സി പി ഐ (എം എൽ ) റെഡ് സ്റ്റാറിന്റെ പത്താം കോൺഗ്രസ്സ് രേഖകൾ:-കോമ്രേഡ് മാസിക ചോദ്യോത്തര പഃക്തിയില്‍ സ: എം.എസ് ജയകുമാര്‍

ചോദ്യം: സി പി ഐ (എം എൽ ) റെഡ് സ്റ്റാറിന്റെ പത്താം കോൺഗ്രസ്സ് രേഖകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിസ്ഥാന സംഭാവനകൾ നൽകാൻ തക്ക ഉള്ളടക്കമുള്ളവയാണെന്ന് ആ പാർട്ടിയുടെ സെക്രട്ടറി സ.കെ എൻ രാമചന്ദ്രൻ  അവകാശപ്പെടുന്നുണ്ട്. അതിനോടുള്ള താങ്കളുടെ സമീപനം എന്താണ്?കെ.സി. രാമൻ, മുപ്ലിയം.  


1) കെ എൻ രാമചന്ദ്രന്റെ പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ടുകൊണ്ട് മുഖ്യമായും മൂന്നുകാര്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യേണ്ടത് എന്നു തോന്നുന്നു. അവരുടെ ഒമ്പതാം പാർട്ടി കോൺഗ്രസ്സ് അംഗീകരിച്ച പാർട്ടി പരിപാടിയുടെ  ഭേദഗതിയും
 പാർട്ടി ഭരണ ഘടനാ ഭേദഗതിയും മുഖ്യ വൈരുദ്ധ്യത്തെ സംബന്ധിച്ച ഭേദഗതിയുമാണ് അവ. വിപ്ലവ പാത, രാഷ്ട്രീയ സംഘടനാ റിപ്പോർട്ട്, രാഷ്ട്രീയ പ്രമേയം സൈദ്ധാന്തിക പ്രമേയം അടക്കം ഇരുന്നൂറിലധികം പേജ് വരുന്ന രേഖകൾ മുഴുവൻ വായിച്ച് നോക്കുമ്പോൾ മുഖ്യമെന്നു തോന്നിയ കാര്യങ്ങൾ മാത്രമാണ് ചുരുങ്ങിയ വാക്കുകളിൽ പ്രതിപാദിക്കാൻ തുനിയുന്നത്. സി പി ഐ ( എം എൽ ) റെഡ്ഫ്ലാഗിൽ നിന്നും പിരിഞ്ഞു പോകുകയും പിന്നീട് കനുസന്ന്യാൽ ഗ്രൂപ്പിൽ ലയിക്കുകയും ചെയ്ത ശേഷം അദ്ദേഹം സംഘടനയുടെ പേരുമാറ്റി ഇപ്പോൾ സി പി ഐ ( എം എൽ ) റെഡ് സ്റ്റാർ ആയിരിക്കുകയാണ്. കഴിഞ്ഞ സമ്മേളനത്തിൽ തന്നെ അദ്ദേഹം പുതുതായി കണ്ടെത്തിയ അഞ്ചാം വൈരുദ്ധ്യത്തെ സംബന്ധിച്ചും സാർവ്വദേശീയ ചിഹ്നം മാറ്റി പുതിയ പാർട്ടി ചിഹ്നം സ്വീകരിച്ചതിനെ സംബന്ധിച്ചും കോമ്രേഡ് മാസികയിൽ അന്നു തന്നെ ശക്തമായ വിമർശം ഞങ്ങൾ ഉന്നയിച്ചിരുന്നു. ആ തെറ്റുകൾ ഒന്നും തിരുത്തിയില്ല