ഇടതുപക്ഷ ബദലിന്‍റെ പ്രസക്തി:M.S.ജയകുമാർ



ഇടതുപക്ഷ ബദലിന്‍റെ പ്രസക്തി

എം.എസ്. ജയകുമാർ

ലോകം ഇന്ന് കീഴ്മേൽ മറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് ആഗോളവൽക്കരണത്തിന്‍റെ പരിപൂർണ്ണ പരാജയത്തേയും സോഷ്യലിസ്റ്റ് ബദലിന്‍റെ പുതിയ ഘട്ടത്തേയും കുറിക്കുന്നു. അതാണിവിടെ പരിശോധിക്കുന്നത്.

ലോകമെങ്ങും മരണത്തിന്‍റെ മണി മുഴക്കിക്കൊണ്ട് പായുന്ന കോവിഡ് 19 എന്ന മഹാമാരിയെ തളക്കാൻ ലോകാരോഗ്യ സംഘടന (WHO) യും വിവിധ  സർക്കാരുകളും ഗവേഷണസ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും  അഹോരാത്രം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ പ്രതിസന്ധിയിൽ നിന്നും പ്രതിസന്ധിയിലേക്ക്  നീങ്ങിക്കൊണ്ടിരിക്കുന്ന നമ്മുടെ സമ്പദ്ഘടനയെ  "രക്ഷിക്കാനുള്ള ശ്രമം വിജയം കണ്ടിട്ടില്ലെന്നും ഇനി പ്രാർത്ഥന മാത്രമേ രക്ഷയുള്ളൂ" എന്നും (ജൂലൈ 11) പറഞ്ഞത് റിസർവ്വ് ബാങ്കിന്‍റെ ഇപ്പോഴത്തെ ഗവർണ്ണർ തന്നെയാണ്. 2008-ൽ അമേരിക്കയിൽ  ആരംഭിച്ച പ്രതിസന്ധി ഇപ്പോൾ മൂന്നാമത്തെ മഹാമാന്ദ്യത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കോവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണുകളും മറ്റു പ്രതിസന്ധികളും ഉല്പാദന രംഗത്തെ തകർച്ചയും സ്തംഭനവും പൊതുവിൽ, ആഗോളതലത്തിൽ തന്നെ തുടർന്നു കൊണ്ടിരിക്കുകയാണ്. വ്യാവസായിക മേഖലകൾക്കും സേവന മേഖലകൾക്കുമൊപ്പം  കാർഷിക മേഖലയും തകർച്ചയിൽ നിന്നും കര കയറുന്നതിൽ ഇനിയും വിജയിച്ചിട്ടില്ല.  ഐ എം എഫും (IMF) ലോകബാങ്കും (WB) ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ പറയുന്നത്, നിലവിലുള്ള അവസ്ഥ 2022 വരെ തുടരും എന്നാണ്. ക്രൂഗ്മാൻ (Paul Krugman) മുതൽ അഭിജിത് ബാനർജി (Abhijit Banerjee) വരെയുള്ളവർ പറയുന്നതും വ്യത്യസ്തമല്ല.

പ്രതിസന്ധിയുടെ മുഴുവൻ ഭാരവും തൊഴിലാളികളുടേയും ബഹുജനങ്ങളുടേയും മേൽ കെട്ടിവയ്ക്കാനാണ് ഫിനാൻസ് കാപ്പിറ്റൽ ശ്രമിക്കുന്നത്. ഐ.എൽ.ഒ (ILO - International Labour Organisation) യുടെ കണക്കുകൾ പറയുന്നത് യു.എസ്സി- (USA) ൽ മാത്രം തൊഴിലില്ലായ്മ നാലര കോടിയായി വർദ്ധിച്ചിരിക്കുന്നു എന്നാണ്. യൂറോപ്പിൽ പതിനൊന്നര കോടി  തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ 90% ത്തിലേറെ തൊഴിലാളികൾ അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്. അവരിൽ ഭൂരിപക്ഷത്തിനും പൂർണ്ണമായോ ഭാഗികമായോ തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. മുഖ്യമായും നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ വരവു മൂലം ഗ്രാമീണ തൊഴിലില്ലായ്മ സർവ്വകാല റെക്കാർഡായിരിക്കുന്നു. ജനങ്ങളെ ഏറെ നിരാശപ്പെടുത്തിയത് കേന്ദ്ര സർക്കാർ പ്രഖ്യപിച്ച കോവിഡ് കാല പാക്കേജ് തന്നെയാണ്.
പാക്കേജിന്‍റെ ഗുണം ലഭിച്ചത് കോർപ്പറേറ്റുകൾക്കും സമ്പന്നർക്കും മാത്രമാണ് എന്നാണ് ജനങ്ങളുടെ അനുഭവം ചൂണ്ടിക്കാട്ടുന്നത്. നിരന്തരം തുടരുന്ന എണ്ണ വിലവർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമാക്കുന്നു. അതിരൂക്ഷമായ ഈ സാഹചര്യത്തിലും പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള അവകാശങ്ങൾ കോവിഡ് പ്രോട്ടോക്കോളിന്‍റെ മറവിൽ തടയപ്പെട്ടിരിക്കുകയാണ്. കാർഷിക സബ്സിഡികളും ക്ഷേമ പ്രവർത്തനങ്ങളും എടുത്തു കളഞ്ഞിരിക്കുന്ന സാഹചര്യത്തിൽ മഹാഭൂരിപക്ഷത്തിനും പാക്കേജിന്‍റെ പേരിൽ ലഭിച്ചത് അഞ്ചോ പത്തോ കിലോ അരിയും ഒരു കിലോ പയറും മാത്രമാണ്. ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലും ഭരണകൂടങ്ങൾക്ക് ശക്തി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അമേരിക്കയിൽ വംശീയ കലാപങ്ങളെ 
അടിച്ചമർത്തുന്നതിന്‍റെ പേരിൽ പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. ഇന്ത്യയിൽ തീവ്രവാദത്തിന്‍റെ പേരു പറഞ്ഞുകൊണ്ട് പൗരാവകാശ പ്രവർത്തകർ മുതൽ ബുദ്ധിജീവികൾ വരെ വ്യാജ ഏറ്റുമുട്ടലുകളിലും മറ്റുമായി വധിക്കപ്പെടുന്നു. മഹാമാരിയെ നേരിടുന്നതിൽ വികസിത മുതലാളിത്ത രാജ്യങ്ങൾ വരെ പരാജയപ്പെടുമ്പോഴാണ് ക്യൂബ, വിയറ്റ്നാം തുടങ്ങിയ കൊച്ചു രാജ്യങ്ങൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നത്. ആ രാജ്യങ്ങളിൽ നില നിൽക്കുന്ന ശക്തമായ പൊതുമേഖല തന്നെയാണ് ഈ നേട്ടങ്ങളുടെ മുഖ്യ കാരണമെന്ന് നിസ്സംശയം പറയാനാകും. വികസിത മുതലാളിത്ത രാജ്യങ്ങളിൽ  സാധാരണക്കാർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സാമ്പത്തിക ശേഷി പോലുമില്ലാതെ വലയുന്ന അവസ്ഥയാണ്. ക്യൂബയിലേയും വിയറ്റ്നാമിലേയും മറ്റും കരുത്തുറ്റ പൊതുജനാരോഗ്യ മേഖല കോവിഡ് രോഗികൾക്കും മറ്റും തികച്ചും സൗജന്യമായ ചികിത്സയാണ് നൽകുന്നത്. അതോടൊപ്പം തന്നെ അവിടങ്ങളിൽ നില നിൽക്കുന്ന അധികാര വികേന്ദ്രീകരണവും മെച്ചപ്പെട്ട പൊതുവിതരണ സമ്പ്രദായവും ജനങ്ങൾക്ക് നല്ല നിലയിൽ ആശ്വാസം കൊടുക്കുന്നുണ്ട്. ഏറ്റവും വിചിത്രമെന്ന് തോന്നുന്ന മറ്റൊരു കാര്യം അമേരിക്കൻ ഭരണകൂടം മുൻ കാലങ്ങളിൽ ഈ രാജ്യങ്ങൾക്കെതിരെ നടത്തിയ കൊടും ക്രൂരതകളെ വിസ്മരിച്ചു കൊണ്ട് വിയറ്റ്നാമും ക്യൂബയും മറ്റും അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ ജനങ്ങൾക്കു പ്രയോജനകരമാകുന്ന വിധത്തിൽ, തങ്ങളുടെ ആരോഗ്യ പ്രവർത്തകരെ അങ്ങോട്ടയക്കാനും ഔഷധങ്ങളും മറ്റും എത്തിച്ചു കൊടുക്കാനും മുന്നോട്ടു വന്നിരിക്കുന്നു എന്നുള്ളതാണ്.  മാനവികതയുടെ മഹത്തായ മാതൃകയാണ് അത് എന്നതിന്റെ മഹത്വം കുറച്ചു കാണാനാകില്ല. 

കോവിഡാനന്തര കാലത്ത് തങ്ങളുടെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മേധാവിത്വം നിലനിർത്തി മുന്നോട്ടു പോകാനുള്ള തീവ്രശ്രമത്തിലാണ് പ്രസിഡൻറ് ട്രമ്പും യു.എസ്. ഭരണകൂടവും. കോവിഡ് എന്ന മഹാമാരി ചൈനയുടെ സൃഷ്ടിയാണെന്നുള്ള നുണ നൂറു വട്ടം ആവർത്തിച്ച അമേരിക്കയ്ക്ക് ഡബ്ല്യു എച്ച് ഒ (WHO) യും ശാസ്ത്ര ലോകവും തക്കതായ മറുപടി നൽകിക്കഴിഞ്ഞിരിക്കുകയാണ്.  ശാസ്ത്രത്തിന്‍റേയും യുക്തിയുടേയും പിൻബലമില്ലാതെ അമേരിക്ക ഉന്നയിക്കുന്ന വില കുറഞ്ഞ ആരോപണങ്ങൾ,  കോവിഡ് ഗവേഷകരായ അമേരിക്കയുടെ ശാസ്ത്രജ്ഞന്മാർ തന്നെ തള്ളിക്കളഞ്ഞിരിക്കുന്നു. ഡബ്ല്യു എച്ച് ഒ (WHO) യുടെ കെടുകാര്യസ്ഥത എന്ന പേരു പറഞ്ഞ് ഐക്യരാഷ്ട്രസഭയുടെ ഭാഗമായ ആ അന്താരാഷ്ട്ര സ്ഥാപനത്തിനു നൽകാനുള്ള പണം അമേരിക്ക മരവിപ്പിച്ചിരിക്കുകയാണ്‌.  WHO ചൈനയെ പിന്തുണക്കുന്നു എന്ന ന്യായമാണ് അമേരിക്ക പറയുന്നത്. ആഗോളവൽക്കരണം നേരിടുന്ന പ്രതിസന്ധി അപരിഹാര്യമായി തുടരുമ്പോൾ WHO യും UNESCO (United Nations Educational, Scientific and Cultural Organisation - ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസ്കാരിക സംഘടന) യും പോലുള്ള  സ്ഥാപനങ്ങളെ തകർക്കാനാണ് അമേരിക്ക ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ചൈനക്കെതിരെ തുടങ്ങിയ വ്യാപാര യുദ്ധത്തിന്‍റെ തുടർച്ചയായിട്ടു തന്നെയാണ് അവർ തെക്കൻ ചൈനാ സമുദ്രത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതും സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതും അഫ്ഘാനിസ്ഥാനിലും ഇന്ത്യാ - ചൈന അതിർത്തിയിലും 
നിലനിൽക്കുന്ന വൈരുദ്ധ്യത്തെ തീവ്രതരമാക്കുന്നതും. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനെതിരെ ഇന്ത്യ, ജപ്പാൻ, ആസ്ട്രേലിയ, നൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളെ ഐക്യപ്പെടുത്തിക്കൊണ്ടുള്ള ഏഷ്യാ-പസഫിക് സഖ്യം രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളാണ് അമേരിക്ക  തയ്യാറാക്കിയിരിക്കുന്നത്‌.

