ജെഎന്‍യുവിന് ഒപ്പം നില്‍ക്കുകയെന്നത് എന്റെ കടമ,എല്ലാ മനുഷ്യരുടേയും---കെ സച്ചിദാനന്ദന്‍

ജെഎന്‍യുവിന് ഒപ്പം നില്‍ക്കുകയെന്നത് എന്റെ കടമ,എല്ലാ മനുഷ്യരുടേയും

ജെഎന്‍യുവില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെ ഞാന്‍ കാണുന്നത് ഒരു ദേശീയ പ്രക്ഷോഭത്തിന്റെ തുടക്കമായിട്ടാണ്. കാരണം അവിടെ നടന്നത് തികഞ്ഞ അനീതിയാണ് എന്ന കാര്യത്തില്‍ എനിക്കോ അതിന്റെ സത്യമറിയുന്നവര്‍ക്കോ യാതൊരു സംശയവും ഇല്ല. കനയ്യകുമാര്‍ ഒരര്‍ത്ഥത്തിലും ദേശദ്രോഹ നിയമത്തിന്റെ കീഴില്‍ വരാന്‍ തക്കവിധത്തിലുള്ള കുറ്റം ചെയ്തു എന്ന് ഞാന്‍ കരുതുന്നില്ല.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിക്ക് വളരെ ദീര്‍ഘമായ ഒരു പാരമ്പര്യമുണ്ട്. പല രീതിയിലുമുള്ള അനീതികള്‍ക്കെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച ഒരു പാരമ്പര്യമുള്ള സര്‍വ്വകലാശാല. ആ പാരമ്പര്യത്തിന്റെ ഒരു തുടര്‍ച്ചയായി മാത്രമേ അവിടെ നടന്ന യോഗത്തേയും അതില്‍ കനയ്യകുമാര്‍ നടത്തിയെന്നു പറയുന്ന പ്രസംഗത്തെയും ഞാന്‍ കാണുന്നുള്ളൂ. കശ്മീരിന്റെ പ്രശ്‌നം തുറന്ന് ചര്‍ച്ച ചെയ്യുന്നത് അപകടകരമാണ് എന്ന് എനിക്ക് അഭിപ്രായമില്ല. കശ്മീര്‍ വിട്ടു പോകണമെന്ന അഭിപ്രായമൊന്നും തന്ന കനയ്യ പറഞ്ഞിട്ടുമില്ല. അവിടെ ചിലര്‍ ഉന്നയിച്ചത് കശ്മീരിന്റെ സ്വയം നിര്‍ണയാവകാശമെന്ന പണ്ട് നെഹ്‌റു നല്‍കിയ ഒരു വാഗ്ദാനത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്. അതില്‍ ഏതെങ്കിലും തരത്തിലുള്ള ദേശദ്രോഹം എനിക്ക് കാണാന്‍ കഴിയുന്നില്ല. ഒപ്പം തന്നെ അതിലെ മറ്റ് ഇരകളെന്ന് പറയപ്പെടുന്ന ഉമര്‍ ഖാലിദിനെ പോലെയുള്ളവര്‍ക്കെതിരെ പറയുന്നത് അവര്‍ പാകിസ്താനില്‍ പോയി എന്നാണ്. എന്നാല്‍ ഇപ്പോള്‍ സത്യം പുറത്തു വന്നിട്ടുണ്ട്. ഉമറിന് പാസ്‌പോര്‍ട്ടില്ല, ഇന്ത്യക്ക് പുറത്ത് ഒരിക്കല്‍ പോലും സഞ്ചരിച്ചിട്ടില്ല. പാകിസ്താനില്‍ പോകുന്നത് കുറ്റമാണോ എന്നറിയില്ല, ഞാനും പാകിസ്താനില്‍ പോയിട്ടുണ്ട്. കവിത വായിക്കാനും മറ്റുമായി. ഇന്ത്യയില്‍ നിന്ന് എത്രയോ പേര്‍ പാകിസ്താനിലേക്ക് പോയിട്ടുണ്ട്. എങ്ങനെയാണ് പാകിസ്താനിലേക്ക് പോകുന്നത് കുറ്റകരമാകുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.
