FREDY K THAZHATH:-ഇത് തിരിച്ചറിയലാണ് ഇന്നത്തെ കണ്ണായ ഇടതുപക്ഷ കടമ.

FREDY K THAZHATH

 

ഇത് തിരിച്ചറിയലാണ് ഇന്നത്തെ കണ്ണായ ഇടതുപക്ഷ കടമ.

1.

ഇന്ത്യയിൽ തൊഴിലാളി വർഗ്ഗത്തിൻ്റെ ഇന്നത്തെ ഒന്നാം നമ്പർ ശത്രു ഫാഷിസ്റ്റുകൾ നയിക്കുന്ന മോദി സർക്കാരാണ്.

അതാണ് ഇന്ത്യൻ ഭരണകൂടത്തിൻ്റെ കേന്ദ്ര ചാലകശക്തി.

ഒന്നാം നമ്പർ ശത്രുവിനെതിരായ സമരത്തിൽ നാം മൂർത്തമായ സാഹചര്യങ്ങളുടെ മൂർത്ത വിശകലനത്തിൻ്റെ അടിസ്ഥാനത്തിൽ ശരിയായ അടവുകൾ സ്വീകരിക്കുന്നില്ല എങ്കിൽ,

മുഖ്യശത്രുവിനെതിരെ സമരത്തിൻ്റെ മുഖ്യ കുന്തമുന തിരിക്കുന്നില്ലെങ്കിൽ,

ഒട്ടു മൊത്ത തൊഴിലാളി വർഗ്ഗത്തിന് ആ അടവുപരമായ സമീപനം സ്വീകരിക്കാനാവില്ല.

അത്തരം അടവുപരമായ പിഴവ്

ഒട്ടുമൊത്ത തൊഴിലാളി വർഗ്ഗത്തിന് അംഗീകരിക്കാനും കഴിയില്ല.

സ്വാഭാവികമായും മുഖ്യ കുന്തമുന മുഖ്യശത്രുവിനെതിരെ തിരിച്ചുവയ്ക്കാൻ വിസമ്മതിക്കുന്ന സമരങ്ങളെ വിഭാഗീയ സമരങ്ങളായേ ഒട്ടുമൊത്ത തൊഴിലാളി വർഗ്ഗത്തിന് കാണാനാവൂ.

'യഥാർത്ഥ' വിപ്ലവകാരികൾക്ക് അത്തരം അടവുകൾ എത്രമാത്രം തീക്ഷ്ണ നൈതികമായി അനുഭവപ്പെട്ടാലും ഒട്ടുമൊത്ത തൊഴിലാളി വർഗ്ഗത്തിന് അത് വിഭാഗീയവും നിഷ്ഫലവുമായേ കാണാനാവൂ.

പ്രശ്നപരിഹാരത്തിന് ഉതകുന്ന ഒരു സമരമായി ഒട്ടുമൊത്ത തൊഴിലാളി വർഗ്ഗത്തിന് അത്തരം വിഭാഗീയ സമരങ്ങളെ കാണാനേ കഴിയില്ല.

2.

നിലവിലുള്ള ഇടതുപക്ഷ ശ്രേണിയുടെ വലതുപക്ഷ വ്യതിയാനവും

സോഷ്യൽ ഡെമോക്രാറ്റിക്ക് വികലകാഴ്ചപ്പാടും പ്രയോഗവും വിജയകരമായി തുറന്നുകാട്ടാനും

ഒട്ടു മൊത്തം തൊഴിലാളി വർഗ്ഗത്തിൻറെയും കർഷക ജനസാമാന്യത്തിൻ്റേയും ആക്റ്റീവായ പിന്തുണ നേടിയെടുക്കാനും സാധിക്കുകയും

അപ്രകാരം ഇടതുപക്ഷത്തെ നവീകരിച്ച് ഐക്യപ്പെടുത്തുകയും ചെയ്യണമെങ്കിൽ ഫാഷിസ്റ്റ് മോദി സർക്കാരിനെതിരായ സമരത്തെ ഒന്നാമതായി കാണുകയും കലവറകൂടാതെ ആ സമരത്തിൽ ആമഗ്നരാവുകയും വേണം.

അതു ചെയ്യാതെ,

'ഞങ്ങളിപ്പോൾ റിവിഷനിസത്തിനും സോഷ്യൽ ഡെമോക്രസിക്കുമെതിരെ സമരത്തിൻ്റെ മുഖ്യ കുന്തമുന തിരിച്ചു വച്ചിരിക്കുകയാണ്. അതിലൂടെ ശക്തിയാർജ്ജിച്ച ശേഷം ഫാഷിസ്റ്റുകൾക്കെതിരെ തിരിയാം '

എന്ന് പറയുകയോ,

പറയാതെ പറയുകയോ, ചെയ്യുന്നവർ ഏറ്റവും മിതമായ ഭാഷയിൽ വർഗ്ഗ വഞ്ചകരാണ്.

