P C UNNICHEKKAN-പാചക വാതകത്തിന്റെ അന്യായമായ വില വർദ്ധനവിൽ പ്രതിഷേധിക്കുക.


 

MLPl (RED FLAG )

കേരള സംസ്ഥാന കമ്മിറ്റി

A/102,Sree Rangom Lane,Sasthamangalam P.O,THIRUVANANTHAPURAM,,PIN 695010


പാചക വാതകത്തിന്റെ അന്യായമായ വില വർദ്ധനവിൽ പ്രതിഷേധിക്കുക.


- പി.സി.ഉണ്ണിച്ചെക്കൻ


പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു കൊണ്ടുള്ള  അങ്ങേയറ്റം ജനവിരുദ്ധമായ കേന്ദ്ര സർക്കാർ നടപടി ഉടനെ  പിൻവലിക്കണമെന്ന് മാർക്സിസ്ററ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ് ) കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു. വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 351 രൂപയുമാണ് ഇന്നു മുതൽ വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഗാർഹിക സിലിണ്ടറുകളുടെ വില 1100 രൂപയായും വാണിജ്യ സിലിണ്ടറുകളുടെ വില 2424 രൂപയായും വർദ്ധിച്ചിരിക്കുകയാണ്. അതീവ ക്രൂരമായ വില വർദ്ധനവാണിത്.


2014 ൽ ഒന്നാം മോഡി സർക്കാർ അധികാരത്തിൽ വരുമ്പോൾ 400 രൂപയിൽ താഴെ മാത്രം വിലയുണ്ടായിരുന്ന ഗാർഹിക സിലിണ്ടറിന്റെ വിലയാണ് 12 പ്രാവശ്യത്തെ വില വർദ്ധനവിനു ശേഷം ഇപ്പോൾ 1100 രൂപയിൽ എത്തി നിൽക്കുന്നത്. 

ആവർത്തിച്ചു കൊണ്ടിരിക്കുന്ന വില കൂട്ടലിനെ തുടർന്ന് പാചകവാതകം ഉപയോഗിക്കുന്നതിൽ നിന്നും ദരിദ്ര കുടുംബങ്ങൾ പിന്തിരിയുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾക്കാണു ഇതു വഴി വക്കുക.


കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി ഭക്ഷ്യവസ്തുക്കളുടേയും അവശ്യ സാധനങ്ങളുടേയും വില ഉയരുന്നതിനൊപ്പം പാചക വാതക വില കൂടി വർധിക്കുന്നത്  ജനങ്ങളെ കടുത്ത ദുരിതത്തിലാക്കും. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും പണപ്പെരുപ്പവും ജനജീവിതത്തെ ദുർവ്വഹമാക്കുന്ന  സാഹചര്യത്തിൽ ഈ വില വർധനവ്  അങ്ങേയറ്റം ജനവിരുദ്ധവും അപലപനീയവുമാണ്. 


വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ വരുത്തിയിട്ടുള വർദ്ധന ചെറുകിട വ്യാപാരികളേയും ഹോട്ടലുകളേയും തട്ടുകടകളേയും ബേക്കറികളേയുമൊക്കെ ഗുരുതരമായ പ്രതിസന്ധികളിലേക്കു നയിക്കും. ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിക്കുന്നവരെ ഇതു പ്രതികൂലമായി ബാധിക്കും.


മോഡി സർക്കാർ പിന്തുടരുന്ന കോർപ്പറേറ്റ് അനുകൂല, ചങ്ങാത്ത മുതലാളിത്ത നയങ്ങളുടെ അനന്തര ഫലമാണ് ഈ വില വർദ്ധന. പെട്രോളിയം ഉല്പന്നങ്ങൾക്ക് തോന്നുമ്പോഴൊക്കെ വില വർദ്ധിപ്പിക്കാൻ ആ മേഖലയിലെ കുത്തകകൾക്ക് അനുമതി നൽകിയതു പോലെ തന്നെയാണ് LPG സിലിണ്ടറുകൾക്ക് അടിക്കടി വില വർദ്ധിപ്പിക്കുന്നതും. ഒരു തരം കുയുക്തികൾ കൊണ്ടും ന്യായീകരിക്കാനാവാത്ത ഈ വില വർദ്ധനവ് പിൻവലിപ്പിക്കാൻ രാജ്യത്തെങ്ങും വമ്പിച്ച ബഹുജന പ്രക്ഷോഭങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. അത്തരം സമരങ്ങളിൽ അണിനിരക്കാൻ എല്ലാ ജനാധിപത്യ, മതനിരപേക്ഷ, ജനകീയ ശക്തികളും മുന്നോട്ടു വരണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.


പി.സി.ഉണ്ണിച്ചെക്കൻ

സെക്രട്ടറി

കേരള സംസ്ഥാന കമ്മിറ്റി

MLPl (റെഡ് ഫ്ലാഗ് )


തിരുവനന്തപുരം

2023 മാർച്ച് 1