ഇതാണ് തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിന്റെ സാരം. എങ്കിൽ, എന്താണ് ഇതിന് ദോഷം?===FREDY K THAZHATH



POSTED BY FREDY K THAZHATH പ്രോലിറ്റേറിയൻ ഡിക്റ്റേറ്റർ ഷിപ്പിനെ സംബന്ധിച്ച പെറ്റി ബൂർഷ്യാ "കോക്കാച്ചി പ്പേടിക്കഥകൾ " വായിച്ച് നെടുവീർപ്പിടുന്ന മാതൃഭൂമി വാരിക പ്രേമി മദ്ധ്യവർഗ്ഗ ബുജികൾക്കൊഴികെ തൊഴിലാളികൾക്കൊക്കെയും ബ്രസീലും ബൊളിവിയയും വെനസ്വേലയും നിശിതമായ ആ 'പഴയ ' പാഠം ആവർത്തിച്ചു പഠിപ്പിക്കുന്നുണ്ട്.


ആ 'പഴയ ' പാഠം ഇതാണ്:


''കുത്തകകളുടെയും ഫിനാൻസ് മുതലകളുടേയും സ്വത്ത് കണ്ടു കെട്ടിയേ മതിയാകൂ;


വൈലോപ്പിള്ളിയുടെ കാവ്യ ഭാഷയിൽ ആവർത്തിച്ചാൽ ''മെയ്യനങ്ങാത്ത വേലകൾ ചെയ്ത് മെല്ലെയന്തിയിൽ ഗൃഹം പൂകു"ന്ന , സ്പെക്യുലേറ്റിവ് ബിസിനസ്സിനോടും റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള സകല വിധ ഊഹക്കച്ചവടത്തോടും പലവിധത്തിൽ മുളച്ചുപൊന്തിയ സ്വകാര്യ സർവ്വീസ് ഇന്റസ്ട്രിയോടും ആസക്തി പൂണ്ടു നിൽക്കുന്ന മദ്ധ്യവർഗ്ഗം എണ്ണത്തിലും വണ്ണത്തിലും കുറഞ്ഞു വന്നേ പറ്റൂ .


മാർക്സ് പറഞ്ഞതു പോലെ ഭൂമി അന്തിമമായി ദേശസാൽക്കരിക്കേണ്ടതാണെന്ന ബോധത്തിൽ ഇന്നു മുതൽ പ്രവർത്തിച്ചേ പറ്റൂ. കൃഷി ഇല്ലാതാക്കി വ്യവസായം കൊണ്ടുവരലല്ല കൃഷി ആധുനീകരിച്ച് വ്യവസായവുമായുള്ള അതിന്റെ അകലം കുറച്ചു കൊണ്ടുവരലാണ് ചെയ്യേണ്ടത്. അങ്ങിനെ, തൊഴിലാളി വർഗ്ഗ ശ്രേണി എണ്ണത്തിലും ഗുണത്തിലും പരമാവധി വളർത്തിയേ പറ്റൂ. കുത്തകകളെ തകർത്താൽ മാത്രം പോര അവയുടെ സ്ഥാനം പൊതുമേഖല കരസ്ഥമാക്കുകയും വേണം. കൂടാതെ ചെറുകിട ചില്ലറ ഉത്പാദനവും വിതരണവും തൊഴിലാളി - കർഷക കോ-ഓപ്പറേറ്റിവ് സംരഭങ്ങളിലൂടെ സാമൂഹ്യ വൽക്കരിച്ച് സമാഹരിക്കുകയും വേണം. അങ്ങിനെ, പടിപടിയായി സ്വകാര്യ സ്വത്തു ബോധത്തെ ഉന്മൂലനം ചെയ്യണം. സോവിയറ്റ് യൂണിയന്റെ തകർച്ചയെ കാട്ടി നമ്മെ പേടിപ്പിക്കുന്ന " കുട്ടി മുതലാളിത്ത " ചിന്താപ്രഭുക്കളെയും അവരുടെ ചവറു കൃതികളെയും അർഹിക്കുന്ന സ്ഥാനത്ത് നിക്ഷേപിക്കണം. "


സുഹൃത്തുക്കളെ, ഇതാണ് തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിന്റെ സാരം. എങ്കിൽ, എന്താണ് ഇതിന് ദോഷം?