P K VENUGOPALAN AND K A MOHANDAS-" കക്കുകളി " നാടകത്തിനെതിരെ മത, പൗരോഹിത്യ ശക്തികൾ നടത്തുന്ന കടന്നാക്രമണത്തെ ചെറുക്കുക.






" കക്കുകളി " നാടകത്തിനെതിരെ മത, പൗരോഹിത്യ ശക്തികൾ നടത്തുന്ന കടന്നാക്രമണത്തെ ചെറുക്കുക.

-ജനകീയ കലാ സാഹിത്യ വേദി.

കെ.എ. മോഹൻദാസ് (പ്രസിഡന്റ്)

പി.കെ.വേണുഗോപാലൻ (സെക്രട്ടറി)

ജനകീയ കലാ സാഹിത്യ വേദി.

അടുത്തയിടെ തൃശൂരിൽ നടന്ന അന്താരാഷ്ട്ര നാടകോത്സവ (ഇറ്റ്ഫോക്ക്) ത്തിൽ പ്രേക്ഷകശ്രദ്ധ നേടിയ ''കക്കുകളി'' എന്ന നാടകം നിരോധിക്കണമെന്ന ആവശ്യവുമായി കേരള മെത്രാൻ സമിതി (KCBC)യും അനുബന്ധ സംഘടനകളും രംഗത്തുവന്നിരിക്കുകയാണ്. ആലപ്പുഴ പുന്നപ്ര ലൈബ്രറി നെയ്തൽ നാടക സംഘം അവതരിപ്പിക്കുന്ന ഈ നാടകം ക്രിസ്തുമതത്തേയും മത സ്ഥാപനങ്ങളേയും സന്യസ്തരേയും അവഹേളിക്കുന്നതാണെന്നാണ് മെത്രാൻ സമിതിയുടെ ആക്ഷേപം.1986 ൽ, പി.എം. ആന്റണിയുടെ "ക്രിസ്തുവിന്റെ ആറാം തിരുമുറിവ്" നാടകത്തെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചില കത്തോലിക്കാ പുരോഹിതർ വിശ്വാസികളെ തെരുവിലിറക്കിയതിനെ ശക്തമായി ഓർമ്മിപ്പിക്കുന്നു, ഇത്.


മെത്രാൻ സമിതിയാൽ തന്നെ ഒരിക്കൽ ആദരിക്കപ്പെട്ടിട്ടുള്ള കഥാകാരൻ ഫ്രാൻസിസ് നൊറോണയുടെ ഒരു ചെറുകഥയെ അടിസ്ഥാനമാക്കിയാണ് കെ.ബി. അജയ് കുമാർ ഈ നാടകം തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിൽ കൂടുതലായി അരങ്ങിൽ അവതരിപ്പിക്കപ്പെട്ടു പോരുന്ന ഈ നാടകം ഒരു തരത്തിലും മത വിരുദ്ധമോ, വിശ്വാസികളേയോ, സന്യസ്തരേയോ അവഹേളിക്കുന്നതോ അല്ലെന്നു നാടക സംവിധായകനായ ജോബ് മഠത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മതത്തിന്റെ പേരിൽ വിശ്വാസികളേയും സമൂഹത്തേയും ചൂഷണം ചെയ്തും വഞ്ചിച്ചും ദുരധികാരം പ്രയോഗിച്ചും നില നില്ക്കുകയും അതേ സമയം മതത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്കും മാനവിക മൂല്യങ്ങൾക്കും നിയമ വ്യവസ്ഥക്കുമെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന കുറ്റവാളികൾക്കു നേരെ വിരൽ ചൂണ്ടുന്നുണ്ട്, ഈ നാടകം. അതിനെ പിന്തുണക്കുന്ന വ്യവസ്ഥയേയും സ്ഥാപനങ്ങളേയും അത് വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്‌. സ്ഥിത വ്യവസ്ഥയുടെ നിർമ്മാനുഷികതയേയും സമൂഹവിരുദ്ധമായ അക്രാമകതയേയും വിമർശിക്കാൻ കലയ്ക്കും കലാകാരനും എന്നു മാത്രമല്ല, ഏതൊരു പൗരനുമുള്ള അവകാശം മാത്രമേ നാടകവും അതിനു പിന്നിൽ പ്രവർത്തിച്ചവരും അതിനെ ആദരപൂർവ്വം സ്വീകരിച്ച പ്രേക്ഷകരും വിനിയോഗിച്ചിട്ടുള്ളു. അതിനെ മതനിന്ദയോ വിശ്വാസികളുടെ അവകാശ ലംഘനമോ ആയി ദുർവ്യാഖ്യാനം ചെയ്ത് സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാനും അധികാര സ്ഥാനങ്ങളുമായി വില പേശാനും മെത്രാൻ സമിതിയും കൂട്ടരും നടത്തുന്ന ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന, സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനും സർഗ്ഗാവിഷ്ക്കാരത്തിനുമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണത്. അതവസാനിപ്പിക്കണമെന്ന് മെത്രാൻ സമിതിയോടും അനുബന്ധ സംഘടനകളോടും ഞങ്ങൾ ആവശ്യപ്പെടുന്നു. നാടക നിരോധനം ആവശ്യപ്പെട്ടുകൊണ്ട് അവർ ചെലുത്തുന്ന സമ്മർദ്ദങ്ങൾക്കു വഴങ്ങരുതെന്നും അവരുടെ സമരാഭാസങ്ങളെ അർഹമായ അവജ്ഞയോടെ തള്ളിക്കളയണമെന്നും കേരള സർക്കാരിനോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. മതവിശ്വാസത്തിന്റേയും ജനാധിപത്യത്തിന്റേയും എല്ലാ ധനാത്മക മൂല്യങ്ങൾക്കുമെതിർ നിൽക്കുന്ന അവരുടെ പ്രചരണങ്ങളെ ചെറുക്കണമെന്ന് വിശ്വാസികൾ ഉൾപ്പെടെയുള്ള മുഴുവൻ ബഹുജനങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.