ആഗോളതലത്തിൽ  സാമ്രാജ്യത്വ- മുലാളിത്ത ലോകത്തിന്‍റെ തകർച്ചയുടെ ആഴം ചൂണ്ടിക്കാണിച്ചു കൊണ്ട് പറയട്ടെ;  2021 ഓടു കൂടി ആഗോള ജി ഡി പി (GDP) യ്ക്കുണ്ടാകുന്ന നഷ്ടം 687 ലക്ഷം കോടി രൂപക്കു തുല്യമായിരിക്കുമെന്നാണ്  ഐ.എം എഫി (IMF) ന്‍റെ വിലയിരുത്തൽ. ഇത്തരം ഒരു പശ്ചാത്തലത്തിലാണ് അമേരിക്ക സോഷ്യലിസത്തിനെതിരെ  കുരിശുയുദ്ധം ആരംഭിച്ചിരിക്കുന്നത്. "മാർക്സാണ് ശരി" (Marx is Right) എന്ന മുദ്രാവാക്യത്തിന് ലോകമെങ്ങും ലഭിച്ചു കൊണ്ടിരിക്കുന്ന അംഗീകാരം തന്നെയാണ് അവരെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സോഷ്യലിസ്റ്റ് വിരുദ്ധ പ്രചാരവേലക്ക് നേതൃത്വം കൊടുക്കുന്നത് മുതലാളിത്ത സൈദ്ധാന്തികർ തന്നെയാണ്. എന്നാൽ തൊഴിലാളി വർഗ്ഗത്തിനിടയിൽ ഭിന്നിപ്പുണ്ടാക്കാൻ TINA (There Is No Alternative - മറ്റു ബദലുകളില്ല), TAMA (There Are Many Alternatives - നിരവധി ബദലുകളുണ്ട്) വാദക്കാർ മാത്രമല്ല ഇടതുപക്ഷ തീവ്രവാദികളും  രംഗത്ത് സജീവമാണ്. ഇവരുടെ സഖ്യം, കഴിഞ്ഞ ന്നൂറ്റാണ്ടിൽ നാം കണ്ട ഒക്ടോബർ വിപ്ലവത്തിനു ശേഷം രൂപം കൊണ്ട, മെൻഷെവിക്കുകളും സോഷ്യലിസ്റ്റ് റെവലൂഷനറികളും ഇടതുപക്ഷ കമ്മ്യൂണിസ്റ്റുകളുമടങ്ങിയ കൂട്ടുകെട്ടിന്‍റെ പല സ്വഭാവങ്ങളും പ്രകടമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിൽ നമ്മുടെ രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനത്തിനകത്ത്, സവിശേഷമായി എം.എൽ പ്രസ്ഥാനത്തിനകത്ത് വളർന്നു കൊണ്ടിരിക്കുന്ന ചില പ്രവണതൾ കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. 

എന്താണു സോഷ്യലിസം?


അതിനു മുമ്പായി എന്താണ് സോഷ്യലിസം എന്ന് മനസ്സിലാക്കുന്നതിന് അതിന്‍റെ ചരിത്രപരമായ നാൾവഴികൾ പരിശോധിക്കേണ്ടതുണ്ട്. സോഷ്യലിസത്തിന്‍റെ ചരിത്രത്തിലെ ആദ്യകാലത്തെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുമ്പോൾ ഉട്ടോപ്യൻ സോഷ്യലിസത്തിലേക്കാണ് എത്തുക. ആദ്യകാല സോഷ്യലിസ്റ്റുകളായി പരിഗണിക്കപ്പെടുന്നവരേയും അവർ മുന്നോട്ടു വച്ച നിലപാടുകളേയും പറ്റി പരിശോധിച്ചു കൊണ്ടാണ് ശാസ്ത്രീയ സോഷ്യലിസം എങ്ങനെയാണു മുന്നോട്ടു വന്നതെന്നു മനസ്സിലാക്കാനാവുക. ഇവയെക്കുറിച്ചുള്ള വിശദമായ വിവരണത്തിനോ വ്യാഖ്യാനത്തിനോ ഇവിടെ ശ്രമിക്കുന്നില്ല. ഒരു ഓട്ട പ്രദിക്ഷണത്തിനു മാത്രമേ ഇവിടെ മുതിരുന്നുള്ളു. സെയിന്‍റ്  സീമോൺ, ഫൗറിയർ, റോഡ്സെ ദാവൺ തുടങ്ങിയവരാണ് ആദ്യകാല ഉട്ടോപ്യൻ സോഷ്യലിസ്റ്റുകളിൽ പ്രമുഖർ. ഇതിൽ സെയിന്‍റ്  സീമോണിന്റെ കാര്യമെടുത്താൽ, ആദ്യഘട്ടത്തിൽ സോഷ്യലിസമെന്ന ലക്ഷ്യം പ്രഖ്യാപിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല എന്നു കാണാം. സഹകരണാത്മകമായ ഒരു സമൂഹത്തെയാണ് അദ്ദേഹം മാതൃകയായി സങ്കല്പിച്ചത്. നിലനിൽക്കുന്ന വ്യവസായങ്ങളുടെ ഒരു ക്രമീകരണത്തിലൂടെയാണ് അദ്ദേഹം പുതിയൊരു ലോകത്തെ കണ്ടിരുന്നത്. എന്നാൽ മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥ ഇല്ലാതാകണമെന്ന സെയിന്‍റ്  സീമോണിന്‍റെ നിലപാട് മാർക്സിനെ ഏറെ ആകർഷിച്ചു. തന്‍റെ മാനവികതയുടെ ഗോപുരത്തിന്‍റെ ദ്വാരപാലകനായി പ്രൊമിത്യൂസിനെ കണ്ട മാർക്സിനെ സെയിന്റ് സീമോണിന്‍റെ നിലപാട് വളരെ സ്വാധീനിച്ചു എന്ന് പറയേണ്ടതില്ലല്ലോ. ഫൗറിയറുടെ ചരിത്ര വീക്ഷണവും ലിംഗപരമായ പ്രശ്നങ്ങളോടുള്ള സമീപനവും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും അദ്ധ്വാനത്തോടുള്ള  വീക്ഷണവും എംഗൽസിനെ ഏറെ സ്വാധീനിച്ചു; തീർച്ചയായും മാർക്സിനേയും.  ബൂർഷ്വാ സമുദായത്തിനെതിരായ ഉട്ടോപ്യൻ  സോഷ്യലിസ്റ്റുകളുടെ വിമർശനം മാർക്സ് - എംഗൽസുമാരുടെ ചിന്താ പദ്ധതിയുമായി ഏറെ പൊരുത്തപ്പെടുന്നതായിരുന്നു. സ്വകാര്യസ്വത്ത്, മതം, ബൂർഷ്വാ വിവാഹ - കുടുംബ സങ്കൽപ്പം എന്നിവ ഓവനിൽ നിന്നാണ് മാർക്സ് ഉൾക്കൊണ്ടത്. കാർലൈൻ, ജെ.എസ്. മിൽ എന്നിവരും മാർക്സ് - എംഗൽസുമാരെ സ്വാധീനിച്ചു. 

മുമ്പേ പറഞ്ഞവരെ പോലെ സോഷ്യലിസ്റ്റായി റൂസ്സോയെ കാണാൻ  കഴിയില്ലെങ്കിലും, സ്വകാര്യസ്വത്താണ് സാമൂഹിക അസമത്വത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സ്വത്തിന്റെ സാമൂഹികവത്ക്കരണത്തെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ലെങ്കിലും തുല്യവിതരണം വേണമെന്ന് അദ്ദേഹം നിഷ്ക്കർഷിച്ചു. സ്വത്ത് മോഷണമാണെന്ന് റൂസ്സോ പറഞ്ഞുവെങ്കിലും അത് എന്തുകൊണ്ട് എന്ന് വിശദീകരിച്ചില്ല. മാർക്സിന്‍റേയും എംഗൽസിന്‍റേയും സങ്കല്പത്തിലെ കമ്മ്യൂണിസത്തിന്‍റെ കേന്ദ്ര മുദ്രാവാക്യം സമത്വമായിരുന്നു. റൂസ്സോ മുന്നോട്ടു വച്ച സമത്വം തന്നെയാണ് സോഷ്യലിസത്തിന്‍റെ നാൾവഴികളിലെ നാഴികക്കല്ല്. തീർച്ചയായും ജാക്കോബിൻ  ഇടതുപക്ഷത്തിന്‍റെ (Jacobin left) സ്വാധീനവും മാർക്സിസത്തിന്‍റെ വികാസത്തിന് ഏറെ സഹായിച്ചിട്ടുണ്ട്. അതായത് ഫ്രഞ്ച് സോഷ്യലിസം വികസിപ്പിച്ച സോഷ്യലിസ്റ്റ് സങ്കൽപ്പം ഫ്രഞ്ച് വിപ്ലവത്തിന്‍റെ ഇടത്തുപക്ഷത്തു നിന്നാണെന്നു പറയാം. 
1840 കളിലെ ഫ്രഞ്ച് വിപ്ലവപ്രസ്ഥാനത്തിന് തൊഴിലാളിവർഗ്ഗ സ്വഭാവം ആഴത്തിലുണ്ടായിരുന്നു എന്നത് മാർക്സിനേയും എംഗൽസിനേയും സ്വാധീനിച്ചു. എന്നാൽ ഫ്രാൻസിൽ ജനിച്ച ബാബ്യൂഫ് (Gracchus Babeuf 1760-1797) ആണ് ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് എന്ന് വേണമെങ്കിൽ പറയാം. ഒരു കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹമാണ് കമ്മ്യൂണിസമാണ് ഏക രക്ഷാമാർഗ്ഗമെന്ന് പ്രഖ്യാപിച്ചത്. പിന്നീട് 1830 കളിൽ ഫ്രാൻസ് വർഗ്ഗസമരത്തിൽ പ്രകമ്പനം കൊണ്ടു. ഫ്രാൻസിലെ ലെയേഴ്സ് നഗരത്തിൽ നെയ്ത്തു തൊഴിലാളികൾ പത്തു ദിവസക്കാലത്തേക്ക് നഗരം പിടിച്ചെടുത്തു. എന്നാൽ പിന്നെയെന്തു ചെയ്യണമെന്ന് അവർക്കറിയില്ലായിരുന്നു. 1834-ൽ നെയ്ത്തു തൊഴിലാളികൾ വീണ്ടും ഒരു കലാപം നടത്തി. അതു കഴിഞ്ഞ് ഒരു വർഷം കഴിയുമ്പോഴാണ് ചാർട്ടിസ്റ്റ് പ്രസ്ഥാനക്കാർ ബ്രിട്ടീഷ് പാർലമെന്‍റിന് അവരുടെ അവകാശപത്രിക സമർപ്പിക്കുന്നത്. ജർമ്മനിയിൽ 1844-ൽ നെയ്ത്തു തൊഴിലാളികൾ കലാപം നടത്തി. പട്ടാളം ക്രൂരമായി അത് അടിച്ചമർത്തി. ആ കാലഘട്ടത്തിലെ ഫ്രാൻസിൽ തൊഴിലാളി വർഗ്ഗ പ്രസ്ഥാനവും സോഷ്യലിസ്റ്റ് പ്രസ്ഥാനവും തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. തൊഴിലാളി പ്രസ്ഥാനം സോഷ്യലിസത്തെ മധ്യവർഗ്ഗത്തിന്‍റെ ആശയസംഹിതയായിട്ടാണ് നോക്കിക്കണ്ടത്. സോഷ്യലിസ്റ്റുകളാകട്ടെ തൊഴിലാളി വർഗ്ഗത്തിന്‍റെ പ്രാധാന്യത്തെ ഒട്ടും മനസ്സിലാക്കിയതുമില്ല. പിന്നീടാണ് കാൾ മാർക്സ് ഇവ തമ്മിലുള്ള പരസ്പരബന്ധത്തെ ശാസ്ത്രീയമായി തെളിയിച്ചുകൊണ്ട് വർണ്ണലിപികളിൽ എഴുതിവച്ചത്. "തത്വശാസ്ത്രം അതിന്‍റെ ഭൗതികായുധങ്ങൾ തൊഴിലാളിവർഗ്ഗത്തിൽ കണ്ടെത്തുന്നതു പോലെ തന്നെ, തൊഴിലാളിവർഗ്ഗം അതിന്‍റെ ആത്മീയ ആയുധങ്ങൾ തത്വശാസ്ത്രത്തിൽ കണ്ടെത്തുന്നു."