എന്നു മാത്രമല്ല ഇപ്പോൾ കൂടുതൽ ആഴത്തിലുള്ള തെറ്റുകളിലേക്ക് അദ്ദേഹം കൂപ്പുകുത്തുകയും ആണ് ചെയ്തിരിക്കുന്നത്. ഈ തെറ്റുകൾക്ക് മുഴുവൻ അടിസ്ഥാനമായ കാരണങ്ങളെന്ത് എന്നതിനെ കുറിച്ച് ചൂണ്ടിക്കാട്ടാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

2) സി പി ഐ ( എം ഏൽ) ന്റെ കേരള ഘടകം ആരംഭിച്ചതും പിന്നീട് കേന്ദ്ര നേതൃത്വം അംഗീകരിച്ചതുമായ രാഷ്ട്രീയ പുനഃ സ്സംഘടന പാർട്ടിയുടെ നാലാം അഖിലേന്ത്യാ കോൺഫറൻസിൽ ഗുണകരമായ തലത്തിലേക്കു എത്തുകയുണ്ടായി.  കഴിഞ്ഞകാല തെറ്റുകളുടെ അടിവേരായി വർത്തിച്ച തെറ്റായ ലോക വീക്ഷണം 1997 ൽ നാലാം കോൺഫറൻസ് തിരുത്തി. അതുവരെയും പാർട്ടി പിന്തുടർന്ന തൊഴിലാളിവർഗ്ഗ വിരുദ്ധ അരാജക കാഴ്ചപ്പാടാണ് തിരുത്തിയത്.   സോഷ്യലിസവും സാ മ്രാജ്യത്വവും തമ്മിലുള്ള  കേന്ദ്ര വൈരുദ്ധ്യത്തെ നിരാകരിക്കുന്ന കാഴ്ചപ്പാടായിരുന്നു തിരുത്തിയത്.

3) അതിനെ തുടർന്ന് 2000-2001 ൽ റായ്ച്ചൂരിൽ ചേർന്ന പാർട്ടിയുടെ അഞ്ചാം കോൺഫറൻസ് ഈ തെറ്റുതിരുത്തൽ പ്രക്രിയയെ പാർട്ടി പരിപാടി പരിഷ്ക്കരിക്കുന്നതിലേക്ക് നയിച്ചു. പ്രാദേശിക രാഷ്ട്രീയാധികാരം സ്ഥാപിക്കുന്നതിലൂടെ ജനാധിപത്യ വിപ്ലവം നയിക്കുക എന്ന വിഭാഗീയവും സിൻഡിക്കലിസ്റ്റുമായ  വിപ്ലവപാതാ കാഴ്ചപ്പാട് തിരുത്തുകയും എല്ലാ സമരരൂപങ്ങളും മൂർത്ത സാഹചര്യങ്ങൾക്കനുസരിച്ച് കയ്യാളാൻ കഴിയുന്ന വിപ്ലവ പാതാ കാഴ്ചപ്പാട് സ്വീകരിക്കുകയും ചെയ്തു. ഇതിനായുള്ള അടവുപരമായ കാഴ്ചപ്പാട് എന്ന നിലയിൽ  പരിഷ്ക്കരിച്ച പാർട്ടി പരിപാടി ‘ഇടതു പക്ഷബദൽ’ എന്ന കാഴ്ചപ്പാട് സ്വീകരിച്ചു. പിന്നീട്, ‘ഇടതു പക്ഷബദൽ’ കാഴ്ച്ചപ്പാട് മൊത്തം ഇടതുപക്ഷപ്രസ്ഥാനത്തിനകത്ത്  സ്വീകര്യമായതും സുസ്സമ്മതമായതുമായ കാഴ്ചപ്പാടായി വികസിക്കുന്നതാണ് ചരിത്രഗതിയുടെ വികാസം തെളിയിച്ചത്.

