവാർ ഭാരതീയ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റേയും പേരിൽ മഹത്തായ ഇന്ത്യൻ ജനജീവിതത്തിന്റെമേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത്. അതിനാൽ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിൽ നിന്നുള്ള മോചനത്തിലൂടെ മാത്രമേ ഇന്ത്യൻ ജനത സ്വതന്ത്രരാകൂ
                                                                      . ഇതാണ് ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യവാദികളായ യഥാർത്ഥ മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന രാഷ്ട്രീയവും ധാർമ്മികവുമായ ഏറ്റവും വലിയ വെല്ലുവിളി. രാജ്യവും ജനങ്ങളുടെ വിശ്വാസവും നേരിടുന്ന ഈ രാഷ്ട്രീയ-ധാർമ്മിക പ്രതിസന്ധികൾ മറികടക്കുന്നതിന്, സകല മതങ്ങളുടേയും സാരം ഒന്നാണെന്ന് പറഞ്ഞ ഗാന്ധിജിയുടേയും ശ്രീനാരായണ ഗുരുവിന്റെയും മതദർശനത്തെ അതിന്റെ എല്ലാ ശോഭയോടും ശക്തിയോടും കൂടി നമുക്ക് നമ്മുടെ വർത്തമാന ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരേണ്ടിയിരിക്കുന്നു. വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ ഇതുപോലെ തന്നെ പരമപ്രധാനമാണ് ഡോക്ടർ അംബേദ്ക്കർ തുറന്നു വിട്ട ധാർമ്മികതയുടെ ലോകവും. അതിനാൽ ജാതി വ്യവസ്ഥക്കെതിരായ വിട്ടുവീഴ്‍ചയില്ലാത്ത തന്റെ സമരങ്ങൾക്ക്, പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ യുക്തികൾക്കു പകരം അഹിംസയിലും കാരുണ്യത്തിലും അധിഷ്ഠിതവും പൗരസ്ത്യവുമായ ബുദ്ധധർമ്മത്തെ ആശ്ലേഷിച്ച ഡോ. അംബേദ്കറുടെ ചിന്തയേയും അതിന്റെ സമഗ്രതയേയും ഇന്ന് പുറത്തു കൊണ്ടുവരേണ്ടിയിരിക്കുന്നു.
                                                                   അങ്ങനെ ഇന്ത്യൻ സെക്യുലറിസമെന്ന സവിശേഷ രാഷ്ട്രീയ പരികൽപ്പനയെ ഒരു പാശ്ചാത്യ സാങ്കേതിക പദമെന്നതിനുപരി അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ നമുക്ക് വീണ്ടെടുക്കേണ്ടിയിരിക്കുന്നു. യൂറോപ്പിനെ മാതൃകയാക്കി അപ്പാടെ നമ്മുടെ ഭരണ ഘടനയിൽ എടുത്തുചേർത്ത ഒരു പദമല്ല സെക്യുലറിസം. പള്ളിയും ഭരണകൂടവും രണ്ടു വ്യത്യസ്ത അധികാര കേന്ദ്രങ്ങളായി പരസ്പരം ഏറ്റുമുട്ടിയ ഒരു ചരിത്ര പശ്ചാത്തലത്തിൽ നിന്ന് രൂപം കൊണ്ടതാണ് പള്ളിയേയും ഭരണകൂടത്തേയും രണ്ടു ലോകങ്ങളിലേക്ക് വേർതിരിക്കുന്ന മത നിരപേക്ഷ ഭരണകൂടം എന്ന പാശ്ചാത്യ ആശയം. എന്നാൽ ഇന്ത്യൻ മതനിരപേക്ഷതയുടെ ചരിത്ര പശ്ചാത്തലം മറ്റൊന്നാണ്. വിവിധ മതങ്ങളിലും ജാതികളിലും ഗോത്രങ്ങളിലും പെട്ട കോടിക്കണക്കായ ഇന്ത്യക്കാർ ബ്രിട്ടീഷ് അടിമത്തത്തിൽ നിന്ന് മോചനം നേടുന്നതിന് വേണ്ടി ഒത്തൊരുമിച്ചു മുന്നേറിയ രാഷ്ട്രീയ സമരത്തിൽ നിന്ന് രൂപം