1) ഇന്ത്യയിൽ ആഗോള ഫിനാൻസ്മൂലധന - ആഭ്യന്തര കുത്തകമൂലധന ഇന്റഗ്രേഷൻ ഇപ്പോൾ തീവ്രതരമായി നടക്കുന്നു എന്നതും അതിന്റെ ഭാഗമായി രാജ്യത്ത് പ്രാങ് മൂലധന സമാഹരണം / പ്രിമിറ്റിവ് അക്യൂമുലേഷൻ ഓഫ് ക്യാപ്പിറ്റൽ തീവ്രതരമായി നടക്കുന്നു എന്നതും, ഈ പ്രക്രിയയെ നിർണ്ണയിക്കുന്ന ശക്തി ഇന്ത്യൻ കുത്തകബൂർഷ്വാസിയല്ല മറിച്ച്, ആഗോള ഫിനാൻസ്മൂലധന ശക്തികളാണ് എന്ന വസ്തുതയും കാണാൻ വിസമ്മതിക്കുന്നവരാണ് ഇന്ത്യയിൽ മുതലാളിത്ത വികാസം പൂർത്തിയായി എന്നും ഇന്ന് ഇന്ത്യ സാമ്രാജ്യത്വ ശക്തിയായി മാറിയിരിക്കുന്നു എന്നും വിലയിരുത്തുന്നത്. (ഇന്ത്യയിൽ മുതലാളിത്തവികാസ സാദ്ധ്യത കാണുന്നവരും ഇതേ ദോഷം പേറുന്ന മറ്റൊരു വിഭാഗമാണ്).
2) ഉത്പാദനത്തിന്റെ വ്യാവസായിക, കാർഷിക മേഖലകളിലും വിപണിയുടെ സംഘാടനസ്വഭാവത്തിലും ഉപഭോക്‌തൃ സ്വഭാവത്തിലും ക്യാപ്പിറ്റലിസ്റ്റ് വികാസം വഴി സംഭവിക്കുന്ന ഗുണാത്മക മാറ്റം ഇന്ത്യയിൽ സാരമായി വന്നിട്ടില്ല എന്നത് വിപ്ലവഘട്ടം വിപ്ലവപരിപാടി എന്നിവയെ സംബന്ധിച്ച മൗലിക വിഷയഘടകമായി ഇക്കൂട്ടർ കാണുന്നില്ല.
3) 'സാമൂഹ്യമായി ഇന്ത്യയിൽ ജനാധിപത്യവിപ്ലവ കടമകൾ പൂർത്തീകരിക്കപ്പെട്ടോ?' എന്ന പരിശോധനയ്ക്ക് വിപ്ലവഘട്ടം വിപ്ലവപരിപാടിയുടെ സ്വഭാവം എന്നിവ നിർണ്ണയിക്കുന്നതിൽ കാതലായ പങ്കുള്ളതായും ഇക്കൂട്ടർ കാണുന്നില്ല.
ഈ മൂന്ന് ഘടകങ്ങളും വസ്തുനിഷ്ഠ വിശകലനത്തിന് വിധേയമാക്കിക്കൊണ്ടാണ് സോഷ്യലിസ്റ്റ് വിപ്ലവഘട്ടമാണോ ജനാധിപത്യ വിപ്ലവഘട്ടമാണോ എന്ന് തീരുമാനിക്കേണ്ടത്. അല്ലാതെ,ഏതെങ്കിലും മുൻകൂർ സൈദ്ധാന്തികവൽക്കരണത്തിന്റെ സൂത്രവാക്യത്തിൽ നിന്നുകൊണ്ടല്ല.
സൈദ്ധാന്തികവൽക്കരണ ആത്മനിഷ്ഠവാദം / തിയറൈസേഷൻ സബ്ജക്റ്റിവിസം സെമി- ഫ്യൂഡൽ - സെമി - കൊളോണിയൽ വാദികൾക്കും ‘ഇന്ത്യ മുതലാളിത്ത രാജ്യമാണ്’, ‘ഇന്ത്യ സാമ്രാജ്യത്വ രാജ്യമാണ്’ എന്നെല്ലാം വാദിക്കുന്നവർക്കും ഉള്ള പൊതു രോഗമാണ് ; ഇവരെല്ലാം വിവിധ വിരുദ്ധ ധ്രുവങ്ങളിലാണെങ്കിലും.
