ട്രംപിയൻ ക്വിക്സോട്ടിസം
Fredy K Thazhath
രണ്ടാം ലോക യുദ്ധത്തിന് ശേഷം ഇക്കണമിക് റിക്കവറി അഥവാ , സാമ്പത്തിക വീണ്ടെടുപ്പിനായി ഒരു അമേരിക്കൻ പ്ലാൻ ഉണ്ടായിരുന്നു -
യുദ്ധത്തിനിറങ്ങുന്നതിനു മുമ്പേ അറ്റ്ലാൻ്റിക് ചാർട്ടർ എന്ന ഒപ്പിടാത്ത ധാരണ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റായിരുന്ന ഫ്രാങ്ക്ലിൻ ഡെലാനോ റൂസ് വെൽറ്റും ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിലും തമ്മിൽ ഉണ്ടായിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് അമേരിക്ക ജപ്പാനുമായി സംഭാഷണങ്ങളിൽ കർക്കശ നിലപാടു സ്വീകരിക്കുന്നതും തുർന്ന് പേൾ ഹാർബർ ആക്രമണം നടക്കുന്നതും അതിനെത്തുടർന്ന് അമേരിക്ക രണ്ടാം ലോകയുദ്ധത്തിലേക്ക് പ്രവേശിക്കുന്നതും.
രണ്ടാം ലോകയുദ്ധം അവസാനിക്കുന്നതിന് മുമ്പു തന്നെ യുദ്ധത്തിനു ശേഷം സൃഷ്ടിക്കേണ്ടതായ പുതിയ ലോകക്രമത്തിൻ്റെ മുന്നോടിയായി ബ്രെറ്റൻവുഡ്സ് സമ്മേളനം നടത്താൻ അമേരിക്ക നേതൃത്വം നൽകുകയും മൗണ്ട് വാഷിംഗ്ടൺ ഹോട്ടലിൽ വച്ച് 1944 ജൂലൈ 1 മുതൽ 22 വരെ നടന്ന പ്രസ്തുത സമ്മേളനത്തിൽ, അംഗരാജ്യങ്ങളിൽ നിന്നുള്ള സർക്കാരുകളുടെ നിയമനിർമ്മാണ അംഗീകാരത്തിനുശേഷം, ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റ് (IBRD, പിന്നീട് ലോക ബാങ്ക് ഗ്രൂപ്പിന്റെ ഭാഗം) ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF) എന്നിവ സ്ഥാപിക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തു. ഇത് അന്താരാഷ്ട്ര വാണിജ്യ, സാമ്പത്തിക ബന്ധങ്ങൾക്കായി ബ്രെട്ടൺ വുഡ്സ് സിസ്റ്റം എന്ന് വിളിക്കപ്പെടുന്നതിലേക്ക് നയിച്ചു .
ബ്രെറ്റൻ വുഡ്സ് കരാറും ലോകബാങ്കും ഐ എം എഫും നിലവിൽ വന്ന ശേഷം, രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനും ഐക്യരാഷ്ട്ര സംഘടന സ്ഥാപിക്കപ്പെട്ട ശേഷം, ഐക്യരാഷ്ട്ര സഭയുടെ ട്രേഡ് ആന്റ് എംപ്ലോയിമെൻറിൻറെ കോൺഫറൻസിൽ താരിഫുകൾ ഏകീകരിക്കുന്നതു സംബന്ധിച്ച് ആദ്യമായി ചർച്ച ചെയ്യപ്പെട്ടു. ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷൻ (ഐ.ടി.ഒ) സൃഷ്ടിക്കാൻ ഗവൺമെന്റുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിന്റെ ഫലമായിരുന്നു ഇത്. 1947 ഒക്ടോബർ 30 ന് ജനീവയിൽ 23 രാഷ്ട്രങ്ങൾ ചേർന്ന് ജി.എ.റ്റി.റ്റി (ഗാട്ട് ) കരാറിൽ ഒപ്പുവയ്ക്കുകയും 1948 ജനുവരി 1 മുതൽ GATT പ്രാബല്യത്തിൽ വരികയും ചെയ്തു.
