ഭീകരാക്രമണത്തിനിരയായ 'ഷാർളി ഹെബ്ദോ' പഴയ കാർട്ടൂണുകൾ പുന:പ്രസിദ്ധീകരിക്കുന്നു.

 ഭീകരാക്രമണത്തിനിരയായ 'ഷാർളി ഹെബ്ദോ' പഴയ കാർട്ടൂണുകൾ പുന:പ്രസിദ്ധീകരിക്കുന്നു. 

ജേക്കബ്ബ്

ഫ്രഞ്ച് പ്രസിദ്ധീകരണമായ 'ഷാർളി ഹെബ്ദോ'വിനു (Charlie Hebdo) നേരെ ഇസ്ലാമിക ഭീകരർ നടത്തിയ രക്തരൂഷിതമായ കടന്നാക്രമണം ആരും മറന്നു കാണാനിടയില്ല.  നർമ്മത്തിനും കാർട്ടൂണിനും പ്രാമുഖ്യം നൽകുന്ന ആ മാസികയുടെ ഓഫീസിലേക്കു മാരകായുധങ്ങളുമായി ഇരച്ചു കയറിയ ഭീകരവാദികൾ 12 പേരെയാണു വെടിവച്ചു കൊന്നത്. ഇസ്ലാമിന്റെ അന്ത്യപ്രവാചകനെന്നു വിശ്വസിക്കപ്പെടുന്ന മുഹമ്മദ് നബിയെ കാർട്ടൂണിൽ ചിത്രീകരിക്കുകയും അങ്ങനെ ഇസ്ലാം മതത്തെ അവഹേളിക്കുകയും ചെയ്ത മാസികക്കെതിരെ പകരം വീട്ടുകയാണ് തങ്ങൾ ചെയ്യുന്നത് എന്നായിരുന്നു ഭീകരരുടെ അവകാശവാദം.

2015 ജനുവരി 7-ാം തിയതിയാണ് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലെ 'ഷാർളി ഹെബ്ദോ' യുടെ ഓഫീസിലേക്കു ഇരച്ചു കയറിയ ഭീകരവാദികൾ 11 പേരെ വെടി വച്ചു കൊന്നത്. മാസികയുടെ മുഖ്യ പത്രാധിപർ സ്റ്റെഫാനി ഷാർബോണിയർ (Stephane Charbonnier),   കാർട്ടൂണിസ്റ്റുകളായ Cabu, Honore, Tignous, Wolinslki, എഡിറ്റർമാരായ Elsa Cayat, Mustapha Ourrad, സാമ്പത്തിക വിദഗ്ദ്ധനായ Bernard Maris തുടങ്ങിയവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു. മാസികയുടെ എഡിറ്റോറിയൽ യോഗം നടന്നുകൊണ്ടിരിക്കുമ്പോളായിരുന്നു ആക്രമണം. നിരവധി പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. കൂട്ടക്കൊലക്കു ശേഷം രക്ഷപ്പെടുന്നതിനിടയിൽ തെരുവിൽ നിന്നിരുന്ന ഒരു പോലീസുകാരനേയും അക്രമികൾ വെടിവെച്ചു കൊന്നു.

അൾജീരിയൻ വംശജരും സഹോദരന്മാരുമായ രണ്ടു ഫ്രഞ്ച് പൗരന്മാരാണ് അക്രമത്തിനു നേതൃത്വം കൊടുത്തത്. സെയിദ് കൗവാച്ചിയും (Said Kouachi) ഷെറീഫ് കൗവാച്ചിയും (Cherif Kouachi). തങ്ങൾ അൽ ഖ്വയ്ദ (Al Qaeda) യിലെ അംഗങ്ങളാണെന്നും പ്രവാചകനായ മുഹമ്മദിന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ച കുറ്റത്തിനാണ് മാസികയുടെ ഓഫീസ് ആക്രമിച്ച് കൂട്ടക്കൊല നടത്തുന്നതെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

2015  ജനുവരി 14-ലെ ഷാർലി ഹെബ്ദോയുടെ കവർ പേജ്. ഭീകരാക്രമണത്തിന് ശേഷം ഇറങ്ങിയ വാരികയുടെ കവർ പേജിൽ 'എല്ലാം പൊറുത്തിരിക്കുന്നു' എന്നെഴുതിയ ബോർഡുമായി നിൽക്കുന്ന മുഹമ്മദിന്റെ കാർട്ടൂണായിരുന്നു


