മോഡി ഭരണത്തിലെ വോട്ട് കൊള്ളയും ജനാധിപത്യ അട്ടിമറികളും പി.സി. ഉണ്ണിച്ചെക്കൻ
ജനാധിപത്യം മരിക്കുന്നത് എങ്ങനെ (How Democracy Dies)എന്ന പേരിൽ ഹാർവാർഡ് സർവ്വകലാശാലയിലെ സ്റ്റീവൻ ലെവൻസ്കിയും സ്ലിം ബാറ്റും ചേർന്ന് എഴുതിയ പുസ്തകത്തിൽ, പട്ടാള അട്ടിമറിയൊന്നും കൂടാതെ തെരഞ്ഞെടുപ്പിലൂടെ തന്നെ അധികാരത്തിൽ വരുന്ന ശക്തികൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനെ കുറിച്ചാണ് എഴുതിയത്. 'സമഗ്രാധിപത്യ ഭരണകൂടങ്ങൾ ജനാധിപത്യത്തെ ഉപയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും അവയെ ഇല്ലാതാക്കാനാണ് 'എന്ന അന്ന ഹരാൻ്റിന്റെ അഭിപ്രായം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അക്ഷരം പ്രതി ശരിയാണ്.
2019 ൽ നരേന്ദ്ര മോഡി വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയായപ്പോൾ, 'ഇന്ത്യാസ് ഡിവൈഡർ ഇൻ ചീഫ്' എന്ന കവർ സ്റ്റോറിയോടു കൂടി മോഡിയുടെ ചിത്രം സഹിതമാണ് 'ടൈം മാസിക' പുറത്തിറങ്ങിയത്. ഓവർസീസ് ഇന്ത്യൻ പൗരത്വം കൂടി ഉണ്ടായിരുന്ന ബ്രിട്ടീഷ് പത്രപ്രവർത്തകൻ ആതിഷ് തസീർ എഴുതിയ പ്രസ്തുത ലേഖനത്തിൽ 'മോഡിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യൻ ജനാധിപത്യം അടുത്ത അഞ്ചു വർഷം കൂടി അതിജീവിക്കുമോ?' എന്ന ഗൗരവമുള്ള ചോദ്യം ചോദിക്കുകയുണ്ടായി. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒട്ടേറെ പേർ ഇന്ത്യൻ ജനാധിപത്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠനങ്ങൾ പുറത്തിറക്കുകയും ഉണ്ടായിട്ടുണ്ട്. അശോക സർവ്വകലാശാലയിലെ സാമ്പത്തിക വിഭാഗം പ്രൊഫസർ സബ്യസാചി ദാസ്, 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ ജനാധിപത്യപരമായ പിന്നോട്ടു പോക്ക് ' എന്ന ഗവേഷണ റിപ്പോർട്ടിൽ 2019 ലെ തെരഞ്ഞെടുപ്പ് ആണ് പ്രധാന വിഷയം. കടുത്ത മത്സരം നടന്ന മണ്ഡലങ്ങളിൽ ആനുപാതികമല്ലാത്ത വിധം ബിജെപി ജയിച്ചതെങ്ങനെ എന്ന അന്വേഷണം അതിൽ നടത്തുന്നുണ്ട്. പ്രതിപക്ഷ കക്ഷികൾക്കു വോട്ടു ചെയ്യാൻ സാധ്യതയുള്ളവരെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും കൂട്ടത്തോടെ മാറ്റുകയും വോട്ടെണ്ണുമ്പോൾ കൃത്രിമം നടത്തുകയും ചെയ്തെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഈ ഗവേഷണ പ്രബന്ധത്തിന്റെ പേരിൽ അദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ഈ നടപടിയിൽ പ്രതിഷേധിച്ച് പുലാപ്ര ബാലകൃഷ്ണൻ എന്ന പ്രമുഖ അധ്യാപകൻ രാജി വെക്കുക പോലുമുണ്ടായി.
ലണ്ടനിലെ ക്യൂൻ മേരി സർവ്വകലാശാലയിലെ പ്രൊഫ: ഫിലിപ്പ് വില്യമും മറ്റൊരു സർവ്വകലാശാലയിലെ അധ്യാപികയായ ലിപികാ കമ്രയും ചേർന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പുകളെ കുറിച്ച് പഠിച്ചിരുന്നു. 2019 ലെ പാർലമെൻറ് തെരഞ്ഞെടുപ്പിനെ "വാട്സ്ആപ്പ് " തെരഞ്ഞെടുപ്പ് എന്നാണ് അവർ വിശേഷിപ്പിച്ചത്. ഒൻപതു ലക്ഷം സെൽഫോൺ പ്രമുഖരെയാണ് മോഡിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാനായി ബിജെപി നിയമിച്ചത്. മോഡി സ്തുതിയായിരുന്നു ഇവരുടെ പ്രധാന ജോലി. പ്രമുഖ പത്രപ്രവർത്തകൻ രാജീവ് സർദേശായി 'ഹൗ മോഡി വൺ 2019' എന്നും 2024 ലെ തെരഞ്ഞെടുപ്പിനു ശേഷം '2024 ഇലക്ഷൻ ദാറ്റ് സർപ്രൈസ്ഡ് ' എന്ന തലക്കെട്ടിലും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സമ്മതി നിർമ്മിച്ചെ ടുക്കാൻ ഒരു ഭാഗത്ത് ശ്രമിക്കുമ്പോൾ തന്നെ, അധികാരം ഉപയോഗിച്ച് ജനാധിപത്യ കശാപ്പ് തുടരുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
ആത്മപ്രശംസ, പരദൂഷണം എന്നീ രണ്ട് ദോഷങ്ങൾ വളർത്തുന്നതാണ് ജനാധിപത്യ വ്യവസ്ഥയെന്നും അവ മനസ്സിൻ്റെ ശക്തികളേയും പരിശുദ്ധിയേയും വിഷമയമാക്കുകയും വ്യക്തിയും സമാജവും തമ്മിലുള്ള സ്വരച്ചേർച്ച ഇല്ലാതാക്കുകയും ചെയ്യുന്നു' എന്നും ഗോൾവാൾക്കർ പറയുന്നുണ്ട് (വിചാരധാര ). 'ഒരൊറ്റയാൾ നടത്തുന്ന ഭരണകൂടം ജാനാധിപത്യ സ്ഥാപനങ്ങളേക്കാൾ കൂടുതൽ ഉപയോഗപ്രദവും രാജ്യത്തിൻ്റെ നന്മകൾക്ക് ഉതകുന്നതുമാണ്'. ('കേസരി' - 1928 ജനുവരി 17). സംഘപരിവാറിന് ജനാധിപത്യത്തോടുള്ള നിലപാടുകളാണിത്. ജനാധിപത്യത്തിൻ്റെ മാതാവാണ് ഇന്ത്യ എന്നും 2500 ലേറെ രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുണ്ടെന്നും ഞങ്ങൾക്ക് ജനാധിപത്യം രക്തത്തിൽ അലിഞ്ഞതാണെന്നും 2025 ജൂലൈ 3 ന് ഘാനയിലെ പാർലമെൻ്റിനെ അഭിസംബോധന ചെയ്തു കൊണ്ട് മോഡി പ്രസംഗിച്ചപ്പോൾ, അവിടെയാകെ ചിരി മുഴങ്ങിയെന്നാണ് വാർത്ത. ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവാണെന്നും ഇന്ത്യൻ ഗ്രാമങ്ങളിൽ ജനാധിപത്യം നില നിന്നിരുന്നുവെന്നും മുമ്പും അദ്ദേഹം ഘോഷിക്കുകയുണ്ടായിട്ടുണ്ട്. ലോക വേദികളിൽ ഇങ്ങനെ ഗിരിപ്രഭാഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ, ഇന്ത്യയിൽ നില നിൽക്കുന്ന ജനാധിപത്യ സംവിധാനങ്ങളെ പടിപടിയായി ഇല്ലായ്മ ചെയ്യാനാണ് മോഡി ഭരണം ശ്രമിക്കുന്നത്. മോഡി ഭരണത്തിനു കീഴിൽ ഭരണഘടന വെറും പുസ്തകമായും പാർലമെൻ്റ് ചില ചടങ്ങുകൾ നടത്താനുള്ള വെറുമൊരു ഇടം മാത്രമായും മാറ്റപ്പെട്ടിരിക്കുന്നു. ജനാധിപത്യം ഏറ്റവും കൂടുതൽ അപകടത്തിലായ പത്തു രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. സ്വീഡനിലെ ഗോതംബർഗ് സർവ്വകലാശാലയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന 'വി-ഡെം' (V - Dem) ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പഠന പ്രകാരം, തെരഞ്ഞെടുപ്പിലൂടെ സ്വേച്ഛാധിപത്യം വന്ന രാജ്യമാണ് ഇന്ത്യ. 1975 ലെ അടിയന്തിരാവസ്ഥയിൽ, ബർണാർഡ് ലെവിൻ പറഞ്ഞതു പോലെ നുണയിൽ ജനിച്ച്, നുണയിൽ വളർന്ന്, നുണയിൽ ജീവിക്കുന്ന ഇന്ത്യ, ഇപ്പോൾ, ഗൗരി 'ലങ്കേഷ് എഴുതിയതു പോലെ 'നുണയും ഭയവും ' കുഴച്ചുണ്ടാക്കിയ രാജ്യ 'മായി മാറിക്കഴിഞ്ഞു.
