FREDY.K.THAZHATHU ,AAP'S VICTORY AND LEFT FORCES


FREDY.K.THAZHATHU ,AAP'S VICTORY AND LEFT FORCES.CLIK HERE TO READ

ആം ആദ്മിയും ഇടതുപക്ഷവും; തിരിച്ചറിവിനുള്ള സമയം

ആം ആദ്മിയും ഇടതുപക്ഷവും; തിരിച്ചറിവിനുള്ള സമയം


Feb 14 2015 07:45 AM
ഫ്രെഡി കെ. താഴത്ത്
ഡല്‍ഹി വിധിയെഴുതി. കോണ്‍ഗ്രസ്സിനെ സംപൂജ്യരാക്കിക്കൊണ്ട്; താമരയെ മൂന്നില്‍ ഒതുക്കിക്കൊണ്ട്‌. തിരഞ്ഞെടുപ്പുകളുടെ തന്നെ ചരിത്രത്തില്‍ ഈ ആം ആദ്മി പാര്‍ട്ടി വിജയം അതുല്ല്യ സ്ഥാനം നേടി. ഡല്‍ഹി ജനതയുടേത് കുപിത വിധിയെഴുത്താണോ? ഇത് കേവലം ഒരു  ഭരണ വിരുദ്ധ വികാര  വിജയമാണോ? ഇതൊരു കാവി വിരുദ്ധ, കോണ്‍ഗ്രസ് വിരുദ്ധ വിജയം മാത്രമാണോ? തീര്‍ച്ചയായും അല്ല. ജനത വോട്ടു ചെയ്തതിന്റെ ഒരു വശം മാത്രമാണ് അവരുടെ ഭരണ വിരുദ്ധ വികാരം. മറിച്ച്, അവര്‍ക്ക് ഇന്ന് ഡിമാന്റുകള്‍ ഉണ്ട്. നേരം മയങ്ങിയാല്‍ ഉണ്ടുറങ്ങി വെള്ള കീറുമ്പോള്‍ എണീറ്റ് പകലന്തിയോളം മാടിനെപ്പോലെ പണിയുന്ന, അക്ഷരമോ മാന്യജീവിതമോ അറിയാത്ത ചാവാലിക്കാളകളായി കാലം കഴിയാന്‍ ദല്‍ഹി ജനത ഇന്ന് അത്രമേല്‍ തയ്യാറല്ല. അവരുടെ കുട്ടികള്‍ക്കും പഠിക്കണം. അവര്‍ക്കും വീട് വേണം. പണക്കാരന്റെ കുട്ടികളുടെ വിലപിടിച്ച കളിപ്പാട്ടങ്ങളാണ് സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും വൈ ഫൈയും എന്ന കാലമൊക്കെ മാറിപ്പോയി. അതെ; ഡല്‍ഹി വളര്‍ന്നു. ഡല്‍ഹിയിലെ 'ആം ആദ്മി' ഡിമാന്റ് ചെയ്യുന്നു; മാന്യമായ ജീവിതം, പെണ്‍കുട്ടികള്‍ക്ക് സുരക്ഷ, ജോലി, സ്വന്തം വീട് ...

അവിടെയാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നു വന്നത്. ആ പാര്‍ട്ടിയുടെ മാനിഫെസ്റ്റോ അവരുടെ മുന്നില്‍ വന്നത്. അതിന്റെ ഉള്ളടക്കം - വെല്‍ഫയര്‍ അഥവാ ജനക്ഷേമം.

വിലക്കയറ്റം തടയാന്‍ തക്ക നടപടികള്‍, അഴിമതി നിര്‍മ്മാര്‍ജ്ജനം, താഴ്ന്ന ഇന്ധന വില, സൌജന്യ കുടിവെള്ളം, സാധാരണക്കാരന് വിദ്യാഭ്യാസ സൌകര്യങ്ങള്‍, പോലീസ് രാജിന് അറുതി, പാര്‍പ്പിട സംവിധാന വ്യവസ്ഥ, സ്ത്രീ സുരക്ഷ, ഫലപ്രദമായ നിയമപാലനം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ആം ആദ്മി പാര്‍ട്ടി അവര്‍ക്ക് സ്വപ്‌നങ്ങള്‍ നല്‍കുന്നു; അനുഭവവേദ്യമായ മുദ്രാവാക്യങ്ങളിലൂടെ. അവര്‍ നേടാന്‍ വെമ്പിയ ആവശ്യങ്ങളുടെ പട്ടികയാണ് അവ മിക്കവാറും പ്രതിഫലിപ്പിക്കുന്നത്!


