സ: കുന്നേൽ കൃഷ്ണനെ ആദരിക്കുന്നു.
സഖാവേ / സുഹൃത്തേ,
കഴിഞ്ഞ അറുപതു വർഷത്തിലേറെയായി വയനാട്ടിലെ മാത്രമല്ല, കേരള സംസ്ഥാനത്തെ തന്നെ കമ്യൂണിസ്റ്റ് വിപ്ലവപ്രസ്ഥാനത്തിന്റെ നേതൃതലത്തിൽ പ്രവർത്തിച്ചു വരുന്ന മുതിർന്ന വിപ്ലവകാരിയാണ് സ: കുന്നേൽ കൃഷ്ണൻ. കമ്യൂണിസ്റ്റ് വിപ്ലവ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു കൊണ്ട് പ്രവർത്തന രംഗത്തു വന്ന സ: എ.വർഗ്ഗീസിനൊപ്പം പ്രവർത്തിച്ച സ: കൃഷ്ണേട്ടന്റെ, രണോത്സുകമായ സമരങ്ങളും ത്യാഗങ്ങളും സഹനങ്ങളും നിറഞ്ഞ ജീവിതം എട്ടുപതിറ്റാണ്ടു പിന്നിട്ടു കഴിഞ്ഞു.
വയനാട്ടിൽ, മാനന്തവാടി താലൂക്കിലെ വാളാട് ഗ്രാമത്തിൽ ഒരു ഇടത്തരം കർഷക കുടുംബത്തിൽ 1940 ൽ ജനിച്ച സ: കുന്നേൽ കൃഷ്ണൻ, വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചതാണ്. 1950 കളുടെ രണ്ടാം പകുതിയിൽ, അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായിരുന്ന AISF മാനന്തവാടി ഘടകത്തിന്റെ പ്രസിഡന്റും സെക്രട്ടറിയുമെന്ന നിലയിൽ, സജീവമായി പ്രവർത്തന രംഗത്തുണ്ടായിരുന്നവരാണ് സ: വർഗ്ഗീസും കൃഷ്ണേട്ടനും. സ്ക്കൂളിൽ കൃഷ്ണേട്ടനേക്കാൾ ഒരു വർഷം സീനിയറായിരുന്നു സ: വർഗ്ഗീസ്. 1959 ൽ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരായി കോൺഗ്രസ്സും പള്ളിയും വർഗ്ഗീയ, സാമുദായിക ശക്തികളും ഉൾപ്പെട്ട വലതു പക്ഷക്കാർ നയിച്ച കുപ്രസിദ്ധമായ 'വിമോചന സമര'ത്തി നെതിരെ വയനാട്ടിലെ വിദ്യാർത്ഥികളെ അണി നിരത്തുന്നതിൽ ഇവർ വലിയ പങ്കാണു വഹിച്ചത്.
പിന്നീട് വിദ്യാഭ്യാസത്തിനു വേണ്ടി കോഴിക്കോട്ടേക്കും തുടർന്ന് തൊഴിലിനു വേണ്ടി ദൽഹിയി (ഫരീദാബാദ്) ലേക്കും പോയ സ: കൃഷ്ണേട്ടൻ സ: വർഗ്ഗീസിന്റെ കത്തു കിട്ടിയതിനെ തുടർന്നാണ് 1970 ൽ ദൽഹിയിൽ നിന്നും തിരിച്ചു വരുന്നത്. വിപ്ലവ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കാൻ വേണ്ടി നാട്ടിലെത്താനായിരുന്നു സ: വർഗ്ഗീസ് കൃഷ്ണേട്ടനോട് ആവശ്യപ്പെട്ടത്. കൃഷ്ണേട്ടൻ വയനാട്ടിലെത്തുന്നതിനു രണ്ടു നാൾ മുമ്പ് സ: വർഗ്ഗീസ് രക്തസാക്ഷിയായിക്കഴിഞ്ഞിരുന്നു.
തുടർന്ന് സി.പി.ഐ (എം. എൽ) സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തനമാരംഭിച്ച കൃഷ്ണേട്ടൻ അടിയന്തിരാവസ്ഥക്കാലത്ത് കക്കയം കോൺസെൻട്രേഷൻ ക്യാമ്പിൽ അതിക്രൂരമായ പീഡനങ്ങൾക്കിരയാക്കപ്പെട്ടു. അടിയന്തിരാവസ്ഥക്കാലത്തു നടന്ന കൂരാച്ചുണ്ട് (കക്കയം) പോലീസ് സ്റ്റേഷൻ ആകമണ കേസിലും 1981 ലെ കേണിച്ചിറ ഉന്മൂലന സമര കേസിലും പ്രതിയാക്കപ്പെട്ട സ: കൃഷ്ണേട്ടന് ദീർഘകാലം ഒളിവു ജീവിതവും നയിക്കേണ്ടി വന്നിട്ടുണ്ട്.
