എന്തുകൊണ്ട്
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ
പിന്തുണക്കുന്നു.
മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ രാജ്യത്തെ സമരങ്ങളുടെ തീച്ചൂളയാക്കി മാറ്റിയിരിക്കുകയാണ്. ലോകം കണ്ട ഏറ്റവും വലിയ കര്‍ഷക സമരമാണ് നാല് മാസങ്ങളോളമായി ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുന്നത്. പഞ്ചാബ്, ഹരിയാന, പശ്ചിമ യു. പി., ഹിമാചൽ പ്രദേശ്, രാജസ്ഥാന്‍, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ദശലക്ഷക്കണക്കിന് കര്‍ഷകര്‍ നടത്തുന്ന സമരം അതിന്റെ വ്യാപ്തികൊണ്ടും ദൈര്‍ഘ്യം കൊണ്ടും സമാനതകളില്ലാത്തതാണ്.
'കര്‍ഷകരുടെ മരണവാറണ്ട് ' എന്ന് ദുഷ്‌പേരുള്ള മൂന്ന് കാര്‍ഷിക നിയമങ്ങളും പുതിയ വൈദ്യുതി ബില്ലും പിന്‍വലിക്കുക എന്നുള്ളതാണ് കര്‍ഷകരുടെ മുഖ്യ ആവശ്യം. സമരത്തെ അടിച്ചമര്‍ത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ ലാത്തിച്ചാര്‍ജ്ജും വെടിവെപ്പും അറസ്‌റ്റുകളും മറ്റു മര്‍ദ്ദന നടപടികള്‍കൊണ്ടൊന്നും സമരത്തെ ദുര്‍ബലപ്പെടുത്താനായില്ല എന്നു മാത്രമല്ല രാജ്യമെമ്പാടുനിന്നും കര്‍ഷക സമരത്തിന് പിന്തുണ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ഷകസമര നേതാക്കളെ ദേശവിരുദ്ധരും ഖാലിസ്ഥാനികളുമായി മുദ്രകുത്തിക്കൊണ്ടുള്ള നുണ പ്രചാരണങ്ങളും സര്‍ക്കാരിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ ഐക്യരാഷ്ട്രസഭയില്‍ നിന്നും മാത്രമല്ല കാനഡയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നുമടക്കം നിരവധി രാജ്യങ്ങളില്‍ നിന്നും സമരത്തിന് പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
മാർച്ച് 26ന് കര്‍ഷക സംഘടനാ നേതാക്കളും രാജ്യത്തെ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കളും കര്‍ഷക തൊഴിലാളി നേതാക്കളുമടക്കം ചേര്‍ന്ന് 'ഭാരത് ബന്ദ്' പ്രഖ്യാപിച്ചിരിക്കുകയാണ്. ധീര ദേശാഭിമാനികളും വിപ്ലവ ദേശീയതയുടെ പ്രതീകങ്ങളുമായ ഭഗത്സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ രക്തസാക്ഷി ദിനമായ മാര്‍ച്ച് 23ന് വലിയ റാലികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിന്ന് തുടങ്ങുന്ന മാര്‍ച്ച് 150 കിലോ മീറ്റര്‍ പദയാത്രയായി തിക്രി അതിര്‍ത്തിയില്‍ എത്തിച്ചേരുന്നു. മറ്റൊരു മാര്‍ച്ച് ഭഗത് സിംഗിന്റെ നാടായ പഞ്ചാബിലെ ഖട്കര്‍ കലാനില്‍ നിന്ന് പാനിപ്പത്ത് വഴി സിംഘുവില്‍ എത്തിച്ചേരുന്നു. കര്‍ണ്ണാടകയില്‍ നിന്ന് 400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദയാത്ര 18 ന് തുടങ്ങി. അവരുടെ പ്രധാന മുദ്രാവാക്യം 'കര്‍ഷകദ്രോഹ നയങ്ങള്‍ തിരുത്തുക' തുടങ്ങിയവയാണ്. ഹരിയാന സര്‍ക്കാര്‍ സമരങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും നല്‍കുന്നത് തടഞ്ഞിരിക്കുകയാണ്. കൂടാതെ സര്‍ക്കാര്‍ പുതിയ ബാരിക്കേഡുകള്‍ നിര്‍മ്മിച്ച് തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ മര്‍ദ്ദനനയങ്ങളെ പ്രതിരോധിച്ചുകൊണ്ട് ഇഷ്ടികകള്‍ കൊണ്ട് താല്ക്കാലിക വീടുകള്‍ നിര്‍മ്മിച്ചു കൊണ്ടും, കുഴല്‍ക്കിണറുകള്‍ സ്ഥാപിച്ചു കൊണ്ടും എല്ലാ തടസ്സങ്ങളേയും അതിജീവിച്ചുകൊണ്ട് പ്രക്ഷോഭം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
കാര്‍ഷിക മേഖലയില്‍ കോര്‍പ്പറേറ്റ്‌വത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ബില്ലുകള്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുഖ്യശത്രുക്കളായ അദാനിയും അംബാനിയുമടക്കമുള്ള കുത്തകകള്‍ തന്നെയാണ് തങ്ങളുടേയും ശത്രുക്കള്‍ എന്നും കര്‍ഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നത് ഈ സമരത്തിന്റെ മഹത്തായ നേട്ടങ്ങളില്‍ ഒന്നാണ്. 'അദാനി, അംബാനിമാരുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുക' എന്ന മുദ്രാവാക്യം കൂടി കര്‍ഷകര്‍ ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്.
വര്‍ഗ്ഗീയ ഫാസിസ്റ്റുകളായ ബി.ജെ.പി.ക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷക സംഘടനാ നേതാക്കള്‍ പ്രചാരണം നടത്തികൊണ്ടിരിക്കുകയാണ്. 'ബി. ജെ. പി. ഭരണത്തെ തൂത്തെറിയുക' എന്ന മുദ്രാവാക്യം കര്‍ഷകര്‍ മുഴക്കുന്നതിനോടൊപ്പം കോണ്‍ഗ്രസ്സ് അടക്കമുള്ള മറ്റു എല്ലാ പാര്‍ട്ടികളുടേയും സഹായം സ്വീകരിക്കുക എന്നല്ലാതെ, മറ്റു ബൂര്‍ഷ്വാ സംഘടനകളുടെ നേതൃത്വം സ്വീകരിക്കാന്‍ കര്‍ഷകര്‍ സന്നദ്ധരായിട്ടില്ല. കര്‍ഷകര്‍ നേതൃത്വത്തിനായി ഉറ്റുനോക്കുന്നത് തൊഴിലാളിവര്‍ഗ്ഗത്തെയാണ് എന്നുള്ളത് രാഷ്ട്രീയമായ ഒരു വലിയ വിജയം തന്നെയാണ്. പാര്‍ലമെന്റില്‍ കര്‍ഷക നിയമങ്ങള്‍ നിമിഷം കൊണ്ട് ചുട്ടെടുക്കാന്‍ ഭരണവര്‍ഗ്ഗങ്ങള്‍ക്ക് കഴിഞ്ഞെങ്കിലും പാര്‍ലമെന്റിന് വെളിയില്‍ സമരങ്ങളിലൂടെ അതിനെ പ്രതിരോധിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നു എന്നുള്ളത് ഭാവിയെ കുറിച്ച് അങ്ങേയറ്റം ശുഭപ്രതീക്ഷകള്‍ നല്‍കുന്ന കാര്യമാണ്.
മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ആഗോളവല്‍ക്കരണനയങ്ങളുടെ ഫലമായി ഇന്ത്യന്‍ സമ്പദ്ഘടന ഏറ്റവും ആപല്‍ക്കരമായ ഒരു ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുകയാണ്. പാചകവാതകവും പെട്രോൾ, ഡീസൽ എന്നീ ഇന്ധനങ്ങളും ഉൾപ്പെടെ പെട്രോളിയം ഉല്പന്നങ്ങൾ അടക്കമുള്ള എല്ലാറ്റിന്റെയും വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ സ്ത്രീകൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളും വർഗ്ഗീയ ഫാഷിസത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും ഇരകളായി മാറിക്കൊണ്ടിരിക്കുന്നു. 2020 കൊറോണയുടെ വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ഡൗണും വ്യാവസായികമേഖലയെ പാടെ തകര്‍ത്തു. സേവനമേഖലയും ഗുരുതരമായ പ്രതിസന്ധി തന്നെയാണ് നേരിടുന്നത്. എന്നാല്‍ കാര്‍ഷിക മേഖലയില്‍ മാത്രമാണ് നേരിയ വളര്‍ച്ച ഈ ഘട്ടത്തിലും ഉണ്ടായത്. ലോക്ഡൗണിനെതുടര്‍ന്ന് കോടിക്കണക്കിന് തൊഴിലാളികളാണ് മഹാ നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍നിന്നും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പാലായനം ചെയ്യേണ്ടി വന്നത്. ഇന്ത്യാ ചരിത്രത്തിലെ മേല്‍ സൂചിപ്പിച്ച കറുത്ത ദിനങ്ങളില്‍ പട്ടിണിയും രോഗവും മൂലവും തീവണ്ടിക്കും മറ്റുമടിയില്‍പ്പെട്ടുമൊക്കെ നൂറുകണക്കിന് ആളുകളാണ് മരണപ്പെട്ടത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണത്തിലേക്കും വിശാല ഇടതുപക്ഷ ഐക്യമെന്ന ലക്ഷ്യത്തിലേക്കും എത്തിച്ചേരാന്‍ നീണ്ട ഒരു പ്രക്രിയ ആവശ്യമാണ്. അതിന്റെ ഭാഗമായാണ് 2006-ല്‍ നടന്ന കേരള അസംബ്ലി തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഞങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ബന്ധപ്പെടാന്‍ തീരുമാനിച്ചത്. ഇതിന് പ്രേരണയായതാകട്ടെ 1978-ല്‍ ജലന്ധറില്‍ വച്ചുകൂടിയ സി.പി.ഐ (എം) ന്റെ 10-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ രേഖകളാണ്. അതില്‍ മുന്നോട്ടു വയ്ക്കുന്ന 'ഇടതുപക്ഷ ജനാധിപത്യമുന്നണി' എന്ന സങ്കല്പം ഞങ്ങള്‍ക്ക് സ്വീകാര്യമായി തോന്നി. ബൂര്‍ഷ്വാ വലതുപക്ഷ വിഭാഗങ്ങള്‍ കരുതുന്നതുപോലെ ഭൂരിപക്ഷം നേടാന്‍ മാത്രമായി ഉണ്ടാക്കുന്ന ഒരു മുന്നണിയല്ല തങ്ങള്‍ ഉണ്ടാക്കുന്നതെന്നും ജനജീവിതവുമായി ബന്ധപ്പെടുന്ന സാമൂഹ്യവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍, രാജ്യത്താകമാനം ബാധിക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍, കൂടാതെ നമ്മുടെ രാജ്യത്തെ ബാധിക്കുന്ന സാര്‍വ്വദേശീയ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാംകൂടി ആസ്പദമാക്കിയ ബഹുജനസമരങ്ങളിലൂടെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപം കൊള്ളുന്നത് എന്ന് ജലന്ധറില്‍ തയ്യാറാക്കിയ പ്രമേയത്തില്‍ പറയുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ മുന്നോട്ടുവച്ച സമീപനങ്ങളുടെ തുടർച്ചയായി അതിനെ ചേർത്തുവായിക്കുമ്പോൾ ഐക്യത്തിൻ്റേതും സമരത്തിൻ്റേതുമായ ഒരു സമീപനത്തിലൂടെ എൽ ഡി എഫുമായി സഹകരിച്ചു മുന്നോട്ട് പോകേണ്ടത് വിപ്ലവത്തിന്റെ ഉത്തമ താല്പര്യങ്ങള്‍ക്ക് അനുഗുണമായിരിക്കുമെന്ന് ഞങ്ങള്‍ വിലയിരുത്തി. വിമോചന സമരത്തിന്റെ കാലം മുതല്‍ കോണ്‍ഗ്രസ്സും വലതുപക്ഷ ശക്തികളും ജാതി മത വിഭാഗങ്ങളേയും മറ്റും ആധാരമാക്കി കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ ശക്തികള്‍ക്കെതിരെ അവരുടെ ആക്രമണങ്ങൾ അഴിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി കോണ്‍ഗ്രസ്സും അതിന്റെ ഘടകകക്ഷികളും ജാതി മത ശക്തികളും ഒരു ഭാഗത്തും (യു ഡി എഫ്), ഇടതുപക്ഷ ശക്തികള്‍ (എൽ ഡി എഫ്) മറുഭാഗത്തുമായി ശക്തമായ ധ്രുവീകരണം നമ്മുടെ സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുകയാണ്. ബി ജെ പി യുടെ നേതൃത്വത്തിലുള്ള എൻ ഡി എ മുന്നണിയുടെ രംഗപ്രവേശം ഇതില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാലും ഇന്നവര്‍ ഒരു പ്രധാന ശക്തിയായി മാറിക്കഴിഞ്ഞിട്ടില്ല.
