K A MOHANDAS AND P K VENUGOPALAN-കക്കുകളി: നാടക നിരോധന ഭീഷണിയെ ചെറുത്തു തോല്പിക്കുമെന്ന് തൃശൂരിലെ സാംസ്കാരിക, നാടക പ്രവർത്തകർ.

 



കക്കുകളി നാടക നിരോധന ഭീഷണിക്കെതിരെ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടന്ന യോഗത്തിൽ കെ.എ. മോഹൻദാസ് സംസാരിക്കുന്നു. പി. കെ.വേണുഗോപാലൻ, ശക്തിധരൻ, സിസ്റ്റർ ജെസ്മി, മാളു എന്നിവർ സമീപം .

കക്കുകളി: നാടക നിരോധന ഭീഷണിയെ ചെറുത്തു തോല്പിക്കുമെന്ന് തൃശൂരിലെ സാംസ്കാരിക, നാടക പ്രവർത്തകർ.

'കക്കുകളി' നാടകത്തിന്റെ പ്രദർശനം തടയണമെന്നും നാടകം നിരോധിക്കണമെന്നുമുള്ള മെത്രാൻ സമിതിയുടേയും അനുബന്ധ സംഘടനകളുടേയും ആവശ്യം തള്ളിക്കളയണമെന്നും അവരുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് വഴങ്ങിക്കൊടുക്കരുതെന്നും തൃശൂരിൽ ചേർന്ന നാടക പ്രവർത്തകരുടേയും സാംസ്ക്കാരിക  പ്രവർത്തകരുടേയും യോഗത്തിൽ അംഗീകരിച്ച പ്രമേയം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കലയും നാടകവും സിനിമയും എഴുത്തും മറ്റു സാംസ്കാരികപ്രവർത്തനങ്ങളുമൊക്കെ തങ്ങളുടെ ശാസനങ്ങൾക്കനുസരിച്ചാവണമെന്ന മത, പൗരോഹിത്യ ശക്തികളുടെ ആജ്ഞകളെ അനുസരിക്കേണ്ട യാതൊരു ബാദ്ധ്യതയും ഒരു ജനാധിപത്യ മതനിരപേക്ഷ സമൂഹത്തിനില്ലെന്ന് യോഗം ചൂണ്ടിക്കാണിച്ചു. ഒരു തീരദേശ നാടക സംഘത്തിന്റെ ആവിഷ്ക്കാരമായ 'കക്കുകളി'ക്കെതിരെ ഇതര വർഗ്ഗീയ കക്ഷികളുമായി ചേർന്ന് വിശ്വാസ സംരക്ഷണ പ്രക്ഷോഭം നടത്താനും കോടതിയിൽ പോകാനും തയ്യാറായ KCBC യുടെ നടപടിയെ യോഗം ശക്തമായി അപലപിച്ചു.


നിലവിലുള്ള വ്യവസ്ഥയെ വിമർശിക്കാൻ ഇന്ത്യൻ പൗരന് ഭരണഘടന തന്നെ അവകാശം നൽകുന്നുണ്ട്. ആവിഷ്ക്കാരത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള ആ സ്വാതന്ത്ര്യത്തെ ആർക്കും അടിയറ വക്കില്ലെന്ന് യോഗം പ്രഖ്യാപിച്ചു.


കത്തോലിക്ക സഭയും അതിന്റെ പൗരോഹിത്യ നേതൃത്വവും ലോകത്തോടു ചെയ്ത പാതകങ്ങളെ എണ്ണിപ്പറഞ്ഞ് അതിനു മാപ്പു പറയുന്ന ഫ്രാൻസിസ് മാർപ്പാപ്പയാണ് ഇന്ന് റോമിനെ നയിക്കുന്നത്. അപ്പോഴാണ് ഒരു നാടകം തങ്ങളുടെ "മതത്തെ അപകടത്തിലാക്കി" യെന്ന കുറ്റാരോപണവുമായി മെത്രാൻ സമിതിയും കൂട്ടരും രംഗത്തെത്തിയിരിക്കുന്നത്. എല്ലാ വിയോജിപ്പുകളേയും അടിച്ചമർത്തുകയും എതിർ ശബ്ദങ്ങൾ ഉയർത്തുന്നവരെ ശാരീരികമായി തന്നെ ഇല്ലായ്മ ചെയ്യാൻ മുതിരുകയും ചെയ്യുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ നേതാക്കൾ ഈ പുരോഹിത പ്രമാണിമാരോടും നാടക നിരോധന ശ്രമത്തോടും ഐക്യപ്പെട്ടിരിക്കുന്നത് നിരോധന ഭീഷണിയുടെ രാഷ്ട്രീയം തുറന്നു കാട്ടുന്നുണ്ടെന്നു യോഗം വിലയിരുത്തി. 