മാർക്സിസത്തിലേക്കു കടക്കുന്നതിനു മുമ്പ് മാർക്സ്  എങ്ങനെ മാർക്സിസ്റ്റായി എന്ന് പരിശോധിക്കാം. മാർക്സ് തന്‍റെ പഠനകാലത്തു തന്നെ എഴുതിയ പ്രബന്ധത്തിൽ മനുഷ്യ സമൂഹത്തിന്‍റെ നന്മക്കു വേണ്ടി പ്രവർത്തിക്കാൻ (ഭാവി ജോലി തെരഞ്ഞടുക്കുന്നത് സംബന്ധിച്ച് ഒരു യുവാവിന്‍റെ ചിന്ത) ഉള്ള ദൃഢനിശ്ചയം വ്യക്തമാക്കി. 

മഹാനായ ഹെഗലിന്‍റെ ശിഷ്യനായിട്ടാണ് മാർക്സ് തന്‍റെ പൊതുജീവിതം തുടങ്ങുന്നത്. ഹെഗലിന്‍റെ വൈരുദ്ധ്യവാദത്തെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം അദ്ദേഹത്തിന്‍റെ ആശയവാദത്തോട് മാർക്സ് ആദ്യമേ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. 
ഹെഗലിനെതിരായ മാർക്സിന്‍റെ ഗൗരവമായ വിമർശനം പൗരസമൂഹവും ഭരണകൂടവും തമ്മിലുള്ള ബന്ധം സംബന്ധിച്ചായിരുന്നു. ഹെഗലിന്‍റെ ദർശനമനുസരിച്ച് പൗരസമൂഹത്തിന്‍റെ ഉയർന്ന രൂപമാണ് ഭരണകൂടം. അതാണ് ഭരണകൂടത്തിന്‍റെ സ്വഭാവം നിർണ്ണയിക്കുന്നത് എന്ന് അദ്ദേഹം വാദിച്ചു. മാർക്സ് അതിനോട് വിയോജിച്ചു എന്നു മാത്രമല്ല, പൗരസമൂഹത്തേയും ഭരണകൂടത്തേയും കൂട്ടിയിണക്കുന്നത് സ്വകാര്യസ്വത്താണെന്ന് സ്ഥാപിക്കുക കൂടി ചെയ്തു, അദ്ദേഹം. അതുകൊണ്ട്, പൗരസമൂഹത്തിന്‍റെ പ്രതിഫലനമായ ഭരണകൂടം സ്വകാര്യ സ്വത്തിൽ അധിഷ്ഠിതമാണെന്ന് മാർക്സ് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്തു. അതുപോലെ തന്നെ ഫൊയർബാഹിന്റെ (Ludwig Feuerbach) ഭൗതികവാദ നിലപാടിന്റെ അടിസ്ഥാന ദൗർബ്ബല്യവും മാർക്സ് ചൂണ്ടിക്കാണിച്ചു. ഇന്ദ്രിയാനുഭൂതിയെ പ്രായോഗിക പ്രവർത്തനമായി മനസ്സിലാക്കാത്ത ഭൗതികവാദത്തിന് പരമാവധി എത്താൻ കഴിഞ്ഞിട്ടുള്ള നിലപാട് 'സിവിൽ' സമൂഹമാണ്. എന്നാൽ പുതിയ ഭൗതികവാദത്തിന്റേതാകട്ടെ മനുഷ്യ സമൂഹവും. അതായത്, സാമൂഹ്യവത്ക്കരിക്കപ്പെട്ട മനുഷ്യരാശി.

ഫ്രഞ്ച് സോഷ്യലിസം, ജർമ്മൻ തത്വചിന്ത, ബ്രിട്ടീഷ് രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രം എന്നിവയിൽ നിന്നാണ് ശാസ്ത്രീയ സോഷ്യലിസം പിറക്കുന്നതെന്ന് പൊതുവിൽ ഏവരും അംഗീകരിച്ച കാര്യമാണ്. എന്നാൽ, മാർക്സിന്‍റെ മേൽ ചൊന്ന കണ്ടെത്തൽ തത്വചിന്ത, അർത്ഥശാസ്ത്രം, രാഷ്ട്രമീമാംസ എന്നീ വിജ്ഞാന ശാഖകൾക്കും ഒരു പോലെ ബാധകമാണെന്ന് അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു. ഇതിനെ തുടർന്ന് മേൽ സൂചിപ്പിച്ച സിദ്ധാന്തത്തിനു വിശദീകരണം നൽകാനായി ഒരു ഗ്രന്ഥരചനയ്ക്ക് തീരുമാനമെടുക്കുകയും ഇതിനായി വസ്തുതകൾ  ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാൽ, മാർക്സിന്‍റെ മരണ ശേഷം ആ ഗ്രന്ഥരചന നടത്താനുള്ള നിയോഗം എംഗൽസിലാണ് വന്നു ചേർന്നത്. അതാണ് 'കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം' എന്ന പ്രസിദ്ധ ഗ്രന്ഥം. ഇതു പോലെ തന്നെ എംഗൽസിന്‍റെ, 'ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്‍റെ സ്ഥിതി' വായിച്ചതാണ് മാർക്സിന് മൂലധനം എഴുതാനുള്ള പ്രചോദനമായി മാറിയത്. സാമൂഹ്യബന്ധം, സ്വകാര്യ സ്വത്ത് എന്നിവയെ വർഗ്ഗവീക്ഷണത്തിൽ നിന്നുകൊണ്ട് ‘മൂലധന’ത്തിൽ അദ്ദേഹം കൃത്യമായി വിശദീകരിച്ചു. മാർക്സും എംഗൽസും തമ്മിലുള്ള ബന്ധവും അവരുടെ സംഭാവനകളും തമ്മിലുള്ള പാരസ്പര്യവും ചൂണ്ടിക്കാണിക്കുന്നതാണിത്. ഇതുകൊണ്ടാണ് എംഗൽസിന്‍റെ കൃതിയെ മാർക്സിന്‍റെ 'മൂലധന'ത്തിന്‍റെ മുന്നോടിയായി കണക്കാക്കുന്നത്. അങ്ങനെയാണ് ദർശനത്തിൽ നിന്നും അർത്ഥശാസ്ത്രത്തിലേക്കുള്ള ''മാർക്സ് യാത്ര'' ആരംഭിക്കുന്നത്.

സോഷ്യലിസത്തെ സംബന്ധിച്ച മാർക്സിയൻ കാഴ്ചപ്പാടിന്‍റെ പ്രധാന വിഷയങ്ങളിലൊന്നാണ് “അന്യവൽക്കരണ”മെന്നത്. ''അർത്ഥശാസ്ത്ര പരവും ദാർശനികവുമായ കുറിപ്പുകളി"ൽ മാർക്സ് മുന്നോട്ടു വയ്ക്കുന്ന ഒരു പ്രധാന ആശയമാണിത്. അതിന്‍റെ അടിത്തറയായി വർത്തിക്കുന്നത്, ഓരോ ബാഹ്യയാഥാർത്ഥ്യത്തിലും വിരുദ്ധ ശക്തികൾ പ്രവർത്തിക്കുന്നു എന്ന  വൈരുദ്ധ്യവാദത്തിന്‍റെ വീക്ഷണമാണ്. ഈ വിരുദ്ധ ഘടകങ്ങൾ തമ്മിലുള്ള സമരത്തിലൂടെയാണ് സമൂഹം പുരോഗമിക്കുന്നത്. അതിന്‍റെ അർത്ഥശാസ്ത്ര മേഖലയിലുള്ള വിശദീകരണമാണ് വർഗ്ഗസമര സിദ്ധാന്തം. അന്യവൽക്കരണമെന്ന ദാർശനിക കാഴ്ചപ്പാട്, അർത്ഥശാസ്ത്രത്തിന്‍റെ മേഖലയിലേക്ക് വ്യാപിപ്പിക്കുകയാണ് മാർക്സ് ചെയ്തത്. അതിന്‍റെ അടിത്തറയാകട്ടെ, സ്വകാര്യ സ്വത്താണ്. അതായത്, ആശയ വാദികളിൽ നിന്ന് വ്യത്യസ്തമായി, പൗരസമൂഹത്തിൽ വ്യക്തികൾ തമ്മിലുള്ള ബന്ധം നിർണ്ണയിക്കുന്നത് സ്വകാര്യ സ്വത്താണെന്ന് മാർക്സ് ചൂണ്ടിക്കാട്ടി. അത് തൊഴിലെടുക്കുന്ന മനുഷ്യരെ അവർക്കു തന്നെ അന്യരാക്കുന്നു. 
മുതലാളിത്ത സമൂഹത്തിൽ തൊഴിലെടുക്കുന്നവനും അയാൾ ഉല്പാദിപ്പിക്കുന്ന ചരക്കിന്‍റെ ഉടമയും വിപരീതങ്ങളാണ്. തൊഴിലെടുക്കുന്നവന്‍റെ അദ്ധ്വാനഫലം അതുണ്ടാക്കുന്ന സമയത്തു തന്നെ അയാൾക്ക് അന്യമാകുന്നു. തൊഴിലെടുപ്പിക്കുന്നവന്‍റെ കൈയിലെത്തുന്ന അദ്ധ്വാനഫലം, തൊഴിലെടുക്കുന്നവന്‍റെ വിപരീത ശക്തിയാകുന്നു. അതുകൊണ്ടാണ് തൊഴിലെടുപ്പിക്കുന്ന മുതലാളി സമ്പന്നനും തൊഴിലെടുക്കുന്നവൻ ദരിദ്രനുമായി തുടരുന്നത്. ഇവർ തമ്മിലുള്ള മൗലിക വൈരുദ്ധ്യം (മുതലാളിയും തൊഴിലാളിയും) വർദ്ധിച്ചു കൊണ്ടേയിരിക്കും. ഇതിന്‍റെ ശാശ്വത പരിഹാരം സ്വകാര്യ സ്വത്തുടമാ സമ്പ്രദായം ഇല്ലാതാക്കുന്നതിലൂടെയേ സാദ്ധ്യമാവൂ. അതാണ് സോഷ്യലിസത്തിന്‍റേയും കമ്മ്യൂണിസത്തിന്‍റേയും ലക്ഷ്യം.