കൊണ്ട മഹത്തായ ജനാധിപത്യ മൂല്യമാണ് ഇന്ത്യൻ സെക്യുലറിസം. ഭരണകൂടാധികാരത്തെ ശക്തിപ്പെടുത്തുന്നതിനുള്ള മതാധികാരവുമായുള്ള ഒരു ഉടമ്പടിയാണ് പാശ്ചാത്യ മത നിരപേക്ഷതയെങ്കിൽ ഭരണകൂടാധികാരത്തിനു ബദലായ ജനങ്ങളുടെ അധികാരത്തെ ശക്തിപ്പെടുത്തുന്ന, വിവിധതരം വിശ്വാസികളുടെ സ്നേഹാശ്ലേഷത്തിൽ നിന്ന് രൂപപ്പെട്ടതാണ് ഇന്ത്യൻ മത നിരപേക്ഷത. എല്ലാ മതങ്ങളുടേയും സാരം ഒന്നാണെന്ന് തിരിച്ചറിയുന്ന, ഭരണകൂടാധികാരത്തെ അപ്രസക്തമാക്കുന്ന, ‘സനേഹംഅതിന്റെ തടവറകളിൽ നിന്ന് ഒരു രാഷ്ട്രീയ ഗണമായി മോചനം നേടുന്ന ധാർമ്മികമായ ഉള്ളടക്കമുള്ള ഒന്നാണ് ഗാന്ധിജി ഉയർത്തിപ്പിടിച്ച ഇന്ത്യൻ മതനിരപേക്ഷത. അതുകൊണ്ടുതന്നെ ഇന്ത്യൻ മതനിരപേക്ഷത അടിസ്ഥാനപരമായി പാശ്ചാത്യ ഭരണകൂട മതനിരപേക്ഷത (State secularism) യിൽനിന്ന് ഭിന്നമായ ഭരിക്കപ്പെടുന്ന ജനതയുടെ അഥവാ കീഴാള ജനതയുടെ ജനാധിപത്യത്തിൻറെ മതനിരപേക്ഷതയാണ്.
                                                     ഗാന്ധിജിയുടേയും ശ്രീനാരായണഗുരുവിന്റേയും ഡോ. അംബേദ്‌ക്കറുടേയും മത ചിന്തകൾ പോലെ തന്നെ ഈ സംരംഭത്തിന് ഞങ്ങൾക്ക് ശക്തി നൽകുന്ന മറ്റൊരു വസ്തുത മനുഷ്യ ചരിത്രത്തിന് യുക്തിപരമായ അടിസ്ഥാനം നൽകിയ മാർക്സിന്റെ മതത്തോടുള്ള യാഥാർഥ്യബോധം നിറഞ്ഞ സമീപനമാണ്. ഹെഗലിനേയും ഫോയർ ബാക്കിനെയും പോലുള്ള ചിന്തകന്മാരുടെ ആദ്യകാല സ്വാധീനത്തിൽ നിന്ന് വിമുക്തനായ മാർക്സ് മതത്തെ അമൂർത്തവും അയഥാർത്ഥവുമായ -പ്രത്യയശാസ്ത്ര (Ideology) മിഥ്യയുടെ തലത്തിലല്ല, മറിച്ച് മേലാളന്മാരുടെ അധികാരവും കീഴാളന്മാരുടെ അധികാരവും തമ്മിൽ ചരിത്രത്തിൽ ഏറ്റുമുട്ടുന്ന യാഥാർഥ്യത്തിന്റെ, വർഗ്ഗസമരത്തിൻറെ, മണ്ഡലത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാൽ, വിവിധമതങ്ങളിൽ വിശ്വസിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ മനുഷ്യരെ ബുദ്ധിപരമായി തരംതാണ പ്രാകൃതരും രാഷ്ട്രീയ കർത്തൃത്വമില്ലാത്തവരുമായി കണക്കാക്കുന്ന പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ പഴയ മാനദണ്ഡങ്ങൾ നാം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. അതിനുപകരം ഭിന്ന മതഭാവനകളുടെ ബാഹ്യരൂപത്തിനുള്ളിൽ അവയുടെ ഉള്ളടക്കമായി പ്രവർത്തിക്കുന്ന ജീവിതത്തിൻറെ ചരിത്രയാഥാർഥ്യമെന്തെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ആ ഉള്ളടക്കങ്ങളാകട്ടെ പ്രകൃതിയും സമൂഹവുമായി നേരിട്ട് ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മനുഷ്യശരീരത്തിൽ ഓരോ കാലത്തും ആവിർഭവിക്കുന്ന ഭാവശക്തികളും (Affects) അവയുൽപ്പാദിപ്പിക്കുന്ന കർത്തൃത്വ രൂപങ്ങളു (Forms of Subjectivity)മായി ബന്ധപ്പെട്ടവയാണ്.