4) നാലാം കോൺഫറൻസിന്റെയും അഞ്ചാം കോൺഫറൻസിന്റെയും സത്ത സ്വാംശീകരിക്കാൻ അന്നത്തെ സെക്രട്ടറിയായിരുന്ന കെ എൻ രാമചന്ദ്രൻ ഉൾപ്പെടെയുള്ള ഒരു വിഭാഗത്തിന് തീരെ കഴിഞ്ഞില്ല. അതുവരെ പാർട്ടിയെ ശരിമയിലേക്ക് നയിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ പുനഃസ്സംഘടനയുടെ പാത ഉപേക്ഷിക്കാനും വലിച്ചു കെട്ടിയും ഏച്ചുകെട്ടിയും എങ്ങിനെയും ‘വലിയ’ പാർട്ടിയായിത്തീരുക എന്ന അവസരവാദ പാർട്ടി സംഘടനാ ലൈൻ സ്വീകരിക്കാനുമാണ് അവർ തയ്യാറായത്. അതേ സമയം, നാലാം കോൺഫറൻസിന്റെയും അഞ്ചാം കോൺഫറൻസിന്റെയും സത്ത ഉയർത്തി പ്പിടിക്കുകയും ഇടതുപക്ഷ ബദൽ കാഴ്ചപ്പാട് സ്വീകരിച്ചു പ്രവർത്തിക്കുകയും ചെയ്തവരെയെല്ലാം ‘സമഗ്ര തിരുത്തൽ വാദികൾ’ എന്നാക്ഷേപിക്കുകയും അതിനായി ‘കപട ഇടതുപക്ഷം X യദാർത്ഥ ഇടതുപക്ഷം’ എന്ന തെറ്റായ തർക്കാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് കെ എൻ രാമചന്ദ്രനും കൂട്ടരും ചെയ്തത്. ചുരുക്കി പ്പറഞ്ഞാൽ , നാലാം കോൺഫറൻസിന്റെയും അഞ്ചാം കോൺഫറൻസിന്റെയും സംഭാവനകളായ പ്രത്യയശാസ്ത്ര രാഷ്ട്രീയ നിലപാടിന്റെ ‘ഭാരം’ വച്ചൊഴിയുക എന്നതാണ്  2003ലെ പിളർപ്പിലൂടെ കെ എൻ രാമചന്ദ്രൻ ചെയ്തത്.

5) സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലു ള്ള വൈരുദ്ധ്യം കേന്ദ്ര വൈരുദ്ധ്യമായി മനസ്സിലാക്കുന്ന ഗ്രാഹ്യത്തിന്റെ പ്രാധാന്യവും ‘ഈ യുഗം സാ മ്രാജ്യത്വത്തിന്റെയും തൊഴിലാളിവർഗ്ഗ വിപ്ലവങ്ങളുടെയും യുഗമാണ്’ എന്ന ലെനിനിസ്റ്റ് കാഴ്ചപ്പാടിന്  മേൽപ്പറഞ്ഞ കേന്ദ്ര വൈരുദ്ധ്യത്തെ പ്പറ്റിയുള്ള ഗ്രാഹ്യവുമായുള്ള ബന്ധവും വിപ്ലവത്തിന്റെ ഗതി വിഗതികളെ നിർണയിക്കാനും മനസ്സിലാക്കാനും വർഗ്ഗ ബഹുജനങ്ങളെ അതനുസരിച്ച് സംഘടിപ്പിച്ചണിനിരത്തുന്നതി ൽ ഇതിനുള്ള പ്രാമുഖ്യവുമെല്ലാം ചടുലമായ ഐക്യ-ലയന ചർച്ചകളിലൂടെ ‘വലിയ’ പാർട്ടി യാദാർത്ഥ്യത്തിലേക്ക് എത്തിച്ചേരാനുള്ള തിരക്കിൽ കെ എൻ രാമചന്ദ്രൻ അവസരത്തിനൊത്ത് പിന്തള്ളുകയും ഉപേക്ഷിക്കുകയും ചെയ്തു. കനുസന്യാലിന്റെ ഗ്രൂപ്പുമായും ആന്ധ്രയിലെ ന്യൂ ഇനിഷ്യേറ്റീവ് ഗ്രൂപ്പുമായും മറ്റുമുള്ള ചർച്ചകളിൽ ‘സോഷ്യലിസവും  സാ മ്രാജ്യത്വവും ംതമ്മിലുള്ള വൈരുദ്ധ്യം’ എന്ന കേന്ദ്ര വൈരുദ്ധ്യത്തെ പ്പറ്റി ഒരക്ഷരം മിണ്ടാതെ അതിനെ പ്രധാന വൈരുദ്ധ്യങ്ങളുടെ കൂട്ടത്തി ൽ  തള്ളി വിടുകയാണ് ചെയ്തത്.