ഇതിൻ്റെയാകെ പാശ്ചാത്തല പിന്തുണയോടെ അമേരിക്ക മാർഷൽ പ്ലാൻ മുന്നോട്ടു വച്ചു.
മാർഷൽ പ്ലാൻ (ഔദ്യോഗികമായി യൂറോപ്യൻ റിക്കവറി പ്രോഗ്രാം , ERP ) പടിഞ്ഞാറൻ യൂറോപ്പിന് വിദേശ സഹായം നൽകുന്നതിനായി 1948-ൽ നടപ്പിലാക്കിയ അമേരിക്കൻ സംരംഭമായിരുന്നു .
രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം, യൂറോപ്പിൽ സാമ്പത്തിക വീണ്ടെടുക്കൽ പരിപാടികളിൽ നിന്ന് അമേരിക്ക 13.3 ബില്യൺ ഡോളർ (2024-ൽ 137 ബില്യൺ ഡോളറിന് തുല്യം ) പടിഞ്ഞാറൻ യൂറോപ്യൻ സമ്പദ്‌വ്യവസ്ഥകളിലേക്ക് കൈമാറി .
1951-ൽ, മാർഷൽ പ്ലാനിനെ പരസ്പര സുരക്ഷാ നിയമം കൊണ്ട് പ്രതിസ്ഥാപിച്ചു.
യുദ്ധത്തിൽ തകർന്ന പ്രദേശങ്ങൾ പുനർനിർമ്മിക്കുക, വ്യാപാര തടസ്സങ്ങൾ നീക്കം ചെയ്യുക, വ്യവസായം നവീകരിക്കുക, യൂറോപ്യൻ അഭിവൃദ്ധി മെച്ചപ്പെടുത്തുക, കമ്മ്യൂണിസത്തിന്റെ വ്യാപനം തടയുക എന്നിവയായിരുന്നു ഇതിൻ്റെ ലക്ഷ്യങ്ങൾ.
ഇതിൻ്റെ തുടർച്ചയായിട്ടാണ്, 1949 ഏപ്രിൽ 4-ന് വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യം - നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ നിലവിൽ വന്നത്.
ബെൽജിയത്തിലെ ബ്രസൽസിലാണ് ഇതിന്റെ ആസ്ഥാനം.
12 രാഷ്ട്രങ്ങൾ ചേർന്ന് ആരംഭിച്ച ഈ സഖ്യത്തിൽ ഇപ്പോൾ 32 അംഗരാഷ്ട്രങ്ങളുണ്ട്.
👆🏽
മുകളിൽ ഹ്രസ്വമായി വിവരിച്ച കാര്യങ്ങളിൽ നിന്ന് നമുക്ക് ഒരു യുക്തിസഹമായ നിഗമനത്തിലെത്താൻ കഴിയും. അതായത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിൽ സാമ്രാജ്യത്തെ വ്യവസ്ഥ സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായി പുനസംഘടിപ്പിച്ചതിന്റെ ഫലമായിട്ടാണ് ഇന്ന് കാണുന്ന നെയ്റ്റോ (NATO) ഉൾപ്പെടെയുള്ള സാമ്രാജ്യത്വ സൈനിക ശക്തി നിലവിൽ വന്നത് അതിൻറെ പ്രകടനമാണ് ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിലും തുടർന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലവും ലോകം കണ്ടത്.
