"ഭൂമിയുടെ ദേശസാല്‍ക്കരണത്തെ പ്പറ്റി" ---FREDY K THAZHATH-- മിക്കവാറും കമ്മ്യൂണിസ്റ്റ് പാർടികളും ഇടതുപക്ഷ ധിഷണാ കേന്ദ്രങ്ങളും പരികല്പനാ പരമായി ഭൂപരിഷ്ക്കരണത്തിന്റെ ഒന്നാം ഘട്ടത്തിനുള്ളിൽ തന്നെയാണ് , ചെറുകിട ഉടമസ്ഥവൽക്കരണ ഘട്ടത്തിനുള്ളിൽ തന്നെയാണ്, ചുറ്റിക്കറങ്ങി നിൽക്കുന്നത്.
എന്നാൽ , ജനകീയ ജനാധിപത്യ / പുത്തൻ ജനാധിപത്യ വിപ്ലവ പരിപാടിയുടെ പരിപാടി പരമായ പരിപ്രേക്ഷ്യത്തിൽ (programmatic paradigm) ഭൂപരിഷ്ക്കരണത്തിന്
രണ്ടു ഘട്ടങ്ങൾ ഉണ്ട്.
ഘട്ടം 1)
ജന്മിത്തത്തിന്റെ ജന്മാവകാശ- പാട്ട ബന്ധം തകർത്ത് ഭൂമിയേയും ഭൂമിയിൽ വിളയുന്ന ഉൽപ്പന്നങ്ങളേയും പൗരന്മാർക്ക് എല്ലാവർക്കും ഉടമപ്പെടാൻ കഴിയുന്ന ചരക്കാക്കി മാറ്റുക. അതിനായി കുടിയാൻമാർക്ക് ഭൂമിയിൽ ക്രയവിക്രയ അവകാശത്തോടുകൂടിയുള്ള ജന്മാവകാശം നൽകുക. ലെനിൻ ഇതിനെ വിളിക്കുന്നത് പെറ്റി ബൂർഷ്വാ ഓണർഷിപ്പ് എന്നാണ്.
ഫ്രഞ്ച് വിപ്ലവവും ഇത് ചെയ്തിട്ടുണ്ട്.
ഘട്ടം 2)
തൊഴിലാളികളും കർഷകരുമടങ്ങുന്ന സമൂഹത്തിൽ സോവിയറ്റ് ആശയത്തെ പ്രചരിപ്പിച്ചു കൊണ്ട് തക്കതായ സാമൂഹ്യ ഉടമസ്ഥരൂപങ്ങൾക്കു കീഴിൽ ഭൂമിയെ സമാഹരിക്കുകയും പടിപടിയായി അത്തരം സാമൂഹ്യ ഉടമസ്ഥരൂപങ്ങളെ വികസിപ്പിച്ച് മുഴുവൻ തൊഴിലാളി വർഗ്ഗത്തിന്റെയും ഉടമസ്ഥത ഭൂമിക്കുമേലെ എല്ലാ അർത്ഥത്തിലും നടപ്പാക്കാൻ കഴിയുന്ന തരം ഭാവിയിലേക്ക് മൊത്തം കാർഷിക ഉത്പാദന പ്രക്രിയയെ ബോധവൂർവ്വം നയിക്കുക;
ഈ രണ്ടു ഘട്ടങ്ങളും തമ്മിൽ വെട്ടി മുറിച്ചതു പോലെയോ വേലി കെട്ടിത്തിരിച്ചതു പോലെയോ ഭിന്നത യോ ഭ്രംശമോ പാടില്ല.
കൊളോണിയൽ തിസിസിന്റെ സപ്ലിമെന്ററി തി സിസിൽ
9) ൽ ലെനിൻ ഇത് വ്യക്തമായി പറയുന്നുണ്ട്.
" 9. The revolution in the colonies is not going to be a communist revolution in its first stage. But if from the outset the leadership is in the hands of a communist vanguard, the revolutionary masses will not be led astray, but may go ahead through the successive periods of development of revolutionary experience. Indeed, it would be extremely erroneous in many of the oriental countries to try to solve the agrarian problem according to pure communist principles. In its first stages, the revolution in the colonies must be carried on with a programme which will include many petty - bourgeois reform clauses, such as division of land, etc. But from this it does not follow at all that the leadership of the revolution will have to be surrendered to the bourgeois democrats. On the contrary, the proletarian parties must carry on vigorous and systematic propaganda of the Soviet idea and organise the peasants’ and workers’ Soviets as soon as possible. These Soviets will work in cooperation with the Soviet republics in the advanced capitalistic countries for the ultimate overthrow of the capitalist order throughout the world."
