തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് 2020--റെഡ് ഫ്ലാഗ് മാനിഫെസ്റ്റോ

 തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് 2020 .

ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഐശ്വര്യ കേരളത്തിനായി വോട്ടു ചെയ്യുക.

മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്‌ളാഗ്) സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക.

ഫാഷിസ്റ്റ് ശക്തികൾ നയിക്കുന്ന മോദി സർക്കാരിൻ്റെ സാമ്രാജ്യത്വ ആഗോളവൽക്കരണ നയ നടത്തിപ്പ് രാജ്യത്തെ അതിഗുരുതരമായ സാമ്പത്തിക ക്കുഴപ്പത്തിലേക്കും കടുത്ത പ്രതിസന്ധിയിലേക്കും നയിച്ചിരിക്കുകയാണ്. ഇതിൻ്റെ ഫലമായി തൊഴിലാളികളും കർഷകരുമുൾപ്പെടെ  രാജ്യത്തെ മുഴുവൻ ബഹുജനങ്ങളും ഇന്ന് ശക്തമായ വെല്ലുവിളികൾ  നേരിടുകയും അതിനെതിരായ സമരപാതയിൽ അണിനിരക്കുകയും ചെയ്തിരിക്കുന്നു. ഈ ഘട്ടത്തിലാണ് കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.


സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായുള്ള സാമ്പത്തിക നയങ്ങള്‍ ഉദാരവല്‍ക്കരണ സ്വകാര്യവല്‍ക്കരണ നടപടികളിലൂടെ ശക്തിപ്പെടുത്തിയ മോദി സർക്കാർ എല്ലാ ഭരണഘടനാസ്ഥാപനങ്ങളെയും വരുതിയിലാക്കി ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുകയും  ഫെഡറല്‍ അധികാരഘടനക്ക് എതിരായി അധികാരം കേന്ദ്രീകരിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കും ദളിത് ആദിവാസി ജനവിഭാഗങ്ങള്‍ക്കും എതിരെ മര്‍ദ്ദന നടപടികളും വിഭാഗീയ നയവും സ്വീകരിക്കുകയും ചെയ്തിരിക്കുകയാണ്.  ഇതാണ് മേല്‍പറഞ്ഞ ഗുരുതരമായ വെല്ലുവിളിയുടെ ഉത്ഭവ കേന്ദ്രമായി വര്‍ത്തിക്കുന്നത്. 


റെയിൽവേയും പ്രതിരോധ വ്യവസായങ്ങളും ബാങ്കിങ്ങ് മേഖലയും ഖനി, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ പാടെ വിറ്റഴിക്കുന്ന തലത്തിലേക്ക് ഉദാരവൽക്കരണ സ്വകാര്യവൽക്കരണ നയങ്ങൾ എത്തിയിരിക്കുകയാണ്. തൊഴിലാളി വിരുദ്ധ തൊഴിൽനിയമനിർമ്മാണത്തിനെതിരെയും കർഷക വിരുദ്ധ കാർഷിക നിയമഭേദഗതികൾക്കെതിരെയും ചരിത്രത്തിലാദ്യമായി തൊഴിലാളികളും കർഷകരും ഒന്നിച്ചണിനിരന്ന് ശക്തമായ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുകയാണ്. 


പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകെ ഉയർന്ന പ്രതിഷേധ പ്രക്ഷോഭങ്ങളുടെ പിന്നാലെയാണ് തൊഴിലാളി - കർഷക സമരശക്തി പോരാട്ടത്തിൻ്റെ പാതയിൽ അണിനിരന്നത്. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിബന്ധങ്ങളെയും ദുരിതങ്ങളെയും മറികടന്നു കൊണ്ടാണ് മേൽപ്പറഞ്ഞ പ്രക്ഷോഭങ്ങൾ മുന്നേറുന്നത്.


 സംവരണം പോലും എന്നന്നേക്കുമായി ഇല്ലായ്മ ചെയ്യാനുള്ള പരിശ്രമത്തിലാണ് സംഘപരിവാര്‍ ഭരണം.


 ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും ആദിവാസികൾക്കും സ്ത്രീകൾക്കുമെതിരെ അതിക്രമങ്ങൾ പെരുകുന്നു. ഹത്രാസ് പോലുള്ള സംഭവങ്ങൾ ഇതിനുദാഹരണങ്ങളാണ്. ഫാഷിസ്റ്റ് തേർവാഴ്ച്ചയെ എതിർക്കുന്ന ബുദ്ധിജീവികളെ രാജ്യദ്രോഹക്കുറ്റം ചാർത്തി തടവറയിലേക്ക് തള്ളുകയാണ്.


ലോകം മൂന്നാം മഹാമാന്ദ്യത്തിലേക്ക് വീഴുകയും കോവിഡ് 19 മഹാമാരി അതിനെ തീവ്രതരമാക്കുകയും ചെയ്തപ്പോൾ ഇന്ത്യൻ സമ്പദ്ഘടന സമാനതകളില്ലാത്ത ആഴങ്ങളിലേക്ക് പതിച്ചു. ഇതിന് ശാസ്ത്രീയ പരിഹാരം കാണുന്നതിനു പകരം നവ ഉദാരീകരണ സാമ്രാജ്യത്വ ആഗോളികരണ സാമ്പത്തിക പരിഷ്ക്കാരങ്ങൾ ഉത്തേജക പാക്കേജിൻ്റെ പേരിൽ നടപ്പാക്കുകയാണ് മോദി സർക്കാർ ചെയ്തത്. ഇത് തൊഴിലില്ലായ്മയെ ഗുരുതരമായി വർദ്ധിപ്പിക്കുകയും കോടിക്കണക്കിന് കുടിയേറ്റത്തൊഴിലാളികൾ പാലായനം ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ നെഗറ്റീവ് ഗ്രോത്ത് രേഖപ്പെടുത്തുന്ന സമ്പദ്ഘടനയായി ഇന്ത്യൻ സമ്പദ്ഘടന മാറി. 


