FREDY K THAZHATHU |
ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതാന്യാഹൂ വീണ്ടും അധികാരത്തിലേക്ക് . തന്നെ തിരഞ്ഞെടുത്താല്‍ പലസ്തീന്‍ രാഷ്ട്രം ഉണ്ടാവാന്‍ അനുവദിക്കില്ല എന്നാ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് നെതാന്യാഹൂ നല്‍കിയിരുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലം പിന്തിരിപ്പന്‍ ശക്തികള്‍ക്കും യുദ്ധക്കൊതി പൂണ്ട വലതുപക്ഷ വംശവെറിയന്മാര്‍ക്കും ആവേശം പകരുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇസ്രയേലിനെ കൂടുതല്‍ ഒറ്റപ്പെടുത്താനാണ് സഹായിക്കുക. പണ്ടാത്തെത് പോലെയുള്ള തന്ത്ര പ്രാധാന്യം ഇന്ന് ഇസ്രായേലിന് ഇല്ല എന്നതും കഴിഞ്ഞ രണ്ടു പ്രാവശ്യത്തെ ഗാസാ ആക്രമണങ്ങളും പലസ്തീന്‍ പ്രദേശത്തേക്ക് തുടര്‍ച്ചയായി നടത്തുന്ന ജൂത കയ്യേറ്റ-കുടിയേറ്റങ്ങളും ചേര്‍ന്ന് അന്താരാഷ്‌ട്ര സമൂഹത്തില്‍ തെമ്മാടി-രാഷ്ട്ര പ്രതിച്ഛായ കാണപ്പെട്ടതും ആണ് ഇസ്രായേലിന്റെ ഒറ്റപ്പെടലിനു വ്യക്തമായ പാശ്ചാത്തലം ഉണ്ടാക്കിയിരിക്കുന്നത്. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് തന്നെയാണ് വെറിപിടിച്ച വലതുപക്ഷക്കാറ്റ് ഈ തിരഞ്ഞെടുപ്പില്‍ ആഞ്ഞു വീശിയതിനും കാരണം. സൌത്ത് ആഫ്രിക്കയിലുണ്ടായിരുന്ന വരന വെറിയന്‍ (അപ്പാര്‍ത്തീട്) ഭരണകൂടത്തിന്റെ പോലെ തന്നെ വലതുപക്ഷ പ്രതിരോധത്തിന്റെ കനത്ത തോടിനുള്ളിലേക്ക് കൂടുതല്‍ ഒറ്റപ്പെട്ടു വലിയുകയാണ് ഇസ്രയേല്‍. അതുകൊണ്ട് തന്നെ, കൂടുതല്‍ ആക്രമണപരമായ നയമായിരിക്കും നെതാന്യാഹുവും സിയോണിസ്റ്റ് ഇസ്രയേലും കൈക്കൊള്ളാന്‍ പോകുന്നത് എന്നതും തീര്‍ച്ചയാണ്. മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കും പലസ്തീന്‍ ജനതയ്ക്കും സാധ്യതകള്‍ക്കൊപ്പം കനത്ത പോരാട്ടത്തിന്റെ നാളുകള്‍ കൂടിയാവും ഇത് പ്രധാനം ചെയ്യുക.
വാല്‍ക്കഷ്ണം : നരേന്ദ്ര മോദി വളരെ ധൃതിയില്‍ നെതാന്യാഹൂവിന് ട്വിട്ടറില്‍ അഭിനന്ദനം അറിയിച്ചു കഴിഞ്ഞു!