മേൽപ്പറഞ്ഞ മൂന്ന് ഘടകങ്ങളുടെയും വിശദമായ പരിശോധനയിലൂടെയാണ് ഇന്ത്യയിൽ ജനാധിപത്യവിപ്ലവത്തിന്റെ സോഷ്യലിസ്റ്റ് ഉള്ളടക്കം എത്രകണ്ട് അധികരിച്ചിട്ടുണ്ട് എന്നും നിർണ്ണയിക്കാനാവൂ.
ജനാധിപത്യ വിപ്ലവത്തിന്റെ സോഷ്യലിസ്റ്റ് ഉള്ളടക്കം വർദ്ധിച്ചു എന്നതുകൊണ്ട് 'ജനാധിപത്യവിപ്ലവ ഘട്ടം തന്നെ കടന്നുപോയി , സോഷ്യലിസ്റ്റ് വിപ്ലവ ഘട്ടത്തിലേക്ക് എത്തിപ്പോയി ' എന്ന് നിശ്ചയിക്കുന്നത് അളവുപരമായ മാറ്റവും ഗുണപരമായ മാറ്റവും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തെ ശരിയായി വിലയിരുത്താൻ കഴിയാത്ത അവസ്ഥയാണ് സൂചിപ്പിക്കുന്നത്.
'നിഷേധത്തിന്റെ നിഷേധം, ഐക്യവും സമരവും, അളവുപരമായ മാറ്റം ഗുണപരമായ മാറ്റത്തിലേക്ക് നയിക്കുന്നു' എന്നീ മൂന്ന് നിയമങ്ങളും പരസ്പരം ഉൾച്ചേർന്നതും പരസ്പരം നിർണ്ണയിക്കുന്നതുമാണ് എന്ന വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്റെ മർമ്മജ്ഞാനം വിപ്ലവഘട്ടം, വിപ്ലവപരിപാടി എന്നിവയെല്ലാം സമൂർത്തമായി ഗ്രഹിക്കുന്നതിന് അവശ്യാവശ്യമാണ്.
മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രോഗ്രാമിന്റെ ഏറ്റവും മർമ്മപ്രധാനമായ പരിഗണന ചരിത്രത്തെ മൂർത്തമായ വർത്തമാനകാല യാഥാർത്ഥ്യവുമായി ശരിയായി ബന്ധിപ്പിച്ച് ഗ്രഹിക്കുക എന്നതും അത്തരം ഗ്രാഹ്യ പ്രക്രിയയിലൂടെ മൂർത്ത സാമൂഹ്യ യാഥാർത്ഥ്യത്തെ വിപ്ലവകരമായി മാറ്റിമറിക്കാൻ വേണ്ടതായ സംഘടിത ആധുനിക തൊഴിലാളിവർഗ്ഗത്തിന്റെ സൃഷ്ടിപരമായ പ്രയോഗ രൂപങ്ങൾ വ്യക്തമായി മുന്നോട്ടുവയ്ക്കുക എന്നതുമാണ്. അതിന്:-
1) ഭൂതകാല ചരിത്രാനുഭവങ്ങളുടെ ചരിത്രപരമായ ജ്ഞാനം,
2) വർത്തമാനകാലത്ത് സംഭവിക്കുന്ന പ്രാതിഭാസിക മാറ്റങ്ങളെ
ഗ്രഹിക്കാനുള്ള കഴിവ്,
3) മേൽപ്പറഞ്ഞവ രണ്ടും തമ്മിൽ പ്രയോഗശാസ്ത്രപരമായി ബന്ധിപ്പിക്കൽ
എന്നീ മൂന്ന് കഴിവുകൾ അനിവാര്യമാണ്. ഇതനുസരിച്ച്, പ്രയോഗക്ഷമമായ ഇന്ത്യൻ വിപ്ലവ പരിപാടിയുടെ ഘട്ടവും ഉള്ളടക്കവും തിരിച്ചറിഞ്ഞ് പ്രയോഗിക്കാനായി:
1) ഇന്ത്യൻ സമൂഹത്തിന്റെ വർഗ്ഗ ഘടന,
2) വർഗ്ഗങ്ങളുടെ ചരിത്രപരമായ വളർച്ചയുടെ ചരിത്രവും ഗതിപഥവും ,
3) സോവിയറ്റ് യൂണിയന്റെ വീഴ്ച്ചയ്ക്കും തത്ഫലമായി സോഷ്യലിസത്തിനേറ്റ താത്കാലിക തിരിച്ചടിക്കും ശേഷം, സാർവ്വദേശീയ ഫിനാൻസ് മൂലധനവുമായി വർഗ്ഗ ഘടനയ്ക്കാകെയും , സവിശേഷമായി, ചൂഷക വർഗ്ഗങ്ങൾക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രാതിഭാസിക ബന്ധത്തിന്റെ മൂർത്ത യാഥാർത്ഥ്യം
എന്നിവ അതിന്റെ ചലനാത്മകമായ യാഥാർത്ഥ്യാവസ്ഥയിൽ മനസ്സിലാക്കി പ്രയോഗിക്കാൻ കഴിയണം.
