നവംബര്‍ 25-നു സര്‍ഗാത്മക ഘോഷയാത്ര--E.P KARTHIK എഴുതുന്നു



                   നവംബര്‍ 25..................
നവോഥാന കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഇതാദ്യമായിരിക്കും നവംബര്‍ 25നു നടത്തുന്ന സര്‍ഗാത്മക ഘോഷയാത്ര പോലൊരു പ്രതിരോധസമരം. കുരിശിന്റെ വഴി എന്ന മലയാളത്തിലെ ആദ്യത്തെ തെരുവുനാടകത്തിന്റെ അവതരണം നിഷേധിക്കുകയും കലാകാരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്ത സ്വാതന്ത്ര്യനിഷേധത്തിന്റെ ഓര്‍മ്മകളുണര്‍ത്തി, ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തിനാണ് നാം ഒരുങ്ങുന്നത്. കലാ സാംസ്‌കാരിക സാമൂഹികപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘാടകസമിതിയുടെ നേതൃത്വത്തില്‍ സര്‍ഗാത്മകതയുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള ഒരു ഘോഷയാത്ര. നവംബര്‍ 25ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ആലപ്പാട് നിന്നും ആരംഭിച്ച് തൃപ്രയാറില്‍ അവസാനിക്കുന്ന സാംസ്‌കാരികഘോഷയാത്രയില്‍ പങ്കെടുക്കാന്‍ എല്ലാ ജനാധിപത്യവാദികളെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്. കാരണം, ഇന്നും ആവിഷ്‌കാരസ്വാതന്ത്ര്യം ഏറെ വെല്ലുവിളികളുയര്‍ത്തുന്ന പ്രശ്നമായി നിലനില്‍ക്കുകയാണ്. 
കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പി.എം. ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിന്റെ അവതരണാനുമതി നിഷേധിച്ചതോടെയാണ് യഥാര്‍ഥത്തില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭം തുടങ്ങിയത്. മതവര്‍ഗീയ ശക്തികളുടെ ഹുങ്കാരത്തിന്റെ ഭാഗമായി നിരോധിച്ച നാടകത്തിനുവേണ്ടി-അതേ ഒരു നാടകത്തിനുവേണ്ടി മലയാളികള്‍ രംഗത്തിറങ്ങി. രാജ്യമെങ്ങും പുരോഗമനജനാധിപത്യ ശക്തികള്‍ പ്രതിഷേധമുയര്‍ത്തി. കലാകാരന്റെ ആത്മാവിഷ്‌കാരത്തിനേറ്റ മുറിവില്‍നിന്നും ഉയിര്‍കൊണ്ട പ്രതിഷേധം ഗ്രാമഗ്രാമാന്തരങ്ങളില്‍ വിവിധ രൂപത്തില്‍, ഭാവത്തില്‍ പടര്‍ന്നു. അതിന്റെ ഭാഗമായി കലകള്‍ക്കെതിരായ നിരോധനത്തെ കലാവിഷ്‌കാരം കൊണ്ട് പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പാട് ജ്യോത്സന, വാടാനപ്പള്ളി തിയേറ്ററിക്കല്‍ ഗാതറിങ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നാടകം തന്നെ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. ജോസ് ചിറമ്മല്‍ എന്ന സര്‍ഗധനനായ കലാകാരന്റെ സംവിധാനത്തില്‍ കുരിശിന്റെ വഴി എന്ന മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ തെരുവുനാടകത്തിനു കളമൊരുങ്ങി. ആലപ്പാടും വാടാനപ്പള്ളിയിലും റിഹേഴ്സലുകള്‍ നടന്നു. കലാകാരന്മാര്‍ക്ക് എന്നും കുരിശു ചുമക്കേണ്ടിവരുന്നു എന്ന ആശയമായിരുന്നു നാടകത്തിന്റെ കാതല്‍. ഭരണകൂടത്തിന്റെയും പോലീസിന്റെയും മതവര്‍ഗീയ ശക്തികളുടെയും ആക്രമണത്തിനു ഇരയാകേണ്ടി വരുന്ന കലാകാരന്മാര്‍, നിരോധിക്കപ്പെടുന്ന അവരുടെ രചനകള്‍, സൃഷ്ടികള്‍....