ഇത്തരമൊരു സാഹചര്യത്തിൽ  വിശ്വാസികൾ ഉൾപ്പെടെയുള്ള കേരളത്തിലെ ജനാധിപത്യ മതനിരപേക്ഷ സമൂഹം ഈ നാടക നിരോധന ഭീഷണിയെ നേരിടാൻ ഐക്യപ്പെടണമെന്ന് സാംസ്ക്കാരിക പ്രവർത്തകരുടെ യോഗം ആഹ്വാനം ചെയ്തു.


നാടക നിരോധനത്തിനെതിരായ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനായി "ആവിഷ്ക്കാര സ്വാതന്ത്ര്യ സംരക്ഷണ സമിതി"ക്ക് രൂപം നൽകാൻ യോഗം തീരുമാനിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ ആവശ്യമായ നടപടികളുണ്ടാവണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാനും സംസ്ഥാന വ്യാപകമായി ഒപ്പുശേഖരണം നടത്താനും മെയ് ആദ്യവാരത്തിൽ തൃശൂരിൽ വിപുലമായ ആവിഷ്ക്കാര സ്വാതന്ത്ര്യ കൺവൻഷൻ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. നിരോധന ശ്രമങ്ങളെ ചോദ്യം ചെയ്യുന്നതിനൊപ്പം സാധ്യമായത്രയും അരങ്ങുകളിൽ 'കക്കുകളി' അവതരിപ്പിക്കാൻ കലാസ്നേഹികളും സാംസ്ക്കാരിക പ്രവർത്തകരും മുന്നോട്ടു വരണമെന്നും യോഗം ആഹ്വാനം ചെയ്തു.


ഫ്രാൻസിസ് ചിറയത്ത് (രംഗ ചേതന), രവി കേച്ചേരി (നന്മ), കിരൺ ജി.ബി. (യുവ കലാ സാഹിതി), സിദ്ധാർത്ഥൻ പട്ടേപ്പാടം (ജനകീയ കലാസാഹിത്യ വേദി), ടി. വി. ബാലകൃഷ്ണൻ (നാടക്), പ്രേം പ്രസാദ്, ഇക്ബാൽ കൊടുങ്ങല്ലൂർ (പുരോഗമന കലാ സാഹിത്യ സംഘം), കബീർ (ഹാഷ്മി, വെള്ളാങ്ങല്ലൂർ), ശക്തിധരൻ (യുക്തിവാദി സംഘം), ശ്രീജ ആറങ്ങോട്ടുകര, സിസ്റ്റർ ജെസ്മി, വാസൻ പുത്തൂർ, ഇ.ഡി. ഡേവിസ്, ടി.ആർ രമേഷ്, ലില്ലി തോമസ്, സ്ക്കറിയ മാത്യു, ഗോപാലൻ അടാട്ട്, ഐ. ഗോപിനാഥ്, ടി.കെ. വാസു, ഇ.പി. കാർത്തികേയൻ, ഗിരീഷ്,  ഡോ. ശശിധരൻ കളത്തിങ്കൽ, ജോബി സൂര്യഗ്രാമം, കെ. എൽ. ജോസ്, ഹരിദാസൻ വേലൂർ, പി.സി.രവി, ജയപ്രകാശ് ഒളരി, ''കക്കുകളി" യുടെ സംവിധായകൻ ജോബ് മഠത്തിൽ, നാടകത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി മാളു തുടങ്ങിയവർ പങ്കെടുത്തു. 