അക്രമത്തിനു നേതൃത്വം നൽകിയ കൗവാച്ചി സഹോദരന്മാരും അവരുടെ സഹായിയായ ഇസ്ലാമിക് സ്റ്റേറ്റ് (Islamic State - IS) പ്രവർത്തകൻ അമേദി കൗലിബാലി (Amedy Coulibaly) യും ഏതാനും ദിവസങ്ങൾക്കു ശേഷം പോലീസുമായി നടന്ന ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 2015 ൽ ഫ്രാൻസിൽ നടന്ന, 130 ലേറെ ആളുകളുടെ മരണത്തിൽ കലാശിച്ച, അൽ ഖ്വയ്ദയും ഐഎസും ഉൾപ്പെട്ട ഭീകരാക്രമണ പരമ്പരയുടെ തുടക്കം 'ഷാർളി ഹെബ്ദോ' ആക്രമണത്തിൽ നിന്നായിരുന്നു.

1970 ൽ വാരികയായി പ്രസിദ്ധീകരണം ആരംഭിച്ച 'ഷാർളി ഹെബ്ദോ' നർമ്മത്തിനും കാർട്ടൂണുകൾക്കുമായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. മതവും പൗരോഹിത്യവും രാഷ്ട്രീയ നേതൃത്വവും അതിന്റെ മൂർച്ചയുള്ള പരിഹാസത്തിനു വിധേയമാക്കപ്പെട്ടു. ഫ്രാൻസിന്റെ പഴയ പ്രസിഡന്റ് ചാൾസ് ഡി ഗാളിന്റെ മരണത്തെ പരിഹസിച്ചതിനെ തുടർന്ന് നിരോധിക്കപ്പെട്ട 'ഹരാ-കിരി'യെന്ന ആക്ഷേപഹാസ്യ പ്രസിദ്ധീകരണത്തിന്റെ പ്രവർത്തകരായിരുന്നു 'ഷാർളി ഹെബ്ദോ'യുടെ പ്രവർത്തകരിൽ പലരും. മതനിരപേക്ഷതയും യുക്തിവാദവും വംശീയ വിരുദ്ധതയും മുഖമുദ്രയായി സ്വീകരിച്ചിട്ടുള്ള തങ്ങളുടെ പ്രസിദ്ധീകരണത്തിന് കടുത്ത ഇടതുപക്ഷ നിലപാടാണുള്ളതെന്നും എല്ലാറ്റിനേയും സംശയത്തോടെ മാത്രമാണ് തങ്ങൾ നോക്കിക്കാണുന്നതെന്നും തീവ്ര വലതുപക്ഷത്തിന് എതിരായാണ് മുഖ്യമായും എഴുതുന്നതെന്നും ഈ പ്രസിദ്ധീകരണം അവകാശപ്പെടുന്നുണ്ട്.

2005 ൽ ഡാനിഷ് പ്രസിദ്ധീകരണമായ 'ജില്ലാന്റ്സ് പോസ്റ്റെൻ' (Jyllands - Posten) പ്രസിദ്ധീകരിച്ച മുഹമ്മദ് നബിയെപ്പറ്റിയുള്ള കാർട്ടൂണുകൾ 2006 ൽ 'ഷാർലി ഹെബ്ദോ' പുനഃപ്രസിദ്ധീകരിക്കുകയാണു ചെയ്തത്. 'ജില്ലാന്റ്സ് പോസ്റ്റെൻ' ആ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അസ്വസ്ഥത 'സൃഷ്ടിക്കപ്പെട്ടതാണ്. മുഹമ്മദ് നബിയെ വരക്കുക എന്നതു തന്നെ ദൈവനിന്ദയാണെന്നാണ് ഇസ്ലാമിക പൗരോഹിത്യം പറയുന്നത്. സിനിമയിലോ, നാടകത്തിലോ, ടെലിവിഷനിലോ, കടലാസിലോ ഒക്കെ മുഹമ്മദ് നബിയുടേത് എന്നവകാശപ്പടുന്ന ചിത്രങ്ങളോ വിഷ്വലുകളോ പ്രദർശിപ്പിക്കുന്നത് പ്രകോപനീയമായ ദൈവനിന്ദയും വിശ്വാസ ധ്വംസനവുമായി കണക്കാക്കുന്നവരാണ് ഇസ്ലാം മതവിശ്വാസികൾ.