പക്ഷെ, പഴയ വീക്ഷണങ്ങളുടെ (ഹെഗലിന്‍റെയും ഫൊയർബാഹിന്‍റെയും) സ്വാധീനം പിന്നെയും അവരിൽ നിലനിന്നു. ആ സ്വാധീനം ഒരു നീണ്ട പ്രക്രിയയിലൂടെയാണ് അവരിരുവരും പരിഹരിക്കുന്നത്. മേൽ സൂചിപ്പിച്ച വീക്ഷണങ്ങൾക്കെതിരെ മാർക്സും എംഗൽസും നടത്തിയ സമരങ്ങളുടെ ഫലമായിട്ടാണ്, സുപ്രധാനമായ മൂന്നു കൃതികൾ പുറത്തു വരുന്നത്.  മാർക്സും എംഗൽസും കൂടി പൂർത്തിയാക്കിയ "പരിശുദ്ധകുടുംബ" മാണ് ഇതിൽ പ്രധാന കൃതി. അതിൽ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ബന്ധത്തെ സമർത്ഥമായി അവർ തെളിയിച്ചു. സാങ്കേതിക, സാമ്പത്തിക വശങ്ങളും സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളുമെല്ലാം തമ്മിലുളള വൈരുദ്ധ്യാത്മക ബന്ധം അതിൽ കൃത്യമായി അവതരിപ്പിക്കപ്പെട്ടു. പിന്നീട് രചിക്കപ്പെട്ട ''ജർമ്മൻ ഐഡിയോളജി"യിൽ തൊഴിലാളി വർഗ്ഗത്തിന്‍റെ പ്രപഞ്ച വീക്ഷണം എന്താണ് എന്ന് ആദ്യമായി അവതരിപ്പിച്ചു. തുടർന്ന് പ്രൗഥോണിന്‍റെ അരാജക വീക്ഷണങ്ങൾക്കെതിരെ മാർക്സ് ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ അടിസ്ഥാന നിലപാട് മുന്നോട്ടു വയ്ക്കുന്നു. അതിൽ അദ്ദേഹം അർത്ഥശാസ്ത്രത്തിന്‍റെ മൗലിക തത്വങ്ങൾ അവതരിപ്പിച്ചു. അതോടെയാണ് സാങ്കല്പിക സോഷ്യലിസത്തിൽ നിന്നും ഗുണാത്മകമായി ശാസ്ത്രീയ സോഷ്യലിസം വേറിട്ടു നിൽക്കുന്നുവെന്ന് വ്യക്തമാക്കപ്പെടുന്നത്. ഇതു മനസ്സിലാക്കാൻ കഴിയാത്ത ചില ബുദ്ധിജീവികളാണ് ആദ്യകാല മാർക്സും പിന്നീടുള്ള മാർക്സും എന്ന രീതിയിൽ കാലഗണനകൾ വച്ചുകൊണ്ട് മാർക്സിനെ തരം തിരിച്ച് വിലയിരുത്താൻ ശ്രമിച്ചിട്ടുള്ളത്. അതായത് സാങ്കല്പിക സോഷ്യലിസത്തിൽ നിന്നും ശാസ്ത്രീയ സോഷ്യലിസത്തിലേക്കുള്ള മാറ്റം നീണ്ട പ്രക്രിയയിലൂടെയും വ്യത്യസ്ത മേഖലകളിലെ സമരങ്ങളിലൂടെയുമാണ് രൂപം കൊണ്ടത് എന്ന യാഥാർത്ഥ്യം കാണാത്തവരാണ് അത്തരം നിഗമനങ്ങളിൽ ചെന്നുപെട്ടു പോകുന്നത്.

മൂന്നാം ഇന്റർനാഷണലും ഇടതുപക്ഷ തീവ്രവാദവും 


ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിനു ശേഷം സോഷ്യലിസ്റ്റ് സമൂഹത്തിന്‍റെ സൃഷ്ടിക്കു വേണ്ടി മാർക്സിസത്തെ പ്രത്യയശാസ്ത്രമായി ഉയർത്തിപ്പിടിച്ചു കൊണ്ട് ലെനിന്‍റെ നേതൃത്വത്തിൽ നടന്ന വിപ്ലവ പ്രയോഗങ്ങളാണ് നമുക്ക് വഴികാട്ടിയായി മാറുന്നത്. മൂന്നാം ഇന്‍റർനാഷണലിന്‍റെ രൂപീകരണത്തോടു കൂടി (1915) മാർക്സിസം- ലെനിനിസത്തിന്‍റേയും ബോൾഷെവിസത്തിന്‍റേയും പാരമ്പര്യത്തെ പിന്തുടർന്ന കോമിന്‍റേൺ, മാർക്സിസം-ലെനിനിസത്തെ ലോകതൊഴിലാളി വർഗ്ഗ പ്രസ്ഥാനവുമായി ബന്ധിപ്പിച്ചു. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്‍റെ പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പുതിയ യുഗത്തിൽ തൊഴിലാളി വർഗ്ഗം സ്വീകരിക്കേണ്ട വിപ്ലവതന്ത്രത്തിന്‍റേയും അടവുകളുടേയും അടിസ്ഥാന തത്വങ്ങൾ മുന്നോട്ടു വച്ചു. മുതലാളിത്തത്തിന്‍റെ ഏറ്റവും ഉയർന്നതും അവസാനത്തേതുമായ ഘട്ടമെന്ന നിലയിൽ, അതായത് സോഷ്യലിസ്റ്റ് വിപ്ലവത്തിന്‍റെ തൊട്ടു മുമ്പുള്ള ഘട്ടമെന്ന നിലയിൽ സാമ്രാജ്യത്വത്തെക്കുറിച്ച് സമൂർത്തവും സമഗ്രവുമായ പഠനമാണ്
ലെനിൻ നടത്തിയത്. സാമ്രാജ്യത്വ കാലഘട്ടത്തിലെ സാമൂഹ്യ വികസനത്തിന്‍റെ സവിശേഷതകൾ എന്തെല്ലാമാണെന്നും ആ കാലഘട്ടത്തിലെ വിപ്ലവ സമരങ്ങളുടെ ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ സവിശേഷതകളും ലെനിൻ ചൂണ്ടിക്കാട്ടി. വിപ്ലവാനന്തര ഘട്ടത്തിൽ മുൻകൂട്ടി തയ്യാറാക്കി വച്ച കൃത്യമായ ഒരു പദ്ധതിയുടെ അടിസ്ഥാനത്തിലല്ല  സോവിയറ്റ് യൂണിയനിൽ ലെനിന്‍റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് നിർമ്മാണം ആരംഭിക്കുന്നത്. പുതിയ സോഷ്യലിസ്റ്റ് സ്റ്റേറ്റിന് സാമ്രാജ്യത്വശക്തികളുടെ ഭാഗത്തു നിന്നുള്ള ആക്രമണം മാത്രമല്ല നേരിടേണ്ടി വന്നത്. പഴയ മെൻഷെവിക്കുകളും സോഷ്യലിസ്റ്റ് റെവലൂഷനറികളും ഇതിനെതിരെ ആക്രമണങ്ങളും അട്ടിമറിശ്രമങ്ങളും നിരന്തരം നടത്തിക്കൊണ്ടിരുന്നു. 1918 ൽ ജർമ്മനിയുമായി ഉണ്ടാക്കിയ അനാക്രമണ ഉടമ്പടിയും സോവിയറ്റ് യൂണിയൻ മുന്നോട്ടു വച്ച സാമ്പത്തിക നയങ്ങളുമാണ് മുഖ്യമായും ആക്രമണത്തിന് വിധേയമായത്. ഇടതു പക്ഷ കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റ് റെവലൂഷനറികളും സോവിയറ്റ് യൂണിയനിൽ സോഷ്യലിസമല്ല സ്റ്റേറ്റ് മുതലാളിത്തമാണ് നടപ്പാക്കുന്നതെന്നുള്ള വിമർശനമാണ് കേന്ദ്രപ്രശ്നമായി ഉന്നയിച്ചത്. ഇന്നും ‘ഇടതു തീവ്രവാദികൾ’ ഇതേ നിലപാടു തന്നെയാണ് പല പ്രച്ഛന്ന വേഷത്തിലൂടെയും അവതരിപ്പിക്കാൻ ശ്രമിക്കുന്നത് എന്നു കൂടി ഇവിടെ പറഞ്ഞു വക്കട്ടെ. 

ലെനിൻ ഈ വിഷയത്തെ തന്‍റെ ശാസ്ത്രീയ നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് തുറന്നു കാട്ടുകയും റഷ്യയിൽ മാത്രമല്ല യൂറോപ്പിൽ ആകെയും ഇത്തരം ആശയങ്ങളുടെ പ്രഭാവം വളർന്നു കൊണ്ടിരിക്കുന്നു എന്നു മനസ്സിലാക്കി,
ഇതിനെ ആശയപരമായി നേരിടുകയും പരാജയപ്പെടുത്തുകയും ചെയ്തു. ലെനിൻ മുന്നോട്ടു വച്ച നിലപാടുകളുടെ ചുരുക്കം ഇതാണ്. ആധുനിക ശാസ്ത്രത്തിന്‍റെ ഏറ്റവും നൂതനമായ കണ്ടുപിടുത്തങ്ങളുടെ അടിസ്ഥാനത്തിലുള്ള വൻകിട മുതലാളിത്തത്തിന്‍റെ സാങ്കേതിക ജ്ഞാനമില്ലാത്ത സോഷ്യലിസത്തെക്കുറിച്ച് ചിന്തിക്കാൻ സാധ്യമല്ല. കോടാനുകോടി ജനങ്ങളെ ഉല്പാദനത്തിന്‍റേയും വിതരണത്തിന്‍റേയും തുറയിൽ ഒരു ഏകീകൃത മാനദണ്ഡത്തിന്‍റെ ഏറ്റവും കർശനമായ പരിപാലനത്തിന് വിധേയമാക്കി നിർത്തുന്ന ഒരു ആസൂത്രിത സ്റ്റേറ്റ് സംഘടന കൂടാതെ അതേപ്പറ്റി ചിന്തിക്കാൻ സാദ്ധ്യമല്ല. മാർക്സിസ്റ്റുകാരായ നാം ഇക്കാര്യം എന്നും പറഞ്ഞിട്ടുള്ളതാണ്. ഇതു പോലും മനസ്സിലാക്കാത്തവരോട് (അരാജകവാദികളോടും ഇടതുപക്ഷ സോഷ്യലിസ്റ്റ് റെവലൂഷനറികളിൽ പകുതിയിലധികം പേരോടും) സംസാരിച്ച് അര നിമിഷം പോലും പാഴാക്കുന്നത് വെറുതേയാണ്. (ഇടതു പക്ഷ ബാലിശത്വവും പെറ്റി ബൂർഷ്വാ മനോഭാവവും – 1918 മെയ്)  

