ഊർജ്ജനയം: വേണം പരികൽപ്പനാപരമായ മാറ്റം---FREDY.K TAZHATHU


" ഊർജ്ജനയം: വേണം പരികൽപ്പനാപരമായ മാറ്റം:-

പാരമ്പര്യേതര  , അഥവാ, നേരിട്ടുള്ള ഊർജസ്രോതസ് ഉപയോഗിക്കാൻ തടസ്സം നിൽക്കുന്നത് ഫിനാൻസ് മൂല ധനമാണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ , നോൺ കാർബൺ എമിറ്റിങ് ഊർജസ്രോതസ്സ് ഉപയോഗിക്കുന്നതിന് തടസ്സം നിൽക്കുന്നത് ഫിനാൻസ് ക്യാപ്പിറ്റലാണ്.
സൂര്യപ്രകാശം, കാറ്റ്, തിരമാലകൾ എന്നിങ്ങനെ  സൗരോർജ്ജ സ്രോതസ്സുകളിൽ നിന്നും , ഹൈഡ്രജൻ ഒാക്സിജനുമായി അയോൺ പ്രവാഹം വഴി പ്രതിപ്രവർത്തിപ്പിക്കുന്ന സെല്ലുകളിൽ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന സമഗ്രമായ ഒരു നവീന ഊർജ്ജ നയമാണ് നമുക്ക് അനുയോജ്യം. കാരണം നമുക്ക് നേരിട്ടുള്ള സൂര്യപ്രകാശവും കാറ്റും തിരമാലകളും ഹൈഡ്രജൻ  സ്രോതസ്സും സമൃദ്ധമായി ഉണ്ട്. ഈ രീതിയിൽ പൂർണമായി വിദ്യുത് രാഷ്ട്രമായി നാം മാറുകയും കാർബൺ പുറംതള്ളുന്ന ഊർജ്ജ സ്രോതസ്സുകൾ പാടെ നിർമ്മാർജ്ജനം ചെയ്യുകയും സ്റ്റീലിനു പകരം കാർബൺ നാനോ ട്യൂബുകൾ ഉപയോഗിക്കുകയും ചെയ്താൽ നാം പുതിയ ഇന്ധന യുഗത്തിലേക്ക് കാലെടുത്തു വയ്ക്കുകയാവും ചെയ്യുക.
വിറക്, കരി, കൽക്കരി, പെട്രോളിയം, വിദ്യുച്ഛക്തി എന്നിങ്ങനെയാണ് ഇന്നുവരെ നടപ്പിലായ ഇന്ധന-ഊർജ്ജോപഭോഗ രൂപങ്ങൾ. ഇവയിലോരോന്നും പരക്കെ ഉപഭോഗിക്കപ്പെട്ടിരുന്ന കാലഘട്ടങ്ങൾ അതത് യുഗങ്ങളെ നിർണയിക്കുന്നതിൽ മുഖ്യസ്ഥാനവും വഹിച്ചിരുന്നു. വിറകും കരിയും പ്രാചീന-നവീന ശിലായുഗത്തിലും ഇരുമ്പ് യുഗത്തിന്റെ തുടക്കത്തിലും, കൽക്കരി വ്യാവസായിക യുഗത്തിന്റെ ആരംഭത്തിലും (അതായത് , ബ്രിട്ടിഷ് ഫ്രഞ്ച് , സ്പാനിഷ്, പോർച്ചുഗീസ് കൊളോണിയലിസത്തിന്റെ കാലം) പെട്രോളിയം   അന്താരാഷ്ട്ര ഫിനാൻസ് മൂലധനത്തിന്റെ ഉത്ഭവ, പ്രാബല്യ കാലത്തും വിദ്യുച്ഛക്തി സാമ്രാജ്യത്വത്തിന്റേയും സോഷ്യലിസത്തിന്റേയും  യുഗത്തിലുടനീളവും എന്ന് നമുക്ക് പൊതുവേ വിലയിരുത്താം.