ഡാനിഷ് പ്രസിദ്ധീകരണത്തിലെ മുഹമ്മദ് നബിയെപ്പറ്റിയുള്ള കാർട്ടൂണുകൾ പുന:പ്രസിദ്ധീകരിച്ചത് 'ഷാർളി ഹെബ്ദോ'യേയും ഇസ്ലാമിക വിശ്വാസികളുടെ പ്രതിഷേധത്തിനു പാത്രമാക്കി. ഫ്രാൻസിലെ ചില ഇസ്ലാമിക സംഘടനകൾ പ്രസിദ്ധീകരണത്തിനെതിരെ, വംശീയവാദത്തെ പിന്തുണക്കുന്നു എന്ന ആരോപണമുയർത്തിക്കൊണ്ട് കോടതിയെ സമീപിച്ചെങ്കിലും കോടതിയുടെ തീരുമാനം 'ഷാർളി ഹെബ്ദോ'ക്ക് അനുകൂലമായിരുന്നു. എതിർപ്പുണ്ടാക്കുന്നത് ഏതാനും ഇസ്ലാമിക മൗലികവാദികൾ മാത്രമാണെന്നും പൊതുവിൽ മുസ്ലീങ്ങൾക്ക് എതിർപ്പില്ലെന്നുമുള്ള മാസികയുടെ വാദം കോടതി അംഗീകരിച്ചു. 

2011 നവംബർ 2 നാണ് 'ഷാർളി ഹെബ്ദോ' ആദ്യത്തെ ഭീകരാക്രമണത്തിനിരയാവുന്നത്. അന്ന് ഒരു ബോംബാക്രമണത്തിൽ മാസികയുടെ ഓഫീസ് തകർക്കപ്പെട്ടു. എങ്കിലും ആളപായമുണ്ടായില്ല. എന്നാൽ 2015 ലെ ആക്രമണത്തിൽ പത്രാധിപരും ഫ്രാൻസിലെ പ്രധാനപ്പെട്ട കാർട്ടൂണിസ്റ്റുകളിൽ ചിലരും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു. 

ഫ്രാൻസിൽ മാത്രമല്ല ലോകത്തെമ്പാടും 'ഷാർളി ഹെബ്ദോ'ക്കു നേരെ നടന്ന ഭീകരാക്രമണത്തിന് എതിരെ വമ്പിച്ച പ്രതിഷേധങ്ങളുയർന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കുമെതിരെ മതഭീകരവാദം നടത്തിയ കടന്നാക്രമണമായാണ് ആ ഭീകരപ്രവർത്തനത്തെ ലോകം കണ്ടത്.

ആക്രമണം നടന്നതിന്റെ രണ്ടാമത്തെ ആഴ്ചയിൽ തന്നെ അതിജീവിച്ച മറ്റു പ്രവർത്തകർ ചേർന്ന് 'ഷാർളി ഹെബ്ദോ' യുടെ അടുത്ത ലക്കം പുറത്തിറക്കി. ജനുവരി 14 നു പുറത്തിറങ്ങിയ ആ മാസികയുടെ മുൻ പേജിൽ, "ഞാനാണു ഷാർളി'' (Je suis Charlie - I am Charlie) എന്ന സന്ദേശം കൈയിലേന്തി കരഞ്ഞു കൊണ്ടു നിൽക്കുന്ന മുഹമ്മദിന്റെ കാർട്ടൂണാണ് മുഖചിത്രമായി നൽകിയിരുന്നത്. 60000 ത്തിൽ കൂടുതൽ മാത്രം പ്രചാരമുണ്ടായിരുന്ന മാസികയുടെ ആ ലക്കം 80 ലക്ഷം കോപ്പികളാണ് വിറ്റുപോയത്.