1918 ലെ ജർമ്മനിയേയും റഷ്യയേയും താരതമ്യ പ്പെടുത്തിക്കൊണ്ട്  അരാജകവാദികളുടേയും സോഷ്യലിസ്റ്റ് റെവലൂഷനറികളുടേയും നിലപാടുകൾ ലെനിൻ തുറന്നു കാണിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് ലെനിൻ തുടർന്നു പറയുന്നതും കൂടി നോക്കുക. ''ജർമ്മനിയിൽ വിപ്ലവം പുറത്തു വരാൻ ഇനിയും വൈകുന്ന സ്ഥിതിക്ക് നമ്മുടെ കടമ ജർമ്മൻകാരുടെ സ്റ്റേറ്റ് മുതലാളിത്തത്തെ കുറിച്ച് പഠിക്കുകയും അതു പകർത്താൻ സർവ്വ കഴിവും ഉപയോഗിക്കുകയും അത് പകർത്തുന്നത് ത്വരിതപ്പെടുത്തുന്നതിനു വേണ്ടി സ്വേച്ഛാധിപത്യ മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ മടിക്കാതിരിക്കുകയുമാണ് വേണ്ടത്. കാടത്തത്തിൽ ആണ്ടുകിടക്കുന്ന റഷ്യയെ, പാശ്ചാത്യ സംസ്കാരം പകർത്തുന്നതിന് പീറ്റർ ത്വരിതപ്പെടുത്തിയതിലും വേഗം ത്വരിതപ്പെടുത്തുക എന്നതാണ് നമ്മുടെ കടമ. കാടത്തത്തെ നേരിടുന്നതിന് കിരാത മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നാം മടിക്കേണ്ടതില്ല. 
നാർസിസസ്സിനെ പോലെ ചിന്തിക്കുകയും ജർമ്മൻ സാമ്രാജ്യത്വത്തിൽ നിന്ന് 'പാഠങ്ങൾ പഠിക്കുക' എന്നത് വിപ്ലവകാരികളായ നമുക്കു ചേർന്നതല്ലെന്ന് പറയുകയും ചെയ്യുന്ന അരാജകവാദികളും ഇടതുപക്ഷ സോഷ്യലിസ്റ്റ് റെവലൂഷനറികളും ഉണ്ടെങ്കിൽ (കേന്ദ്ര എക്സികൂട്ടീവ് കമ്മറ്റി യോഗത്തിൽ കരോലിനും ഗേയും ചെയ്ത പ്രസംഗങ്ങൾ ഞാൻ ഓർത്തു പോകുകയാണ്) നമുക്കതിന് മറുപടി പറയാൻ ഒന്നേയുള്ളൂ. ഇക്കൂട്ടരെ കാര്യമായി എടുക്കുന്ന വിപ്ലവം എന്നെന്നേക്കുമായി നാശമടയുന്നതാണ്. (അത് അവർ അർഹിക്കുന്നുണ്ട്) "

സോഷ്യലിസമെന്നാൽ സ്റ്റേറ്റ് കുത്തക മുതലാളിത്തത്തിൽ നിന്നുള്ള അടുത്ത പടിയല്ലാതെ മറ്റൊന്നുമല്ലെന്ന് ലെനിൻ പറഞ്ഞു. ‘സ്റ്റേറ്റ് കുത്തക മുതലാളിത്ത’മെന്നത് സോഷ്യലിസത്തിനുള്ള പരിപൂർണ്ണമായ ഭൗതിക സജ്ജീകരണമാണ്; സോഷ്യലിസത്തിലേക്കുള്ള വാതിൽപ്പടിയാണ്. ചരിത്രത്തിന്‍റെ ഏണിയിലെ ഒരു പടിയാണത്. അതിനും സോഷ്യലിസമെന്ന പടിക്കും ഇടയിൽ മറ്റു യാതൊരു പടിയുമില്ല. ഇവിടെ ലെനിൻ കൃത്യമായി ചൂണ്ടിക്കാണിക്കുന്നത്, ഇടതുപക്ഷ കമ്മ്യൂണിസ്റ്റുകൾ ഉന്നയിക്കുന്നത് മാർക്സിയൻ സാമ്പത്തിക ശാസ്ത്രവുമായി പുലബന്ധം പോലും ഇല്ലാത്ത ഒരു വാദഗതിയാണെന്നാണ്. അതായത്, അവർ പെറ്റിബൂർഷ്വാ പ്രത്യയശാസ്ത്രത്തിന് അടിമപ്പെട്ടിരിക്കുന്നു എന്നാണ്. 

സ്റ്റേറ്റ് മുതലാളിത്തം, പൊതു മേഖല, ദേശസാത്ക്കരണം..... 


ഏതായാലും കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നതിന്, സ്റ്റേറ്റ് കുത്തക മുതലാളിത്തം, സ്റ്റേറ്റ് മുതലാളിത്തം, സ്റ്റേറ്റ് മേഖല (പൊതു മേഖല), ദേശസാൽക്കരണം  തുടങ്ങിയവയെല്ലാം പലപ്പോഴും കൂട്ടിക്കുഴച്ച് അവതരിപ്പിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട അവ്യക്തതകൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. സ്റ്റേറ്റ് കുത്തക മുതലാളിത്തം എന്നാൽ പൊതുവിൽ  കുത്തക മുതലാളിത്തത്തിന്‍റെ അതിവികസിതമായ രൂപമായിട്ടാണ് പരിഗണിക്കപ്പെടാറുള്ളത്.  സ്റ്റേറ്റിന്‍റെ അധികാരവും കുത്തകകളുടെ അധികാരവും തമ്മിൽ ലയിക്കുക. ഫിനാൻസ് കാപ്പിറ്റലിന്‍റെ താൽപ്പര്യങ്ങൾക്കായി തൊഴിലാളി വർഗ്ഗത്തേയും ബഹുജനങ്ങളേയും ദേശീയ വിമോചന പ്രസ്ഥാനങ്ങളേയും  ഇല്ലാതാക്കുക എന്നതാണ് അത് ലക്ഷ്യമിടുന്നത്. മുതലാളിത്ത സാമ്രാജ്യത്വ പ്രതിസന്ധിയിലൂടെ ഗുതുതരമായ സാഹചര്യത്തിൽ അതെത്തിച്ചേരുന്ന ഘട്ടത്തെയാണ് ഇത്  സൂചിപ്പിക്കുന്നത്. അത്യന്തം സാന്ദ്രീകൃതമായ വ്യവസായവും കേന്ദ്രീകൃതമായ മൂലധനവുമാണ് ഇതിന്‍റെ സ്വഭാവം നിർണ്ണയിക്കുന്നത്. ഇത് ചിലപ്പോൾ എല്ലാ വിധ ജനാധിപത്യരൂപങ്ങളേയും കൈയൊഴിയുകയും ആവശ്യാനുസരണം രാഷ്ട്രീയ മുഖംമൂടികൾ മാറ്റുകയും ചെയ്തുവെന്നിരിക്കും. അതോടൊപ്പം ജനങ്ങളെ ഭിന്നിപ്പിക്കാനായി ദേശീയതയും വംശീയതയും മതവും താല്പര്യാനുസൃതമായി ഉപയോഗിക്കുകയും ചെയ്യും. 

സ്റ്റേറ്റ് മുതലാളിത്തം എന്നാൽ, സമ്പദ്‌ ഘടനയുടെ ത്വരിതവികാസം ലക്ഷ്യം വച്ചുകൊണ്ട് സ്റ്റേറ്റ് എടുക്കുന്ന നിലപാടുകളെയാണ് അർത്ഥമാക്കുന്നത്. ഇത് ചിലപ്പോൾ സ്റ്റേറ്റ് കുത്തക മുതലാളിത്തത്തിലേക്ക് അതിന്‍റെ വർഗ്ഗ താല്പര്യങ്ങളുമായി ബന്ധപ്പെട്ട് തിരിയാവുന്നതാണ്. ചില വികസ്വര രാജ്യങ്ങൾ, ദേശീയ വ്യവസായങ്ങളുടെ അടിത്തറ വികസിപ്പിക്കുന്നതിനായി പൊതുമേഖലയെ ഉപയോഗപ്പെടുത്താറുണ്ട്. അത് സ്വാശ്രയ വികസനവും മറ്റും പറഞ്ഞു കൊണ്ടാണ്. പൊതു ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും സംരംഭങ്ങളും രാഷ്ട്രീയ അധികാരമുള്ള വർഗ്ഗങ്ങളുടെ താല്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. പൊതുമേഖലയെ സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ചില വികസ്വര രാജ്യങ്ങളിലും സമ്പദ്ഘടനയെ ശക്തിപ്പെടുത്താനായി ഉപയോഗിക്കാറുണ്ട്.

ഉല്പാദന ഉപകരണങ്ങളുടെ സാമൂഹ്യവൽക്കരണവും പൊതു ഉടമസ്ഥതയും സോഷ്യലിസത്തിന്‍റെ  പ്രഖ്യാപിത ലക്ഷ്യമാണ്. സോഷ്യലിസ്റ്റ് സ്റ്റേറ്റ്, വിപ്ലവപൂർവ്വ ഘട്ടത്തിൽ നിന്നിരുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി, ഫാക്ടറികൾ, ഖനികൾ, ബാങ്കുകൾ തുടങ്ങിയവ ഏറ്റെടുത്ത് പൊതുസ്വത്താക്കുന്നതിനെയാണ് സോഷ്യലിസ്റ്റ് ദേശസാൽക്കരണം എന്നു പറയുന്നത്.  അദ്ധ്വാനിക്കുന്ന വർഗ്ഗങ്ങളുടെ മേലുള്ള ചൂഷണം ഇല്ലാതാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള നടപടിയാണിത്. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് മുതലാളിത്ത ദേശസാൽക്കരണം. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെ നഷ്ടപരിഹാരം കൊടുത്ത് സ്റ്റേറ്റിന്‍റേതാക്കുന്നതിനെയാണ് മുതലാളിത്ത ദേശസാൽക്കരണം എന്നു പറയുന്നത്. ഇതിൽ തൊഴിലാളികളെ മുതലാളിയല്ല പകരം മുതലാളിത്ത സ്റ്റേറ്റാണ് ചൂഷണം ചെയ്യുന്നത്. 