*പാർലമെൻ്റിൽ നിന്നും അടിച്ചിറക്കപ്പെടുന്ന ജനാധിപത്യം.*
മോഡി ഭരണത്തിൽ പാർലമെൻ്റ് വെറും ചടങ്ങിനുള്ള ഇടമായി മാറി. പി.ആർ.എസ് ലെജിസ്ലേറ്റർ റിപ്പോർട്ട് പ്രകാരം ഒന്നാം പാർലമെൻ്റ് പ്രതിവർഷം ശരാശരി 135 ദിവസങ്ങൾ സമ്മേളിച്ചിരുന്നു. മോഡി പ്രധാനമന്ത്രിയായ 16-ാം ലോക സഭയാകട്ടെ, (2014-2019) ഒരു വർഷം ശരാശരി 67 ദിവസങ്ങൾ മാത്രമാണ് സമ്മേളിച്ചത്. 17-ാം ലോകസഭയുടെ സമ്മേളന കാലമാകട്ടെ (2019-2024) പ്രതിവർഷം 55 ദിവസങ്ങൾ മാത്രമായി പിന്നെയും ചുരുങ്ങി. പല സെഷനുകളും റദ്ദാക്കപ്പെട്ടു. സമ്മേളിച്ച 15 സെഷനുകളിൽ 11 ഉം നിശ്ചിത സമയത്തിനു മുൻപേ പിരിഞ്ഞു. പാർലമെൻ്റ് സമ്മേളിച്ച സമയത്താകട്ടെ നടപടിക്രമങ്ങളൊന്നും പാലിക്കാതെ ബില്ലുകൾ പാസാക്കി. ഇതിനെ ചോദ്യം ചെയ്ത എം പി മാരെ, 'Name and Shame' പരിപാടികൾ സംഘടിപ്പിച്ച് സ്വന്തം മണ്ഡലത്തിൽ നാണം കെടുത്തുമെന്ന് ബി ജെ പി വെങ്കയ്യ നായിഡു ഭീഷണിപ്പെടുത്തി. അഴിമതി, സ്വേച്ഛാധിപതി തുടങ്ങിയ 65 വാക്കുകൾക്ക് പാർലമെൻ്റിൽ നിരോധനവുമേർപ്പെടുത്തി.
2015 ൽ 44 കോൺഗ്രസ് എം പി മാരെ സസ്പെൻ്റ് ചെയ്തു. അതുവരെയുള്ള പാർലമെൻ്റിൻ്റെ 67 വർഷത്തെ ചരിത്രത്തിൽ, എം പി മാരെ സസ്പെൻ്റ് ചെയ്യാനുള്ള റൂൾ 374 , ആകെ മൂന്ന് പ്രാവശ്യമേ പ്രയോഗിച്ചിരുന്നുള്ളു. പിന്നീടത് സ്ഥിരം പരിപാടിയായി മാറി. 17-ാം ലോക്സഭാ കാലയളവിൽ 206 തവണ എം പി മാരെ സസ്പെൻ്റ് ചെയ്തു. 2022 ജൂലൈ - ആഗസ്റ്റ് സെഷനിൽ 146 എം പി മാരെ പുറത്താക്കി. പാർലമെൻ്റിൽ പുക ബോംബ് വീണ സംഭവത്തിൽ പ്രധാനമന്ത്രി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതിനായിരുന്നു ഈ നടപടി. ഭരണഘടനയുടെ 75-ാം വകുപ്പിൻ്റെ 3-ാം അനുച്ഛേദം അനുശാസിക്കുന്നത്, മന്ത്രിസഭക്ക് ജനപ്രതിനിധി സഭയോട് കൂട്ടുത്തരവാദിത്തമുണ്ടെന്നാണ്. ഈ തത്വമാണ് ഇവിടെ വലിച്ചെറിയപ്പെട്ടത്. എം പി മാരെ സസ്പെൻ്റ് ചെയ്യുന്നതിനെ സംബന്ധിച്ച് (ലോകസഭ - 374, രാജ്യസഭ - 256) അനുശാസിക്കുന്നത്, നടപ്പു സമ്മേളനത്തിലോ സമ്മേളനം അവസാനിക്കുന്നതു വരേയൊ മാത്രമേ ഒരംഗത്തെ സസ്പെൻ്റ് ചെയ്യാവു എന്നാണ്.
ഐ പി സി, സി ആർ പി സി, തെളിവു നിയമം, ടെലികമ്യൂണിക്കേഷൻ ബില്ല്, പോസ്റ്റാേഫീസ് ബില്ല് തുടങ്ങിയ പ്രധാനപ്പെട്ട നിയമ നിർമ്മാണങ്ങളാണ് പ്രതിപക്ഷമില്ലാതെ സഭ പാസാക്കിയത്. 17 ഉം 18 ഉം ലോകസഭകളിൽ ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുത്തിരുന്നില്ല. ഡെപ്യൂട്ടി സ്പീക്കറുടെ സ്ഥാനം സാധാരണ ഗതിയിൽ പ്രതിപക്ഷത്തിനാണു നൽകാറ്. അത് ഒഴിവാക്കിയത് അനുച്ഛേദം 93 ൻ്റെ ലംഘനമായിരുന്നു. 2014 മുതൽ 2022 വരെയുള്ള കാലത്ത് 262 ബില്ലുകൾ ഒരു ചർച്ചയും കൂടാതെ പാർലമെൻ്റ് പാസാക്കി. 2021 ലെ കേന്ദ്ര ബജറ്റ് പോലും ഇങ്ങനെയാണ് പാസാക്കിയത്.
പാർലമെൻ്റിൽ എം പി മാർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മന്ത്രിമാർ നൽകുന്ന ഉത്തരങ്ങളും ഉറപ്പുകളും പാർലമെൻ്റിൽ നടത്തുന്ന പ്രഖ്യാപനങ്ങളും എത്ര കണ്ടു നടപ്പാക്കിയെന്നു പരിശോധിക്കാൻ ; 'കമ്മിറ്റി ഓൺ പാർലമെൻ്ററി അഷ്വറൻസ് 'എന്ന സംവിധാനമുണ്ട്. 15-ാം ലോകസഭയിൽ ഇത് 89 ശതമാനവും നടപ്പിലാക്കിയെങ്കിൽ മോഡി വന്നതിനു ശേഷം 81 ശതമാനവും നടപ്പിലാക്കിയില്ല. ആഭ്യന്തര വിദേശകാര്യ പാർലമെൻ്ററി സമിതികളിലെ അദ്ധ്യക്ഷ സ്ഥാനം പ്രതിപക്ഷകക്ഷികൾക്കു നൽകുക എന്നതായിരുന്നു കീഴ്‌വഴക്കം. 17-ാം ലോക സഭയിൽ ആഭ്യന്തര വകുപ്പ് പാർലമെൻ്ററി സമിതിയുടെ അദ്ധ്യക്ഷൻ കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഘ് വി ആയിരുന്നു. തൃണമൂൽ കോൺഗ്രസിനും സാമാജ് വാദി പാർട്ടിക്കും ഉണ്ടായിരുന്ന സ്ഥാനങ്ങളും ഇതു പോലെ കീഴ് വഴക്കങ്ങളെ ലംഘിച്ച് ഇല്ലാതാക്കുകയായിരുന്നു.
പാർലമെൻ്റിൻ്റെ വികസിത രൂപങ്ങളാണ് പാർലമെൻ്ററി സ്റ്റാൻ്റിംഗ് കമ്മിറ്റികൾ. പാർലമെൻ്റ് പാസാക്കുന്ന ബില്ലുകൾ ഇത്തരം സമിതികളുടെ സൂക്ഷ്മ പരിശോധനക്കു ശേഷമാണ് നിയമമാക്കി മാറ്റാറുള്ളത്. ആ നടപടികളെയെല്ലാം തന്നെ ഏതാണ്ട് ഇല്ലായ്മ ചെയ്ത് കഴിഞ്ഞു. ആർട്ടിക്കിൾ 123 പ്രകാരമാണ് ഓർഡിനൻസുകൾ പുറപ്പെടുവിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനു ലഭിക്കുന്നത്. അടുത്ത പാർലമെൻ്റ് സമ്മേളനം വരെ കാത്തിരിക്കാൻ കഴിയാത്ത അടിയന്തിര സന്ദർഭങ്ങളിൽ മാത്രമാണ് ഓർഡിനൻസ് പുറപ്പെടുവിക്കുക. ഓർഡിനൻസ് പുറപ്പെടുവിക്കുന്ന തിയതിയും പാർലമെൻ്റ് സമ്മേളനത്തിൻ്റെ തിയതിയും തമ്മിൽ നീണ്ട ഇടവേളയുണ്ടായിരിക്കണം. എന്നാൽ മോഡി സർക്കാരാകട്ടെ, പാർലമെൻ്റ് തൽക്കാലത്തേക്ക് നിർത്തിവെച്ച് പിറ്റേ ദിവസം തന്നെ ഓർഡിനൻസ് ഇറക്കി ജനാധിപത്യത്തെ കശാപ്പ് ചെയ്തു.
പാർലമെൻ്ററി സിമിതികളുടെ പരിശോധന 16-ാം ലോകസഭയിൽ 26 ശതമാനമായി ചുരുങ്ങി. 17-ാം ലോക സഭയുടെ കാലത്ത് 2021-2022 ലെ കേന്ദ്ര ബജറ്റ് പോലും വെറും പന്ത്രണ്ട് മിനിറ്റു കൊണ്ടാണ് പാസാക്കിയത്. പാർലമെൻ്റിനെ തന്നെ അപ്രസക്തമാക്കുന്ന നടപടിയായിരുന്നു അത്. പാർലമെൻ്റിനെ നില നിർത്തിക്കൊണ്ടു തന്നെ അതിൻ്റെ അന്ത:സത്തയെ ചോർത്തിക്കളയുന്ന പരിപാടികളാണ് നിരന്തരമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പാർലമെൻ്റ് സമ്മേളനത്തിനു തൊട്ടുമുമ്പുള്ള സമ്മേളനത്തിൽ രണ്ടാഴ്ചക്കാലം പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ പോലും അനുവദിച്ചില്ല. 'ജനാധിപത്യമില്ലാത്ത ജനാധിപത്യ രാജ്യമായി' ഇന്ത്യ മാറിയെന്ന വിമർശനം സാധൂകരിക്കുന്ന നടപടികൾ തുടർന്നു കൊണ്ടിരിക്കുകയാണ്.
