FREDY K THAZHATH-സാമ്രാജ്യത്വത്തിന്റെ പൊതു കുഴപ്പം അഥവാ ജനറൽ ക്രൈസിസ് അതിന്റെ മൂന്നാമത്തെ സ്റ്റേജിൽ ഇന്ന് അതിവേഗത്തിൽ മൂർച്ഛിക്കുകയാണ്.
മൂലധനം കുത്തക മൂലധനമായും ബാങ്ക് ക്യാപ്പിറ്റലുമായി ചേർന്ന് ഫിനാൻസ് ക്യാപ്പിറ്റലുമായും രൂപാന്തരം പ്രാപിച്ചതിനാൽ യൂറോപ്പിലെ സാധ്യതകളിൽ മാത്രം അതിന് ഒതുങ്ങി നിൽക്കാനാവാതെ വന്നു എന്നാണ് മാർക്സിന്റെ തുടർച്ചയായി ലെനിൻ ചൂണ്ടിക്കാട്ടിയത്.
തന്മൂലം,
ഏഷ്യൻ ആഫ്രിക്കൻ ലത്തിനമേരിക്കൻ രാജ്യങ്ങളിലേക്ക് മൂലധനം കയറ്റി അയക്കുന്ന സ്ഥിതിയുണ്ടായി.
അതായത്, ഏഷ്യനാഫ്രിക്കൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ അദ്ധ്വാന ശക്തിയെ സംഘടിതമായി ചൂഷണം ചെയ്യുന്ന സ്ഥിതിയിലേക്ക് ഫിനാൻസ് മൂലധനം വ്യാപിച്ചു. തന്മൂലം ബ്രിട്ടനിലോ ഫ്രാൻസിലോ ഉള്ള അദ്ധ്വാനത്തെ കഠിനമായി ചൂഷണം ചെയ്തുകൊണ്ട് മാത്രം ലാഭം നേടുക എന്ന സ്ഥിതിയിൽ നിന്ന് ഏഷ്യയിലെയും ആഫ്രിക്കയിലെയും കോളനികളിൽ നിന്നുള്ള അദ്ധ്വാനത്തെ ചൂഷണം ചെയ്യാൻ കൂടി കഴിയും എന്ന സ്ഥിതിയിലേക്ക് സാമ്രാജ്യത്വ ബൂർഷ്വാസി മാറി.
ഇതിനാൽ, യു.കെ.യിലെയും ഫ്രാൻസിലെയും ഇതര സാമ്രാജ്യത്വ രാജ്യങ്ങളിലെയും തൊഴിലാളി വർഗ്ഗത്തിന് താരതമ്യേന ജനക്ഷേമങ്ങൾ നൽകാൻ സാഹചര്യങ്ങൾ അനുകൂലമായി. അവിടങ്ങളിൽ ഉയരുന്ന സമരത്തിന്റെ തീക്ഷ്ണതയ്ക്ക് അനുസരിച്ച് അത്തരം അവകാശങ്ങൾ അവിടങ്ങളിലെ തൊഴിലാളികൾക്ക് ബൂർഷ്വാസി നൽകാനും ഇതിൻറെ പതിന്മടങ്ങായി കോളനികളിലെ തൊഴിലാളികളെ മർദ്ദിച്ച് ചൂഷണം ചെയ്യാനും തുടങ്ങി.
അതുകൊണ്ട് , സാമ്രാജ്യത്തെ വ്യവസ്ഥയിൽ ചൂഷണത്തിന്റെ ഫലമായി ഉണ്ടാകുന്ന സാമൂഹ്യ വൈരുദ്ധ്യം ഏറ്റവും കൂടുതൽ മൂർച്ചിക്കുന്നത് കോളനികളിലാണ് എന്ന സ്ഥിതി വന്നു. അതേസമയം പിന്നാക്കം നിൽക്കുന്ന സാമ്രാജ്യത്വ രാജ്യങ്ങളിൽ ( ഉദാഹരണം റഷ്യ) ഇത് അത്ര ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ആയതുകൊണ്ട് അത്തരം രാജ്യങ്ങൾ സാമ്രാജ്യത്വ വ്യവസ്ഥയിലെ ദുർബല കണ്ണികളായി. കോളനികളിലും ഈ ദുർബല കണ്ണിലും വിപ്ലവസാഹചര്യം ഉയർന്നുവന്നു.