ആയതിനാൽ, പൂർണമായും വൈദ്യുതി മാത്രം ഉപഭോഗിക്കുന്ന യുഗത്തിലേക്ക് പുരോഗമിക്കുക എന്നതാണ് നമ്മുടെ ഭാവി  ഊർജ്ജനയമാകേണ്ടത്. ഇതിനായി,  സൗരോർജ്ജത്തിൽ നിന്നും സൗരോർജ്ജസ്രോതസ്സിനെ ആശ്രയിച്ചു നില്കുന്ന കാറ്റ് , തിരകൾ എന്നിവയിൽ നിന്നും  വെള്ളം മാത്രം പുറന്തള്ളുന്ന ഹൈഡ്രജൻ ഫ്യൂവൽ സെല്ലിൽ നിന്നുമെല്ലാമായി വൈദ്യുതി നേരിട്ട് ഉത്പ്പാദിപ്പിക്കുന്ന രീതിയിൽ സമഗ്രവും പരികല്പനാപരവുമായ മാറ്റം ആവശ്യമാണ്. ഫിനാൻസ് മൂലധനം ഈ സമഗ്ര മാറ്റത്തിന് ചുക്കാൻ പിടിക്കാൻ തയ്യാറല്ല. സോഷ്യലിസ്റ്റ് ശക്തികൾക്കും സോഷ്യലിസ് വ്യവസ്ഥയ്ക്കും മാത്രമേ  അതിനാവൂ.
മറിച്ച് , ചരിത്രത്തിന്റെ ചാലക ശക്തികൾ ഈ യുഗ പരിണാമത്തിന് ആവേഗം പകരുമ്പോഴൊക്കെ അതിന്റെ ഒപ്പം താന്താങ്കളുടെ ലാഭേച്ഛയും മേധാവിത്ത താത്പര്യങ്ങളും ലക്ഷ്യമാക്കി ആ പ്രക്രിയയിലിടപെടുകയും ഇടങ്കോലിടുകയും ചെയ്യാൻ അന്താരാഷ്ട്ര ഫിനാൻസ് ക്യാപ്പിറ്റൽ  അഥവാ സാമ്രാജ്യത്വം തയ്യാറായേക്കും; പ്രത്യേകിച്ചും മേല്പറഞ്ഞ തരം മാറ്റത്തിനുതകുന്ന സാങ്കേതിക വിദ്യയും സംവിധാനങ്ങളും ജനങ്ങൾക്കിടയിൽ പ്രചാരം നേടുകയും അങ്ങനെ വലിയ വിപണി സാദ്ധ്യത അതിനെല്ലാം വന്നു ചേരുകയും ചെയ്യുമ്പോൾ.  സത്യത്തിൽ, ഈ ഇടപെടലും ഇടങ്കോലിടലും ഇംപീരിയലിസ്റ്റ് ഗ്ലോബലൈസേഷന്റെ അഥവാ IG യുടെ ജീർണസ്വഭാവത്തിന്റെ അഥവാ,  ഡീക്കേയിങ് നെയ്ച്ചറിന്റെ പ്രകടിത രൂപം മാത്രമാണ്.
ഊർജ്ജോത്പാദനത്തിലും ഊർജ്ജോപഭോഗത്തിലും പരികല്പനാപരമായ മാറ്റമാണ് ലോകത്തിനാവശ്യം. ഈ പരികല്പനാപരമായ മാറ്റം സാധിത മാക്കുന്നതിനു പകരം ഊർജ്ജോപഭോഗം അമിതമാകുന്നു ​എന്നു പറഞ്ഞു കൊണ്ട് ജനങ്ങളെ പേടിപ്പിക്കുന്നത് നിഷേധാത്മകമായ പ്രവൃത്തിയാണ്. ജനാധിപത്യപരമായി, ആവശ്യമെങ്കിൽ ഓരോ വീട്ടിലും, ഊർജ്ജോത്പാദനത്തിനുള്ള അവകാശമാണ് നമുക്കു വേണ്ടത്.