*അട്ടിമറിക്കപ്പെടുന്ന തെരഞ്ഞെടുപ്പുകൾ*
ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രക്രിയ സംശയത്തിൻ്റെ നിഴലിലായിട്ട് ഏറെ കാലമായി. ദേബശിഷ് റോയ് ചൗധരിയും ജോൺ കീനും (Debasish Roy Chowdhury and John Keane) ചേർന്നെഴുതിയ 'To Kill A Democracy: India's Passage to Depotism' എന്ന കൃതിയിൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണാധികാരികൾക്ക് കീഴടങ്ങിയതിൻ്റെ ചരിത്രം അനാവരണം ചെയ്യുന്നുണ്ട്. ജസ്റ്റിസ് മദൻ ബി ലോക്കൂറിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ An enquiry Into Indian election system എന്ന റിപ്പോർട്ടിൽ 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കനുകൂലമായി ഇലക്ഷൻ കമ്മീഷൻ നടത്തിയിട്ടുള്ള ചട്ടലംഘനങ്ങളെ എടുത്തു കാണിച്ചിട്ടുണ്ട്. സ്വന്തം ഇലക്ഷൻ കമ്മീഷൻ ഉണ്ടായിട്ടും അവരോടു പോലും ആലോചിക്കാതെയാണ് ഇലക്ട്രൽ ബോണ്ട് സമ്പ്രദായവും പി എം കെയേഴ്സ് ഫണ്ടും നടപ്പിലാക്കിയത്. ആദായ നികുതി നിയമം, കമ്പനി നിയമം, ആർ ബി ഐ നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവ ഒന്നിച്ച് ഭേദഗതി ചെയ്തു കൊണ്ടാണ് ഇലക്ട്രൽ ബോണ്ട് സമ്പ്രദായം കൊണ്ടുവന്നത്. മണി ബില്ലായാണ് 2017 ൽ ഇതവതരിപ്പിച്ചതു പോലും! ലോകസഭാ നടപടികളിൽ സ്പീക്കർക്ക് പരമാധികാരം നൽകുന്ന വകുപ്പാണ് 110 (3). നികുതി, സർക്കാരിനു വായ്പയെടുക്കാൻ ഉറപ്പു നൽകൽ, സർക്കാർ ചെലവ് അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ, എന്നിവ മാത്രമേ മണി ബില്ലായി അവതരിപ്പിക്കാവൂ എന്നാണ് ഭരണഘടനയുടെ 110 (1) അനുച്ഛേദം പറയുന്നത്. ആധാർ ബില്ലു പോലും മണി ബില്ലായാണ് മോദി സർക്കാർ അവതരിപ്പിച്ചത്. 2017 ലെ ധനബില്ലും മണി ബില്ലായി തന്നെ അവതരിപ്പിച്ചു. ഇതിനായി നാല്പത് നിയമങ്ങളാണ് ഭേദഗതി ചെയ്തത്. തങ്ങളുടെ സങ്കുചിത താല്പര്യങ്ങൾക്കായി ഭരണഘടനയെ ചിത്രവധം ചെയ്തതിൻ്റെ ചില ഉദാഹരണങ്ങളാണിവ.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ദേശീയ ദുരന്ത നിവാരണ ഫണ്ട് നില നിൽക്കുമ്പോളാണ് പി എം കെയർ ഫണ്ട് എന്ന പുതിയ സംവിധാനം കൊണ്ടുവന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമമടക്കം പലതിനേയും അട്ടിമറിച്ചു കൊണ്ടാണ് ഇതു നടപ്പാക്കിയത്. വിദേശ ഫണ്ട് സ്വീകരിക്കുന്നതു വഴി ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ബാഹ്യശക്തികൾക്ക് ഇടപെടാൻ അവസരം നൽകുന്നു എന്ന മുന്നറിയിപ്പ് അവഗണിച്ചു കൊണ്ടാണ് ഈ നിയമം പാസാക്കിയത്. വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ നിന്നു പോലും ഇതിനെ ഒഴിവാക്കി. ഇലക്ട്രൽ ബോണ്ടുകളും പി എം കെയേഴ്സ് ഫണ്ടും ഇ വി എം മെഷീനുകളും ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിൻ്റെ മൂർത്ത ഉദാഹരണങ്ങളായി നിൽക്കുക തന്നെയാണിവിടെ.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVM) നിർമ്മിക്കുന്ന BEL (Bharath Electronics Limited) ൻ്റെ ഡയറക്ടർ ബോർഡിലേക്ക്, ബി ജെ പി യുടെ രാജ്കോട്ട് ജില്ലാ പ്രസിഡൻ്റ് മൻസുഖ്ഭായ് ഷാംജിഭായ് ഖജാരിയയെ നിയമിച്ചത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. മറ്റു മൂന്നു ഡയറക്ടർമാരും ബി ജെ പി യുമായി ബന്ധമുള്ളവരാണെന്ന ആരോപണവും ഉയർന്നുവന്നിരുന്നു. ഇ വി എം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അഡ്വ: ഭാനുപ്രതാപ് വർമ്മയുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നുണ്ട്. ഇന്ത്യയേക്കാൾ ശാസ്ത്ര സാങ്കേതിക രംഗത്ത് വികാസം നേടിയ അമേരിക്ക, ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇ വി എം പരീക്ഷണം ഉപേക്ഷിച്ചു കഴിഞ്ഞു. 15/2/2024 ൽ സുപ്രീം കോടതി ഇലക്ട്രൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കുകയുണ്ടായി.
*ഭരണം കുത്തകകൾക്ക്*
ഭരണത്തിൻ്റെ ചുക്കാൻ പിടിക്കുന്ന സീനിയർ ഐ എ എസ് കാരുടെ പദവികളിലേക്ക് സ്വകാര്യ കുത്തകമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് നിയമിക്കുന്ന നടപടികളും തുടങ്ങി. 2017 ൽ നീതി ആയോഗ് ആണ് ഈ നിർദ്ദേശം മുന്നോട്ടു വച്ചത്. ആദ്യഘട്ടത്തിൽ ഒൻപതു പേരെയാണ് നിയമിച്ചത്. കൃഷി, വാണിജ്യം, വ്യവസായം, ഷിപ്പിംഗ്, വ്യോമയാനം, നാഷണൽ ഹൈവേ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലായിരുന്നു നിയമനം. കാർഷിക മേഖലയിൽ അഡീഷണൽ സെക്രട്ടറിയായി നിയമിതനായ കാകോളി ഘോഷ് കോർപ്പറേറ്റ് കൃഷിക്കു വേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു. റിന്യൂവൽ എനർജി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കു നിയമിച്ച ദിനേഷ് ജഗ്ഡൽ, പനാമ റിന്യൂവൽ എനർജി ഗ്രൂപ്പിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. സിവിൽ ഏവിയേഷൻ വകുപ്പിൻ്റെ ജോയിൻ്റ് സെക്രട്ടറിയായി വന്ന അംബർ ദുബെ പ്രമുഖ എയർലൈൻസ് കമ്പനിയുടെ ഉപദേഷ്ടാവും കെ പി എം ജി യിലെ ഉന്നത ഉദ്യോഗസ്ഥനുമായിരുന്നു. എക്കണോമിക് അഫയേഴ്സിൻ്റെ ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്കു വന്ന രാജീവ് സക്സേന, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. ഷിപ്പിംഗ് ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്കു വന്ന ഭൂഷൻ കുമാർ, ദുബായ് ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ഡയമണ്ട് ഷിപ്പിംഗ് കമ്പനിയുടെ സി ഇ ഒ യും എം ഡി യുമായിരുന്നു. വാണിജ്യ മന്ത്രാലയത്തിലേക്കു നിയമിക്കപ്പെട്ട അരുൺ ഗോയൽ, ലേ മാൻ ബ്രദേഴ്സ്, സ്റ്റാർ ഗ്രൂപ്പ്, സീമെൻസ് എന്നിവയിൽ ഉന്നത ഉദ്യോഗം വഹിച്ചിരുന്ന വ്യക്തിയായിരുന്നു. കുപ്രസിദ്ധമായ മൂന്നു കാർഷിക ബില്ലുകളും പരിസ്ഥിതി നിയമത്തിലെ പൊളിച്ചെഴുത്തുകളും വന നിയമ ഭേദഗതികളും വിമാനത്താവളങ്ങളും തുറമുഖങ്ങളും മറ്റും അദാനിക്ക് കൈമാറിയതുമെല്ലാം ഇവരുടെയൊക്കെ കാർമ്മികത്വത്തിലാണ്. ആദ്യം ഒൻപതു പേരെ നിയമിച്ചതിനു ശേഷം പിന്നീട് മുപ്പത്തൊന്നു പേരെക്കൂടി നിയമിക്കുകയുണ്ടായി.
*തെരഞ്ഞെടുപ്പ് അട്ടിമറികൾ*
ഗുജറാത്തിലെ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് (2022 ഡിസംബർ) രണ്ട് ഘട്ടങ്ങളിലായാണ് നടന്നത്. ഡിസംബർ 5ന് അവസാനത്തെ ഒരു മണിക്കൂറിൽ 16 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തിയതായാണ് കണക്ക്. പവൻ ഖേര എന്ന കോൺഗ്രസ് നേതാവ് ഇതിലെ നിയമലംഘന സാദ്ധ്യത ചൂണ്ടിക്കാട്ടി കേസ് കൊടുത്തു. ഒരാൾക്കു വോട്ട് ചെയ്യാൻ മിനിമം 60 സെക്കൻ്റെങ്കിലും വേണ്ടി വരുമെന്നതാണ് യാഥാർത്ഥ്യം. എന്നാൽ 20 സെക്കൻ്റു കൊണ്ട് ഒരാൾക്കു വോട്ടു ചെയ്യാനാകുമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ വാദിച്ചത്. ഉത്തർപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പു സമയത്ത് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ഥലങ്ങളിൽ സമാജ് വാദി പാർട്ടി കാവൽ ഏർപ്പെടുത്തിയിരുന്നു. ജോൺപൂർ അസംബ്ലി മണ്ഡലത്തിലെ ഇത്തരമൊരു സ്ഥലത്തേക്ക് ഇ വി എമ്മു മായി ഒരു ട്രക്ക് വന്നപ്പോൾ പ്രവർത്തകർ തടഞ്ഞു. കളക്ടർ ഇടപെട്ട് സ്ഥലം മാറിപ്പോയതാണ് എന്നു പറഞ്ഞു കൊണ്ട് ഇ വി എമ്മുകൾ തിരിച്ചു കൊണ്ടുപോയി. ആസാമിൽ ഭരണകക്ഷി എം എൽ എ യുടെ കാറിൽ നിന്ന് വോട്ടിംഗ് മെഷീനുകൾ പിടിച്ചപ്പോൾ, വാഹനം കേടായപ്പോൾ കിട്ടിയ വാഹനത്തിൽ കയറ്റിയതാണെന്ന തൊടുന്യായം പറയുകയാണ് ചെയ്തത്. മദ്ധ്യപ്രദേശിലെ അസംബ്ലി തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടൻ ശ്മശാനങ്ങളിൽ നിന്നു വരെ വോട്ടിംഗ് മെഷീനുകൾ കിട്ടുകയുണ്ടായി. തെരഞ്ഞെടുപ്പു കൃത്രിമ ങ്ങളെക്കുറിച്ച് 15000 പരാതികളാണ് കോൺഗ്രസ്സടക്കമുള്ള പ്രതിപക്ഷ നേതാക്കൾ കമ്മീഷനു നൽകിയത്. കോൺഗ്രസ് നേതാവ് കമൽനാഥ് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
*പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ അട്ടിമറികൾ*
പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ വിവിധതരം അട്ടിമറികൾ ചൂണ്ടിക്കാട്ടിക്കൊണ്ട്, പ്രതിപക്ഷ പാർട്ടികൾ, ഇരുപത്തിയേഴോളം പരാതികളാണ് തെരഞ്ഞെടുപ്പു കമ്മീഷന് നൽകിയത്. എങ്കിലും അവരതൊന്നും പരിഗണിച്ചതേയില്ല. 2019 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിനു മുമ്പ് 66 മുൻ ഐഎസ്സുകാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പരാതി നൽകി. 2024 ലെ തെരഞ്ഞെടുപ്പിനു മുമ്പ് 93 ഐ എ എസ്സുകാരും പരാതികൾ നൽകി. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ അവയിൽ ഒന്നു പോലും കണ്ടതായി ഭാവിച്ചില്ല.