    

പൊതുമേഖലാ വ്യവസായങ്ങളെ വിറ്റഴിക്കുക; ജനക്ഷേമ പദ്ധതികൾ കയ്യൊഴിയുക; പൊതുവിദ്യഭ്യാസവും പൊതുജനാരോഗ്യവും സ്വകാര്യ മേഖലയ്ക്കും കുത്തകകൾക്കും തീറെഴുതുക ജാതി മത വർഗ്ഗീയ ശക്തികളെ പ്രീണിപ്പിക്കുക എന്നിങ്ങനെ കേരളത്തെ തകർക്കുന്ന യു.ഡി.എഫ് ഭരണകാലത്തെ വികലമായ ഭരണ നയത്തെ ഒന്നൊന്നായി തിരുത്തുകയാണ് LDF സർക്കാർ ചെയ്തത്. സംസ്ഥാനത്തിൻ്റെ പൊതുമേഖലാ വ്യവസായത്തെ സംരക്ഷിക്കുന്നതിനു പുറമെ കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങളെ അടച്ചുപൂട്ടാനും കയ്യൊഴിയാനും വിറ്റുതുലയ്ക്കാനും മോദി സർക്കാർ തുനിഞ്ഞപ്പോൾ അവയെ ഏറ്റെടുത്ത് സംരക്ഷിക്കാനും ലാഭത്തിലാക്കാനും LDF സർക്കാരിന് കഴിഞ്ഞു എന്നത് തിളങ്ങുന്ന നേട്ടമാണ്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ സമയത്ത് തോട്ടം തൊഴിലാളികൾ പരമ്പരാഗത വ്യവസായ തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ള തൊഴിലാളികളുടെ കൂലിയും ആനുകൂല്യങ്ങളും ദയനീയ സ്ഥിതിയിലായിരുന്നു. ഇവ പരിഹരിച്ച്, കൂലി വർദ്ധന നടപ്പാക്കിയും ആനുകൂല്യങ്ങൾ പുനഃസ്ഥാപിച്ചും ജനക്ഷേമ പെൻഷനുകൾ വർദ്ധിപ്പിച്ചും അവയുടെ കുടിശ്ശിക തീർത്തും വാഗ്ദാനങ്ങൾ പാലിക്കുകയാണ് LDF സർക്കാർ ചെയ്തത്. പൊതുജനാരോഗ്യത്തിൻ്റെ മേഖലയിൽ നിപ്പ പകർച്ചവ്യാധിയും കോവിഡ് 19 മഹാമാരിയും ഉൾപ്പെടെയുള്ള ഏറ്റവും കടുത്ത വെല്ലുവിളികളെ  നേരിടുന്നതിൽ സർവ്വദേശീയമായിത്തന്നെ LDF സർക്കാർ പ്രശംസിക്കപ്പെട്ടു. പൊതു വിദ്യഭ്യാസത്തിൻ്റെ കാര്യത്തിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് LDF ഭരണം കാഴ്ച്ച വച്ചത്. മഹാമാരിയുയർത്തിയ വെല്ലുവിളി നേരിട്ടു കൊണ്ട് ഓൺലൈൻ പഠനം സംഘടിപ്പിച്ച് നടപ്പാക്കുന്നതിലും സർക്കാർ വിജയിച്ചു.


 കടുത്ത സാമ്പത്തിക ദുഃസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് 2016ൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നത്. ഇത് പരിഹരിക്കാൻ ശ്രമിക്കുമ്പോഴാണ് 2017ൽ 'നിപ്പ' പകർച്ചവ്യാധിയും 2018, 2019 വർഷങ്ങളിൽ പ്രളയബാധയും നേരിടേണ്ടി വന്നത്. ജാതി മത വേർതിരിവുകളില്ലാതെ മതേതര ജനാധിപത്യ മൂല്യങ്ങളിലൂന്നിക്കൊണ്ട് ജനതയെയാകെ ഒറ്റക്കെട്ടാക്കിക്കൊണ്ട് ഈ ദുരന്തങ്ങളെ നേരിട്ട് കരയേറിയത്  ഐക്യകേരളത്തിൻ്റെ ഉജ്ജ്വല വിജയത്തിന് നേതൃത്വം വഹിച്ചത് എൽഡിഎഫ് സർക്കാരിൻ്റെ തിളക്കമാർന്ന പ്രകടനമായിരുന്നു. ദുരിതനിവാരണത്തിനായി തന്ന അരിക്കും പരിപ്പിനും മണ്ണെണ്ണയ്ക്കും വരെ വിലയീടാക്കിയും വിന്യസിച്ച ദുരന്തനിവാരണസേനയുടേയും നാവിക സേനയുടേയും സേവനത്തിന് കൂലി ഈടാക്കിയും ഇതര സഹായങ്ങൾ തടഞ്ഞുകൊണ്ടും മോദി സർക്കാർ പാലം വലിച്ച സന്ദർഭത്തിൽ   അതിജീവനത്തിനായുള്ള ജീവന്മരണ സമരത്തിന് ചുക്കാൻ പിടിച്ച എൽഡിഎഫ് ഭരണം അനാദൃശമായ വൈഭവമാണ്  കാഴ്ച്ചവച്ചത്.  

    

മേൽപ്പറഞ്ഞ വൈതരണികളെ കേരളം ഒന്നൊന്നായി മറികടക്കുമ്പോൾ വലതുപക്ഷ പിന്തിരിപ്പൻ ശക്തികൾ ഉറങ്ങുകയായിരുന്നില്ല. പ്രായവ്യത്യാസമില്ലാതെ സ്ത്രീകൾക്ക് ശബരിമല ക്ഷേത്രത്തിൽ ദർശന സൗകര്യം നൽകണമെന്ന്  സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ അത് നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഭരണഘടനാ ബാധ്യതയുണ്ട് എന്ന് മനസിലാക്കിക്കൊണ്ട് അത് ഇടതുപക്ഷത്തിനെതിരെ പ്രഹരിക്കാനുള്ള ' സുവർണ്ണാവസരമാണ് ' എന്ന് പ്രഖ്യാപിച്ചുകൊണ്ട് സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ കലാപം കെട്ടഴിച്ചുവിടാൻ വലതുപക്ഷ ശക്തികളുടെ കൊണ്ടു പിടിച്ചുള്ള ശ്രമമുണ്ടായി. ആദ്യഘട്ടത്തിൽ കോൺഗ്രസ്സിൻ്റേയും ബിജെപിയുടേയും ആർ എസ് എസ്സിൻ്റേയും ദേശീയ നേതൃത്വങ്ങൾ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുകയാണുണ്ടായത്. പിന്നീടാണ് സംസ്ഥാനത്തെ ഘടകങ്ങൾക്ക് 'സുവർണ്ണാവസര' ബോധോദയമുണ്ടായത്. ഈ പ്രതിലോമാക്രമണത്തിനെതിരെ തികഞ്ഞ സംയമനവും ദൃഢചിത്ത സമീപനവുമാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. മാത്രമല്ല, ജനാധിപത്യ മതേതര ശക്തികളെ ഐക്യപ്പെടുത്തി അണി നിരത്താനും ഇടതുപക്ഷം പരിശ്രമിച്ചു.


ഈ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലത്തിലാണ് 2020ലെ തദ്ദേശഭരണസ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.


*കാര്‍ഷികമേഖല പുനഃസംഘടിപ്പിക്കാനായി :*

കാർഷിക ഉത്പാദനത്തിനുള്ള പൊതുതാത്പര്യം സമൂഹത്തിൽ വളർന്നിട്ടുണ്ട്. ഇതിന് ശരിയായ ഗതി നൽകി വളർത്താനായി:


*1)* നെല്‍വയല്‍ നീര്‍ത്തടസംരക്ഷണനിയമം കര്‍ശനമായി നടപ്പാക്കാന്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തലങ്ങളിലെല്ലാം സവിശേഷ സെല്ലുകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തിപ്പിക്കും.