അന്തിമമായി ഭൂമിയുടെ ദേശസാൽക്കരണമാണ്. ആ ശാസ്ത്രീയമായ കമ്യൂണിസ്റ്റ് പോളിസി ഉൾക്കൊണ്ടുകൂടിയാണ് ലെനിൻ മേൽപ്പറഞ്ഞത് ജനാധിപത്യ വിപ്ലവ പരിപാടിയുടെ പരിപാടി പരമായ പരിപ്രേക്ഷ്യപരമായ സാരം ഇങ്ങിനെ ഊന്നിയത്.
ആയതിനാൽ,
മാർക്സ് ഭൂമിയുടെ ദേശസാൽക്കരണത്തെപ്പറ്റി പറഞ്ഞതും കൂടി ചേർത്തുവായിക്കുന്നത് ഈ അവസരത്തിൽ യുക്തമാണ് എന്ന് കരുതുന്നു.
https://www.marxists.org/archive/marx/works/1872/04/nationalisation-land.html
മേലെ നൽകിയ ലിങ്കിൽ ലഭിക്കുന്ന മാർക്സിന്റെ ലേഖനത്തിന്റെ മലയാള പരിഭാഷ ഇവിടെ നൽകുന്നു:-
"ഭൂമിയുടെ
ദേശസാല്‍ക്കരണത്തെ പ്പറ്റി"
എല്ലാ സമ്പത്തിന്റെയും ആദ്യത്തെ ഉറവിടം ഭൂസ്വത്താണ്. അത് ഇന്ന് വലിയൊരു പ്രശ്നമായി ത്തീര്‍ന്നിരിക്കുന്നു . തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഭാവി അതിന്റെ പരിഹാരത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
സ്വകാര്യ ഭൂവുടമസ്തതയ്ക്ക് വേണ്ടി വാദിക്കുന്നവര്‍- നിയമജ്ഞന്മാരും തത്വചിന്തകന്മാരും അര്‍ത്ഥശാസ്ത്രജ്ഞാന്മാരും - ഉന്നയിക്കുന്ന എല്ലാ വാദമുഖങ്ങളും ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഒന്നാമത്, "സ്വാഭാവികാവകാശ" ത്തിന്റെ മറവില്‍ വെട്ടിപ്പിടുത്തമെന്ന പ്രഥമ വസ്തുതയെ മൂടിവെയ്ക്കാന്‍ അവര്‍ കഠിനമായി ശ്രമിച്ചിട്ടുണ്ടെന്ന് മാത്രമേ ഞാനിപ്പോള്‍ പറയുന്നുള്ളൂ. വെട്ടിപ്പിടുത്തം കുറച്ചു പേരുടെ സ്വാഭാവികാവകാശമാണെങ്കില്‍ കൂടുതല്‍ പേരെ സംബന്ധിച്ചിടത്തോളം , തങ്ങളില്‍നിന്നു പിടിച്ചെടുത്തത് തിരിച്ചു വെട്ടിപ്പിടിച്ചെടുക്കാനുള്ള സ്വാഭാവികാവകാശം ആര്‍ജ്ജിക്കാന്‍ വേണ്ടത്ര ശക്തി സംഭരിക്കുകയെ വേണ്ടൂ. ചരിത്ര ഗതിയില്‍ , മൃഗീയ ശക്തികൊണ്ട് സമ്പാദിച്ച ആദിമാവകാശത്തിനു തങ്ങള്‍ തന്നെ അടിച്ചേല്‍പ്പിച്ച നിയമങ്ങള്‍ മുഖേന ഒരു തരം സാമൂഹ്യ സുസ്ഥിരത നല്‍കുന്നത് സൌകര്യപ്രദ മായിരിക്കുമെന്നു ആക്രമണകാരികള്‍ കണ്ടു.