അവരുയർത്തുന്ന,

ഏറ്റവും നീതിനിഷ്ഠമെന്ന് അവരവകാശ പ്പെടുന്ന,

കറുപ്പും വെളുപ്പും പോലെ വ്യതിരിക്തമെന്ന് അവർ ഉദ്ഘോഷിക്കുന്ന,

സമരങ്ങളെല്ലാം

ഫാഷിസത്തിനു ചെയ്യുന്ന

'ഫ്രീ ബോഡി മസ്സാജ് ' ആയിത്തീരുകയും അവരുടെ അണികൾ പ്രായേണ കണ്ണുകാണാനാവാത്ത

ഇടതുപക്ഷ വിരുദ്ധതയുടെ

അഴുക്കു ചാലിലൂടെ ഫാഷസത്തിൻ്റെ ലായത്തിലെത്തുകയുമാണ് ഉണ്ടാവുക.

3.

ഇന്ന് അവശ്യമായി ഉയർത്തേണ്ടുന്ന 'ഇടതുപക്ഷ ഐക്യം ഇടതുപക്ഷ ബദൽ' 'ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണി ' എന്നിങ്ങനെയുള്ള ഇരുഘടകങ്ങളുള്ള രാജ്യവ്യാപകമായ കടമയുടെ കടയ്ക്കൽ കത്തി വയ്ക്കുന്ന സമീപനങ്ങളാണ് സെക്റ്റേറിയനിസവും സോഷ്യൽ ഡെമോക്രസിയും. സോഷ്യൽ ഡെമോക്രസിയുമായി വിശുദ്ധ യുദ്ധം ചെയ്യാനിറങ്ങി ഫാഷിസ്റ്റുകളുമായി മേശവിരിക്കടിയിലൂടെ കൈകൊടുക്കുന്ന വിരോധാഭാസ ജീർണ്ണതയിലേക്ക് കുപ്പുകുത്തുന്നതോടെ സെക്റ്റേറിയനിസത്തിൻ്റെ വൈകൃതം അന്തിമ ജീർണ്ണാവസ്ഥയിലെത്തുകയും പ്രോലിറ്റേറിയറ്റിൻ്റെ ബദ്ധശത്രുക്കളായി അവർ രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു.

1959 ലെ വിമോചന സമരം മുതൽ രൂപം കൊണ്ട ഈ രാഷ്ട്രീയ ചതുപ്പുവൽക്കരണം ജനകീയ സാംസ്കാരിക വേദിയുടെ കാലത്ത് 'സോഷ്യൽ ഫാഷിസ' ത്തിനെതിരായ 'പോർ നില'മായി വളർന്നത് ഇടതുപക്ഷ പ്രസ്ഥാനത്തിനാകെ നിഷേധാത്മകമായ പാഠമാണ്.

എം ഗോവിന്ദൻ മുതൽ കെ വേണുവരെ 'സോഷ്യൽ ഫാഷിസ' ത്തിനെതിരായ വിശുദ്ധ യുദ്ധത്തിൻ്റെ പാട്രിയാർക്കുകളും ജനറൽമാരുമായിരുന്നു.

കേരളത്തിലെ RSS ഫാഷിസ്റ്റ് ശക്തികളുടെയും ഇതര മതഭ്രാന്തൻ സംഘടനകളുടെയും വളർച്ചയ്ക്ക് ഊടും പാവും ഇട്ടത് 'മുഖ്യസമരം സോഷ്യൽ ഫാഷിസത്തിനെതിരായതാണ് കാരണം, മാർക്സിസ്റ്റുകാർ ആണ് ഏറ്റവും വലിയ ഫാഷിസ്റ്റുകൾ, കാരണം, അത് സോഷ്യൽ ഫാഷിസമാണ്, സോഷ്യൽ ഫാഷിസത്തിന് സംഘടിത പ്രോലിറ്റേറിയറ്റിൻ്റെ പിന്തുണയുള്ളതിനാൽ അത് ഹിറ്റ്ലർ ഫാഷി ത്തേക്കാൾ ഭീകരമാണ് ' എന്ന തുടർച്ചയായ പ്രബോധനത്തിലൂടെ മേൽപ്പറഞ്ഞ 'സോഷ്യൽ ഫാഷിസ്റ്റു വിരുദ്ധ വിശുദ്ധയുദ്ധ' തിയറിയും അതിൻ്റെ 'കണ്ണഞ്ചുന്ന' പ്രയോഗങ്ങളുമായിരുന്നു.

അക്കാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായ അതീവ ഗുരുതരമായ സാഹചര്യം, മരണാസന്നത,

ഇന്ന് ഇന്ത്യയുടെ മുന്നിലുണ്ട്.

'പിണറായി സർക്കാർ അവസാനത്തെ ഇടതു സർക്കാരായിരിക്കും , ശേഷം ശാന്തിയുടെ താമരക്കുളമായിരിക്കും' എന്ന് ശാഖോപശാഖകളിൽ പരിവാർ നടത്തുന്ന കാതോടു കാതോര പ്രചാരണ യജ്ഞം കേരളത്തിലും കണ്ണും കാതുമുള്ളവർക്ക് കാണുകയും കേൾക്കുകയും ചെയ്യാവുന്നതേയുള്ളൂ.