കെ.എ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. വേണുഗോപാലൻ സ്വാഗതം പറഞ്ഞു.


തൃശൂർ

24/03/2023



പ്രമേയം

"കക്കുകളി " നാടക നിരോധന ഭീഷണിയെ ചെറുക്കുക.




ആലപ്പുഴ പുന്നപ്ര ലൈബ്രറി നെയ്തൽ നാടക സംഘം കഴിഞ്ഞ ഒരു വർഷത്തോളമായി അവതരിപ്പിച്ചു പോരുന്ന, 'കക്കുകളി' എന്ന നാടകം നിരോധിക്കണമെന്ന ആവശ്യവുമായി കേരള മെത്രാൻ സമിതി (KCBC) രംഗത്തു വന്നിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ശക്തമായ പ്രചരണ കാമ്പയിനും പ്രക്ഷോഭ പരിപാടികളും ആരംഭിച്ചതോടൊപ്പം കോടതിയെ സമീപിച്ച് നാടക നിരോധനം നേടിയെടുക്കാനും അവർ ശ്രമിക്കുന്നുണ്ട്. തൃശൂരിൽ നടന്ന അന്തർദ്ദേശീയ നാടകോത്സവത്തിൽ അവതരിപ്പിച്ചപ്പോൾ ഏറെ പ്രേക്ഷക ശ്രദ്ധയാകർഷിച്ച, 'കക്കുകളി' ക്രിസ്തുമതത്തേയും മതസ്ഥാപനങ്ങളേയും സന്യസ്തരേയും അവഹേളിക്കുന്നതാണെന്ന് KCBC യും അവരെ പിന്തുണക്കുന്ന ചില സംഘടനകളും കുറ്റപ്പെടുത്തുന്നു.




ഏതെങ്കിലും മതത്തേയോ മതവിശ്വാസങ്ങളേയോ അവഹേളിക്കാനോ എതിർത്തു തോല്പിക്കാനോ നാടകം മുതിരുന്നില്ലെന്ന് അതിന്റെ സംവിധായകൻ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിട്ടുള്ളതാണ്. മെത്രാൻ സമിതിയുടെ തന്നെ ആദരത്തിനു പാത്രമായിട്ടുള്ള, മലയാളത്തിലെ യുവ കഥാകാരന്മാരിൽ പ്രമുഖനായ ഫ്രാൻസിസ് നൊറോണയുടെ ചെറുകഥയെ ഉപജീവിച്ചാണ് ഈ നാടകം രൂപപ്പെടുത്തിയിട്ടുള്ളത്. 'കക്കുകളി'യുടെ നിരോധനം ആവശ്യപ്പെട്ടുകൊണ്ട് വിശ്വാസികളെ തെരുവിലിറക്കുന്ന KCBC യും ഇതര സംഘടനകളും തികച്ചും അടിസ്ഥാനരഹിതവും വ്യാജവുമായ വാദങ്ങൾ ഉയർത്തിക്കൊണ്ടാണ് പ്രചരണങ്ങൾ നടത്തുകയും പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്.




ഒരു കലാസൃഷ്ടിയുടെ പ്രകാശന സ്വാതന്ത്ര്യത്തെ വിലക്കാൻ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തുകയും അവയെ മുൻ നിർത്തി സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുകയും സമൂഹത്തിന്റെ സ്വാസ്ഥ്യം തകർക്കാൻ പോന്ന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നവർ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ആവിഷ്ക്കാരത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള മൗലികാവകാശങ്ങളെ നിഷേധിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഏതൊരു സർഗ്ഗാവിഷ്ക്കാരത്തിനും മേൽ മതനിന്ദയുടേയോ ദേശദ്രോഹത്തിന്റേയോ ചാപ്പ കുത്തി അതിന്റെ രചയിതാക്കളെ വേട്ടയാടുകയും ചിന്താശേഷി ചോർത്തിക്കളയപ്പെട്ട അനുയായികളെ ഹിംസാ സന്നദ്ധരായി ഇളക്കിവിടുകയും ചെയ്യുന്നത് വിശ്വാസ സംരക്ഷണത്തിനു വേണ്ടിയല്ലെന്നും സങ്കുചിതമായ അധികാര, രാഷ്ട്രീയ താല്പര്യങ്ങൾക്കു വേണ്ടിയാണെന്നും നിരവധി അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്.