എന്നാൽ, 1960 കളുടെ അവസാനത്തിൽ ആരംഭിച്ച സാമ്രാജ്യത്വ പ്രതിസന്ധി തുടർച്ചയായി താൽക്കാലികമായി മാറ്റിവെച്ചു കൊണ്ടിരിക്കാൻ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിൽ സാമ്രാജ്യത്തെ ക്യാമ്പിന് സാധിച്ചിരുന്നു എന്നിരിക്കലും പ്രതിസന്ധി ഓരോ ആവൃത്തിയിലും കൂടുതൽ വലുതാവുകയാണ് ചെയ്തത്. തന്മൂലം 1970 കളുടെ തുടക്കത്തിൽ നിന്ന് തന്നെ ബ്രറ്റൻ വുഡ്സ് കരാർ അനുസരിച്ചുള്ള ഡോളർ - ഗോൾഡ് സ്റ്റാൻഡേർഡ് സംവിധാനത്തിൽ നിന്ന് അമേരിക്ക പിൻവാങ്ങി. അമേരിക്കയിലെ അച്ചടിക്കുന്ന ഡോളർ അമേരിക്കയിലേക്ക് തിരിച്ചുവരാത്ത ഒരു സാഹചര്യമാണ് ഗോൾഡ് സ്റ്റാൻഡേർഡ് സൃഷ്ടിച്ചത്. അതുകൊണ്ട് പ്രസിഡൻറ് നിക്സൺ ഗോൾഡ് സ്റ്റാൻഡേർഡിൽ നിന്ന് പുറകോട്ടു പോകുകയും അമേരിക്കൻ ഡോളറിനെ ഫിയറ്റ് മണി അഥവാ ആജ്ഞാവിധ പണമാക്കി മാറ്റുകയും ചെയ്തു.
എന്നാൽ ഫിയറ്റ് മണിക്ക് ഒരു അടിസ്ഥാനം ഇല്ലാതെ ലോകത്ത് സ്വീകാര്യത നിലനിർത്താൻ സാധ്യമല്ലായിരുന്നു. അതുകൊണ്ടാണ് സൗദി അറേബ്യയുമായി അമേരിക്ക പെട്രോൾ ഡോളർ കരാറിൽ ഏർപ്പെട്ടത്.
ചുരുക്കത്തിൽ, ബ്രെറ്റൻ വുഡ്സ് കരാറും, അത് മുഴുവൻ ഫലിക്കാതെ വന്നപ്പോൾ, പെട്രോ ഡോളർ എഗ്രിമെൻ്റും ആധാരമാക്കിയാണ് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിൽ സാമ്രാജ്യത്തെ ക്യാമ്പ് ക്രോഡീകരിച്ച് നിലനിർത്തിയിരുന്നത്.
ഇന്ന് കാര്യങ്ങൾ കീഴ്മേൽ മറഞ്ഞിരിക്കുകയാണ്.
പെട്രോ ഡോളർ കരാർ അവസാനിച്ചിരിക്കുന്നു.
ഡോളറിന് ഇന്ന് സാമ്പത്തിക ഭൗതിക അടിത്തറയില്ലാതായിരിക്കുന്നു.
മേൽപ്പറഞ്ഞ സാമ്പത്തിക ഘടകങ്ങളെ നിർണയിക്കുന്ന കരാറുകൾ, അവ സംബന്ധിച്ച സ്ഥാപനങ്ങൾ, അവയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയിലെല്ലാം അമേരിക്കൻ നേതൃത്വം പുറന്തള്ളപ്പെടുകയാണ്. ഐഎംഎഫ് വേൾഡ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ കടത്തിനായി സമീപിക്കാൻ സാധ്യമല്ലാത്തത്ര അപ്രായോഗികമായ പലിശയ അടിമത്വത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. അവയിൽ നിന്ന് കടമെടുക്കാൻ ഇന്ന് രാജ്യങ്ങൾ ഭയപ്പെടുന്നു. കടമെടുത്ത രാജ്യങ്ങൾ പാപ്പ രീകരിക്കപ്പെടുന്നു.