'സംസ്ഥാന സർക്കാരുകൾ തന്നെ ആവശ്യമില്ല, ഗവർണർ ഭരണ പ്രോവിൻസുകൾ മതി. ഫലത്തിൽ RSS നൽകുന്ന അഡ്വൈസർമാർ ഭരിക്കും. ' എന്നിടത്തേക്കാണ് RSS അതിനെ പരിവർത്തിപ്പിച്ച് എത്തിക്കുന്നത്.

ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ പരാജയത്തിനു ശേഷം അനാവരണം ചെയ്യുന്ന സംവിധാനം അതാണ്.

ഡൽഹിയില ഇനി BJP മുഖ്യമന്ത്രിയല്ല,

മറിച്ച് ജണ്ടേവാലയിലെ കേശവ് കുഞ്ചിൽ നിന്ന് RSS സംഘടനയാണ് അവരുടെ ജില്ല തിരിച്ചുള്ള ഭരണം നടത്താൻ പോകുന്നത്.

ഇതു തന്നെയാണ് കേരളവും സാക്ഷ്യം വഹിച്ചേക്കാവുന്ന അപായവും.

4.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി സർക്കാരിന് ഏറ്റ ചെറിയ തിരിച്ചടി ഫാഷിസ്റ്റ് ഗ്രഹണത്തിനേറ്റ ഞെളുക്കം മാത്രമാണ് . ഫാഷിസ്റ്റ് ഭരണകൂടമായി (ഫാഷിസ്റ്റ് സ്റ്റേറ്റ്) പൂർണ്ണമായി രൂപാന്തരപ്പെടുന്നതിന് മുമ്പ് തികച്ചും പാർലമെൻ്ററി മാർഗ്ഗങ്ങളിലൂടെത്തന്നെ തിരഞ്ഞെടുപ്പുകളിലൂടെത്തന്നെ വിജയിച്ചു കൊണ്ട് ഫാഷിസ്റ്റ് ശക്തികൾ സർക്കാരുകൾ രൂപീകരിക്കുകയും ഒരോ തവണ അധികാരത്തിൽ വരുമ്പോഴും , പെരുമ്പാമ്പ് ഇരയെ വരിയുന്നതുപോലെ, ഓരോരോ ഫാഷിസ്റ്റ് പദ്ധതികൾ നിയാമകമായി സ്ഥാപിക്കുകയും ചെയ്യും. തിരിച്ചടിയുടേയും തിരഞ്ഞെടുപ്പു പരാജയത്തിൻ്റെയും വേലിയിറക്കത്തിൽ ഫാഷിസ്റ്റുകൾ അവരുടെ നേട്ടങ്ങൾ സംരക്ഷിച്ച് പിൻവാങ്ങും. അടുത്ത വേലിയേറ്റത്തിൻ്റെ സമയത്ത് അവർ കൂടുതൽ സമഗ്ര സംഹാര ശക്തിയായി കൂടുതൽ മുന്നേറും.

ഇതാണ് നാം ഇന്ന് നേരിടുന്ന നിഷേധാത്മക പ്രതിഭാസം.

ഇതിനെതിരെ, 'ഇടതുപക്ഷ ഐക്യം ഇടതുപക്ഷ ബദൽ' എന്നതും 'ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണി' എന്നതും ഒരു അസ്ത്രത്തലപ്പിൻ്റെ രണ്ടു വശങ്ങൾ എന്ന നിലയിൽ ഉലയിലൂതിയൂട്ടി രാകിത്തേച്ച് മൂർച്ചയേറ്റി ശരിയായ ലക്ഷ്യബോധത്തോടെ എയ്താലേ ഫാഷിസ്റ്റ് ശത്രു വീഴുകയുള്ളൂ.

അതിനിടയിൽ സോഷ്യൽ സാമ്രാജ്യത്വത്തിനും സോഷ്യൽ ഫാഷിസത്തിനുമെതിരായ പ്രൈവറ്റ് യുദ്ധങ്ങൾ നടത്തി തങ്ങളുടേതായ പ്രൈവറ്റ് വിജയങ്ങൾ തേടുന്നവർ ഫാഷിസത്തിനു വേണ്ടി പാളയത്തിൽ പടയുണ്ടാക്കുന്ന പണിയാണ് ചെയ്യുന്നത്.

എത്ര നൈതിക മുദ്രകൾ കാട്ടിയാലും എത്ര മഹാത്മാക്കളെയും മഹാരഥന്മാരെയും ഒപ്പിടീച്ച് വരിയൊപ്പിച്ചാലും ചതി ചതിയല്ലാതാവുന്നില്ല.

ഇത് തിരിച്ചറിയലാണ് ഇന്നത്തെ കണ്ണായ ഇടതുപക്ഷ കടമ.