സ്വതന്ത്ര ചിന്തക്കും ആവിഷ്ക്കാരത്തിനുമെതിരായി മതപൗരോഹിത്യവും രാഷ്ട്രീയ ദുരധികാരവും ഒരുമിച്ചു ചേർന്നു നടത്തുന്ന കടന്നാക്രമണങ്ങളുടെ നിരവധി അനുഭവങ്ങൾ നമുക്കുണ്ട്. മുമ്പു സൂചിപ്പിച്ച, പി. എം. ആന്റണിയുടെ നാടകത്തിനും ഹരീഷിന്റെ നോവൽ 'മീശ'ക്കും സ്ക്കൂൾ പാഠപുസ്തകത്തിൽ നിന്നും എടുത്തു മാറ്റേണ്ടി വന്ന 'മതമില്ലാത്ത ജീവ'നും നേരിടേണ്ടി വന്നത് ഇതേ കടന്നാക്രമണം തന്നെ. പുസ്തകങ്ങൾ മാത്രമല്ല പാഠശാലകൾ കൂടി അധികാരം ഉപയോഗിച്ച് അടച്ചു പൂട്ടുന്ന 'താലിബാൻ' മാതൃക പിന്തുടരുന്നവരാണ് പരീക്ഷക്കു തയ്യാറാക്കിയ ചോദ്യത്തിൽ 'മുഹമ്മദ്' എന്ന പേരു വന്നതിന് തൊടുപുഴയിലെ ജോസഫ് മാഷുടെ കൈ വെട്ടിയത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന മത/വർഗ്ഗീയ /ഫാസിസ്റ്റ് ശക്തികളും നവനാസി പ്രസ്ഥാനങ്ങളും തങ്ങളുടേതിൽ നിന്നും വ്യത്യസ്തമായ ചിന്തയും എഴുത്തും ആവിഷ്ക്കാരവും വിശ്വാസവും സാമൂഹ്യ സങ്കല്പങ്ങളും വച്ചുപുലർത്തുന്നവർക്കെതിരായി ആൾക്കൂട്ടങ്ങളെ കെട്ടഴിച്ചു വിടുകയും ആയുധങ്ങൾക്ക് മൂർച്ച കൂട്ടുകയും ചെയ്യുകയാണ്. യുക്തിവാദിയായ നരേന്ദ്ര ധാബോൽക്കർക്കും എഴുത്തുകാരനും കമ്യൂണിസ്റ്റുമായ ഗോവിന്ദ് പാൻസരേക്കും പണ്ഡിതനായ എം.എം. കൽബുർഗിക്കും പത്രപ്രവർത്തകയായ ഗൗരി ലങ്കേഷിനുമെതിരെ നിറയൊഴിച്ച സനാതൻ സൻസ്ഥയും ഫ്രഞ്ച് പ്രസിദ്ധീകരണമായ 'ഷാർളി ഹെബ്ദോ' യുടെ ഓഫീസിൽ കൂട്ടക്കുരുതി നടത്തിയ ഇസ്ലാമിക തീവ്രവാദികളും 'കക്കുകളി'ക്കെതിരെ നിരോധനമാവശ്യപ്പെടുന്ന ക്രൈസ്തവ പൗരോഹിത്യ മേധാവിത്തവും ഒരേ നിലപാടുകൾ പങ്കു വക്കുന്നവരാണ്.