ഇത് മറ്റു സംവിധാനങ്ങളിലേക്ക് നീങ്ങാൻ രാജ്യങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നു. എസ് സി ഒ അഥവാ ഷാങ്ഹായ് കോ- ഓപ്പറേഷൻ ഓർഗനൈസേഷൻ, ബ്രിക്സ്, ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് എന്നിങ്ങനെ പീപ്പിൾ ചൈന മുൻകൈയെടുത്തു കൊണ്ട് മുഖ്യമായും പീപ്പിൾ ചൈനയും റഷ്യയും നേതൃത്വം നൽകുന്ന ഒരു സാമ്പത്തിക പരസ്പരാശ്രയ, ഇൻഫ്രാസ്ട്രക്ച്ചർ, നാണ്യ വ്യവസ്ഥ, ബാങ്കിംഗ് കാര്യങ്ങളിലുള്ള ഐക്യം രൂപപ്പെട്ടിരിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങൾ മുഖ്യമായും സെൻട്രൽ ഏഷ്യൻ രാജ്യങ്ങളും ചില യൂറോപ്യൻ രാജ്യങ്ങളും അടക്കം ഉള്ളവ രണ്ടാമതായും, ഇന്ത്യയും പാക്കിസ്ഥാനും അറബ് രാജ്യങ്ങളും കിഴക്കനേഷിന്റെ രാജ്യങ്ങളും അടക്കമുള്ളവ മൂന്നാമതായും ഈ സംവിധാനത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്നു.
എണ്ണയുടെയും ഗ്യാസിൻ്റേയും വിപണനത്തിൽ ഈ രാജ്യങ്ങളുടെ കൂട്ടുകെട്ട് മുഖ്യ സ്ഥാനത്തേക്ക് വരുന്നു. എന്തുകൊണ്ട്? ഡോളറിൽ എണ്ണയും ഗ്യാസും വാങ്ങിക്കൊണ്ട് വ്യവസായങ്ങൾ നടത്താൻ കഴിയില്ല എന്ന സ്ഥിതിയിൽ ലോകത്ത് ഒരു മൂന്നാം മഹാമാന്ദ്യം ഉരുണ്ടുകൂടുന്നു എന്നതാണ് ഡോളറിനെ ആശ്രയിക്കാൻ നീണ്ട കാലത്തേക്ക് പറ്റില്ല എന്ന് ഈ രാജ്യങ്ങൾക്ക് മനസ്സിലാവുകയും അവ ഡി - ഡോളറൈസേഷൻ ദിശയിലേക്ക് നീയും ചെയ്യുന്നതിന് കാരണം.
സാരാംശത്തിൽ, പുതിയ നൂറ്റാണ്ട് തുടങ്ങിയപ്പോൾ തന്നെ ബീജാവാപം നടക്കുകയും, 2008 ൽ ഉണ്ടായ മെൽറ്റ് ഡൗൺ പ്രക്രിയയോടെ പ്രകടമാവുകയും, പെയ്ൽ റിക്കവറി അഥവാ, വിളറിയ വീണ്ടെടുപ്പോടെ ശക്തമാവുകയും കോവിഡ് മഹാമാരിയോടെ തീവ്രമാവുകയും ചെയ്തിരിക്കുന്ന മൂന്നാം മഹാമാന്ദ്യത്തിനെ തടയാനും മുറിച്ചു കടക്കാനും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള പഴയ സംവിധാനത്തിന് ഒന്നുംതന്നെ വാഗ്ദാനം ചെയ്യാനില്ല.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയൻ മുന്നോട്ടുവച്ച മൊളോട്ടോവ് പ്ലാനിനെതിരെ മാർഷൽ പ്ലാൻ മുന്നോട്ടുവച്ച സ്ഥിതിയിലല്ല ഇന്ന് അമേരിക്കൻ സാമ്രാജ്യത്വം നിൽക്കുന്നത്. ഷാങ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ - ബ്രിക്സ് പ്ലസ് - ബെൽറ്റ് ആൻ്റ് റോഡ് ഇനിഷ്യേറ്റീവ് എന്ന പരിഹാരത്തിനായുള്ള മുൻകൈ പ്രവർത്തനത്തിന് മറുപടിയായി സാമ്രാജ്യത്തെ ക്യാമ്പിന് മൊത്തത്തിലും അമേരിക്കൻ സാമ്രാജ്യത്വത്തിന് സവിശേഷമായും യാതൊരു പകരം ബദലും മുന്നോട്ടുവയ്ക്കാനില്ല. പാശ്ചാത്യ രാജ്യങ്ങളുടെയും കിഴക്ക് കിടക്കുന്ന ജാപ്പനീസ് സാമ്രാജ്യത്വത്തിന്റെയും വളർച്ച നിരക്ക് വളരെ തുച്ഛമാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വളർച്ച നിരക്ക് ഒരു ശതമാനമാണ്.