അടുത്തതായി തത്വചിന്തകന്റെ വരവായി. ആ നിയമങ്ങള്‍ മാനവരാശിയുടെ സാര്‍വത്രികമായ സമ്മതത്തെ വിവക്ഷിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നുവെന്നു അയാള്‍ തെളിയിക്കുന്നു. സ്വകാര്യ ഭൂവുടമസ്ഥത വാസ്തവത്തില്‍ അധിഷ്ടിതമായിരിക്കുന്നത് അത്തരം സാര്‍വത്രിക സമ്മതത്തിന്മേലാണെങ്കില്‍ സമൂഹത്തിലെ ഭൂരിപക്ഷം ആ സമ്മതം നല്‍കാത്ത മാത്രയില്‍ അത് അപ്രത്യക്ഷമാകുമെന്ന് വ്യക്തമാണ്. എന്തായാലും സ്വത്തിനുള്ള "അവകാശ "മെന്നു പറയുന്നതിനെ മാറ്റി നിര്‍ത്തിക്കൊണ്ട് ഞാന്‍ ഒരു കാര്യം ഊന്നി പറയട്ടെ.സമൂഹത്തിന്റെ സാമ്പത്തിക വികാസവും ജനങ്ങളുടെ പെരുപ്പവും സാന്ദ്രീകരണവും ,കൃഷിയില്‍ കൂട്ടായ , സംഘടിതമായ , അദ്ധ്വാനമേര്‍പ്പെടുത്താനും യന്ത്രങ്ങളുടെയും അതുപോലുള്ള കണ്ടുപിടുത്തങ്ങളുടെയും സഹായം തേടാനും കൃഷിയുടമയായ മുതലാളിയെ നിര്‍ബ്ബന്ധിക്കുന്ന സാഹചര്യങ്ങള്‍ തന്നെയും ഭൂമിയുടെ ദേശസാല്‍ക്കരണത്തെ കൂടുതല്‍ കൂടുതല്‍ ഒരു സാമൂഹ്യാവശ്യമാക്കിത്തീര്‍ക്കും. അതിനെതിരെ സ്വത്തവകാശത്തെക്കുറിച്ചു എത്ര സംസാരിച്ചാലും ഫലമില്ല. സമൂഹത്തിന്റെ അടിയന്തിരാവശ്യങ്ങള്‍ നിറവേറ്റിയേ തീരൂ. സാമൂഹ്യാവശ്യം അനുശാസിക്കുന്ന മാറ്റങ്ങള്‍ സ്വയം വഴിതെളിച്ചെടുക്കും. ഇന്നല്ലെങ്കില്‍ നാളെ അവ അവയുടെ താത്പര്യങ്ങള്‍ക്കനുയോജ്യമായ നിയമ നിര്‍മാണം നടത്തുകയും ചെയ്യും.
ദിവസം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഉല്‍പ്പാദനമാണ് നമുക്ക് വേണ്ടത്. ഒരു പിടിയാളുകള്‍ക്ക് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും സ്വകീയ താത്പര്യങ്ങളുമനുസരിച്ച് ഉല്‍പ്പാദനത്തെ ക്രമീകരിക്കാനോ അറിവില്ലായ്മകൊണ്ട് മണ്ണിന്റെ ഗുണം മുഴുവനും ഉപയോഗിച്ചു തീര്‍ക്കാനോ കഴിയുന്ന ഒരു സ്ഥിതിയില്‍ ഉല്‍പ്പാദനത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനാവില്ല. ജലസേചനം , ജലനിര്‍ഗ്ഗമനം , ആവിശക്തി ഉപയോഗിച്ചുള്ള ഉഴവ്, രാസവസ്ത്തുക്കളുടെ പ്രയോഗം തുടങ്ങിയ എല്ലാ ആധുനിക രീതികളും കൃഷിയില്‍ വിപുലമായി ഉപയോഗിക്കണം. പക്ഷെ, ഭൂമി വന്‍ തോതില്‍ കൃഷി ചെയ്താലല്ലാതെ നമ്മുടെ ശാസ്ത്രീയ പരിജ്ഞാനമോ യന്ത്രങ്ങളും മറ്റുമായി നമ്മുടെ അധീനതയിലുള്ള സാങ്കേതിക കൃഷിരീതികളോ വിജയകരമായി പ്രയോഗിക്കാന്‍ സാധിക്കില്ല. സാമ്പത്തിക വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ വന്‍ തോതിലുള്ള കൃഷി (കൃഷിചെയ്യുന്നവനെ വെറുമൊരു ചുമട്ടുമൃഗമായി അധപ്പതിപ്പിക്കുന്ന അതിന്റെ ഇന്നത്തെ മുതലാളിത്ത രൂപത്തില്‍ പോലും ) തുണ്ടു ഭൂമികളില്‍ ചെറിയ തോതില്‍ നടത്തുന്ന കൃഷിയേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാണെങ്കില്‍, രാജ്യവ്യാപകമായ തോതിലായാല്‍ അത് ഉത്പാദനത്തിന് കൂടുതല്‍ ശക്തമായ ഉത്തേജനം നല്കുകയില്ലേ ?
ഒരു വശത്ത് ജനങ്ങളുടെ നിരന്തരം വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങളും മറുവശത്ത് കാര്‍ഷികോല്‍പ്പന്നങ്ങളുടെ നിരന്തരം ഏറി വരുന്ന വിലയും ഭൂമിയുടെ ദേശസാല്‍ക്കരണം ഒരു സാമൂഹ്യാവശ്യമായി ത്തീര്‍ന്നിരിക്കുന്നുവെന്നതിനുള്ള അനിഷേധ്യമായ തെളിവാണ്.
വ്യക്തികളുടെ തന്നിഷ്ടത്തിന്റെ ഫലമായി കാര്‍ഷികോല്‍പ്പാദനത്തിലുണ്ടാവുന്ന കുറവ് , രാഷ്ട്രത്തിന്റെ നിയന്ത്രണത്തിലും രാഷ്ട്ര നന്മയ്ക്ക് വേണ്ടിയും കൃഷി നടത്തുമ്പോള്‍ അസാധ്യമായിത്തീരുമെന്നു പറയേണ്ടതില്ലല്ലോ.
ഇന്നിവിടെ ഈ പ്രശ്നത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും ഭൂമിയുടെ ദേശസാല്‍ക്കരണത്തെ അനുകൂലിച്ച് പ്രസംഗിച്ചു . പക്ഷെ , തികച്ചും വ്യത്യസ്തമായ കോണുകളിലൂടെയാണ് അവര്‍ പ്രശ്നത്തെ വീക്ഷിച്ചത്.
പലരും ഫ്രാന്‍സിനെ പരാമര്‍ശിക്കുകയുണ്ടായി. പക്ഷെ , കര്‍ഷകരുടെ സ്വത്തുടമസ്ഥത നിലവിലുള്ള ആ രാജ്യം , ഭൂപ്രഭുത്വം നിലവിലുള്ള ഇംഗ്ലണ്ടിനെക്കാള്‍ ഭൂമിയുടെ ദേശസാല്‍ക്കരണത്തില്‍നിന്ന് അകലെയാണ്. ഫ്രാന്‍സില്‍ ഭൂമി വാങ്ങാന്‍ കഴിവുള്ള ആര്‍ക്കും അത് ലഭ്യമാണെന്നത് നേര് തന്നെ. പക്ഷെ, ഈയൊരു സൗകര്യം തന്നെയാണ് ഭൂമി ചെറിയ തുണ്ടുകളായി വെട്ടി മുറിക്കപ്പെടാന്‍ ഇടയാക്കിയത്. തങ്ങളുടെയും തങ്ങളുടെ കുടുംബത്തിന്റെയും അദ്ധ്വാനത്തെ മുഖ്യമായും നമ്പുന്ന ചെറിയ വരുമാനക്കാരാണ് അവ കൃഷിചെയ്യുന്നത്. ഈ രൂപത്തിലുള്ള ഭൂസ്വത്തുടമസ്ഥതയും അത് ആവശ്യമാക്കി ത്തീര്‍ക്കുന്ന തുണ്ടുതുണ്ടായുള്ള കൃഷിയും കാര്‍ഷിക നവീകരണത്തിനുള്ള എല്ലാ ആധുനിക മാര്‍ഗ്ഗങ്ങളെയും ഒഴിച്ചു നിര്‍ത്തുകയും അതേ സമയം കര്‍ഷകനെ സാമൂഹ്യ പുരോഗതിയുടേയും സര്‍വോപരി ഭൂമിയുടെ ദേശസാല്‍ക്കരണത്തിന്റെയും ബദ്ധശത്രുവാക്കി മാറ്റുകയും ചെയ്യുന്നു. അവന്‍ ഭൂമിയോട് കെട്ടിയിടപ്പെട്ടിരിക്കുകയാണ്. താരതമ്യേന ചെറിയൊരു പ്രതിഫലം കിട്ടാന്‍ വേണ്ടി അവന് ആ ഭൂമിയില്‍ തന്റെ ജീവചൈതന്യം മുഴുവനും ചെലവഴിക്കേണ്ടി വരുന്നു. അതില്‍ നിന്ന് കിട്ടുന്ന ഉല്‍പ്പന്നത്തിന്റെ അധിക ഭാഗവും നികുതിയുടെ രൂപത്തില്‍ സര്‍ക്കാരിനും വ്യവഹാരച്ചെലവിന്റെ രൂപത്തില്‍ കോടതിപ്പരിഷയ്ക്കും പലിശയുടെ രൂപത്തില്‍ ഹുണ്ടികക്കാരനും കൊടുക്കേണ്ടിവരുന്നു. തന്റെ സങ്കുചിതമായ പ്രവര്‍ത്തനരംഗത്തിനു വെളിയിലുള്ള സാമൂഹ്യപ്രസ്ഥാനങ്ങളെപ്പറ്റി അവന്‍ തീര്‍ത്തും അജ്ഞനാണ്. എന്നിട്ടും അവന്‍ തന്റെ തുണ്ടു ഭൂമിയേയും അതിന്മേലുള്ള തന്റെ നാമമാത്രമായ ഉടമാവകാശത്തെയും അന്ധമായ ആസക്തിയോടെ അള്ളിപ്പിടിക്കുന്നു. ഫ്രഞ്ച് കര്‍ഷകര്‍ വ്യവസായത്തൊഴിലാളിവര്‍ഗ്ഗത്തോടുള്ള വിനാശകരമായ ശത്രുതയിലേക്ക് എടുത്തെറിയപ്പെട്ടത് ഇങ്ങനെയാണ്.
കര്‍ഷകന്റെ സ്വത്തുടമസ്ഥത ഭൂമിയുടെ ദേശസാല്‍ക്കരണത്തിനുള്ള ഏറ്റവും വലിയ പ്രതിബന്ധമായതു കൊണ്ട് ഈ വമ്പിച്ച പ്രശ്നത്തിന്റെ പരിഹാരത്തിന് നാം ഉറ്റു നോക്കേണ്ട സ്ഥലം തീര്‍ച്ചയായും ഇന്നത്തെ അവസ്ഥയിലുള്ള ഫ്രാന്‍സല്ല.
ഒരു ബൂര്‍ഷ്വാ ഗവന്മേണ്ട് നിലവിലുള്ളപ്പോള്‍ വ്യക്തികള്‍ക്കോ തൊഴിലാളി സമാജങ്ങള്‍ക്കോ ചെറു തുണ്ടുകളായി ഭാഗിച്ചു കൊടുക്കാന്‍ വേണ്ടി ഭൂമിയെ ദേശസാല്‍ക്കരിച്ചാല്‍ അത് അവരുടെയിടയില്‍ത്തന്നെ ലഗാനില്ലാത്ത മത്സരമുളവാകുകയും തല്‍ഫലമായി "പാട്ട"ത്തിന്റെ അനുക്രമമായ വര്‍ധനവിനിടയാക്കുകയും മാത്രമേ ചെയ്യൂ. അതാവട്ടെ ഭൂവുടമകള്‍ക്ക് ഉല്‍പ്പാദകരുടെ ചെലവില്‍ ജീവിക്കാന്‍ പുതിയ സൌകര്യങ്ങള്‍ ഉണ്ടാക്കി കൊടുക്കുകയും ചെയ്യും.