*2)* ത്രിതല പഞ്ചായത്ത് തലങ്ങളില്‍ എല്ലാം തന്നെ അടിസ്ഥാനസൗകര്യ വികസനത്തില്‍ കൃഷി പുനഃ സംഘടിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ പ്രാമുഖ്യം നല്‍കി നടപ്പാക്കുകയും തോടുകള്‍, ലിഫ്റ്റ് ഇറിഗേഷന്‍ റൈസ്മില്ലുകള്‍, കേരപാര്‍ക്കുകള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.



*3)* സുഗന്ധവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുടെ ശേഖരണസംസ്‌ക്കരണ മൂല്യവര്‍ദ്ധന  വിപണനകേന്ദ്രങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ട നിര്‍മ്മാണ നിര്‍വ്വഹണ ഉത്തരവാദിത്തം ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ മൂന്നു തട്ടിലും നടപ്പിലാക്കും.



*4)* തൊഴിലുറപ്പ്  പദ്ധതി കാര്‍ഷിക ഉദ്പാദനവുമായി ബന്ധിപ്പിച്ച് വിന്യസിക്കുകയും പ്രതിവര്‍ഷം 250 തൊഴില്‍ ദിനങ്ങളെങ്കിലും ലഭ്യമാക്കുകയും ഓരോ തൊഴിലാളിക്കും മിനിമം 600 രൂപ പ്രതിദിന കൂലി ലഭ്യമാക്കുകയും ചെയ്യും. ഇതിനായി ത്രിതല പഞ്ചായത്ത് സംവിധാനവും സര്‍ക്കാര്‍ മെഷിനറിയും സംയോജിതമായി പ്രവര്‍ത്തിപ്പിക്കും.



*പരമ്പരാഗത വ്യവസായത്തിന്റെ കാര്യത്തില്‍ :*



*1)* ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് പരമ്പരാഗത വ്യവസായങ്ങള്‍ ആധുനീകരിക്കുകയും ആ മേഖലയിലെ തൊഴില്‍ ശക്തിയുടെ വൈദഗ്ദ്യവും പരിശീലനവും നിലവാരമുയര്‍ത്തുകയും ചെയ്യും. ഇതിനായി ആ മേഖലയിലെ സവിശേഷ സഹകരണ സംഘളുമായി ക്രിയാത്മകമായി യോജിച്ച് പ്രവർത്തിക്കും



*2)* വിപണി ഉറപ്പാക്കുന്ന തരത്തില്‍ സര്‍ക്കാര്‍ സംവിധാനവുമായും സഹകരണ സംഘളുമായും ത്രിതല പഞ്ചായത്ത് സംവിധാനം സംയോജിതമായി വര്‍ത്തിക്കുന്ന സമീപനം സ്വീകരിക്കും.



*3)* കാര്‍ഷികോല്പന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പാദനവ്യവസായങ്ങള്‍ ഗ്രാമീണതലങ്ങളില്‍ നടപ്പാക്കും. ഈമേഖലയിൽ ഉത്പാദന സഹകരണ സംഘങ്ങളെ സവിശേഷമായി പ്രോത്സാഹിപ്പിക്കും.



*നിര്‍മ്മാണ മേഖല*



    നിര്‍മ്മാണരംഗത്തെ അഴിമതിയും കെടുകാര്യസ്ഥതയും പൂർണ്ണമായി തുടച്ചു നീക്കാനായിട്ടില്ല. ആയത് പരിഹരിക്കുമാറ് പാര്‍പ്പിടനിര്‍മ്മാണരംഗത്തുള്‍പ്പെടെ മുഴുവന്‍ നിര്‍മ്മാണ രംഗത്തും കർശ്ശനമായ ശാസ്ത്രീയ പദ്ധതി നടപ്പാക്കും. ഇതരസംസ്ഥാന തൊഴിലാളികളും വിദഗ്ദരുമടക്കം ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയില്‍ പണിയെടുക്കുന്നത്. ഏകീകൃതമായ കൂലിയും സേവനവ്യവസ്ഥകളും നടപ്പാക്കിക്കൊണ്ട് ഈ രംഗത്ത് അടിയന്തിരമായി ലേബര്‍കോണ്‍ട്രാക്ട് സൊസൈറ്റികള്‍ രൂപീകരിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കഴിയുന്നത്ര അത്തരം സൊസൈറ്റികള്‍ക്ക് കൈമാറണം. ഈ പ്രക്രിയയ്ക്ക് അതത് തലങ്ങളിലുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ യൂണിറ്റുകളായി എടുത്ത് ഇത് നടപ്പിലാക്കും. ആവാസ വ്യവസ്ഥയും ജനസംഖ്യയും കണക്കാക്കി അതുമായി കെട്ടിടനിര്‍മ്മാണത്തിന് അനുപാത നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. പാരിസ്ഥിതിക അവശോഷണം തടയാനും ആസൂത്രിത പാര്‍പ്പിട നയം നടപ്പാക്കാനും മേല്‍പറഞ്ഞ നിയന്ത്രണങ്ങള്‍ ആവശ്യാവശ്യമായി നടപ്പാക്കും. അതിവൃഷ്ടിയെത്തുടർന്ന് കേരളം നേരിട്ട ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ നൽകിയ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നിർമ്മാണത്തെ ശാസ്ത്രീയമായി ക്രമീകരിക്കും. 'എല്ലാവർക്കും പാർപ്പിടം' എന്ന ലക്ഷ്യം നേടിയെടുക്കാനായി ഇനിയുമേറെ മുന്നേറേണ്ടതായുണ്ട്. 



*ആരോഗ്യരംഗം*



    ആശ്വാസകേന്ദ്രങ്ങളും പെയിന്‍ ആന്റ് പാലിയേറ്റീവ് കേന്ദ്രങ്ങളും ‘കാരുണ്യ’ സഹായ പദ്ധതികളും കൊണ്ട് മാത്രം ആരോഗ്യചികിത്സാരംഗം  നേരിടുന്ന പ്രശ്‌നങ്ങള്‍ പൂർണ്ണമായി പരിഹൃതമാകുന്നില്ല. ആരോഗ്യരംഗമപ്പാടെ കച്ചവടവല്‍ക്കരണത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. കോവിഡ് 19 മഹാമാരിക്കെതിരായ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളും അവ നേരിട്ട വെല്ലുവിളികളും നമുക്കു നൽകുന്ന വിലയേറിയ പാഠങ്ങളാണവ. ഇന്നത്തെ മൊത്തം ആശുപത്രികിടക്കകളുടെ എണ്ണമെടുക്കുമ്പോള്‍ അവയുടെ 70 ശതമാനവും സ്വകാര്യമേഖലയിലാണ്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാചെലവ് നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഭൂരിപക്ഷത്തിന്റേയും കടബാദ്ധ്യത പെരുകുന്നത് ചികിത്സാചെലവ് പേറിക്കൂടിയാണ്.