ഭരണഘടനാ വ്യവസ്ഥകളും അതിന്റെ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്ന ഒരു സർക്കാരിന് ഇത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങിക്കൊടുക്കാനാവില്ലെന്നതിനാലും മതശാസനകൾക്കുമപ്പുറം ഭരണഘടനാ മൂല്യങ്ങളാണ് ഒരു ജനാധിപത്യ സമൂഹത്തിന്റെ ജീവൻ എന്നതിനാലും കക്കുകളി നാടകത്തെ നിരോധിക്കണമെന്ന KCBC യുടേയും മത, പൗരോഹിത്യ സ്ഥാപനങ്ങളുടേയും ആവശ്യത്തെ തള്ളിക്കളയണമെന്ന് സംസ്ഥാന സർക്കാരിനോട് തൃശൂരിൽ നടക്കുന്ന സാംസ്കാരിക, നാടക പ്രവർത്തകരുടെ ഈ യോഗം അഭ്യർത്ഥിക്കുന്നു.




ആധുനിക കേരളം ചരിത്രപരമായി സമാർജ്ജിച്ച മതേതര ജനാധിപത്യ മൂല്യമണ്ഡലത്തെ, വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും സംരക്ഷണത്തിന്റെ പേരിൽ വ്യത്യസ്ത മത വർഗ്ഗീയ ശക്തികൾ ജാമ്യത്തടവിലാക്കുന്നതിനും സാമൂഹ്യ ബന്ധങ്ങളെ കലുഷമാക്കുന്നതിനും സമീപകാല കേരളം പല വട്ടം സാക്ഷിയായിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ്, ''കക്കുകളി'യുടെ പേരിൽ ഉയർത്തപ്പെടുന്ന "മതം അപകടത്തിൽ" എന്ന വ്യാജ ഭീതി പ്രചരണം. പൗരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ മാത്രമല്ല ഒരു മതേതര ജനാധിപത്യ സമൂഹത്തിൽ പുലരേണ്ട മൗലികമായ നൈതിക ആദർശങ്ങളെ ആകെത്തന്നെ വെല്ലുവിളിക്കുന്നതാണ് ഈ പ്രചരണം. അധികാര പ്രാപ്തിയുടെ അനുകൂല അന്തരീക്ഷത്തെ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് രാജ്യത്തെങ്ങും വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും വെറുപ്പിന്റെ രാഷ്ട്രീയം പ്രയോഗിക്കുകയും വിയോജിപ്പിന്റെ ശബ്ദമുയർത്തുന്ന ഏതൊരാളേയും ശാരീരികമായി തന്നെ ഇല്ലായ്മ ചെയ്യാൻ ഒരുങ്ങുകയും ചെയ്യുന്ന ഫാസിസ്റ്റ് ശക്തികൾ ഈ പ്രചരണത്തിനു പിന്തുണ നൽകുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. കേരളീയ സമൂഹത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ "അടിത്തറ തകർക്കുന്നതിനുള്ള" രാഷ്ട്രീയ പദ്ധതികളുമായിക്കൂടി ബന്ധപ്പെട്ടതാണ് ഈ നിരോധനാവശ്യമെന്നു തിരിച്ചറിഞ്ഞു കൊണ്ട് അതിനെ ചെറുക്കാൻ കേരളത്തിലെ ജനാധിപത്യ മതനിരപേക്ഷ സമൂഹം മുന്നോട്ടു വരണമെന്ന് സാംസ്കാരിക, നാടക പ്രവർത്തകരുടെ ഈ യോഗം അഭ്യർത്ഥിക്കുന്നു