ഇവയാണ് ലെനിൻ ചൂണ്ടിക്കാണിച്ച സാമ്രാജ്യത്വ വ്യവസ്ഥയിലെ വൈരുദ്ധ്യങ്ങൾ മൂർച്ഛിക്കുന്ന കേന്ദ്രങ്ങൾ .
ഇതുകൊണ്ടാണ് പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളിൽ സോഷ്യൽ ഡെമോക്രാറ്റിക് പ്രസ്ഥാനങ്ങൾ ഭൂരിപക്ഷം നേടുകയും അതേസമയം പിന്നാക്ക യൂറോപ്യൻ രാജ്യമായ റഷ്യയിലും ഒക്ടോബർ വിപ്ലവത്തിന് ശേഷം ഏഷ്യൻ ആഫ്രിക്കൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ബോൾഷെവിക്കുകൾ തൊഴിലാളി പ്രസ്ഥാനത്തിൽ ഭൂരിപക്ഷം നേടുകയും ചെയ്തത്.
അതായത്,
മാർക്സിന്റെയും എംഗിൾസിന്റെയും കാലത്തിൽനിന്ന് വ്യത്യസ്തമായി ലെനിന്റെ കാലഘട്ടത്തിലേക്ക് വന്നപ്പോൾ മുതലാളിത്ത ചൂഷണത്തിന്റെ വൈരുദ്ധ്യം മൂർച്ഛിക്കുന്ന ഇടങ്ങൾ മാറിമറിഞ്ഞു. സാമ്രാജ്യത്വം അഥവാ, അന്താരാഷ്ട്ര ഫിനാൻസ് മൂലധനം എന്ന പുതിയ ആഗോള പ്രതിഭാസമാണ് ഈ ഷിഫ്റ്റ് ഉണ്ടാക്കിയത്.
ഇന്നും നാം നോക്കിയാൽ യൂറോപ്പിൽ ഇടതുപക്ഷ പ്രസ്ഥാനം താരതമ്യേന ശക്തി പ്രാപിക്കുന്നത് താരതമ്യേന ദുർബലമായിരിക്കുന്ന സ്പെയിനിലാണ് ; അതുപോലെയുള്ള രാജ്യങ്ങളിലാണ്.
എന്നാൽ,
ലത്തിനമേരിക്കൻ രാജ്യങ്ങളിൽ വ്യാപകമായി ഇടതുപക്ഷം ശക്തിയാർജിക്കുന്നുമുണ്ട്.
ഏഷ്യൻ രാജ്യങ്ങൾ തന്നെ എടുത്താൽ ഏറ്റവും വ്യാപകമായി ട്രേഡ് യൂണിയനുകൾ ഇടതുപക്ഷ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിൽ സംഘടിതമായി നിലനിൽക്കുന്ന രാജ്യം ഇന്ത്യയാണ്.
ഇന്ത്യയിൽ ആകട്ടെ,
ഈ ഇടതുപക്ഷ യൂണിയനുകൾ ആദ്യം ട്രേഡ് യൂണിയൻ സ്പോൺസറിംഗ് കമ്മിറ്റിയുടെ രൂപത്തിൽ ഐക്യപ്പെട്ടുകൊണ്ട് സാമ്രാജ്യത്വ ആഗോളവൽക്കരണത്തിനെതിരെ പോരാട്ടം ആരംഭിച്ചു.
പിന്നീട് , ഐഎൻടിയുസി അടക്കമുള്ള ഇടതുപക്ഷ ഇതര രാഷ്ട്രീയപാർട്ടികളാൽ നയിക്കപ്പെടുന്ന ട്രേഡ് യൂണിയൻ സെന്ററുകളുമായി ഐക്യപ്പെട്ടുകൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ പ്രസ്ഥാനമായി വികസിച്ചു.
