"MUUNNAR" TEA WORKERS STRIKE---PRESS STATEMENT OF TUCI

മൂന്നാര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍; വേണ്ടത് സമഗ്രമാറ്റം


Sep 12 2015 10:55 AM
ഫ്രെഡി കെ. താഴത്ത്

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ഒരത്ഭുതപ്രതിഭാസമോ ഏതെങ്കിലും നിഗൂഡ ശക്തികളുടെ പ്രേരണ കൊണ്ടുണ്ടായതോ അല്ല. രണ്ടു വര്‍ഷം മുമ്പ് മൂന്നാര്‍ മലമടക്കുകളുടെ വടക്കന്‍ ചെരിവില്‍, തമിഴ്‌നാട് അതിര്‍ത്തിക്കുള്ളിലുള്ള വാല്‍പ്പാറ പ്ലാന്റേഷനുകളില്‍ ഇതേ പ്രശ്‌നം ശക്തമായി ഉയര്‍ന്നുവന്നിരുന്നു. മൂന്നാറില്‍ പ്രചണ്ഡമായ സമര പ്രക്ഷോഭമാണ് ഉയര്‍ന്നു വന്നിരിക്കുന്നതെങ്കില്‍ വാല്‍പ്പാറയില്‍ ഒരുതരം 'നിശബ്ദ വിപ്ലവ'മാണ് നടന്നത്. ബോണസ് തര്‍ക്കത്തില്‍ തൊഴിലാളികള്‍ യൂണിയന്‍ നേതാക്കളെ ഒഴിവാക്കി നേരിട്ട് മാനേജ്‌മെന്റിനെ സമീപിച്ചു. 20 ശതമാനം ബോണസ് ഇല്ലെങ്കില്‍ ഉടനെ തങ്ങള്‍ പ്ലാന്റേഷന്‍ വിട്ടുപോവുകയാണെന്നും മാന്യമായി ജീവിക്കാനുള്ള വേറെ പണി നാട്ടില്‍ ലഭ്യമാണെന്നും 'പിച്ചക്കൂലിക്ക് (250) ജോലി ചെയ്യാന്‍ ഇനി തയാറല്ല' എന്നുമായിരുന്നു അവര്‍ പറഞ്ഞത്.

വര്‍ഷങ്ങളായി തോട്ടം തൊഴിലാളികളുടെ മാത്രം നിയോജകമണ്ഡലമായി നിന്നുവന്ന മണ്ഡലമായിരുന്നു വാല്‍പ്പാറ, മുന്നാറിനെ പോലെ തന്നെ. എന്നാല്‍ ഇന്നവിടെ ഏതാണ്ട് ജനസംഖ്യ തന്നെ നാലിലൊന്നായി ചുരുങ്ങി. ഓരോ ഡിവിഷനിലും ഏതാണ്ട് 600-നും 700-നും ഇടയില്‍ തൊഴിലാളികളാണ് സ്ഥിരം തൊഴിലാളികളായും താത്കാലിക തൊഴിലാളികളായും വാല്‍പ്പാറയിലെ തോട്ടങ്ങളില്‍ പണിയെടുത്തു കൊണ്ടിരുന്നത്. എന്നാല്‍ ആഗോളവത്ക്കരണ നയങ്ങള്‍ നടപ്പാക്കിയതിന്റെ ഫലമായി അന്താരാഷ്ട്ര മാര്‍ക്കറ്റിന്റെ സമ്മര്‍ദ്ദം തേയില വിലയിന്മേല്‍ വന്നപ്പോള്‍ മാനേജ്‌മെന്റുകള്‍ തേയില നുള്ളുന്നതിനു പകരം പൂര്‍ണമായും കത്രിക വെട്ടിലേക്ക് പണി മാറ്റുകയാണ് ഉണ്ടായത്. തേയിലയുടെ ഗുണം കുറയ്ക്കുന്നതിനും തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനും മാത്രമാണ് ഇത് വഴിവച്ചത്. അതോടെ ഇന്ന്‍ ഡിവിഷനില്‍ 200 തൊഴിലാളികള്‍ എന്ന രീതിയിലേക്ക് മാറി. ജനവാസം കുറഞ്ഞതോടെ മൃഗങ്ങളുടെ ആക്രമണം ശക്തമാവുകയും തോട്ടം തൊഴിലാളികളെ പുലി പിടിച്ച് തിന്നുകയും ആന ആക്രമണം രൂക്ഷമാവുകയും ചെയ്തു. രണ്ടിലയും മുകുളവും എന്ന രീതിയിലുള്ള ഗുണമേന്മ പാലിക്കുന്ന തേയിലനുള്ളല്‍ അപ്രത്യക്ഷമായതോടെ ഇന്ത്യന്‍ പ്ലാന്റേഷനുകളിലെ തേയില വിളവെടുപ്പിന്റെ തരംതാണു. ഗുണമേന്മയ്ക്ക് പകരം മൊത്തം ഉത്പാദനത്തിന്റെ അളവ് വര്‍ധിപ്പിച്ച് തരംകുറഞ്ഞ തേയിലയുടെ മാര്‍ക്കറ്റില്‍ ഇടംപിടിക്കുക എന്ന തന്ത്രത്തിലേക്ക് കുത്തക കമ്പനികള്‍ ചുവടു മാറ്റിയതാണ് പ്ലാന്റേഷന്‍ വ്യവസായത്തിന്റെ ഈ അധോഗതിക്ക് കാരണം.

എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള നയം സ്വീകരിക്കാന്‍ കുത്തക കമ്പനികള്‍ തയാറായത്? പ്ലാന്റേഷന്റെ ഉത്പാദന, പരിപാലന വ്യവസ്ഥ നല്ല രീതിയില്‍ പാലിച്ചുകൊണ്ടു പോകാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ കുത്തകകകളായ ടാറ്റയ്ക്കും ബിര്‍ളയ്ക്കും ഗോയങ്കയ്ക്കും എന്തെങ്കിലും 'മൂലധന ദാരിദ്ര്യ'മുണ്ടോ? തൊഴിലാളികളുടെ തുച്ഛമായ കൂലി വര്‍ധിപ്പിച്ചാല്‍ മുങ്ങിപ്പോകുന്ന ഓട്ടക്കപ്പലാണോ ഈ കുത്തക മുതലാളിമാര്‍? എത്ര പണിയെടുത്താലും എത്ര ലാഭം കിട്ടിയാലും എത്ര ശമ്പള വര്‍ധനവുണ്ടായാലും ഇന്നത്തെ ബോണസ് നിയമം അനുസരിച്ച് പ്രതിമാസ ശമ്പളത്തിന്റെ 3,500 രൂപയ്ക്കു മാത്രമേ ബോണസ് കണക്കാക്കുകയുള്ളൂ. അതായത് 20 ശതമാനം ബോണസ് എന്നു പറയുന്നതും മറ്റൊരു പിച്ചക്കാശാണ്. (ഈ പരിധി എടുത്തു കളയണമെന്നാണ് അഖിലേന്ത്യാ സംയുക്ത ട്രേഡ് യൂണിയന്‍ പ്രസ്ഥാനം സെപ്റ്റംബര്‍ രണ്ടിനു നടത്തിയ പണിമുടക്കിലെ ഒരു പ്രധാന ഡിമാന്റ്). അങ്ങനെ വരുമ്പോള്‍ കൂലി വര്‍ധനവും 20 ശതമാനം ബോണസും എന്നത് നടത്തിപ്പുചെലവ് വര്‍ധിപ്പിക്കും എന്നും പ്ലാന്റേഷന്‍ പൂര്‍ണമായും നഷ്ടത്തിലും തകര്‍ച്ചയിലും ആവും എന്ന വാദം പാടേ തെറ്റാണ് എന്നു കാണാന്‍ കഴിയും.


എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഊരാക്കുടുക്കിലേക്ക് ഇന്ത്യന്‍ കുത്തകകള്‍ വ്യവസായത്തെ നയിച്ച അവസ്ഥ ഉണ്ടായത്? ഉത്തരം വളരെ ലളിതമാണ്. കൊളോണിയന്‍ ഭരണം വന്ന സമയത്ത് അതിന്റെ കുടെ കപ്പല്‍ കയറിയെത്തിയ കൊളോണിയല്‍ പ്ലാന്റര്‍മാരാണ് ഇന്ത്യയിലെമ്പാടും തോട്ടം വ്യവസായം ആരംഭിച്ചത്. അവരെ നയിച്ചതും ലാഭതാത്പര്യമായിരുന്നു. പക്ഷേ ഇന്നത്തെ കുത്തക ഭീമന്മാരെ പോലെ ഒന്നിനു നൂറ്, നൂറിന് ലക്ഷം എന്ന രീതിയില്‍ പണമെറിഞ്ഞ് പണം കൊയ്യുന്ന ഫിനാന്‍സ് കച്ചവടം അന്നുണ്ടായിരുന്നില്ല. അതുകൊണ്ട് പ്ലാന്റേഷനുകളില്‍ ഉണ്ടായിക്കൊണ്ടിരുന്ന ലാഭം അവര്‍ക്ക് പൊന്നായിരുന്നു. തൊഴിലാളിയെ ചമ്മട്ടിക്കടിച്ചും മലമ്പനി പടിക്കാതിരിക്കാനായി വായില്‍ ക്വൊയ്‌ന ഒഴിച്ചുകൊടുത്തും 'പരിപാലിക്കുക'യും എന്നാല്‍ തേയില ചെടിയെ അരുമ സന്തതികളെ പോലെ 'ലാളിച്ചു വളര്‍ത്തുക'യുമാണ് അവര്‍ ചെയ്തിരുന്നത്. മുകുളത്തിനു താഴെ മൂത്തു തുടങ്ങിയ ഇല പറിച്ചാല്‍ ചാട്ടക്കടിക്കുന്ന കാലമായിരുന്നു അത്. കാരണം ഉത്പന്നത്തിന്റെ മേന്മ മാത്രമായിരുന്നു തോട്ടത്തിന്റെ നിലനില്‍പ്പ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുകയും വിദേശികളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിന് നിലനില്‍പ്പ് അസാധ്യമാവുകയും ചെയ്തപ്പോള്‍ പ്ലാന്റേഷനുകളുടെ ഉടമസ്ഥത കൈമാറ്റപ്പെടാന്‍ തുടങ്ങി. ഇവയില്‍ ഭൂരിപക്ഷവും നിയമവിരുദ്ധവുമായിരുന്നു. 70,000 ഏക്കര്‍ ഇന്നു കൈവശം വച്ചിരിക്കുന്ന ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് എന്ന ആര്‍.പി ഗോയങ്ക ഗ്രൂപ്പിന്റെ കൈയിലുള്ള കമ്പനി ഈ മൊത്തം ഭൂമിയും കള്ളരേഖ ചമച്ച് കൈവശം വച്ചിരിക്കുകയാണ്.

ഇത്തരം കമ്പനികളെ സംബന്ധിച്ചിടത്തോളം പ്ലാന്റേഷന്റെ വന്‍ ഭൂകേന്ദ്രീകരണവും അതിന്റെ മാനേജ്‌മെന്റ് ചെലവും ഇതര പരിപാലനചെലവും ഒന്നുംതന്നെ അനുസരിച്ചുള്ള ലാഭത്തോത് ആ വ്യവസായത്തില്‍ നിന്ന് കിട്ടുന്നില്ല എന്നതാണ് പരാതി. ആര്‍.പി.ജി ഗ്രൂപ്പിന്റെ ഓഡിറ്റര്‍മാര്‍ ഹാരിസണ്‍ മലയാളത്തില്‍ വന്ന് കണക്ക് പരിശോധിച്ചിട്ട് 'ഇതൊരു ചാരിറ്റബിള്‍ സൊസൈറ്റിയാണോ' എന്ന് കളിയാക്കി ചോദിക്കുന്ന സ്ഥിതിയാണുള്ളത്. ഈ ഗ്രൂപ്പിന്റെ കീഴിലുള്ള സിയറ്റ് ടയര്‍ ഉള്‍പ്പെടെയുള്ള ഇതര വ്യവസായങ്ങളുടെയും ഇന്‍ഷ്വറന്‍സ് ബാങ്കിംഗ് മേഖലയിലുള്ള ഇതര സംഭരങ്ങളുടേയും ലാഭത്തോത് പലപതിന്മടങ്ങാണ്. അതുകൊണ്ട് പ്ലാന്റേഷന്‍ വ്യവസായം അവസാനിപ്പിച്ച് ഈ ഭൂമി അപ്പാടെ ടൂറിസം വ്യവസായത്തിനും ഇതര റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ക്കുമായി മാറ്റണമെന്നാണ് കുത്തക കമ്പനികളുടെ കള്ളലാക്ക്.