ആം ആദ്മി പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്ന അനുഭവാടിസ്ഥാന മുദ്രാവാക്യങ്ങളെ 'പോപ്യുലിസ്റ്റ്' എന്ന് വേണമെങ്കില്‍ വിളിക്കാം. അവ നടപ്പിലാക്കാന്‍ ഇന്നത്തെ 'സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ' പാശ്ചാത്തലത്തില്‍ സാധ്യത വിരളമാണെന്നും വിലയിരുത്താം. 'കമ്മിയില്‍ മുങ്ങി' ഭരണം 'മരിക്കുമെ'ന്നും പണ്ഡിത വിമര്‍ശം പറയാം. (ഇത് പക്ഷെ, തെക്കന്‍ യൂറോപ്പിലോ ലാറ്റിന്‍ അമേരിക്കയിലോആണ് ഉണ്ടായതെങ്കില്‍  നാം മേല്‍പ്പറഞ്ഞ വിമര്‍ശങ്ങള്‍ മാറ്റിവച്ച് ആദര്‍ശ പുളകിതരായേനെ!) എന്നാല്‍, ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടിലേറെയായി വന്നടിഞ്ഞ ഗ്രാമീണ ജനതയ്ക്ക്, അവര്‍ മുതിര്‍ന്ന് എത്തിച്ചേര്‍ന്ന പുതിയ തൊഴിലാളിവര്‍ഗ്ഗ ജീവിതാവസ്ഥയില്‍  നവലിബറലിസത്തിന്റെ മേല്‍പ്പറഞ്ഞ 'യുക്തിഭദ്രത' ദഹിക്കാവുന്നതല്ല. ആ കടുത്ത സാമൂഹ്യാസഹിഷ്ണുത; അതാണ്‌ ആം ആദ്മി പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങളെ എയ്തു വിടുന്നത്. എന്നാല്‍, ആം ആദ്മി പാര്‍ട്ടിക്ക് ഈ അവകാശവാദമൊന്നും നടപ്പാക്കാനാവാതെ വരുമെന്നും അപ്പോള്‍  ആ വലിഞ്ഞുമുറുകിയ സാമൂഹ്യാസഹിഷ്ണുതയുടെ ഞാണ്‍ തളര്‍ന്ന് അയഞ്ഞുകൊള്ളും എന്നും വീണ്ടും നവലിബറല്‍ (സത്യസന്ധമായി പറഞ്ഞാല്‍, സാമ്രാജ്യത്വ ആഗോളവല്‍ക്കരണ) സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ താളലയങ്ങളോടെ തുടരാമെന്നും അതിനെതിരായ പ്രതിഷേധങ്ങളും അതിനൊത്ത് തുടരാമെന്നും ഉള്ള സിനിക്കലായ പുച്ഛവും  നെടുവീര്‍പ്പുമായി  പണ്ഡിത ശ്രേണി നിലനില്‍ക്കുന്നു. പഴ(കി)യ ഈ ചിന്തയും ലോകനിയമങ്ങളും വെല്ലുവിളിക്കപ്പെടുന്ന പ്രക്രിയയാണ്; മാറ്റം അതിനുള്ള ഇന്ധനമാണ്. അതാണ് വിവരാവകാശ നിയമത്തിനായും അഴിമതിക്കെതിരെയും ബാലാത്ക്കാരത്തിനെതിരെയും സ്വയോത്ഭാവമായും സന്നദ്ധസംഘടനകളാല്‍ സംഘടിപ്പിക്കപ്പെട്ടും ഒക്കെയായി പല കൈവഴികളിലൂടെ ഒഴുകിയെത്തിക്കൊണ്ടിരുന്നത്. അത് അലക്ഷ്യമായി ഒഴുക്കിക്കളഞ്ഞാല്‍ ചരിത്രഗതിയുടെ ദിശാമാറ്റത്തിനുള്ള ഇന്ധനമാണ് നഷ്ടമാവുക. അതെ, സമയം ഇന്ധനത്തിനു സ്വയം ജ്വലിച്ച് വാഹനമായി മാറി മുന്നോട്ടു പ്രയാണം ചെയ്യാന്‍ കഴിയുകയുമില്ല. ഈ അവസ്ഥാന്തരത്തിലെ മുഖ്യമായ വെല്ലുവിളിയും മറ്റൊന്നല്ല.

