COM:FREDY K THAZHATHU MESSAGED----"ROHIT VEMULA" ----CASTE---MALAYALAM

                           സ:ഫ്രെഡി കെ താഴത്ത്


  രോഹിത് വിമുലയുടെ വിയോഗം ഫാഷിസ്റ്റുകളുടെ ചിലന്തിവല സൃഷ്ടിച്ചതാണ്. ആ ചിലന്തിവലയുടെ ഉരുക്കിനെ വെല്ലുന്ന നാരുപടലം ഊറിവരുന്നതിന്റെ ഒരു സ്രോതസ്സ് ബ്രാഹ്മണമേധാവിത്വത്തിന്റെ പൃഷ്ടവുമാണ്. എന്നാൽ, സാമൂഹ്യ വിപ്ലവത്തിന്റെ സാർവ്വ സാഹോദര്യത്വത്തെ നിഷേധിച്ച് സ്വത്വ വാദത്തിന്റെ അബദ്ധമായ എതിർ-യുക്തിയിലെത്തുന്നത് ശരിയല്ല.
ആന്ത്രപ്പോളജി അഥവാ നരവംശ ശാസ്ത്രം ഉൾപ്പെടെ ദുർവ്യാഖ്യാനം ചെയ്ത് ഉപയോഗിച്ചുകൊണ്ട് മനുഷ്യരെ വിവിധ ജാതി വംശ അറകളിലാക്കി അവരുടെ  വർഗ്ഗപരമായ പാരസ്പര്യം തീർത്തും അസാദ്ധ്യമാണ് എന്നു ബോധ്യപ്പെടുത്തുന്നത് പരാജയവാദപരമാണ്.
അത് സാമ്രാജ്യത്വം ആഫ്രിക്കയിലും ലത്തിനമേരിക്കയിലും വേണ്ടുവോളം പയറ്റിയ തുണ്ടുവൽക്കരണ ആയുധമാണ്. റവാണ്ടയിലെപ്പോലെ വൻ വംശീയ കൂട്ടക്കൊലകളാണ് ആഫ്രിക്കയിൽ അത് സൃഷ്ടിച്ചത്.
ഇന്ത്യയിൽ അത് ബ്രാഹ്മണമേധാവിത്തയുക്തിയുടെ തുടർച്ച മാത്രമാണ്. ബ്രാഹ്മണമേധാവിത്തയുക്തി അധീശ സ്വത്വ വാദമാണ്. 'ചാതുർവർണ്യം' അതിന്റെ കൃത്രിമ സൃഷ്ടിയാണ്. ഗോത്രപരവും അല്ലാത്തതും ആയ പല തരം പ്രത്യുത്പാദന (വിവാഹ) നിയമങ്ങൾ കൊണ്ടാണ്  കാക്കത്തൊള്ളായിരം ജാതികൾ മുഖ്യമായും രൂപപ്പെട്ടതും നിലനിൽക്കുന്നതും ; കേവലം പ്രവൃത്തി വിഭജനം മാത്രം  മൂലമല്ല. അത് ചതുർ വർണ്ണങ്ങളിലുമല്ല യഥാർത്ഥത്തിൽ നിലനിൽക്കുന്നത്. ചതുർ വർണ്ണ കണ്ടുപിടുത്തം അധീശ വർഗ്ഗ സിദ്ധാന്ത ക്രോഢീകരണമാണ്.
ഈ ജാതിവ്യവസ്ഥ മുഖ്യമായും ഇന്ന് നിലനിൽക്കുന്നതും പ്രത്യുത്പാദന (വിവാഹ) നിയമങ്ങളെ ആശ്രയിച്ചാണ്.
ആയതിനാൽ, മിശ്രവിവാഹം മതാചാരവിവാഹക്രമ നിഷേധം തൊഴിലാളി വർഗ്ഗൈക്യം എന്നിവയാണ്,  സ്വയം ഒറ്റപ്പെടുത്തലല്ല, ജാതി ഇല്ലായ്മ ചെയ്യുന്നതിനുള്ള വഴി.
ആന്ത്രപ്പോളജി അഥവാ നരവംശ ശാസ്ത്രം ഉൾപ്പെടെ ദുർവ്യാഖ്യാനം ചെയ്ത് ഉപയോഗിച്ചുകൊണ്ട് മനുഷ്യരെ വിവിധ ജാതി വംശ അറകളിലാക്കി അവരുടെ  വർഗ്ഗപരമായ പാരസ്പര്യം തീർത്തും അസാദ്ധ്യമാണ് എന്നു ബോധ്യപ്പെടുത്തുന്ന പരാജയവാദപരമായ ആശയ പ്രഘോഷണം പ്രതിവിപ്ലവപരമാണ്.