6) ഇതേപോലെ, സാസ്ക്കാരിക വിപ്ലവ കാലത്തെ തെറ്റുകളെ പറ്റി പാർട്ടി നാലാം കോൺഫറൻസിലും അഞ്ചാം കോൺഫറൻസിലും ശരിയായ വിലയിരുത്തൽ നടത്തിയിരുന്നു. എന്നാൽ സാംസ്ക്കാരിക വിപ്ലവത്തിൽ  യുഗത്തെ പറ്റിയുള്ള കാഴ്ച്ചപ്പാടിലെ തെറ്റിനെ സംബന്ധിച്ചും ലെനിനിസ്റ്റ് സംഘടനാ രൂപങ്ങളെ നിരാകരിച്ചതു സംബന്ധിച്ചും  ആഴത്തിലുള്ള ഒരു പരിശോധനയും നടത്തിയിട്ടില്ല. സാംസ്ക്കാരിക വിപ്ലവം  ബിഥോവൻ സംഗീതത്തെ നിരാകരിച്ചതാണ് എടുത്ത്പറഞ്ഞിട്ടുള്ളത്. ഇത്തരം ഉദാഹരണ വിമർശങ്ങൾ പാശ്ചാത്യ വിമർശകരാണ് മുഖ്യമായും ഉന്നയിച്ചിട്ടുള്ളത്. ലെനിനിസത്തിന്റെ നിരാകരണം പാശ്ചാത്യ വിമർശകർക്ക് മുഖ്യമല്ലല്ലോ?

7) ഇന്ത്യൻ സമൂഹത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്തുകൊണ്ട് വർഗ്ഗ വൈരുദ്ധ്യങ്ങളെ വ്യവച്ഛേദിച്ച് കാണുകയും അതിന്റെ അടിസ്ഥാനത്തിൽ പ്രധാന വൈരുദ്ധ്യങ്ങളെയും മുഖ്യ വൈരുദ്ധ്യത്തെയും തിരിച്ചറിയുകയും ചെയ്യുക എന്നത് ജനാധിപത്യ വിപ്ലവ പരിപാടിയുടെ മൗലികമായ ഭാഗമാണ്. എന്നാൽ കെ എൻ രാമചന്ദ്രൻ ഇതപ്പാടെ വിസ്മരിച്ചുകൊണ്ട്, സൗകര്യത്തിനായി, ‘മുഖ്യവൈരുദ്ധ്യം കോർപ്പറേറ്റ് മൂലധനവും വിശാല ജനവിഭാങ്ങളും തമ്മിലുള്ള വൈരുദ്ധ്യമായി മാറിയിരിക്കുന്നു’ എന്നു പ്രസ്താവിച്ചിരിക്കുകയാണ്. ഇതു വഴി ‘ജന്മി മുതലാളി വർഗ്ഗ കൂട്ടുകെട്ടിന്റെ ഇന്ത്യൻ ഭരണകൂടം’ എന്ന യാദാർത്ഥ്യത്തിൽ നിന്ന് അദ്ദേഹം ജന്മി വർഗ്ഗത്തെ മോചിപ്പിച്ചിരിക്കുകയാണ്. ഇത്തരം ഭേദഗതികൾക്ക് ചരിത്രത്തിലെന്താണ് സ്ഥാനമെന്ന് ഭാവി തീരുമാനിക്കട്ടെ.

8) സാർവ്വദേശീയ തലത്തിലെ അഞ്ചാമത്തെ പ്രധാന വൈരുദ്ധ്യം ‘പ്രകൃതിയും മൂലധനവും തമ്മിലുള്ള വൈരുദ്ധ്യം’ ആണ് എന്നാണ് കെ എൻ രാമചന്ദ്രൻ പറയുന്നത്. ലാഭം പരമാവധി വർദ്ധിപ്പിക്കുന്നതിനായി ഫിനാൻസ് മൂലധനം സാ മ്രാജ്യത്വ ആഗോളവൽക്കരണ കാലഘട്ടത്തിൽ ചൂഷണം ഭ്രാന്തമായി വർദ്ധമാനമാക്കുകയാണ്. തൽഫലമായി ആഗോളതപനം, ഹരിതഗൃഹവാതകവമനം, കാലവസ്ഥാ വ്യതിയാനം എന്നിവ വർദ്ധമാനമായിരിക്കുന്നു. ഇതു മാനവ രാശിയുടെ നിലനിൽപ്പിനു ഭീഷണിയായിരിക്കുന്നു. എന്നാൽ, ഈ വിഷയം സാ മ്രാജ്യത്വ ചൂഷണം എന്നതിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ടോ സാമൂഹ്യ വൈരുദ്ധ്യങ്ങളെ വർഗ്ഗപരമായ ഉള്ളടക്കത്തോടെ മനസ്സിലാക്കുന്ന പ്രക്രിയയിൽനിന്ന് അടർത്തിമാറ്റിക്കൊണ്ടോ അവതരിപ്പിക്കുന്നത് മാർക്സിസത്തിനു നിരക്കുന്നതല്ല. പാരിസ്ഥിതിക ചൂഷണത്തെ ആഗോള വർഗ്ഗ സമരരംഗത്തുനിന്ന് തിരശ്ശീലയിട്ട് വേർതിരിക്കുന്ന വർഗ്ഗേതര കാഴ്ചപ്പാടാണ് ഈ വൈരുദ്ധ്യ ചിത്രീകരണത്തിൽ കാണാനാവുന്നത്. ഹരിത രാഷ്ട്രീയകാരുടെ യൂറോപ്പ്യൻ സംഭാവനയാണ് ഇത്.  ഓരോ ഭൗമ ഉച്ചകോടിയിലും പാരിസ്ഥിതിക ചൂഷണത്തിന്റെ തിക്തഫല ഭാരം അവികസിത രാജ്യങ്ങളുടെ മേൽ കെട്ടിവയ്ക്കാനാണ് സാ മ്രാജ്യത്വ ശക്തികൾ ശ്രമിക്കുന്നത്. അതിനെതിരെ വികസ്വര രാജ്യങ്ങളിലെ ജനതകളുടെ പ്രതിഷേധം അന്താരാഷ്ട്ര വേദികളിലും ലോകമെമ്പാടും വ്യാപകമായി ഉയരുകയാണ്. മുതലാളിത്ത വ്യവസ്ഥയുടെ മൗലിക ദോഷമായി നിലനിൽക്കുന്ന ‘ഉത്പ്പാദനത്തിന്റെ സാമൂഹ്യ സ്വഭാവവും ഉടമസ്തതയുടെ സ്വകാര്യ സ്വഭവവും’ എന്നതിന്റെ മൂർച്ഛിക്കലാണ് ഇത്തരം ഛേദങ്ങൾക്ക് കാരണമാവുന്നത്. പക്ഷേ ഈ തത്വമൊന്നു പുതിയ കണ്ടുപിടിത്തങ്ങളിൽ നിന്ന് കെ എൻ രാമചന്ദ്രനെ തടയുന്നില്ല. മൂന്നാം ഇന്റർനാഷണൽ പിരിച്ചുവിട്ടതിന് സഖാവ് സ്റ്റാലിനെയും പുതിയ ഇന്റർനാഷണൽ ഉണ്ടാക്കാത്തതിന് സഖാവ് മാവോയേയും വിമർശിച്ചു കൊണ്ട് ഇതിന്റെയൊന്നും വസ്തുനിഷ്ഠകാരണങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്യാൻ മെനക്കെടാതെ ‘അഞ്ചാം’ ഇന്റർനാഷണൽ കെട്ടിപ്പടുക്കാൻ കെ എൻ രാമചന്ദ്രൻ നടത്തുന്ന ഉത്സാഹവുമായി ഈ അഞ്ചാം വൈരുദ്ധ്യ കണ്ടുപിടിത്തത്തെ ബന്ധിപ്പിച്ചു മനസ്സിലാക്കാനാവുമെന്ന് തോന്നുന്നു.