1968 മേയ് മാസത്തില്‍ പാരീസില്‍ പൊട്ടിവിടര്‍ന്ന വസന്തകലാപം അന്നത്തെ രാഷ്ട്രീയ വ്യവസ്ഥാ ന്യായ, നിയമജ്ഞാരാല്‍ ഇങ്ങനെയൊക്കെത്തന്നെ പഴി ചുമത്തപ്പെട്ടു. 2011-ലെ അറേബ്യയിലെ മുല്ലപ്പൂ 'വിപ്ലവ'വും വിപ്ലവ വൃത്തവൈയാകരണ പ്രമാണികളാല്‍ ശകാരിക്കപ്പെട്ടു. അപക്വവും നിയതി ശരിയില്ലാത്തതും സംഘടിതത്വത്തിന്റെ നിശിത കൃത്യതയും ചിട്ടയായ തയ്യാറെടുപ്പും ഭദ്രമായ പദ്ധതിയും ഇല്ലാത്ത അരാജക വിസ്ഫോടനങ്ങളാണ് അവ എന്നതാണ് അവയ്ക്കെല്ലാം എതിരായ വിമര്‍ശനസാരം. വിപ്ലവകരമായ മാറ്റത്തിന്റെ സങ്കീര്‍ണമായ പ്രാതിഭാസിക സ്വഭാവത്തെ മനസ്സിലാക്കുന്നതില്‍ വരുന്ന ഗ്രാഹ്യതയില്ലായ്മയാണ് ഇത്. ഏറ്റവും സംഘടിതമായി വിപ്ലവത്തെ സിംഫോണിക് അച്ചടക്ക ക്രമത്തിലേക്ക്, ലക്ഷ്യവേദ്യമായ അഭ്യാസചാതുരിയോടെ ഒതുക്കിപ്രയോഗിച്ച ലെനിന്‍ പക്ഷെ, ഈ ക്ഷയബാധയില്ലാത്ത  വിപ്ലവകാരിയായിരുന്നു. 1916ല്‍ അയര്‍ലണ്ടിലെ ഡബ്ലിനില്‍ നടത്തപ്പെട്ട 'അപക്വ'മായ ഈസ്റ്റര്‍ ഉയര്‍ത്തെഴുന്നേല്‍പ്പിനെ എതിര്‍ത്ത ബ്രിട്ടിഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി സഖാക്കളെ അദ്ദേഹം ശക്തമായി എതിര്‍ത്തു. വിപ്ലവകരമായ മാറ്റത്തിന്റെ പ്രചണ്ടസ്വഭാവത്തെ ചൂണ്ടിക്കാണിച്ചാണ് ലെനിന്‍ അന്ന് അത്തരം യാഥാസ്ഥിതിക 'വിപ്ലവ വ്യായാമ'ക്കാരെ നേരിട്ടത്.
ചരിത്രത്തില്‍ ഇത്തരം പ്രതിരോധങ്ങളെയും സ്ഫോടനങ്ങളെയും ചായക്കോപ്പയിലെ കൊടുങ്കാറ്റായും അപക്വ സാഹസങ്ങളായും അയഥാര്‍ത്ഥ വാഗ്വിലാസമായും വിളിക്കുന്നത്‌ സംഘടിത ഇടതുപക്ഷ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളിലും സഹജമായിരുന്നു. അതില്‍ ശരിയുടെ വശങ്ങളില്ലേ? ഉവ്വ്. എന്നാല്‍,  അങ്ങനെ വിളിക്കുന്നത്‌ വഴി കമ്യൂണിസ്റ്റുകാര്‍ 'ഞങ്ങളാണ് ലക്ഷണമൊത്ത സൈദ്ധാന്തിക പ്രതിപക്ഷം' എന്ന് മേനി നടിക്കുക മാത്രമാണ് ഉണ്ടാവുക. പ്രായോഗികമായി വിപ്ളവ മുന്നേറ്റത്തിന് അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല.