അതിന്റെ ഫലം ജനതയെ നിരന്തരമായി ഭിന്നിപ്പിക്കൽ മാത്രമാണ്.
ഈ സ്വത്വ വാദ തുണ്ടുവൽക്കരണം ഒരു സാമ്രാജ്യത്വ തന്ത്രവുമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആക്രമിച്ചു രസിക്കുന്ന സ്വത്വവാദ വിദ്വൽ സദസ്സിൽ പലരും സാമൂഹ്യ സംവരണത്തിന്റെ ഉള്ളിൽ 'സാമ്പത്തിക സംവരണം' എന്ന എതിർയുക്തി സംവരണത്തിന്റെ ആകെ സത്തയെത്തന്നെ പൊളിക്കാനുള്ള ആപ്പ് പോലെ  കുത്തിത്തിരുകുന്നതിൽ ശാസ്ത്രീയത കണ്ടെത്തുന്നവരും കൂടിയാണ് എന്നതാണ് പരമ വിരോധാഭാസമായ മറ്റൊരു കാര്യം. 'ഇക്കാര്യത്തിൽ സി പി ഐ എം നിലപാട് ശരിയാണെ'ന്നും ഇനി 'സാമ്പത്തിക സംവരണം കൂടി ഒന്നുഷാറാക്കിയാൽ അത് കുറേക്കൂടി കറക്ട് ആകു'മെന്നും കാണുന്നവരൊക്കെ "രോഹിത് വിമുലയുടെ മരണത്തിന് ഫാസിസ്റ്റുകൾ മാത്രമല്ല 'വർഗ്ഗസമരവാദികളായ' യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റ്കാർ കൂടി ഉത്തരം പറയണം " എന്ന് വ്യംഗ്യം പറയുന്നത് ശുദ്ധ ഇരട്ടത്താപ്പാണ്.
വർഗ്ഗസമര മാനങ്ങൾ കുടഞ്ഞുകളയാൻ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കകത്തും പുതിയ പാഠ രചന നടക്കുന്നുണ്ട്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം പുറപ്പെട്ട കുട്ടിദൈവവാദത്തിന്റെ (small gods or gods of small things) നിരന്തര കൃമികടി കൊണ്ട് അസ്വസ്ഥരായ തിരുത്തൽവാദ വൃദ്ധരാണ് പുതിയ 'കുട്ടിദൈവ കളിപ്പാട്ടങ്ങൾ' നേടി രണ്ടാം ബാല്യത്തിലേക്ക് പിച്ചവയ്ക്കുന്നത്. ഈ കളിപ്പാട്ടപ്രേമത്തിലൂടെ അവരുടെ തന്നെ യവ്വനത്തെയും അതിന്റെ വിപ്ലവ ഔത്സുക്യത്തെയും അവർ തന്നെ കൊഞ്ഞനം കുത്തുകയാണ് ചെയ്യുന്നത് എന്നത് ദാരുണ സത്യമാണ്.
'75000 രക്തസാക്ഷികളുടെ പാർട്ടി' എന്ന് ഫ്രഞ്ച് ജനത ആരാധനാപൂർവ്വം വാഴ്ത്തിയ , നാസി അധിനിവേശത്തിനെതിരായ ഫ്രാൻസിന്റെ  പ്രതിരോധ യുദ്ധത്തിൽ നേതൃനായകധീരമായ ചരിത്രം രചിച്ച, ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി, ഗ്രീൻസിനെ ഉൾക്കൊള്ളാനായി അരിവാൾ ചുറ്റിക അടയാളം പാർട്ടി കാർഡിൽ നിന്ന് എടുത്തു കളഞ്ഞതുൾപ്പെടെ നിരവധി ഛിഹ്നഭേദ പരിണാമങ്ങൾക്ക് സോവിയറ്റ്‌ യൂണിയന്റെ പതനം വഴിതുറന്ന പരാജയബോധ വ്യസനം കാരണമായി; ഇന്നും കാരണമായിക്കൊണ്ടേയിരിക്കുന്നു.