2019ലെ പാർലമെൻ്റ് തെരഞെടുപ്പിലെ അട്ടിമറികളെക്കുറിച്ച് പത്ര പ്രവർത്തകയായ പൂനം അഗർവാൾ 2020 ജനുവരി മാസത്തിൽ 'ദി ക്വിൻ്റ്' എന്ന പ്രസിദ്ധീകരണത്തിൽ (The Quint) ഒരു ലേഖനമെഴുതി. 373 പാർലമെൻ്റ് മണ്ഡലങ്ങളിൽ, ചെയ്ത വോട്ടും (votes polled) എണ്ണിയ വോട്ടും (votes counted) തമ്മിൽ വ്യത്യാസമുണ്ടെന്ന്, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിലെ തന്നെ വിവരങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അവർ എഴുതി. അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസ് (ADR) എന്ന സംഘടന സുപ്രീം കോടതിയിൽ കേസും ഫയൽ ചെയ്തു. സുപ്രീം കോടതി എപ്രിൽ ഒന്നിന് ഇലക്ഷൻ കമ്മീഷനോട് വിശദീകരണം തേടി. ആദ്യത്തെ നാലു ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ കണക്കുകളാണ് പരാതിക്കൊപ്പം സമർപ്പിച്ചിരുന്നത്. തമിഴ് നാട്ടിലെ കാഞ്ചീപുരം മണ്ഡലത്തിൽ പോൾ ചെയ്തത് 12,14,086 വോട്ട്. എണ്ണിയതാകട്ടെ 12,32,417 വോട്ടുകൾ. 18,331 വോട്ട് അധികം. തമിഴ്നാട്ടിലെ തന്നെ ധർമ്മപുരി മണ്ഡലത്തിൽ 11,94,440 വോട്ട് പോൾ ചെയ്തു. 12,12,311 വോട്ടുകൾ എണ്ണി. 17,871 വോട്ട് അധികം. ശ്രീപെരുമ്പത്തൂരിൽ പോൾ ചെയ്തത് 13,88,666; എണ്ണിയതാകട്ടെ, 14,03,178 വോട്ടും. 14.512 വോട്ടുകൾ അധികം. ഉത്തർപ്രദേശിലെ മഥുര മണ്ഡലത്തിൽ 10,88,206 വോട്ട് പോൾ ചെയ്തപ്പോൾ എണ്ണിയത് 10,98,112 എണ്ണമായിരുന്നു. 9506 എണ്ണം കൂടുതൽ. 'ക്വിൻ്റി'ലെ ലേഖനവും കോടതിയിലെ കേസും വന്ന ഉടനെ കമ്മീഷൻ്റെ വെബ്സൈറ്റിലെ കണക്കുകൾ അപ്രത്യക്ഷമായി.
2019 മെയ് 27 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ADR നോട് ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടി അവർ മെയിൽ ചെയ്തിരുന്നു. ഉടൻ മറുപടി നൽകുമെന്ന് കമ്മീഷൻ അറിയിച്ചെങ്കിലും പറഞ്ഞ അന്നു രാത്രി തന്നെ കണക്കുകൾ അപ്രത്യക്ഷമായി. എന്തുകൊണ്ട് ഡാറ്റ മാറ്റിയെന്ന ചോദ്യത്തിന് കമ്മീഷൻ ഉത്തരം നൽകിയില്ല. പ്രൊവിഷണൽ ഡാറ്റയാണ് വെബ്സൈറ്റിൽ നൽകിയതെന്നും മുഴുവൻ ഡാറ്റയും കിട്ടാൻ സമയമെടുക്കുമെന്നും കമ്മീഷൻ തൊടു ന്യായം പറഞ്ഞു. മുഴുവൻ ഡാറ്റയും കിട്ടാതെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം എങ്ങനെ നടത്തിയെന്നുള്ള ചോദ്യത്തിന് കമ്മീഷൻ ഉത്തരം നൽകിയില്ല. പ്രൊവിഷണൽ ഡാറ്റയാണ് ലഭിച്ചതെങ്കിൽ ഫൈനൽ ഡാറ്റ എന്നു വ്യക്തമാക്കിക്കൊണ്ട് എന്തിനാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്? കേസുകൾ വന്നപ്പോൾ ഡാറ്റ അപ്രത്യക്ഷമായത് എന്തുകൊണ്ട്? ഉത്തരം കിട്ടാതെ ഈ ചോദ്യങ്ങൾ ഇപ്പോഴും നില നിൽക്കുന്നു.
2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ഏപ്രിൽ19 മുതൽ ജൂൺ 1 വരെ 7 ഘട്ടങ്ങളിലായാണ് നടന്നത്. 538 പാർലമെൻ്റ് മണ്ഡലങ്ങളിൽ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ വ്യത്യാസമുണ്ടെന്ന് ADR ചൂണ്ടിക്കാട്ടി. 2024 ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് 'വോട്ട് ഫോർ ഡെമോക്രസി' എന്ന സംഘടന 2024 ജൂലായിൽ തന്നെ 'Has 2024 Lok Sabha Election been free and fair' എന്ന അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും അട്ടിമറികൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ആസാമിലെ കരീംഗഞ്ച് പാർലമെൻറ് മണ്ഡലത്തിൽ പോൾ ചെയ്തത് 11,36,538 വോട്ടുകളാണെങ്കിൽ എണ്ണിയത് 11,40,349 വോട്ടുകളായിരുന്നു. ആന്ധ്രയിലെ ഓങ്കോൾ മണ്ഡലത്തിൽ 13,99,707 വോട്ട് പോൾ ചെയ്തപ്പോൾ എണ്ണിയത് 14,01,174 വോട്ട്. മദ്ധ്യപ്രദേശിലെ മാണ്ഡിയ മണ്ഡലത്തിൽ പോൾ ചെയ്ത വോട്ട് 15,30,861; എണ്ണിയതാകട്ടെ 15,31,950. പല മണ്ഡലങ്ങളിലും ചെയ്തതിനേക്കാൾ കൂടുതൽ വോട്ടുകൾ എണ്ണിയെങ്കിൽ ചില മണ്ഡലങ്ങളിൽ കുറവാണ് എണ്ണിയത്. തിരുവള്ളൂർ മണ്ഡലത്തിൽ 14,30,738 വോട്ടുകൾ പോൾ ചെയ്തെങ്കിലും എണ്ണിയത് 14,13,947 വോട്ടുകൾ മാത്രം. ആസാമിലെ കൊക്രാജർ മണ്ഡലത്തിൽ പോൾചെയ്തത് 14,84,571 വോട്ടുകൾ ആയിരുന്നെങ്കിലും എണ്ണിയത് 12,29,546 മാത്രമായിരുന്നു. ഒഡീഷയിലെ ധെങ്കനാൽ മണ്ഡലത്തിൽ പോൾ ചെയ്തത് 11,93,460 വോട്ടായിരുന്നെങ്കിലും എണ്ണിയത് 12,29,546 വോട്ടായിരുന്നു. ജയ്പൂർ റൂറലിൽ പോൾ ചെയ്തത് 12,38,818 വോട്ടായിരുന്നു; എണ്ണിയത് 12,37,966 ഉം. ഫറൂഖാബാദിൽ പോൾ ചെയ്തത് 10,32,244 വോട്ടാണ്. എണ്ണിയത് 10,31,784 വോട്ട്. ഫറൂഖാബാദ് മണ്ഡലത്തിൽ 2,700 വോട്ടിനാണ് BJP ജയിച്ചത്. ഇലക്ഷനു മുമ്പ് 32,000 വോട്ടുകൾ സംഘടിതമായി വെട്ടിമാറ്റിയിരുന്നു. മീററ്റിൽ 60,000 വോട്ടുകളാണ് വെട്ടിമാറ്റിയത്. അവിടെ ബിജെപി പതിനായിരം വോട്ടുകൾക്കാണ് വിജയിച്ചത്. അട്ടിമറി നടന്ന ചില മണ്ഡലങ്ങളിലെ കണക്കുകളാണിത്.
പോളിംഗ് ശതമാനം കൃത്യസമയത്ത് നൽകാതെ പിന്നീട് ശതമാനം വർദ്ധിപ്പിക്കുന്ന പ്രവണത കാണാം. ഒന്നാം ഘട്ടത്തിൽ ആദ്യം നൽകിയ കണക്കും അവസാനം നൽകിയ കണക്കും തമ്മിലുള്ള വ്യത്യാസം 3.25 ശതമാനമായിരുന്നു. രണ്ടാം ഘട്ടത്തിൽ ഇത് 5.75 ശതമാനവും മൂന്നാം ഘട്ടത്തിൽ 4.23 ശതമാനവും നാലാം ഘട്ടത്തിൽ 6.32 ശതമാനവും അഞ്ചാം ഘട്ടത്തിൽ 4.73 ശതമാനവും ആറാം ഘട്ടത്തിൽ 4.31% വും ഏഴാം ഘട്ടത്തിൽ 4.3 ശതമാനവും ആയിരുന്നു.