പൊതുവില്‍ മലബാര്‍ പ്രദേശങ്ങള്‍ മുസ്ലീം ലീഗും പഴയ തിരുകൊച്ചി പ്രദേശത്ത് ക്രിസ്ത്യന്‍ പള്ളി മേധാവികളും എന്‍. എസ്. എസ്., എസ്. എന്‍. ഡി. പി. പോലുള്ള ജാതി സംഘടനകളും ഇപ്പോഴും അവരുടെ സ്വാധീനം നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. മതത്തെ ആസ്പദമാക്കി പ്രവര്‍ത്തിക്കുന്ന കേരള കോണ്‍ഗ്രസ്സുകള്‍ ഇന്ന് അര ഡസനിലധികം പാര്‍ട്ടികളായി ശിഥിലീകരിക്കപ്പെട്ടിരിക്കുകയാണ്. എങ്കില്‍പോലും അതില്‍ ഒന്നു രണ്ടു വിഭാഗങ്ങള്‍ക്ക് ചില പോക്കറ്റുകളില്‍ സ്വാധീനമുണ്ട്. മുസ്ലീം ലീഗ് ആകട്ടെ അത്തരം ഒരവസ്ഥയിലേക്ക് ഇനിയും മാറിക്കഴിഞ്ഞിട്ടില്ലെങ്കിലും ചില മത തീവ്രവാദ സംഘടനകള്‍ മുസ്ലീം ലീഗ് അണികളില്‍ ചെറിയ ഒരു വിഭാഗത്തെ സ്വാധീനിച്ചുകഴിഞ്ഞിരിക്കുന്നു. മേല്പറഞ്ഞ വിഭാഗങ്ങള്‍ എല്ലാം തന്നെ ഇന്ന് എൽഡിഎഫി ന്റെയും യു ഡി എഫി ന്റെയും ചേരികളിലേക്ക് പ്രവേശിക്കാനുള്ള തത്രപ്പാടിലാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ അതിലവര്‍ ഭാഗികമായി വിജയിച്ചതിലുള്ള സന്തോഷത്തിലുമാണ്. തീര്‍ച്ചയായും എൻ ഡി എ മുന്നണിക്കും മേല്‍പ്പറഞ്ഞ വിഭാഗക്കാരുടെ ചെറിയ പിന്തുണ ലഭിച്ചിട്ടുണ്ട്.
ജാതി മതശക്തികള്‍ക്ക് ജനലക്ഷങ്ങളില്‍ ചെറിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിനെ മറികടക്കുന്നതിന് അവര്‍ പ്രചരിപ്പിക്കുന്ന പ്രതിലോമ ആശയങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് അവയുടെ നേതാക്കളില്‍ നിന്നും അണികളെ ആശയപരമായി മോചിപ്പിക്കാതെ എൽ ഡി എഫി നോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോ മുന്നോട്ടു പോകാനാവില്ല. ഇതാണ് എൽ ഡി എഫിൻ്റെ തുടക്കം മുതൽ അത് തത്വത്തിൽ അംഗീകരിച്ചിരുന്ന നിലപാട്. മുതലാളിത്ത വികസനമാര്‍ഗ്ഗം ഉപേക്ഷിക്കുക എന്ന മൗലിക തത്വം ഇടതുപക്ഷം എല്ലാക്കാലത്തും മുന്നോട്ടുവച്ചിട്ടുണ്ട്. ആയതിനാല്‍, മൂലധനത്തിന്റെയും വിപണിയുടേയും സാക്ഷാത്ക്കാരത്തിനല്ല, മറിച്ച്, അദ്ധ്വാനത്തിന്റെ സാക്ഷാത്ക്കാരത്തിനാണ് ഇടതുപക്ഷം ഊന്നല്‍ നല്‍കിയത്. അതായിരുന്നു എല്ലായ്പ്പോഴും ഇടപക്ഷത്തിന്റെ ആസൂത്രണ വികസന കാഴ്ചപ്പാടിന്റെയും പരിപാടിയുടെയും അച്ചുതണ്ട്. 1957 ലെ കാര്‍ഷിക നിയമവും തൊഴില്‍ നയവും പോലീസ് നയവുമടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാനത്തിന്റെ സമഗ്രമായ ആസൂത്രിത വികസനമാണ് ലക്ഷ്യം വെച്ചത്. 1957 ലേയും 67 ലേക്കും സര്‍ക്കാരുകള്‍ കാര്‍ഷിക പരിഷ്കരണങ്ങളിലൂടെ ജന്മിത്വത്തിനെതിരായ നിയമനിര്‍മ്മാണം നടത്തുന്നതിനോടൊപ്പം തന്നെ അന്ന് തൊഴിലാളി വര്‍ഗ്ഗത്തില്‍ മഹാഭൂരിപക്ഷവും പണിയെടുത്തിരുന്ന പരമ്പരാഗത വ്യവസായ മേഖലക്കും ആധുനിക വ്യവസായ മേഖലയും സേവനതുറകളുമടക്കം മേല്‍പ്പറഞ്ഞ കാഴ്ചപ്പാടില്‍ ഊന്നിക്കൊണ്ട് വികസിപ്പിക്കാനുള്ള നയങ്ങളാണ് നടപ്പിലാക്കാന്‍ ശ്രമിച്ചത്. തൊഴിലാളികളും കൃഷിക്കാരും നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളുടെ പരിഹാരത്തിലൂടെ സാമൂഹ്യോന്മുഖമായ മാറ്റങ്ങള്‍ തന്നെയാണ് മേല്‍ സൂചിപ്പിച്ച സര്‍ക്കാരുകള്‍ ലക്ഷ്യമാക്കിയത്. ആയതിനാല്‍, ഇന്ന് ഇടതുപക്ഷ ബദലിനെക്കുറിച്ച് നാം അവതരിപ്പിക്കുന്ന നിലപാട് മേൽപ്പറഞ്ഞതിന്റെ തുടര്‍ച്ചയും വികാസവും തന്നെയായിരിക്കണമെന്ന നിലപാടിലാണ് ഇപ്പോഴും ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നത്.
ആഗോളവത്ക്കരണ നയങ്ങളേയും വര്‍ഗ്ഗീയ ഫാഷിസ്റ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളേയും നേരിടുന്നതിന് ഇടതുപക്ഷ ബദലിന്റെയും ഇടതുപക്ഷ ഐക്യത്തിന്റെയും പ്രാധാന്യം വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ മുഖ്യ ഇടതുപക്ഷ ശക്തികളെല്ലാം തന്നെ തത്വത്തില്‍ ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യം വാക്കില്‍ പറയുന്നുണ്ട്. എങ്കിലും ഇനിയുമത് പ്രായോഗിക തലത്തില്‍ നടപ്പിലായിക്കഴിഞ്ഞിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ എൽ ഡി എഫു മായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സംഘടനകള്‍ കൂടാതെ ഒരു വിഭാഗം ഇന്നും ഇതിന് വെളിയിലാണ് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ട് അത് പരിഹരിക്കുന്നതിന് എൽഡിഎഫി ന് നേതൃത്വം കൊടുക്കുന്ന സംഘടനകള്‍ ഗൗരവപൂര്‍വ്വം നോക്കിക്കാണുകയും ആ പ്രശ്നം പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില വ്യതിയാനങ്ങള്‍ കൂടി ഇവിടെ ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ.
തെരഞ്ഞെടുപ്പുകളും ഗവണ്‍മെന്റ് രൂപീകരണവും റിവിഷനിസ്റ്റാണെന്ന വരട്ടുതത്വചിന്താഗതി തെറ്റായിരിക്കുമ്പോള്‍ തന്നെ പാര്‍ലമെന്ററി രാഷ്ട്രീയത്തെ ബൂര്‍ഷ്വാ പാര്‍ലമന്ററി രീതിയില്‍ കൈകാര്യം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുഖ്യ ലക്ഷ്യമായ സാമൂഹ്യ വിപ്ലവത്തിന്റെ കാഴ്ചപ്പാട് വിട്ട്, താതമ്യേന അപ്രധാനമോ ഹ്രസ്വകാല പ്രസക്തി മാത്രമോ ഉള്ളതായ നയം സ്വീകരിക്കുക, സോഷ്യലിസ്റ്റ് വിപ്ലവത്തിന് സഹായകരമായ രീതിയില്‍ സമകാലീന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുക എന്ന കാഴ്ചപ്പാട് ഉപേക്ഷിച്ച് സമകാലീന പ്രശ്‌നങ്ങളിലും അവയ്ക്ക് പരിഹാരം കാണുന്നതിലും മാത്രം കേവലമായി ശ്രദ്ധ കേന്ദ്രീകരിക്കുക, പാര്‍ലമെന്ററി രംഗത്തുള്ള പ്രവര്‍ത്തനങ്ങളില്‍ മാത്രം ഊന്നി നിന്നുകൊണ്ട് ബഹുജന സമരങ്ങളേയും പ്രക്ഷോഭങ്ങളെയും ഒഴിവാക്കുക ഇതെല്ലാം തന്നെ വലതുപക്ഷ വ്യതിയാനങ്ങള്‍ക്ക് ഇട നല്‍കും.ജനാധിപത്യ വിപ്ലവത്തിനുള്ള തയ്യാറെടുപ്പിനുള്ള മാര്‍ഗ്ഗമായിട്ടാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും ഭരണ പങ്കാളിത്തവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉപയോഗിക്കേണ്ടതെന്നര്‍ത്ഥം.