തങ്ങളുടെ ഈ വ്യസനം 'ഒറിജിനൽ' ആണെന്നു വരുത്താൻ മിച്ചമുള്ളവരെക്കൂടി ഈ 'വ്യസനക്കാരാ'ക്കുകയോ  അല്ലെങ്കിൽ പിന്തിരിപ്പത്തമാരോപിച്ച് 'ഇങ്ക് അറ്റാക്ക്' നടത്തുകയോ ചെയ്യുക എന്നതാണ് തത്വ  ഛിഹ്നഭേദ പരിണാമ വാദികളുടെ അടവ്. അതിന് വേണ്ടി സ്വന്തം കയ്യിൽ മഷി പുരട്ടി നടക്കുകയുമാണ് ഇക്കൂട്ടർ .
ഇക്കൂട്ടരെ അടവുകൾ പഠിപ്പിച്ചു ഗോദായിലിറക്കുന്ന ചില വിദ്വാന്മാരുണ്ട്.
ഒരു ദുർമന്ത്രവാദിയുടെ മന്ത്രതന്ത്രപ്രാമാണികത്വവും ചേരും പടി മുറിവൈദ്യ വിജ്ഞാനവും അതിന്റെ ചടുലപ്രയോഗ സാമർത്ഥ്യവും കുതർക്കം ആക്ഷേപ ഭാഷ എന്നിവയുടെ അമ്ല സമൃദ്ധിയും ഈ വിദ്വാന്മാരുടെ സുശിക്ഷിത പ്രാവിണ്യമാണ്.
മേല്പറഞ്ഞ 'ഉദ്ദേശ ശുദ്ധിയോടെ' മാർക്സിസ്റ്റ് പാർട്ടിയുടെ തുടയ്ക്കും ചന്തിക്കും മന്ത്രവാദി  ചൂരലിന് അടിക്കുകയാണ്! 'വർഗ്ഗസമരമാത്ര ലോചനം' എന്ന ജിന്നിനെ ഒഴിപ്പിക്കാനും 'ന്യൂ സോഷ്യൽ പുയ്യാപ്ലയ്ക്ക് ' നിക്കാഹ് കഴിച്ചു കൊടുക്കാൻ പരുവപ്പെടുത്താനുമാണ് വീട്ടുകാരിൽ പലരുടേയും ആധിയെങ്കിൽ ചൂരലിനടിക്കുന്ന 'തിയറിസ്റ്റ് മന്ത്രവാദിക്ക് ' സാഡിസ്റ്റ് അശ്ലീല ചിന്തകളാണ് ഉള്ളത്.
മാർക്സിസ്റ്റ് പാർട്ടിക്കിട്ട് 'പൂശുന്നത്' കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനത്തിനെയാകെ ലക്ഷ്യം വച്ചാണ്!
ആയതിനാൽ , ദുർമന്ത്രവാദത്തിന്റെ ദുർയുക്തിയുടെ ഈ ജടില പ്രപഞ്ചം തൊഴിലാളി വർഗ്ഗത്തിന്റെ നിശിത നിഷേധം കൊണ്ട് കീറി മുറിച്ച് കാറ്റിൽ പറത്തുക എന്ന ഒറ്റ രീതിയേ കമ്മ്യുണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് തത്ക്കാലം സ്വീകാര്യമായിട്ടുള്ളൂ.  എന്തൊക്കെ അഭിപ്രായ ഭേദങ്ങൾ സി പി ഐ എമ്മുമായിട്ടുണ്ടങ്കിലും  ദുർമന്ത്രവാദത്തിന്റെ ആക്രമണത്തിനെതിരെ ,  കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ ,  ഇംപീരിയലിസ്റ്റ് മോൺസ്റ്റർ അറ്റാക്കിനെതിരെ തത്വാധിഷ്ടിത പ്രതിരോധവും അതിനായുള്ള ഐക്യവുമാണ് മാർക്സിസ്റ്റ് ലെനിനിസ്റ്റുകൾ വിവേകപൂർവ്വം സ്വീകരിക്കേണ്ടത്.