                                                                       ഇവിടെയാണ് മതത്തോടുള്ള സമീപനത്തിൽ ലിബറൽ മുതലാളിത്ത യുക്തിവാദവും മാർക്സിസവും തമ്മിൽ വഴിപിരിയുന്നത്; മേലാളന്മാരുടെ അധീശത്വത്തിന്റെ മതവും കീഴാളന്മാരുടെ ചെറുത്തുനിൽപ്പിന്റെ മതവും തമ്മിലുള്ള ഗുണപരമായ അന്തരം വ്യക്തമാകുന്നത്. ഒരുമതം ഭരണകൂടത്തിൻറെ അഥവാ ഭരിക്കുന്നവരുടെ മതമായിരിക്കുമ്പോൾ അതിന്റെ ഉള്ളടക്കം അടിച്ചമർത്താനും തളച്ചിടാനുമുള്ള അധീശാധികാരമാണ്. മറിച്ച് അതേ മതം തന്നെ ഭരിക്കപ്പെടുന്നവരുടെ അഥവാ കീഴാളരുടെ ചെറുത്തു നിൽപ്പിന്റെ മതമായിരിക്കുമ്പോൾ അതിന്റെ ഉള്ളടക്കം വിമോചകവും വിധ്വംസകവുമായ കർത്തൃത്വങ്ങളെ ഉൽപ്പാദിപ്പിക്കുന്ന ജൈവാധികാരമായി മാറുന്നു. അതിനാൽ പ്രത്യയശാസ്ത്രപരമായ ബാഹ്യരൂപത്തിലൂടെയല്ല അതിൽ പ്രവർത്തിക്കുന്ന ഉള്ളടക്കത്തിൻറെ വിരുദ്ധ യാഥാർഥ്യങ്ങളിലൂടെയാണ്, അധികാര മാതൃകകളിലൂടെയാണ് നാം മതത്തെ തിരിച്ചറിയേണ്ടത് എന്ന് വരുന്നു.
കീഴാള മതഭാവനയുടെ രാഷ്ട്രീയത്തെ കുറിച്ചുള്ള ഈ നിലപാടിൽ നിന്നാണ് എല്ലാ മതങ്ങളുടേയും സാരം ഒന്നാണെന്ന ദർശനം രൂപപ്പെടുന്നത്. അങ്ങനെയാണ് എല്ലാ മതങ്ങളിലും വിശ്വസിക്കുന്ന മനുഷ്യർ അവരുടെ വിശ്വാസങ്ങളുടെ ബാഹ്യാചാരങ്ങൾക്കപ്പുറം, പ്രത്യയശാസ്ത്ര ഭിന്നതകൾക്കപ്പുറം സമന്മാരും സഹോദരരും ആയിത്തീരുന്ന അതിരുകളില്ലാത്ത മാനവികതയുടെ മണ്ഡലം രൂപപ്പെടുന്നത്. സ്വകാര്യ സ്വത്തുടമസ്ഥന്മാരായ പൗരന്മാരുടെ ജീവിത ഭദ്രതക്കുവേണ്ടി നിലകൊള്ളുന്ന ഭരണകൂടാത്മകമായ ഇടുങ്ങിയ മനുഷ്യ സമത്വ സങ്കൽപ്പങ്ങളെ മറികടക്കുന്ന ഒന്നാണ് ഈ കീഴാള മാനവികത. സർവ്വ ധർമ്മ സമത്വം എന്ന ആശയം വിപ്ലവകരമായിത്തീരുന്നത് അങ്ങനെയാണ്.