ബൂര്‍ഷ്വാ പാര്‍ട്ടികളുമായി വിവിധ തരത്തിലുള്ള കൂട്ടു കെട്ടുകള്‍ ഉണ്ടാക്കുക എന്നുള്ളത് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ്. അത്തരം കൂട്ടു കെട്ടുകള്‍ മൂര്‍ത്തസാഹചര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് നിലനില്‍ക്കുന്നത്. തൊഴിലാളി കര്‍ഷക ബഹുജനങ്ങളുടെ വിപ്ലവ സമരങ്ങള്‍ക്ക് ശക്തി കൂട്ടാന്‍ സഹായകമാകുന്നതും. ഹ്രസ്വ കാല പ്രാധാന്യമുള്ളതുമായ കൂട്ടുകെട്ടുകള്‍, ധാരണകള്‍ എന്നിവയാണ് കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ഇടതുപക്ഷ പാര്‍ട്ടികളുമായി ഉണ്ടാക്കുന്ന കൂട്ടുകെട്ടുകളാകട്ടെ ദീര്‍ഘകാലം നിലനില്‍ക്കുന്നതും തന്ത്രപരമായ ലക്ഷ്യങ്ങളില്‍ ഊന്നിക്കൊണ്ടുള്ളതുമായിരിക്കും. അതായത് എങ്ങിനെയും ഭരണത്തുടര്‍ച്ച നിലനിര്‍ത്തുക, വിജയലക്ഷ്യം ( വിന്നബിലിറ്റി) മാത്രം ഊന്നിക്കൊണ്ടുള്ള കൂട്ടുകെട്ടുകളും മറ്റും വലതുപക്ഷ അവസരവാദത്തിലേക്കായിരിക്കും നയിക്കുക.
സമരത്തിന്റേയും ഐക്യത്തിന്റേയും പ്രശ്‌നം
ഇന്ന് ഇടതുപക്ഷ പ്രസ്ഥാനത്തിനകത്ത് വ്യത്യസ്ഥ ധാരകള്‍ നിലനില്‍ക്കുന്നുണ്ട്. സി. പി. ഐ., സി. പി. ഐ. (എം), ആർ.എസ് പി, ഫോർവേർഡ് ബ്ലോക്ക് വ്യത്യസ്ഥ എം. എല്‍. വിഭാഗങ്ങള്‍ ഇവയെല്ലാം പൊതുവില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനകത്ത് നില നില്‍ക്കുന്ന വ്യത്യസ്ഥ ധാരകളാണ്. വര്‍ഗ്ഗീയ ഫാസിസത്തിനും ആഗോള വത്ക്കരണത്തിനുമെതിരായ ശക്തമായ പ്രതിരോധ പ്രസ്ഥാനം ഉയര്‍ന്നുവരേണ്ട ഈ ഘട്ടത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനകത്ത് ശിഥിലീകരണ പ്രവണതകളെ ഗൗരവപൂര്‍വ്വം അഭിസംബോധനം ചെയ്യേണ്ട വിഷയമാണ്. ആഗോളവത്ക്കരണത്തിനും വര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെ ദേശീയ തലത്തില്‍ മൂര്‍ത്തമായ പരിപാടികളുടെ അടിസ്ഥാനത്തില്‍ വളര്‍ത്തേണ്ടതായ ഇടതുപക്ഷ ഐക്യത്തിന് ഈ ഘട്ടത്തില്‍ മൗലിക പ്രാധാന്യമുണ്ട്. പ്രായോഗിക തലത്തില്‍ ഐക്യപ്പെട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ തന്നെ രാഷ്ട്രീയ പ്രത്യയശാസ്ത്ര വിഷയങ്ങളില്‍ ഉണ്ടാകുന്ന വിയോജിപ്പുകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമം മുന്നോട്ടു കൊണ്ടു പോവുക എന്നുള്ളതാണ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റുകള്‍ പൊതുവേ സ്വീകരിക്കേണ്ടത്.
എൽ ഡി എഫു മായി സഹകരിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലക്ക് ഐക്യപ്പെട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ 2006 മുതല്‍ പല മേഖലകളിലും ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതേ അവസരത്തില്‍, രാഷ്ട്രീയ പ്രത്യയശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് എൽ ഡി എഫ് സര്‍ക്കാരിന്റെ നയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ചില വിഷയങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നു.
മാവോയിസ്റ്റുകളെ നേരിടുന്ന വിഷയത്തിലും യുഎപിഎ നടപ്പാക്കുന്ന കാര്യത്തിലും മറ്റും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാടും ക്യാമ്പയിനുകളും ഞങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. മാവോയിസ്റ്റുകളെ ആശയപരമായി നേരിടുക എന്നുള്ളതാണ് ഇടതുപക്ഷം സ്വീകരിക്കേണ്ട നിലപാട് എന്നും അവരെ വ്യാജ ഏറ്റുമുട്ടലുകളുടെ ഭാഗമായി വധിക്കുന്ന ഒരു സാഹചര്യവും സൃഷ്ടിക്കാന്‍ പാടില്ലായിരുന്നു എന്നും ഞങ്ങള്‍ ഉറച്ച നിലപാട് സ്വീകരിക്കുകയും ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനകളിറക്കുകയും സര്‍ക്കാരിന് നേരിട്ട് ഞങ്ങളുടെ എതിര്‍പ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, യുഎപിഎ ചുമത്തപ്പെട്ട പല സംഭവങ്ങളിലും നേരിട്ട് ഇടപെടുകയുമുണ്ടായിട്ടുണ്ട്. സഖാവ് വര്‍ഗ്ഗീസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര കേസില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലത്തിനെതിരായും, നഷ്ടപരിഹാര കേസിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച് നടപടികള്‍ക്കെതിരെയും രാഷ്ട്രീയ കാമ്പയിനുകള്‍ നടത്തുന്നതിനോടൊപ്പം തന്നെ നിയമയുദ്ധവും ഞങ്ങള്‍ക്ക് നടത്തേണ്ടിവന്നിട്ടുണ്ട്. തുടർന്ന്, എൽ ഡി എഫ് സർക്കാർ ആ തെറ്റ് തിരുത്തുകയും സഖാവ് വർഗ്ഗീസിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് കോടതിയെ ബോധിപ്പിക്കുകയും കോടതി അത് നിശ്ചിത സമയപരിധിക്കുള്ളിൽ നടപ്പാക്കാനായി വിധിക്കുകയും ചെയ്തു.
മത്സ്യമേഖല മുഴുവന്‍ തന്നെ കോര്‍പ്പറേറ്റ് വത്ക്കരിക്കുന്നതിനായി ഇ എം സി സി എന്ന അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരപ്രക്ഷോഭത്തിന് പാര്‍ട്ടി, മത്സ്യതൊഴിലാളി സംഘടനകളുമായി ഐക്യപ്പെട്ടുകൊണ്ട് സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുയുണ്ടായി. ബോട്ടുടമകളുടെ സംഘടനകള്‍ ഇടതുപക്ഷത്തിന്റേത് ഒഴികെയുള്ള മത്സ്യതൊഴിലാളി സംഘടനകള്‍, യു ഡി എഫ്, എം.എൽ.എ,എം.പി. മാര്‍ വരെ മേല്‍പ്പറഞ്ഞ പ്രക്ഷോഭത്തില്‍ പങ്കാളികളായി. തുടര്‍ന്ന് സര്‍ക്കാര്‍ ഇ എം സി സി യുമായി ഉണ്ടാക്കിയ രണ്ടു കരാറുകളില്‍നിന്നും പിന്‍മാറി.കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നയങ്ങള്‍ തന്നെയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും ഫലത്തില്‍ നടപ്പാക്കിയത്. സര്‍ക്കാർ ഈ വിഷയത്തില്‍ എപ്രകാരമാണ് തെറ്റ്തിരുത്തിയത് എന്നുള്ള കാര്യത്തെ സംബന്ധിച്ച് ചിലപ്പോള്‍ അഭിപ്രായ ഭിന്നത ഉണ്ടായേക്കാം. 'രാഷ്ട്രീയ നേതൃത്വത്തിന് പറ്റിയ തെറ്റല്ല, ഉദ്യോഗസ്ഥ നേതൃത്വത്തിന് പറ്റിയ തെറ്റാണ് ' എന്ന് പറഞ്ഞുകൊണ്ടുള്ള നിലപാടാണ് സര്‍ക്കാര്‍ പൊതുവേ സ്വീകരിച്ചത്. സര്‍ക്കാര്‍ തെറ്റ് തിരുത്തിയിട്ടും അത് അംഗീകരിക്കാതെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി പ്രക്ഷോഭത്തെ ഉപയോഗിക്കുന്ന വലതുപക്ഷത്തിന്റെ ദുഷ്ടലാക്ക് മനസ്സിലാക്കി അതില്‍ നിന്നും വിട്ടുമാറാനും ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തപ്പെടുത്താനുമുള്ള നയസമീപനമാണ് ഞങ്ങള്‍ പൊതുവില്‍ സ്വീകരിച്ചത്. അതായത്, ഇടതുപക്ഷത്തിന്റെ തെറ്റ് തിരുത്തിക്കൊണ്ട് ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തലാണ് നമ്മുടെ അടിസ്ഥാനനിലപാട് എന്ന തത്വത്തെ വിസ്മരിക്കരുത്. പാരിസ്ഥിതിക വിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടും കണ്‍സല്‍ട്ടന്‍സി ഇടപാടുകള്‍ സാമ്രാജ്യത്വ, ഭരണവര്‍ഗ്ഗ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഗീതാഗോപിനാഥിനെപ്പോലുള്ളവരെ നിയമിച്ചതടക്കമുള്ള കാര്യങ്ങളിലും ഞങ്ങള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍, കെ എസ് ആർ ടി സിയെ ഘടനാപരമായ മാറ്റങ്ങളിലൂടെ സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമത്തിനെതിരെ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ പാതയിലാണ് ഞങ്ങള്‍. ഐക്യത്തിന്റെയും സമരത്തിന്റെയും പാതയിലൂടെ മുന്നോട്ടുപോകാനുള്ള ഞങ്ങളുടെ രാഷ്ട്രീയമായ ദൃഢതയും ഇച്ഛാശക്തിയുമാണ് ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്.