ക്രൈസ്തവ സഭകൾക്കകത്തു തന്നെ ദൈവത്തിന്റേയും വിശ്വാസത്തിന്റേയും പേരിൽ അധികാരവും പദവികളും കൈയാളുന്ന നിരവധി പുരോഹിത പ്രമുഖർ വലിയ ക്രിമിനലുകളാണെന്ന് കോടതികൾ തന്നെ കണ്ടെത്തിയിട്ടുണ്ട്.  കുറവിലങ്ങാട്ടെ കന്യാസ്ത്രീകളെ ലൈംഗിക പീഡനത്തിനു വിധേയരാക്കിയ പുരോഹിത പ്രമാണിക്കും സഭാ സ്വത്തുക്കൾ സ്വകാര്യ ലാഭത്തിനു വേണ്ടി വിറ്റു വില മാറിയ വലിയ പിതാക്കന്മാർക്കുമൊക്കെ അധികാരവും പദവിയും അനുവദിച്ചു നൽകുന്ന സഭാ സംവിധാനമല്ലെങ്കിൽ, മറ്റെന്താണ് വിമർശിക്കപ്പെടേണ്ടത്? അതിനൊക്കെ എതിരായി ഏറ്റവും വലിയ എതിർപ്പുയർത്തിയ സന്യസ്തരും വിശ്വാസികളും കേരളത്തിൽ തന്നെയുണ്ട്.


ക്രൈസ്തവ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കുകയും വെളിപ്പെട്ട കുറ്റങ്ങളുടെ പേരിൽ  ലോകത്തോട് മാപ്പു ചോദിക്കുകയും ചെയ്തപ്പോൾ ഫ്രാൻസിസ് മാർപ്പാപ്പ വിശ്വാസികളെ അവഹേളിക്കുയായിരുന്നു എന്നു തന്നെയാവും ബിഷപ്പ് ഫ്രാങ്കോയ്ക്കും സിസ്റ്റർ അഭയയുടെ കൊലപതകികൾക്കും വേണ്ടി ഇപ്പോഴും ഉറച്ചു നിൽക്കുന്ന മെത്രാൻ സമിതിയുടെ നിലപാട്. ദൈവത്തിന്റേയും സഭയുടേയും പേരിൽ പുരോഹിത പ്രമാണിമാർ നടത്തുന്ന നാനാതരം ഹിംസകൾക്കെതിരെ ഫ്രാൻസിസ് മാർപ്പാപ്പ ഉൾപ്പെടെയുള്ള സന്യസ്തരും സഭാവിശ്വാസികളും നടത്തിയ വിമർശനങ്ങളുടെ നാടകീയമായ പ്രതിഫലനം മാത്രമേ 'കക്കുകളി'യിലുമുള്ളൂ.


ക്രൈസ്തവർ ഉൾപ്പെടെയുള്ളവർക്ക് ഭരണഘടന ഉറപ്പു നൽകുന്ന വിശ്വാസ സ്വാതന്ത്ര്യം ധ്വംസിക്കപ്പെടുകയും മതപരിവർത്തനത്തിന്റെ വ്യാജ ആരോപണങ്ങളുടെ പേരിൽ അവർ ആക്രമിക്കപ്പെടുകയും അവരുടെ ആരാധനാലയങ്ങൾ തകർക്കപ്പെടുകയും ചെയ്യുകയാണിന്ന്. അനുദിനമെന്നോണം ഇതിന്റെ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരം അക്രമങ്ങൾക്കെതിരായിട്ടാണ് മറ്റു ജനാധിപത്യശക്തികൾക്കൊപ്പം ചേർന്നുകൊണ്ട് അവർ പോരാടേണ്ടത്. വാജ്പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്ൻസും മക്കളും ബജ്റംഗ് ദൾ പ്രവർത്തകരാൽ ചുട്ടു കൊല്ലപ്പെട്ടത് (2003). മദ്ധ്യപ്രദേശിലെ ജാബുവയിൽ കോൺവെന്റ് ആക്രമിക്കപ്പെടുകയും കന്യാസ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തത് (1998 സെപ്തംബർ). വാജ്പേയ് അധികാരത്തിൽ നിന്നു പോയിട്ടും സംഘ പരിവാർ ശക്തികളുടെ ആക്രമണോത്സുകതയിൽ അയവു വന്നില്ല. ഒറീസ്സയിലെ കാന്ധമാലിൽ അവർ ആക്രമിച്ച് ആട്ടിയോടിച്ച ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളിൽ പലർക്കും ഇനിയും സ്വന്തം വീടുകളിലേക്ക് തിരിച്ചു വരാനായിട്ടില്ല. നിരവധി പള്ളികളാണ് അന്നു തീവച്ചു നശിപ്പിക്കപ്പെട്ടത് (2007-2008). ഉത്തരേന്ത്യയിലും സംഘപരിവാർ സ്വാധീനമുള്ള മറ്റു സ്ഥലങ്ങളിലും പള്ളികൾക്കും കോൺവെന്റുകൾക്കും എതിരായ അക്രമം ഇപ്പോഴും തുടരുകയാണ്. അതിൽ പ്രതിഷേധിക്കേണ്ടതായി എന്തെങ്കിലും ഉണ്ടെന്നു കാണാത്ത മെത്രാൻ സമിതിയാണ് 'കക്കുകളി' നാടകത്തിനെതിരെ പ്രതിഷേധമുയർത്തുന്നത് !! 