വെള്ളം, നീരാവി എന്നിവയുപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ടർബൈനുകളിൽ നിന്നെല്ലാം വൈദ്യുതി ഉത്പാദനത്തിന്റെ കാര്യത്തിൽ നാം മാറിയേ പറ്റൂ. കാരണം, ഇത്തരം ടർബൈനുകളെല്ലാം ഡാമുകൾ  , തെർമൽ ഫർണസുകൾ , ന്യൂക്ലിയർ റിയാക്ടറുകൾ എന്നിവയിലേതിന്റെയെങ്കിലും ഉപയോഗം നിർബ്ബന്ധിതമാക്കുന്നു.ഇവയെല്ലാം മറികടന്ന് നേരിട്ട് പ്രകൃതി സ്രോതസ്സുകളിൽ നിന്ന് ഊർജ്ജോത്പാദനം നടത്തുന്ന രീതി നാം സ്വീകരിക്കണം.
ബയോബാറ്ററികളിലേക്കു വരെ നാം വളർന്നെത്തേണ്ടതായുണ്ട്. പക്ഷേ, രൂപകല്പനയുടേയും പ്രയോഗത്തിന്റേയും കാര്യത്തിൽ പരികല്പനാപരമായ അത്തരം മാറ്റത്തെ ഫിനാൻസ് മൂലധനം ഒരിക്കലും സ്വാഗതം ചെയ്യുന്നില്ല.
ഇതിനു മുഖ്യമായ കാരണങ്ങൾ താഴെപ്പറയുന്നവയാണ്:
1) പെട്രോളിയത്തിന്റെയും ഇതര ഇന്ധനങ്ങളുടേയും ഉത്പാദനത്തിലും വ്യവസായങ്ങളിലും ആഴത്തിൽ വേരൂന്നിക്കൊണ്ടുള്ള ഫിനാൻസ് മൂലധനത്തിന്റെ നിലനില്പിന് മേല്പറഞ്ഞ പരികല്പനാപരമായ മാറ്റം വിഘാതം വരുത്തും,
2) ഊർജ്ജ വ്യവസ്ഥയിൽ മേല്പറഞ്ഞ തരത്തിലുള്ള മാറ്റം ഉണ്ടായാൽ ഇന്ധന/ഊർജ്ജ ഉത്പാദനം വിവിധ രാഷ്ട്രങ്ങളിലായി വികേന്ദ്രീകൃതമാവുകയും  ആയത് ഫിനാൻസ് മൂലധനത്തിന്റെ ആധിപത്യ താത്പര്യം, ആധിപത്യ സംവിധാനം എന്നിവയ്ക്ക് വിഘാതം വരുത്തുകയും ചെയ്യും.
3) ഇതിനു പുറമെ , ഭൂമിശാസ്ത്രപരമായ ആനുകൂല്യങ്ങൾ നിമിത്തം , നേരിട്ടുള്ള ഊർജ്ജോത്പാദനത്തിൽ ഏഷ്യൻ-ആഫ്രിക്കൻ - ലത്തിനമേരിക്കൻ രാജ്യങ്ങൾ മുന്നിൽ വരികയും ആയത് സാമ്രാജ്യത്വ താത്പര്യത്തിനെതിരാവുകയും ചെയ്യും.
