ഇന്ന് ഭൂപ്രഭുക്കളും ധനിക കർഷകരുമുൾപ്പെടെ കർഷകരാകെ ഒരു വശത്തും മറുവശത്ത് അന്താരാഷ്ട്ര ഫിനാൻസ് മൂലധന - കുത്തക മൂലധന കൂട്ടുകെട്ടും (IFC - MC) എന്ന നിലയിലുള്ള വൈരുദ്ധ്യം മൂർച്ഛിക്കുകയാണ്. ഈ വൈരുദ്ധ്യം അന്താരാഷ്ട്ര ഫിനാൻസ് മൂലധന - കുത്തക മൂലധന കൂട്ടുകെട്ട് (IFC - MC) ബോധപൂർവ്വം മൂർച്ഛിപ്പിക്കുന്നതാണ്.
അതായത്,
ഭൂപ്രഭുവാണോ, ധനിക കർഷകരാണോ , ഇടത്തരം ചെറുകിട ദരിദ്ര കർഷകരാണോ എന്ന് നോക്കാതെ മൊത്തം മാർക്കറ്റ് സമഗ്രമായി കയ്യടക്കി വ്യക്തിഗത കൃഷിയെ ഉന്മൂലനം ചെയ്ത് കൃഷിയെ ജോയിൻ്റ് സ്റ്റോക്ക് കമ്പനി വൽക്കരിക്കുക എന്നതാണ് അന്താരാഷ്ട്ര ഫിനാൻസ് മൂലധന - കുത്തക മൂലധന കൂട്ടുകെട്ട് (IFC - MC) യുടെ കൃത്യമായ പദ്ധതി.
ആദ്യം അതിനായി ശ്രമിച്ചത് ഭൂമി ഏറ്റെടുക്കൽ നിയമം പുതുക്കിക്കൊണ്ട് നേരിട്ട് ഭൂമി പിടിച്ചെടുക്കുക എന്ന രീതി കയ്യാണ്ട് മുൻവാതിലിലൂടെ ആക്രമണം നടത്തിക്കൊണ്ടാണ്. എന്നാൽ,
അത് BJP യെ വളരെ പച്ചയായി കർഷകശത്രുവാക്കി മാറ്റുകയും തദ്വാരാ ജന ശത്രുവാക്കി മാറ്റുകയും ചെയ്യും. ഒരുതരം ഇരട്ടവേഷവും അപ്പോൾ സാധ്യമല്ലാതെ വരും.
അതേ സമയം,
പിൻവാതിലിലൂടെ ,
നേരിട്ട് ഭൂമി പിടിച്ചെടുക്കുന്നതിനു പകരം മാർക്കറ്റ് പിടിച്ചടക്കിക്കൊണ്ട് , ആക്രമിച്ചാൽ
അതിൽ 'പൊതുമത്സര'ത്തിൻ്റെ 'സ്വാഭാവിക നീതി' അവകാശപ്പെടാം. അത്തരം നീക്കത്തിൽ മാരീചകൗശലത്തിന്, ഇരട്ടവേഷത്തിന് , സാധ്യതയുണ്ട്.
പക്ഷെ,
കർഷകർക്ക് ഇത് വ്യക്തമായി മനസിലായി. കുത്തകകൾക്ക് കോണ്ട്രാക്റ്റ് കൃഷി സ്വാതന്ത്ര്യവും വിളവാങ്ങി അനിയന്ത്രിതമായി ശേഖരിക്കാനും 'സ്വാതന്ത്ര്യം' ലഭിക്കുകയും സർക്കാർ FCI വഴി കുത്തക സംഭരിക്കുന്ന ഉത്തരവാദിത്വത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്താൽ ഈ വരുന്ന മൺസൂൺ കാലത്ത് ഖാരിഫ് വിള ( നെല്ല്, കരിമ്പ്, സോയ ബീൻ, ഓറഞ്ച്, തുവര, ഉഴുന്ന്, പരുത്തി,മഞ്ഞൾ, നിലക്കടല, തക്കാളി,വെണ്ട, പാവയ്ക്ക എന്നിങ്ങനെ..) ഇറക്കുന്നതുതന്നെ അക്ഷരാർത്ഥത്തിൽ മാർക്കറ്റ് അരക്ഷിതത്വത്തിലേക്കായിരിക്കും എന്നത് അവർക്ക് പകൽ വെളിച്ചം പോലെ വ്യക്തമാണ്.
അതെ,
കർഷകർക്ക് പിൻവാങ്ങാൻ പാലങ്ങളില്ല.
അവർക്ക് പാതിവെന്ത കോംപ്രമൈസ്-ഫോർമുലകൾ വിഴുങ്ങാൻ തീരെ പറ്റില്ല.
അതെ,
കാർഷിക പ്രതിസന്ധി ഇതുവരെ മൂർച്ഛിച്ചത് സമ്പദ്-പ്രതിസന്ധിയായും തുടർന്ന് വ്യവസ്ഥാ-പ്രതിസന്ധിയായുമാണെങ്കിൽ ഇനി അത് മേൽപറഞ്ഞ വർഗ്ഗങ്ങളുടെ ശത്രുതാപരമായ ഏറ്റുമുട്ടലിലേക്ക് > വിപ്ലവ പ്രതിസന്ധിയിലേക്ക് ആണ് മൂർച്ഛിക്കുന്നത്.
എന്നു വച്ചാൽ,
സംഘടിത തൊഴിലാളി വർഗ്ഗ നേതൃത്വത്തിൽ ബോധപൂർവ്വം അത് മൂർച്ഛിപ്പിച്ചാൽ, അന്താരാഷ്ട്ര ഫിനാൻസ് മൂലധന - കുത്തക മൂലധന കൂട്ടുകെട്ട് (IFC - MC) നയിക്കുന്ന ഭരണകൂടവും അതിൻ്റെ അമരത്തിരിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളും തികച്ചും ഒറ്റപ്പെടുകയും ജനാധിപത്യ വിപ്ലവത്തിൻ്റെ കൂടുതൽ ഉയർന്ന, ഗുണപരമായ പടവുകളിലേക്ക് സാമൂഹ്യവിപ്ലവം മുന്നേറുകയും, ഇന്ത്യൻ രാഷ്ട്രീയമാകെ കൂടുതൽ ഇടതുപക്ഷ വൽക്കരിക്കപ്പെടുകയും ചെയ്യും.