P RAJAN-രക്ത സാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോടു അനുസ്മരണ യോഗം നടന്നു.



ക്രിയാത്മകമായ പ്രതിപക്ഷ ഐക്യത്തിന് മോഡി വാഴ്ചയെ തറ പറ്റിക്കാനാവും


- പി. സി. ഉണ്ണിച്ചെക്കൻ


ക്രിയാത്മകമായ ഒരു പ്രതിപക്ഷ ഐക്യത്തിന് നരേന്ദ്ര മോഡിയുടെ വർഗ്ഗീയ ഫാസിസ്റ്റ് സർക്കാരിനെ താഴെയിറക്കാനാവുമെന്ന് ഏറ്റവും പുതിയ തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നുവെന്ന് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ് ) സംസ്ഥാന സെക്രട്ടറി പി.സി.ഉണ്ണിച്ചെക്കൻ പറഞ്ഞു. 1975-77ലെ അടിയന്തിരാവസ്ഥക്കാലത്ത് കക്കയം കോൺസെൻട്രേഷൻ ക്യാമ്പിലെ പോലീസ് പീഡനത്തെ തുടർന്ന് കൊല്ലപ്പെട്ട റീജണൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി സ. പി. രാജന്റെ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് സെൻട്രൽ ലൈബ്രറി പരിസരത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


അടിയന്തിരാവസ്ഥ അമിതാധികാര പ്രയോഗത്തിന്റെ ഒരു ഭൂതകാല സ്മരണയല്ല എന്ന് സ. ഉണ്ണിച്ചെക്കൻ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളേയും കോടതികളേയും വരെ സ്വന്തം വരുതിയിലാക്കിയ, കോർപ്പറേറ്റ് മൂലധന താല്പര്യങ്ങൾക്കു വേണ്ടി എന്തു കുതന്ത്രങ്ങളും പ്രയോഗിക്കാൻ മടിയില്ലാത്ത ഒരു ഫാസിസ്റ്റ് സർക്കാർ നൽകുന്ന വർത്തമാന കാല അനുഭവമാണത്. വിമർശകരെ നിശ്ശബ്ദരാക്കാനും ചോദ്യങ്ങൾ ചോദിക്കുന്നവരെ തടവറകളിലടക്കാനും അടിയന്തിരാവസ്ഥയുടേതിനേക്കാൾ നിന്ദ്യമായ രീതികൾ പ്രയോഗിക്കുന്ന ഈ വർഗ്ഗീയ ഫാസിസ്റ്റ് അധികാരത്തിനെതിരെ ജനാധിപത്യ, മത നിരപേക്ഷ ശക്തികളുടെ ഏറ്റവും വിപുലമായ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് സ: ഉണ്ണിച്ചെക്കൻ പറഞ്ഞു.


ദീർഘകാല സമരങ്ങളിലൂടെ ഇന്ത്യയിലെ തൊഴിലാളി വർഗ്ഗം നേടിയെടുത്ത അവകാശങ്ങളെല്ലാം ഭരണഘടനാ വിരുദ്ധമായ ദുർന്നിയമങ്ങളിലൂടെ മോഡി സർക്കാർ ഇല്ലായ്മ ചെയ്തിരിക്കുകയാണ് എന്ന് തുടർന്നു സംസാരിച്ച TUCI അഖിലേന്ത്യാ സെക്രട്ടറി സ. ചാൾസ് ജോർജ്ജ് പറഞ്ഞു.സഖാക്കൾ പി. കെ. വേണുഗോപാലൻ, എ.എൻ. സലിം കുമാർ തുടങ്ങിയവർ സംസാരിച്ചു. 


MLPI (റെഡ് ഫ്ലാഗ് ) കോഴിക്കോട് ജില്ലാ സെക്രട്ടറി സ. ശങ്കരൻ മാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സഖാക്കൾ സുരേഷ് എടക്കയിൽ സ്വാഗതവും വാസുദേവൻ നന്ദിയും പറഞ്ഞു.


സ: രാജൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കക്കയത്തെ രാജൻ രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചനയും പ്രകടനവും നടന്നു. സ. പി.സി.ഉണ്ണിച്ചെക്കൻ പതാകയുയർത്തി.

ശങ്കരൻ മാഷ്

സെക്രട്ടറി

MLPI (റെഡ് ഫ്ലാഗ്)

കോഴിക്കോട് ജില്ലാ കമ്മിറ്റി


കോഴിക്കോട്

02/03/2023