ഊർജ്ജ വ്യവസ്ഥയുടെ കാര്യത്തിൽ പരികല്പനാപരമായ മാറ്റത്തിന് ഫിനാൻസ് മൂലധനം വിമുഖമാണെന്ന കാര്യം വൈദ്യുതിയുടെ ഉത്ഭവത്തിന്റേയും വളർച്ചയുടേയും വികാസത്തിന്റേയും ചരിത്രം തെളിയിച്ചിട്ടുണ്ട്. വൈദ്യുതിയുടെ ഉത്ഭവവും വളർച്ചയും ഉണ്ടായിട്ടും അന്തർദഹന യന്ത്രം അഥവാ internal combustion engine ഉം പെട്രോളിയവും നിലനിന്നു. ഇതിനു കാരണം പ്രധാനമായും ഓട്ടമൊബൈൽ വ്യവസായവും യുദ്ധോപകരണ വ്യവസായവും ഏവിയേഷൻ വ്യവസായവുമാണ്. ഈ വ്യവസായങ്ങൾ അന്താരാഷ്ട്ര ഫിനാൻസ് മൂലധനത്തിന്റെ പ്രധാന സാക്ഷാത്ക്കാര മണ്ഡലങ്ങളായിരുന്നു. പെട്രോളിയം പ്രമുഖ  ഊർജ്ജ സ്രോതസ്സായി തുടരുകയും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനു പോലും പെട്രോളിയം ഉത്പന്നങ്ങൾ എരിക്കുന്ന രീതിയും ഇന്നും തുടരുന്നു എന്നതും ഇതിന്റെ ഭാഗമായിത്തന്നെ നാം കാണണം.   പ്രതിരോധ ആവശ്യം മൂലം യുദ്ധോപകരണങ്ങൾ, വൈമാനിക വ്യവസായം എന്നിവയിൽ വ്യാപൃതമാകേണ്ട നിര്ബ്ബന്ധിതാവസ്ഥ സോവിയറ്റ് യൂണിയന് ഉണ്ടായിരുന്നെങ്കിലും, വേണ്ടതിലധികം പെട്രോളിയം നിക്ഷേപമുണ്ടായിരുന്നിട്ടും , സോവിയറ്റ് യൂണിയൻ ഓട്ടമൊബീൽ വ്യവസായ മാത്സര്യത്തിനു തുനിഞ്ഞില്ല. നിക്ഷേപത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തായിരുന്നിട്ടും പെട്രോളിയം കയറ്റുമതി യുടെ കാര്യത്തിലും യു എസ്‌ എസ്‌ ആർ വലിയ ഉത്സാഹം കാട്ടിയില്ല.
വേഗതയുടേയും പരിപാലനത്തിന്റേയും നടത്തിപ്പ് ചെലവിന്റേയും ഭൂഖണ്ഡാന്തര മാസ് ട്രാന്സ്പോർട്ടിന്റേയും കാര്യത്തിൽ റെയിൽവേക്കുള്ള പ്രാധാന്യം മനസിലാക്കിക്കൊണ്ടാണ്  സഖാവ് സ്റ്റാലിൻ സോവിയറ്റ് യൂണിയനിൽ നിന്ന് അമേരിക്കയിലേക്ക് റെയിൽവേ പണിയാമെന്ന് നിർദ്ദേശം വച്ചത്. ആഗോള റെയിൽവേ ആയിരുന്നു അദ്ദേഹം ലക്ഷ്യം വച്ചത്. പതിറ്റാണ്ടുകൾക്കിപ്പുറമെത്തിയപ്പോൾ നാമിന്നു കാണുന്ന " മാഗ് ലെവ് " അഥവാ കാന്ത ശക്തിയിൽ പ്രവർത്തിക്കുന്ന വാഹനം ഒരു വിധത്തിൽ പറഞ്ഞാൽ ട്രെയിനിന്റെ പരിണാമം സംഭവിച്ച വാഹനമാണ്.
ആന്തരിക മർദ്ദം കുറച്ച ട്യൂബിനുള്ളിൽ സഞ്ചരിക്കുമ്പോൾ മാഗ് ലെവിന്റെ പ്രവേഗം അഥവാ വെലോസിറ്റി മണിക്കൂറിൽ 3000 കിലോ മീറ്ററിനു മുകളിലാണ് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇപ്പോൾ തന്നെ മണിക്കൂറിൽ 582 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന മാഗ് ലെവ് ജപ്പാനിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
എന്നാൽ, അത് വ്യാപകമായി പ്രയോഗത്തിലേക്കെത്തിക്കാൻ ജപ്പാനോ അമേരിക്കയോ ഇതര സാമ്രാജ്യത്വ കേന്ദ്രങ്ങളോ തയ്യാറല്ല. ചിലവ് കൂടുതലാണ് എന്നാണ് അവർ പറയുന്ന തടസ്സം. അത് ലാഭ- നഷ്ടക്കണക്കിന്റെ വിഷയമാണ്. സോവിയറ്റ് യൂണിയന്റെ വൈദ്യുതീകരണമോ റെയിൽവേ വികാസമോ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ അത് അര നൂറ്റാണ്ടോളം സഹായിച്ചതോ ലാഭ-നഷ്ടക്കണക്കിലല്ല.