ഇന്ന്, ഇന്ത്യയിലെ ആം ആദ്മി പാര്‍ട്ടിയുടെ കാര്യത്തില്‍ മാത്രമല്ല, ഗ്രീസിലെ സിരിസയുടെ കാര്യത്തിലും അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പക്ഷത്ത് നിന്ന് ഇതുതന്നെയാണുണ്ടാവുന്നത് എന്നത് യാദൃശ്ചികമോ കമ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ട്ടികളുടെ ആന്തരികസഹജ  ദോഷമോ അല്ല. സക്രിയമായ പരിപാടി മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടേയിരിക്കുന്നതില്‍ വാന്ന വീഴ്ചയും അതുണ്ടാക്കിയ ഇനേര്‍ഷ്യയും ആണ്.

ആം ആദ്മി പാര്‍ട്ടിയുടെ ജന്മവും ഉയര്‍ച്ചയും ഈ ഉജ്വല വിജയവും പ്രധാനം ചെയ്ത സാഹചര്യം എന്താണ്? തീര്‍ച്ചയായും അതൊരു പുതിയ പ്രശ്നമാണ്; എന്നാല്‍ അതറിയാന്‍ ഡല്‍ഹിയിലല്ല പരിശോദിക്കേണ്ടത്. ഡല്‍ഹിയല്ല പ്രശ്നത്തിന്റെ കേന്ദ്രം. ഹരിയാനയും യു പിയും ഹിമാചലും ഉത്തരാഖണ്ഡും ഛത്തീസ്ഗഡും ബീഹാറും ഝാര്‍ഖണ്ഡുമാണ്. അവിടങ്ങളിലെ കൃഷി ഉപേക്ഷിച്ച് ഡല്‍ഹിക്ക് വന്നവരാണ് 'ബിജലി, പാനി , മകാന്‍' (വൈദ്യുതി, വെള്ളം, വീട്) മുദ്രാവാക്യം കേട്ടത്. അവര്‍ വരുന്ന സംസ്ഥാനങ്ങളില്‍ അവര്‍ കര്‍ഷകരും കര്‍ഷക തൊഴിലാളികളും ആയിരുന്നു. അവര്‍ക്ക് അവിടെ ചെങ്കൊടി ആയിരുന്നു വേണ്ടിയിരുന്നത്. കര്‍ഷകര്‍ എന്ന നിലയില്‍, കര്‍ഷക തൊഴിലാളികള്‍ എന്ന നിലയില്‍ ആഗോളവല്ക്കരണത്തിന്റെ തിക്തഫലങ്ങള്‍ക്കെതിരെ പൊരുതാന്‍. അതിനായുള്ള മൂര്‍ത്തമായ കാര്‍ഷിക വിപ്ലവ പരിപാടിയായിരുന്നു വേണ്ടത്. അന്ന് അവര്‍ക്ക് ചെങ്കൊടി കിട്ടിയില്ല. മൂര്‍ത്തമായ പരിപാടിയും അവര്‍ കണ്ടില്ല . അവരില്‍ പലരും ആത്മഹത്യ ചെയ്തു. മിച്ചമായവര്‍ ഡല്‍ഹിക്കു പലായനം ചെയ്തു. ഡല്‍ഹിയില്‍ എത്തിയ അവര്‍ ഇന്ന് കര്‍ഷകരല്ല. ലുംപന്‍ തൊഴിലാളികളാണ്. അതിന്റെ പുതിയ പേരാണ് 'ആം ആദ്മി'. വ്യക്തമായ ഉത്‌പ്പാദക അസ്ഥിത്വം ഉണ്ടായിരുന്ന കര്‍ഷക, കര്‍ഷക തൊഴിലാളി വര്‍ഗ്ഗം പലായനം ചെയ്തു ലുംപന്‍ ആയി മാറിയതാണ് ആം ആദ്മി.