ലോക്ഡൗണിനെ നേരിടാനായി കേന്ദ്രസര്‍ക്കാര്‍ മുമ്പോട്ടു വെച്ച പാക്കേജുകള്‍ ജനജീവിതത്തെ കാര്യമായി സഹായിച്ചില്ല എന്നതാണ് വസ്തുത. അതിന്റെ മുഖ്യ പങ്കും നേടിയെടുത്തത് വന്‍കിട കോര്‍പ്പറേറ്റുകളാണ്. വ്യാവസായിക മേഖലയെ സംരക്ഷിക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലക്ഷക്കണക്കിന് കോടി രൂപയുടെ പാക്കേജുകള്‍ വ്യാവസായിക മേഖലയെ രക്ഷിച്ചില്ല. എം എസ് എം ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകള്‍ക്ക് വാഗ്‌ദാനം ചെയ്ത തുക അവര്‍ക്ക് കിട്ടിയിട്ടില്ല എന്നു മാത്രമല്ല അത്തരത്തിലുള്ള ലക്ഷക്കണക്കിന് യൂണിറ്റുകള്‍ നോട്ടുനിരോധന ഘട്ടത്തില്‍ തന്നെ തകര്‍ച്ച നേരിട്ടിരുന്നു. ലോക്ഡൗണോടുകൂടി അത് മഹാ ഭൂരിപക്ഷവും തകര്‍ച്ചയില്‍നിന്നും അതിജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞിരിക്കുകയാണ്. കോടിക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടേയും ഫാക്ടറി തൊഴിലാളികളുടേയും തൊഴില്‍ നഷ്ടപ്പെടുകയും സമ്പദ്ഘടന കടുത്ത പ്രതിസന്ധിയെ നേരിട്ടപ്പോഴും കണക്കുകള്‍ സൂചിപ്പിക്കുന്നത് അദാനിയും അംബാനിയുമടക്കമുള്ളവര്‍ ശതകോടീശ്വരരുടെ പട്ടികയില്‍ മുന്‍നിരക്കാരായി മാറി എന്നുള്ളതാണ് നമ്മെത്തന്നെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം.
ദേശീയ സമ്പദ്ഘടനയെ സാര്‍വ്വദേശീയ ധനമൂലധനശക്തികള്‍ക്ക് പൂര്‍ണ്ണമായും അടിയറവെച്ചിരിക്കുകയണ്. സമ്പദ്ഘടനയുടെ ഓരോ മേഖലയും കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കായി തീറെഴുതുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ദേശീയ താല്‍പര്യങ്ങളെ ബലികൊടുത്തു കൊണ്ടും, നിലവിലുള്ള എല്ലാ നിയമങ്ങളേയും മറികടന്നുകൊണ്ടുമാണ് സേവനമേഖലയെ അടക്കം മുഴുവന്‍ പൊതുമേഖലയേയും, എല്ലാ പ്രകൃതിവിഭവങ്ങളേയും കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നത്. ഇത് മോദിസര്‍ക്കാരിനെ അഴിമതിയുടെ ആഴക്കയത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. യു.പി.എ. ഭരണകാലത്തെ തങ്ങളുടെ എതിരാളികളുടെ അഴിമതികളെപ്പറ്റി വാതോരാതെ പറഞ്ഞ് ഭരണത്തിലേറിയ മോദി ഇപ്പോള്‍ അഴിമതി മുഖമുദ്രയായി സ്വീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. ചുളുവിലക്ക് തുറമുഖങ്ങളും വിമാനത്താവളങ്ങളും ബാങ്കിംഗ് ഇന്‍ഷൂറന്‍സ് മേഖലയും, പ്രതിരോധ വ്യവസായമേഖലയുമടക്കം കൈമാറുമ്പോള്‍ അഴിമതി എല്ലാ സീമകളും ലംഘിക്കപ്പെടുകയാണ്. അന്തര്‍ദേശീയ ഫിനാൻസ്മൂലധന വ്യവസ്ഥയുമായി നമ്മുടെ സമ്പദ്ഘടന ലയിക്കുകയും നമ്മുടെ ദേശീയമായ എല്ലാ സമ്പത്തും നഷ്ടപ്പെടുകയും സ്വകാര്യ കുത്തകമൂലധനശക്തികള്‍ക്ക് അത് സ്വന്തമാകുകയും ചെയ്യുന്നു. ഇതുവഴി സമ്പദ്ഘടനയില്‍ സംഭവിക്കുന്ന മാറ്റത്തോടൊപ്പം നമ്മുടെ സ്വാതന്ത്ര്യവും പരമാധികാരവും വരെ ചോദ്യം ചെയ്യപ്പെടുന്നു.
ജനാധിപത്യം മതനിരപേക്ഷത ഫെഡറലിസം എന്നിവ ചോദ്യം ചെയ്യപ്പെടുന്നു
വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തേയും, അഖണ്ഡതയേയും മാത്രമല്ല അതിന്റെ നിലനില്‍പ്പിനെതന്നെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും ഇല്ലാതെ നമ്മുടെ രാജ്യത്തിന് ഒരു മതേതര ജനാധിപത്യ പരമാധികാര രാഷ്ട്രമായി നിലനില്‍ക്കാനാവില്ല. അഖണ്ഡഭാരതം സൃഷ്ടിക്കുക എന്ന ആര്‍.എസ്.എസ്സ് ന്റെ ലക്ഷ്യം നേടിയെടുക്കാനായി അതിന് ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും കുഴിച്ചുമൂടേണ്ടതുണ്ട്. ആര്‍.എസ്.എസ്സ് ന്റെ സര്‍സംഘ്ചാലക് ആയിരുന്ന എം.എസ്. ഗോള്‍വാള്‍ക്കര്‍ ഇന്ത്യന്‍ ദേശീയതയെക്കുറിച്ചു പറഞ്ഞത് അക്ഷരം പ്രതി നടപ്പാക്കാനുള്ള യത്‌നത്തിലാണ് ആര്‍.എസ്സ്.എസ്സ് ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. 'ജര്‍മ്മനിയില്‍ ജൂതരെ ഒതുക്കിയ ഹിറ്റ്‌ലറുടെ നടപടികള്‍ ഹിന്ദുസ്ഥാനില്‍ നാം കണ്ടുപഠിക്കേണ്ടതാണ്. ഹിന്ദുസ്ഥാനിലെ അഹിന്ദുക്കള്‍ ഹിന്ദുസംസ്‌ക്കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദു രാഷ്ട്രീയത്തിന്റെ മഹിമ വാഴ്ത്തുകയല്ലാതെ മറ്റൊരു സങ്കല്പവും അവര്‍ക്കുണ്ടാവരുത്. ഹിന്ദുരാഷ്ട്രത്തിന് പൂര്‍ണ്ണമായും കീഴടങ്ങേണ്ട അവര്‍ക്ക് പൗരവകാശം പോലും പാടില്ല.' ഗോള്‍വാള്‍ക്കറുടെ വചനത്തിന്റെ മറ്റൊരു ആര്‍.എസ്സ്.എസ്സ് മുദ്രാവാക്യരൂപമാണ് ഹിന്ദി 'ഹിന്ദു ഹിന്ദുസ്ഥാന്‍' എന്നത്.
ഫെഡറലിസത്തെ സംബന്ധിച്ച ഭരണഘടനയില്‍ പറയുന്ന കാഴ്ചപ്പാട് എങ്ങിനെ രൂപം കൊണ്ടു എന്നത് ആദ്യമായി പരിശോധിക്കേണ്ടിയിരിക്കുന്നു. വ്യത്യസ്ത ഭാഷകള്‍ സംസ്‌ക്കാരം, ജാതി, മതം വംശീയത എല്ലാം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് ഫെഡറല്‍ സംവിധാനം ദുര്‍ബലപ്പെടുകയാണ് എങ്കില്‍ രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ അപകടപ്പെടുമെന്ന് മനസ്സിലാക്കിയ ഇടപതുപക്ഷ പുരോഗമനശക്തികള്‍ 1930 കള്‍ മുതല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ അധികാര രൂപത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ രൂപം കൊണ്ട ഏകീകൃതദേശീയപ്രസ്ഥാനവും അതില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സജീവ പങ്കും തുടര്‍ന്നാല്‍ മാത്രമേ പുതിയ ഭരണവര്‍ഗ്ഗങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗ്ഗനേതൃത്വത്തില്‍ ജനകീയജനാധിപത്യവിപ്ലവത്തിനുള്ള പ്രസ്ഥാനം വളരുകയുള്ളു എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചിരുന്നു. ഇന്ത്യയുടെ ദേശീയ ഐക്യത്തോടൊപ്പം തന്നെ വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ ഭാഷാസംസ്ഥാനങ്ങളുടെ രൂപീകരണത്തിനായി പോരാടാന്‍ 1940 കളില്‍ തന്നെ തുടങ്ങിയിരുന്നു. ഏകീകൃത ഇന്ത്യയുടെ അഭേദ്യഭാഗമായി തന്നെ വ്യാപകമായ പ്രാദേശിക സ്വയംഭരണാവകാശം നേടിയെടുക്കാനുള്ള ആവശ്യവും ഉയര്‍ന്നുവന്നു. ഇതു രണ്ടും ഇന്ത്യയുടെ ദേശീയ പ്രശ്‌നത്തിന്റെ മര്‍മ്മപ്രധാനഘടകങ്ങളാണ്. ഇതിന്റെ ഭാഗമായാണ് 'ബംഗാളിലും, കേരളത്തിലും, ആന്ധ്രയിലും മറ്റും ഭാഷാസംസ്ഥാനരൂപീകരണത്തിനായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്‍കയ്യെടുത്തത്.