നൂറ്റാണ്ടുകളുടെ കൊളോണിയൽ ആധിപത്യത്തിൽ നിന്ന് മോചനം നേടുന്ന രാജ്യങ്ങൾ മുഖ്യമായും വിദേശ കുത്തക കമ്പനികളും തോട്ടങ്ങളും മറ്റുമാണ് ആദ്യം ദേശസാൽക്കരിക്കുക. മിശ്രസമ്പദ്ഘടനയിൽ സോഷ്യലിസ്റ്റ് അംശങ്ങൾ സൃഷ്ടിക്കുന്നതിന് ദേശസാൽക്കരണത്തിന് വലിയ പങ്ക് നിർവ്വഹിക്കാനാകും. നെഹ്രുവിന്‍റെ കാലത്തും ഇന്ദിരാഗാന്ധിയുടെ കാലത്തും നടപ്പാക്കിയ നയങ്ങളുടെ ആകത്തുക മേൽ സൂചിപ്പിച്ചതാണ്. ടാറ്റ, ബിർള തുടങ്ങിയ അന്നത്തെ മുഖ്യ കോർപ്പറേറ്റുകളുടെ താല്പര്യങ്ങളെ നിലനിർത്തിക്കൊണ്ടും അവരുടെ പല നിർദ്ദേശങ്ങളും അംഗീകരിച്ചുകൊണ്ടും നടപ്പാക്കിയ നയങ്ങൾ ശ്രദ്ധേയമാണ്. ശക്തമായ പൊതുമേഖലയും പൊതുവിതരണ സമ്പ്രദായവും പഞ്ചവത്സര പദ്ധതിയും നെഹ്രുവിന്‍റെ നേതൃത്വത്തിലുള്ള ഭരണത്തിന് ഒരു സോഷ്യലിസ്റ്റ് പരിവേഷം നൽകാനായി ശ്രമിച്ചു. ഇന്ദിരാഗാന്ധി നടപ്പാക്കിയ ബാങ്ക് ദേശസാൽക്കരണവും മറ്റും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാം. എന്നാൽ ഇതിന്‍റെ മറ്റൊരു മുഖം എഴുപതുകളുടെ ആദ്യം കാണാനായി. റെയിൽവേ തൊഴിലാളികളുടെ പണിമുടക്കിനേയും ദശലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുത്ത ബഹുജനപ്രക്ഷോഭത്തേയും ചോരയിൽ മുക്കിക്കൊന്നു കൊണ്ട് രാജ്യത്തെ തന്നെ തടവറയാക്കിയ ആഭ്യന്തര അടിയന്തിരാവസ്ഥയാണ് തുടർന്ന് ഉണ്ടായതെന്ന് സൂചിപ്പിക്കട്ടെ. 

ഉല്പാദന ഉപകരണങ്ങളുടെ പൊതു ഉടമസ്ഥത സോഷ്യലിസ്റ്റ് സമ്പദ്ഘടനയുടെ അടിത്തറയാണെന്ന് മുന്നേ സൂചിപ്പിച്ചുവല്ലോ. സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ പൊതു ഉടമസ്ഥതക്ക് വിവിധ രൂപങ്ങളുണ്ട്. അതിൽ പ്രധാനം സ്റ്റേറ്റ് സ്വത്തു തന്നെയാണ്. അതായത് മുഴുവൻ ജനങ്ങൾക്കും അവകാശപ്പെട്ട സ്വത്ത്. മറ്റൊന്ന് വിശാലമായ സഹകരണ മേഖലയും അതുമായി ബന്ധപ്പെട്ട സ്വത്തുമാണ്. വിവിധ തരത്തിലുള്ള സ്വകാര്യ സ്വത്തുകൾ, വൻകിട വ്യവസായങ്ങൾ, കൃഷിഭൂമികൾ (കാർഷിക സ്ഥാപനങ്ങളുടേയും എസ്റ്റേറ്റുകളുടേയും), ഖനികൾ, ബാങ്കുകൾ എന്നിവ പിടിച്ചെടുക്കുകയോ ദേശസാൽക്കരിക്കുകയോ ചെയ്യുന്നതിൽ നിന്നാണ് മേൽ സൂചിപ്പിച്ച സ്വത്തുകളുണ്ടാകുന്നത്. സോഷ്യലിസ്റ്റ് സമുദായം അടുത്ത ഘട്ടത്തിലേക്ക് വികസിക്കുന്നതനുസരിച്ച് ചിലപ്പോൾ അതിന് ഏറെ വർഷങ്ങൾ വേണ്ടി വന്നേക്കാം. വിവിധ രൂപത്തിലുള്ള സ്വകാര്യ സ്വത്തുക്കളും സ്റ്റേറ്റ് സ്വത്തിന്‍റെ രൂപങ്ങളും ഏകമാന സ്വത്തു രൂപത്തിലേക്ക് എത്തിക്കാനാണ് കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ ശ്രമിക്കുന്നത്‌. 

മുൻപെ സൂചിപ്പിച്ച പോലെ ഇടതുപക്ഷ കമ്മ്യൂണിസ്റ്റുകൾക്കെതിരെ സ. ലെനിന്‍റെ നേതൃത്വത്തിൽ മൂന്നാം ഇന്‍റർനാഷണൽ മുന്നോട്ടു വച്ച അടിസ്ഥാന നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ടും അതിന്‍റെ വിപ്ലവകരമായ പ്രയോഗം വികസിപ്പിച്ചു കൊണ്ടും മാത്രമേ ഇത്തരം തെറ്റായ പ്രവണതകളെ പരാജയപ്പെടുത്തുവാനാകൂ. ഒക്ടോബർ വിപ്ലവത്തിനു ശേഷം യൂറോപ്പിൽ പുതുതായി രൂപം കൊണ്ട പാർട്ടികളിൽ പലതും ഇടതുപക്ഷ വിഭാഗീയ പ്രവണതകളുടെ സ്വാധീനത്തിൽ പെട്ടിരുന്നു. അതിന്‍റെ കാരണങ്ങളോരോന്നും ലെനിൻ എണ്ണിയെണ്ണി പറഞ്ഞു. “പ്രായക്കുറവ്, അനുഭവക്കുറവ്, വിപ്ലവ സമരങ്ങളുടെ മൗലിക പ്രശ്നങ്ങളെ തിടുക്കത്തിൽ പരിഹരിക്കാനുള്ള വാസന, ബഹുജന സമരങ്ങളെ പാർട്ടിയുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള  ക്ലേശകരമായ പ്രവർത്തനങ്ങൾക്കുള്ള പെറ്റി ബൂർഷ്വാ അലസത. ഇവയെല്ലാം വിപ്ലവ പാർട്ടിയുടെ രൂപീകരണത്തിന് വിലങ്ങുതടിയായി നില നിൽക്കുന്നു."  ഇത്തരം സെക്ടേറിയൻ നയങ്ങളെ തുറന്നു കാണിക്കാനും തിരുത്താനുമാണ് സൈദ്ധാന്തിക തലത്തിലും പ്രായോഗിക തലത്തിലും ലെനിൻ ശ്രമിച്ചത്. 

നിയമപരവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ, പരസ്യവും രഹസ്യവുമായ പ്രവർത്തനങ്ങൾ, പാർലമെന്‍ററി രൂപത്തിലുള്ളതും അല്ലാത്തതുമായ പ്രവർത്തനങ്ങൾ എന്നു തുടങ്ങി എല്ലാ സമര രൂപങ്ങളും സാഹചര്യങ്ങൾക്കനുസൃതമായി സർഗ്ഗാത്മകമായി പ്രയോഗിക്കണമെന്നാണ് ലെനിൻ അനുശാസിച്ചത്. സി.പി.ഐ. (എം.എൽ) റെഡ് ഫ്ലാഗിന്‍റെ രാഷ്ട്രീയ പുനഃസംഘടന  മുന്നോട്ടു കൊണ്ടുപോകുന്നതിന് ലെനിന്‍റെ മേൽ സൂചിപ്പിച്ച നിലപാടുകൾ എത്രമാത്രം സഹായിച്ചുവെന്ന് പ്രത്യേകം ഇവിടെ എടുത്തു പറയേണ്ടതുണ്ടെന്ന്  തോന്നുന്നു. അന്യവർഗ്ഗ നിലപാടുകൾക്കെതിരെ നിരന്തരം പോരാടിക്കൊണ്ടും വലതുപക്ഷ പ്രവണതകളെ മുറിച്ചു കടന്നുകൊണ്ടുമാണ് ലെനിന്‍റെ അനുയായികൾ മുന്നോട്ടു പോയതെന്ന് പറയേണ്ടതില്ലല്ലോ. 

എന്‍റെ സ്വകാര്യസ്വത്ത് നമ്മുടെ പൊതുസ്വത്താക്കി മാറ്റുകയെന്നത് ചെറിയ കാര്യമല്ലെന്ന് മുൻകാല സോഷ്യലിസ്റ്റ് അനുഭവങ്ങളും വർത്തമാന അനുഭവങ്ങളും ചൂണ്ടിക്കാട്ടുന്നു. സോഷ്യലിസ്റ്റ് വിപ്ലവം കഴിഞ്ഞ് ഏറെക്കാലത്തിനു ശേഷമേ ജനങ്ങൾക്ക് പൊതുസ്വത്തിന്‍റെ ഉടമകൾ എന്ന നിലക്കുള്ള സമ്പൂർണ്ണ അധികാരം എന്ന നില കൈവരികയുള്ളു. സ്വയം ഭംഗിയായി പണിയെടുക്കുന്നതിനു പുറമെ സ്വന്തം ക്ഷേമത്തിലും പ്രശസ്തിയിലുമല്ലാതെ തന്‍റെ കൂടെ പണിയെടുക്കുന്നവരുടെ കാര്യത്തിൽക്കൂടിയും രാജ്യത്തിന്‍റെ ഒട്ടാകെയും ആഗോളതലത്തിലുമുള്ള തൊഴിലാളികളുടെ താൽപ്പര്യങ്ങളിൽ കൂടിയും ശ്രദ്ധാലുവായിട്ടുള്ള ഒരാൾക്കു മാത്രമേ സോഷ്യലിസ്റ്റ് പരിശീലനം നേടിയ ആളാകാൻ ആവുകയുള്ളൂ എന്നാണ് റഷ്യയിലേയും മറ്റും അനുഭവങ്ങൾ നമുക്കു നൽകുന്ന പാഠം. അദ്ധ്വാനത്തിന്‍റെ അന്യവത്ക്കരണം ഉച്ചാടനം ചെയ്യപ്പെട്ടു എങ്കിലും അതിന്‍റെ അനന്തരഫലങ്ങൾ സ്വയമേവ മാഞ്ഞു പോകില്ല എന്നാണ് അനുഭവം. മാർക്സിന്‍റെ ഭാഷയിൽ പറഞ്ഞാൽ “അദ്ധ്വാനത്തിന്‍റെ യാതനാപൂർണ്ണവും നിർബ്ബന്ധിതവുമായ ഒരു ബാദ്ധ്യതയെന്ന നിലയിൽ നിന്നും വ്യക്തിയുടെ പ്രാഥമിക ജീവിതത്തിന് ആവശ്യമായി മാറുക എന്നതാണ് മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസത്തിലേക്കുള്ള മാറ്റത്തിന്‍റെ ചരിത്രപരമായ ദൗത്യം”. സോഷ്യലിസ്റ്റ് വിപ്ലവത്തിനു ശേഷം കുറച്ചു കാലം ബൂർഷ്വാ നിയമം മാത്രമല്ല, ബൂർഷ്വാ ഭരണകൂടവും ബൂർഷ്വാസിയില്ലാതെ തന്നെ തുടർന്നും നില നിൽക്കും. കാരണം, മുതലാളിത്തത്തിന്‍റെ ഗർഭപാത്രത്തിൽ നിന്നാണ് സോഷ്യലിസ്റ്റ് സമൂഹം പിറവിയെടുക്കുന്നത്. 