1868 ല്‍ ബ്രസ്സല്‍സില്‍ ചേര്‍ന്ന ഇന്റര്‍നാഷണലിന്റെ കോണ്‍ഗ്രസ്സില്‍ വച്ച് നമ്മുടെ ഒരു സുഹൃത്ത് പറഞ്ഞു :
"ഭൂമിയിന്മേലുള്ള ചെറുകിട സ്വകാര്യസ്വത്തുടമസ്ഥതയ്ക്കെതിരായി ശാസ്ത്രവും വന്‍കിട ഭൂവുടമസ്ഥതയ്ക്കെതിരായി നീതിയും വിധിയെഴുതിയിരിക്കുന്നു . ശേഷിക്കുന്നത് ഒരൊറ്റ പോം വഴി മാത്രമാണ് . ഭൂമി ഒന്നുകില്‍ ഗ്രാമീണ സമാജങ്ങളുടെ സ്വത്തായി ത്തീരണം , അല്ലെങ്കില്‍ മുഴുവന്‍ രാഷ്ട്രത്തിന്റെയും സ്വത്തായി ത്തീരണം . ഭാവി ഈ പ്രശ്നത്തിനു ഉത്തരം കാണും ."
ഞാന്‍ പറയുന്നത് നേരെ മറിച്ചാണ്. ഭൂമി രാഷ്ട്രത്തിന്റെ സ്വത്താവാനേ പാടുള്ളൂവെന്ന തീരുമാനത്തിലേക്ക് സാമൂഹ്യ പ്രസ്ഥാനം വഴിതെളിക്കുന്നതാണ്. ഭൂമി കര്‍ഷക തൊഴിലാളികളുടെ സംഘങ്ങളെ ഏല്‍പ്പിച്ചാല്‍ അത് സമൂഹത്തെ ഉല്‍പ്പാദകരുടെ ഒരൊറ്റ വര്‍ഗ്ഗത്തിന് മാത്രമായി കീഴ്പ്പെടുത്തലാവും .
ഭൂമിയുടെ ദേശസാല്‍ക്കരണം അധ്വാനവും മൂലധനവും തമ്മിലുള്ള ബന്ധത്തില്‍ പരിപൂര്‍ണമായ മാറ്റം വരുത്തുകയും അവസാനം വ്യവസായത്തിലെന്ന പോലെ കൃഷിയിലും മുതലാളിത്തപരമായ ഉല്‍പ്പാദന രീതിയ്ക്ക് അറുതി വരുത്തുകയും ചെയ്യും. അപ്പോള്‍ വര്‍ഗ്ഗപരമായ വ്യത്യാസങ്ങളും വിശേഷാവകാശങ്ങളും അവയോടൊപ്പം അവയ്ക്കാധാരമായി നില്‍ക്കുന്ന സാമ്പത്തികാടിത്തറയും അപ്രത്യക്ഷമാകും. മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെ ചെലവില്‍ ജീവിക്കുകയെന്നത് ഒരു ഭൂതകാല സംഭവമാകും. സമൂഹത്തില്‍നിന്നു വേറിട്ട് നില്‍കുന്ന ഒരു ഗവന്മേന്റോ ഭരണകൂടമോ മേലിലുണ്ടാവില്ല. കൃഷി , ഘനനം, വ്യവസായം -ഒരൊറ്റ വാക്കില്‍ പറഞ്ഞാല്‍ , ഉല്‍പ്പാദനത്തിന്റെ എല്ലാ ശാഖകളും - ക്രമേണ ഏറ്റവും പര്യാപ്തമായ രീതിയില്‍ സംഘടിപ്പിക്കുന്നതാണ് . ഉല്‍പ്പാദനോപാധികളുടെ ദേശീയ കേന്ദ്രീകരണം സമൂഹത്തിന്റെ ദേശീയ അടിത്തറയായി ത്തീരും .യുക്തിയുക്തമായ ഒരു പൊതുപദ്ധതിയനുസരിച്ച് സാമൂഹ്യാധ്വാനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള സ്വതന്ത്രരും തുല്ല്യരുമായ ഉല്‍പ്പാദകരുടെ സംഘങ്ങള്‍ ആയിരിക്കും ആ സമൂഹത്തിലുണ്ടായിരിക്കുക. മനുഷ്യസ്നേഹപരമായ ആ ലക്ഷ്യത്തിലേക്കാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ മഹത്തായ സാമ്പത്തിക പ്രസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത് .
(1872 മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ കാറല്‍ മാര്‍ക്സ് എഴുതിയത്.
പരിഭാഷ: പ്രോഗ്രസ് പബ്ലിഷേഴ്സ് )