ഡല്‍ഹിയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമാണ് ഔട്ടര്‍ ഡല്‍ഹി. അവിടെയാണ് ആം ആദ്മി വന്‍തോതില്‍ അടിഞ്ഞു കൂടിയത്. അവര്‍ക്ക് സുരക്ഷയോ കുടിവെള്ളമോ വൈദ്യുതിയോ ലഭ്യമല്ല. (വേനലില്‍ 46 ഡിഗ്രി ഊഷ്മാവ് എത്തുന്ന ഡല്‍ഹിയില്‍ കുഞ്ഞുങ്ങള്‍ ജീവനോടെയിരിക്കാന്‍ തന്നെ പങ്ക വേണം, കൂളര്‍ വേണം. അതിനു വൈദ്യുതി വേണം; താങ്ങാനാവുന്ന വൈദ്യുതിച്ചിലവില്‍) ഏതാണ്ട് 4000-ത്തോളം ചേരികളില്‍ അടിഞ്ഞ അവര്‍ക്ക് വീടില്ല, കക്കൂസില്ല, ഡല്‍ഹിക്ക് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞാല്‍ കേള്‍ക്കുന്ന പോലീസ് ഇല്ല. ഡല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ്. ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞാല്‍ കേള്‍ക്കുന്ന പോലീസ് വേണമെന്ന് ജനം ആഗ്രഹിക്കുന്നു; കാരണം, പോലീസ് ഗുണ്ടകളുടെ കൂടെ 'ഹഫ്ത' പിരിക്കാന്‍ വന്നാല്‍ ഇപ്പൊ 'മെ ആം ആദ്മി ഹും' എന്ന തൊപ്പി എടുത്ത് തലയില്‍ വയ്ക്കാനേ ചന്തയിലെ പച്ചക്കറി കച്ചവടക്കാരന് സാധിക്കൂ. ഡല്‍ഹി സര്‍ക്കാരിനേക്കാള്‍ മേലെയാണ് ഓരോ പോലീസ് സ്റ്റേഷനുകളും മുഖ്യമന്ത്രിയേക്കാള്‍ മേലെയാണ് അവിടുത്തെ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍മാര്‍. അതിനാല്‍, പ്രധാനമന്ത്രിയെ ഭയക്കുന്ന മുഖ്യമന്ത്രിയെ അല്ല; മുഖ്യമന്ത്രിയെ ഭയക്കുന്ന പോലീസിനെയാണ് ഇപ്പോള്‍ അടിയന്തിരമായി വേണ്ടത്. 
ഈ പ്രശ്നങ്ങളുടെ ഉത്ഭവം എവിടെ നിന്നാണ്? കാര്‍ഷിക തകര്‍ച്ചയില്‍ നിന്ന്. വന്‍തോതിലുള്ള അര്‍ബനൈസേഷനില്‍ നിന്ന്. ഇതിനെതിരെ വ്യക്തമായ പരിപാടി വേണം; പ്രശ്നത്തിന്റെ അന്തിമ പരിഹാരത്തിന്നായി. അതില്ലെങ്കില്‍ മുന്നോട്ടു പോകാന്‍ കഴിയില്ല. അതെ, മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപിതമായ ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടി അപര്യാപതമാണ്.
മേല്‍പ്പറഞ്ഞ പ്രശ്നങ്ങളെ നേരിടാന്‍ കഴിയണമെങ്കില്‍ ഇന്നത്തെ വര്‍ത്തമാന അവസ്ഥയ്ക്ക് യുക്തമായ കാര്‍ഷിക വിപ്ലവ പദ്ധതിയില്‍ അടിയുറപ്പിച്ച പരിപാടിയായി ജനാധിപത്യ വിപ്ലവപരിപാടി പുനര്‍വാര്‍ക്കണം. അത് കര്‍ക്കശമായി നടപ്പാക്കണം. യു പി എ സര്‍ക്കാരിന്‍റെ പാത തീവ്രതരമായി പിന്തുടരുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ മേല്‍പ്പറഞ്ഞ വീക്ഷണത്തിന്റെ എതിരായ ദിശയിലാണ് നില്‍ക്കുന്നത് എന്നതിനാല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ശക്തമായ മുന്നേറ്റം ലക്ഷ്യസാധ്യത്തിനായി വേണ്ടി വരികയും ചെയ്യും. കാര്‍ഷിക മേഖലയില്‍ ഇത് പുതിയ ഐക്യവും ഊര്‍ജ്ജവും നല്‍കും. ഇതിനായി കയ്യൊഴിയേണ്ടത് ഇടതുപക്ഷ ക്യാമ്പില്‍ തന്നെയുള്ള കാഴ്ച്ചഭേദങ്ങളാണ്.    'കൃഷി പഴയതാണ്. അതിനു പകരം വ്യവസായം വരട്ടെ. അതിനായി നമുക്ക് കൃഷിഭൂമിയും കര്‍ഷകരെയും രൂപഭേദപ്പെടുത്താം. വിദ്യാഭ്യാസവും ടെക്നോളജിയും വന്നു കഴിഞ്ഞാല്‍ പിന്നെ കൃഷി വേണ്ട; പകരം വ്യവസായമാണ്‌ വേണ്ടത്'; എന്നിങ്ങനെയുള്ള നവലിബറല്‍ ബൂര്‍ഷ്വാ-കാഴ്ച പരിപാടിപരമായ തിമിരമാണ് മാറേണ്ടത്. ഇത് പരിഹരിച്ചാല്‍ കാര്‍ഷിക ഭൂമിയില്‍ തന്നെ ഉറച്ചു നിന്ന് പൊരുതാന്‍ ഇടതു പക്ഷ കക്ഷികള്‍ക്കും അവയുടെ ബഹുജന സംഘടനകള്‍ക്കും സാധിക്കും. കൃഷിയെ തന്നെ നവീകരിക്കാനും അഭ്യസ്തവിദ്യര്‍ ചെയ്യേണ്ടതായ, അവര്‍ക്കഭികാമ്യമായ ആധുനിക  ഉത്പ്പാദനമായി അതിനെ മാറ്റാം. ഇങ്ങനെ ഒരു മാറ്റത്തിനായുള്ള ശക്തമായ ശ്രമം കര്‍ഷകരെ കുറേക്കൂടി സംഘടിതരാക്കുകയും തൊഴിലാളിവര്‍ഗവുമായി കൂടുതല്‍ അടുപ്പിക്കുകയും ചെയ്യും.
ഇത് ഇന്ന് വളരെ ആവശ്യവുമാണ്. കാരണം, വ്യാവസായിക ഭൂമികയില്‍ മേല്‍പ്പറഞ്ഞതിനേക്കാള്‍ വലിയ അശനിപാതമാണ് പിന്നാലെ വരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായമായ റെയില്‍വേ അക്ഷരാര്‍ഥത്തില്‍ തകര്‍ക്കാന്‍ തന്നെയാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന്റെ നടപടികള്‍ എങ്ങനെ, എപ്പോള്‍ തുടങ്ങും എന്ന് മാത്രമേ കാണേണ്ടതായി ബാക്കിയുള്ളൂ. 'റെയില്‍വേ സ്വകാര്യവല്‍ക്കരണം' എന്ന ഈ റെയില്‍വേ തകര്‍ക്കല്‍ പരിപാടിയിലൂടെ ലക്ഷക്കണക്കിന്‌ തൊഴിലാളികള്‍ തെരുവിലാവും. റെയില്‍വേ സര്‍വീസ് തന്നെ കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കും ഇനിമേല്‍ കിട്ടാക്കാനിയാവും. അത്തരമൊരു ഘട്ടത്തില്‍ ഉത്പ്പാദനത്ത്തിന്റെ അരാജകവല്‍ക്കരണം തീവ്രമാവും. ലുംപന്‍വല്‍ക്കരണം കൂടുതല്‍ ശക്തമാവും. ഇത് തടയാനാണ് സംഘടിത തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനവും അതിന്റെ രാഷ്ട്രീയ നേതൃത്വമായ കമ്യൂണിസ്റ്റ്, ഇടതുപക്ഷ ശക്തികളും ഇന്ന് അടിയന്തിരമായി ശ്രമിക്കേണ്ടത്.