എം.എൽ. പ്രസ്ഥാനവും സാംസ്കാരിക വിപ്ലവകാലത്തെ ഇടതുപക്ഷ പാളിച്ചയും 



നമ്മുടെ രാജ്യത്തെ എം എൽ പ്രസ്ഥാനത്തിന്‍റെ തുടക്കം മുതൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സാംസ്ക്കാരിക വിപ്ലവ കാലത്തു മുന്നോട്ടു വച്ച തെറ്റും വിഭാഗീയവുമായ നിലപാടുകളാണ് പ്രസ്ഥാനത്തെ സ്വാധീനിച്ചു കൊണ്ടിരുന്നത്. സോഷ്യൽ സാമ്രാജ്യത്വമെന്ന ഒരു സംജ്ഞ രൂപം കൊള്ളുന്നത് സാംസ്കാരിക വിപ്ലവത്തോടെയാണ്. 
അതിന്‍റെ കാതൽ സോവിയറ്റ് യൂണിയൻ ഒരു സാമ്രാജ്യത്വ രാജ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ്. ക്രൂഷ്ചേവിന്‍റെ കാലം മുതൽ സോവിയറ്റ് 
കമ്മ്യൂണിസ്റ്റ് പാർട്ടിയെ സ്വാധീനിച്ച തിരുത്തൽ വാദ നിലപാടുകൾ സോവിയറ്റ് സമ്പദ് ക്രമത്തെ കുത്തക മുതലാളിത്ത സമ്പദ് ക്രമമാക്കി മാറ്റിയിരിക്കുന്നുവെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വിലയിരുത്തി. കുത്തക മൂലധനമാണ് സോവിയറ്റ് യൂണിയന്‍റെ ഭരണ സമ്പ്രദായത്തെ നിയന്ത്രിക്കുന്നതെന്നും അത് വാക്കിൽ സോഷ്യലിസവും പ്രവൃത്തിയിൽ സാമ്രാജ്യത്വവും ആണ് നടപ്പിലാക്കുന്നത് എന്നും അതുകൊണ്ടു തന്നെ അമേരിക്കൻ സാമ്രാജ്യത്വത്തിൽ നിന്നും വ്യത്യസ്തവും എന്നാൽ, കൂടുതൽ അപകടകാരിയുമായ സാമ്രാജ്യത്വമാണ് എന്നും കണക്കാക്കി. ഈ കാഴ്ചപ്പാടിൽ നിന്നാണ് പിന്നീട് മൂന്നു ലോക സിദ്ധാന്തം ഉടലെടുക്കുന്നത്. ഈ സിദ്ധാന്തമനുസരിച്ച്, ലോകമിന്ന് മൂന്നായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നും അതിൽ ഒന്നാം ലോകം അമേരിക്ക(USA) യും  യു.എസ്.എസ്സ്.ആറും (USSR) ആണെന്നും രണ്ടാം ലോകം യൂറോപ്യൻ മുതലാളിത്ത രാജ്യങ്ങളും കാനഡയും ജപ്പാനും ആണെന്നും മൂന്നാം ലോകം ശേഷിച്ച ആഫ്രോ-ഏഷ്യൻ-ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ചൈനയും ആണെന്നും വർഗ്ഗീകരിക്കപ്പെട്ടു. ഇതിൽ ഒന്നാം ലോകമാണ് മുഖ്യശത്രുവായി കണക്കാക്കപ്പെട്ടത്. ഒന്നാം ലോകത്തിൽ തന്നെ വളർന്നുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വമെന്ന നിലയിലും സോഷ്യലിസ്റ്റ് മുഖംമൂടി ധരിച്ചിരിക്കുന്നു എന്നതുകൊണ്ടും സോവിയറ്റ് യൂണിയൻ അഥവാ USSR കൂടുതൽ അപകടകാരിയായി മാറിയിരിക്കുന്നുവെന്നാണ് വിലയിരുത്തപ്പെട്ടത്. മാവോ ചിന്തയുടെ താത്വിക വ്യാഖ്യാനം നൽകിയവരിൽ പ്രമുഖനാണ് എം.എൽ. പ്രസ്ഥാനത്തിന്‍റെ മുൻ നേതാവായിരുന്ന കെ. വേണു. ഇപ്പോഴദ്ദേഹം മുതലാളിത്ത, ആഗോളവൽക്കരണത്തിന്‍റെ ചേരിയിൽ നിൽക്കുന്ന ആളായിട്ടാണ് കണക്കാക്കപ്പെടുന്നത്. 

'സോവിയറ്റ് സാമ്പത്തിക ശാസ്ത്രത്തിന്‍റെ വിമർശനം' എന്ന മാവോ സെ തുങ്ങ് എഴുതിയതായി പറയപ്പെടുന്ന ഗ്രന്ഥത്തിന്‍റെ മുഖവുരയിൽ അദ്ദേഹം പറയുന്നത് നോക്കുക. “ഇതു വരെ നിലവിൽ വന്ന എല്ലാ സോഷ്യലിസ്റ്റ് രാജ്യങ്ങളിലും നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ മുതലാളിത്ത പുനഃസ്ഥാപനവും സോഷ്യൽ സാമ്രാജ്യത്വത്തിന്‍റെ ആവിർഭാവവും ഗുണപരമായി ഒരു പുതിയ സാഹചര്യത്തെയാണ് സൃഷ്ടിച്ചത്. ഈ പുതിയ സാഹചര്യത്തെ നേരിടാൻ ലെനിനിസ്റ്റ് തത്വങ്ങൾ മാത്രം പോരെന്ന് അനുഭവങ്ങൾ തെളിയിച്ചു കഴിഞ്ഞു. ഈ വിടവ് നികത്താനാണ് മാവോ സെ തുങ്ങ് ചിന്ത ഉടലെടുത്ത്.” തുടർന്ന് അദ്ദേഹം സ്ഥാപിക്കാൻ ശ്രമിക്കുന്നത് സോഷ്യൽ സാമ്രാജ്യത്വ കാലഘട്ടത്തിലെ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിൻ കീഴിലെ വർഗ്ഗസമരത്തിന്‍റെ സിദ്ധാന്തവും പ്രയോഗവും സംബന്ധിച്ച മാവോ സെ തുങ്ങ് മുന്നോട്ടു വച്ച ആവിഷ്കാരങ്ങളാണ് മാവോ ചിന്തയുടെ ഉള്ളടക്കമെന്നാണ്. ഇന്ന്, മാർക്സിസം – ലെനിനിസത്തിനും മറ്റും പ്രസക്തി ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു എന്നു കൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നു. “സ്റ്റാലിൻ ലെനിനിസത്തെ നിർവ്വചിക്കുമ്പോൾ, സോഷ്യലിസ്റ്റ് കാലഘട്ടത്തിലെ വർഗ്ഗസമരത്തെക്കുറിച്ച് യാന്ത്രികമായ ധാരണകളാണ് വച്ചു പുലർത്തിയിരുന്നത്. അതുകൊണ്ടാണ് സാമ്രാജ്യത്വത്തിന്‍റേയും തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്‍റേയും 
യുഗത്തിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ ലെനിനിസത്തിനു കഴിയുമെന്ന നിർവ്വചനം ഉടലെടുത്തത്." ഇത് ലെനിനിസ്റ്റ് യുഗമല്ലെന്നും ഇനി ഈ യുഗത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാർക്സിസം-ലെനിനിസത്തിന് സാധ്യമല്ലെന്നും ഈ യുഗത്തിലെ മാർക്സിസം - ലെനിനിസം മാവോ ചിന്തയാണെന്നും മാവോ സെ തുങ്ങിന്‍റെ ഗ്രന്ഥത്തിന് 1980 ൽ
അദ്ദേഹം എഴുതിയ മുഖവുരയിൽ പറയുന്നു. ഇത് കെ. വേണുവിന്‍റെ വ്യക്തിപരമായ അഭിപ്രായമായി നോക്കിക്കാണേണ്ടതില്ല. സാംസ്ക്കാരിക വിപ്ലവത്തിന്‍റെ സന്ദേശമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉയർത്തിപ്പിടിച്ച നിലപാടുകളുടെ പ്രചാരകനായിരുന്ന വേണുവിന്‍റെ പെറ്റി ബൂർഷ്വാ പ്രതിലോമ ആശയങ്ങൾ ഇന്നും വള്ളി പുള്ളി വിസർഗ്ഗം വിടാതെ ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകുന്ന ശിഷ്യന്മാർ ഇപ്പോഴും ഉണ്ടെന്ന് വ്യസനത്തോടെ പറയേണ്ടിയിരിക്കുന്നു. വേണു, പഴയ കാലത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടും അദ്ദേഹത്തിന്‍റെ ആശയങ്ങൾ ഉയർത്തിപ്പിടിച്ചു നടക്കുന്നവർ ക്യൂബയും വിയറ്റ്നാമുമൊക്കെ സോഷ്യൽ സാമ്രാജ്യത്വമാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് നടക്കുകയാണ് ഇപ്പോഴും. 

മാർക്സ് ചൂണ്ടിക്കാട്ടിയിട്ടുള്ളതു പോലെ ഭൂതകാല ആശയങ്ങൾ നിഗ്രഹിക്കപ്പുടുന്നതു വരെ അവ വർത്തമാനത്തെ സ്വാധീനിച്ചു കൊണ്ടിരിക്കും. ചൈനീസ് സാംസ്കാരിക വിപ്ലവുമായി ബന്ധപ്പെട്ടുകൊണ്ട് ഉയർന്നു വന്ന തെറ്റും നിഷേധാത്മകവുമായ പ്രവണതകൾ ഏതാണ്ട് അര നൂറ്റാണ്ട് മുമ്പാണ്  വിപ്ലവ പ്രസ്ഥാനത്തെ ബാധിച്ചത്. അതിന്‍റെ ഒന്നാമത്തെ വരവിനെ ലെനിന്‍റെ നേതൃത്വത്തിൽ നിഗ്രഹിച്ചുവെങ്കിലും അവയുടെ അംശങ്ങൾ ഇന്നും നിലനിൽക്കുന്നു എന്നുള്ള യാഥാർത്ഥ്യം കാണാതിരുന്നുകൂടാ.

മൂന്നാം മഹാമാന്ദ്യം


 മറ്റൊരു കാര്യം കൂടി ഈ സന്ദർഭത്തിൽ ഒന്നു പരാമർശിച്ചു പൊകേണ്ടതുണ്ടെന്നു തോന്നുന്നു. അത്, ഇന്നു വളർന്നുകൊണ്ടിരിക്കുന്ന മൂന്നാം മഹാമാന്ദ്യവുമായി ബന്ധപ്പെട്ടുകൊണ്ടുള്ളതാണ്. രണ്ടാം മഹാമാന്ദ്യത്തിനു ശേഷമുണ്ടായ സാഹചര്യങ്ങളാണ് യുദ്ധത്തിലേക്കു നയിച്ചത്. ലോകം സമാനമായ ഒരു സാഹചര്യത്തെയാണ് ഇന്നു നേരിടുന്നതെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. ഇന്നത്തെ വസ്തുനിഷ്ഠ സാഹചര്യം അന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്നു മാത്രമല്ല, ചരിത്രം അതേ പടി ആവർത്തിക്കപ്പെടുന്ന ഒന്നല്ലെന്നും കാണേണ്ടതുണ്ട്. 
രണ്ടാം ലോകയുദ്ധത്തിനു തൊട്ടു മുമ്പുള്ള സാഹചര്യത്തെ  കോമിന്‍റേൺ (Comintern) വിലയിരുത്തിയത്, “ഇക്കാലത്തെ മുഖ്യ വൈരുദ്ധ്യം വളർന്നു വരുന്ന സോഷ്യലിസവും ക്ഷയിച്ചു വരുന്ന മുതലാളിത്തവും തമ്മിലുള്ളതാണ്” എന്നാണ്. ഫാസിസത്തിനും യുദ്ധത്തിനുമെതിരെ എല്ലാ വിപ്ലവ ജനാധിപത്യ പ്രസ്ഥാനങ്ങളേയും ഒന്നിപ്പിക്കുകയായിരുന്നു കോമിന്‍റേണും  കമ്മ്യൂണിസ്റ്റ് പാർട്ടികളും ചെയ്തത്. ആ ചരിത്രപ്രധാനമായ പോരാട്ടത്തിൽ സാർവ്വദേശീയ തൊഴിലാളി വർഗ്ഗത്തെ സമ്പൂർണ്ണമായി സജ്ജമാക്കിയത് സോവിയറ്റ് യൂണിയനായിരുന്നു. എന്നാൽ ഇന്ന് കോമിന്‍റേണൊ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി പോലെയുള്ള ഒരു പാർട്ടിയോ നില നിൽക്കുന്നില്ല. വസ്തുനിഷ്ഠ സാഹചര്യങ്ങൾ ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. ഇനി അത്തരം ഒരു സാഹചര്യം ഉണ്ടാവുകയുമില്ല. ഇത്തരത്തിലുള്ള എല്ലാ അനുഭവങ്ങളേയും വിപ്ലവപരമായി സ്വാംശീകരിച്ചു കൊണ്ട്, മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രസ്ഥാനം മുന്നേറിക്കൊണ്ടിരിക്കുകയാണ്. 