സ്വതന്ത്ര ഇന്ത്യയുടെ ദേശീയ സംവിധാനം ഫെഡറല്‍ രീതിയിലായിരിക്കണമെന്ന ആശയം ദേശീയ പ്രസ്ഥാനത്തെ രൂപപ്പെടുത്താനായത്' ഈ സാഹചര്യത്തിലാണ് ഫെഡറല്‍ സംവിധാനത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ദേശീയ ഐക്യത്തെ ദുര്‍ബലപ്പടുത്തുന്ന ഭരണവര്‍ഗ്ഗത്തിന്റെ നയങ്ങള്‍ തികച്ചും കേന്ദ്രീകൃതമായ ഭരണസംവിധാനത്തിലേക്ക് പോകുന്നു. സ്വാതന്ത്ര്യാനന്തരഘട്ടം മുതല്‍ കോണ്‍ഗ്രസ്സിന്റെ ഈ നയവ്യതിയാനമാണ് വടക്കുകിഴക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും ഗോത്രവര്‍ഗ്ഗമേഖലകളില്‍ അമര്‍ഷത്തിന്റെ തീപ്പൊരികള്‍ വിതറിയതും, ജമ്മു കാശ്മീരിലും ആദ്യഘട്ടത്തില്‍ തന്നെ അസ്വസ്ഥതകള്‍ ഉണ്ടായതുമെല്ലാം മേല്‍പ്പറഞ്ഞതായ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ്. നാഗ, മിസോകുകി തുടങ്ങിയ വിഭാഗങ്ങള്‍ക്ക് അവരുടെ ദേശീയമായ സ്വത്വം നിലനിര്‍ത്തികൊണ്ട് പരമാവധി പ്രാദേശിക സ്വയംഭരണാവകാശം നല്‍കികൊണ്ട് 'ഫെഡറല്‍ ഇന്ത്യയുടെ ചട്ടക്കൂടിനകത്ത് നിലനിന്ന് പോകാനുള്ള അവസരം ഭരണവര്‍ഗ്ഗങ്ങള്‍ക്കും സൃഷ്ടിക്കാതിരുന്നതുകൊണ്ട് തന്നെയാണ് കലാപത്തിന്റെ വിത്തുകള്‍ മുളച്ചുവന്നതും വടക്കുകിഴക്കേ ഇന്ത്യയില്‍ ഗോത്രവര്‍ഗ്ഗവിഭാഗങ്ങള്‍ അന്യവല്‍ക്കരിക്കപ്പെട്ടുപോയതും. ഇതു തന്നെയാണ് ജമ്മു കാശ്മീരിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയത്. ഇതോടൊപ്പം ഇന്ത്യയെ ശിഥിലീകരിക്കുക എന്ന സാമ്രാജ്യത്വ അജണ്ടയും നിലനില്‍ക്കുന്നുണ്ട് എന്നുള്ള യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൂടാ. ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കിയതോടുകൂടി ഫെഡറലിസത്തേയും ജനാധിപത്യത്തേയും മതനിരപേക്ഷതയേയും അപകടപ്പെടുത്തുന്ന സാമ്പത്തിക നയങ്ങള്‍കൂടി നടപ്പാക്കപ്പെട്ടു. ഇപ്പോള്‍ ആര്‍.എസ്സ്.എസ്സ് നയിക്കുന്ന മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പൗരത്വനിയമഭേദഗതി നടപ്പാക്കുക വഴി ആസാമടക്കം വടക്കുകിഴക്കേ ഇന്ത്യയില്‍ കലാപങ്ങള്‍ തന്നെ ഉയര്‍ന്നുവരുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ജമ്മുകാശ്മീരിലാവട്ടെ സംസ്ഥാനപദവി എടുത്തുകളയുക മാത്രമല്ല ജമ്മുകാശ്മീരിനെ മൂന്നു കഷ്ണങ്ങളായി വെട്ടിമുറിക്കുക കൂടി ചെയ്തു. ഈ വിഷയങ്ങളെല്ലാം നാം ഇന്ന് സൂചിപ്പിക്കുന്നത് ഇതൊരു വടക്കേ ഇന്ത്യന്‍ വിഷയമായിട്ടോ ജമ്മുകാശ്മീര്‍ പ്രശ്‌നമായിട്ടോ മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ പുരോഗമനശക്തികളുടേയും രാജ്യസ്‌നേഹികളുടേയും ആവശ്യമായി കണ്ടുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയേയും ജനാധിപത്യ മതേതര ഫെഡറല്‍ നിലപാടുകളേയും തള്ളിപ്പറയുന്ന വര്‍ഗ്ഗീയ ഫാഷിസ്റ്റുകളില്‍ നിന്നും അവരുടെ കുട്ടാളികളില്‍ നിന്നും ഇതിനെയെല്ലാം വീണ്ടെടുക്കുക എന്നത് നമ്മുടെ, ഇടതുപക്ഷ ശക്തികളുടെ, പ്രഥമവും പ്രധാനവുമായ ആവശ്യമായി കഴിഞ്ഞിരിക്കുന്നു.
ജി എസ് ടി
ഫെഡറലിസത്തിന് നേരെയുള്ള ഒരു കടന്നാക്രമണമാണ് ജി എസ് ടി. സംസ്ഥാനങ്ങളുടെ നികുതി അവകാശങ്ങളെ ജി എസ് ടി പൂര്‍ണ്ണമായും വെട്ടിച്ചുരുക്കുന്നു. അതുവഴി സംസ്ഥാനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളെ തന്നെ ഇല്ലാതാക്കുന്നു. കേന്ദ്രത്തിന്റെ നയങ്ങളെ എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരാണ് എങ്കില്‍ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച് അതിന്റെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്നു. ജി എസ് ടി സൃഷ്ടിക്കുന്ന പ്രതിസന്ധിയെ മറികടക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കുക മാത്രമാണ് പോംവഴി ഇന്നത്തെ ഘട്ടത്തില്‍ ധനികരുടെ മേല്‍ കനത്ത നികുതി ചുത്തിക്കൊണ്ട് മാത്രമെ ഇതിനെ മറികടക്കാനാവുകയുള്ളു. ആഗോളവല്‍ക്കരണത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ ധനികര്‍ക്ക് മേല്‍ ചുമത്തിയിരുന്ന വെല്‍ത്ത് ടാക്‌സ് പുനസ്ഥാപിക്കുക, ഇപ്പോള്‍ നിര്‍ത്തലാക്കിയിട്ടുള്ള പാരമ്പര്യ സ്വത്ത് നികുതിയും കോര്‍പ്പറേറ്റ് ടാക്‌സും പുനസ്ഥാപിക്കേണ്ടതുമുണ്ട്. അതുപോലെ തന്നെ ഇപ്പോഴത്തെ ജി എസ് ടി ഇല്ലാതാക്കി അതിന് ബദലായി ഫെഡറല്‍ സമ്പ്രദായത്തിന് ഹാനികരമല്ലാത്ത പഴയസ്വഭാവത്തിന് ഊനം തട്ടാത്ത നികുതി സമ്പ്രാദയം പുനസ്ഥാപിക്കേണ്ടതുണ്ട്.
വ്യവസായമേഖല
ഇന്ത്യയുടെ വ്യവസായവല്‍ക്കരണത്തിനെ ത്വരിതപ്പെടുത്തുന്നതിനും ചൈനയെ മറികടക്കാനുമായിട്ടാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ അത് ഫലത്തില്‍ അന്തര്‍ദേശിയ മൂലധനത്തിന്റെ താല്പര്യങ്ങളാണ് മുഖ്യമായും സംരക്ഷിക്കുന്നത്. അത് ഉല്പാദനത്തിന്റെ സര്‍വ്വമേഖലകളേയും 'എഫ് ഡി ഐ' ക്ക് തുറന്നുകൊടുത്തു. ഇത് ഇന്ത്യന്‍ സംരഭങ്ങളെ വിദേശകത്തുകള്‍ക്ക് കയ്യടക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു. ബാങ്കിങ് ഇന്‍ഷൂറന്‍സ് മേഖലകളിലും, ചില്ലറ വില്പ്പനമേഖലയിലും മറ്റും അതിന്റെ പ്രത്യാഘാതം വലുതാണ്. ഇന്ത്യന്‍ കമ്പനികള്‍ ഏറ്റെടുക്കാന്‍ ബഹുരാഷ്ട്രകുത്തകള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അവര്‍ ഇന്ത്യന്‍ കമ്പനികളില്‍ മൂലധനം മുടക്കാന്‍ തയ്യാറാകുന്നില്ല. ആഗോളവല്‍ക്കരണകാലത്ത് നടപ്പാക്കികൊണ്ടിരിക്കുന്ന നിയോലിബറല്‍ നയങ്ങള്‍ക്ക് 'അന്തര്‍ദേശീയ തലത്തില്‍ പൊതുസ്വഭാവമാണ്. രാജ്യത്ത് 'എഫ് ഡി ഐ' വര്‍ദ്ധിക്കുന്നത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അത് വളര്‍ച്ചയിലേക്കും വികസനത്തിലേക്കും നയിക്കും എന്നുള്ളത് നിലനില്‍ക്കുന്ന വാദമല്ല. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് പുതിയ തൊഴിലവസരങ്ങള്‍ 'എഫ് ഡി ഐ' സൃഷ്ടിക്കുന്നില്ല. അത് ഫലത്തില്‍ അപവ്യവസായവല്‍ക്കരണമാണ് നടത്തുന്നത്. പൊതുമേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് മൂലധനനിക്ഷേപം നടത്തുകയാണ്. കോര്‍പ്പറേറ്റുകള്‍ ചെയ്യുന്നത്. അത്‌കൊണ്ട് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഒന്നൊന്നായി പൊതുമേഖലാസ്ഥാനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നത്.
പഴയരീതിയിലുള്ള സോഷ്യലിസ്റ്റ് ക്യാമ്പ് നിലനില്‍ക്കുന്നില്ലെങ്കിലും ആഗോളവല്‍ക്കരണത്തിനെതിരെ വളര്‍ന്നുവരുന്ന രോഷം, അതായത്, സാമ്രാജ്യത്വ വിരുദ്ധവികാരം, ലോകജനതയെ പുതിയ ഐക്യത്തിന്റെ ബോധത്തിലേക്ക് കൊണ്ടുവരും. പൗരാവകാശം,ജനാധിപത്യാവകാശം ,മനുഷ്യാവകാശം എന്നിവക്ക് വേണ്ടിനിലനില്‍ക്കുന്നവരും ഭാവിയില്‍ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ ശക്തികളോടൊപ്പം ഐക്യപ്പെടുകതന്നെ ചെയ്യും.
ആഗോളവല്‍ക്കരണത്തിന്റെ ഘട്ടത്തില്‍ മുതലാളിത്തം അതിന്റെ ഏറ്റവും വികൃതമായ രൂപമാണ് കൈകവരിക്കുന്നത്. പൗരവകാശങ്ങള്‍ക്കും ജനകീയ താല്‍പര്യങ്ങള്‍ക്കും വിലകല്‍പ്പിക്കുന്ന രാഷ്ട്രീയ ബദല്‍ ഭരണരൂപങ്ങള്‍ക്ക് ഇന്നേറെ പ്രസക്തിയുണ്ട്. പൗരവകാശങ്ങളും ജനകീയ താത്പര്യങ്ങളും നിലനിര്‍ത്തികൊണ്ടുമാത്രമേ ലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടത്തെ വളര്‍ത്തി വികസിപ്പിക്കാനാവുകയുള്ളു. അതുകൊണ്ട് ഇന്ന് ബൂര്‍ഷ്വാപാര്‍ലമെന്ററി വ്യവസ്ഥയെ സംരക്ഷിക്കുക എന്നത് അതിനെ എതിര്‍ക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ ബാദ്ധ്യതകൂടിയാണ്. ഈ അവസരത്തില്‍ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ മുഖ്യകടമ. പൊതുമേഖലയും ദേശീയസമ്പത്തും നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രത്യശാസ്ത്ര അടിത്തറ തന്നെ പൊതുസ്വത്ത് എന്ന സങ്കല്പവുമായി ബന്ധപ്പെട്ടുകൊണ്ടാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് മുതലാളിത്തത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് ദേശസാല്‍ക്കരണവും പൊതുസ്വത്ത് സംരക്ഷിക്കുക എന്നതും.