ആഗോള മുതലാളിത്ത സാമ്രാജ്യ വ്യവസ്ഥക്ക് ഇന്ത്യയെ അതിന്റെ സാമന്ത രാജ്യമായി കീഴടക്കുന്നതിന് ലിബറൽ ജനാധിപത്യത്തേക്കാൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ജനാധിപത്യ വിരുദ്ധമായ ഒരു ഫാസിസ്റ്റ് ശക്തിയാണ് അഭികാമ്യം. ഈ സാഹചര്യം വേണ്ടവണ്ണം ഉപയോഗപ്പെടുത്തിക്കൊണ്ട് അധികാരത്തിലേറിയ സംഘ പരിവാർ ഇന്ത്യൻ കർഷകരും കൈവേലക്കാരുമടക്കമുള്ള കീഴാള ജനതയെ ഒരു വശത്ത് മതപരമായി ഭിന്നിപ്പിക്കുകയും വർഗ്ഗീയ കലാപങ്ങളിലേക്ക് നയിക്കുകയും ചെയ്യുമ്പോൾ മറുവശത്ത് ആഗോള മുതലാളിത്ത വികസന പദ്ധതികളുടെ പേരിൽ അവരെ വംശനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
                                                 അതിനാൽ മുകളിൽ നിന്നുള്ള ഭരണകൂടാധികാരത്തിന്റെ അതിക്രമങ്ങളെ എക്കാലവും വിവിധ രീതികളിൽ ചെറുത്തുപോന്ന ഇന്ത്യൻ ജനതയുടെ അടിയിൽ നിന്നുള്ള സമാന്തരവും സ്വച്ഛന്ദ’ (Autonomous) വുമായ സ്വാധികാരത്തിന്റെ മഹാ ശക്തികളെ നമുക്ക് ഉണർത്തേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യ സമരകാലത്തും അടിയന്തരാവസ്ഥക്കാലത്തും ആ ശക്തികളുടെ ഉണർച്ചയാണ് നാം കണ്ടത്. എന്നാൽ ഇന്നാകട്ടെ ചെറുത്തുനില്പിനുപകരം ആത്മഹത്യ ചെയ്യുന്ന കർഷകരുടെയും തെണ്ടികളായി മാറുന്ന കൈവേലക്കാരുടെയും കൂട്ടമായി കുടിയിറക്കപ്പെട്ട് ചേരികളിൽ അഭയം തേടുന്ന ആദിവാസികളുടേയും കടബാധ്യതകളിൽ ജീവിതം കുടുക്കിയിടപ്പെട്ട ഇടത്തരക്കാരുടേയും കോർപ്പറേറ്റുകൾക്ക് വേണ്ടി ജീവിത സമയം പൂർണ്ണമായും പണയപ്പെടുത്തുന്ന യുവാക്കളുടേയും രാഷ്ട്രീയമായി തകർക്കപ്പെടുന്ന ഒരിന്ത്യയാണ് നമുക്ക് മുന്നിൽ ഉള്ളത്. എങ്കിലും അടിമത്തത്തിലേക്കുള്ള ഏത് അടിച്ചമർത്തലിനും പൂർണ്ണമായി തകർക്കാൻ ആവാത്ത മനുഷ്യത്വത്തിന്റെ മൗലിക സ്വാതന്ത്ര്യത്തിൽ വിശ്വാസം അർപ്പിച്ചു കൊണ്ട് ഭരണകൂടാധികാരത്തിനെതിരേ നിലകൊള്ളുന്ന ഇന്ത്യൻ കീഴാള ബഹുജന സഞ്ചയത്തിൻറെ സമാന്തര സ്വാധികാരത്തിനുവേണ്ടി അഥവാ കീഴാള ജനാധിപത്യ സ്വാതന്ത്ര്യ ത്തിനുവേണ്ടി നമുക്ക് പ്രതീക്ഷയോടെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
കാലവും ജീവിതവും ആവശ്യപ്പെടുന്ന അടിയന്തിരമായ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനായി എല്ലാ മതങ്ങളിലും പെട്ട, എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പെട്ട ജനാധിപത്യവാദികളെ ഞങ്ങൾ ഈ സർവ്വ ധർമ്മ സമഭാവനാ യജ്ഞത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്.