ആയതിനാല്‍;


*1)* പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ സമൂലം പരിഷ്‌ക്കരിക്കുകയും ഡോക്ടര്‍മാര്‍, നഴ്‌സിങ്ങ് സ്റ്റാഫ്, കിടക്കകള്‍, മരുന്ന്, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ സമഗ്രമായി ഗുണപരമായി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പഞ്ചായത്ത്/വില്ലേജ് അടിസ്ഥാനത്തില്‍ ആശുപത്രികള്‍ സ്ഥാപിക്കാൻ സഹായകരമായ നടപടികൾ ഊർജ്ജിതമാക്കും. കഴിയാവുന്നത്ര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ പഞ്ചായത്ത് / വില്ലേജ് ആശുപത്രികളായി വികസിപ്പിക്കാന്‍ പദ്ധതീകൃതമായ നടപടികള്‍ കൈക്കൊളളും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീകള്‍ക്ക് ശുചിമുറികള്‍ നിര്‍മ്മിക്കും. മുഴുവന്‍ പൗരന്മാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നല്‍കുകയും ചെയ്യും. ജീവിതശൈലീ രോഗങ്ങള്‍ പെരുകുകയാണ്. അഞ്ചിലൊരാള്‍ക്ക് ക്യാന്‍സര്‍ ബാധയുള്ള സമൂഹമായി കേരളം മാറി. ഇത്തരം രോഗങ്ങള്‍ കണ്ടെത്താനുള്ള സംവിധാനം ഹെല്‍ത്ത് കാര്‍ഡുമായി ബന്ധിപ്പിക്കും.



*വിദ്യഭ്യാസം*



വിദ്യഭ്യാസരംഗത്തെ സംസ്ഥാനം ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഈ പാതയിൽ സുസ്ഥിരമായി മുന്നേറുന്നതിനായി 'ലാഭകരമല്ലാത്ത  സ്‌കൂള്‍' എന്ന മാനദണ്ഡം തന്നെ പൂർണ്ണമായി എടുത്തു കളയുകയും എല്ലാ വിദ്യാലയങ്ങള്‍ക്കും ത്രിതല പഞ്ചായത്തുകളിലും ക്ലിപ്തമായ സാങ്കേതിക മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുകയും പ്ലാന്‍ ഫണ്ട് അതിനായി വിനിയോഗിക്കുകയും ചെയ്യും. മാതൃഭാഷാധിഷ്ഠിതമായ വിദ്യഭ്യാസം പ്രോത്സാഹിപ്പിക്കുകയും പ്രാഥമിക വിദ്യാഭ്യാസത്തില്‍ മാതൃഭാഷാധിഷ്ഠിത വിദ്യഭ്യാസം നിര്‍ബന്ധമാക്കുകയും ചെയ്യുന്നതിനായി ക്രിയാത്മക നടപടികൾ കൈക്കൊള്ളും.




*വിഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ:*



വിഭിന്ന ശേഷിക്കാരായ കുട്ടികളുടെ സംരക്ഷണം വിദ്യഭ്യാസം വ്യക്തിവികാസം തൊഴിൽ-സാക്ഷാത്കാരം എന്നിവയ്ക്ക് വേണ്ടി ശാസ്ത്രീയമായ പരിഹാര പദ്ധതികൾ ആവിഷ്ക്കരിക്കും. ഇതിനായി സവിശേഷ സെല്ലുകൾ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിൽ രൂപീകരിക്കും. 




*സാംസ്ക്കാരിക കേന്ദ്രങ്ങൾ*


1940 കളിലും 50 കളിലും എല്ലാ ഗ്രാമങ്ങളിലും വായനശാലകളും കലാസമിതികളും പുരോഗമന ശക്തികളുടെ മുൻകൈയിൽ സജീവ പ്രവർത്തനം നടത്തിയിരുന്നു. ആധുനിക കേരളത്തിൻ്റെ സൃഷ്ടിയിൽ ഇവ വലിയ പങ്കുവഹിച്ചിരുന്നു. ഇതിൻ്റെ ചരിത്രപരമായ തുടർച്ച അവശ്യമാണ്. ഇതിനായി  കലാകായിക പ്രവർത്തനങ്ങൾ വളർത്തിയെടുക്കാൻ ഗ്രാമ പഞ്ചായത്ത് തലത്തിൽ സാംസ്ക്കാരിക കേന്ദ്രങ്ങൾ സൃഷ്ടിക്കുകയും സജീവമാക്കി വളർത്തുകയും ചെയ്യും.



*പൊതുവിതരണസമ്പ്രദായം*



കേരളത്തിന്റെ സ്റ്റ്യാറ്റ്യൂട്ടറി റേഷനിങ്ങ് തകര്‍ക്കുകയും പൊതു വിതരണസമ്പ്രദായം ദുര്‍ബലമാക്കുകയും ലഭിച്ചു കൊണ്ടിരിക്കുന്ന റേഷന്‍ വിഹിതം തന്നെ കേന്ദ്രസര്‍ക്കാര്‍ ഗണ്യമായി വെട്ടിക്കുറക്കുകയും ചെയ്ത സാഹചര്യത്തില്‍, പൊതുവിതരണസമ്പ്രദായത്തെ ശക്തിപ്പെടുത്തിക്കൊണ്ടും ഭക്ഷ്യവിളകൃഷി ആസൂത്രിതമായി പ്രോത്സാഹിപ്പിച്ചുകൊണ്ടും മാത്രമെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാവൂ. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഈ ദിശയില്‍ ആണ് പ്രവര്‍ത്തിക്കേണ്ടത്. ആയതിനാല്‍, ഭക്ഷ്യവിള കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നത് ഓരോ പാദത്തിലും (മൂന്നു മാസകാലയളവില്‍) പൂര്‍ത്തീകരിക്കേണ്ടതായ പദ്ധതീകൃതമായ നടപടികളായി രൂപകല്പന ചെയ്യും. സഹകരണാടിസ്ഥാനത്തില്‍ കാര്‍ഷിക ഉല്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്ന പ്ലാനും അതിനായി പദ്ധതി വിഹിതവും മേല്‍പ്പറഞ്ഞ രീതിയില്‍ ത്രിതല പഞ്ചായത്തിന്റെ മൂന്നു തലങ്ങളിലും നടപ്പാക്കും.