ഇടതുപക്ഷ ജനാധിപത്യ മുന്നണിസ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക
കഴിഞ്ഞ അഞ്ചുവര്‍ഷകാലത്തെ എൽ.ഡി.എഫ് ഭരണം അതിശക്തമായ പ്രതിസന്ധികളേയും വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ടാണ് മുന്നോട്ട് പോയത് യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയുംമൂലം ഉല്പാദനമേഖലകളാകെ പ്രതിസന്ധിയും മുരടിപ്പും ബാധിച്ച് സ്തംഭനാവസ്ഥയിലായിരുന്നു.അതു മാത്രമല്ല സാമ്പത്തിക പ്രതിസന്ധിയും ഗുരുതരാവസ്ഥയിലായിരുന്നു. ട്രഷറികള്‍ തന്നെ തുറക്കാതെ ദിവസങ്ങള്‍ ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി കൊടുക്കാതെ വന്‍ കുടിശ്ശികയാകുമ്പോള്‍ മാത്രം അല്പാല്പം നല്‍കുന്നരീതിയാണുണ്ടായിരുന്നത്. പരമ്പരാഗതമേഖല കയര്‍,കശുവണ്ടി,തോട്ടം,മത്സ്യമേഖല എന്നിവയുടെ തകര്‍ച്ചയെ നേരിടുന്നതിന് കാര്യമായ പദ്ധതികള്‍ ഒന്നും തന്നെ മുന്നോട്ടുവെക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിനായില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന പരമ്പരാഗത വ്യവസായമേഖലയുടെ തകര്‍ച്ചയും പ്രതിസന്ധിയുമാണ് കഴിഞ്ഞ യു.ഡി.എഫ് ഭരണത്തെ തൂത്തെറിയാന്‍ ബഹുജനങ്ങളെ പ്രേരിപ്പിച്ചത്.
വിദ്യാഭ്യാസ മേഖലയുടെ കച്ചവടവല്‍ക്കരണവും പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന രീതിയിലുള്ള വികലനയങ്ങളും പല സ്‌കൂളുകളും അടച്ചുപൂട്ടുന്നതിനും വില്പനനടത്തുന്നതിനും വരെ യുഡിഎഫ് ഭരണകാലത്ത് നടപടികള്‍ ഉണ്ടായി. അതിനെതിരെ വിദ്യാര്‍ത്ഥി അദ്ധ്യാപക സമൂഹവും രക്ഷകര്‍ത്താക്കളും ബഹുജനങ്ങളും സംഘടിതമായ രീതിയില്‍ പ്രതിരോധം തീര്‍ക്കുകയുണ്ടായി.
ആരോഗ്യ ചികിത്സാരംഗത്ത് സര്‍ക്കാര്‍ സജീവമായി ഇടപെട്ടുകൊണ്ട് ആശുപത്രികളും, പ്രാഥമിക ചികിത്സാകേന്ദ്രങ്ങളും, മെഡിക്കല്‍ കോളേജുകളുമെല്ലാം വികസിപ്പിക്കാനുള്ള ബാദ്ധ്യതകളില്‍ നിന്നും ഒഴിഞ്ഞുമാറുകയും ആശുപത്രി വികസനസമിതികളുടെ ഉത്തരവാദിത്വത്തിലേക്ക് ദൈനംദിനഭരണചുമതലകള്‍ വിട്ടുകൊടുക്കുകയുമാണ് ഉണ്ടായത്. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ചു നിലനിന്നിരുന്ന വലിയൊരുവിഭാഗത്തിന് ചികിത്സാസൗകര്യങ്ങളൊന്നും ലഭ്യമായിരുന്നില്ല.
റേഷനിംഗ് സമ്പ്രദായം ദുര്‍ബലപ്പെടുകയും റേഷന്‍ഷോപ്പുടമകളുടെ കമ്മീഷനുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തര്‍ക്കങ്ങള്‍ മൂലവും പലസ്ഥലങ്ങളിലും ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്തു. ഇതോടൊപ്പം തൊഴിലില്ലായ്മയും ഏറ്റവും രൂക്ഷമായ ഒന്നായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരങ്ങളും പരാതികളും നിത്യസംഭവങ്ങളായിരുന്നു. സര്‍ക്കാര്‍ യുവജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയ ഒരുകാര്യവും നടപ്പാക്കിയിരുന്നില്ല എന്നത് ഏറെ നിരാശയുണ്ടാക്കിയിരുന്നു.
സ്ത്രീകള്‍, ദളിത്, ആദിവാസി തുടങ്ങിയ സമൂഹത്തിലെ ഏറ്റവും പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന വിഭാഗങ്ങള്‍ക്ക് യു.ഡി.എഫ് ഭരണകാലത്ത് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ല എന്ന് എടുത്ത് പറയേണ്ടതുണ്ട്.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് പിണറായി വിജയന്റെ നേത്യത്വത്തിലുള്ള എൽ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറുന്നത്. ചരിത്രത്തില്‍ സമാനതകളില്ലാത്ത രണ്ടുപ്രളയകാലത്തേയും ലോകത്തിന് തന്നെ വേണ്ടത്ര അനുഭവമില്ലാത്ത കോവിഡ് എന്ന മഹാമാരിയെ എങ്ങിനെ നേരിടണമെന്നുള്ള പ്രശ്‌നത്തിലും അസാമാന്യ കര്‍മ്മശേഷി പ്രകടിപ്പിച്ചുകൊണ്ട് ചില കാര്യത്തിലെങ്കിലും ലോകോത്തരമാതൃക സൃഷ്ടിക്കാനായി എന്നുള്ളത് ഈ സര്‍ക്കാരിന്റെ ഭരണനേട്ടമായി തന്നെ ചരിത്രം വാഴ്ത്തും. ജനങ്ങള്‍ അംഗീകരിക്കുകയും ചെയ്യും. പ്രളയമായി ബന്ധപ്പെട്ടുകൊണ്ട് സര്‍ക്കാരിന്റെ നേട്ടവും മേന്‍മയും എടുത്തുപറയുമ്പോള്‍ത്തന്നെ പ്രളയസൃഷ്ടിക്കിടയായ റിവര്‍ മാനേജ്‌മെന്റ് / ഡാം മാനേജ്‌മെന്റില്‍ ഉണ്ടായ ഗുരുതരമായ പാളിച്ചയാണ് 2018 ലെ പ്രളയത്തിന്റെ രൂക്ഷതയും വ്യാപ്തിയും വര്‍ദ്ധപ്പിക്കുന്നതിനിടയാക്കിയത് പ്രളയകാകലത്ത് അടിയന്തിരമായി ഇടപെട്ട് നടപ്പാക്കേണ്ട കാര്യങ്ങളില്‍ ചില ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നു പറഞ്ഞുക്കൊണ്ട് തന്നെ മറ്റൊരുകാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട് പ്രളയത്തെത്തുടര്‍ന്നുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മഹാഭൂരിപക്ഷം ആളുകള്‍ക്കുംനല്‍കിയ നഷ്ടപരിഹാരത്തുക എല്ലാംത്തന്നെ അപര്യാപ്തമായിരുന്നു. പ്രളയഫണ്ടിന്റെ തിരിമറിയും അഴിമതിയും മറ്റും പര്‍വ്വതീകരിക്കുകയും രാഷ്ട്രീയ നേതൃത്വത്തിനെതിരെ ഉപയോഗിക്കാനായി വലതുപക്ഷ ശക്തികള്‍ക്ക് ഇടം നല്‍കുകയും ചെയ്തു.
ആഗോളവല്‍ക്കരണക്കാലത്തു ക്ഷേമപദ്ധതികള്‍ വെട്ടിക്കുറക്കുക എന്നത് ഭരണവര്‍ഗ്ഗങ്ങള്‍ ലോകമെങ്ങും നടപ്പാക്കിക്കൊണ്ടിരുന്ന നയമാണ്. എന്നാല്‍ കേരളത്തില്‍ ക്ഷേമപെന്‍ഷന്‍തുക വര്‍ദ്ധിപ്പിക്കുകയും അത് കൃത്യമായി നല്‍കുന്നതിനായി കഠിനശ്രമം നടത്തുകയുമുണ്ടായിട്ടുണ്ട്. അതുപ്പോലെത്തന്നെ തൊഴിലുറപ്പ് പദ്ധതിവഴിയും പരമ്പരാഗത മേഖലകളില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുക്കൊണ്ടും സംസ്ഥാന സര്‍ക്കാര്‍ യു ഡി എഫ് ഭരണ കാലത്തുനിന്ന് വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചു. ആഗോളവല്‍ക്കരണക്കാലത്ത് പൊതുവിദ്യാഭ്യാസരംഗത്തും ആരോഗ്യ മേഖലയിലുമെല്ലാം പ്രവര്‍ത്തങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുണ്ട്. ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലയിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ നേരത്തെ ചൂണ്ടികാണിച്ചപ്പോലെ എല്ലാവിഭാഗങ്ങളില്‍ നിന്നും അംഗീകാരം നേടിക്കൊടുക്കാനായിട്ടുണ്ട്. കോവിഡ്, നിപ്പ തുടങ്ങിയ മഹാമാരികളെ നിയന്ത്രിക്കുന്നതിനും മുന്‍മാതൃകകളൊന്നുമില്ലായിരുന്നു എന്ന യാഥാര്‍ത്ഥ്യം മനസിലാക്കുമ്പോഴാണ് ‘വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനടക്കം അംഗീകാരത്തിന്റെ പ്രാധാന്യം ഏവര്‍ക്കും അംഗീകരിക്കേണ്ടിവരുന്നത്.
വിദ്യാഭ്യാസ മേഖല
പൊതുവിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മേഖലയെ മറിക്കടക്കുന്ന മികവ് സാദ്ധ്യമാണെന്ന് തെളിയിക്കപ്പെട്ടു എന്നുള്ളതാണ് ഈ രംഗത്തെ പ്രധാന നേട്ടം യു.ഡി.എഫ് ഭരണകാലത്ത് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന വിദ്യാലയങ്ങള്‍ മെച്ചപ്പെട്ടു എന്നുമാത്രമല്ല പുതുതായി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് പ്രത്യേകിച്ച് പ്ലസ് ടു വിഭാഗത്തിലേക്ക് നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നിട്ടുണ്ട് എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്. ഇതിനര്‍ത്ഥം ആരോഗ്യചികില്‍സാരംഗത്തും വിദ്യാഭ്യാസ രംഗത്തും ഒരുകുറവും ഇല്ല എന്നല്ല യു ഡി എഫ് ഭരണ കാലത്തുനിന്നും വ്യത്യസ്തമായ മികവ് ചൂണ്ടിക്കാട്ടപ്പെടേണ്ടെതു തന്നെയാണ്.
കാർഷിക മേഖല
കാര്‍ഷിക മേഖലയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല എങ്കിലും ആദ്യവര്‍ഷങ്ങളില് കാര്‍ഷികമേഖലക്ക ഉണര്‍വ്വുണ്ടായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്ഥമായ രീതിയില്‍ പച്ചക്കറികള്‍ക്കടക്കം താങ്ങുവില പ്രഖ്യാപിക്കപ്പെട് എന്നുള്ളതെല്ലാ കര്‍ഷകരില്‍ ഒരു വിഭാഗത്തിന്റെ അംഗീകാര നേടുകയുണ്ടായി.