ഇത്തരത്തിൽ കളിമൺ കാലുകളിൽ നിൽക്കുന്ന ഭീമൻ പ്രതിമയാണ് അമേരിക്കൻ സാമ്രാജ്യത്വം എന്ന് സഖാവ് മാവോ മുൻപ് പറഞ്ഞ ദീർഘദർശിത്വമുള്ള വാക്കുകളെ അന്വർത്ഥമാക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലും പരികല്പന പ്രതിസന്ധിയിലും ആണ് ഇന്ന് അമേരിക്കൻ സാമ്രാജ്യത്വവും സാമ്രാജ്യത്വ ക്യാമ്പ് ഒട്ടാകെയും എത്തിച്ചേർന്നിരിക്കുന്നത്.
സാമ്പത്തിക ശക്തി അടിസ്ഥാനപരമായി പ്രതിസന്ധിയിലും മുരടിപ്പിലും എത്തിച്ചേർന്നാൽ അതിനെ ആശ്രയിച്ചുകൊണ്ട് കെട്ടിപ്പൊക്കിയിരിക്കുന്നതാണ് രാജ്യ തന്ത്ര സംവിധാനവും സൈനിക മേലാപ്പും ദീർഘകാലം നിലനിൽക്കാൻ കഴിയുകയില്ല.
മേൽപ്പറഞ്ഞ പ്രതിസന്ധിയും മുരടിപ്പും 'ചാക്രിക ഉന്നതി ചാക്രിക പതനം' എന്ന നിലയിലുള്ള മുതലാളിത്ത വ്യവസ്ഥയെ ബാധിച്ചു കൊണ്ടിരുന്ന സ്ഥിരം പ്രതിസന്ധികളുടെ ആവർത്തനമായി കാണാൻ കഴിയുകയില്ല. കൂടുതൽ ആഴത്തിലേക്ക് പതിക്കുന്നതും ഏതാണ്ട് സർപ്പിള ഗതിപഥത്തിലുള്ളതുമായ ഈ മൂന്നാം മഹാമാന്ദ്യത്തെ തൽക്കാലത്തേക്ക് പ്രദേശങ്ങൾ വെട്ടിപ്പിടിച്ചുകൊണ്ട് ഖനിജങ്ങളും ധാതുക്കളും വിപണിയും അധ്വാന ശക്തിയും കൊള്ളയടിച്ചും ചൂഷണം ചെയ്തും പരിഹരിക്കാനാണ് സാമ്രാജ്യത്വ ക്യാമ്പ് മൊത്തത്തിലും അമേരിക്കൻ സാമ്രാജ്യത്വം സവിശേഷമായും പരിശ്രമിക്കുന്നത്.
ഇതിൻറെ പേരാണ് "പ്രാങ്- മൂലധന സമാഹരണം " അഥവാ, 'പ്രിമിറ്റീവ് അക്യൂമുലേഷൻ ഓഫ് ക്യാപ്പിറ്റൽ '.
ചില വിദ്വാന്മാർ വിചാരിക്കുന്നതുപോലെ മൂലധന വ്യവസ്ഥയുടെ ആദിമ നാളുകളിൽ മാത്രമല്ല ഇത് സംഭവിക്കുന്നത്. മറിച്ച് മൂലധന വ്യവസ്ഥ അതിന്റെ പരമോന്നത ഘട്ടമായ സാമ്രാജ്യത്വ വ്യവസ്ഥയായി, വ്യാവസായിക കുത്തകമൂലധനവും കുത്തകബാങ്കു മൂലധനവും ഇഴചേർന്നുണ്ടായ ഫിനാൻസ് മൂലധന വ്യവസ്ഥയായി, രൂപാന്തരം പ്രാപിച്ചു കഴിഞ്ഞ ശേഷമുള്ള സാമ്രാജ്യത്വ വ്യവസ്ഥയായി, മുതലാളിത്തം മാറി തീർന്ന ശേഷം മേൽപ്പറഞ്ഞ ചാക്രിക ഉന്നതി ചാക്രിക പതനം എന്നത് അതിനുമുമ്പുള്ള കാലഘട്ടത്തിലേതുപോലെയല്ല സംഭവിക്കുന്നത്. മറിച്ച് അത് 'ജനറൽ ക്രൈസിസ്' എന്ന പുതിയ പ്രതിഭാസത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവിക്കുന്നത്.