ഉത്പ്പാദന മേഖലയില്‍നിന്ന് പറിച്ചെറിയപ്പെടുന്നതിന്  മുന്‍പേതന്നെ, തൊഴിലാളികള്‍ എന്ന നിലയില്‍ തന്നെ അവരെ പരമാവധി സംഘടിപ്പിക്കുകയും സമരം ശക്തമാക്കുകയുമാണ് വേണ്ടത്. രാഷ്ട്രീയ, സാമൂഹ്യ പ്രക്ഷോഭ പിന്തുണയും അതിനു സ്വായത്തമാക്കണം. ഇത്തരം ഒരു ഭാരിച്ച ഉത്തരവാദിത്തം രാജ്യവ്യാപകമായ പ്രക്ഷോഭം കൊണ്ടേ നിര്‍വഹിക്കാനാവൂ. ഇത്തരമൊരു ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ ആം ആദ്മി പാര്‍ട്ടി പോര. ഇപ്പോള്‍ തന്നെ, ഡല്‍ഹിയിലെ മുന്നേറ്റം ആം ആദ്മി പാര്‍ട്ടിക്ക് ഹരിയാനയില്‍ കിട്ടാത്തതും ഇതുകൊണ്ട് തന്നെയാണ്. ഹരിയാനയില്‍, പടിഞ്ഞാറന്‍ യു.പിയില്‍ പ്രശ്നം കാര്‍ഷിക പ്രതിസന്ധിയുടെതാണ്. അതിന് കുറിക്കു കൊള്ളുന്ന കാര്‍ഷിക വിപ്ലവ പരിപാടി വേണം. അതിനു ഭൂപരിഷ്ക്കരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കണം. അതൊന്നും ആം ആദ്മി പാര്‍ട്ടി ഇന്ന് മുന്നോട്ടുവയ്ക്കുന്നില്ല.
തൊഴിലാളി, കര്‍ഷക ഐക്യം പരിപാടിയുടെ ചാലകവര്‍ഗ്ഗ ശക്തിയായി പ്രഖ്യാപിത പോളിസി ഉള്ള കമ്യൂണിസ്റ്റ്, ഇടതു പക്ഷ പാര്‍ട്ടികള്‍ക്ക് ഇത് ചെയ്യാനാവും.  

അതിനായി അവര്‍ ഏറെ മാറണം, കാഴ്ചപ്പാട് സമൂലം മാറണം. വിപ്ലവകരമായ കാഴ്ച സ്വായത്തമാക്കണം.
അതിനു കഴിഞ്ഞില്ലെങ്കില്‍ മോദി ഭരണം കെട്ടഴിച്ചു വിടുന്ന അടുത്ത ഘട്ട (മൂന്നാം തലമുറ) 'സാമ്പത്തിക പരിഷ്ക്കാരങ്ങ'ളോടെ സമൂഹത്തിലെ വര്‍ഗ്ഗ ശ്രേണികള്‍ ഊടും പാവും തകര്‍ന്ന്‍ അരാജകവല്ക്കരിക്കപ്പെട്ട് 'ആം ആദ്മി' ആയിത്തീരും. മാറ്റത്തിനായുള്ള പിന്നീടുള്ള പാതയും യാത്രയും ദുര്‍ഘടവും സങ്കീര്‍ണവുമാക്കാനേ അതുപകരിക്കൂ.

അത് സംഭവിക്കാതിരിക്കാന്‍ എത്ര തന്നെ തെറ്റുകളും വ്യതിയാനങ്ങളും സംഭവിച്ചിട്ടുണ്ട് എങ്കിലും കമ്യുണിസ്റ്റ്, ഇടതുപക്ഷ ശക്തികള്‍ പുനസ്സംഘടിപ്പിക്കപ്പെടുക തന്നെ വേണം. ഐക്യവും സമരവും എന്ന ക്രിയാത്മക സമീപനം സ്വീകരിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെടെയുള്ള ഇത്തരം പ്രതിരോധ പ്രസ്ഥാനങ്ങളുമായി ഓരോ ചുവടിലും ഐക്യം നേടിയെടുക്കാന്‍ പരമാവധി ശ്രമിച്ചു കൊണ്ട് മാത്രമേ അത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സാധ്യമാവൂ. ഇതിനായിരിക്കണം കമ്യുണിസ്റ്റ്, ഇടതുപക്ഷ ശക്തികള്‍ ശ്രമിക്കേണ്ടത്; ആം ആദ്മിയോട് കെറുവിക്കാതെ; ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ മയങ്ങി വീഴാതെ.
(സി.പി.ഐ (എം.എല്‍) റെഡ്ഫ്ലാഗിന്റെ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ് ലേഖകന്‍.)