കർഷക പ്രക്ഷോഭ സമരത്തിന്റെ വിജയത്തിനു ശേഷം ഈ സംയുക്ത ട്രേഡ് യൂണിയൻ പ്രസ്ഥാനം സംയുക്ത കർഷകപ്രസ്ഥാനവുമായി ഐക്യപ്പെടുകയാണ്.
ഇരുപത് - ഇരുപത്തൊന്ന് നൂറ്റാണ്ടുകളിലായി ഓവർ ലാപ്പ് ചെയ്തു കിടക്കുന്ന ഈ സംഭവവികാസങ്ങൾ സാമ്രാജ്യത്വ യുഗത്തിലെ വൈരുദ്ധ്യങ്ങൾ മൂർച്ഛിക്കുന്നതിനെ സംബന്ധിച്ച ലെനിനിസ്റ്റ് വിശകലനത്തെയും സാമൂഹ്യമാറ്റത്തെ സംബന്ധിച്ച ലെനിനിസ്റ്റ് തീസിസിനെയും വിണ്ടും തെളിയിച്ചിരിക്കുകയാണ്.
യഥാർത്ഥത്തിൽ, ശാസ്ത്രീയ സോഷ്യലിസത്തിന്റെ പ്രയോഗശരിമയുടെ വശം കൂടിയാണ് ഇത് ആവർത്തിച്ച് തെളിയിക്കുന്നത്.
അതുകൊണ്ട് , പ്രത്യക്ഷത്തിൽ ഗ്രന്ഥപ്പുരകളിൽ 'ഉറങ്ങുന്ന' ശാസ്ത്രീയ സോഷ്യലിസത്തിന്റെ അടിസ്ഥാന തത്വസംഹിതകൾ മുൻ കോളനി രാജ്യങ്ങളിലും ദുർബലമായ സാമ്രാജ്യത്വ മുതലാളിത്ത രാജ്യങ്ങളിലും ഇടതുപക്ഷ പ്രസ്ഥാനത്തെ ബോധപൂർവ്വം നയിക്കുന്നതിന് വീണ്ടും തീ പടർത്തി തുടങ്ങിയിരിക്കുന്നു.
റിപ്വാൻ വിങ്കിളിനെ പോലെ ഉറങ്ങിപ്പോയ താച്ചറിസ്റ്റ്, റീഗണിസ്റ്റ് നിയോ ക്ലാസിക്കൽ വെളിച്ചപ്പാടുകൾ പഴയ തുരുമ്പിച്ച വാളെടുത്ത് തുള്ളിയതുകൊണ്ട് ഉയർത്തെഴുന്നേൽക്കുന്ന ശാസ്ത്രീയ സോഷ്യലിസത്തിന്റെ ഭൂതത്തെ തിരിച്ച് കുടത്തിൽ കയറ്റാൻ കഴിയുകയില്ല.
"അമേരിക്കൻ നാടുകളിൽ ചെറുപ്പക്കാർക്കിടയിൽ ശാസ്ത്രീയ സോഷ്യലിസം കമ്മ്യൂണിസം എന്നീ ആപത്തുകൾ പടരുന്നു " എന്നാണ് ഈ അടുത്ത സന്ദർഭത്തിൽ അമേരിക്കൻ കോൺഗ്രസ് പ്രതിനിധി ആപൽശങ്ക വിളിച്ചോതിയത്.
തീർച്ചയായും,
ചരിത്രം ഒരുനാൾ കൊണ്ട് മായ്ക്കാൻ കഴിയുകയില്ല എന്നതുപോലെ ചരിത്രം ഒരുനാൾ കൊണ്ട് പുനരാവിഷ്കരിക്കാനും കഴിയില്ല.
അതിന് അതിന്റേതായ സമയം തന്നെ വേണം.