വ്യോമയാന ശാസ്ത്രം, ബഹിരാകാശ ശാസ്ത്രം എന്നിവയുടെ കാര്യത്തിൽ  സോവിയറ്റ് യൂണിയൻ മുന്നിൽ നിന്നതും മുന്നേറിയതും ലാഭ-നഷ്ടം നോക്കിയുള്ള രീതി അവലംബിച്ചതുകൊണ്ടല്ല. മറിച്ച്,  സമഗ്രമായ ആസൂത്രണത്തിന്റെ ഭാഗമായി തന്ത്രപ്രധാന നിർമ്മാണ നിക്ഷേപങ്ങൾ നടത്തിയതുകൊണ്ടും സർവ്വോപരി മനുഷ്യാദ്ധ്വാനത്തിന്റെ ഗുണപരവും സംഘടിതവുമായ പ്രയോഗം അതിനായി ചെലുത്തിയതുകൊണ്ടുമാണ് സോവിയറ്റ് യൂണിയന് അതെല്ലാം നേടാനായത്.
ബൂർഷ്വാസി പോലും അതിന്റെ യവ്വന കാലത്ത് തന്ത്രപ്രധാനമായ നിർമ്മാണ നിക്ഷേപങ്ങൾ നടത്തുന്നതിന് ലാഭ-നഷ്ട ചിന്ത മാറ്റി വച്ചിരുന്നു. എന്നാൽ,  ഫിനാന്സ് മൂലധനമായി മാറിയപ്പോൾ ആ താത്പ്പര്യം നഷ്ടമായി. 'അടുത്ത ഡോസ് എവിടെ നിന്നുകിട്ടും' എന്ന് ഒരു  എൽ എസ് ഡി അഡിക്റ്റ് ചിന്തിക്കുന്ന ഭ്രാന്തൻ ചോദനയോടെയാണ് ഫിനാന്സ് മൂലധനം ഇന്ന് ലാഭത്തെക്കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെ മാത്രമെ അതിനും അതിന്റെ ബാധകയറിയവർക്കും ചിന്തിക്കാനും കാണാനുമാവൂ.
ഇതാണ് ഇന്ന് മുതലാളിത്ത ലോകത്തിന്റെ പരികല്പനാപരമായ ദാരിദ്ര്യം. സോഷ്യലിസത്തെ അതിന്റെ ഗതകാല മാതൃകകളിലെ കുറവുകൾ പർവ്വതീകരിച്ച് ചൂണ്ടിക്കാട്ടി അപഹസിക്കുകയും 'ഞങ്ങളുടെ വിമർശത്തിന്റെ യുക്തി കണ്ടോ' എന്ന് മേനി നടിക്കുകയും ചെയ്യുന്ന സാമ്രാജ്യത്വ കുഴലൂത്തു ക്ലബ്ബ്   വർത്തമാന ആഗോള സാമ്പത്തിക പ്രതിസന്ധി മൂന്നാം പൊതുക്കുഴപ്പത്തിലെത്തിനിൽക്കുകയും അതിന്റെ വിവിധ പ്രകാശനങ്ങളെന്നോണം സാമൂഹ്യ രാഷ്ട്രീയ കാലുഷ്യം ലോകത്തേയും വിശിഷ്യാ യൂറോപ്പിനെയാകെയും പിടിച്ചുകുലുക്കുകയും ചെയ്യുന്ന കാര്യം ചൂണ്ടിക്കാട്ടിയാലോ; അപ്പോൾ ഈ സാമ്രാജ്യത്വ കുഴലൂത്തു ക്ലബ്ബ്  അതിനെപ്പറ്റി 'മുതലാളിത്തം കാലാകാലങ്ങളിൽ അത്തരം പ്രതിസന്ധികളെല്ലാം മറികടന്നിട്ടുണ്ട്. അതിനാൽ, ഇതും അത് മറികടക്കും' എന്ന വിധിവാദപരമായ ഉത്തരം നൽകുകയാണ് ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ യിലെ വരികൾ വരെ ഇതിനായി ഇക്കൂട്ടരിൽ  ചിലർ ഉദ്ദരിക്കുകയും ചെയ്യുന്നു. അപ്പോഴവരുടെ യുക്തിഭദ്രതയും വിമർശത്തിലെ നിശിതത്വവും എല്ലാം തളർന്നില്ലാതാവുകയും ചെയ്യുന്നു. സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതവും അന്തിമവുമായ ഘട്ടമാണെന്നും അതിനെ സകല വിധത്തിലും കാലഹരണപ്പെടുത്തിക്കൊണ്ട്  ലോകത്തെ മുന്നോട്ടു നയിക്കാൻ ശാസ്ത്രീയ സോഷ്യലിസത്തിന്റെ പരിവർത്തന പാതയ്ക്ക് മാത്രമേ സാധിക്കൂ എന്നുമുള്ള സത്യം മറച്ചുവയ്ക്കാനാണ് യഥാർത്ഥത്തിൽ മേല്പറഞ്ഞ സാമ്രാജ്യത്വ കുഴലൂത്തു ക്ലബ്ബ് കൊണ്ടു പിടിച്ച് ശ്രമിക്കുന്നത്.
ഈ സാമ്രാജ്യത്വ കുഴലൂത്തു ക്ലബ്ബിന്റെ യാഥാസ്തിതിക - യാദാര്ത്ഥ്യബോധവാദ പല്ലവികളി ൽ പെട്ടാൽ പിന്നെ യാതൊരു തരത്തിലും ഭൂതകാലത്തിന്റെ മാറാലക്കുരുക്കിൽ നിന്ന് രക്ഷ നേടുക സാദ്ധ്യമല്ല.
കത്തിക്കുന്ന ഇന്ധനങ്ങളിൽ നിന്ന് മാറി പൂർണ്ണമായും വൈദ്യുതി ഉപയോഗിക്കുന്ന കാലത്തേക്ക് മുന്നേറുക എന്നത് പുതുയുഗത്തിലേക്കുള്ള പ്രയാണമാണ്. അതിന്റെ ഗവേഷണം മുതൽ എല്ലാ പ്രയോഗപടവുകളും ലാഭനഷ്ടക്കണക്കിനതീതമായി കാണുകയും പ്രാവർത്തികമാക്കുകയും ചെയ്യണം. പരികല്പനാപരമായ ആ മാറ്റത്തിന് അവശ്യമായും വേണ്ടത് വിപ്ലവകരമായ , യാഥാസ്ഥിതികത്വവുമായി കർശനമായി കണക്കു തീർത്ത, തെളിഞ്ഞ കാഴ്ചപ്പാടാണ്. ഈ വിപ്ലവകരമായ കാഴ്ചപ്പാട് പകരുകയും പ്രബോധിപ്പിക്കുകയും അതിനായി വിട്ടുവീഴ്ചയില്ലാതെ പൊരുതകയും ചെയ്യുക എന്നത് മാർക്സിസ്റ്റ് ലെനിനിസ്റ്റ് വിപ്ലവകാരികളുടെ മൗലിക കടമകളിലൊന്നായി കാണണം .
ഓർക്കുക,
കൽക്കരിപ്പുകതുപ്പിയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം നിലനിന്നത്;
പെട്രോളിയം കത്തിച്ചാണ് അമേരിക്കൻ സാമ്രാജ്യത്വം നിലനിൽക്കുന്നത്;
നേരിട്ടാർജ്ജിച്ച  വൈദ്യുതിയാണ് സോഷ്യലിസത്തിനനുയുക്തമായ  ഊർജ്ജ വ്യവസ്ഥ.
