LS ELECTION 2024;ലോകസഭാ തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച്


 മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ്ഇന്ത്യ (റെഡ്ഫ്ലാഗ് )

കേരള സംസ്ഥാന കമ്മിറ്റി    2024 ജൂൺ 7

എ103, ശ്രീരംഗം ലെയ്ൻ, ശാസ്തമംഗലം, തിരുവനന്തപുരം -695010

ലോകസഭാ തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച്

പതിനെട്ടാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പു ഫലം സംസ്ഥാനത്ത് 18 ലോക്സഭാ മണ്ഡലങ്ങളിൽ യുഡിഎഫിന് വിജയവും എൽ.ഡി.എഫിനും എൻ.ഡി.എ.ക്കും ഓരോ മണ്ഡലങ്ങളിൽ വിജയവും നൽകുകയുണ്ടായി. എൽ.ഡി.എഫ്: 33.34%,  യു.ഡി.എഫ്: 45.22% എൻ.ഡി.എ: 19.39% എന്നിങ്ങനെ ശതമാനക്കണക്കിൽ വോട്ടും ലഭിച്ചു. തൃശൂർ ലോക്സഭാ സീറ്റ് ബി.ജെ.പിക്ക് ലഭിച്ചു. മാത്രമല്ല, 11 നിയമസഭാ മണ്ഡലങ്ങളിൽ 1-ാം സ്ഥാനവും 8 നിയമസഭാ മണ്ഡലങ്ങളിൽ 2-ാം സ്ഥാനവും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയ്ക്ക് നേടാനായി. ചാലക്കുടി, പത്തനംതിട്ട മണ്ഡലങ്ങളിൽ ഒഴിച്ച് എല്ലാ ലോകസഭാ മണ്ഡലങ്ങളിലും എൻഡിഎക്ക് വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. 18 സീറ്റുകൾ നേടാനായി എങ്കിലും യുഡിഎഫിന് 12 മണ്ഡലങ്ങളിൽ വോട്ട് വിഹിതം കുറയുകയാണ് ഉണ്ടായത്. 13 നിയോജക മണ്ഡലങ്ങളിൽ എൽ.ഡി.എഫിന്റെ വോട്ടു വിഹിതവും കുറയുകയാണ് ഉണ്ടായത്. 


ലോകസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ സൂചിപ്പിക്കുന്നത് പോലെ വർഗീയ ഫാഷിസ്റ്റുകൾ നേടിയ വളർച്ചയും അവർക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞു എന്നതും വളരെ ആപൽക്കരമായ സ്ഥിതിയാണ് ഉണ്ടാക്കിയിട്ടുള്ളത്. എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരേപോലെ വോട്ട് വിഹിത തകർച്ച നേരിട്ട ആലപ്പുഴ പോലുള്ള മണ്ഡലങ്ങളിൽ എൻ.ഡി.എ നാടകീയമായി വോട്ടു വിഹിതം വർദ്ധിപ്പിച്ചു എന്നുള്ളതാണ് ഏറ്റവും ഗുരുതരമായ പ്രവണത. ‘ഭരണവിരുദ്ധ വികാരം’  എന്ന നിലയിൽ സാമാന്യമായി വിലയിരുത്തി പരിഹരിക്കാവുന്ന ഒരു കാര്യമല്ല ഇത്. 


സംസ്ഥാനത്തെ തൊഴിലാളി, കർഷക വർഗ്ഗവിഭാഗങ്ങളും അദ്ധ്വാനിക്കുന്ന ഇതര ജനതയും കടുത്ത ജീവിതയാഥാർത്ഥ്യത്തിലാണ് നിലനിൽക്കുന്നത് എന്ന് തിരിച്ചറിയാൻ ഇടതുപക്ഷ ശക്തികൾക്ക് സാധിക്കേണ്ടതുണ്ട്. എൽ.ഡി.എഫ് സർക്കാർ തുടങ്ങിവച്ച ജനക്ഷേമ പരിപാടികൾ, സഹായങ്ങൾ തുടങ്ങിയവ സാമ്പത്തിക ഞെരുക്കത്തിന്റെ പാശ്ചാത്തലത്തിൽ മതിയാകാതെ വന്നിരിക്കുന്നു. തൊഴിൽ ദിനങ്ങൾ വർദ്ധിക്കുക, കൂലിയും ജീവനവേതന അവസ്ഥയും മെച്ചപ്പെടുക, കാർഷിക മേഖല, പരമ്പരാഗത വ്യവസായ മേഖല, തോട്ടം മേഖല തുടങ്ങിയവയിൽ ഗണനീയമായ ജീവിതാവസ്ഥാ പുരോഗതി അനുഭവപ്പെടുക എന്നിവയിലൂടെ മാത്രമേ മേൽപ്പറഞ്ഞ ഉത്പാദക വർഗ്ഗങ്ങളുടെ വിശ്വാസം ഇടതുപക്ഷത്തിന് തിരികെ നേടാനാവൂ.