പക്ഷേ, സാമ്രാജ്യത്വത്തിന്റെ പൊതു കുഴപ്പം അഥവാ ജനറൽ ക്രൈസിസ് അതിന്റെ മൂന്നാമത്തെ സ്റ്റേജിൽ ഇന്ന് അതിവേഗത്തിൽ മൂർച്ഛിക്കുകയാണ്. യഥാർത്ഥത്തിൽ, സാമ്രാജ്യത്വ ശക്തികൾ മുൻപെല്ലാം 'കൈനീഷിനിസം' കൊണ്ട് ഈ മൂർച്ഛിക്കൽ പ്രക്രിയയെ തണുപ്പിക്കാൻ ശ്രമിക്കാറാണ് പതിവ്.
പക്ഷേ, ഈ തണുപ്പിക്കൽ പ്രക്രിയ ഉപേക്ഷിച്ചു കൊണ്ട്
റീഗണും താച്ചറും അഴിച്ചുവിട്ട 'ദേർ ഈസ് നോ ആൾട്ടർനേറ്റീവ്' എന്ന തീവ്ര വലതു നയം യഥാർത്ഥത്തിൽ ഇന്ന് അവർക്ക് നേരെ തന്നെ ബൂമറാങ് ചെയ്തിരിക്കുകയാണ്.
ഇന്ന് ശാസ്ത്രീയ സോഷ്യലിസത്തിന്റെ ശക്തികളാണ് "സോഷ്യലിസം അല്ലാതെ മറ്റൊരാൾട്ടർ നേറ്റിവ് ഇല്ല " എന്ന് തിരിച്ചോതുന്നത്.
അതായത്,
'ടിന' 'TINA' എന്നതിനെതിരെ 'സിറ്റ' 'SITA' എന്നത് ഇന്ന് വെറുമൊരു റെട്ടറിക്ക് അല്ലാതായിരിക്കുന്നു.
അത് ലത്തിനമേരിക്ക, ഏഷ്യ , ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽ സാമൂഹ്യ വൈരുദ്ധ്യങ്ങളിൽ നിന്ന് ഉടലെടുക്കുന്ന പ്രക്ഷോഭങ്ങൾക്ക് ബോധപൂർവ്വ രൂപം നൽകാൻ ആരംഭിച്ചിരിക്കുന്നു.
അതിനെതിരെ
ഫാഷിസ്റ്റ് അടിച്ചമർത്തൽ കൊണ്ടുവരിക എന്നതാണ് കുത്തക മുതലാളിത്തവും അന്താരാഷ്ട്ര ഫിനാൻസ് മൂലധനവും ഇന്ന് തീവ്രമായി പരിശ്രമിക്കുന്നത്.
അതിനെ , പരാജയപ്പെടുത്താനായി കേവലം തൊഴിലാളി - കർഷക വർഗ്ഗശക്തി മാത്രം പോര ;
മറിച്ച്, തൊഴിലാളി - കർഷക വർഗ്ഗശക്തിയുടെ ഒപ്പം എല്ലാത്തരം ജനാധിപത്യ മതേതര ശക്തികളേയും ഐക്യപ്പെടുത്തേണ്ടതുണ്ട്.
ഇതാണ് ഇടതുപക്ഷ ശക്തികൾ തിരിച്ചറിയുന്നത്.
അതുകൊണ്ട്, ഇടതുപക്ഷത്തിനെതിരെ കമ്മ്യൂണിസ്റ്റ് വിരുദ്ധ 'കലി ബാധിച്ച നളന്മാരെ' ക്ഷമാപൂർവ്വം കലിയിറക്കി ഐക്യപ്പെടുത്താനും കൂടി ഉത്തരവാദിത്തപൂർവ്വം ഈ ബൃഹദ് സമരം ഏറ്റെടുക്കുന്ന 'വാൻഗാഡ്' അഥവാ 'മുന്നണിപ്പട' പരിശ്രമിക്കും.
കാരണം,
പോരാടാൻ മാത്രമല്ല,
ജനതയ്ക്കു വേണ്ടി വിജയിക്കാൻ കൂടി വേണ്ടിയാണ്,
ശാസ്ത്രീയ സോഷ്യലിസവും അതിൻറെ പ്രയോക്താക്കളായ ഇടതുപക്ഷ ശക്തികളും സംഘടിച്ച് സമരപഥത്തിൽ ഇറങ്ങുന്നത്.