 

*(a) ജലസമ്പത്തും കുടിവെള്ള വിതരണവും*



നദികള്‍, ആറുകള്‍, തോടുകള്‍, തടാകങ്ങള്‍, നീരുറവകള്‍, ജലപാതങ്ങള്‍ എന്നിവ പ്രഥമ പരിഗണന നല്‍കി സംരക്ഷിക്കുവാനും കുടിവെള്ള സ്രോതസ്സുകള്‍ കാലാകാലങ്ങളില്‍ പരിശോധിച്ച് ശുദ്ധി ഉറപ്പു വരുത്താനും എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കാനും വേണ്ടി വാര്‍ഷിക/അര്‍ദ്ധവാര്‍ഷിക റിവ്യൂ നടത്തി കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ ശാസ്ത്രീയപദ്ധതികള്‍ നടപ്പാക്കും.

റെയിൻ ഹാർവസ്റ്റിങ്ങ് നടത്തി മഴവെള്ളം സംഭരിക്കാൻ വേണ്ടതായ ശാസ്ത്രീയ രീതികൾ നടപ്പാക്കും.



*(b) വൈദ്യുതീകരണം*



എല്ലാവര്‍ക്കും വൈദ്യുതിബന്ധം, തെരുവുവിളക്കുകള്‍ എന്നീ സൗകര്യങ്ങള്‍ നടപ്പാക്കാനും എല്‍.ഇ.ഡി ലൈറ്റുകള്‍ വ്യാപിപ്പിച്ചു കൊണ്ടും കഴിയാവുന്നത്ര സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചു കൊണ്ടും ക്ഷമത വര്‍ദ്ധിപ്പിക്കാനും വേണ്ട നടപടികൾ സ്വീകരിക്കും. സോളാര്‍ മേല്‍ക്കൂരകള്‍ക്ക് നികുതിയില്‍ ഇളവു നല്‍കും.




*(c) അംഗനവാടികള്‍, ശരണാലയങ്ങള്‍, പകല്‍ വീടുകള്‍, സാമൂഹ്യ അടുക്കള*



അംഗനവാടികള്‍ക്ക് സ്വന്തമായ കെട്ടിടങ്ങള്‍, പ്ലേ സ്‌കൂള്‍ സൗകര്യങ്ങള്‍ എന്നിവ നിര്‍മ്മിച്ച് നടപ്പാക്കുന്നതിന് വാര്‍ഷികവിഹിതം വകയിരുത്തി ക്രമബദ്ധമായി നടപ്പിലാക്കും.

അശരണര്‍ക്ക് താങ്ങും തണലുമായി ശരണാലയങ്ങളും വൃദ്ധരായി വീടുകളില്‍ ഒറ്റപ്പെടുന്നവര്‍ക്ക് പകല്‍വീടുകളും നിര്‍മ്മിക്കും. ജീവിതശൈലീ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ഡയറ്റ് ഭക്ഷണം നല്‍കാനായി 'സാമൂഹ്യ അടുക്കള' ഗ്രാമപഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികള്‍ കോര്‍പ്പറേഷനുകള്‍ എന്നിങ്ങനെയുള്ള തലങ്ങളില്‍ നടപ്പാക്കും.



*വനിതാക്ഷേമം*



വിദ്യഭ്യാസം ലഭിച്ചവരില്‍ സ്ത്രീകളുടെ സംഖ്യ കൂടുതലുള്ള സമൂഹമാണെങ്കിലും അവരില്‍ ഭൂരിപക്ഷവും അടുക്കളപ്പണിയും ഗാര്‍ഹിക ജോലിയും മാത്രം മുഖ്യമായി ചെയ്യുന്നതാണ് ഇന്നത്തെ കേരളീയ സമൂഹം. ഉത്പ്പാദനവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള തൊഴില്‍ പരിശീലനവും അതിനായുള്ള വിജ്ഞാന വിദ്യഭ്യാസ സമ്പാദനവും ഗ്രാമതലത്തില്‍ സ്ത്രീകള്‍ക്കായി ലഭ്യമാക്കണം. ഇത് ലക്ഷ്യമാക്കിക്കൊണ്ട്, ഗ്രാമപഞ്ചായത്തു തലത്തിലും ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഇത്തരം വിജ്ഞാന വിദ്യഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ സ്ത്രീകള്‍ക്കായി ആരംഭിക്കും. കൃഷിയുടേയും കാര്‍ഷികോല്‍പ്പന്ന സംസ്‌ക്കരണത്തിന്റേയും കാര്‍ഷികോത്പന്നാധിഷ്ഠിത വ്യവസായങ്ങളുടേയും സോഫ്റ്റ്‌വെയര്‍ പരിശീലനത്തിന്റേയും ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍സ് വ്യവസായിക പരിശീലനത്തിന്റേയും പരമ്പരാഗത കരകൗശല ഉല്പന്നങ്ങളുടെ ആധുനീകൃത വ്യാവസായിക സംരംഭകത്വത്തിന്റേയും പ്രോജക്ട് അധിഷ്ഠിത പരിശീലനവും അനുബന്ധ വിദ്യഭ്യാസവും പ്രാധാന്യത്തോടെ വികസിപ്പിക്കും.

അഭ്യസ്തവിദ്യരും അല്ലാത്തവരുമായ സ്ത്രീകളെ അനവരതം ചൂഷണം ചെയ്യുന്ന സമ്പ്രദായമാണ് അണ്‍ എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിലും ഷോപ്പിംങ് മാളുകളിലും ഭക്ഷ്യവ്യവസായങ്ങളിലും ഗാര്‍ഹിക  ജോലികളിലും ഹോം നഴ്‌സിങ്ങിലുമെല്ലാമുള്ളത്. ഇത്തരം അമിതചൂഷണത്തേയും മനുഷ്യത്വരഹിതമായ തൊഴില്‍ സാഹചര്യങ്ങളെയും ഇല്ലായ്മ ചെയ്യാനായി അവകാശപ്രബോധനകേന്ദ്രങ്ങളും ശില്പശാലകളും സംഘടിപ്പിക്കുകയും വനിതാ ജീവനക്കാര്‍ക്കും വനിതാ തൊഴിലാളികള്‍ക്കും പരാതി പരിഹാരസെല്‍ തുറന്നു  പ്രവര്‍ത്തിക്കുകയും ചെയ്യും. കോര്‍പ്പറേഷന്‍ മുനിസിപ്പല്‍ തലങ്ങളില്‍ ഇത് സവിശേഷശ്രദ്ധയോടെ നടപ്പാക്കും. അശരണരായ സ്ത്രീകള്‍, പെണ്‍കുട്ടികള്‍, വിധവകള്‍, വൃദ്ധസ്ത്രീകള്‍ എന്നിവര്‍ക്കായി പ്രത്യേക ശരണകേന്ദ്രങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ സൃഷ്ടിക്കും.