സഹകരണമേഖലയെ ബാധിച്ചിട്ടുള്ള കെടുകാര്യസ്ഥതയും അഴിമതിയും കെ.എസ്.ആർ.ടി.സി, വാട്ടർ അഥോറിറ്റി തുടങ്ങിയവയുടെ സ്വകാര്യവൽക്കരണവും സർക്കാർ ജീവനക്കാർ, പെൻഷൻകാർ എന്നിങ്ങനെയുള്ളവർക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കത്തതും സവർണ്ണ സംവരണം നടപ്പാക്കിയതും വിദ്യഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കാനും വിദേശ യൂണിവേഴ്സിറ്റികൾക്ക് പരവതാനി വിരിക്കാനും സ്വശ്രയ സർവ്വകലാശാലകൾ തുടങ്ങാനും എടുത്ത തെറ്റായ നയങ്ങളും ഗുരുതരമായ പിഴവുകളും ന്യൂനതകളും, തെറ്റായ പോലീസ്നയവും എല്ലാം തന്നെ ജനാഭിപ്രായത്തെ എതിരാക്കുന്നതിന് കാരണമാവുകയും അത് വലതുപക്ഷശക്തികളും വർഗ്ഗീയഫാഷിസ്റ്റുകളും ഉപയോഗിക്കുകയും ആണുണ്ടായത്. 


കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബദൽ നയങ്ങൾക്ക് രൂപം നൽകുകയും അവ ഫലപ്രദമായി നടപ്പാക്കുക വഴി ജനങ്ങൾക്ക് ആശ്വാസം ലഭിക്കുകയും, മാത്രമല്ല, ക്രിയാത്മകമായ ബദൽ പാത തുറന്നു കിട്ടുകയും ചെയ്താൽ മാത്രമേ ഇന്നുണ്ടായിരിക്കുന്ന വിശ്വാസത്തകർച്ചയുടെ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂ. 


കാർഷിക മേഖലയുടെയും പരമ്പരാഗത വ്യവസായങ്ങളുടെയും തോട്ടം മേഖലയുടെയും  ക്രിയാത്മകമായ പുനഃസംഘാടനവും അതിനായി സഹകരണ മേഖലയെ ഉത്പാദനാത്മകമായി പുന:സംഘടിപ്പിക്കുക എന്നതും അതുവഴി കർഷക, കർഷകത്തൊഴിലാളി, പരമ്പരാഗത വ്യവസായ തൊഴിലാളി, തോട്ടം തൊഴിലാളി, മത്സ്യത്തൊഴിലാളി എന്നീ വർഗ്ഗവിഭാഗങ്ങളുടെ ജീവന-വേതനവ്യവസ്ഥയും നിലനിൽപ്പും സംരക്ഷിച്ച് വികസിപ്പിക്കാൻ കഴിയുന്നതുമാണ് ഈ പരിഹാര മാർഗ്ഗത്തിൻ്റെ കാതലായ വശം. 


ഇത്തരം പരിപാടികരമായ കാഴ്ചപ്പാടും പ്രയോഗവും മുന്നോട്ടുവച്ചുകൊണ്ടും മുഴുവൻ കർമ്മശേഷിയും കെട്ടഴിച്ചുവിട്ടുകൊണ്ടും വ്യാപകമായ ഐക്യം പടുത്തുയർത്തിക്കൊണ്ടും ജനങ്ങളുടെ വിശ്വാസം നേടിയെടുത്തുകൊണ്ടും മുന്നോട്ടുപോവുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ മുന്നിലുള്ള കടമ.

പി.സി. ഉണ്ണിച്ചെക്കൻ   സംസ്ഥാന സെക്രട്ടറി