മഹാനായ സഖാവ് സ്റ്റാലിൻ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകസാമ്രാജ്യത്വ വ്യവസ്ഥ ജനറൽ ക്രൈസിസിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചു എന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ജനറൽ ക്രൈസിസിന്‍റെ ഈ മൂന്നാം ഘട്ടം മൂർച്ചിക്കുന്നത് തൽക്കക്കാലത്തേക്ക് മരവിപ്പിക്കാൻ സാമ്രാജ്യത്ത് ശക്തികൾക്ക് കഴിഞ്ഞ്തിരുന്നു എന്നത് ജനറൽ ക്രൈസിസിന്റെ ആഴവും പരപ്പും കുറയ്ക്കുകയുണ്ടായില്ല.
1970കളുടെ ആദ്യവും, 1980കളുടെ ആദ്യവുമായി ജനറൽ ക്രൈസിസിന്റെ തീക്ഷ്ണമായ പടവുകളിലേക്ക് സാമ്രാജ്യത്തെ വ്യവസ്ഥ ലോകത്തെയാകെ നയിക്കുകയാണ് ചെയ്തത്.
ഇതിൻറെ പരിഹാരത്തിനായി സാമ്രാജ്യത്ത് ക്യാമ്പ് തന്നെ മുന്നോട്ടുവച്ച , നിയോക്ലാസിക്കത്തിന്റെ അടിസ്ഥാനത്തിലുള്ള നവലിബറൽ നയസമീപനം - ഉദാരവൽക്കരണ സ്വകാര്യവൽക്കരണ ആഗോളവൽക്കരണ നയങ്ങൾ - ജനറൽ ക്രൈസിസിന്റെ മൂന്നാം സ്റ്റേജ് മൂർച്ഛിക്കുന്നതിൽ നിന്ന് അതിനെ തടയാൻ പ്രാപ്തമായില്ല.
ഇത്തരത്തിൽ സാമ്രാജ്യത്വ ആഗോളവൽക്കരണ പദ്ധതി പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന വർത്തമാന അവസ്ഥയാണ് മൺറോ ഡോക്ടറിൻ വീണ്ടും പൊടിതട്ടിയെടുത്ത് തങ്ങളുടെ അതിജീവനത്തിനു വേണ്ടി താരിഫ് യുദ്ധത്തെയും യഥാർത്ത യുദ്ധത്തെയും അതുവഴി തുറന്ന അധിനിവേശത്തെയും രക്ഷാമാർഗമായി സ്വീകരിക്കാൻ ട്രംപ് ശ്രമിക്കുന്നതിനു കാരണം.
ഇതാകട്ടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അവസാന നാളുകളിൽ വിൻസ്റ്റൻ ചർച്ചിലിൻ്റെ പേപിടിച്ച യുദ്ധാഭിനിവേശത്തിന്റെ കൂടുതൽ വഷളായ ഒരു രൂപമായി മാത്രമേ കാണാനാവൂ.
'ചരിത്രം ഒരു ദുരന്തമായും പിന്നീട് ഒരു പ്രഹസനമായും ആവർത്തിക്കു'മെന്ന് എംഗൽസ് മാർക്സിനയച്ച കത്തിൽ ഹെഗലിൻ്റെ ചരിത്രാവർത്തന സിദ്ധാന്തത്തെ കളിയാക്കി കൊണ്ട് പറഞ്ഞ ഇരുണ്ടഫലിതമാണ് (ഡാർക്ക് ഹ്യൂമർ) ഈ അവസരത്തിൽ ഓർമ്മ വരുന്നത്.