ജെഎന്‍യുവില്‍ അവര്‍ ഏറ്റെടുത്ത പല പ്രശ്‌നങ്ങളും പ്രത്യേകിച്ച് അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ- ഇതിനെ ചോദ്യം ചെയ്യുകയല്ല അവര്‍ ചെയ്തത്, പകരം വധശിക്ഷ നടപ്പാക്കിയ രീതിയെ കുറിച്ചുള്ള സംശയങ്ങള്‍ ഉന്നയിക്കുകയായിരുന്നു. അതാകട്ടെ, ശശി തരൂര്‍, മാര്‍ക്കണ്ഡേയ കഡ്ജു, ദില്ലി ചീഫ് ജസ്റ്റിസ് ,അരുന്ധതി റോയ് എന്നിവരുള്‍പ്പെടെ ഒട്ടേറെ പേര്‍ വളരെ മുന്‍പേ തന്നെ ഉന്നയിച്ച വിഷയവുമാണ്.
വളരെ ധൃതി പിടിച്ച്, വേണ്ടത്ര സമയം അനുവദിക്കാതെ ചെയ്ത ഒന്നായി പോയി എന്നും നിയമപ്രകാരമുള്ള പ്രക്രിയ പൂര്‍ത്തിയാക്കാതെയാണെന്നുമുള്ള തരത്തില്‍ വധശിക്ഷ നടപ്പാക്കിയ രീതിയെ കുറിച്ചുള്ള ഒരു വിമര്‍ശനമാണ് അന്ന് അവിടെ നടന്നത്. മുന്‍പും ഇത്തരത്തിലുള്ള കാര്യങ്ങള്‍ പലരും ചെയ്തിട്ടുണ്ട്. ദേശീയ തലത്തില്‍ തന്നെ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണിത്. ഇതിനര്‍ത്ഥം ഒരാള്‍ രാജ്യദ്രോഹിയാണെന്നോ അഫ്‌സല്‍ ഗുരുവിന്റെ ഭാഗം പിടിക്കുന്നുവെന്നോ ആണെന്ന് ഞാന്‍ കരുതുന്നില്ല.
ദേശദ്രോഹ നിയമം പോലും ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ഒരു കരിനിയമം ആണ്. ആ നിയമം തന്നെ എടുത്തുകളയേണ്ട ഒന്നാണെന്ന അഭിപ്രായമുള്ളവരായിരുന്നു ഗാന്ധിജിയും നെഹ്‌റുവും. അവര്‍ വളരെ ശക്തമായി ഈ നിയമം ഒരു തരത്തിലും സ്വതന്ത്ര ഇന്ത്യയില്‍ നടപ്പാക്കാന്‍ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടോ ആ നിയമം എടുത്തുകളയപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അത് ഏറ്റവും ക്രൂരമായ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെട്ടതാണ് ജെഎന്‍യുവിന്റെ കാര്യത്തില്‍ നാം കണ്ടത്. അതുകൊണ്ട് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളോട്, സമരം ചെയ്യുന്നവരോട്, അധ്യാപകരോട്, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നത് ,അവരുടെ കൂടെ നില്‍ക്കുക എന്നത് സ്വാതന്ത്ര്യം സ്‌നേഹിക്കുന്ന, ഇന്ത്യയുടെ വൈവിധ്യം, ആശയസ്വാതന്ത്യം എന്നിവ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരുടേയും കടമയാണ് എന്ന് ഞാന്‍ കരുതുന്നു.
(കെ സച്ചിദാനന്ദന്‍ റിപ്പോര്‍ട്ടറിന് അനുവദിച്ച അഭിമുഖത്തിന്റെ പൂര്‍ണരൂപം)