അനുബന്ധം:-
  പുതിയ സഹസ്രാബ്ദത്തിൽ മാനവരാശിയുടെ ഊർജ്ജവ്യയം എത്രയായിരിക്കുമെന്നും അതിനുതക്കതായ  ഊർജ്ജസ്രോതസ്സുകൾ ഏതൊക്കെയായിരിക്കുമെന്നുമൊക്കെ അടിസ്ഥാന പരമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയും ചൈനയും റഷ്യയുമടങ്ങുന്ന ഭൂപ്രദേശം കണക്കെടുത്താൽ ഏതാണ്ട് മൂന്ന് ബില്ല്യൺ അഥവാ മുന്നൂറു കോടിയോളം വരുന്ന ജനങ്ങൾ വസിക്കുന്ന ഭൂപ്രദേശമാണെന്നു കാണാനാവും. കിർഗിസ്ഥാനും ഉസ്ബെക്കിസ്ഥാനും തജിക്കിസ്ഥാനും കസക്സ്ഥാനും ഉൾപ്പെടുന്ന ഭൂപ്രദേശം ഇതുമായി യോജിച്ചതുമാണ്. പുതിയ സഹസ്രാബ്ദത്തിലെ ഒരു ബൃഹത്തായ വൈദ്യുതി ഗ്രിഡ് ഈ പ്രദേശങ്ങളെ ബന്ധിപ്പിച്ച് വികസിപ്പിക്കുവാൻ സാധിക്കും. എണ്ണക്കുഴൽ ഗ്രിഡ്, ഗ്യാസ് ഗ്രിഡ് ​എന്നിവ നിർമ്മിക്കുന്നതിനേക്കാൾ താരതമ്യേന ചെലവുകുറവും പ്രവർത്തനസൗകര്യം കൂടുതലുമാണ് ഇത്. ഈ വലിയ ഭൂപ്രദേശമാകെ സൂര്യപ്രകാശം, കാറ്റ്, തിരമാലകൾ എന്നീ സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുകയും പരസ്പരം കൊടുത്തുവാങ്ങുകയും ചെയ്യുന്ന രീതി സൃഷ്ടിച്ചെടുക്കാനാവും.
രാജ്യങ്ങൾ തമ്മിൽ ദീർഘകാല കരാറിന്റെ രീതിയിൽ ഇത്തരം ഊർജ്ജോത്പാദന വിനിമയ കരാറുകൾ ഭാവിയിലെ ഒന്നു രണ്ട് പതിറ്റാണ്ടുകളിൽ സംഭവ്യമാണ്.
ആണവ വൈദ്യുതിക്കായി വാശി പിടിക്കുന്നവരൊന്നും ഇത് കാണുന്നില്ല.
ഇന്ന് ചൈനയാണ് റിന്യൂവബ്ൾ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നതിൽ പദ്ധതീകൃതമായി മുന്നോട്ട് പോകുകയും അതിവേഗം ടാർഗറ്റ് നേടുകയും ചെയ്യുന്നത്. താഴെ കാണുന്ന കണക്കുകൾ അത് സ്പഷ്ടമാക്കുന്നു:-
China announced its 12th five-year plan in 2011, covering the period 2011 to 2015, with targets to install 70 GW of wind power capacity, 20 GW of solar power, and 7.5 GW of biomass power by 2015. GlobalData claims that China “has already achieved its target by reaching a total installed renewable capacity of 224.8 GW in 2014,” adding that “renewable sources accounted for 16.4% of its power in 2014 and are expected to reach 22% in 2020.”
Specifically impressive is China’s role as the leading wind power market in the world — a position the American Wind Energy Association loves to challenge — with a total installed capacity of 115.6GW in 2014, with the US following behind with only 66 GW. A record 13.8 GW of wind capacity was installed in 2009, which was then surpassed with 18.9 GW in2010.
നമുക്ക് വേണ്ടത് ഈ ദിശയിൽ കൂടുതൽ ഉത്സാഹത്തോടെയും കാര്യക്ഷമതയോടെയുമുള്ള ഇത്തരം ശ്രമമാണ്.
ഇതിനായി ഒരു ദേശിയ സംവാദമോ ബോധവൽക്കരണമോ കർമ്മ പരിപാടിയോ നാമിനിയും ഫലപ്രദമായി ആരംഭിച്ചിട്ടില്ല."