ഇത്തരമൊരു സാഹചര്യത്തില്‍ ആലപ്പാട് നിന്നും തൃപ്രയാറിലേക്ക് ഏകദേശം 10 കിലോ മീറ്റര്‍ വരുന്ന ഒരു തെരുവവതരണം-സര്‍ഗാത്മക ഘോഷയാത്ര. അതായിരുന്നു 1986 നവംബര്‍ 17ന് സംഭവിക്കേണ്ടിരുന്നത്. അന്നത്തെ കേരളത്തില്‍ സംജാതമായിരുന്ന സാമൂഹികവിരുദ്ധമായ ചെയ്തികള്‍, പോലീസതിക്രമങ്ങള്‍, പരിസ്ഥിതിനാശം, സ്ത്രീവിരുദ്ധനടപടികള്‍, മനുഷ്യാവകാശലംഘനങ്ങള്‍ തുടങ്ങിയവ വിഷയങ്ങളാക്കി പത്തിലേറെ ചെറുനാടകരൂപങ്ങള്‍, ഒരു കേന്ദ്രഗാത്രത്തിലേക്ക് കൂട്ടിയിണക്കുകയായിരുന്നു. നൂറിലേറെ കലാകാരന്മാരാണ് അതിനായി വിയര്‍പ്പൊഴുക്കിയത്. എന്നാല്‍ ആ നാടകാവതരണം ഭരണകൂടത്തിനു രസിക്കുന്നതായിരുന്നില്ല. സ്വാഭാവികമായും നാടകത്തിന്റെ റിഹേഴ്സലടക്കം പോലീസ് നിരീക്ഷണത്തിലായി. പലപ്പോഴും പോലീസ് പരിശോധനയും ചോദ്യം ചെയ്യലും. പക്ഷേ, ശില്പികള്‍, ചിത്രംവരക്കാര്‍, പാട്ടുകാര്‍, വാദ്യമേളക്കാര്‍, അഭിനേതാക്കള്‍ എന്നിവരടങ്ങുന്ന പ്രതിഭകള്‍ പിന്മാറിയില്ല. നവംബര്‍ 17ന് ആലപ്പാട് സെന്ററില്‍നിന്നും നാടകം തുടങ്ങാന്‍ തീരുമാനിച്ചു. അന്ന് കേരളത്തിന്റെ ഒരു പരിഛേദം തന്നെ ആലപ്പാട് ഗ്രാമത്തില്‍ രൂപപ്പെട്ടു. വിവിധ ജില്ലകളില്‍നിന്നുള്ളവരും വിവിധ സംഘടനകളില്‍പ്പെട്ടവരും നാട്ടുകാരും ചേര്‍ന്ന് ആയിരത്തിലേറെ മനുഷ്യര്‍ അവിടെയെത്തി. കുട്ടികള്‍, സ്ത്രീകള്‍, വയോധികര്‍...........അങ്ങനെ കലാപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ആയിരത്തിലേറെ പേര്‍. ഡസനിലേറെ ഇടിവണ്ടികളില്‍ നൂറുകണക്കിനു പോലീസികാരും അവിടെയെത്തി.
പക്ഷേ, നാടകം തുടങ്ങിയ നിമിഷം സായുധരായ പോലീസുകാര്‍ അഭിനേതാക്കളെയും കലാകാരന്മാരെയും കാണികളെയും അടക്കം 57 പേരെ അറസ്റ്റ് ചെയ്തു. നാടകാവതരണം നിഷേധിച്ചു. കലാപ്രവര്‍ത്തകരെ പോലീസ് വാഹനങ്ങളില്‍ കയറ്റിയതോടെ രംഗം സംഘര്‍ഷഭരിതമായി. നൂറുകണക്കിനു പേര്‍ വാഹനങ്ങള്‍ തടഞ്ഞു. കലാകാരന്മാരെ വിട്ടയയ്ക്കുക എന്ന മുദ്രാവാക്യം ഉയര്‍ന്നു. പോലീസ് മുന്നോട്ട് നീങ്ങി. വാഹനങ്ങള്‍ക്ക് എളുപ്പം പോകാനാവാത്തവിധത്തില്‍ പ്രതിരോധം. അത് ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള അന്തിക്കാട് പോലീസ് സ്റ്റേഷനിലേക്കുള്ള ജനകീയമാര്‍ച്ചായി മാറി. രാത്രി ഏറെ വൈകിയും പോലീസ് സ്റ്റേഷന്‍ ഉപരോധം പോലെ ജനങ്ങള്‍ നിലകൊണ്ടു. സ്റ്റേഷനിലെത്തിയ കലാകാരന്മാര്‍ അവിടം രംഗവേദിയാക്കി. പാട്ടും കവിതകളും ഒക്കെ പുനര്‍ജനിച്ചു. കേസും കോടതിയുമായി പിന്നെയും നാലഞ്ചുവര്‍ഷം കലാപ്രവര്‍ത്തകര്‍ നരകിച്ചു. കോടതി വരാന്തയില്‍ ബീഡിക്കുപോലും വകയില്ലാതെ, വക്കീലിനു ഫീസുകൊടുക്കാനാവാതെ............. ചരിത്രം തിരുത്തിയ സമരത്തിന്റെ ഓര്‍മ്മകള്‍ക്ക് മൂന്നു പതിറ്റാണ്ട് തികഞ്ഞിരിക്കുന്നു. ഇതിനിടയില്‍ സംവിധായകന്‍ ജോസ് ചിറമ്മല്‍ ഓര്‍മ്മയായി. നാടകത്തിന്റെ ഭാഗമായിരുന്ന ചാഴൂര്‍ സ്വദേശികളായ കെ.കെ. മോഹനന്‍, സഞ്ജു, കാരമുക്ക് സ്വദേശി ശ്യാം, പെരിങ്ങോട്ടുകര സ്വദേശി ഗോപി എന്നിവരും നമ്മെ വിട്ടുപിരിഞ്ഞു.