*വിഭിന്ന ലിംഗക്കാർക്കെതിരായ  വിവേചനം അവസാനിപ്പിക്കാൻ:*


വിഭിന്ന ലിംഗക്കാർ സമൂഹത്തിൽ ഒറ്റപ്പെടുത്തലും ആക്രമണവും നേരിടുന്നുണ്ട്. അവരെ അതിൽ നിന്ന് സംരക്ഷിക്കാൻ സഹായകരമായ പ്രവർത്തനങ്ങളും സാമൂഹ്യബോധവൽക്കരണവും നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തിൽ വിദഗ്ദരെ ഉൾപ്പെടുത്തി സെല്ലുകൾ രൂപീകരിക്കും. 




*ദളിത്-ആദിവാസി ക്ഷേമകാര്യം*



തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി ആവാസവും തൊഴിലും ഭൂലഭ്യതയും പരിഹരിക്കുക എന്നതിന് മുന്‍ഗണന നല്‍കുകയും ജില്ലാ പഞ്ചായത്തുകളിലും, ദളിത് ആദിവാസി ജനസംഖ്യാനുപാതികമായി അതത് സ്ഥലങ്ങളിലും, ദളിത് ആദിവാസി വിഭാഗത്തിനുള്ള ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഉണ്ടാക്കുകയും സൈബര്‍ കണക്ടിവിറ്റിയുള്ള ലൈബ്രറി സൗകര്യവും ഇതര കലാകായിക വികാസസൗകര്യങ്ങളും ഇത്തരം ഹോസ്റ്റലുകളില്‍ നിര്‍ബന്ധമായി സ്ഥാപിക്കുകയും ചെയ്യും. ദളിത് ആദിവാസി ജനവിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഫലപ്രദമായി തടയാന്‍ അതത് തലങ്ങളില്‍ മോണിറ്ററിങ്ങ് സെല്‍ പ്രവര്‍ത്തിപ്പിക്കുകയും പ്രാഥമിക വിദ്യഭ്യാസം അതത് ആദിവാസി ജനവിഭാഗങ്ങളുടെ മാതൃഭാഷാധിഷ്ഠിതമാക്കുകയും ചെയ്യും. ദളിത് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാതി - അസ്പര്‍ശ്യതാ സമീപനവും ഇതര വിവേചനവും കര്‍ശനമായ ശിക്ഷണ നടപടികള്‍ സ്വീകരിച്ചു കൊണ്ടും ജാഗ്രതാ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടും തടയും. മിച്ചഭൂമി വിതരണം പ്രാമുഖ്യത്തോടെ നടപ്പിലാക്കുകയും ഭൂരഹിതരായ ദളിത് ആദിവാസി ജനതയുടെ ഡാറ്റാ ബേസ് ത്രിതല പഞ്ചായത്ത് തലങ്ങളില്‍ സമാഹരിക്കുകയും പ്രസിദ്ധം ചെയ്യുകയും ചെയ്യും. സംവരണം എടുത്തു കളയാനുള്ള പിന്തിരിപ്പന്‍ മുറവിളിക്കെതിരെ ശക്തമായ പ്രബോധനശാക്തീകരണപ്രവര്‍ത്തനം നടത്തുകയും ത്രിതലപഞ്ചായത്ത് സംവിധാനങ്ങള്‍ക്കു കീഴില്‍ സാധ്യമായത്ര സംവരണം നടപ്പാക്കാന്‍  വേണ്ടതായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ശത്രുതാപരമായ ധ്രുവീകരണം സമൂഹത്തിന്റെ അടിത്തട്ടില്‍ സൃഷ്ടിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പ്രതിരോധിക്കുവാനും ജാതി ഉച്ഛാടനവും മതനിരപേക്ഷതയും അടിസ്ഥാനലക്ഷ്യമാക്കിക്കൊണ്ടുള്ള സാമൂഹ്യ സൃഷ്ടിക്കായി നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്താക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിദാനമാക്കും.

ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും പോഷകാഹാരന്യൂനതയും വംശനാശഭീഷണി വിതച്ചിരിക്കുകയാണ്. അട്ടപ്പാടിയിലെ നവജാതശിശുമരണനിരക്ക് ഗുരുതരമാണ്. സവിശേഷമായ ഹെല്‍ത്ത് സെല്ലും മൊബൈല്‍ യൂണിറ്റുകളും ആദിവാസി മേഖലകളിലേക്ക് ക്രിയാത്മകമായി വിന്യസിക്കുകയും പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുകയും ചെയ്യും.

ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാനും അതിനായി ആദിവാസി ഭൂനിയമം ശാസ്ത്രീയമായി നടപ്പിലാക്കാനും ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭിക്കുമെന്നുറപ്പു വരുത്താനും വേണ്ടതായ നടപടികള്‍ ത്രിതല പഞ്ചായത്ത് തലങ്ങളില്‍ നടപ്പിലാക്കും. ആദിവാസികളുടെ ആവാസം, കൃഷി, കൈത്തൊഴിലുകള്‍, വനവിഭവശേഖരണവിപണനം എന്നിവയ്ക്ക് പഞ്ചായത്തുതലങ്ങളില്‍ പ്രഥമപരിഗണനയും സംവിധാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും. ഇതെല്ലാം നടപ്പിലാക്കാനും പരിശോധിക്കാനും വേണ്ടി ആദിവാസികള്‍ക്കായി സ്‌പെഷ്യല്‍ ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കുകയും ക്രിയാത്മകമായി നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.


*പരിസ്ഥിതി സംരക്ഷണം*


പണവും ചന്തയും വികസനത്തെ നയിക്കുമെന്നും അതിന് ഊനം തട്ടാത്തതരത്തിലുള്ള പരിസ്ഥിതി സംരക്ഷണമേ നടപ്പുള്ളൂ എന്നുമുള്ള പ്രയോഗമാത്രവാദം കുടഞ്ഞു കളയുകയും ശാസ്ത്രീയവും സാമൂഹ്യപ്രയോജനത്തിലൂന്നിയതും കര്‍ശനമായ ദീര്‍ഘവീക്ഷണത്തോടെ വസ്തുനിഷ്ഠ വിശകലനാധിഷ്ഠിതമായതുമായ പരിസ്ഥിതി സംരക്ഷണ കാഴ്ചപ്പാടും അതിനനുസാരമായ നടപടികളും അടിയന്തിര സ്വഭാവത്തോടെ കൈക്കൊള്ളും. പഞ്ചായത്തീരാജും ത്രിതല പഞ്ചായത്തു ഭരണവും അധികാരവികേന്ദ്രീകരണവും നാളിതു വരെ നടപ്പാക്കിയിട്ടും ക്വാറി, മണലൂറ്റ്, മണ്ണ് മാഫിയകള്‍ മലയും കുന്നും പുഴയും വയലും തിന്നുതീര്‍ത്തുകൊണ്ടേയിരിക്കുകയാണ്.