വാല്‍പ്പാറയും മൂന്നാറും പോലുള്ള ഹൈലാന്‍ഡ് മാത്രമല്ല ഇത്തരത്തില്‍ രൂപമാറ്റം വരുത്താന്‍ കുത്തകകള്‍ താത്പര്യപ്പെടുന്നത്. താരതമ്യേനെ ഓള്‍റ്റിറ്റ്യൂഡ് കുറവുള്ള റബര്‍ പ്ലാന്റേഷനുകളും ഇത്തരത്തില്‍ രൂപഭേദപ്പെടുത്താന്‍ കുത്തകകള്‍ക്ക് താത്പര്യമുണ്ട്. അതുകൊണ്ട് പ്ലാന്റേഷന്‍ വ്യവസായവും തൊഴിലാളികളുടെ ജീവിതാവസ്ഥയും മെച്ചപ്പെടുത്താനും പരിപാലിക്കാനും കുത്തകകള്‍ക്ക് യാതൊരു താത്പര്യവുമില്ല എന്നത് വ്യക്തമാണ്. അതിന്റെ താത്പര്യവും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ്. ഈ താത്പര്യത്തിന് അനുഗുണമായി വര്‍ത്തിച്ചുകൊണ്ട് 25 ശതമാനം വരെ ഭൂമി പ്ലാന്റേഷന്‍ ഇതര ആവശ്യങ്ങള്‍ക്ക് ടൂറിസം വികസിപ്പിക്കുന്നതിന്റെ പേരില്‍ മാറ്റം വരുത്താമെന്ന നിലപാടാണ് കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ സമയത്ത് തുടങ്ങിയ ഒരു പ്രക്രിയയാണിത്. ഇടക്കാലത്ത് വന്ന വി.എസ് സര്‍ക്കാര്‍ അത് റദ്ദാക്കുകയും തൊഴിലാളികളുടെ ഭാവന നിര്‍മാണാവശ്യവും നഗര സഭയുടെ വിസ്കസനവും ഉത്തരവാദിത്ത ടൂറിസവും ഉള്‍പ്പെടെയുള്ള നവീന മൂന്നാര്‍ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഗുണ്ടുമല്ലി എസ്റ്റേട്ടില്‍ ടാറ്റ അനധികൃതമായി സ്ഥാപിച്ചിരുന്ന ബോര്‍ഡ് ഇളക്കി മാറ്റി കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചു കൊണ്ടാണ് അന്ന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് ഇത് പ്രഖ്യാപിച്ചത്. എന്നാല്‍ മൂന്നാര്‍ ഓപ്പറേഷന്റെ ഭാവി എന്തായി എന്നത് കേരളം കണ്ടതാണ്. 

ഞങ്ങള്‍ക്കും ജീവിക്കണം, ഈ സമരം അതിനാണ്; മൂന്നാര്‍ തേയിലക്കാടുകളില്‍ സംഭവിക്കുന്നതെന്ത്?മൂന്നാര്‍ തൊഴിലാളി സമരം കണ്ടില്ലെന്ന് നടിക്കുന്ന വംശവെറിയുടെ പൊതുബോധം