ചരിത്രപ്രസിദ്ധമായ അന്തിക്കാട് ചെത്തുതൊഴിലാളി സമരത്തിനുശേഷം ഇതാദ്യമായിട്ടായിരുന്നു ആലപ്പാട് ഇത്രയും പോലീസുകാരുടെ സാന്നിധ്യം. ചെത്തുതൊഴിലാളി സമരത്തിനെ മര്‍ദ്ദിച്ചും അക്രമമഴിച്ചുവിട്ടും പോലീസ് നേരിട്ട ചരിത്രം ഓര്‍മ്മയുള്ളവര്‍ അപ്പോഴും ഈ മണ്ണിലുണ്ടായിരുന്നു. രക്തസാക്ഷികളുടെ നിണമൊഴുകിയ മണ്ണില്‍ വീണ്ടും പോലീസതിക്രമം എന്നായിരുന്നു അന്നു നാട്ടിലാകെ പ്രചാരണം. അതേ അതൊരു ചരിത്രമാണ്, ഒരു നാടകത്തിനുവേണ്ടി നാടാകെ പ്രക്ഷുബ്ധമാകുന്നത്. അതിനു കാരണം, കീഴടങ്ങാന്‍ തയ്യാറാല്ലാത്ത അന്നത്തെ തലമുറയായിരുന്നു. എന്നിട്ടും കലാ, സാംസ്‌കാരികപ്രവര്‍ത്തകരുടെ സൃഷ്ടികള്‍ നിരോധിക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്യുന്ന ഒരു കാലം വന്നിരിക്കുന്നു. നാം എന്ത് എഴുതണം, പാടണം, അഭിനയിക്കണം, ചിന്തിക്കണം എന്നു മറ്റു ചിലര്‍ തീരുമാനിക്കുന്നിടം വരെ അതെത്തി നില്‍ക്കുന്നു. അതേ മൂന്നു പതിറ്റാണ്ടു മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഭീകരമായ വിധത്തില്‍ വര്‍ഗീയതയും ഭരണകൂട ഭീകരതയും ആക്രമണോത്സുകമാണ്. അതുകൊണ്ടുതന്നെ, നവോഥാനകേരളത്തിന്റെ പ്രതിരോധചരിത്രം നാം ഓര്‍ത്തെടുക്കണം. ജാതിവ്യവസ്ഥയും സവര്‍ണാധികാരവും ചേരുന്ന ഫാസിസത്തിന്റെ കടന്നാക്രമണങ്ങള്‍ക്കെതിരില്‍ ജനാധിപത്യത്തിന്റെ പുതിയ പ്രതിരോധങ്ങള്‍ തീര്‍ക്കണം. ആവിഷ്‌കാരങ്ങള്‍ക്ക് ഇടങ്ങള്‍ വേണം. സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും രൂപപ്പെടുത്തുന്നതിനു സാംസ്‌കാരികമായ ഇടപെടലുകള്‍ വേണം. അതിന്റെ ഭാഗമായിട്ടാണ്, ഈ നവംബര്‍ 25ന് ആലപ്പാടു നിന്നും തൃപ്രയാറിലേക്ക് കലാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരു ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ആലപ്പാട് നിന്നും പുറപ്പെടുന്ന ഘോഷയാത്ര ചാഴൂര്‍, പെരിങ്ങോട്ടുകര, ചെമ്മാപ്പിള്ളി, കിഴക്കേനട എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സന്ധ്യയോടെ തൃപ്രയാറില്‍ സമാപിക്കും. ഇതിനിടയില്‍ വിവിധ കലാവിഷ്‌കാരങ്ങള്‍ ഉണ്ടാകും. ഘോഷയാത്രയുടെ വിജയത്തിനായി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഓരോരുത്തരുടെയും പങ്കാളിത്തവും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നു വിനയത്തോടെ അഭ്യര്‍ഥിക്കുന്നു.