2024 ലെ പാർലമെൻറ് തെരഞ്ഞെടുപ്പിലെ അട്ടിമറിക്കഥകൾ ദിനം പ്രതി പുറത്തു വരികയാണ്. ബാംഗ്ലൂർ സെൻട്രൽ പാർലമെൻറ് മണ്ഡലത്തിലെ കണക്കുകൾ ഉദ്ധരിച്ചായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിമർശനം. എട്ട് അസംബ്ലി മണ്ഡലങ്ങളാണ് ആ പാർലമെൻറ് മണ്ഡലത്തിൽ ഉള്ളത്. അതിൽ മഹാദേവപുര അസംബ്ലി മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തി ഇരുന്നൂറ്റമ്പത് പേരെ നിയമവിരുദ്ധമായി ചേർത്തു എന്നാണ് കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പത്രസമ്മേളനത്തിൽ വിവരിച്ചത്. സർവ്വജ്ഞ നഗർ, ചാമരാജ് പേട്ട്, ശിവാജി നഗർ, ഗാന്ധിനഗർ എന്നീ നാലു മണ്ഡലങ്ങളിൽ കോൺഗ്രസിന് ബി ജെ പിയേക്കാൾ 82,178 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്നു. സർവജ്ഞനഗർ - 74,244, ഗാന്ധിനഗർ - 20,338, ചാമരാജ്പേട്ട് - 42,953 ശിവാജി നഗർ - 27,510. ആകെ 1,65,045 വോട്ട് ലഭിച്ചപ്പോൾ ബിജെപിക്ക് മൂന്ന് അസംബ്ലി മണ്ഡലങ്ങളിൽ നിന്നും കൂടി ലഭിച്ചത് 93,067 മാത്രമാണ്.
ബാംഗ്ലൂർ സെൻട്രൽ പാർലമെൻറ് മണ്ഡലത്തിലെ എട്ട് അസംബ്ലി മണ്ഡലങ്ങളിൽ 6 എണ്ണത്തിലും 3 ലക്ഷത്തിൽ താഴെ മാത്രമായിരുന്നു വോട്ടർമാർ. സർവ്വജ്ഞ നഗർ മണ്ഡലത്തിൽ മാത്രം മൂന്ന് ലക്ഷത്തി എൺപത്തി ആറായിരം വോട്ടർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ അസാധാരണമാം വിധം മഹാദേവപുര മണ്ഡലത്തിൽ 6,66,000 പേരുടെ ലിസ്റ്റ് ആണ് ഉണ്ടായിരുന്നത്.
2019 ലെ ലോകസഭ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്നു ജയിച്ച ബിജെപി സ്ഥാനാർഥിയുടെ ഭൂരിപക്ഷം 72,559 വോട്ടുകൾ മാത്രമായിരുന്നു. നാലു അസംബ്ലി മണ്ഡലങ്ങളിലെ വോട്ട് എണ്ണി കഴിഞ്ഞപ്പോൾത്തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി ഈ ലീഡ് മറി കടന്നിരുന്നു. മഹാദേവപുര മണ്ഡലത്തിലെ അസാധാരണമായ വോട്ട് വർദ്ധനവിലൂടെയാണ് ആ 'മണ്ഡലം ബി ജെ പി പിടിച്ചെടുത്തത് എന്നാണ് വിമർശനം.
*തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനങ്ങളിലെ അട്ടിമറികൾ*
ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായത്. റിസർവോയർ ഓഫ് പവേഴ്സ് എന്നാണ് ജസ്റ്റിസ് കൃഷ്ണയ്യർ, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അധികാരങ്ങളെക്കുറിച്ച് പറഞ്ഞത്. ഒരംഗം മാത്രമുണ്ടായിരുന്ന തെരഞ്ഞെടുപ്പു കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം മൂന്നായി വർദ്ധിപ്പിക്കുന്നത്1993 ലാണ്.
1952 മുതൽ 2024 വരെയുള്ള കാലത്ത് 18 പൊതു തെരഞ്ഞെടുപ്പുകളും നൂറിൽപരം അസംബ്ലി തെരഞ്ഞെടുപ്പുകളും നടത്തിയ ചരിത്രമുണ്ട് ഇന്ത്യൻ തെരഞ്ഞെടുപ്പു കമ്മീഷന്. എന്നാൽ കഴിഞ്ഞ 11 വർഷമായി കേന്ദ്രസർക്കാരിൻ്റെ ഒരു ഏജൻസിയായി കമ്മീഷൻ തരം താണിരിക്കുന്നു എന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്. തെരഞ്ഞെടുപ്പു കമ്മീഷനോടുള്ള ജനങ്ങളുടെ വിശ്വാസത്തിൽ കാര്യമായ മങ്ങലേറ്റിട്ടുണ്ട് എന്നാണ് 'സെൻറർ ഫോർ ദ സ്റ്റഡീസ് ഓഫ് ഡെവലപ്പ്മെൻ്റ് 'നടത്തിയ 'ലോക നീതി പ്രോഗ്രാം സർവ്വേ'യിൽ പ്രകടമാകുന്നത്. തെരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുന്ന രീതിക്കെതിരെ അനേകം വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നു വന്നിരുന്നു. കേന്ദ്രമന്ത്രിസഭയുടെ തീരുമാന പ്രകാരം പ്രധാനമന്ത്രി നിർദ്ദേശിക്കുന്നവരെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി പ്രസിഡണ്ട് നിശ്ചയിക്കുന്ന രീതി മാറണം എന്നാണ് ആവശ്യം ഉയർന്നത്. സുപ്രീം കോടതിയിൽ പലരും ഇതിനായി ഹർജികൾ ഫയൽ ചെയ്യുകയുണ്ടായി. 1975 ലെ ജസ്റ്റിസ് താർക്കുണ്ഡെ കമ്മിറ്റി റിപ്പോർട്ട് ,1990 ൽ പുറത്തു വന്ന ദിനേശ് ഗോസാമി കമ്മീഷൻ റിപ്പോർട്ട്, 2017 ലെ രണ്ടാം ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ട്. ലോ കമ്മീഷന്റെ 255 -ാം റിപ്പോർട്ട് എന്നിവയെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു മിക്ക ഹർജികളും. ഈ ഹർജികളെല്ലാം ഒന്നിച്ച് പരിഗണിച്ച സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് 2023 മാർച്ച് രണ്ടിന് (അനൂപ് വാറൻ വേഴ്സസ് ഇന്ത്യൻ യൂണിയൻ) കേസിൽ വിധി പറഞ്ഞു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസുമടങ്ങുന്ന സമിതി ആയിരിക്കണം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത് എന്നതായിരുന്നു ആ ചരിത്രപരമായ വിധി. എന്നാൽ മോഡി സർക്കാർ ഈ വിധിയെ മറി കടക്കാൻ 'ചീഫ് ഇലക്ഷൻ കമ്മീഷൻ ആൻഡ് അദർ കമ്മീഷൻ (അപ്പോയിൻമെന്റ് , കണ്ടീഷൻസ് ഓഫ് സർവീസസ് ആൻഡ് ടേം ഓഫ് ഓഫീസ്) ബിൽ 2023' പാസാക്കി. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പ്രധാനമന്ത്രിയും അദ്ദേഹം നിയമിക്കുന്ന കേന്ദ്രമന്ത്രിയും എന്നാക്കി മാറ്റി. ഈ നിയമ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് എതിരെ, സേവന കാലത്തോ സേവനം കഴിഞ്ഞതിനു ശേഷമോ അവർ ചുമതല വഹിച്ച കാലത്ത് ചെയ്ത പ്രവർത്തികൾക്കെതിരെ സിവിലോ, ക്രിമിനലോ ആയി കേസ് കൊടുക്കാൻ സാധിക്കാത്ത വിധം സമ്പൂർണ്ണ നിയമ പരിരക്ഷ നൽകി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഏത് നിയമവിരുദ്ധ പ്രവർത്തനത്തെയും ആർക്കും ചോദ്യം ചെയ്യാൻ പറ്റാത്ത സ്ഥിതിവിശേഷം ഉണ്ടാക്കി.
പ്രതിപക്ഷത്തായിരുന്നപ്പോൾ ബി ജെ പി ഉന്നയിച്ചിരുന്ന വിമർശനങ്ങൾ പോലും അവർ തൊണ്ട തൊടാതെ വിഴുങ്ങി. 2012 ജൂൺ 2 ന് ബിജെപിയുടെ പാർലമെൻ്ററി പാർട്ടി നേതാവായിരുന്ന എൽ കെ അദ്വാനി അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ഒരു കത്ത് അയച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെയും പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം നിയമിക്കുന്ന രീതിയിൽ അദ്ദേഹം വിമർശനമുന്നയിച്ചു. ഇത്തരം പ്രധാനപ്പെട്ട നിയമനങ്ങൾ ഭരണകക്ഷിയുടെ പ്രത്യേക അവകാശമായി നിലനിർത്തുന്നത്, തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ജനങ്ങളിൽ അവിശ്വാസം ജനിപ്പിക്കും; കൃത്രിമവും പക്ഷപാതിത്വവും വന്നുചേരാൻ ഇടയാക്കും. അദ്വാനി തന്നെ സൂചിപ്പിച്ച ഈ കൃത്രിമത്വവും പക്ഷപാതിത്വവും തന്നെയാണ് മോഡി ഭരണത്തിൽ അരങ്ങേറുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയ ഗ്യാനേഷ് കുമാറിന്റെ നിയമനത്തെ 'മിഡ് നൈറ്റ് ഡിസിഷൻ ' എന്നാണ് പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചത്. BJP കൊണ്ടുവന്ന തെരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള കേസ് 2024 മാർച്ച് 14ന് സുപ്രീംകോടതി പരിഗണിക്കാൻ ഇരിക്കവെയാണ് ഫെബ്രുവരി 17ന് അർദ്ധരാത്രി ഇദ്ദേഹത്തെ നിയമിക്കുന്നത്. സംഘപരിവാറിന്റെ മുഖ്യ അജണ്ടകളിൽ ഒന്നായിരുന്ന 370-ാം വകുപ്പ് റദ്ദാക്കുന്നതിലും ജമ്മു കാശ്മീരിനെ മൂന്നായി വിഭജിക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചത് ഇതേ ഗ്യാനേഷ് കുമാറായിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ചുക്കാൻ പിടിച്ചതും ഇദ്ദേഹം തന്നെയാണ്. ശ്രീരാമജന്മഭൂമി 'തീർത്ഥ ട്രസ്റ്റി'ന്റെ രൂപീകരണത്തിലും നിർണ്ണായക പങ്കു വഹിച്ച വ്യക്തിയാണ് ഇയാൾ .മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയലിന് 2027 വരെ സർവീസ് ഉണ്ടായിരുന്നിട്ടും 2024 മാർച്ച് എട്ടിന് അദ്ദേഹം രാജി വച്ചു. മറ്റൊരു കമ്മീഷണർ ആയിരുന്ന അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നു. രാജീവ് കുമാർ മാത്രം അവശേഷിച്ചു. ഈ സമയത്താണ് ഗ്യാനേഷ് കുമാറിനെയും സുഖ് വീർ സിംഗ് സിന്ധുവിനെയും കമ്മീഷണർമാരായി നിയമിച്ചത്.