 ശ്രീലങ്ക, ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇന്ത്യയിലെ പ്ലാന്റേഷനുകളില്‍ സാമൂഹിക സുരക്ഷിതത്വ സേവനങ്ങള്‍ എല്ലാം തന്നെ പഴയ കൊളോണിയല്‍ കാലഘട്ടത്തിലെന്നോണം പ്ലാന്റേഷന്‍ നടത്തുന്ന കമ്പനിയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ തൊഴിലാളികളുടെ ഭവനസൗകര്യം, അവരുടെ ആരോഗ്യ പരിപാലനം, കുട്ടികളുടെ വിദ്യാഭ്യാസ പരിപാലനം എന്നിവയെല്ലാം ആ രാജ്യങ്ങളിലെ സര്‍ക്കാരിന്റെ ചുമതലയാണ്. ഈ വ്യത്യാസം നരകതുല്യമായ ജീവിതമാണ് ഇന്ത്യന്‍ പ്ലാന്റേഷനുകളിലെ തൊഴിലാളികള്‍ക്ക് ബാക്കിവച്ചിരിക്കുന്നത്. തോട്ടം മേഖലയിലെ പിള്ളപ്പാടികള്‍ (creche) സ്‌കൂളുകള്‍, ആശുപത്രികള്‍, കക്കൂസുകള്‍, കുടിവെള്ള വിതരണം, തൊഴിലാളികള്‍ താമസിക്കുന്ന പാടികള്‍ എന്നിവയെല്ലാം ഒരു നുറ്റാണ്ടിനുമേല്‍ പഴക്കമുള്ള, ഏതാണ്ട് 19-ാം നൂറ്റാണ്ടിന്റെ നിലവാരത്തിലുള്ള അവസ്ഥയിലാണ് ഇന്നും.


ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു ധാരയും സ്വതന്ത്ര്യ ഇന്ത്യയില്‍ ഉണ്ടായി. അത് പൊതുമേഖലാ വ്യവസായം എന്ന നിലയില്‍ പ്ലാന്റേഷന്‍ വ്യവസായം നടത്തുന്നതാണ്. കേരളത്തില്‍ പ്ലാന്റേഷന്‍ കോര്‍പറേഷനും തമിഴ്‌നാട്ടില്‍ ടാന്‍ടിയും ഈ കാഴ്ചപ്പാടില്‍ ഊന്നിക്കൊണ്ട് പഞ്ചവത്സര പദ്ധതി കാഴ്ചപ്പാടിലൂടെ വികസിപ്പിച്ചു കൊണ്ടുവന്നതാണ്. മേല്‍പ്പറഞ്ഞ എല്ലാ പ്രശ്‌നങ്ങളും അവിടെ പരിഹരിച്ചിട്ടില്ലെങ്കിലും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നിര്‍ബന്ധിതമാണ്. കോര്‍പറേഷന്റെ റബര്‍ തോട്ടങ്ങളില്‍ സ്ഥിരമായി 20 ശതമാനം ബോണസാണ് നല്‍കുന്നത്. മാത്രമല്ല, 30 ദിവസത്തെ ഗ്രാറ്റുവിറ്റി നല്‍കുന്ന ഒരേയൊരു സ്ഥാപനം ഈ മേഖലയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷനാണ്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് തോട്ടം വ്യവസായവും തൊഴിലാളികളുടെ ജീവന, വേതന വ്യവസ്ഥയും അവരുടെ സാമൂഹിക സേവന സൗകര്യങ്ങളും സംരക്ഷിക്കാന്‍ കുത്തകകള്‍ക്ക് പകരം വ്യവസായ താത്പര്യം സംരക്ഷിക്കുന്ന സംവിധാനമെന്ന നിലയില്‍ പൊതുമേഖലാ കമ്പനികളെ ഏല്‍പ്പിക്കണം എന്നതാണ്. അല്ലെങ്കില്‍ ഈ വ്യവസായം ഉണ്ടാകില്ല. കുത്തക കമ്പനി താത്പര്യം അനുസരിച്ച് 'ടൂറിസം വ്യവസായ'ത്തിലേക്ക് ഉള്‍പ്പെടെ പലതരം റിയല്‍ എസ്‌റ്റേറ്റ് താത്പര്യങ്ങളിലേക്ക് ഈ ഭൂമി കൈമറിഞ്ഞു പോകും. തൊഴിലാളികള്‍ക്കും ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്കുമായി ഈ ഭൂമി വിഭജിച്ചു നല്‍കണമെന്ന വാദഗതിയും നിലവിലുണ്ട്. അത് ഈ വ്യവസായത്തെ ഇല്ലായ്മ ചെയ്യും എന്നു മാത്രമല്ല റിയല്‍ എസ്‌റ്റേറ്റ് ഭൂ മാഫിയകളുടെ കൈപ്പിടിയിലേക്ക് പോവുകയും ചെയ്യും.