രോഹിത് വിമുല എന്റെ സഹോദരനാണ്. അദ്ദേഹത്തിന്റെ ഘാതകരുടെ ആയുധം വർഗ്ഗവിഭജിത സമൂഹമാണ് . ഇന്ത്യയിലും നേപ്പാളിലും ലങ്കയിലും മറ്റും വർഗ്ഗവിഭജിത സമൂഹത്തിന്റെ ഊടിലും പാവിലും ജാതി വിഭജനം കൂടി ഇഴപിരിഞ്ഞു ചേർന്നിരിക്കുന്നു. ലങ്കയിലും ആഫ്രിക്കയിലും ലത്തിനമേരിക്കയിലും ഗോത്ര വിഭജനം കൂടി വർഗ്ഗവിഭജിത സമൂഹത്തിന്റെ ഊടിലും പാവിലും  ഇഴപിരിഞ്ഞു ചേർന്നിരിക്കുന്നു. സ്പെയിൻ, പല കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ എന്നിങ്ങനെ യൂറോപ്പിലെ പല രാജ്യങ്ങളിലും വംശീയ ദേശീയ ജന വിഭജിത അവസ്ഥ വർഗ്ഗവിഭജിതത്വത്തിന്റെ ഭാഗമാണ്. അങ്ങനെ നോക്കുമ്പോൾ, എവിടെയും 'ആൾജിബ്ര' പോലെ ശുദ്ധമായ വർഗ്ഗസമരം ഉണ്ടായിരുന്നില്ല. അങ്ങനെ മാർക്സിസ്റ്റ് ലെനിനിസ്റ്റുകൾ കാണുന്നുമില്ല! ആയതിനാൽ, അതിൽ പല രാജ്യങ്ങളിലും മാർക്സിസ്റ്റ് ലെനിനിസ്റ്റുകൾ വിപ്ലവങ്ങൾക്ക് വിജയകരമായി നേതൃത്വവും നൽകി.
രോഹിത് വിമുലയുടെ മരണം ഒരു ഫാസിസ്റ്റ് ക്രൈമിന്റെ ഫലമാണ്. പക്ഷേ, ആത്മാഹുതി പരിഹാരമല്ല. വിപ്ലവത്തിനായുള്ള ആത്മത്യാഗം ആത്മാഹുതിയിലേക്ക് നയിക്കുകയുമരുത്.  തന്റെ വയ്യക്തിക പ്രശ്നത്തെ സാമൂഹ്യ പ്രശ്നമായി ബന്ധിപ്പിച്ചു കാണുന്നതിൽ രോഹിത് വിമുല വിജയിച്ചു. അത് അദ്ദേഹത്തെ എന്റെ സഹോദരനാക്കുന്നു. എന്നാൽ സാമൂഹ്യ വിപ്ലവത്തിന്റെ സമഗ്രത കാംക്ഷിച്ച് അതിനായി പൊരുതിനിൽക്കാൻ രോഹിത് വിമുലയ്ക്ക് കഴിഞ്ഞില്ല എന്നത് വേദനിപ്പിക്കുന്ന യാഥാർത്ഥ്യമാണ്.
ജാതി ഉന്മൂലനം എന്ന ആഗ്രഹത്തിന്റെ കാര്യത്തിൽ അംബേദ്കറോട് ഞാൻ യോജിക്കുന്നു. സ്ത്രീസ്വാതന്ത്ര്യത്തിന് ഹിന്ദു കോഡ് എതിരാണെന്ന കാര്യത്തിലും ഞാൻ യോജിക്കുന്നു. പക്ഷേ, അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് വിരോധം , ബുദ്ധമതത്തെ പരിഹാര മാർഗ്ഗമായി സ്വീകരിച്ചത് എന്നീ കാര്യങ്ങളിൽ അംബേദ്കർ തീർത്തും തെറ്റാണ്.  ഇക്കാരണം കൊണ്ട് തന്നെ  അംബേദ്ക്കറിസത്തിന് വർഗ്ഗത്തെയും വർഗ്ഗ സമരത്തെയും മനസ്സിലാക്കാനോ അതിന്റെ ശാസ്ത്രീയ പരിഹാരത്തിനായി പരിശ്രമിക്കാനോ അത്തരം പരിശ്രമവുമായി ഐക്യപ്പെടാനോ സാധിച്ചില്ല.
ആയതിനാൽ, രോഹിത് ഉയർത്തിയ പൊള്ളുന്ന ചോദ്യം എന്റേതാണ്; രോഹിത് ചിന്തിയ രക്തം എന്റേതാണ് ; പക്ഷേ, എന്റെ കൊടി നീലയല്ല; എന്റെ കൊടി രോഹിതിന്റെയും എന്റെയും രക്തത്തിന്റെ നിറമുള്ള ചെങ്കൊടിയാണ്.