സോഷ്യലിസം എന്നെന്നേക്കുമായി ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു എന്നും മുതലാളിത്തം മാത്രമാണ് ശാശ്വതമെന്നും ആഗോളവൽക്കരണം മുതലാളിത്തത്തിന്‍റെ മുൻകാല പരിമിതികളെ പരിഹരിച്ചിരിക്കുന്നു എന്നുമാണ് നിയോലിബറലിസത്തിന്‍റെ വക്താക്കൾ പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. ഉദാരവത്ക്കരണവും സ്വകാര്യവത്ക്കരണവും
നടപ്പാക്കുന്നതോടെ, രാജ്യത്തിന്‍റെ സമ്പദ് ഘടനയും കമ്പോളവും കോർപ്പറേറ്റുകൾക്കു മുമ്പിൽ തുറന്നിട്ടു കൊടുക്കുമ്പോൾ ഉല്പാദനം മല പോലെ വളരുകയും തൊഴിലില്ലായ്മ പാടേ ഇല്ലാതാവുകയും ചെയ്യുമെന്നും പുരോഗതി താഴേക്ക് അരിച്ചിറങ്ങി (trickle down) സമൂഹം സമ്പൽസമൃദ്ധമാകുമെന്നും ഇവർ പ്രചരിപ്പിച്ചു. ഏറ്റവും വലിയ നുണ. ആ നുണയുടെ ബാബേൽ ഗോപുരം ഇന്ന് തകർന്നടിഞ്ഞിരിക്കുകയാണ്. കാർഷിക, വ്യാവസായിക ഉല്പാദനവും വ്യപാര മേഖലയും പരിശോധിച്ചാൽ ഇതു വ്യക്തമാകും. തൊഴിലില്ലായ്മ അമേരിക്കയിൽ മാത്രം നാലര കോടി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ അവസ്ഥ അതിലും ഭീകരമാണ്. നമ്മുടെ രാജ്യത്തിന്‍റെ കമ്പോളമടക്കം എല്ലാം കുത്തകകൾക്ക് പതിച്ചു കൊടുത്തു കഴിഞ്ഞിരിക്കുന്നു. കാർഷിക കടം കൂടിയതിന്റെ ഫലമായി കർഷക ആത്മഹത്യ നാലു ലക്ഷം  കവിയുമ്പോൾ പരിഹാരം കാണാതെ സബ്സിഡികളും സാമൂഹ്യക്ഷേമ  പദ്ധതികളും അവസാനിപ്പിച്ചു. എന്നാൽ കോർപ്പറേറ്റുകളുടെ ലക്ഷക്കണക്കിനു കോടി രൂപയുടെ കടമാണ് ഇപ്പോൾ എഴുതിത്തള്ളിയിരിക്കുന്നത്. ബാങ്കിങ്ങ്, ഡിഫൻസ് റെയിൽവേ തുടങ്ങിയവയെല്ലാം കമ്പോളത്തിനു തുറന്നു കൊടുത്തു കഴിഞ്ഞു. 
2008-ൽ വാൾസ്ട്രീറ്റ് പിടിച്ചെടുത്തതിന്റെ തുടർച്ചയായി തൊഴിലാളി സമരങ്ങൾ ലോകമെങ്ങും നടന്നു കൊണ്ടിരിക്കുന്നു. അമേരിക്കയിൽ തുടങ്ങി ആഗോളമായി പടർന്നു പിടിച്ച വംശീയ വെറിക്കെതിരായ പ്രക്ഷോഭം അടക്കമുള്ള പ്രക്ഷോഭങ്ങളുടെ അടിത്തറ ആഗോളവൽക്കരണത്തെ തുടർന്ന് എല്ലാം നഷ്ടപ്പെട്ടവരുടെ, വ്യവസ്ഥയോടുള്ള അമർഷം തന്നെയാണ്. ഇന്ത്യയിൽ തുടർച്ചയായി കർഷക സമരങ്ങൾക്കൊപ്പം തൊഴിലാളികളുടെ 19 പൊതു പണിമുടക്കുകൾ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്നു കഴിഞ്ഞിരിക്കുന്നു. യൂറോപ്പിൽ, സംഘടിത തൊഴിലാളിവർഗ്ഗ പ്രക്ഷോഭങ്ങളിൽ ഉയർന്നു കേൾക്കുന്നത് വ്യവസ്ഥാമാറ്റത്തിലേക്കു നയിക്കുന്ന മുദ്രാവാക്യങ്ങളാണ്. "മാർക്സാണ് ശരി" എന്നതു പോലെയുള്ള മുദ്രാവാക്യങ്ങൾ തെരുവുകളിൽ ഉയർന്നു കേൾക്കുന്നുണ്ട്. അങ്ങനെയാണെങ്കിലും സംഘടിത തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തെ സോഷ്യലിസ്റ്റ് ആശയങ്ങളുമായി സംയോജിപ്പിക്കുക എന്നുള്ള വെല്ലുവിളി ദുഷ്ക്കരമാണെങ്കിലും നാം അടിയന്തിരമായി ഏറ്റെടുക്കേണ്ടതുണ്ട്.

ഉല്പാദന ഉപകരണങ്ങളുടെ പൊതു ഉടമസ്ഥതയിലൂടെയാണ് മുതലാളിത്തത്തെ മറി കടന്നുകൊണ്ട് സ്വാതന്ത്ര്യത്തിന്‍റേയും സോഷ്യലിസത്തിന്‍റേയും പാത വെട്ടിത്തുറക്കാൻ ആവുകയുള്ളു. ലാറ്റിനമേരിക്കൻ, രാജ്യങ്ങളിലും മറ്റും സാമ്രാജ്യത്വ ആഗോളീകരണനയത്തിനും അത് സൃഷ്ടിക്കുന്ന വിനാശങ്ങൾക്കുമെതിരെ ബദൽ നയങ്ങൾക്കായുള്ള ശ്രമങ്ങൾ തുടർച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്. സമ്പദ് ക്രമത്തിന്‍റെ അടിത്തറയെത്തന്നെ ബാധിക്കുന്ന ശക്തമായ സമരങ്ങൾ തുടങ്ങിയത് ഹ്യൂഗോ ഷാവേസിന്‍റെ നേതൃത്വത്തിൽ വെനസ്വേലയിലും ഇവോ മൊറാലിസിന്‍റെ നേതൃത്വത്തിൽ ബൊളീവിയയിലും മറ്റുമാണ്. സമ്പദ് ക്രമത്തിന്‍റെ മാറ്റങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് ദേശസാൽക്കരണമെന്ന മുദ്രാവാക്യമുയർത്തി പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് അവിടെയെല്ലാം ആരംഭിച്ചത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ തൊഴിലാളികൾ, കർഷകർ, സർക്കാർ ജീവനക്കാർ, ബുദ്ധിജീവികൾ തുടങ്ങിയവരെല്ലാം അടങ്ങുന്ന മുന്നണിയുടെ രാഷ്ടീയ പിൻബലത്തോടെയാണ് അവർ അധികാരം ഏറ്റെടുക്കാൻ ശ്രമിച്ചത്. വിദേശ കമ്പനികളെ പുറത്താക്കുക, എസ്റ്റേറ്റുകളും കാർഷിക ഫാമുകളും  പിടിച്ചെടുക്കുക, ഖനികളും പെട്രോളിയം മേഖലകളും ദേശസാൽക്കരിക്കുക
തുടങ്ങിയ മുദ്രാവാക്യങ്ങൾ മുന്നോട്ടു വച്ചുകൊണ്ടാണ് പുതിയ നയങ്ങൾക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ തുടങ്ങിയത്. പുതിയ സാമൂഹ്യനിയമങ്ങളും ക്ഷേമപദ്ധതികളും കൊണ്ടുവരിക, അതോടൊപ്പം പൊതു വിദ്യാഭ്യാസത്തിലും ജനകീയ ആരോഗ്യ പദ്ധതികളിലും ഊന്നൽ നൽകിക്കൊണ്ടുള്ള വികസനനയം നടപ്പാക്കുക തുടങ്ങിയവയാണ് ലാറ്റിനമേരിക്കയുടെ അനുഭവങ്ങൾ. ലാറ്റിനമേരിക്കൻ സമര പ്രക്ഷോഭങ്ങൾക്ക് സാമ്രാജ്യത്വ വിരുദ്ധ ദിശാബോധം നൽകുന്നതിൽ സോഷ്യലിസ്റ്റ് ക്യൂബയ്ക്ക് വലിയ പങ്കുണ്ട്. സൈമൺ ബൊളിവർ മുതൽ ചെ ഗുവേരയും ഫിദെൽ കാസ്ട്രോയും വരെയുള്ളവർ ലാറ്റിനമേരിക്കയിലെ പ്രക്ഷോഭകാരികൾക്ക്  ഇപ്പോഴും പ്രചോദനം നൽകിക്കൊണ്ടിരിക്കുന്നു. 

നമ്മുടെ രാജ്യത്ത് വർഗ്ഗീയ ഫാഷിസത്തിനെതിരെ ബദൽ നയമുയർത്താൻ ഭരണവർഗ്ഗ പാർട്ടികൾക്ക് ആവില്ലെന്നുള്ള യാഥാർത്ഥ്യം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അയോദ്ധ്യ വിഷയത്തിലും കേന്ദ്ര പാക്കേജിനെ തുറന്നു കാണിച്ചു കൊണ്ട് ബദൽ നിർദ്ദേശം വക്കുന്നതിനും മറ്റും കോൺഗ്രസ്സ് അടക്കമുള്ള ഭരണ വർഗ്ഗ പാർട്ടികൾ നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ തൊഴിലാളികളും കർഷകരുമടങ്ങുന്ന ഇടതുപക്ഷശക്തികൾക്കു മാത്രമേ ഒരു ബദൽ ശക്തിയാകാൻ കഴിയൂ. അത്തരം ഒരു തീവ്രശ്രമത്തിലാണ് രാജ്യത്തെ ഇടതുപക്ഷ പാർട്ടികൾ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതാണ് ഇടതുപക്ഷ ബദലിന്‍റേയും ഇടതുപക്ഷ ഐക്യത്തിന്‍റേയും കോവിഡാനന്തര കാലത്തെ പ്രസക്തി.