അരുൺ ഗോയൽ സംഘപരിവാറിന് പ്രിയപ്പെട്ടവൻ ആയിരുന്നെങ്കിലും അദ്ദേഹം എന്തുകൊണ്ട് രാജിവച്ചു എന്ന് ഇപ്പോഴും വ്യക്തമല്ല. സംഘപരിവാറിന്റെ നിയന്ത്രണത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ മോചിപ്പിക്കേണ്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്
2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ വീഡിയോ ക്ലിപ്പിംഗ്സടക്കം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിൽ മൊഹ്മദ് പ്രാച്ച ഒരു ഹർജി ഫയൽ ചെയ്തു. 1961 ലെ തെരഞ്ഞെടുപ്പ് നിയമത്തിലെ 93 (2) ( A ) പ്രകാരം ഈ ഡോക്യുമെൻ്റുകളെല്ലാം ഡിസംബർ 24 നു മുമ്പ് നൽകാൻ 9-ാം തിയതി വിധി പ്രസ്താവിച്ചു. ഇത് പാലിക്കാതെ ഈ വകുപ്പ് തന്നെ സർക്കാർ ഭേദഗതി ചെയ്തു. തെരഞ്ഞടുപ്പു സംബന്ധിച്ച രേഖകൾ കോടതി ചോദിച്ചാൽ പോലും നൽകേണ്ടതില്ലെന്നായിരുന്നു ഈ ഭേദഗതി .സുതാര്യമായ തെരഞ്ഞെടുപ്പും ഇതിനെ സംബന്ധിച്ച് അറിയാനുള്ള ജനങ്ങളുടെ അവകാശവും മോഡി സർക്കാർ എടുത്ത് മാറ്റിയിരിക്കുകയാണ്.
*മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പ്:*
*അട്ടിമറിയുടെ പുതിയ പരീക്ഷണം*
2018 ലെ മദ്ധ്യപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിലും 2019 ലേയും 2024 ലേയും പാർലമെൻ്റ് തെരഞ്ഞെടുപ്പുകളിലും ഉയർന്ന കൃത്രിമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ വലിയ ചർച്ചയായില്ല. എന്നാൽ മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിലെ കൃത്രിമങ്ങൾ വലിയ ചർച്ചകൾക്ക് വിധേയമായി. പ്രായപൂർത്തിയായവരേക്കാൾ കൂടുതൽ വോട്ടർമാർ എങ്ങനെ വന്നു എന്ന് പ്രതിപക്ഷ നേതാവു തന്നെ സംശയം ഉന്നയിക്കുകയുണ്ടായി. കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കുടുംബ - ആരോഗ്യ സർവ്വെ പ്രകാരം, മഹാരാഷ്ട്രയിലെ പ്രായപൂർത്തിയായവർ 9.54 കോടിയാണ്. എന്നാൽ വോട്ടർ പട്ടികയിലെ വോട്ടർമാരുടെ എണ്ണം 9.70 കോടിയായി വർദ്ധിച്ചു. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 8.98 കോടി വോട്ടർമാരാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം 9.29 കോടിയായി. അഞ്ചു വർഷം കൊണ്ട് 31 ലക്ഷം വോട്ടർമാരാണ് വർദ്ധിച്ചത്. എന്നാൽ ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം അഞ്ചു മാസം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പെത്തിയപ്പോൾ 41ലക്ഷം വോട്ടർമാർ വർധിച്ചു. അഞ്ചു വർഷം കൊണ്ട് 31 ലക്ഷം വോട്ടർമാരുടെ വർദ്ധനവുണ്ടായ സംസ്ഥാനത്ത് അഞ്ചു മാസം കൊണ്ട് 41 ലക്ഷം വർദ്ധനവുണ്ടായി.
നവംബർ 20 ന് ഇലക്ഷൻ കമ്മീഷനു ലഭിച്ച കണക്കുകൾ 6.14 pm ന് No: ECI/PN/163/2024 കമ്യൂണിക്കെ പ്രകാരം മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലും സമാധാനപരമായി തെരഞ്ഞെടുപ്പ് നടന്നു. 58.22 ശതമാനം പേർ സമ്മതിദാനാവകാശം ഉപയോഗിച്ചതായും അറിയിച്ചു. 5,64,88,024 പേർ വോട്ട് ചെയ്തു എന്നായിരുന്നു ആദ്യ പ്രഖ്യാപനം. 11.45 pm ന് അപ്ഡേറ്റ് ചെയ്ത ഡാറ്റ വെച്ച് 11.53 pm ന് No ECl/PN/164/24 കമ്യൂണിക്കെ പ്രകാരം 65.02 ശതമാനമായി. 6,30,85,732 പേർ വോട്ടു ചെയ്തതായി രണ്ടാമത്തെ കമ്യൂണിക്കെയിൽ അറിയിച്ചു. 6.14 ൻ്റെ ഒന്നാം അറിയിപ്പിനും 11.45 ൻ്റെ രണ്ടാം അറിയിപ്പിനുമിടക്ക് 65,97,708 വോട്ടുകളാണ് വർദ്ധിച്ചത്. നവംബർ 23 ന് വോട്ടെണ്ണുന്നതിന് ഒരു മണിക്കൂർ മുൻപ് വീണ്ടും ശതമാനം വർദ്ധിപ്പിച്ച് 66.05 ശതമാനമാക്കി. അപ്പോൾ വോട്ടുകൾ വർദ്ധിച്ചത് 9 ,99,359. മൊത്തം വോട്ടുകളുടെ വർദ്ധനവ് 75,97,067. 7.83 ശതമാനത്തിൻ്റെ ഈ വോട്ടു വർദ്ധനവ് സമാനതകളില്ലാത്തതാണ്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ്റെ ഭർത്താവ് ഡോക്ടർ പരകാല പ്രഭാകർ ആണ് മുകളിൽ സൂചിപ്പിച്ച ഡാറ്റ പുറത്തു വിട്ടത്.
പ്രതിപക്ഷ നേതാവിൻ്റെ ഓഗസ്റ്റ് 7 ലെ പത്രസമ്മേളനത്തിനു ശേഷം ന്യൂസ് ലോൻട്രി , ആൾട്ട് ന്യൂസ്, റിപ്പോർട്ടേഴ്സ് കളക്ടീവ്, ദ വയർ, ദ സ്ക്രോൾ എന്നിവയെല്ലാം വോട്ടു കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തെത്തിച്ചു കൊണ്ടിരിക്കുകയാണ്. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ആകെ പോൾ ചെയ്തത് 5,71,79,131 വോട്ടാണ്. അഞ്ചു മാസത്തിനു ശേഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ 6,40,88,195 വോട്ടായി അത് മാറി. 69,09,064 വോട്ട് കൂടിയപ്പോൾ ഇതിൽ 67,61,808 വോട്ടും BJP മുന്നണിയ്ക്കാണ് കിട്ടിയത്. 2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് BJP മുന്നണിയ്ക്കു കിട്ടിയത് 2,43,45,345 വോട്ടാണ്. അസംബ്ലി തെരഞ്ഞെടുപ്പെത്തിയപ്പോൾ 3,11,07,146 വോട്ടായി ഉയർന്നു. പുതുതായി 69 ലക്ഷം വോട്ട് വർദ്ധിച്ചപ്പോൾ അതിൽ ഏതാണ്ട് 68 ലക്ഷത്തോളവും BJP മുന്നണിക്ക് നൽകിയ മായാജാലത്തിൻ്റെ പേരാണ് വോട്ട് കൊള്ള എന്നത്.
*മക്കൻവാഡിയിലെ ജനകീയ പ്രതിഷേധം*
മഹാരാഷ്ട്രയിലെ ഷോലാപൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് മക്കൻവാഡി .ഈ ഗ്രാമം അടങ്ങുന്ന അസംബ്ലി മണ്ഡലത്തിൽ ശരത് പവാർ വിഭാഗം എൻ.സി. പി സ്ഥാനാർഥിയാണ് ജയിച്ചതെങ്കിലും ബി.ജെ പി യ്ക്ക് അവിടെ നിന്നും ലഭിച്ച വോട്ടിൽ ഗ്രാമവാസികൾക്ക് സംശയം ജനിച്ചു. രണ്ടായിരം വോട്ടർമാർ ഉള്ള ഈ പ്രദേശത്ത് 1846 പേരാണ് വോട്ട് ചെയ്തത്. ബിജെപിക്ക് 1003 വോട്ട് തങ്ങളുടെ ഗ്രാമത്തിൽ നിന്ന് ലഭിക്കുകയില്ല എന്ന് അവർ ഉറച്ചു വിശ്വസിച്ചു. അതുകൊണ്ട് തങ്ങളുടെ ഗ്രാമത്തിലെ ജനത ആർക്കാണ് യഥാർത്ഥത്തിൽ വോട്ട് ചെയ്തതെന്ന് തെളിയിക്കാൻ ബാലറ്റിലൂടെ ഒരു മോക്ക് ഇലക്ഷൻ നടത്താൻ അവർ തീരുമാനിക്കുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. 2000 ജനങ്ങളുള്ള ആ ഗ്രാമത്തിൽ നാലായിരത്തോളം പോലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ച് സത്യമറിയാനുള്ള അവരുടെ ശ്രമങ്ങളെ സർക്കാർ തടഞ്ഞു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ കുറിച്ച് ഉയർന്നുവന്ന വിമർശനങ്ങളെ മുഴുവൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞു. 1.03 ലക്ഷം ബൂത്ത് തല ഏജന്റുമാർ വോട്ടർ പട്ടിക തയ്യാറാക്കുമ്പോൾ ഉണ്ടായിരുന്നതിനാൽ ഈ ആരോപണങ്ങളൊന്നും ശരിയല്ല എന്നാണ് കമ്മീഷന്റെ നിലപാട്. ഉടമസ്ഥൻ മതിലു ചാടിയാൽ വളർത്തുപട്ടി കുരയ്ക്കാറില്ലല്ലോ!