പാരിസ്ഥിതിക ആഘാതം വകതിരിച്ച് അതീവ അവശോഷണം സംഭവിച്ച വാര്‍ഡുകളും പഞ്ചായത്തുകളും ലിസ്റ്റ് ചെയ്യുകയും തുടര്‍ന്നുള്ള പാരിസ്ഥിതിക നാശം തടയാന്‍ ഗ്രാമ/ബ്ലോക്ക്/ജില്ലാ അടിസ്ഥാനത്തില്‍ ജാഗ്രതാ കമ്മിറ്റികള്‍ പ്രവര്‍ത്തിപ്പിക്കുകയും സ്‌പെഷ്യല്‍ ഗ്രാമസഭാ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് പാരിസ്ഥിതിക ആഘാതവിഷയം അജണ്ടയായി ചര്‍ച്ച ചെയ്യുകയും ചെയ്യും. സൈബര്‍ പരാതി സെല്‍ ത്രിതല പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രവര്‍ത്തിപ്പിക്കും.


*മാലിന്യസംസ്‌കരണം*


കഴിയാവുന്നത്ര വികേന്ദ്രീകൃതമാക്കുകയും പ്രകൃതിവാതക പ്ലാന്റുകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ നടപ്പാക്കുകയും ആയവ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, ഹോസ്പിറ്റലുകള്‍, ഷോപ്പിങ്ങ് മാളുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നിവക്കെല്ലാം നിര്‍ബന്ധമാക്കുകയും ചെയ്യും. കശാപ്പ്, മാംസവില്‍പ്പന, മത്സ്യവില്‍പ്പന എന്നിവക്ക് ഗ്രാമപഞ്ചായത്ത് തലത്തില്‍ മൃഗസംരക്ഷണവകുപ്പിന്റേയും ഹെല്‍ത്ത് വകുപ്പിന്റേയും മേല്‍നോട്ടത്തില്‍ ആധുനിക സംവിധാനങ്ങള്‍  സൃഷ്ടിക്കും.

കോര്‍പ്പറേഷനുകള്‍ അടിയന്തിരമായും മുനിസിപ്പാലിറ്റികളില്‍ മുന്‍ഗണനാ ക്രമത്തിലും സ്യൂവേജ് സംവിധാനം സ്ഥാപിക്കുകയും സെപ്റ്റിക് ടാങ്ക് സംവിധാനം സ്യൂവേജ് സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്യും.

മാലിന്യ നിര്‍മ്മാര്‍ജ്ജനം സന്നദ്ധ സേവനപ്രവര്‍ത്തനത്തിലൂടെയോ യൂസര്‍ഫീ പിരിച്ചുകൊണ്ട് ലഭ്യമാക്കുന്ന 'സേവനവ്യവസായ'ത്തിലൂടേയോ നടപ്പിലാക്കാമെന്ന വിപണി വാദ കാഴ്ചപ്പാട് തെറ്റും അശാസ്ത്രീയവും ജനവിരുദ്ധവുമാണ്. ശുചീകരണത്തിനുള്ള സ്ഥിരം സംവിധാന ചെലവു ചുരുക്കലിന്റെ പേരില്‍ വെട്ടിക്കുറക്കുകയും ശുചീകരണ തൊഴിലാളികളുടെ എണ്ണം പടിപടിയായി കുറയ്ക്കുകയും ചെയ്യുന്ന ജനവിരുദ്ധ നടപടിക്ക് മൂടുപടമിടാന്‍ മാത്രമേ മേല്‍പ്പറഞ്ഞ 'മിനുക്കുപണികള്‍' ഉതകുകയുള്ളൂ. ആയതിനാല്‍ നഗരശുചീകരണം കാലാനുസൃതമായ ആധുനീകരണത്തോടെ സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കുകയും ആയതിന്റെ വിന്യാസവും പരിശോധനയും ത്രിതല പഞ്ചായത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സമിതികളിലൂടെ നടപ്പാക്കുകയും വേണം. ഇന്നു നിലവിലുള്ള മുഴുവന്‍ ശുചീകരണ തൊഴിലാളികള്‍ക്കും ആവശ്യമായ സംരക്ഷണഉപകരണങ്ങളും പരിശീലനവും ആരോഗ്യപരിരക്ഷാ സംവിധാനങ്ങളും നല്‍കി സ്ഥിരപ്പെടുത്തണം. യുസര്‍ ഫീ സമ്പ്രദായം നിര്‍ത്തണം. ഇപ്പറഞ്ഞ ആവശ്യങ്ങള്‍ക്കായി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും അതിനായുള്ള തദ്ദേശസ്വയംഭരണസ്ഥാപനതലത്തിലുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.



*ഗതാഗതം*



ഗ്രാമപഞ്ചായത്ത്തലം മുതല്‍ ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങള്‍ വരെ ഗതാഗതവികസനം റോഡുകളുടെ നിര്‍മ്മിതി എന്നിവ യൂസര്‍ഫീ  അടിസ്ഥാനത്തില്‍ BOT വ്യവസ്ഥയിലാക്കാനുള്ള ശ്രമം പൂര്‍ണമായും ഉപേക്ഷിക്കുകയും സാമൂഹ്യോത്തരവാദിത്തത്തോടെ പ്ലാന്‍ഫണ്ടില്‍ നിന്ന് വ്യയം ചെയ്ത് ഈ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും അങ്ങനെ നികുതിദായകരോടുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയും ചെയ്യും. പൊതുയോഗങ്ങള്‍ മുതലായ പൊതുപരിപാടികള്‍ക്കായി ഗ്രാമനഗരവ്യത്യാസമില്ലാതെ ഇടങ്ങള്‍ സൃഷ്ടിക്കും. ആധുനിക ഇലക്ട്രിക് ശ്മശാനങ്ങള്‍ അതത് തലങ്ങളില്‍ ലഭ്യമാക്കും.


*ഗ്രാമസഭകൾ*

ത്രിതല പഞ്ചായത്ത് സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കിയ കാലം മുതൽ ഗ്രാമസഭകൾ അതിൻ്റെ ജീവനാഡിയാണ്. എന്നാൽ ഗ്രാമസഭകളിൽ എന്താണ് ചർച്ച ചെയ്തത് എന്നത് സുതാര്യമായ മിനിട്സ് പരിശോധനയിലൂടെ മനസ്സിലാക്കാനാവുന്ന തരത്തിൽ ത്രിതല പഞ്ചായത്തുകളുടെ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും.