അടിയന്തിരാവസ്ഥക്കുശേഷം കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തെ പുന:സംഘടിപ്പിക്കുന്നതിലും അതിന്റെ ബഹുജനാടിത്തറ വികസിപ്പിക്കുന്നതിലും സ: കൃഷ്ണേട്ടൻ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. സി.ആർ.സി ; സി പി ഐ (എം.എൽ) ന്റേയും സി.പി.ഐ. (എം.എൽ) റെഡ് ഫ്ലാഗിന്റേയും വയനാട് ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ദീർഘ കാലത്തെ പ്രവർത്തനാനുഭവമുള്ള സ: കൃഷ്ണേട്ടന്റെ നേതൃത്വം പാർട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യപരമായ കാരണങ്ങളാൽ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നില്ക്കുമ്പോഴും മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്) യുടെ കേരള സംസ്ഥാന കമ്മിറ്റി അംഗമായി തുടരുകയാണ് അദ്ദേഹം.
ഇടക്ക് രണ്ടു സന്ദർഭങ്ങളിൽ ഗുരുതരമായ ഹൃദയാഘാതത്തേയും മറ്റൊരിക്കൽ ഗുരുതരമായ അർബ്ബുദ ബാധയേയും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അനാരോഗ്യത്തിന്റെ അവശതകളെ കൂസാതെ രാഷ്ട്രീയപ്രവർത്തന രംഗത്ത് തുടരുകയാണ് കൃഷ്ണേട്ടൻ.
കർഷകർക്കെതിരെ നടക്കുന്ന ജപ്തി നടപടികൾക്കും " ബ്ലേഡ് മാഫിയ" യുടെ അതിക്രമങ്ങൾക്കുമെതിരെ നടന്ന സമരത്തിലും അന്യാധീനപ്പെട്ട ആദിവാസി ഭൂമി വീണ്ടെടുത്തു നൽകാനായി ആദിവാസി ഭൂസംരക്ഷണ വേദി സംഘടിപ്പിച്ച പ്രക്ഷോഭങ്ങളിലും മുത്തങ്ങ സംഭവത്തിനു ശേഷം വയനാട്ടിലെ ആദിവാസികൾ ആക്രമിക്കപ്പെട്ടപ്പോൾ അവരെ സംരക്ഷിക്കാൻ നടത്തിയ ശ്രമങ്ങളിലും കാവേരി നദീജല തർക്കത്തെ തുടർന്നുണ്ടായ സംഘട്ടനങ്ങളുടെ ഫലമായി തമിഴ് നാട്ടിലും കർണ്ണാടക സംസ്ഥാനത്തിലും നിന്ന് വയനാട്ടിലേക്ക് ഓടിപ്പോരേണ്ടി വന്നവരെ സംരക്ഷിക്കുന്ന പ്രവർത്തങ്ങളിലുമൊക്കെ സ: കൃഷ്ണേട്ടൻ സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. ഇപ്പോഴും രോഗമേല്പിക്കുന്ന അവശതകളെ വിസ്മരിച്ചു കൊണ്ട്, കർഷകർ അടക്കമുള്ള ജനങ്ങളെ കടക്കെണിയിൽ കുടുക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്ന 'സർഫാസി' നിയമത്തിനെതിരായ ജനകീയ സമരത്തിന്റെ നേതൃ മുന്നണിയിലാണ് സ: കൃഷ്ണേട്ടൻ.
ആറു പതിറ്റാണ്ടിലധികം നീണ്ട വിപ്ലവ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കൽ പോലും ഇടർച്ച പറ്റാത്ത രാഷ്ട്രീയ പ്രതിബദ്ധത പുലർത്താൻ അദ്ദേഹത്തിനായിട്ടുണ്ട്. വിപ്ലവ പ്രസ്ഥാനത്തിന്റെ അകത്തും പുറത്തും നിന്നുമുണ്ടായിട്ടുള്ള കടന്നാക്രമണങ്ങളെ ചെറുത്തു തോല്പിക്കാനും പ്രതിസന്ധി ഘട്ടങ്ങളിൽ ചാഞ്ചാട്ട ലേശമില്ലാതെ പാർട്ടിക്കൊപ്പം ഉറച്ചു നിൽക്കാനും ജനങ്ങളോടും ജനകീയ താല്പര്യങ്ങളോടും പ്രതിജ്ഞാബദ്ധനായിരിക്കാനും സ: കൃഷ്ണേട്ടനായിട്ടുണ്ട്.
ഈ വരുന്ന ഫെബ്രുവരി 17 ന്, സ: വർഗ്ഗീസ് രക്തസാക്ഷിദിനമായ ഫെബ്രുവരി 18 ന്റെ തലേന്ന് സ: കൃഷ്ണേട്ടനെ ആദരിക്കുന്നതിനായി സ: വർഗ്ഗീസ് സ്മാരക ട്രസ്റ്റ് ഒരു യോഗം സംഘടിപ്പിക്കുകയാണ്. MLPl (റെഡ് ഫ്ലാഗ് ) ന്റെ മുതിർന്ന നേതാക്കൾക്കൊപ്പം കേരളത്തിലെ എം.എൽ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളും സ: കൃഷ്ണേട്ടന്റെ പഴയ കാല സഹപ്രവർത്തകരും സുഹൃത്തുക്കളും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കും. താങ്കളും കുടുംബ സമേതം യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.
വർഗ്ഗീസ് സ്മാരക ട്രസ്റ്റിനു വേണ്ടി,
പി. സി. ഉണ്ണിച്ചെക്കൻ
(പ്രസിഡന്റ്)
എം. കെ. തങ്കപ്പൻ
(സെക്രട്ടറി)
മാനന്തവാടി
05/02/2023