*ബീഹാർ തെരഞ്ഞെടുപ്പ്: SIR അട്ടിമറിക്ക് പുതിയ തന്ത്രങ്ങൾ.*
ബീഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച എസ് ഐ ആർ (വോട്ടേഴ്സ് ലിസ്റ്റിന്റെ തീവ്ര പരിശോധന - SIR - Special Intensive Revision) വ്യാപകമായ പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്. വോട്ടർമാരുടെ പൗരത്വം തെളിയിക്കാൻ 11 രേഖകളാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ആധാർ കാർഡ്, ഇലക്ഷൻ ഐ ഡി, റേഷൻ കാർഡ് എന്നിവ പറ്റില്ലെന്ന് കമ്മീഷൻ ശഠിച്ചു.
സുപ്രീം കോടതിയുടെ ഇടപെടൽ മൂലം ഇപ്പോൾ ആധാർ കാർഡിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി ബുക്ക്, ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് തുടങ്ങിയവയാണ് ഈ 11 രേഖകളിൽ ഉൾപ്പെട്ടിരിക്കുന്നത്. ബീഹാറിൽ സർക്കാർ ജോലിക്കാർ തന്നെ 20.47 ലക്ഷം പേരാണ്. കുടുംബ - ആരോഗ്യ സർവ്വേ പ്രകാരം പാസ്പോർട്ട് ഉള്ളത് 2.4 ശതമാനം പേർക്കു മാത്രമാണ്. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റുകൾ 50% പേർക്കു മാത്രമാണ് ഉള്ളത്. 3.28% പേർക്കാണ് ജനന സർട്ടിഫിക്കറ്റ് ഉള്ളത്. വോട്ടേഴ്സ് ലിസ്റ്റ് പരിശോധിക്കാൻ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് 62 ദിവസം മാത്രമാണ് ലഭിച്ചത്. ജൂലൈ മുതൽ ഓഗസ്റ്റ് 31 വരെ ആളുകൾ രേഖകൾ സമർപ്പിച്ചാൽ ഓരോ നിയോജക മണ്ഡലത്തിലും ശരാശരി രണ്ടു ലക്ഷം രേഖകൾ ഓരോ ഓഫീസർമാരും പരിശോധിക്കേണ്ടി വരും.
2019 ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പാർലമെന്റിൽ അറിയിച്ചത്, വിദേശ പൗരന്മാരുടെ പേരുകൾ വോട്ടേഴ്സ് ലിസ്റ്റിൽ കുറവാണ് എന്നായിരുന്നു. 2016, 2017, 2018 വർഷങ്ങളിൽ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും 2019 ൽ മൂന്നു പേരുകൾ മാത്രമാണെന്നും ആയിരുന്നു കമ്മീഷൻ നൽകിയ റിപ്പോർട്ട്. ബീഹാറിൽ എൻ ആർ സി (NRC- National Register of Citizenship - ദേശീയ പൗരത്വ രജിസ്റ്റർ) നടപ്പാക്കില്ലെന്ന് 2021 നവംബർ 28ന് സംസ്ഥാന നിയമസഭ ഐകകണ്ഠ്യേന പ്രമേയവും പാസാക്കിയിരുന്നതാണ്. അതിനു വിപരീതമായി, എസ് ഐ ആറിലൂടെ എൻ ആർ സി നടപ്പാക്കാനുള്ള ഗൂഢശ്രമമാണ് അവിടെ അരങ്ങേറുന്നത്.
കഴിഞ്ഞ ബീഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ 0.23% മാത്രമായിരുന്നു എൻ ഡി എ യും ഇന്ത്യാ സഖ്യവും തമ്മിലുള്ള വോട്ട് വ്യത്യാസം. എൻ ഡി എക്ക് 37.26 ശതമാനവും ഇന്ത്യാ സഖ്യത്തിന് 37.23 ശതമാനവും ആയിരുന്നു വോട്ട് വിഹിതം. 50 സീറ്റിൽ 3500 വോട്ടിന് താഴെയും 11 സീറ്റിൽ ആയിരം വോട്ടിന് താഴെയും ആയിരുന്നു എൻ ഡി എയുടെ വിജയം 112, 464, 964 വോട്ടുകൾക്ക് മാത്രം ജയിച്ച മണ്ഡലങ്ങളും ഉണ്ട്. അതുകൊണ്ടാണ് ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്യാൻ സാധ്യതയുള്ള ജനവിഭാഗങ്ങളെ കൂട്ടത്തോടെ ലിസ്റ്റിൽ നിന്നും വെട്ടി മാറ്റുന്നത്.
ഇന്ത്യയുടെ ആഭ്യന്തര കുടിയേറ്റം 37 ശതമാനം ആണെങ്കിൽ ബീഹാറിൽ മാത്രം 36% ആണ്.ജോലി ചെയ്യാൻ പ്രായമുള്ള ബീഹാറികൾ 20% വും സംസ്ഥാനത്തിന് പുറത്താണ് ഉള്ളത്. 2011ലെ സെൻസസ് പ്രകാരം,13.9 മില്യൺ ബീഹാറികളും സംസ്ഥാനത്തിനു പുറത്തായിരുന്നുവെങ്കിൽ ഇന്ന് അത് 17 - 18 ദശലക്ഷത്തോളം വരും. വോട്ട് കൊള്ളയിലൂടെ ബീഹാർ ഭരണം പിടിക്കാനുള്ള തന്ത്രങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ബീഹാറിലെ വോട്ടർമാർ 7.89 കോടിയായിരുന്നു. 2003 ലെ വാേട്ടർമാരാകട്ടെ 4.96 കോടിയും. 2003 ന് ശേഷം വോട്ടർ പട്ടികയിൽ വന്നിട്ടുള്ള 2.93 കോടി വോട്ടർമാർ തങ്ങളുടെ ജനനതീയതിയും മാതാപിതാക്കളുടെ വിവരങ്ങളുമെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകണം. ജൂൺ 29 മുതൽ ഇത് പരിശോധിച്ച് സെപ്റ്റംബർ 30 ന് പുതിയ വോട്ടർ പട്ടിക പുറത്തിറക്കാനാണ് പദ്ധതി. ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് മാറ്റിവെച്ചിരുന്ന NRC ബീഹാർ തെരഞ്ഞെടുപ്പിലൂടെ പ്രയോഗത്തിൽ വരുത്താനുള്ള മോദി സർക്കാരിൻ്റെ ഗൂഢ നീക്കത്തിന് ചുക്കാൻ പിടിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത് ബീഹാറിൽ മാത്രമൊതുങ്ങുന്ന പ്രതിഭാസമായിരിക്കില്ല.
2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മീററ്റ്, ഫറൂക്കാബാദ്, ചാന്ദ്നി ചൗക്ക് മണ്ഡലങ്ങളെക്കുറിച്ച് ന്യൂസ് ലോൺട്രി ഒരു പഠനം നടത്തുകയുണ്ടായി. ബി ജെ പി ക്ക് വോട്ട് ചെയ്യാൻ സാന്ധ്യതയില്ലാത്ത മുസ്ലീം, ജാട്ട്, ദളിത് വിഭാഗങ്ങളുടെ പേരുകൾ വ്യാപകമായി വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് വെട്ടിമാറ്റിയിരുന്നു എന്നാണ് ആ പഠനം കണ്ടെത്തിയത്. ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കു ഭൂരിപക്ഷമുള്ള ഗയ, പൂർണിയ, ദർബംഗ, മുസാഫർ, ബഗൽപൂർ തുടങ്ങിയ സ്ഥലങ്ങളിലെ വോട്ടർമാരെ വ്യാപകമായി വെട്ടിമാറ്റുന്നു എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
മാധ്യമങ്ങളുടെ തുടർച്ചയായ അന്വേഷണങ്ങളുടെ ഫലമായി ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വോട്ടേഴ്സ് ലിസ്റ്റിനെക്കുറിച്ചുള്ള പരാതി 33,326 പേർ മാത്രമാണ് നൽകിയത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.
7.24 കോടി വോട്ടർമാരുടെ ലിസ്റ്റിൽ 3 ലക്ഷം പേരോട് മതിയായ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷൻ പറയുന്നു. എന്നാൽ, ബൂത്ത് തല ഏജൻ്റുമാർ നൽകിയ 89 ലക്ഷം പരാതികളും കമ്മീഷൻ തള്ളിക്കളഞ്ഞുവെന്നാണ് കോൺഗ്രസ് നേതാവ് പവൻ ഖേര പറയുന്നത്.