ആസൂത്രണത്തെ ഭംഗ്യന്തരേണ ഇകഴ്ത്തുകയും ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് വിപണിയുടേയും ഫിനാൻസ് മൂലധനത്തിൻ്റേയും  ചലനനിയമങ്ങള്‍ക്കനുസരിച്ച് 'വികസന'കാഴ്ചപ്പാട് സ്വീകരിക്കുന്ന പക്ഷം നമ്മുടെ നാടും നഗരവും ജനതയും ഭ്രാന്തുപിടിച്ച ഉപഭോഗതൃഷ്ണയ്ക്ക് അടിപ്പെടുകയും കാതലായ ഉത്പാദനമേഖലകളായ കാര്‍ഷികമേഖലയും വ്യവസായ മേഖലയും പാളം തെറ്റി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്ന സ്ഥിതിയാണുണ്ടാവുക. പെരുകുന്ന കടം സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറയ്ക്കുന്നതിനുള്ള 'ന്യായ'മായും തീരും. ഇങ്ങനെ ക്ഷേമനടപടികള്‍ ഇല്ലായ്മ ചെയ്യപ്പെടുകയും തൊഴിലില്ലായ്മ പെരുകുകയും ചെയ്യുന്ന കത്രികപ്പൂട്ടിലേക്ക് കേരളസമൂഹം നീങ്ങാതിരിക്കാനായി കൃഷിയും വ്യവസായവും പദ്ധതീകൃതമായി വികസിപ്പിക്കുകയും അങ്ങനെ തൊഴിലില്ലായ്മക്ക് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരം കാണാനുള്ള വഴി തുറക്കുകയും അതിലൂടെ നികുതി നിലയടക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യണം. എങ്കിൽ  മാത്രമെ കടക്കെണിയുടെ ഇരട്ടപ്പൂട്ടില്‍ നിന്ന് മോചനമുള്ളൂ, അതിന് വഴി തുറക്കുന്ന ക്ഷേമപദ്ധതികളും സഹായനടപടികളും സാമൂഹ്യപങ്കാളിത്തവുമാണ് അധികാരവികേന്ദ്രീകരണം കൊണ്ട് നേടേണ്ടത്; അല്ലാതെ 'ചെലവുചുരുക്ക'ലിന്റെ സിദ്ധാന്തവും പ്രയോഗവും താഴെത്തട്ടുവരെ ജനങ്ങളെ ശീലിപ്പിക്കാനുള്ള പദ്ധതിയായിട്ടല്ല ഇതു വര്‍ത്തിക്കേണ്ടത്.


തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ തലത്തില്‍ നിന്നുകൊണ്ട് ഈ കാഴ്ചപ്പാടിലൂന്നി ഉചിതമായ നടപടികള്‍ സ്വീകരിക്കും. പൊതുമേഖലാ സംവിധാനവും സർക്കാർ വകുപ്പുകളുമായി ഒത്തിണങ്ങി സഹകരണ ഉത്പാദന വിതരണ സംവിധാനത്തെ കരുപ്പിടിപ്പിച്ച് വളർത്തിയെടുക്കുക എന്ന മൂർത്തമായ ചുവട് വയ്ക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കെല്പുള്ളവയാക്കും.



*ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഐശ്വര്യകേരളത്തിനായി വോട്ടുചെയ്യുക*



നരനുനരനശുദ്ധവസ്തുവായിക്കഴിഞ്ഞിരുന്ന ഇരുണ്ടഭൂതകാലത്തെ - ഭ്രാന്താലയത്തെ മനുഷ്യാലയമാക്കി മാറ്റാന്‍ എണ്ണമറ്റ നവോത്ഥാന പോരാട്ടങ്ങളാണ് കേരളത്തിലുയര്‍ന്നു വന്നത് വൈകുണ്ഡ സ്വാമികളും ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും പണ്ഡിറ്റ് കറുപ്പനും സഹോദരന്‍ അയ്യപ്പനും പൊയ്കയില്‍ യോഹന്നാനും വി.ടി.ഭട്ടതിരിപ്പാടും മക്ത്തി തങ്ങളും ചാവറ കുര്യാക്കോസ് അച്ചനും അടക്കമുള്ള എണ്ണമറ്റ നവോത്ഥാന നേതാക്കളും ഉഴുതുമറിച്ചിട്ട മണ്ണില്‍ വിമോചനത്തിന്റേയും സ്ഥിതി സമത്വത്തിന്റേയും വിത്തുകള്‍ പാകി മുളപ്പിച്ച കമ്മ്യൂണിസ്റ്റു പ്രസ്ഥാനമാണ് ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ മുഖ്യപങ്കു വഹിച്ചത്.


വര്‍ഗ്ഗസമരപാതയിലൂടെ നേടിയ ഈ നേട്ടങ്ങളെല്ലാം ഇല്ലായ്മ ചെയ്യാനാണ് സാമ്രാജ്യത്വആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കിക്കൊണ്ട് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ഭരണം കൊണ്ടു പിടിച്ച് ശ്രമിക്കുന്നത് വിപണിനിയമങ്ങളിലൂടെ ഭൂരിപക്ഷവും താഴോട്ടു പോകുമ്പോഴും പുത്തന്‍ പണക്കാരായി മാറിയ ന്യൂനപക്ഷം ജാതികളെ ഉത്തോലകമാക്കി തങ്ങളുടെ മൂലധനതാത്പര്യങ്ങള്‍ക്കായി കേരളത്തെ പുറകോട്ടു നയിക്കാന്‍ ശ്രമിക്കുകയാണ്. 'ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ'എന്ന് കുമാരനാശാന്‍ പാടിയ കേരളത്തില്‍ 'ജാതി ചോദിക്കുക' എന്ന’ദുര്‍മ്മന്ത്രം ഉരുവിട്ടു കൊണ്ടാണ് ചാതുര്‍വര്‍ണ്ണ്യത്തിന്റെ ഇരുണ്ട ഗുഹകളിലേക്ക് സമസ്ത കേരളത്തെയും ഈ വൈതാളിക ശക്തികള്‍ നയിക്കാന്‍ ശ്രമിക്കുന്നത്. പിന്തിരിപ്പനും വിഭാഗീയവുമായ  ഭക്ഷണ-വസ്ത്ര-വിവാഹനിയമങ്ങള്‍ പടച്ച് പുത്തന്‍ തൊട്ടുകൂടായ്മയ്ക്ക് ജനതയെ അടിപ്പെടുത്താന്‍ ശ്രമിക്കന്ന വര്‍ഗീയ ജാതീയ ശക്തികളുടെ തേറ്റ നീട്ടിയുള്ള പടിയേറ്റം തടയേണ്ടത് പുരോഗമന-ജനാധിപത്യ-ഇടതുക്ഷശക്തികളുടെ കടമയും ഉത്തരവാദിത്തവുമാണ്. 


മേൽപ്പറഞ്ഞ ഉദ്ദേശലക്ഷ്യങ്ങൾ നേടാനായി:


ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഐശ്വര്യകേരളം പടുത്തുയര്‍ത്താന്‍ സമ്മതിദാനഅവകാശം വിനിയോഗിച്ച് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്) ൻ്റെ സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കാൻ മുഴുവന്‍ വോട്ടര്‍മാരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

***