2015 ലെ ഭീകരാക്രമണത്തിന് ഉത്തരവാദികളായ പ്രധാനപ്പെട്ട കുറ്റവാളികൾ കൊല്ലപ്പെട്ടുവെങ്കിലും അവരുടെ സഹായികളെന്ന നിലയിൽ പിടിയിലായവരുടെ വിചാരണ ആരംഭിക്കുന്ന വേളയിലാണ്, അക്രമത്തിനു കാരണമായതെന്ന് ഭീകരവാദികൾ പറഞ്ഞ അതേ കാർട്ടൂണുകൾ പുന:പ്രസിദ്ധീകരിച്ചു കൊണ്ട് മതമൗലിക വാദികൾക്കും ഭീകര പ്രവർത്തകർക്കും അവരുടെ രാഷ്ട്രീയത്തിനും മുന്നിൽ തലകുനിക്കാൻ തയ്യാറല്ലെന്ന് 'ഷാർളി ഹെബ്ദോ' ഒരിക്കൽ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. ഡാനിഷ് പത്രമായ 'ജില്ലാന്റ്സ് പോസ്റ്റെൻ' പ്രസിദ്ധീകരിച്ചതും പിന്നീട് 2006 ൽ 'ഷാർളി ഹെബ്ദോ' പുന:പ്രസിദ്ധീകരിച്ചതുമായ 12 കാർട്ടൂണുകളാണ് ഇപ്പോൾ വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നത്.2015 ലെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രസിദ്ധ കാർട്ടൂണിസ്റ്റ് Jean Cabut വരച്ച മുഹമ്മദിന്റെ കാർട്ടൂണാണ് മദ്ധ്യത്തിൽ. അതോടൊപ്പം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ "തങ്ങൾ ഒരിക്കലും വഴങ്ങിക്കൊടുക്കില്ലെ''ന്നും "ഒരിക്കലും നിലപാടുകൾ കൈയൊഴിയുകയില്ലെ" ന്നും 'ഷാർളി ഹെബ്ദോ' യുടെ ഡയറക്റ്റർ ലോറന്റ് സോറിസ്സ്യൂ (Laurent Sourisseu ) എഴുതുന്നു. ''ഈ കാർട്ടൂണുകൾ ചരിത്രത്തിന്റെ ഭാഗമാണെന്നും ചരിത്രം തിരുത്തിയെഴുതുകയോ മായ്ച്ചുകളയുകയോ സാധ്യമല്ലെന്നും'' മുഖപ്രസംഗം പറയുന്നു. "2015 ജനുവരിക്കു ശേഷം മുഹമ്മദിന്റെ മറ്റു കാർട്ടൂണുകളും കാരിക്കേച്ചറുകളും പ്രസിദ്ധീകരിക്കാൻ പലരും ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഞങ്ങളത് ചെയ്തിട്ടില്ല. അത് നിരോധിക്കപ്പെട്ടതായതു കൊണ്ടല്ല; നിയമം അതു വിലക്കിയിട്ടില്ല. പക്ഷേ, അർത്ഥവത്തായ കാരണമില്ലാതെ അങ്ങനെ ചെയ്യുന്നത് ശരിയല്ല എന്നു തോന്നിയതുകൊണ്ടാണ് അവ പ്രസിദ്ധീകരിക്കാതിരുന്നത്" എന്ന് മാസികയുടെ എഡിറ്റോറിയൽ സംഘം പറയുന്നു. 2015 ലെ ഭീകരാക്രമണത്തിന്റെ വിചാരണയാരംഭിക്കുമ്പോൾ ആ കാർട്ടൂണുകൾ പുന:പ്രസിദ്ധീകരിക്കേണ്ടത് "അത്യാവശ്യമാണെന്നു തോന്നുന്നതു''കൊണ്ടാണ് ഇപ്പോൾ അങ്ങനെ ചെയ്യുന്നതെന്നും അവർ വിശദീകരിക്കുന്നുണ്ട്.

ഏതാനും കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചതിന് ഭീകരാക്രമണത്തിനു വിധേയമാക്കപ്പെടുകയും വലിയ വില കൊടുക്കേണ്ടി വരികയും ചെയ്ത ഒരു പ്രസിദ്ധീകരണം തങ്ങളുടെ നിലപാടുകൾ ധീരമായി ഉയർത്തിപ്പിടിക്കുകയും അതേ കാർട്ടൂണുകൾ പുന:പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിൽ ആപത്ക്കരമായ ഒരു സാഹസികത ഉള്ളടങ്ങിയിട്ടുണ്ടെന്നത് സത്യം തന്നെ. പക്ഷേ, ആരെ അലോസരപ്പെടുത്തുന്നതാണെങ്കിൽ പോലും യുക്തിപരമെന്ന തിരിച്ചറിവോടെ, മനുഷ്യത്വപരമാണെന്ന ബോധ്യത്തോടെ സ്വന്തം നിലപാടുകളെ പുന:പ്രസ്താവിക്കാനുള്ള ധീരത ബഹുമാനിക്കപ്പെടേണ്ടതാകുന്നു.