രണ്ടാം ലോകയുദ്ധകാലത്ത് ഹിറ്റ്ലറുടെ നാസി ഭരണകൂടം ലക്ഷക്കണക്കിനു ജൂത മതവിശ്വാസികളെ ഗ്യാസ് ചേംബറുകളിൽ അടച്ചും അല്ലാതെയും കൂട്ടക്കൊല (Holocaust) ചെയ്തപ്പോൾ, അതിനെ മൗനം കൊണ്ടു പിന്തുണച്ച പിയൂസ് 12-ാമൻ മാർപാപ്പയെ പോലെ മോദി ഭരണത്തിൻ കീഴിൽ അപര വിശ്വാസികൾക്കെതിരായ ഹിംസയെ മൗനം കൊണ്ടു പിന്തുണക്കുകയാണവർ. ഭീമ കൊറിഗാവ് കേസിൽ വ്യാജമായി പ്രതിയാക്കപ്പെട്ട വയോധികനായ പുരോഹിതൻ സ്റ്റാൻ സ്വാമി, മഹാരാഷ്ട്രയിൽ കസ്റ്റഡി മരണത്തിനു വിധേയനായതിലും അവർക്കു പ്രതിഷേധമില്ലായിരുന്നു. നേരെ മറിച്ച്, കേന്ദ്രം ഭരിക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുമായി രഹസ്യ ബന്ധം സ്ഥാപിക്കാനും അവരുടെ വോട്ടുബാങ്കിൽ സഭാവിശ്വാസികളെ കൂടി നിക്ഷേപിച്ച് അതിന്റെ കമ്മീഷൻ വാങ്ങാനുമാണ് കേരളത്തിലെ ക്രൈസ്തവ സഭാ നേതാക്കളുടെ ശ്രമം.


ഈ പശ്ചാത്തലത്തിൽ ''കക്കുകളി" നാടകം നിരോധിക്കണമെന്ന മെത്രാൻ സമിതിയുടേയും കത്തോലിക്ക കോൺഗ്രസ്സിന്റേയും അനുബന്ധ സംഘടനകളുടേയും ആവശ്യത്തിനും അവർ നടത്തുന്ന കുത്സിത ശ്രമങ്ങൾക്കും പിന്നിലുള്ള യഥാർത്ഥ ലക്ഷ്യം വിശ്വാസത്തേയോ, വിശ്വാസികളേയോ രക്ഷിക്കുക എന്നതല്ലെന്ന് വ്യക്തമാണ്. 1986 ൽ "ക്രിസ്തുവിന്റെ ആറാം തിരുമുറിവ് " നാടകത്തിന്റെ കാര്യത്തിൽ ഉണ്ടായതു പോലെ രാഷ്ട്രീയവും അധികാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിലപേശലുകളാവാം അവർ ലക്ഷ്യം വയ്ക്കുന്നത്. BJP സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെപ്പോലെ, സംഘ പരിവാരവുമായി ബന്ധപ്പെട്ട ചില നേതാക്കൾ ഈ നാടക നിരോധന കാര്യത്തിൽ മെത്രാൻ സമിതിയെ പിന്തുണക്കാൻ തയ്യാറായിരിക്കുന്നു എന്നത് അവരുടെ ഗൂഢാലോചനകളിലേക്കു വിരൽ ചൂണ്ടുന്നതാണ്.


ഈ സാഹചര്യത്തിൽ, "കക്കുകളി" നാടകത്തെ നിരോധിപ്പിക്കാൻ ക്രൈസ്തവ പുരോഹിത നേതൃത്വം നടത്തുന്ന എല്ലാ ശ്രമങ്ങളേയും പരാജയപ്പെടുത്താൻ എല്ലാ ജനാധിപത്യ മത നിരപേക്ഷ ശക്തികളും മുന്നോട്ടു വരണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.


കെ.എ. മോഹൻദാസ് (പ്രസിഡന്റ്)

പി.കെ.വേണുഗോപാലൻ (സെക്രട്ടറി)

ജനകീയ കലാ സാഹിത്യ വേദി.


തൃശൂർ

13/03/2023