കൊളോണിയല്‍ കാലംതൊട്ട് ചാട്ടയും തോക്കുമുപയോഗിച്ച് ഭരിച്ചിരുന്ന ക്രൂരന്മാരായ പ്ലാന്റര്‍മാരുടേയും കങ്കാണിമാരുടേയും കൈയില്‍ നിന്ന് കുതറിമാറി ഭയത്തിന്റെ കമ്പിളിപ്പുതപ്പ് വലിച്ചെറിഞ്ഞ തൊഴിലാളിക്ക് അതിനു പ്രചോദനവും നേതൃത്വവും നല്‍കിയത്, പിന്നീട് രാഷ്ട്രപതിയായി തീര്‍ന്ന വി.വി ഗിരിയേയും എ.കെ.ജിയേയും പോലുള്ള തൊഴിലാളി നേതാക്കളാണ്. അതായത്, ദേശീയ, ഇടത് പ്രസ്ഥാനങ്ങളുടെ സത്തായ കറകളഞ്ഞ നേതാക്കളായിരുന്നു അവര്‍. നിരവധി രക്തസാക്ഷികളുടേയും ത്യാഗനിര്‍ഭരരായ പ്രവര്‍ത്തകരുടെയും രംഗമായി തോട്ടം തൊഴിലാളി പ്രസ്ഥാനം വളര്‍ന്നുവന്നു. യൂണിയന്‍ അവകാശവും മിനിമം കൂലിയും ബോണസും അടക്കമുള്ള എല്ലാ അവകാശങ്ങളും തോട്ടം തൊഴിലാളികള്‍ നേടിയെടുത്തത് അങ്ങനെയാണ്. എന്നാല്‍ മിശ്രസമ്പദ്വ്യവസ്ഥയുടെ കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് വളര്‍ന്ന ജീര്‍ണതകള്‍ പടിപടിയായി എല്ലാ തൊഴിലാളി മേഖലകളിലേക്കും പ്രവേശിച്ചപ്പോള്‍ തോട്ടം യൂണിയന്‍ മേഖല അതിലെ ഏറ്റവും ജീര്‍ണിച്ച അവസ്ഥയിലെത്തി. ആഗോളവത്ക്കരണത്തിന്റെ കാലത്ത് അത് മൂര്‍ച്ഛിച്ചു. തൊഴിലാളികളുടെ  താത്പര്യവും ആത്മരോഷവും മാനേജ്‌മെന്റിനു മുന്നില്‍ കുറഞ്ഞ അളവിലെങ്കിലും പ്രതിഫലിപ്പിക്കാന്‍ ആവശ്യമായ സത്യസന്ധമായ പ്രാതിനിധ്യം ഇന്നത്തെ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്ക് ഇല്ലാത്ത അവസ്ഥയിലെത്തി. കുത്തകകളുടെ സൗകര്യങ്ങള്‍ പറ്റി, അവര്‍ വിരല്‍ ചൂണ്ടുന്നിടത്ത് ഒപ്പിടുന്ന പുത്തന്‍ കങ്കാണിമാരായി അവര്‍ അധ:പതിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെന്നോണം തൊഴിലാളി പ്രസ്ഥാനത്തിന്റെ വിപുലമായ ഒരു മേഖലയായിരിക്കുന്ന പ്ലാന്റേഷന്‍ യൂണിയന്‍ മേഖലയിലും അഴിമതിയും വഞ്ചനയും തൂത്തുകളയേണ്ട പണി ഇന്നു നമ്മുടെ മുന്നിലുണ്ട്. അല്ലാതെ 'യൂണിയനുകളില്ലാത്ത സ്വയോത്ഭവ പ്രവര്‍ത്തന'ത്തിന്റെ ഒരു 'പുത്തന്‍ കാലഘട്ടം' പൊട്ടിവിടരുന്നു എന്ന തരത്തില്‍ മൂന്നാറിലെ സമരത്തെ കാണുകയാണെങ്കില്‍ അത് പരമ അബദ്ധമായിരിക്കും. 

(സി.പി.ഐ (എം.എല്‍) റെഡ്ഫ്ലാഗിന്റെ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ലേഖകന്‍ ദീര്‍ഘകാലം തോട്ടം തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്)