മേല്‍ സൂചിപ്പിച്ച വസ്തുതകള്‍ ചൂണ്ടികാണിക്കുന്നത് ഇന്ത്യയില്‍ ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ അതിന് വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ നിരന്തരമായ ആക്രമണങ്ങളെ നേരിടുകയാണ്. നിരന്തരം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് കേരള സര്‍ക്കാരിനെതിരെ നടത്തുന്ന അക്രമണങ്ങളെ പ്രധിരോധിച്ചുകൊണ്ടാണ് ഇടതുപക്ഷ സർക്കാർ മുന്നോട്ടുപോകുന്നത്. സര്‍ക്കാരിന്റെ എല്ലാ വരുമാന സ്രോതസ്സുകൾ ഇല്ലാതാക്കുകയും കടമെടുക്കാനുള്ള സ്വാതന്ത്ര്യത്തെപ്പോലും നിബന്ധനകള്‍വെച്ചുക്കൊണ്ട് കേന്ദ്രത്തിന്റെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമങ്ങളാണ് കഴിഞ്ഞകാലത്തുടനീളം നടപ്പാക്കിയത്. പുതിയ വരുമാന സ്രോതസ്സുകളെ കണ്ടെത്തുന്നതിനും അടിസ്ഥാന വികസനത്തിന് ബദല്‍ നയങ്ങള്‍ മുന്നോട്ടുവെക്കുന്നതിനും കേരളത്തിന് മാതൃകയൊന്നും സൃഷ്ടിക്കാനുമായിട്ടില്ല. ആഗോളവല്‍ക്കരണനയങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് ചെയ്യാവുന്ന വികസനപ്രവര്‍ത്തനങ്ങളുടെ പരിമിതി ഗൗരവമായി കാണേണ്ടതുണ്ട്. ഇതില്‍ നിന്നും വ്യത്യസ്ഥമായി നിന്നു കൊണ്ട് കേവാലാദര്‍ശത്തിന്റെ മറവില്‍ അഴിമതിരഹിതമായ ഭരണത്തെക്കുറിച്ചുള്ള മദ്ധ്യവര്‍ഗ്ഗത്തിന്റെ സ്വപ്നങ്ങള്‍ പലപ്പോഴും ഫാസിസത്തെ വളര്‍ത്തുന്നതിലേക്കായിരിക്കും നയിക്കുക.
പാലാരിവട്ടം പാലം അഴിമതിയുടെ പ്രതീകമാവുകയും അതിനുത്തരവാദി യു.ഡി.എഫ് മന്ത്രിയുമാകുമ്പോള്‍ അതിന് പരിഹാരമായി ചൂണ്ടിക്കാട്ടപ്പെടുന്നത് മെട്രോമാന്‍ ശ്രീധരനെപ്പോലുള്ളവരെയാകുന്നു. മദ്ധ്യവര്‍ഗ്ഗങ്ങൾക്കിടയില്‍ ശ്രീധരന്‍മാര്‍ വിഗ്രഹമാക്കപ്പെടുന്നു. വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ഇത്തരക്കാരെ ഇടതുവലതുപക്ഷങ്ങള്‍ക്കതീതമായ അഴിമതിരാഹിത്യത്തിന്റെ പ്രതീകമാക്കിക്കൊണ്ട് 'നിയുക്ത മുഖ്യമന്ത്രി' വരെയായി പ്രഖ്യാപിക്കാന്‍ തയ്യാറാകുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിനകത്തു നിന്നുപോലും 'ശ്രീധരനെ വിളിക്കൂ മെട്രോ പദ്ധതി പൂർത്തിയാക്കൂ' തുടങ്ങിയ അരാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉയർന്നതിന്റെ അപകടം മനസ്സിലാക്കപ്പെടേണ്ടതുണ്ട്.
ട്വൻറി ട്വൻ്റി പോലുള്ള അരാഷ്ട്രീയ മുഖം മൂടിയണിഞ്ഞു കൊണ്ട് മുതലാളിത്ത സ്പോൺസറിങ്ങിൽ വികസന കാര്യക്ഷമതയുടെ പ്ലക്കാർഡുമായി ഉയരുന്ന വിപണി - വികസന വാദ ശക്തികളെയാണ് വിവേകമതിയായ വോട്ടർ തിരഞ്ഞെടുക്കേണ്ടത് എന്ന് സെലിബ്രിറ്റികൾ ഉപദേശിക്കുന്ന അവസ്ഥയുണ്ടാവുന്നതും മേൽപ്പറഞ്ഞ പരിമിതികളുടെ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ. മദ്ധ്യവർഗ്ഗ ഉപഭോക്തൃ ബോധത്തിൻ്റെ ഇത്തരം വിപണി -വികസന മരീചികകൾക്ക് പകരം തൊഴിലാളി കർഷകവർഗ്ഗ വിഭാഗങ്ങളുടെ അദ്ധ്വാനത്തിൻ്റെ സാക്ഷാത്ക്കാരം ലക്ഷ്യം വച്ചു കൊണ്ടുള്ള ഇടതുപക്ഷബദലിൽ ഊന്നിയ നയങ്ങൾ കാർഷിക വ്യാവസായിക ഉത്പാദന മേഖലകളിൽ നടപ്പിലാക്കുക എന്നതാണ് മേൽപ്പറഞ്ഞ വ്യതിയാനങ്ങൾക്കുള്ള മറുമരുന്ന്.
ഉത്പാദന മേഖലകളിൽ ബദൽ നയങ്ങളുടെ അവശ്യകത
കേരള സമൂഹത്തിൽ തൊഴിലും ഉപജീവനവും സ്ഥായിയായി മെച്ചപ്പെടണമെങ്കിൽ ഉത്പാദന മേഖല പുനഃസംഘടിപ്പ്ച്ച് ആധുനീകരിക്കണം. അതിന് ശരിയായ ബദൽ നയങ്ങൾ മുന്നോട്ടു വയ്ക്കുകയും പ്രാവർത്തികമാക്കുകയും വേണം. ഒന്നാം മേഖലയായ കാർഷിക മേഖലയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്. കാർഷികാനുബന്ധ വ്യവസായങ്ങളേയും സേവനങ്ങളേയും മെച്ചപ്പെടുത്താനുള്ള ആസൂത്രിത നടപടികൾ സ്വീകരിച്ചു കൊണ്ട് ബദൽ നയങ്ങൾ വികസിപ്പിക്കാനാവും. എന്താണ് ബദൽ നയങ്ങളുടെ പ്രസക്തി എങ്ങിനെയാണ് അവ പ്രാവർത്തികമാക്കുക എന്നത് പരിശോധിച്ചാൽ താഴെ പറയുന്നത് വ്യക്തമാകും.
ലോക വ്യാപാര സംഘടനാ (ഡബ്ല്യൂ ടി ഒ ) കരാറും പിന്നീട് ആസിയൻ കരാറും ഉൾപ്പെടെയുള്ള കരാറുളിൽ ഏർപ്പെട്ടതിനാൽ രാജ്യത്തിൻ്റെ കാർഷികമേഖല സാർവ്വദേശീയ വിപണിയുമായി ഉൾച്ചേർക്കപ്പെടുകയും തൽഫലമായി കാർഷിക മേഖല മാർക്കറ്റ് സമ്മർദ്ദത്തിനടിപ്പെടുകയുമുണ്ടായി. അന്താരാഷ്ട്ര ഫിനാൻസ് മൂലധനവും രാജ്യത്തിനകത്തെ കുത്തക മൂലധനവും ചേർന്ന കൂട്ടുകെട്ടാണ് ഈ മാർക്കറ്റ് സമ്മർദ്ദത്തിൻ്റെ സ്രഷ്ടാക്കൾ. ഈ പ്രക്രിയ തീവ്രതരമാവുകയും ചെറുകിട ഉത്പ്പാദനം മുതൽ ഉത്പാദന രംഗത്തെ കുത്തകേതര മൂലധന നിക്ഷേപങ്ങളെ വരെ മാർക്കറ്റ് സമ്മർദ്ദം ശക്തിയായി ബാധിക്കാനാരംഭിച്ചു. തൽഫലമായി, വിളകൾ മാർക്കറ്റിൽ വിറ്റഴിക്കാനാവാതെ വരുന്നതുമൂലം എല്ലാ തട്ടുകളിലുമുള്ള കർഷകരുടെ വരുമാനം ഇടിഞ്ഞു. അതേ സമയം ഇന്ധനവില വർദ്ധന, സബ്സിഡികൾ വെട്ടിക്കുറയ്ക്കപ്പെട്ടത് ജീവിതച്ചെലവ് വർദ്ധിച്ചത് എന്നിവ മൂലം കാർഷിക ഉത്പാദനച്ചെലവു വർദ്ധിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു. ഇത് വായ്പാ തിരിച്ചടവിനെ പ്രതികൂലമായി ബാധിച്ചു. കർഷകർ കടക്കെണിയിലായി. പുതിയ വായ്പ ലഭിക്കാതായി. ക്രെഡിറ്റ് ക്രൈസിസ് അഥവാ വായ്പാപ്രതിസന്ധി സംജാതമായി. ഇങ്ങനെ, ഒരു വശത്ത് മാർക്കറ്റ് സമ്മർദ്ദവും മറുവശത്ത് ക്രെഡിറ്റ് ക്രൈസിസും ഒരേ സമയം ബാധിച്ച ഒരു വിഷമവൃത്തമാണ് കാർഷിക രംഗത്തെയാകെ ഇന്ന് കടുത്ത പ്രതിസന്ധിയിലേക്കു നയിച്ചിരിക്കുന്നത്. ഈ വിഷമവൃത്തത്തിന് പരിഹാരം കാണുന്ന രീതിയിൽ കാർഷിക മേഖലയെയും അനുബന്ധ വ്യവസായിക മേഖലയേയും മൗലികമായി പുനഃസംഘടിപ്പിക്കണം. അതിന്, ഉത്പാദനം > വിതരണം > ഉപഭോഗം എന്നീ ശൃംഖലയെ ശരിയായി പരസ്പരം ബന്ധപ്പെടുത്തി സോഷ്യലിസ്റ്റ് ലക്ഷ്യത്തെ സ്വാംശീകരിച്ചു കൊണ്ടുള്ള ബോധപൂർവ്വ സാമൂഹ്യസംഘാടക ഗുണം അവശ്യമാണ്. ഇത് സൃഷ്ടിച്ച് വികസിപ്പിക്കാൻ ആ വർഗ്ഗവിഭാഗങ്ങളുടെ സംയുക്ത ഉത്പാദക സഹകരണസംഘങ്ങൾക്ക് രൂപം നൽകി വളർത്തി വികസിപ്പിക്കണം. മൊത്തം തൊഴിലുകളെയാകെ അപഹരിക്കാത്ത വിധത്തിൽ പുതിയ ആധുനിക തൊഴിലുകൾ സൃഷ്ടിച്ച് കൂട്ടിച്ചേർക്കുന്ന തൊഴിലിൻ്റെ ആധുനീകരണവും തക്കതായ സാങ്കേതികവിദ്യാ വികാസവും പരിശീലനവും പ്രയോഗവും എന്നത് മുതലാളിത്തത്തിന് അന്യമാണ്. മുതലാളിത്തത്തിൻ്റെ തൊഴിൽ 'ആധുനീകരണം' എന്നത് പഴയ തൊഴിലുകളെ ആകെ വെട്ടിക്കളഞ്ഞ് വളരെ കുറച്ച് പുതിയ തൊഴിലുകൾ മാത്രം സൃഷ്ടിക്കുന്ന രീതിയാണ്. മറിച്ച്, കർഷകർ, കർഷകത്തൊഴിലാളികൾ, വ്യവസായ തൊഴിലാളികൾ എന്നിവരുടെ സംയുക്ത ഉത്പാദന രൂപം എന്ന നിലയിലുള്ള സഹകരണ ഉത്പാദനത്തിന് മാത്രമേ ഉത്തരവാദിത്തത്തോടെ, മൊത്തം തൊഴിലുകളെയാകെ അപഹരിക്കാത്ത വിധത്തിൽ, പുതിയ ആധുനിക തൊഴിലുകൾ പടിപടിയായി സൃഷ്ടിച്ച് കൂട്ടിച്ചേർക്കുന്ന തൊഴിലിൻ്റെ ആധുനീകരണം നടത്താനാകൂ.