ഈ കാതലായ കഴിവാണ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രയോഗത്തിന്റെ , ബോൾഷെവിസത്തിന്റെ , ജീവൻ.
ഇന്ത്യൻ കുത്തക ബൂർഷ്വാസി, അതിനുള്ളിൽ രൂപപ്പെട്ടിരിക്കുന്ന വമ്പൻ ഒലിഗാർക്കിക് കുത്തകകൾ,കുത്തകേതര ബൂർഷ്വാസി, ചെറുകിട വ്യാവസായിക സംരംഭകർ ,സംഘടിത ആധുനിക വ്യവസായ തൊഴിലാളിവർഗ്ഗം, സർക്കാർ സർക്കാരേതര ജീവനക്കാർ, ലുംപൻ തൊഴിലാളികൾ, പരമ്പരാഗത വ്യവസായ തൊഴിലാളികൾ, വ്യാപാരികൾ,പലതരം പ്രാങ് സേവന ദാതാക്കൾ,വിവിധ പെറ്റിബൂർഷ്വാ വിഭാഗങ്ങൾ,
പെറ്റിബൂർഷ്വാ സ്വഭാവമുള്ള പുതിയതായി ഉയർന്നുവന്ന വർഗ്ഗ വിഭാഗങ്ങൾ, ജന്മിമാർ,ധനിക കർഷകർ അഥവാ, കുലാക്കുകൾ,ഇടത്തരം കർഷകർ,ചെറുകിട കർഷകർ, പാട്ട കൃഷിക്കാർ, ദരിദ്ര കൃഷിക്കാർ ,ആദിവാസി കർഷകര്, കർഷകത്തൊഴിലാളികൾ,പ്രാങ് കൈവേലക്കാർ ,എന്നിങ്ങനെയുള്ള എല്ലാ വിഭാഗങ്ങളെയും അവയുടെ ചരിത്രപരവും സാമ്പത്തികവും സാമൂഹ്യവുമായ ബൃഹദ് തലങ്ങളോടുകൂടിയ ചലനാത്മകതയുടെ നടുവിൽ നിന്നുകൊണ്ട്, അവയ്ക്കെല്ലാം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ പരിശോധിച്ചുകൊണ്ട് വിപ്ലവ പ്രയോഗശാസ്ത്രം വികസിപ്പിക്കലാണ്
മേൽപ്പറഞ്ഞ 'ബോൾഷെവിക് ജീവൻ ' ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നതിന്റെ ഫലമായി ഉണ്ടാകേണ്ടത്. പാർട്ടി പരിപാടി ഇത്തരത്തിൽ തന്ത്രപരമായതും പൊതു അടവു ലൈനുമായി ഇണങ്ങി വർത്തിക്കുന്നതുമായ സമഗ്രസ്വഭാവമുള്ള വിപ്ലവായുധമായിരിക്കണം. അത് താർക്കിക പരിസരത്തുനിന്ന് സൃഷ്ടിക്കുന്ന വിശാരദ വിശകലനമായോ രേഖീയ ചരിത്രാഖ്യാനമായോ മേന്മ തെളിയിക്കുന്ന 'പാർട്ടി - അടിയാധാര'മായിട്ട് കാര്യമില്ല; ഒരു സംഘടനയെ കുറച്ചു കാലം തൃപ്തിപെടുത്താനും ക്യാഡർമാരെ കുറച്ചുകാലമോ കുറച്ചു നീണ്ട കാലയളവോ ബോധ്യപ്പെടുത്തി നിർത്താനും അതിന് കഴിഞ്ഞെന്നു വന്നേക്കാമെങ്കിലും.