KUNNEL KRISHNAN-സ: കുന്നേൽ കൃഷ്ണനെ ആദരിച്ചു.

 













































































































































































































































































സ: കുന്നേൽ കൃഷ്ണനെ ആദരിച്ചു.

കമ്യൂണിസ്റ്റ് വിപ്ലവകാരി സ: എ. വർഗ്ഗീസിന്റെ സഹപാഠിയും വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് അദ്ദേഹത്തിന്റെ സഹപ്രവർത്തകനും MLPI (റെഡ് ഫ്ലാഗ് ) സംസ്ഥാന കമ്മിറ്റി അംഗവുമായ സ: കുന്നേൽ കൃഷ്ണനെ വർഗ്ഗീസ് സ്മാരക ട്രസ്റ്റിന്റെ  ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ വച്ചു നടന്ന ചടങ്ങിൽ ആദരിച്ചു. 1970 കളുടെ ആദ്യം മുതൽ എം.എൽ പ്രസ്ഥാനത്തിൽ സജീവമായിരുന്ന കുന്നേൽ കൃഷ്ണൻ അടിയന്തിരാവസ്ഥയിൽ കക്കയം കോൺസെൻട്രേഷൻ ക്യാമ്പിൽ കഠിനമായ ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടിട്ടുണ്ട്. അടിയന്തിരാവസ്ഥക്കാലത്തു നടന്ന കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണക്കേസിലും 1981 ലെ കേണിച്ചിറ മത്തായി വധക്കേസിലും പ്രതിയാക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തിന് ദീർഘകാലത്തെ ജയിൽവാസവും ഒളിവു ജീവിതവും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗിന്റേയും എം.എൽ.പി ഐ (റെഡ് ഫ്ലാഗ് ) ന്റേയും വയനാട് ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സ: കുന്നേൽ കൃഷ്ണൻ നിലവിൽ സംസ്ഥാന കമ്മിറ്റി അംഗമാണ്.


മാനന്തവാടി വ്യാപാര ഭവൻ ഹാളിൽ നടന്ന ആദരമർപ്പിക്കൽ പരിപാടി മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ് ) അഖിലേന്ത്യാ സെക്രട്ടറി എം.എസ്. ജയകുമാർ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ വിമോചനത്തിനു വേണ്ടി കമ്യൂണിസ്റ്റ് വിപ്ലവ പാത സ്വീകരിക്കുകയും ത്യാഗ പൂർണ്ണമായ ജീവിതം നയിക്കുകയും ചെയ്ത സ: കുന്നേൽ കൃഷ്ണൻ ചരിത്രത്തിനൊപ്പം നടന്ന വ്യക്തിത്വമാണെന്നു അദ്ദേഹം പറഞ്ഞു.


സി.പി.ഐ (എം) വയനാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. സഹദേവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, ,സ : എം.എം. സോമശേഖരൻ, പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ, ഡി.സി.സി അംഗം എ.പ്രഭാകരൻ മാസ്റ്റർ , അഡ്വ: എം. വേണുഗോപാൽ, സുലോചന രാമകൃഷ്ണൻ, ഡോ. അമ്പി ചിറയിൽ, വർഗ്ഗീസ് വട്ടേക്കാട്ടിൽ, ഇ. എം.ശ്രീധരൻ മാസ്റ്റർ, എം.കെ. തങ്കപ്പൻ, ചാൾസ് ജോർജ്ജ്, ഫ്രെഡി. കെ.താഴത്ത് തുടങ്ങിയവർ സംസാരിച്ചു.


എം.എൽ.പി.ഐ (റെഡ് ഫ്ലാഗ് ) കേരള സംസ്ഥാന സെക്രട്ടറി പി.സി.ഉണ്ണിച്ചെക്കൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.എൻ.സലിം കുമാർ സ്വാഗതവും അഡ്വ. വർഗ്ഗീസ് നന്ദിയും പറഞ്ഞു.

പി.സി. ഉണ്ണിച്ചെക്കൻ,

പ്രസിഡന്റ്

സ: വർഗ്ഗീസ് സ്മാരക ട്രസ്റ്റ്, മാനന്തവാടി.


മാനന്തവാടി

17/02/2023