വിളകൾക്ക് ‘നിയമപ്രാബല്യമുള്ള വിപണി താങ്ങുവില’ എന്നത് ന്യായമായ ഒരു ആവശ്യമാണ്. പക്ഷേ, അന്താരാഷ്ട്ര ഫിനാൻസ് മൂലധനവും ഒലിഗാർക്കിക് കുത്തക ബൂർഷ്വാസിയുമെന്ന ഇരട്ടക്കൂട്ടുകെട്ടിൻ്റെ പ്രാങ് മൂലധന സമാഹരണം അഥവാ, പ്രിമിറ്റിവ് അക്യൂമുലേഷൻ ഓഫ് ക്യാപ്പിറ്റൽ എന്ന ശത്രുതാപരമായ ആക്രമണത്തിനടിയിൽ ഇത് നടപ്പാക്കക്കുക കഠിന പ്രയാസകരമാണ്. കാരണം, പ്രാങ് മൂലധന സമാഹരണത്തിൽ ചെറുകിട ഭൂ ഉടമസ്ഥത വാടിക്കൊഴിഞ്ഞു പോകും. ( അമേരിക്കയിലെ തെക്കൻ സ്റ്റേറ്റുകളിലെ ഫ്യൂഡൽ എസ്റ്റേറ്റുകളും അടിമത്തവും ആഭ്യന്തരയുദ്ധത്തിൽ മാഞ്ഞുപോയതിനെപ്പറ്റി ‘ഗോൺ വിത്ത് ദ വിൻ്റ് ’എന്ന സിനിമയിൽ കാണിക്കുന്നതുപോലെ) വീടു നിർമ്മാണം പോലും കുത്തക ബൂർഷ്വാ ബിസിനസ്സിന്റെ കൈവശത്തിലാകും. പ്രാദേശിക റിയൽ എസ്റ്റേറ്റ് വറ്റിപ്പോകും. അന്താരാഷ്ട്ര ഫിനാൻസ് മൂലധനത്തിന്റെ ശക്തികളാൽ നിയക്കപ്പെട്ട്, ഒലിഗാർക്കിക് കുത്തക മൂലധനം നയിക്കുന്ന ഒരു സംഘടിത വേട്ടയാണ് ഭൂഉടമസ്ഥതയ്ക്കും കാർഷിക മേഖലയ്ക്കും നേരെ നടക്കാൻ പോകുന്നത്.
അതിനാൽ, ‘സംഘടിത ഉടമസ്ഥതാ രീതിയും സംഘടിത ഭൂവിനിയോഗവും’ ഒരു തന്ത്രപരമായ പ്രതിരോധമാർഗ്ഗമായി മുന്നോട്ടുവെച്ചാൽ മാത്രമേ പുരോഗാമിത്വവും ലക്ഷ്യാനുസൃതവുമായ ഒരു പ്രത്യാക്രമണ സാധ്യത കർഷകർക്ക് ഉണ്ടാകയുള്ളൂ. വൻതോതിലുള്ള സഹകരണ കൃഷി, വിളകളെ അടിസ്ഥാനമാക്കിയുള്ള വ്യാവസായിക ഉൽപാദനം, വിപണനം/ മാർക്കറ്റിങ്ങ് എന്നീ മൂന്ന് മേഖലകളിലും സഹകരണ സംഘങ്ങളുടെ കൺസോർഷ്യങ്ങൾ അഥവാ, സഹകരണ സംഘ കൂട്ടുകെട്ടുകൾ സൃഷ്ടിക്കുന്നത് അത്തരമൊരു പ്രത്യാക്രമണ പദ്ധതിയുടെ തുടക്കമായിരിക്കും.
‘നിയമപ്രാബല്യമുള്ള വിപണി താങ്ങുവില’ എന്ന ഡിമാൻ്റിൽ നിന്ന് കൂടുതൽ ആഴമേറിയതും വ്യാപ്തിയുള്ളതുമായ സമരത്തിൻ്റെ ഡിമാൻ്റുകളിലേക്ക് കടക്കാൻ ഇത് കർഷകരെ കാതലായി സഹായിക്കും. ഇതിന് തുനിഞ്ഞിറങ്ങുന്നില്ലെങ്കിൽ, ഇത്തരം പുരോഗാമിത്വമുള്ള മാറ്റത്തിനുള്ള കഴിവില്ലാതെ കർഷക പ്രസ്ഥാനം സ്തംഭനത്തിന്റെ ചതുപ്പിൽ പെട്ട് കുടുങ്ങിപ്പോകും.
കൂടാതെ, കർഷകർ ഇത്തരം ഒരു പുതിയ പ്രത്യാക്രമണശീലം സ്വീകരിക്കുമ്പോൾ മാത്രമേ അവർക്ക് സംഘടിത ആധുനിക വ്യവസായ തൊഴിലാളി വർഗ്ഗത്തിന്റെ (ഓർഗനൈസ്ഡ് മോഡേൺ ഇൻ്റസ്ട്രിയൽ വർക്കിങ് ക്ലാസ് / മോഡേൺ പ്രോലിറ്റേറിയറ്റ് )നേതൃത്വം ലഭിക്കൂ.
തൊഴിലാളി-കർഷക സഖ്യത്തിന്റെ കൂടുതൽ ഉയർന്ന രാഷ്ട്രീയ-സാമ്പത്തിക ഉള്ളടക്കവും രൂപവുമുള്ള ഈ പുതിയ അധ്യായത്തിലൂടെ മാത്രമേ, സാമ്രാജ്യത്വ യുഗത്തിലെ നവ-കൊളോണിയൽ ഘട്ടത്തിന്റെ ഇപ്പോഴത്തെ വന്യദശയായ നിയോക്ലാസിക്കൽ സാമ്പത്തികശാസ്ത്രം-നയിക്കുന്ന നിയോലിബറൽ നയങ്ങളെ മറികടക്കാൻ തൊഴിലാളിവർഗ്ഗത്തിനും കർഷകർക്കും സാധിക്കുകയുള്ളൂ.
അല്ലാതെ, ചെറുകിട ഉടമസ്ഥതയെ സംരക്ഷിച്ച് നിർത്താൻ വേണ്ടിയുള്ള കുള്ളൻ ഡിമാൻ്റുകളിൽ തറഞ്ഞു നിന്നുകൊണ്ട് സാധ്യമല്ല.
അതൊരു മൂഢ പ്രതിരോധവും പരാജയപർവ്വവുമാവും; എത്ര ധീരമായി അത് ചെയ്താലും.