9) പുതിയ പ്രത്യയ ശാസ്ത്ര രാഷ്ട്രീയ നിലപാടിനനുസരിച്ച് സംഘടനാ മാറ്റവും നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കെ എൻ രാമചന്ദ്രന്റെ പുതിയ ഭരണഘടനാ ഭേദഗതി . “കേന്ദ്രക്കമ്മിറ്റി വരെയുള്ള ഉയർന്ന കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന എല്ലാ അംഗങ്ങളും അപ്രകാരമുള്ള കമ്മിറ്റികളിൽ അവരുടെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ ഒരു തരത്തിലും ബാധിക്കാതെ അദ്ദേഹം താമസിക്കുന്ന സ്ഥലത്തോ സമീപസ്ഥലത്തോ ഉള്ള ഏറ്റവും താഴ്ന്ന ഘടകമായ ബ്രാഞ്ചിലോ ലോക്കൽ കമ്മിറ്റിയിലോ സജീവമായി അംഗമായി ഇരിക്കേണ്ടതും സ്ഥലത്തുള്ളപ്പോൾ  എല്ലാ കമ്മിറ്റികളിലും മീറ്റിങ്ങുകളിലും പ്രവർത്തനങ്ങളിലും ഏർപ്പെടേണ്ടതുമാണ്. ഈ അംഗത്തിന്റ്െപാർട്ടി അംഗത്വം അയാൾ അടക്കമുള്ള അടിസ്ഥാന ഘടകത്തിന്റെ അംഗീകാരത്തി നു വിധേയമായിട്ടായിരിക്കുംം പുതുക്കുക.” 

10) ജനാധിപത്യ കേന്ദ്രീകരണ തത്വത്തിന്റെ അടിസ്ഥാന നിരാകരണമാണ് കെ എൻ രാമചന്ദ്രൻ ഇവിടെ മുന്നോട്ട് വച്ചിരിക്കുന്നത്. “പാർട്ടി കേന്ദ്രത്തെ അടിച്ചു തകർക്കുക” (ബൊമ്പാർഡ് ദ  ഹെഡ്ക്വാർട്ടേഴ്സ്)” എന്ന സാംസ്ക്കാരിക വിപ്ലവത്തിന്റെ മുദ്രാവാക്യമാണ് ഇതിലൂടെ മുഴങ്ങിക്കേൾക്കുന്നത്. എന്നാൽ ഇടതു തീവ്രവാദദ്വനിയുള്ള ഈ മുദ്രാവാക്യത്തിനകത്ത് ഒളിച്ചിരിക്കുന്ന മറുപുറമുണ്ട്. അത് കെ എൻ രാമചന്ദ്രന്റെ രാഷ്ട്രീയ സംഘടനാ റിപ്പോർട്ടി ൽനിന്ന് ഇങ്ങനെ കാണാനാകും:-
“ ഇതുവരെയുള്ള അനുഭവത്തിൽ ഇന്നത്തെ പാർട്ടി കമ്മിറ്റി സമ്പ്രദായത്തിൻ കീഴിൽ ആവർത്തിച്ചു പ്രതിജ്ഞയെടുത്താലും അടിസ്ഥാന തല പാർട്ടി കമ്മിറ്റികൾ രൂപീകരിക്കപ്പെടാതിരിക്കുകയോ രൂപീകരിച്ചാൽ തന്നെ ഫലപ്രദമായി ജനങ്ങളെ സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തന ശേഷി ഇല്ലാതെ വരികയോ ചെയ്യുന്നതായിട്ടാണ് കാണുന്നത്. ഭരണവർഗ്ഗപ്പാർട്ടിയിലെ വിദ്യാസമ്പന്നരും പരിചയ സമ്പന്നരുമായ നേതാക്കൾ അവരവരുടെ സംഘടനകളിൽ താഴെത്തട്ടുകളിൽ പ്രവർത്തിക്കുകയും പ്രാദേശിക ഭരണസഭകളിൽ സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ട്. അവരെ വെല്ലുവിളിച്ചു കൊണ്ട് ബദൽ വികസന മാതൃക ഫലപ്രദമായി മുന്നോട്ടുവയ്ക്കാനും ജനങ്ങൾക്കിടയിൽ പാർട്ടിക്കുള്ള പിന്തുണ വർദ്ധിപ്പിക്കാനും വേണ്ടി, ഉയർന്ന കമ്മിറ്റിയിൽ അംഗമായ പാർട്ടി സഖാക്കൾ താമസിക്കുന്ന പ്രദേശത്തെ അടിസ്ഥാനതല കമ്മിറ്റികളിൽ അംഗമാവുകയും അവയിൽ പങ്കെടുത്ത് പ്രവർത്തനത്തിൽ സഹായിക്കുകയും ചെയ്യണം. ഉയർന്ന പാർട്ടി ലുള്ള സ്വന്തം ഉത്തരവാദിത്തങ്ങളെ ബാധിക്കാത്ത രീതിയിൽ വേണം ഇത്. പാർട്ടിയുടെ എല്ലാ മേൽകമ്മിറ്റി അംഗങ്ങളേയും അവർ പ്രവർത്തിക്കുന്ന അടിസ്ഥാന തല കമ്മിറ്റിയുടെ അനുവാദത്തോടെ മാത്രമേ തിരഞ്ഞെടുക്കാനാവൂ എന്ന ഭരണ ഘടനാ ഭേദഗതി ഈ കോൺഗ്രസ്സിൽ മുന്നോട്ടു വച്ചിട്ടുണ്ട്. ഒരു നിശ്ചിത തലത്തിലെ കമ്മിറ്റി അംഗങ്ങൾക്ക് ആ തലത്തിലുള്ള പാർട്ടി സമ്മേളനങ്ങളിൽ അനൗദ്യോഗിക പ്രതിനിധിയായി പങ്കെടുക്കാൻ നിലവിലുള്ള ഭരണഘടന അനുവാദം നൽകുന്നുണ്ട്. ഇതു ഭേദഗതി ചെയ്ത് അടിസ്ഥാന തല കമ്മിറ്റിയുടെ അംഗീകാരം നിർബ്ബന്ധമാക്കാനും നിർദ്ധേശമുണ്ട്. ഇത്തരമൊരു പ്രവർത്തനശൈലിയുടെ അഭാവത്ത്ിൽ നമ്മുടെ മുഴുവൻ സമയ പ്രവർത്തകർക്ക് പ്രാദേശിക തലത്തിൽ ജനങ്ങളുമായി ബന്ധം കുറഞ്ഞിരിക്കുകയും സ്വന്തം പ്രദേശത്തെ അടിസ്ഥാന തല കമ്മിറ്റികളിൽ ഫലപ്രദമായി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നു.  എല്ലാ ഉയർന്ന കമ്മിറ്റികളിലേയും സഖാക്കൾ അടിസ്ഥാന തല കമ്മിറ്റികളിലും പ്രാദേശിക സംഘടനാ പ്രവർത്തനങ്ങളിലും സാധ്യമാവുന്ന രീതിയിൽ കഴിയുന്നത്ര സമയം പ്രവർത്തിക്കുകയാണെങ്കിൽ പാർട്ടിയും പാർട്ടി സഖാക്കളും ജനങ്ങളും തമ്മിൽ കൂടുതലടുക്കാ ൻ അത് സഹായിക്കും” ഭരണവർഗ്ഗപ്പാർട്ടികളിൽ നിന്നും പ്രാദേശികസംഘടനാസംരക്ഷണ മാതൃക സ്വീകരിച്ചു കൊണ്ട് യദാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ രാമചന്ദ്രൻ നടത്തുന്ന ശ്രമങ്ങൾ ബൂർഷ്വാ പ്രയോജനമാത്ര വാദത്തിലേക്കാണ് എത്തുന്നത്. ഈ പാതയിലൂടെ ചരിച്ചാൽ നിയോജകമണ്ഡലം സംരക്ഷകരാായ ഭരണവർഗ്ഗ പാർട്ടി നേതാക്കളുടെ മാതൃകയിലേക്കാണ് അധികം താമസിയാതെ ചെന്നെത്തുക.