എന്ന്
എം. കെ സാനു, ഡോ. കെ. എൻ പണിക്കർ, എം. ടി വാസുദേവൻനായർ, ആറ്റൂർ രവിവർമ്മ, ലെനിൻ രാജേന്ദ്രൻ, അടൂർ ഗോപാലകൃഷ്ണൻ,എം. ലീലാവതി, ബി. രാജീവൻ, കെ. സച്ചിദാനന്ദൻ, സക്കറിയ, ടി വി ചന്ദ്രൻ, റിയാസ് കോമു, രാജൻ ഗുരുക്കൾ, എം. എൻ കാരശ്ശേരി, കെ. ജി ശങ്കരപ്പിള്ള, സേതു, ജോയ് മാത്യു, പ്രേം ചന്ദ്, ഡോ .പി ഉദയകുമാർ, ഡോ.ഇ.വിരാമകൃഷ്ണൻ, ഡോ. ടി. വി മധു, ഡോ. പി. പി രവീന്ദ്രൻ, സുനിൽ പി. ഇളയിടം, പെരുമ്പടവം ശ്രീധരൻ, വൈശാഖൻ, കെ. പി രാമനുണ്ണി, ടി. പി രാജീവൻ, കെ. ആർ മീര, സി. വി ബാലകൃഷ്ണൻ, സാവിത്രി രാജീവൻ, ചന്ദ്രമതി, എൻ. പ്രഭാകരൻ, എസ് ശാരദക്കുട്ടി, ഒ .കെ ജോണി, വിധു വിൻസൻറ്, നീലൻ, ദീദി ദാമോദരൻ, ഡോ .ശിവജി പണിക്കർ, സി. എസ് വെങ്കിടേശ്വരൻ, അജയകുമാർ, ഡോ എ. കെ ജയശ്രീ, എസ്. ഗോപാലകൃഷ്ണൻ, ഗീത നസീർ, റഫീക് അഹമ്മദ്, വി. എം ഗിരിജ, പി. എൻ ഗോപീകൃഷ്ണൻ, അൻവർ അലി, പി. പി രാമചന്ദ്രൻ, എം. ആർ രേണുകുമാർ, ടി. ഡി രാമകൃഷ്ണൻ, ഇ. സന്തോഷ് കുമാർ, ഡോ. സനിൽ വി., നജ്മൽ ബാബു, ഡോ ജി .അരുണിമ, ഡോ. ജി ദിലീപൻ, ഡോ കെ. മുത്തുലക്ഷ്‌മി, ഡോ .പി സോമൻ, പി ജെ ചെറിയാൻ, പി. കെ ശ്രീനിവാസൻ, പി. സി ജോസി, പ്രവീൺ പിലാശ്ശേരി, വി.മോഹൻ കുമാർ, കെ. ആർ പ്രസാദ്, ജോഷി ജോസഫ്, അനിൽ ചേലേമ്പ്ര, മാങ്ങാട് രത്‌നാകരൻ, സി. അനൂപ്, കെ. ജി ജഗദീശൻ, ഹാഫിസ് മുഹമ്മദ്, പി. പി സത്യൻ, രവി തൊടുപുഴ