ബീഹാറിലെ 243 അസംബ്ലി മണ്ഡലങ്ങളിൽ 36 അസംബ്ലി മണ്ഡലങ്ങളുള്ള പാറ്റ്ന , മധുബാനി, കിഴക്കൻ ചമ്പാരൻ എന്നീ ജില്ലകളിൽ മാത്രം 10,63,000 പേരുകളാണ് ലിസ്റ്റിൽ നിന്നും വെട്ടിക്കളഞ്ഞിരിക്കുന്നത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ഈ 36 എം എൽ എ മാർക്കും കൂടി ലഭിച്ച ഭൂരിപക്ഷത്തിൻ്റെ (പത്തര ലക്ഷം) അത്രയ്ക്കും വോട്ടുകളാണ് വെട്ടിമാറ്റിയിരിക്കുന്നത്. സ്ഥിരതാമസമില്ലെന്നു പറഞ്ഞ് 3,90,365 പേരെയാണ് ഒഴിവാക്കിയത്. പതിറ്റാണ്ടുകളായി ഇവിടെ സ്ഥിരമായി താമസിക്കുന്നവരാണ് ഇവർ. മരിച്ചെന്ന് പറഞ്ഞ് വെട്ടിമാറ്റിയത് 3,42,430 പേരെയാണ്. ഇതിൽ മഹാഭൂരിപക്ഷവും ജീവിച്ചിരിക്കുന്നുണ്ട്. ഒരു പഞ്ചായത്തിൽ മാത്രം മരിച്ചവരുടെ ലിസ്റ്റ് പരിശോധിച്ചപ്പോൾ 72 ശതമാനം പേരും ജീവിച്ചിരിക്കുന്നുണ്ട് എന്നാണ് 'ന്യൂസ് ലോൺട്രി' റിപ്പോർട്ടു ചെയ്തത്. BLO മാർ വീട്ടിൽ വന്നപ്പോൾ കാണാതായവർ എന്നു പറഞ്ഞ് വെട്ടിമാറ്റിയത് 2,25,241 'പേരെയാണ്. കുടുംബനാഥൻ ജോലിക്ക് പോയിരിക്കുകയാണെങ്കിൽ കാണാനില്ല എന്ന് പറഞ്ഞ് വീട്ടിലെ മറ്റു അംഗങ്ങളുടെ പേരുകൾ ലിസ്റ്റിൽ നിന്നും വെട്ടിമാറ്റിയത് എന്തുകൊണ്ട്? വോട്ടിരട്ടിപ്പിൻ്റെ പേരു പറഞ്ഞ് 1,04,426 പേരെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇവർ ഒരു സ്ഥലത്തും വോട്ട് ഇല്ലാത്തവരായി മാറി. റിപ്പോർട്ടർ കളക്ടീവ് എന്ന ഓൺലൈൻ പോർട്ടൽ 39 മണ്ഡലങ്ങളിലെ വോട്ടേഴ്സ് ലിസ്റ്റ് പരിശോധിച്ചപ്പോൾ 3,76,000 വ്യാജ വോട്ടുകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ടു ചെയ്തത്. 1,87,643 കേസുകൾ പരിശോധിച്ചപ്പോളാണ് ഈ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
65 ലക്ഷം വോട്ടർമാരെ വെട്ടിമാറ്റിയപ്പോൾ ലക്ഷക്കണക്കിനു ആളുകളെയാണ് പുതുതായി ചേർത്തിരിക്കുന്നത്. ഒരു വീട്ടിൽ താമസിക്കുന്നു എന്ന് പറയുന്ന 1089 വോട്ടർമാരെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള 2243 വ്യാജ വിലാസങ്ങളും കണ്ടെത്തിയിട്ടുണ്ട്. പൂർണിയ ഡിവിഷനിൽ ഒറ്റ മുറി വീട്ടിൽ 197 വോട്ടർമാർ! ബൂത്ത് നമ്പർ 222 നു കീഴിൽ (വീട്ടു നമ്പർ 82) ചന്ദൻ യാദവിൻ്റെ ഉടമസ്ഥതയിലുള്ള അമ്പലത്തിൽ അയാളറിയാത്ത 153 താമസക്കാർ. സഞ്ജയ് കുമാർ എന്ന കച്ചവടക്കാരൻ്റെ വീട്ടിൽ അയാളറിയാത്ത 22 വോട്ടർമാർ. പിപ്ര മണ്ഡലത്തിലെ ഗലിപൂർ വില്ലേജിലെ 319-ാം നമ്പർ ബൂത്തിൽ ശിവനാഥ് ദാസ് എന്നയാളുടെ വീട്ടിൽ 509 വോട്ടാണ് കണ്ടെത്തിയത്. ഈ രണ്ടു മുറി വീട്ടിൽ ബ്രാഹ്മണരും ക്ഷത്രിയരും പട്ടികജാതിക്കാരനും ഒന്നിച്ചു താമസിക്കുന്നുവത്രേ! അതേ ഗ്രാമത്തിലെ 320-ാം ബൂത്തിൽ അജയകുമാർ എന്നയാളുടെ വീട്ടിൽ 450 വോട്ടർമാർ !! തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ പറയുന്നത് 15, 32,438 പുതിയ വോട്ടർമാർ അപേക്ഷ നൽകിയിട്ടുണ്ട് എന്നാണ്.
തൃശൂർ പാർലമെൻ്റ് മണ്ഡലത്തിൽ സമാനമായ കള്ളത്തരങ്ങളാണ് അരങ്ങേറിയത്. ജില്ലയുടെ മറ്റു ഭാഗങ്ങളിൽ നിന്നും ജില്ലക്ക് പുറത്തു നിന്നും ആയിരക്കണക്കിനാളുകളെ ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റുകളുടെ മേൽവിലാസമുപയോഗിച്ച് വോട്ടേഴ്സ് ലിസ്റ്റിൽ തിരുകിക്കയറ്റി. പരാതികൾ നൽകിയപ്പോൾ അതൊന്നും കളക്റ്റർ സ്വീകരിക്കുകയുണ്ടായില്ല. ഇന്ത്യ മുഴുവൻ അരങ്ങേറിയ അതേ കള്ളത്തരങ്ങൾ തന്നെയാണ് തൃശൂരിലെ BJP സ്ഥാനാർത്ഥിയുടെ വിജയത്തിൻ്റെയും അടിസ്ഥാനം.
*സുപ്രീം കോടതിയെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമം*
CBI , NIA, ED, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവയെയെല്ലാം സംഘപരിവാറിൻ്റെ ചട്ടുകങ്ങളാക്കി മാറ്റിയതു പോലെ സുപ്രീം കോടതിയേയും തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഗുജറാത്തിൽ നിന്ന് മൂന്നാമതൊരാളെ കൂടി സുപ്രീം കോടതി ജഡ്ജിയാക്കി നിയമിച്ചിരിക്കുന്നത് ഈ ദുഷ്ടലാക്കോടു കൂടിയാണ്. 56 പേരുടെ സീനിയോരിറ്റി മറി കടന്നാണ് വിപുൽ എം പഞ്ചോലിയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചിരിക്കുന്നത്. ജാർഖണ്ഡ്, ഒഡീഷ, ജമ്മു കാഷ്മീർ, മേഘാലയ,ഉത്തരാഖണ്ഡ്, ത്രിപുര തുടങ്ങിയ എട്ടോളം സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയിൽ പ്രാതിനിധ്യം ഇല്ലാതിരിക്കുമ്പോഴാണ് ഗുജറാത്തിൽ നിന്ന് മൂന്നു സുപ്രീം കോടതി ജഡ്ജിമാർ ഉണ്ടായിരിക്കുന്നത്. ഗുജറാത്തിൽ നിന്നുള്ള ജസ്റ്റിസ് ജെ. ബി. പർദ്ധിവാല 2028 മെയ് മുതൽ 2030 ആഗസ്റ്റ് വരെ ചീഫ് ജസ്റ്റിസ് ആയിരിക്കും. 2029 ലാണ് അടുത്ത പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. 2031 മുതൽ 2033 മെയ് വരെ പഞ്ചോലിയായിരിക്കും ചീഫ് ജസ്റ്റിസ്. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ പ്ലീഡർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്തിരുന്ന ആളാണ് പഞ്ചോലി. സംവരണം പോലുള്ള വിഷയങ്ങളിൽ സംഘപരിവാറിൻ്റെ നിലപാടുകൾ ഉയർത്തിപ്പിടിച്ചിരുന്നയാളാണ് ജസ്റ്റിസ് പർദ്ധിവാല. സുപ്രീം കോടതിയിലെ നീതിയുടെ ഒറ്റപ്പെട്ട ശബ്ദങ്ങളെപ്പോലും ഇല്ലാതാക്കി, മതരാഷ്ട്ര രൂപീകരണത്തിനു പച്ചക്കൊടി കാണിക്കാൻ കോടതിയെ സന്നദ്ധമാക്കുക തന്നെയാണ് ലക്ഷ്യം.
എല്ലാ വിധ തട്ടിപ്പുകൾ നടത്തിയിട്ടും 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ ആകെ 23,59,77,935 വോട്ടുകളാണ് ബി ജെ പി ക്ക് ലഭിച്ചത്. പോൾ ചെയ്ത വോട്ടുകളിൽ വെറും 36 ശതമാനം മാത്രം. 140 കോടിയിലധികം ജനങ്ങളുള്ളൊരു രാജ്യത്ത് 24 കോടിയിൽ താഴെ ആളുകളുടെ മാത്രം പിന്തുണയേ ഈ ഫാസിസ്റ്റ് ശക്തികൾക്ക് ലഭിച്ചിട്ടുള്ളു. ഭിന്നിപ്പിൻ്റേയും വെറുപ്പിൻ്റേയും വൈറസുകൾ വിതറി, കുത്തക മൂലധനത്തിൻ്റെ സഹായത്തോടെ സമ്മതി നിർമ്മിച്ചെടുക്കുകയാണവർ.
മാർക്സിസ്റ്റ് ദാർശനികനായ ഐജാസ് അഹമ്മദിൻ്റെ ഒരു അഭിമുഖം 2019 ജൂലൈയിൽ 'ഫ്രണ്ട് ലൈൻ' മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. 'ഭരണകൂടത്തെ അകത്തു നിന്നു തന്നെ പിടിച്ചടക്കിയിരിക്കുന്നു' എന്നായിരുന്നു തലക്കെട്ട്. 'ഇന്ത്യയിൽ നില നിൽക്കുന്ന ലിബറൽ സ്ഥാപനങ്ങളെ അംഗീകരിക്കുന്നതിൽ ആർ എസ് എസിന് പഴയ വൈമുഖ്യമൊന്നുമില്ല. അവരുടെ ലക്ഷ്യം പക്ഷെ, ഈ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം അകത്തു നിന്ന് പിടിച്ചെടുത്ത് ദ്രവിപ്പിക്കുകയും അങ്ങനെ ദീർഘകാല ഭരണകൂടാധികാരം കൈക്കലാക്കുകയെന്നതുമാണ്. ഭരണകൂട സ്ഥാപനങ്ങൾ പിടിച്ചെടുത്ത് അതിൻ്റെ മുനയും മൂർച്ചയും ചെത്തി മാറ്റി ഇതേ ഭരണകൂട സ്ഥാപനങ്ങളിലുടെ സംഘപരിവാർ നടത്തുന്ന ലോങ് മാർച്ചിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഭരണകൂട സ്ഥാപനങ്ങളിലൂടെയുള്ള രഥയാത്രയിലാണവർ വ്യാപൃതരായിരിക്കുന്നത്. മർമ്മപ്രധാനമായ ഈ സ്ഥാപനങ്ങൾ ഭാഗികമായോ പൂർണ്ണമായോ അവർ കൈപ്പെടുത്തിയിരിക്കുന്നു'. ഐജാസ് അഹമ്മദ് ചൂണ്ടിക്കാണിച്ച വസ്തുതക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. ഫാസിസ്റ്റുകളുടെ ഈ തേരോട്ടത്തെ പ്രതിരോധിക്കേണ്ടത് ജനാധിപത്യ ശക്തികളുടെ കടമയാണ്. രാജ്യത്തെ വീണ്ടെടുക്കാനുള്ള മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യം ഊട്ടിയുറപ്പിക്കേണ്ട കാലഘട്ടമാണിത്. ഈ ലക്ഷ്യത്തോടെ, ഒരു ഫാസിസ്റ്റ് വിരുദ്ധ ഐക്യനിര വളർത്തിക്കൊണ്ടുവരേണ്ടത് രാജ്യത്തിൻ്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്.