ഇതിനൊപ്പം ഉത്പാദനവും ഉപഭോഗവും സാമൂഹ്യാവശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരസ്പര്യത്തോടെ വളർത്തുന്ന തരം ആസൂത്രണം അവശ്യം വേണം. തൊഴിലാളി - കർഷക സഖ്യത്തിലൂന്നിയ ഉത്പാദന വിതരണ സംവിധാനം എന്ന നിലയിൽ ഉത്പാദക സഹകരണ സംഘങ്ങളെയും പൊതുമേഖലയേയും കൂട്ടിയിണക്കണം. ഇത് സമൂഹത്തിൻ്റെയാകെ അസ്ഥിത്വം ആധുനീകരിക്കുന്ന പ്രക്രിയയാണ്. ജാതിത്തട്ടുകളിൽ പിരിഞ്ഞ് അന്യമായി കിടന്നിരുന്ന പഴയ നാടുവാഴിത്തത്തിൻ്റെ ചവിട്ടടിയിലെ പ്രജകളായ കുടിയാനെയും അടിയാനെയും പ്രജയെന്ന നിശ്ചേതന സ്ഥാനത്ത് നിന്ന് ഉയർത്തി വോട്ടവകാശമുള്ള പൗരനാക്കുന്ന സാമൂഹ്യ മാറ്റ പ്രകിയയിൽ കുടിയിറക്ക് നിരോധന ഓർഡിനൻസും കാർഷിക ഭൂബന്ധ ബില്ലും തുടങ്ങിവച്ച കാർഷിക ഭൂപരിഷ്കരണ പ്രക്രിയ രാഷ്ട്രീയ സമ്പദ്ഘടനാപരമായി കാതലായ പങ്കുവഹിച്ചു. ഇതിൽ ഉത്ഭവിച്ച വർഗ്ഗ സഖ്യമാണ് തൊഴിലാളി കർഷക സഖ്യം. ആ തൊഴിലാളി കർഷക സഖ്യം അതിൻ്റെ വികസിത രൂപമാർജ്ജിക്കേണ്ടത് ചരിത്രപരമായി അനിവാര്യമാണ്. കർഷകൻ കൂടുതൽ തൊഴിലാളിവർഗ്ഗവൽക്കരിക്കപ്പെടുക എന്നതാണ് അതിൻ്റെ മർമ്മസ്വഭാവം. അതേ സമയം, കർഷകരെ ഭൂമിയിൽ നിന്നും കാർഷിക വൃത്തിയിൽ നിന്നും നിഷ്ക്കരുണം പറിച്ചെറിഞ്ഞുകൊണ്ട് അവരെ 'തൊഴിലാളിവർഗ്ഗവൽക്കരിക്കുന്ന' രീതിയാണ് മുതലാളിത്തത്തിനുള്ളത്. ഇതിന് നേർവിപരീതമാണ് വ്യവസായ തൊഴിലാളി, കർഷകർ, കർഷകത്തൊഴിലാളികൾ എന്നീ വർഗ്ഗങ്ങളുടെ ഉത്പാദന സഖ്യരൂപത്തിലൂടെ കർഷകരെ തൊഴിലാളിവർഗ്ഗവൽക്കരിക്കുന്ന രീതി. ഉത്പാദന പ്രക്രിയയിൽ സാമൂഹ്യമായി ബോധപൂർവ്വം ഒന്നിച്ചു കൊണ്ട് മൊത്തം ഉത്പാദനവും ഉത്പന്ന സാക്ഷാത്ക്കാരവും ഒരേ സമയം വർദ്ധിപ്പിക്കുന്ന രീതിയാണത്. വ്യവസായ തൊഴിലാളി, കർഷകർ, കർഷകത്തൊഴിലാളി വർഗ്ഗവിഭാഗങ്ങളുടെ ഉത്പാദക സഹകരണസംഘങ്ങൾക്ക് മേൽപ്പറഞ്ഞ രീതിയിൽ സുപ്രധാന പങ്കാണ് ഉള്ളത്. കേരള സമൂഹത്തിൻ്റെ (ആരംഭിച്ചെങ്കിലും) പൂർത്തിയാകാത്ത ജാതിനശീകരണ-വർഗ്ഗീയ താനശീകരണ-പുരുഷാധിപത്യ നശീകരണ പ്രക്രിയയുടെ അടുത്ത ഘട്ട വളർച്ച മേൽപ്പറഞ്ഞ രീതിയിൽ, വ്യവസായ തൊഴിലാളി-കർഷകർ-കർഷകത്തൊഴിലാളികൾ എന്ന ഉത്പാദന സഖ്യരൂപത്തിലൂടെ കർഷകരെ തൊഴിലാളി വർഗ്ഗ വൽക്കരിക്കുന്ന പ്രക്രിയയുമായി ഇഴചേർന്ന് കിടക്കുന്നു. അതെ, തൊഴിലാളി കർഷക സഖ്യം അത്തരത്തിൽ പുതിയൊരു പർവ്വത്തിലേക്ക് പ്രവേശിക്കുന്നതിലൂടെയേ ഈ സാമൂഹ്യമാറ്റ കടമകൾ അതിന് തോളിലേറ്റാനാവൂ. ഒരോ ഗ്രാമപഞ്ചായത്തിലും അടിസ്ഥാന കാർഷിക സർവ്വീസ് സൊസൈറ്റിയായും ഗ്രാമീണ കാർഷിക സഹകരണ ബാങ്കായും നിലകൊള്ളുന്ന സഹകരണ സ്ഥാപനങ്ങളെ വ്യവസായത്തൊഴിലാളി-കർഷക-കർഷകത്തൊഴിലാളി ഉത്പാദക സഹകരണസംഘങ്ങളാക്കി മാറ്റുന്നതാണ് ഇതിലെ ആദ്യപടി. പക്ഷെ, ലക്ഷ്യം നേടാൻ ഇതു കൊണ്ടു മാത്രം മതിയാവില്ല. ഇപ്രകാരം കരുപ്പിടിപ്പിക്കുന്ന വ്യവസായത്തൊഴിലാളി -കർഷക-കർഷകത്തൊഴിലാളി ഉത്പാദക സഹകരണസംഘങ്ങളെ പ്രായോഗിക സാദ്ധ്യതകളെ പരിശോധിച്ചറിഞ്ഞു കൊണ്ട് കോർത്തിണക്കി ഉത്പാദക സഹകരണസംഘങ്ങളുടെയും മാർക്കറ്റിങ്ങ് സഹകരണസംഘങ്ങളുടെയും കൺസോർഷ്യങ്ങൾ സൃഷ്ടിക്കണം. ഇവ ഗ്രാമ - ബ്ലോക്ക് - ജില്ലാ - മേഖലാ - സംസ്ഥാന തലങ്ങളിൽ ഉണ്ടാക്കണം. സർവ്വീസ് സഹകരണസംഘ കാലഘട്ടത്തിൽ നിന്ന് ഉത്പാദക സഹകരണസംഘ കാലഘട്ടത്തിലേക്കുള്ള മാറ്റത്തിൻ്റെ മൗലിക ഗുണമാണ് ഇത്തരം സഹകരണ കൺസോർഷ്യങ്ങളുടെ സൃഷ്ടി.
വിവിധ സർക്കാർ വകുപ്പുകളുടെ പ്രാതിനിധ്യവും, മേൽപ്പറഞ്ഞ ഉത്പാദക സഹകരണസംഘങ്ങളുടെ പ്രാതിനിധ്യവും, ബന്ധപ്പെട്ട പൊതുമേഖലാ വ്യവസായങ്ങൾ /കോർപ്പറേഷനുകൾ/ബോർഡുകൾ എന്നിവയുടെയും ബാങ്കുകളുടേയും പ്രാതിനിധ്യവും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന സ്റ്റാൻറിങ്ങ് കമ്മിറ്റികളുടെ, പ്രാതിനിധ്യവും, എം.എൽ.എ, എം.പി. എന്നീ ജനപ്രതിനിധികളുടെ പ്രാതിനിധ്യവും ഉള്ള, സഹകരണോത്പാദന ആസൂത്രണ നിർവ്വഹണ സഹായ സമിതികൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തലങ്ങളിലും, വയനാട്, ഇടുക്കി, കുട്ടനാട് എന്നീ സവിശേഷ മേഖലാ തലങ്ങളിലും, സംസ്ഥാന തലത്തിലും സംഘടിപ്പിക്കണം.
കേരളത്തില്‍ വരാന്‍പോകുന്ന തെരെഞ്ഞെടുപ്പില്‍ ഫാസിസത്തിനെതിരായ ഒരു പോരാട്ടം കൂടിയാണ് എന്ന് കണ്ടുകൊണ്ട് അത് സംസ്‌കാരിക -രാഷ്ട്രീയ രംഗത്തുണ്ടാക്കുന്ന വെല്ലുവിളികളെ കൂടി അതിജീവിക്കാന്‍ ഇടതുപക്ഷം സന്നദ്ധരായിരിക്കണം.
1991 മുതല്‍ നരസിംഹറാവുവിന്റെ കാലത്ത് ആരംഭിച്ച സാമ്പത്തികനയവും 1992 ലെ ബാബറിമസ്ജിദ് ഹിന്ദുത്വ ഫാഷിസ്റ്റുകൾ തകര്‍ത്തതുമാണ് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്ക് വളര്‍ന്നുവരാനുള്ള അവസരം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്. കോണ്‍ഗ്രസ്സും ബി ജെ പി യും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തതായിരിക്കുമ്പോള്‍ത്തന്നെ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ അത് സമൂര്‍ത്തമായി മനസിലാക്കിക്കൊണ്ടാണ് അഖിലേന്ത്യതലത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തിയെ നോക്കികാണേണ്ടത്. കോണ്‍ഗ്രസ്സ് അധികാരത്തില്‍ കയറിയ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾ തന്നെയാണ് നടപ്പിലാക്കിയത്. അതുകൊണ്ടുതന്നെ അത്തരം സംസ്ഥാനങ്ങളിൽ വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്ക് കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ച് അധികാരത്തിലേക്കു വരാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ ബിജെപിയെ എതിര്‍ത്തു പരാജയപ്പെടുത്തുന്നതു പോലെത്തന്നെ യു ഡി എഫ് മുന്നണിയേയും പരാജയപ്പെടുത്തേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ വരുന്ന അസംബ്ലി തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനായി ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (റെഡ് ഫ്ലാഗ് ) കേരള സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിക്കുന്നത്. (22-3 -2021- തിരുവനന്തപുരം)